ആൾക്കൂട്ടത്തിന്റെ മനസ്സും വ്യക്തിയുടെ സ്വാതന്ത്ര്യവും

ആൾക്കൂട്ടത്തിന്റെ മനസ്സും വ്യക്തിയുടെ സ്വാതന്ത്ര്യവും

മൊഴിയാഴം / എന്‍.ഇ.സുധീര്‍


മനുഷ്യാവസ്ഥകളുടെ ആസ്വാദ്യകരമായ ഒരു കുറ്റവിചാരണയാണ് നോവൽ.എഴുത്തുകാരനും വായനക്കാരനും ആ കുറ്റവിചാരണയിൽ പങ്കാളികളാവാൻ സാധിക്കുമ്പോൾ സാഹിത്യം അതിന്റെ ധർമ്മം പൂർത്തിയാക്കുന്നു


‘Chronicle of an Hour and a Half ‘ എന്ന ഇംഗ്ലിഷ് നോവലെഴുതിയ  സഹറു നുസൈബ കണ്ണനാരി എന്ന നോവലിസ്റ്റിന്റെ   ഒരഭിമുഖസംഭാഷണം ഈയിടെ വായിക്കാനിടയായി. അതിലദ്ദേഹം പറഞ്ഞ പല അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പാണ്. “മനുഷ്യാവസ്ഥകളുടെ ആസ്വാദ്യകരമായ ഒരു കുറ്റവിചാരണയാണ് നോവൽ” എന്നു സഹറു പറഞ്ഞിട്ടുണ്ട്. അതു വളരെ സത്യമാണ്. എഴുത്തുകാരനും വായനക്കാരനും ആ കുറ്റവിചാരണയിൽ പങ്കാളികളാവാൻ സാധിക്കുമ്പോൾ സാഹിത്യം അതിന്റെ ധർമ്മം പൂർത്തിയാക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ മറ്റൊരഭിപ്രായംകൂടി കാണുക: “ഏകാന്തരായ മനുഷ്യർക്കുള്ളതാണ് സാഹിത്യം എന്നാണ് എന്റെ കാഴ്ചപ്പാട്. രാഷ്ട്രീയ പ്രതികരണമായി സാഹിത്യം രചിക്കുന്നവരുണ്ട്. വായനക്കാരെ ഒരു കൂട്ടമായി കാണുന്നവരാണ് അങ്ങനെ എഴുതുന്നത്. സാഹിത്യം ആൾക്കൂട്ടത്തിനെതിരാണ് എന്നാണ് എന്റെ കാഴ്ചപ്പാട്. ഒറ്റയ്ക്കിരിക്കുന്ന മനുഷ്യർ കൂടുതൽ കൃത്യമായും സൂക്ഷ്മമായും ആശയങ്ങളെ വിവേചനബുദ്ധിയോടെ സ്വീകരിക്കുവാൻ പറ്റുന്നവരാണ്. ഒറ്റയ്ക്കിരിക്കുന്ന ഒരു യാഥാസ്ഥിതികവാദിയെ പ്രകോപിപ്പിക്കുന്നതും തീവ്രവാദിയെ തണുപ്പിക്കുന്നതുമാണ് നല്ല സാഹിത്യം എന്നാണ് എനിക്കു തോന്നുന്നത്.” (സഹുറുമായുള്ള അഭിമുഖം 2024 ഡിസംബർ 11-ലെ മാതൃഭൂമി ദിനപത്രത്തിലാണ് വായിച്ചത്). ഇവയെല്ലാം  എഴുത്തിനെ സംബന്ധിച്ച ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ്. സാഹിത്യത്തെ ഗൗരവമായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു മനസ്സിൽനിന്നു മാത്രമെ ഇത്തരം ചിന്തകൾ ഉണ്ടാവൂ. 


ഈ അഭിമുഖം  വായിച്ചതിനുശേഷമാണ് ഞാൻ സഹറുവിന്റെ നോവൽ വായിക്കാനെടുത്തത്. എന്നെ അത് അദ്ഭുതപ്പെടുത്തി. അതിന്റെ ഭാഷയും ശൈലിയും എന്നെ പിടിച്ചിരുത്തി. അതിലെ നർമ്മം എന്നെ കീഴടക്കി. സ്ത്രീമനസ്സു കാണാനുള്ള ഈ പുരുഷനോവലിസ്റ്റിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. പ്രമേയം അത്രയൊന്നും പുതുമയുള്ളതല്ല; പ്രത്യേകിച്ചും എന്നെപ്പോലെ ഒരു മലബാർ ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിച്ചൊരാൾക്ക്. എന്നാൽ അതിലെ ആഴം വിസ്മയിപ്പിക്കുന്നതായിരുന്നു. അയാൾ സത്യത്തിൽ താൻകണ്ട ചില മനുഷ്യാവസ്ഥകളെ ഭാഷ ഉപയോഗിച്ച് കുറ്റവിചാരണ നടത്തുകയാണ്. കൂടെ ജീവിതത്തിന്റെ വൈവിധ്യത്തെയും സാധ്യതകളെയും നോക്കിക്കണ്ട് ആസ്വദിക്കുകയും ചെയ്യുന്നു. അത് തന്റെ വായനക്കാർക്കും ആസ്വാദ്യകരമായിരിക്കണമെന്ന ശാഠ്യവും സഹറുവിനുണ്ട്. അതിനാലാണ് ആഖ്യാനത്തെ  ഇത്ര മനോഹരമായി അദ്ദേഹം നിർവഹിച്ചത്. സഹുറു തുറന്നിടുന്ന സർഗാത്മകതയുടെ രസം ഏകാകിയായ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. സ്നേഹത്തിന്റെ തീവ്രത അവരറിയും. 


അതോടൊപ്പം ആൾക്കൂട്ടത്തിന്റെ മനസ്സ് അടുത്തറിയുവാനുള്ള ഒരു ശ്രമമായും ഈ ആഖ്യാനത്തെ നോക്കിക്കാണേണ്ടതുണ്ട്. വ്യക്തിഗതമായ പ്രശ്നങ്ങളെ ചുറ്റുമുള്ള സമൂഹം നോക്കിക്കാണുന്ന രീതിയെയും അതുവഴിയുണ്ടാകുന്ന  പ്രഹേളികകളെയും  കാണിച്ചുതരുന്ന രചനകൂടിയാണിത്. മിക്കപ്പോഴും ‘വ്യക്തിയുടെ ദുരന്തങ്ങളെ സൃഷ്ടിക്കുന്നത് ആൾക്കൂട്ടത്തിന്റെ മനസ്സാണ്. ഈ നോവലിൽ ആൾക്കൂട്ടം ഒരു പ്രധാന കഥാപാത്രമാണ്. 25 വയസ്സുള്ള യുവാവും 40 കഴിഞ്ഞ വിവാഹിതയായ (രണ്ടു പെൺകുട്ടികളുടെ അമ്മയും) ഒരു സ്ത്രീയും തമ്മിലുള്ള  ബന്ധമാണ് നോവലിന്റെ കഥാപശ്ചാത്തലം. സ്വാഭാവികമായും ഇത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. വായനക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നുമുണ്ട്. നോവലിൽനിന്നുള്ള ഒരു വാചകം മാത്രം ഇവിടെ എടുത്തെഴുതാം. “… and then I was pregnant each year, a ritual much like Ramzan, and each child was like a bomb, an explosion of confusion. I didn’t even know I had any part in it.” ദാമ്പത്യത്തിലെ ആനന്ദമെന്നത് സ്ത്രീക്ക്  നിഷേധിക്കപ്പെടുന്നതും  അതിന്റെ അർഥരാഹിത്യത്തെയും  ഉൾക്കാഴ്ചയോടെ നോവലിസ്റ്റ് വരച്ചുകാട്ടുകയാണ്. ഒരുപാട് യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന  അകകാമ്പുള്ള ഒരു നോവലാണ് ‘Chronicle of an Hour and a Half’. വ്യക്തിയെയും സമൂഹത്തെയും വേറിട്ടു നോക്കിക്കാണാൻ ഇത് വഴിയൊരുക്കുന്നു. സൂക്ഷ്മജീവിത നിരീക്ഷണപാഠവം കൈമുതലുള്ള ഒരാളാണ് ഇതെഴുതിയിട്ടുള്ളത്.  


ഇംഗ്ലീഷിൽ എഴുതുന്ന  മലയാളിയായ  സഹറു നുസൈബ കണ്ണനാരി എന്ന എഴുത്തുകാരൻ ഇനിയും സാഹിത്യവായനക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും. അയാളിലെ പ്രതിഭയുടെ സ്ഫുലിംഗങ്ങൾ ഈ ആദ്യ നോവലിൽത്തന്നെ കാണാനുണ്ട്. (Chronicle of an Hour and a Half – Saharu Nusaiba Kannanari- Context Publishers) 


കൃതിയെ വിശദീകരിക്കേണ്ടതാര്?  


എഴുതുന്നത് ആർക്കുവേണ്ടി? ഈ ചോദ്യം പലരും ഉത്തരംപറഞ്ഞ ഒരു ചോദ്യമാണ്.  അത് അടിസ്ഥാനപരമായി വായനക്കാർക്കു വേണ്ടിയാണ്.  ഓരോ വായനക്കാരനും വായനക്കാരിയും  അവന്റെ ആസ്വദനശേഷിക്കനുസരിച്ച് കൃതിയെ വായിച്ചെടുക്കുന്നു. സാഹിത്യം എന്നത്  ഓരോ വായനക്കാരിലും വ്യത്യസ്തതലത്തിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കും. കൃതി ഒന്നാണെങ്കിലും അത് വ്യത്യസ്ത വായനക്കാരിൽ വ്യത്യസ്തമായി പ്രവർത്തിക്കും എന്നാണർഥം. മികച്ച സാഹിത്യകൃതിക്ക് ഓരോ വായനക്കാരെയും പ്രത്യേകമായി അഭിസംബോധന ചെയ്യാൻ സാധിക്കും. 


സാഹിത്യപരമായ ഔന്നത്യംകുറഞ്ഞ രചനകൾ വായനക്കാരിൽ ഏകീകൃതമായ പ്രതികരണങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അത്തരം രചനകൾ സൃഷ്ടിക്കുന്ന അനുഭവതലം സാമാന്യമായി എല്ലാവർക്കും ഒരുപോലെ അനുഭവപ്പെട്ടേക്കാം. ഒരു സാധാരണകഥ അല്ലെങ്കിൽ നോവൽ അത് എല്ലാവരെയും ഒരുപോലെയാണ് അഭിസംബോധനചെയ്യുന്നത്. ഈ വസ്തുത വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇന്നു പല മലയാളികളും കഥകളെയും നോവലുകളെയും സമീപിക്കുന്നത്. എല്ലാം എല്ലാവർക്കും സ്വീകാര്യമാവുന്ന അവസ്ഥയാണിപ്പോൾ. ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്ന ഒരു പ്രവണതയും പുതുതായി  കണ്ടുവരുന്നുണ്ട്. ഇന്നിപ്പോൾ മിക്കവാറും എഴുത്തുകാരും അവരുടെ രചനകളെ സ്വയം വിശദീകരിക്കുന്ന രീതി പിന്തുടർന്നുകാണുന്നു. ഇത് സാഹിത്യവിരുദ്ധമായ ഒന്നാണ്. എല്ലാ എഴുത്തുകാരും കിട്ടുന്ന വേദികളിലെല്ലാം സ്വന്തം രചനകളെ വിശദീകരിക്കുന്നതു കാണാം. തീർച്ചയായും ഇതു രചനയെ ദോഷകരമായി ബാധിക്കുന്നു. അതോടെ കൃതിയുടെ വായന ആ വിശദീകരണത്തിനകത്ത് ചുരുങ്ങിപ്പോകും. എഴുത്തുകാരന്റെ വിശദീകരണം കേട്ട വായനക്കാരന് അതിനപ്പുറത്തേക്ക് കൃതിയെ സമീപിക്കാൻ കഴിയാതെവരും. ഈ പരിമിതി എഴുത്തുകാർ മനസ്സിലാക്കണം. രചനയെ വിശദീകരിക്കേണ്ടതും വിലയിരുത്തേണ്ടതും അതിന്റെ സൃഷ്ടാക്കളല്ല; സാഹിത്യവിമർശകരും വായനക്കാരുമാണ്. സർഗധനരായ എഴുത്തുകാർപോലും തങ്ങളുടെ കൃതികളിൽ ചില കാര്യങ്ങൾ ഈ കൂട്ടർക്കായി ഒഴിച്ചിടാറുണ്ട്. എന്നാൽ, മലയാള പ്രസാധന രംഗത്തെയും വിപണിയുടെയും പൊള്ളയായ  ആഘോഷങ്ങളിൽ അഭിരമിക്കുന്ന എഴുത്തുകാരോട് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു സംശയമാണ്. എന്തായാലും, ഇന്ന് സാഹിത്യത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെല്ലാം അതിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത സാഹിത്യബാഹ്യമായ കാര്യങ്ങളാണ്. 


ചിലരൊക്കെ അവർ നടത്തുന്നത് സാഹിത്യപരീക്ഷണങ്ങളാണ് എന്നവകാശപ്പെടുന്നുണ്ട്. അവരുടെ ‘പരീക്ഷണങ്ങളെ’ അവർതന്നെ അനാവശ്യമായി വിശദീകരിച്ച് ഉള്ളുപൊള്ളയാണെന്ന് ബോധ്യപ്പെടുത്തുകയുംചെയ്യുന്നു. അൽബേർ കമ്യൂ പറഞ്ഞ ഒരുകാര്യം ഓർമ്മവേണം. “പരീക്ഷണങ്ങളിലൂടെ നിങ്ങൾക്ക് അനുഭവസമ്പത്ത് നേടാനാവില്ല. നിങ്ങൾക്കത് കൃത്രിമമായി സൃഷ്ടിക്കാനുമാവില്ല. അത് അനുഭവങ്ങളിൽനിന്ന് മാത്രമേ ലഭിക്കൂ.” അനുഭവങ്ങളുടെ കുറവാണ് മലയാളസാഹിത്യത്തിൽ ഇന്നിപ്പോൾ ഇരുട്ടുപരത്തുന്നത്.  അവിടെ നമ്മൾ കാണുന്ന ‘വെളിച്ചം’ കരുത്തില്ലാത്ത പരീക്ഷണങ്ങളുടേതാണ്. അവ സൃഷ്ടാവിന്റെ പിന്തുണയ്ക്ക് ക്ഷീണം തട്ടുമ്പോൾ ഇല്ലാതാവും. സൃഷ്ടാക്കളുടെ മത്സരം വായനക്കാരിൽ ഇതിനകം ജുഗുപ്സയുളവാക്കിത്തുടങ്ങിയിട്ടുണ്ട്. സാഹിത്യത്തിന്റെ കേന്ദ്രബിന്ദു തങ്ങളാണെന്ന് പുതിയകാല എഴുത്തുകാർ തെറ്റായി ധരിച്ചതുപോലെ തോന്നുന്നു. അവരുടെ സാമാന്യതാൽപര്യത്തെ പരിപാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ജീവിതത്തിന്റെ ആഴം കാണിച്ചുതരേണ്ടവർ വിപണിയുടെ സമ്മർദത്തിന് വഴങ്ങി കോലംകെട്ടുന്നത് അരോചകമായ കാഴ്ചയാണ്. ഞാനല്ല, എന്റെ കൃതിയാണ് നിങ്ങളോട് സംസാരിക്കേണ്ടത് എന്ന് ഉറച്ച ബോധ്യത്തോടെ പറയുവാൻ സാഹിത്യകാർക്ക് കഴിയണം. അവർ പൊതുവിൽ പറയേണ്ടത് നിലപാടുകൾ മാത്രവും. 


നവാൽനിയുടെ ഓർമ്മക്കുറിപ്പുകൾ 


“The only suitable place for an honest man in Russia at the present time is prison” എന്നെഴുതിയത് ലിയോ ടോൾസ്റ്റോയിയാണ്. 1899-ൽ അദ്ദേഹത്തിന്റെ Resurrection എന്ന നോവലിൽ. ഇന്ന് അത് സത്യമല്ലാതായിരിക്കുന്നു. സത്യസന്ധരായവർക്കും ഇന്നത്തെ  റഷ്യയിലെ ജയിലിൽ സമാധാനമായി ജീവിക്കാൻ സാധ്യമല്ല  എന്നവസ്ഥ സംജാതമായിട്ടുണ്ട്.  ഇതു പറയുന്നത് അലക്സി നവാൽനിയാണ്. നിർഭയനായ റഷ്യൻ പ്രതിപക്ഷ നേതാവായിരുന്നു നവാൽനി. നാൽപ്പത്തിയേഴാം വയസ്സിൽ  2024 ഫെബ്രുവരി 16-ന് റഷ്യയിലെ ജയിലിൽ അദ്ദേഹം മരിച്ചു.  മൂന്നുവർഷത്തെ കഠിന തടവുകഴിയുവാനിരിക്കുമ്പോഴാണ് ഈ മരണം നടക്കുന്നത്. 2020-ൽ വിഷംനൽകി അദ്ദേഹത്തെ കൊല്ലാനൊരു ശ്രമമുണ്ടായി. അതോടെയാണ് ആത്മകഥയെഴുതാൻ അദ്ദേഹം തീരുമാനിച്ചത്. എഴുതിത്തുടങ്ങി മാസങ്ങൾ കഴിയുമ്പോഴേക്കും അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ജയിലിൽനിന്നു അദ്ദേഹം ജീവനോടെ പുറത്തുവന്നില്ല. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതി ഭാഗ്യവശാൽ സുരക്ഷിതമായി പുറത്തേക്കുവന്നു.


ഈ ഓർമ്മക്കുറിപ്പ് അസാധാരണമായ ആ  ജീവിതത്തിന്റെ വേറിട്ട ചിത്രം പ്രദാനം ചെയ്യുന്നു. “പാട്രിയറ്റ്” എന്ന പേരിൽ നവാൽനിയുടെ മരണാനന്തരം പുറത്തുവന്ന ഈ ഓർമ്മപ്പുസ്തകം വായനക്കാർക്ക് നൽകുന്നത്  വിചിത്രവും കയ്പേറിയതുമായ  അനുഭവചിത്രങ്ങളാണ്. കൂടാതെ എങ്ങനെയാണ് നവാൽനിയെപ്പോലൊരു യുവാവ്  ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ നിർബന്ധിതനായതെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. മരിക്കുന്നതിനു മുമ്പ് ജയിലിൽ വച്ച് അദ്ദേഹമെഴുതിയ കുറിപ്പുകളോടെയാണ് ഈ പുസ്തകം അവസാനിച്ചിരിക്കുന്നത്. 


റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായിരുന്ന അലക്സി നവാൽനി, പുടിൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതകളെ ശക്തമായി എതിർത്തിരുന്നു. ഈ രാഷ്ട്രീയ നേതാവിൽ ലോകം വലിയ പ്രതീക്ഷ അർപ്പിച്ചിരുന്നു. റഷ്യയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഒരു വ്യക്തിയായി അദ്ദേഹം വിലയിരുത്തപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം ജയിൽവാസത്തിൽ അവസാനിച്ചു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ താൻ എഴുതുന്ന പുസ്തകം തന്റെ സ്മാരകമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.


സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തോടുള്ള അലക്സി നവാൽനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ ഗ്രന്ഥം. റഷ്യയിൽ മാറ്റം സംഭവിക്കുമെന്നും അതിനെ ഒരു ശക്തിക്കും തടയാനാവില്ലെന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ചു. നിസ്സംശയം, ഈ കൃതി കാലാന്തരത്തിൽ ഒരു അപൂർവ രചനയായി പരിഗണിക്കപ്പെടും. അമ്പരപ്പോടും വേദനയോടുമാണ് ഞാൻ ഓരോ താളും മറിച്ചത്. (Patriot – A Memoir by Alexei Navalny – Alfred A. Knopf). ഈ കഴിഞ്ഞ വർഷം ഞാൻ വായിച്ച ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നാണ് ‘Patriot’.


ചിന്തയും എഴുത്തും 


എഴുത്ത് അടിസ്ഥാനപരമായി നിശിതമായ വായനയിൽനിന്നുണ്ടാവുന്ന ഒന്നാണ്. അതു ബോധ്യപ്പെടുത്തുന്ന കുറേ ലേഖനങ്ങളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ ബി യുടെ ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ എന്ന പുസ്തകം. ഇവ യഥാർഥത്തിൽ സാഹിത്യകൃതികളുടെ ചിന്താപരമായ വായനകളാണ്.  മലയാളസാഹിത്യത്തിലെ ചില പ്രധാനപ്പെട്ട രചനകളെയും, ചില സൈദ്ധാന്തിക വിഷയങ്ങളെയും ആഴത്തിൽ വിമർശിച്ചുകൊണ്ടാണ് ഗ്രന്ഥകാരൻ ഈ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്. ഉണ്ണികൃഷ്ണൻ ആമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ ഈ ലേഖനങ്ങളിലേറെയും ‘സാഹിത്യം’ എന്ന വിഷയത്തെ ആഴത്തിൽ അറിയാനുള്ള ശ്രമങ്ങളാണ്. അതിനദ്ദേഹം ചില സൈദ്ധാന്തിക പഠനരീതികൾ അവലംബിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ സങ്കീർണ്ണതകളെ പൂർണ്ണമായി ഉൾക്കൊള്ളാൻ സഹായിക്കുന്ന പഠനവ്യവസ്ഥകളായാണ് സിദ്ധാന്തങ്ങളെ നോക്കിക്കാണേണ്ടത്. ആ വ്യവസ്ഥകളിലുള്ള ഗ്രന്ഥകർത്താവിന്റെ പരിഞ്ജാനം വിളിച്ചറിയിക്കുന്നവയാണ് ഇതിലെ ഓരോ ലേഖനവും. മലയാളത്തിലെ സാഹിത്യാന്വേഷണങ്ങൾ സൈദ്ധാന്തിക പരിസരങ്ങളിൽനിന്ന് അകന്നുപോവുന്നത് നമ്മൾ കാണുന്നുണ്ട്. അത്തരമൊരവസരത്തിലാണ് ഈ പുസ്തകം രoഗപ്രവേശം ചെയ്തിരിക്കുന്നത്.  സൈദ്ധാന്തികവിമർശനത്തിന്റെ ചുരുംചൂടും  മലയാളിവായനക്കാർക്ക് വീണ്ടും മനസ്സിലാക്കാൻ ഈ കൃതി അവസരമൊരുക്കും. 


ഉണ്ണികൃഷ്ണന്റെ ലേഖനങ്ങളുടെ സ്വഭാവം കാണിക്കാനായി ഒരു ഭാഗം ഇവിടെ ചേർക്കുന്നു: “സാഹിത്യത്തെക്കുറിച്ച് സൈദ്ധാന്തികമായി അവഗാഹമുള്ള, വിശകലനപാടവമുള്ള വിമർശകൻ/ വിമർശക, അതുപോലെ, മനോവിശ്ലേഷണത്തിൽ പ്രാഗത്ഭ്യമുള്ള, പരിശീലനംസിദ്ധിച്ച വിശ്ലേഷകൻ / വിശ്ലേഷക, ഇവരുടെ അറിയുന്ന വിഷയി എന്ന നിലയെ പാഠത്തിന്റെ അധീശത്വത്താൽ റദ്ദ് ചെയ്യാൻ കഴിയുകയില്ല. അറിയുന്ന, അറിവുള്ള വിഷയികൾക്കിടയിലെ വിനിമയമായി വായനയെ/ വിശ്ലേഷണത്തെ നിലനിറുത്താൻ കഴിയുമോ എന്നാണ് അന്വേഷിക്കേണ്ടത്.” പേജ് – 291


സാഹിത്യത്തിന്റെ സൈദ്ധാന്തികതലം ഉണ്ണികൃഷ്ണൻ സ്വീകരിച്ചിരിക്കുന്ന അന്വേഷണമാർഗങ്ങളിൽനിന്നു ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ, അവയ്ക്കൊന്നും മുമ്പത്തേതുപോലുള്ള സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടുമില്ല. അതെന്തുകൊണ്ട് എന്ന ചോദ്യം കാണാതിരുന്നുകൂട. സാഹിത്യവായനയുടെ ഗൗരവം ഒന്നു കുറഞ്ഞതുപോലെ. വിമർശനകലയുടെ  പ്രാതാപകാലം അവസാനിച്ചു എന്നതൊരു യാഥാർഥ്യമാണ്. (എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും – ഉണ്ണിക്കൃഷ്ണൻ ബി. ഡി.സി.ബുക്സ് – കോട്ടയം)