സചേതനമായ കരുണ – കെ. അരവിന്ദാക്ഷൻ

സചേതനമായ കരുണ – കെ. അരവിന്ദാക്ഷൻ

മരണത്തെ ഭയമില്ലെന്നു പറയുന്നവർ പോലും, ക്ളേശവും യാതനയും വേദനയും കൂടാതെ മരിക്കാൻ ഇടയാക്കണേയെന്ന്‌ ഉള്ളിന്റെയുള്ളിൽ വിലപിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യാറുണ്ട്‌. “മരിക്കുക എന്നാൽ എങ്ങനെയിരിക്കും? വേദനിപ്പിക്കുന്നതാണോ? മരണത്തിന്നപ്പുറം എന്ത്‌?” രോഗപീഡകളാൽ വേദനിക്കുന്നവരിൽ നിന്നുള്ള അനുഭവപാഠങ്ങളിലൂടെയുള്ള യാത്രയാണ്‌ ഡോ.എം.ആർ.രാജഗോപാലിന്റേത്‌. യാതന, വേദന, സ്വാസ്ഥ്യം എന്നിവയിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തിൽ നവീകരണം സംഭവിക്കുന്നുണ്ട്‌. വൃത്യസ്ത രീതികളിൽ രോഗികളിലും. അഭയം, താങ്ങ്‌, തണൽ, ശക്തീകരണം. അദ്ദേഹത്തിന്റെ ‘WALK with the WEARY’ (2022) യും ‘സ്നേഹസാന്ത്വനവും’ (2024) ഈ യാത്രകളുടെ നേരനുഭവങ്ങളാണ്‌.


രാജഗോപാലിന്‌ മൂന്നുവയസ്സ്‌ കഴിഞ്ഞപ്പോഴാണ്‌ അമ്മയും അച്ഛനും കുഞ്ഞിനെ അപ്പൂപ്പന്റെയും മുത്തശ്ശിയുടെയുംകൂടെ ജീവിക്കാനയയ്ക്കുന്നത്‌. അച്ഛനമ്മമാരിൽനിന്നും സഹോദരങ്ങളിൽനിന്നുമുള്ള വേറിടലും, ഒറ്റപ്പെടലും, പറിച്ചുനടലും തീര്‍ത്ത ആത്മനൊമ്പരം, തീരാവ്യാധിയായി അച്ഛന്റെ മരണംവരെ രാജഗോപാലിൽനിന്ന്‌ മാറിയില്ല, പൂര്‍ണ്ണമായും. ഈ വ്യാധി ഒരു മുന്നുവയസ്സുകാരനിൽ ഏല്പിച്ച ആദി വേദനയാണ്‌, ക്ളേശിക്കുന്നവര്‍ക്കും വേദനിക്കുന്നവര്‍ക്കുമൊപ്പം യാത്രചെയ്ത്‌ അപരരായ രോഗഗ്രസ്തരുടെ വേദനയുടെയും യാതനയുടെയും അനുഭവങ്ങൾ അറിയാൻ പ്രേരിപ്പിച്ചത്‌. അവരിലെ വേദന, ക്ളേശം, യാതന എങ്ങനെ ശമിപ്പിക്കാം, അവരിൽ സ്വാസ്ഥ്യത്തിന്റെ ഇത്തിരിവെട്ടം എങ്ങനെ തെളിയിക്കാം എന്ന ചോദ്യത്തിലെത്തിച്ചത്‌. മെഡിസിനിൽ ബിരുദമെടുത്ത്‌ ഡോക്ടറായി സേവനംചെയ്യാൻ തുടങ്ങിയതോടെ അന്വേഷണത്തിന്‌ ക്രിയാത്മകമായ കര്‍മ്മമണ്ഡലം രൂപപ്പെടുകയാണ്‌.


തോട്ടിൽ തെന്നിവീണ അപ്പൂപ്പന്റെ വേദനയ്ക്കാണ്‌ ആദ്യമായി അദ്ദേഹം സാക്ഷിയാകുന്നത്‌. അപ്പൂപ്പനാകട്ടെ, മറ്റൊരാളിന്റെ സഹായം തേടിയുമില്ല. അപ്പൂപ്പന്റെ ക്ളേശം കുഞ്ഞുഹൃദയത്തിൽ എവിടെയോ കൊണ്ടു. ഈ പുസ്തകത്തിൽ അതിന്റെ ആദിമാക്ഷരങ്ങള്‍കാണാം. ജൈവലോകത്തിന്റെ വേദനയുടെ പ്രാകൃതലിപിയായി. ആവശ്യംവരുമ്പോൾ സഹായം ചോദിക്കാതിരിക്കുന്നത്‌ ശക്തിയല്ല ദൗര്‍ബല്യമാണ്‌. പിന്നീട്‌, തീവണ്ടിയിൽനിന്ന്‌ വീണ്‌ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ആഷ്ലെ റാണി (അവർ അദ്ദേഹത്തിന്റേ സ്നേഹിതയായി) യിൽ നിന്ന്‌ സഹായം ഔദാര്യമല്ല; അവകാശമാണ്‌, എന്ന പാഠവും. ഒന്നാംവര്‍ഷ വൈദ്യശാസ്ത്ര വിദ്യാർഥിയായിരിക്കെ, വേദന സഹിയാതെയുള്ള കാന്‍സർ ബാധിച്ച യുവാവിന്റെ നിലവിളികൾ തലച്ചോറിൽ തറഞ്ഞു. ആശ്വാസത്തിന്നായുള്ള ആ നിലവിളി നിസ്സഹായതയോടെ കേട്ടില്ലെന്നു നടിക്കാനേ ആ വൈദ്യശാസ്ത്ര വിദ്യാർഥിക്ക്‌ സാധിച്ചുള്ളു. അതിന്റെ ആത്മപീഡ അദ്ദേഹത്തെ പിന്തുടര്‍ന്നു.


കാന്‍സർ ബാധിതരായ ശേഖറിന്റെ ഭയചകിതമായ കണ്ണുകളും അതിന്റെ ഒരു കോണിൽ രക്ഷപ്പെടാനായേക്കുമെന്ന ആശയും, തന്റെ തെറ്റുദ്ധാരണമൂലം ബംഗ്ളാദേശി പാചകക്കാരൻ മോറിസിന്റെ “എന്നെ കൊല്ലാക്കൊല ചെയ്തില്ലേ” എന്ന മൊഴിയും മനുഷ്യജീവിതം ആശ്വാസകരമാക്കാനാകുന്ന വൈദ്യ ക്രിയാപ്രയോഗങ്ങൾ പഠിപ്പിച്ച ബാബുവും, വാക്കല്ല രോഗിക്ക്‌ വേണ്ടത്‌ ഡോക്ടറുടെ കാതാണെന്നു മനസ്സിലാക്കിക്കൊടുത്ത വാര്യരും, ദൈവത്തിന്റെ പൂന്തോട്ടത്തിലെ കുഞ്ഞുങ്ങളുടെ (അബ്ദുൾ, കൊച്ചു ജോസഫ്‌, റോബിൻ, തസ്ലീന, നദീറ) “ഞാൻ മരിച്ചുപോയാൽ ദൈവം ശിക്ഷിക്കില്ലേ? എന്നെ കുഴിച്ചിടുമ്പോൾ എനിക്ക്‌ ശ്വാസംമുട്ടില്ലേ? കഠിനവേദനയിലും എന്തുകൊണ്ട്‌ പുഞ്ചിരിച്ചുകൂടാ?” തുടങ്ങിയ ചോദ്യോത്തരങ്ങളും ആ അനുഭവപാഠങ്ങളിൽ ചിലതാണ്‌.


“വേദന വേദന” തന്നെയാണെന്ന്‌ പഠിപ്പിച്ച ആബിദ, കൊടിയ ദാരിദ്രത്തിന്റെ മുമ്പിലും സത്യം മുറുകെപ്പിടിക്കുന്ന നിരക്ഷരയായ അമ്മ, നാലുവയസ്സുകാരി മകളെ അനാഥയാക്കുമ്പോൾ ഉണ്ടാകുന്ന ക്ളേശത്തിൽ പിടയുന്ന അമാനത്ത്‌, അസഹനീയമായ വേദനയിൽ മനസ്സിനുണ്ടാകുന്ന മാറ്റങ്ങൾ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുത്ത ശംഭു, മരിക്കാൻപോലും അനുവദിക്കാത്ത വൈദ്യശാസ്ത്രത്തിന്റെയും നീതിവ്യവസ്ഥയുടെയും ഇരയായി പിടഞ്ഞുമരിച്ച വേണു, രാഷ്ട്രീയക്കാരന്റെ ബന്ദെന്ന അതിക്രുരതയിൽ വാഹനം കിട്ടാതെ രക്തം വാര്‍ന്നുമരിച്ച രോഗി, ആ ക്രുരതയാൽത്തന്നെ മോര്‍ഫീൻ കിട്ടാതെ “എന്നെ ഒന്നു കൊന്നു തരൂ” എന്ന്‌ നിലവിളിക്കുന്ന തങ്കച്ചൻ, കഠിനവേദനയിൽ നൊമ്പരപ്പെടുന്ന രമേഷ്‌, സണ്‍ഷൈൻ, ഭര്‍ത്താവിനെക്കാൾ അമ്മായിഅമ്മയെ സ്‌നേഹിച്ച സൈനബ, ജീവിതത്തിന്റെ അര്‍ഥം എന്താണ്‌, അതറിയാനുള്ള വഴിയേത്‌ എന്നു ചോദിക്കുന്ന വിഷ്ണു, വാര്‍ധകൃത്തിൽ ഒറ്റപ്പെടുന്ന മനുഷ്യർ, ദയാവധം നിഷേധിക്കപ്പെടുന്ന വക്കീൽ ഷാജി, “എന്റെ ജീവിതം വെറുതെയായോ’ എന്ന്‌ ആത്മവേദനയോടെ ചോദിക്കുന്ന ഗോപാലൻ, “പുളിമരത്തിനു ചുവട്ടിൽ മരണശയ്യ വിരിക്കൽ മക്കളെ” എന്നു കേഴുന്ന അച്ഛൻ…… ഇങ്ങനെ ഈ മഹാസര്‍വകലാശാലയിലെ ഗുരുക്കന്മാർ …. അവർ പഠിപ്പിച്ചുകൊടുത്ത പാഠങ്ങളിൽനിന്നാണ്‌, വേദന യാഥാർഥ്യമാണ്‌; അതിനുള്ള ഔഷധംകിട്ടാൻ ഈ ഭൂമിയിൽ ഓരോ മനുഷ്യനും അവകാശമുണ്ട്‌ എന്ന ഇമ്മിണി വലിയ സത്യം ഡോക്ടർ രാജഗോപാൽ പഠിക്കുന്നത്‌.


ജില്ലിബേണ്‍, ഡോ.റോബര്‍ട്ട്‌ ട്വയി ക്രോസ്‌, ഡേവിഡ്‌ ജെറാന്‍സിൻ, രവീന്ദ്ര ഗ്ളുയി, എന്നിവർ വേദനയ്ക്കുള്ള മോര്‍ഫീൻ എന്ന മരുന്ന്‌ ഇന്ത്യയിലെയും കേരളത്തിലെയും ഓരോ രോഗിക്കും ലഭ്യമാക്കുവാനുള്ള ഡോ.രാജഗോപാലിന്റെ യത്നങ്ങളിൽ പങ്കാളികളായി. കൊളോണിയൽ നിയമങ്ങളുടെ തടവറകളിൽ സ്വമേധയാ തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥമാരോട്‌ ക്ഷമയോടെയും സ്നേഹത്തോടെയും ഇടപെട്ടു. അതിന്റെ ഗുണഫലം, കേരളത്തിലെ വേദനയിൽ പിടയുന്ന അനേകം മനുഷ്യര്‍ക്ക്‌ സ്വാസ്ഥ്യവും ആശ്വാസവും നല്‍കി.


പക്ഷേ, ഇതൊടെ രോഗിയും ഡോക്ടറും തമ്മിലുള്ള അധികാര സമവാക്യങ്ങൾ അപനിര്‍മ്മിക്കപ്പെടണം എന്ന വസ്തുത ബോധ്യമായി. ഡോക്ടറും ആസ്പ്രതിയും അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളായി രോഗിയെ വെറും ഒരു യ്രന്തമായി കരുതുന്ന സമ്പ്രദായം മാറണം. വേദന കണ്ടില്ലെന്നും, വെറും തോന്നലാണെന്നുമുള്ള ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും വിശ്വാസങ്ങൾ പൊളിച്ചെഴുതണം. വേദന വേദനയാണ്‌, എന്നു പറയുന്ന ബോധിസത്വബോധ്യങ്ങൾ തെളിയണം. “സ്നേഹമാണ്‌ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം. (ഡോക്ടർ പാരാസെല്‍സ്‌) എന്ന് രോഗിയും ബന്ധുക്കളും ഡോക്ടറും സമൂഹവും ഒന്നിച്ചു പറയണം. ദുഃഖച്ചുടുള്ള നെറ്റിയിൽ സ്നേഹത്തോടെ വയ്ക്കുന്ന കൈ എങ്ങനെ ഹൃദയത്തെ തൊടുന്നു എന്ന്‌ വൈദ്യശാസ്ത്രം തിരിച്ചറിയണം. MRI-യില്‍ ഒന്നും കാണുന്നില്ലെങ്കിൽ വേദന ഇല്ല എന്ന അസംബന്ധം ഡോക്ടര്‍മാർ ഉപേക്ഷിക്കണം. വൃക്തിക്ക് സ്വലോകം നഷ്ടപ്പെട്ട്‌ മതിഭ്രമം ഏറ്റവും ക്രുരമാകുന്ന ICU സ്രമ്പദായങ്ങളെ വര്‍ജിക്കണം. രോഗിയാണ്‌ ക്രേന്ദസുര്യൻ. അതിനുചുറ്റുമാണ്‌ മറ്റെല്ലാവരും.


മനുഷ്യൻ സമഗ്രതയാണ്‌. രോഗത്തെ മാത്രമല്ല, ഭിഷഗ്വരൻ കാണേണ്ടതും, പരിഹരിക്കേണ്ടതും. അവരുടെ സാമൂഹിക – സാമ്പത്തിക – സാംസ്‌കാരിക – മാനസിക – ആത്മീയ പ്രശ്‌നങ്ങള്‍ക്കും ഭിഷഗ്വരൻ ഉത്തരവാദിയാണ്‌. അതോടെ, ഒരു കൂട്ടായ്മ ആവശ്യമായി വരുന്നു. സഹജമായ കാരണ്യമൂറുന്ന മനസ്സുമായി പി.കെ.അശോക്‌ കുമാർ ഇന്ത്യയിലെ പാലിയേറ്റീവ്‌ കെയറിന്റെ ആദ്യത്തെ സന്നദ്ധപ്രവര്‍ത്തകനായി ഡോക്ടർ രാജഗോപാലിന്റെ മുമ്പിലെത്തുന്നു. കൂടെ ഡോ.സുരേഷും, മീനയും, ലിസിയും. അങ്ങനെയാണ്‌ കോഴിക്കോട്‌ പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയർ എന്ന സംഘടന 1993-ൽ രൂപപ്പെടുന്നത്‌. രോഗബാധിതനായ മാനവി ക്രേന്ദ്രസൂര്യനായി, സന്നദ്ധസേവികയും ഡോക്ടറും നഴ്സും ഫാര്‍മ സിസ്റ്റം, കൂട്ടിരിപ്പുകാരും, അയല്‍ക്കാരും, സമൂഹവും സാമുദ്രിക വൃത്തത്തിന്റെ വളയങ്ങളായി രോഗിയെന്ന മനുഷ്യന്റെ സമഗ്രത അർഥവത്താക്കുന്ന, സ്വയംവളരുന്ന, വളർച്ചയ്ക്കൊപ്പം, സ്വയം വിമര്‍ശനവിധേയമാകുന്ന ഒരു കൂട്ടായ്മ. അവിടെ ആരും (ഡോക്ടറാകട്ടെ നഴ്സാകട്ടെ) ആരെക്കാൾ ഉയര്‍ന്നതല്ല, താഴ്‌ന്നതല്ല. രോഗഗ്രസ്തനായ മനുഷ്യനാണ്‌ ജൈവബിന്ദു…. സ്നേഹാര്‍ദ്രമായ ഒരു നോട്ടം, ഹൃദയം തൊടുന്ന ഒരു സ്പര്‍ശം, കരുണാര്‍ദ്രമായ ഒരു വാക്ക്‌, രോഗിയെ കേള്‍ക്കാൻ തുറന്നുവച്ച കാത്‌, നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്‌ എന്നു നിശ്ശബ്ദമായി പറയുന്ന ചുണ്ട്‌….. ഇവയൊക്കെ വേദനിക്കുന്ന മനുഷ്യന്‌ അവകാശപ്പെട്ടതാണ്‌… ഒരു സമുഹം, മനുഷ്യവംശം ഇതിലേക്ക് വളര്‍ന്ന്‌ സ്നേഹം പുഷ്പിക്കുന്ന ഒരു ഭൂമിയാണ്‌ ഡോ. രാജഗോപാലിന്റെ സ്വപ്നം. ആ സ്വപ്നം – കരുണാർദ്രമായ ഒരു സമൂഹം – സാര്‍ത്ഥകമാകണമെങ്കിൽ, ധാര്‍മ്മികമായ ഒരു രാഷ്ട്രീയം അനിവാര്യമാണ്‌. അതിലേക്കുള്ള വഴി കഠിനമാണ്‌; കല്ലും മുള്ളും നിറഞ്ഞതാണ്‌. എങ്കിലും ആ വഴി നമുക്ക്‌ പോയേ തീരു. രാജഗോപാൽ എന്ന മനുഷ്യൻ ഓര്‍മ്മപ്പെടുത്തുന്നു: “സ്നേഹമാണഖിലസാരമൂഴിയിൽ’…