അനുഭവങ്ങളാണ് എഴുത്തിന്റെ ജീവന്‍
സംഭാഷണം – കെ.വി.മോഹൻകുമാർ/മനു അച്ചുതത്ത്
മാധ്യമ പ്രവർത്തകൻ, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ, സാഹിത്യകാരൻ – കെ.വി.മോഹൻകുമാർ മലയാളികൾക്കു പരിചിതനായിരിക്കുന്നത് ഇങ്ങനെയാണ്. താങ്കളുടെ എഴുത്തുയാത്ര എങ്ങനെയാണാരംഭിച്ചത്?
എഴുത്തുയാത്ര. നല്ല പ്രയോഗമാണത്. എഴുത്ത് ഒരു യാത്ര തന്നെയാണ്. തുടക്കവും ഒടുക്കവും ഇടർച്ചകളുമുള്ള യാത്ര. എന്റെ ജീവിതയാത്രയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണത്. നിറപ്പകിട്ടില്ലാത്ത ബാല്യകൗമാരങ്ങളായിരുന്നു എന്റേത്. ബർടോൾഡ് ബ്രഹ്ത്തിന്റെ ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ…അതിനെ ആയുധമാക്കൂ…’എന്നീ വരികൾ എന്റെ ബാല്യകാല ജീവിതവുമായി ചേർത്തു വയ്ക്കാവുന്നതാണ്. ബ്രഹ്ത്തിനെ കേൾക്കുന്നതിനും എത്രയോ മുന്നേ ഈ വരികൾ കാതിൽപതിച്ചത് എന്റെ ചേട്ടന്റെ വാക്കുകളിലൂടെയാണ്. എട്ടാമത്തെ വയസ്സിൽ ഞങ്ങളുടെ അച്ഛൻ മരിച്ചു. രണ്ടുവർഷത്തോളം അച്ഛൻ രോഗബാധിതനായി കിടപ്പിലായതോടെ കുടുംബത്തിന്റെ അടിത്തറ ഇളകി. അച്ഛന്റെ മരണശേഷം ഞങ്ങൾ ആലപ്പുഴ പട്ടണത്തിലെ വാടകവീടൊഴിഞ്ഞ് അമ്മയുടെ നാടായ ചേർത്തല തെക്ക് ഗ്രാമത്തിലേക്കു താമസം മാറി. അമ്മയുടെ വലിയമ്മാവന്റെ കുടുംബത്തോടൊപ്പം ഒന്നരവർഷം നീണ്ട ആശ്രിതജീവിതം ദുസ്സഹമായപ്പോൾ വിശാലമായ വയൽക്കരയിൽ ഒഴിഞ്ഞുകിടന്നിരുന്ന കുടുംബ ഓഹരിയിലുള്ള പഴയൊരു കുഞ്ഞു വീട്ടിലേക്കു ഞങ്ങൾ താമസം മാറി.
മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങളി’ലെ മക്കോണ്ടോപോലെ വിചിത്രമായൊരു പ്രദേശമായിരുന്നുവത്. വെയിലത്ത് വെട്ടിത്തിളങ്ങുന്ന പഞ്ചാരമണൽക്കുന്നുകൾ, മരുപ്പറമ്പുകൾ, നെൽ വയലുകൾ, വയൽവെള്ളത്തിലൂടെ മിന്തിപ്പോകുന്ന ഞവിണിക്കകൾ, മാനത്തുകണ്ണികൾ. പുന്നക്കാടുകളും പറങ്കാടുകളും തെങ്ങിൻ ചിറകളും. അവയ്ക്കിടയിലൂടെ ഒഴുകുന്ന കൈത്തോടുകളും വീതിയേറിയ ചാലുകളും. ചെമ്മൺനിരത്തുകളിലൂടെ സിനിമാനോട്ടീസുകൾ പറത്തി തടമണി കിലുക്കി വരുന്ന കാളവണ്ടികൾ. മാറുമറയ്ക്കാത്ത, കഴുത്തോളം കാതുതൂങ്ങിയ മുത്തശ്ശിമാർ. കൗപീനവും ഈരിഴതോർത്തുമുടുത്ത വയസ്സായവർ. മാട്ടം കിടുക്കിവരുന്ന കള്ളുചെത്തുകാർ. കാരാമ കുത്താൻ വരുന്ന ഉള്ളാടത്തി അമ്മൂമ്മമാർ. ഇടയ്ക്കിടെ ആരവമിട്ടുവരുന്ന ഈയംപൂശുകാർ, കാവടിക്കാർ, ലാടന്മാർ, കുരങ്ങുകളിക്കാർ, കാക്കാലത്തിമാർ. നടവരമ്പുകളിലൂടെ അണിയണിയായി പാറുന്ന ചെങ്കൊടികൾ. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളികൾ….ആരും കഥയെഴുതിപ്പോകുന്ന അതിവിചിത്രമായ അന്തരീക്ഷം. ഞാനന്ന് അഞ്ചാം ക്ലാസ്സിൽ. ചേട്ടൻ ബിരുദപഠനം പൂർത്തിയാക്കി തൊഴിൽരഹിതനായി നിൽക്കുന്നു. ജീവിതത്തെ എങ്ങനെയും നേരിടാമെന്ന അമ്മയുടെ ആത്മധൈര്യം മാത്രമായിരുന്നു ഞങ്ങളെ മുന്നോട്ടുനയിച്ചത്. അച്ഛനുണ്ടായിരുന്ന കാലത്ത് ആലപ്പുഴ പട്ടണത്തിൽ വീട്ടിലെ അകം പുറം ജോലികൾക്കായി മൂന്നോ നാലോ സഹായികളുമായി കഴിഞ്ഞിരുന്ന അമ്മ മക്കളെ പോറ്റാനായി കയർ പിരിക്കാൻ പരിശീലിച്ചു. പാതിരാത്രിയോളം അടുക്കളയിലിരുന്ന് കയർ പിരിക്കും. മുറ്റത്ത് പച്ചക്കറികളും വാഴയും ചേമ്പും കാച്ചിലുമൊക്കെ നട്ടുനനച്ചു.അച്ഛൻ പണ്ട് വാങ്ങിത്തന്ന അൻപതു സെന്റ് പുരയിടത്തിൽനിന്ന് ഒന്നീരാടംമാസം തേങ്ങാ വിറ്റുകിട്ടുന്ന വരുമാനവും അമ്മ പിരിക്കുന്ന കയർ വിറ്റുകിട്ടുന്ന തുച്ഛമായ കാശുമായിരുന്നു ആകെയുള്ള വരുമാനം. പലപ്പോഴും റേഷനരിയും ഗോതമ്പും വാങ്ങാൻ പണം തികഞ്ഞിരുന്നില്ല. ആ ദിവസങ്ങളിൽ സമയത്ത് ആഹാരംകിട്ടാതെ വിശന്നിരിക്കേണ്ടി വന്നിട്ടുണ്ട്. വൈകിയാണെങ്കിലും വാട്ടുകപ്പ പുഴുങ്ങിത്തന്നെങ്കിലും അമ്മ ഞങ്ങളുടെ വിശപ്പടക്കും. ഞാൻ വിശന്നുപൊരിഞ്ഞിരിക്കുമ്പോഴും ചേട്ടൻ വിശപ്പറിയാതെ വായനയിൽ മുഴുകിയിരിക്കുന്നതു കാണാം. ഒരിക്കലും വിശക്കുന്നുവെന്ന് ചേട്ടൻ പറഞ്ഞുകേട്ടിട്ടില്ല. ‘നല്ല പുസ്തകങ്ങൾ വായിച്ചാൽമതി, വിശപ്പറിയില്ല,’ചേട്ടൻ പറയും. അങ്ങനെ അടുത്തുള്ള വായനശാലയിൽ എന്നെയും ചേർത്തു. ദിവസം മൂന്നു പുസ്തകമെടുക്കാം. അറബിക്കഥകളുടെയും റഷ്യൻ നാടോടിക്കഥകളുടെയും പഞ്ചതന്ത്രം കഥകളുടെയും കാരൂരിന്റെയും ലളിതാംബിക അന്തർജ്ജനത്തിന്റെയും മാലിയുടെയുമൊക്കെ കഥാലോകത്തിലൂടെയായി എന്റെ സഞ്ചാരം. ഞാൻ ആർത്തിയോടെ വായിച്ചുതുടങ്ങി. വായനയാണെന്നെ വൈകാതെ എഴുത്തിലേക്കു നയിച്ചത്.
അമ്മയ്ക്ക് പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. ഇതറിഞ്ഞ നാട്ടുകാർ പൂച്ചക്കുഞ്ഞുങ്ങളെ കളയുന്നത് ഞങ്ങളുടെ പുരയിടത്തിലായി. ഞങ്ങൾ കഷ്ടപ്പെട്ടിരുന്ന കാലത്തും പത്തിരുപതു പൂച്ചകളെ അമ്മ പോറ്റിയിരുന്നു. അങ്ങനെ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞനേരം. അമ്മ മീൻ പീര പറ്റിച്ചു. ചോറിനു പകരം വാട്ടുകപ്പ വെള്ളത്തിലിട്ടു കുതിർത്ത് വേവിച്ചെടുക്കാൻ സമയമെടുത്തു. എന്റെ വയർ കത്തിക്കാളി. മീൻ മണം പിടിച്ച് പൂച്ചകൾ എവിടന്നൊക്കെയോ ആർത്തി പൂണ്ടുവന്ന് അടുക്കളയ്ക്കു മുന്നിൽ നിരന്നു. എന്റെ ഉള്ളിൽ വല്ലാത്ത ആധിയായി. പൂച്ചപ്പട്ടാളം അടുക്കളയിൽ കേറി മീൻ പീരപറ്റിച്ചതു മുഴുവൻ തിന്നുതീർത്താലോ? ആ ആധിയിൽ നിന്നായിരുന്നു എന്റെ ആദ്യകഥ പൊട്ടിവീണത്. കുഞ്ഞുകഥ. ‘ഉണ്ണിക്കു വിശപ്പായിരുന്നു.’അതായിരുന്നു ആദ്യവരി.’വിശപ്പിന്റെ വിളി’ എന്നു പേരിട്ടു. ആയിടെ ഇറങ്ങിയൊരു സിനിമയുടെ പേരായിരുന്നുവത്. ചേട്ടനതിനെ വെട്ടിച്ചുരുക്കി ‘വിശപ്പ്’ ആക്കി. ‘എന്റെ ഉള്ളിലെ വിശക്കുന്ന കുട്ടിയാണു ആ കഥയെഴുതിയത്. പിന്നീട് ഞാൻ കൊച്ചു കഥകളെഴുതാൻ തുടങ്ങി. അതിനായൊരു നോട്ട് ബുക്കുണ്ടായിരുന്നു. അങ്ങനെ ഏഴാം ക്ലാസ്സിലെ അവധിക്കാലത്ത് നാലഞ്ചുപേജിൽ വലിയൊരു കഥയെഴുതി ‘ബാലയുഗം’ മാസികയിലേക്കയച്ചു-‘അത്യാഗ്രഹത്തിന്റെ ഫലം ആപത്ത്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ബാലയുഗത്തിലത് ഗംഭീരമായി അച്ചടിച്ചുവന്നു. ഞാൻ എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിലെത്തിയ ദിവസമായിരുന്നു അത്. കോളേജിലെത്തിയപ്പോൾ കഥയെഴുത്തിനു സമ്മാനങ്ങൾ കിട്ടി. രണ്ടാംവർഷ ബിരുദ ക്ലാസ്സിൽ പഠിക്കുമ്പോൾ കേരളസർവകലാശാലാ യുവജനോൽസവത്തിൽ കഥയ്ക്ക് സമ്മാനം കിട്ടിയതോടെ എന്റെ ഉള്ളിലെ എഴുത്തുകാരനു ആത്മവിശ്വാസം കൈവന്നു.
പിന്നീട് പത്രപ്രവർത്തകനായതോടെ നാലഞ്ചുവർഷം കഥയെഴുത്ത് മുറിഞ്ഞുപോയി. ഒന്നോരണ്ടോ കഥയാണ് അതിനിടയിൽ എഴുതിയത്. കഥ മാസികയിൽ. രണ്ടുവർഷം കഴിഞ്ഞ് ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് പൊതുജീവിതം നിലച്ചപ്പോഴുണ്ടായ ഉള്ളുനുറുങ്ങുന്ന ഒരനുഭവമായിരുന്നു എന്റെ ‘പാതിയാത്രാച്ചീട്ട്’. ആ കഥയ്ക്ക് 1985-ലെ എസ്.പി.സി.എസ്സിന്റെ കാരൂർ പുരസ്കാരം ലഭിച്ചു. പ്രസിഡന്റായിരുന്ന സി.രാധാകൃഷ്ണൻ സാറാണു സമ്മാനം തന്നത്. എനിക്കൊപ്പം ആ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടവരിൽ പിൽക്കാലത്ത് കഥയെഴുത്തിൽ ശ്രദ്ധേയരായ സതീഷ്ബാബു പയ്യന്നൂരും അംബികാസുതൻ മാങ്ങാടും ഉണ്ടായിരുന്നു. പത്രപ്രവർത്തനം സർഗാത്മക സാഹിത്യരചനയെ വിഴുങ്ങുമെന്ന ചിന്ത എന്നെ വല്ലതെ അലട്ടിയിരുന്നു. അതിനെ അതിജീവിക്കാനുള്ള ശ്രമമായിരുന്നു എന്റെ ആദ്യനോവലായ ‘ശ്രാദ്ധശേഷം’. 1992-ൽ കലാകൗമുദി വാരികയിലൂടെയത് ഖണ്ഡശഃ വന്നതോടെയാണ് ഞാൻ എഴുത്തിൽ സജീവമായത്. 1995-ൽ ഡി.സി കിഴക്കേമുറിയതു പുസ്തകമാക്കി.
ഒരു സർക്കാരുദ്യോഗസ്ഥൻ ആയിരുന്നപ്പോൾ ലഭിച്ച അനുഭവങ്ങൾ എത്രത്തോളം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്? ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ എതിർപ്പുകളോ നേരിടേണ്ടി വന്നിട്ടുണ്ടോ?
എല്ലാ ജീവിതാനുഭവങ്ങളും എഴുത്തിനുള്ള കരുക്കളാണല്ലോ? പന്ത്രണ്ടുവർഷത്തെ പത്രപ്രവർത്തനം കഴിഞ്ഞ് റവന്യുവകുപ്പിലാണ് ദീഘകാലം ഞാൻ ജോലിചെയ്തത്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട വകുപ്പെന്ന നിലയിൽ ഓരോ ഫയലുകളുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ജീവിതം കണ്ടെത്താനാകുമായിരുന്നു. വിശേഷിച്ച് റവന്യു ഡിവിഷണൽ ഓഫീസറുടെ തസ്തികയിൽ ജോലിചെയ്യുമ്പോൾ. മൂന്നു ജില്ലകളിലായി എട്ടുവർഷത്തോളം ഞാൻ ആ തസ്തികയിൽ ഉണ്ടായിരുന്നു. മലയാളത്തിലെ മൂന്നു പ്രഗത്ഭരായ എഴുത്തുകാരുമായി അടുപ്പമുണ്ടാക്കാൻ കഴിഞ്ഞതും റവന്യുവകുപ്പിൽ ജോലിചെയ്തിരുന്നപ്പോഴാണ്. തകഴി ശിവങ്കരപ്പിള്ള എന്ന തകഴിച്ചേട്ടൻ, കടമ്മനിട്ട രാമകൃഷ്ണൻ, കാക്കനാടൻ. ഇവരിൽ കടമ്മനിട്ടച്ചേട്ടനും ബേബിച്ചായനുമായി (കാക്കനാടൻ) ആഴത്തിലുള്ള ആത്മബന്ധമുണ്ടായിരുന്നു. ഇവർ രണ്ടാൾക്കും എന്റെ എഴുത്തിനോടും താൽപര്യമുണ്ടായിരുന്നു. ‘ശ്രാദ്ധശേഷ’വും ആദ്യ കഥാസമാഹാരമായ ‘ഭൂമിയുടെ അനുപാത’വും പ്രകാശനംചെയ്തത് കടമ്മനിട്ടച്ചേട്ടനായിരുന്നു. ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്’ എഴുതിത്തുടങ്ങിയപ്പോൾ ബേബിച്ചായനുമായി ഞാൻ ചർച്ചചെയ്യുമായിരുന്നു. ആദ്യ അധ്യായങ്ങളിലെ ചില ഭാഗങ്ങൾ വായിച്ചുകേട്ടപ്പോഴേ ‘ഇതൊരു ഗംഭീരരചന’യായിരിക്കുമെന്ന് ബേബിച്ചായൻ പറയുമായിരുന്നു. സമകാലിക മലയാളം വാരികയിൽ നോവൽ പൂർണരൂപത്തിൽ വായിക്കാനായി കാത്തിരിക്കുമ്പോഴായിരുന്നു ബേബിച്ചായന്റെ വേർപാട്.
സർക്കാരിന്റെ ഭാഗത്തുനിന്ന് എഴുത്തിനു തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പുന്നപ്ര വയലാർ സമര കാലഘട്ടം പശ്ചാത്തലമാക്കി, ‘ഉഷ്ണരാശി’ എഴുതിയതും പ്രസിദ്ധപ്പെടുത്തിയതും യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്തായിരുന്നു. ഐ.എ.എസ്സിൽ എത്തുന്നതിനുമുൻപേ ഞാൻ ഇടതുപക്ഷ സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിൽ അംഗമായിരുന്നു. ഭരണം മാറിവരുമ്പോൾ വലതുപക്ഷ സർവീസ് സംഘടനകളിൽനിന്നല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആ നിലയ്ക്കുള്ള വിവേചനങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നിരുന്നാലും സർക്കാർ ഉദ്യോഗസ്ഥന്മാരായ എഴുത്തുകാരെ അംഗീകരിക്കാൻ മലയാളി വായനാസമൂഹത്തിനു പൊതുവേ വൈമനസ്യമുണ്ടെന്ന് എനിക്കു തോന്നാറുണ്ട്. വിശേഷിച്ച് അല്പം ഉയർന്നപദവികളിൽ എത്തിച്ചേരുന്നവരുടെ രചനകളോട്. ‘ഇവർക്കൊക്കെ എന്തു ജീവിതാനുഭവം?’ എന്നൊരു തോന്നൽ ശരാശരി മലയാളിവായനക്കാരന്റെ ഉള്ളിലുണ്ട്. അക്കാദമികരംഗത്തോ പത്രപ്രവർത്തനം പോലുള്ള ഇതര മേഖലകളിലോ ജോലിചെയ്യുന്നവരുടെ രചനകൾക്കു കിട്ടുന്ന സ്വീകാര്യത ബ്യൂറോക്രസിയുടെ ഭാഗമായി നിൽക്കുന്നവരുടെ രചനകൾക്കു മലയാളിസമൂഹം പൊതുവെ നൽകാറില്ല. മലയാറ്റൂരിന്റെയും എൻ.എസ്.മാധവന്റെയും രചനകൾ അംഗീകരിക്കപ്പെടാനിടയായത് അവർ ഐ.എ.എസ്സിൽ എത്തുന്നതിനുമുൻപേ എഴുത്തിൽ ശ്രദ്ധേയരായതുകൊണ്ടാവാം. എന്റെ ആദ്യപുസ്തകമായ ‘ശ്രാദ്ധശേഷം’ 1995-ൽ പുറത്തിറങ്ങിയെങ്കിലും എഴുത്തുകാരൻ എന്ന നിലയിൽ കേരളത്തിലെ അക്കാദമിക്ക് നിരൂപകർ പലരും എന്നെ അംഗീകരിച്ചു തുടങ്ങിയത് ഇരുപതു വർഷങ്ങൾ കഴിഞ്ഞ് ‘ഉഷ്ണരാശി’ക്ക് പ്രചാരം ലഭിച്ച ശേഷമാണ്. കേരളത്തിലെ വായനാസമൂഹം നിർണായകമായ പങ്കുവഹിക്കുന്ന വയലാർ അവാർഡ് പോലുള്ള പ്രമുഖ പുരസ്കാരങ്ങൾ ‘ഉഷ്ണരാശി’ക്കു ലഭിക്കുകയും പുസ്തകത്തിന്റെ ഒരുപാട് പതിപ്പുകൾ ഇറങ്ങുകയും ചെയ്തതോടെയാണ് അതുവരെ നിരാകരിച്ചവർക്കുപോലും എഴുത്തുകാരനെന്ന നിലയ്ക്ക് തള്ളിപ്പറയാനാവാതെ വന്നത്.
മലയാളസാഹിത്യത്തിൽ അധികം കടന്നുവരാത്ത വിഷയങ്ങളാണു താങ്കളുടെ കൃതികളിലുള്ളത്. അവ ഓരോന്നും വ്യത്യസ്തമായ അനുഭവങ്ങളാണു വായനക്കാർക്കു നൽകുന്നത്. പ്രമേയ വൈവിധ്യം ബോധപൂർവം തിരഞ്ഞെടുക്കുന്നതാണോ? എങ്ങനെയാണിത് സംഭവിക്കുന്നത്?
എന്റെ കൃതികൾ എന്നു പറയുമ്പോൾ മുഖ്യമായും നോവലുകളും കഥകളും അതിൽ ഉൾപ്പെടും. മലയാള സാഹിത്യത്തിൽ അധികം കടന്നുവരാത്ത വിഷയങ്ങൾ എന്റെ നോവലുകൾക്ക് വിഷയമായിട്ടുണ്ട്. ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, എടലാക്കുടി പ്രണയരേഖകൾ…. ഏറ്റവുമൊടുവിൽ ‘ഉല’. വിഷയവൈവിധ്യത ബോധപൂർവമാണെന്നോ അല്ലെന്നോ പറയാം. അതങ്ങനെ ജൈവികമായി സംഭവിക്കുന്നതാണ്. എന്നാൽ ക്രാഫ്റ്റിലും ഭാഷയിലും ഞാൻ ബോധപൂർവമായ വൈവിധ്യത വരുത്താറുണ്ട്. പ്രമേയത്തിനും കഥാപരിസരത്തിനും ഇണങ്ങുന്നവിധം ഭാഷയെയും ശിൽപത്തെയും പുതുക്കിപ്പണിയാറുണ്ട്. അതാണല്ലോ ക്രാഫ്റ്റ്‌മാൻഷിപ്പ്. നവീകരണമാണല്ലോ സാഹിത്യത്തിലെ കല. സാഹിത്യകൃതികളിലെ സ്ഥായി മാനുഷികവികാരങ്ങളാണ്. ഒരേ തരം മാനുഷികവികാരങ്ങളാണല്ലോ വേറിട്ട ജീവിതസാഹചര്യങ്ങളിലൂടെ സാഹിത്യരചനകളിൽ പ്രതിഫലിക്കുന്നത്. ഒരേ മാനുഷികവികാരങ്ങളാണു സാഹിത്യരചനകളിൽ ആവർത്തിച്ചുവരുന്നതെങ്കിൽ പുതിയ എഴുത്തിന്റെ പ്രസക്തിയെന്താണ്? ഇവിടെയാണു ഓരോ രചനയുടെയും ഓരോ എഴുത്തുകാരന്റെയും അതിജീവനം വിഷയമാകുന്നത്. മാറുന്ന കാലത്തിനൊത്തു, മാറുന്ന ഭാവുകത്വങ്ങൾക്കൊത്ത് എഴുത്തുകാരൻ എങ്ങനെ രചനയെ പുതുക്കിപ്പണിയുന്നു എന്നതിലാണ് ഓരോ രചനയുടേയും പ്രസക്തി. ഭാഷയെ, പ്രമേയത്തെ, ശിൽപത്തെ, പദഘടനകളെ ഒക്കെയും കാലികമായി പുതുക്കിപ്പണിയേണ്ടതുണ്ട്. ഇല്ലെങ്കിൽ ആ രചന കാലത്തിനു പിന്നിലാകും. അതാണ് വൈവിധ്യതയുടെ പിന്നിലെ രസതന്ത്രം.
താന്ത്രികബുദ്ധിസം എന്ന നമുക്കത്ര പരിചിതമല്ലാത്ത വിഷയം ദാർശനികമായി ആവിഷ്കരിക്കുകയാണല്ലോ ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്‘ എന്ന നോവലിൽ. ഇങ്ങനെയൊരു പ്രമേയത്തിലേക്ക് എത്തിച്ചേർന്നതെങ്ങനെയാണു?
ആ നോവൽ എഴുതുന്നതിനു ഏഴു വർഷം മുൻപാണു ഓഷോയുടെ ‘ദ തന്ത്ര എക്സ്പീരിയൻസ്’ എന്ന കൃതി വായിക്കാനിടയായത്. താന്ത്രിക് ബുദ്ധിസത്തെക്കുറിച്ച് ആഴത്തിലറിയാൻ എനിക്കു പ്രേരണ നൽകിയത് ആ കൃതിയാണ്. എന്റെ നോവലിലെ മുഖ്യകഥാപാത്രമായ രാഹുലനെ അതിലെ ശരാഹനിലൂടെയാണു ഞാൻ കണ്ടെത്തിയത്. ശരാഹനും അമ്പുണ്ടാക്കുന്ന ലോഹപ്പണിക്കാരി യോഗിനിയും ആ പുസ്തകം വായിച്ചു കഴിഞ്ഞും എന്റെ മനസ്സിലൂടെ കടന്നുവന്നുകൊണ്ടേയിരുന്നു. ബുദ്ധതന്ത്രയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിയാനായി എന്റെ ശ്രമം. മലയാള വായനാസമൂഹത്തിനു അത്രയേറെ പരിചിതമല്ലാത്ത മേഖലയാണത്. പിന്നീട് ദില്ലിയിലൂടെയും ഉത്തരേന്ത്യയിലൂടെയും വിദേശങ്ങളിലൂടെയും പലപ്പോഴായി നടത്തിയ യാത്രകളിൽ ബുദ്ധതന്ത്ര എന്റെ അന്വേഷണവിഷയമായി. ചില അപൂർവ പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. അവിചാരിതമായി (അതിശയകരമെന്ന് പറയുന്നതാവും ഉചിതം) ഋഷികേശിൽ കണ്ടുമുട്ടിയ ഒരു യോഗിനിയിൽനിന്ന് ശാക്തേയതന്ത്രയെക്കുറിച്ച് അറിയാൻ കഴിഞ്ഞു. ശാക്തേയതന്ത്ര രൂപപ്പെട്ടത് ബുദ്ധതന്ത്രയിൽനിന്നാണെന്ന് എന്റെ തുടർന്നുള്ള വായനയിലൂടെ കണ്ടെത്താനായി. അന്വേഷണങ്ങളും വായനയും പുരോഗമിച്ചതോടെ ഓഷോയുടെ ദർശനങ്ങളുടെ വേരുകൾ എനിക്ക് താന്ത്രിക് ബുദ്ധിസത്തിൽ കാണാൻ കഴിഞ്ഞു.
ധർമ്മചക്രത്തിന്റെ (വീൽ ഓഫ് ധമ്മ) മൂന്നുതിരിവുകളാണു ഹീനയാനവും മഹായാനവും വജ്രയാനവും. ഹീനയാനം പ്രായോഗികതലത്തിൽ കടുകട്ടിയായ നിഷ്ടകൾ അടങ്ങിയതായിരുന്നു. മഹായാനം കുറച്ചുകൂടി അയവുള്ളതും ജനകീയവുമായിരുന്നു. എന്നാൽ, ഇവ രണ്ടും വിശ്വസിച്ചിരുന്നത് അനേക ബോധിസത്വജന്മങ്ങളിലൂടെയേ ഒരാൾക്ക് ബുദ്ധപദത്തിൽ എത്താൻകഴിയൂ എന്നായിരുന്നു. എത്രയോ ബോധിസത്വജന്മങ്ങൾക്ക് ശേഷമാണു സിദ്ധാർഥഗൗതമൻ ബുദ്ധപദത്തിലെത്തിയത്. എന്നാൽ വജ്രയാനം പറയുന്നു, നിർവാണം പ്രാപിക്കാനും ബുദ്ധപദത്തിലെത്താനും അനേകം ജന്മങ്ങൾ വേണ്ടതില്ല. ഒരേയൊരു ജന്മത്തിൽത്തന്നെ പ്രണയത്തിലൂടെ നിർവാണം പ്രാപിക്കാനാവുമെന്ന്. പ്രണയത്തിന്റെ കണ്ണിലൂടെ ഈ പ്രപഞ്ചത്തിലുള്ള എന്തിനെയും കാണുക. പ്രണയിക്കുക, ധ്യാനിക്കുക. ഏതു സത്കർമ്മങ്ങളിലും ധ്യാനനിരതമായി ഏർപ്പെടുക. അതിലൂടെ നിർവാണത്തിലെത്താൻ ഒരാൾക്ക് കഴിയും. സമൂഹത്തിലെ താഴേതട്ടിലുള്ളവരെപ്പോലും ബുദ്ധപദത്തിലേക്കുയർത്താൻ വഴിതെളിച്ച ഈ ദർശനമാണു ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്’ എഴുതാൻ എനിക്കു പ്രേരണയായത്.
ഈയിടെ ഇറങ്ങിയ ‘ഉല‘ എന്ന നോവൽ വായനാലോകം നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ടല്ലോ? ‘ഉല‘ എഴുതാനുള്ള പ്രചോദനം എന്തായിരുന്നു?
പ്രാചീന കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരുളടഞ്ഞ ഒരു കാലഘട്ടത്തിന്റെ വീണ്ടെടുപ്പാണു ‘ഉല’. ഈ നോവൽ എഴുതാനുള്ള തീപ്പൊരി ഉള്ളിലെങ്ങോ ചിതറി വീണത് പത്തിരുപതു വർഷം മുൻപാണു. എന്റെ നാടായ കരപ്പുറത്തിന്റെ (ഇന്ന് ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ) ബൗദ്ധപ്പഴമയെക്കുറിച്ച് വളരെ ആഴത്തിൽ അറിവുണ്ടായിരുന്ന സംസ്കൃത പണ്ഡിതനും മലയാളം അദ്ധ്യാപകനുമായിരുന്ന യശഃശരീരനായ വി.ആർ. കരുണാകര ശാസ്ത്രിയുമായി ആദ്യമായും അവസാനമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആ വസ്തുതകൾ അനാവരണം ചെയ്യപ്പെട്ടത്. തകഴിയിലെ പാതിയുടഞ്ഞ ബുദ്ധപ്രതിമയായ ‘കരുമാടിക്കുട്ടൻ’ കുട്ടിക്കാലം മുതലേ എന്റെ മനസ്സിനെ അലട്ടിയിരുന്നു. പതിനാലു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഒരു കൈയും ഉടലിന്റെ ഒരു ഭാഗവും ഛേദിക്കപ്പെട്ട ആ ബുദ്ധപ്രതിമ. ലോകസങ്കടങ്ങളുടെ നേർക്ക് കരുണാർദ്രമായ പുഞ്ചിരിപൊഴികുന്ന ആ മുഖം ധ്യാനത്തിലെന്നോണം എന്റെ മനസ്സിൽ തെളിഞ്ഞുവരുമായിരുന്നു. ബുദ്ധപ്പഴമയെക്കുറിച്ച് എഴുതണമെന്നൊരു വെമ്പൽ അപ്പോഴൊക്കെയും ഉള്ളിൽ ആർത്തിരമ്പിവരും. ബുദ്ധപ്പഴമയുടെ ഒരുപാട് അവശേഷിപ്പുകൾ ഇന്നും കരപ്പുറം പ്രദേശങ്ങളിലുണ്ട്. പള്ളി ചേർന്നുവരുന്ന നാട്ടുപേരുകളും പ്രാചീനകാലത്തെ വട്ടശ്രീകോവിലുകളും അവയിൽ ചിലതിൽ ഇപ്പോഴും തുടർന്നുവരുന്ന പച്ചമരുന്നു ചികിൽസയും പടയണിയും പൂരപ്പാട്ടും കാവുടയോനും കാളകെട്ടും കുതിരകെട്ടും കൃഷിരീതികളും ഈഴവസമുദായങ്ങളിൽ തുടർന്നുവന്ന പരമ്പരാഗതവൈദ്യവും എഴുത്തുപള്ളികളും കളരികളും വാമൊഴികളിൽപ്പോലും അലിഞ്ഞുചേർന്ന പാലിവാക്കുകളുമെല്ലാം ബുദ്ധപ്പഴമയുടെ അവശേഷിപ്പുകളാണ്. വർഷങ്ങൾക്കുശേഷം പ്രഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ‘ചില കേരളചരിത്ര പ്രശ്നങ്ങൾ’ എന്ന കൃതി വായിക്കാനിടയായപ്പോഴാണ് ബുദ്ധപ്പഴമയിലേക്ക് വെളിച്ചംവീശുന്ന കൂടുതൽ അറിവുകൾ കിട്ടിയത്. തുടർവായനകൾ കേസരി ബാലകൃഷ്ണപിള്ളയുടെ’ ചരിത്രത്തിന്റെ അടിവേരുകൾ’, വി. നാഗമയ്യ, ടി.കെ വേലുപ്പിള്ള എന്നിവർ തയ്യാറാക്കിയ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലുകൾ തുടങ്ങിയ കൃതികളിലേക്കും പഴയകാലത്തെ ചെപ്പേടുകളിലേക്കും ശാസനങ്ങളിലേക്കും നീണ്ടു. ക്രിസ്തുവർഷം ഒൻപത്, പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലായി നടന്ന നിഷ്ഠൂരമായ ബ്രാഹ്മണ അധിനിവേശത്തിന്റെയും ബൗദ്ധ ഉന്മൂലനത്തിന്റെയും സൂചനകൾ ഒന്നൊന്നായി അവയിലൂടെ വെളിപ്പെടുകയായിരുന്നു. വൈഗാനദീതടത്തിൽ എണ്ണായിരത്തോളം ബൗദ്ധന്മാരെ ശൈവബ്രാഹ്മണർ കുന്തത്തിൽ കോർത്തു കൊന്നതായ വസ്തുതകൾ ഉള്ളു നുറുക്കുന്നതായിരുന്നു. മൂന്നു നൂറ്റാണ്ടുകളിലായി ചിതറിക്കിടന്നിരുന്ന ആ വസ്തുതകളും സൂചനകളും ഒരേ കാലവിതാനത്തിലേക്കു സ്വാഭാവികമായി ഇണങ്ങിച്ചേർന്ന് ‘ഉല’യ്ക്ക് സ്വയമേവ ഒരു ജൈവരൂപം ഉരുവപ്പെടുകയായിരുന്നു.
ചരിത്രപരമായ സംഭവങ്ങളെയും വ്യക്തികളെയും എങ്ങനെയാണു സാഹിത്യപരമായി ‘ഉല‘യിൽ രൂപപ്പെടുത്തിയിരിക്കുന്നത്? ചരിത്രപരമായ സത്യത്തിനും കാല്പനികതയ്ക്കും ഇടയിലുള്ള സന്തുലനം എങ്ങനെയാണു നിലനിറുത്തിയിരിക്കുന്നത്?
എഴുതാനിരിക്കുമ്പോൾ എന്റെ മനസ്സിൽ കഥാപാത്രങ്ങളെക്കുറിച്ച് നിശ്ചിതമായ വാർപ്പുമാതൃകകളൊന്നുമില്ലായിരുന്നു. ലാപ്ടോപ്പിനു മുന്നിൽ എഴുതാനിരുന്നപ്പോൾ അവർ ഓരോരുത്തരായി ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് ഡിജിറ്റൽ താളിലേക്ക് ഇറങ്ങി വരികയായിരുന്നു. ചരിത്രത്തിൽ ഇടം പിടിച്ച ഒരേയൊരു നേർ കഥാപാത്രമേ അവർക്കിടയിലുള്ളു – പത്താം നൂറ്റാണ്ടിൽ കേരളത്തിലൂടെ കടന്നുപോയ അൽ മസൂദിയെന്ന അറബി സഞ്ചാരി. മസൂദിയുടെ കാഴ്ചകളിലൂടെയാണു നോവലിന്റെ ഒരുഭാഗം വികസിക്കുന്നത്. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ബുദ്ധിസത്തിന്റെ മൂന്നാംതിരിവായ വജ്രയാനബുദ്ധിസം (ബുദ്ധതന്ത്ര) കേരളത്തിൽ വേരോടിയിരുന്നതായി വായനകളിലൂടെ വെളിപ്പെട്ടിരുന്നു. മൂന്നാംയാനത്തിന്റെ വിത്തു വിതയ്ക്കാനായി ഇവിടെ യോഗിനിമാർ (ഡാകിനി) എത്തിയിരുന്നതായും പറയുന്നുണ്ട്. നോവലിലെ നായികാസ്ഥാനം വഹിക്കുന്ന നിയോഗി ആ ഗണത്തിൽ പെട്ടൊരു യോഗിനിയാണ്. ലഭ്യമായ ചരിത്രപരമായ വസ്തുതകളെ കോർത്തിണക്കിയാണ് ‘ഉല’യുടെ ചരിത്രഗാത്രം രൂപപ്പെടുത്തിയത്. കഥാഗാത്രവും കഥാവികാസവും കഥാപാത്രസൃഷ്ടിയുമെല്ലാം ഭാവനയിലൂന്നിയായിരുന്നു. ജൈവികമായൊരു സന്തുലനം അവയ്ക്കു തമ്മിൽ താനേ വന്നുചേരുകയായിരുന്നു.
‘ഉല‘യിൽ ചിത്രീകരിച്ചിരിക്കുന്ന ബദൽരാഷ്ട്രീയം എന്താണ്? ഇത് ഇന്നത്തെ സമൂഹത്തിൽ എന്തു സന്ദേശമാണ് നൽകുന്നത്?
ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിലാണു രക്ഷാതിധീരൻ എന്ന ബുദ്ധസന്യാസിയുടെ നേതൃത്വത്തിൽ ബൗദ്ധന്മാർ പ്രാചീനകേരളത്തിലേക്കു വന്നതെന്നാണ് ലഭ്യമായ ചരിത്രപരമായ അറിവ്. ഏതാണ്ട് ഇതേ കാലത്ത് വടക്ക് ജൈനരുമെത്തി. അന്നിവിടെ നിലനിന്നിരുന്നത് ആദിദ്രാവിഡ സംസ്കാരമായിരുന്നു. ഈ മൂന്നു സംസ്കാരങ്ങളും തമ്മിലുള്ള ഇഴുകിച്ചേരലിലൂടെ പരസ്പരാശ്രിതമായ ഒത്തൊരുമയുള്ള ഒരു സമൂഹം പതിനൊന്ന് നൂറ്റാണ്ടോളം ഇവിടെ പുലർന്നുപോന്നിരുന്നു. പിൽക്കാലത്ത് ഈശോമതക്കാരും വന്നുചേർന്നു. വിവിധ ജീവിതവൃത്തികളിൽ ഏർപ്പെട്ടിരുന്നവർ തൊഴിൽസൗകര്യത്തിനായി അവരുടേതായ തിണകളിലായിരുന്നു ജീവിച്ചിരുന്നത്. നാടുവാഴികളിൽ ഏറെയും പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വം അയിത്തം കൽപിച്ചവരായിരുന്നു. ‘പുലം’ എന്നാൽ നിലമെന്നും ജ്ഞാനമെന്നും അർഥമുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ പുലയന്മാർ ഒരേ സമയം നിലം കൃഷിക്കാരും ജ്ഞാനികളുമായിരുന്നു. പറയരും കുറവരും പാണരുമെല്ലാം സമൂഹത്തിൽ മാന്യതയുള്ളവരായിരുന്നു. അക്കാലത്തെ ജ്ഞാനികളെയാണ് ബ്രാഹ്മണമേധാവിത്വം തീണ്ടൽ കൽപിച്ച് ആട്ടിപ്പായിച്ചത്. ഒത്തൊരുമയോടെ, ശാന്തരായി കഴിഞ്ഞിരുന്ന ഒരു സമൂഹത്തിലേക്ക് അശാന്തിയുടെ വിത്തുവിതയ്ക്കുകയായിരുന്നു വടക്കുനിന്നുവന്ന ബ്രാഹ്മണ അധിനിവേശം. ജാതികളില്ലായിരുന്ന ഈ ദേശത്ത് ജാതിവ്യവസ്ഥയുടെ വിത്തെറിഞ്ഞത് അവരാണല്ലോ? എതിരിടാൻ വന്ന ബൗദ്ധരെയും ജൈനരെയുമെല്ലാം കൊന്നൊടുക്കുകയോ തുരത്തിയോടിക്കുകയോ ചെയ്തു. വരുതിക്കു നിൽക്കാത്തവരെ അയിത്തംകൽപിച്ച് നീചജാതിക്കാരാക്കി. ‘ഏകാന്തതയുടെ നൂറുവർഷങ്ങളിൽ’ ജോസ് ആർക്കേഡിയൊ ബുവെണ്ടിയയും കൂട്ടരും പടുത്തുയർത്തി സ്വൈരജീവിതം നയിച്ചുവന്ന മക്കോണ്ടയിൽ യാഥാസ്ഥിതിക ഭരണകൂടവും പട്ടാളവും ചേർന്ന് പിൽക്കാലത്ത് വിനാശത്തിന്റെയും അശാന്തിയുടെയും വിത്തെറിഞ്ഞതുപോലെയാണ് അധിനിവേശക്കാരായ ബ്രാഹ്മണർ ഇവിടവും കാൽക്കീഴിലാക്കിയത്.
ഇന്നത്തെ ഇന്ത്യൻ ദേശീയരാഷ്‌ട്രീയവുമായി ഈ സംഭവങ്ങൾക്കു പ്രകടമായ സാദൃശമുണ്ടല്ലോ? മതവൈരത്തിന്റെ വിത്തുകളെറിഞ്ഞ് വെറുപ്പിന്റെ കച്ചവടക്കാർ രാഷ്‌ട്രീയനേട്ടങ്ങൾക്കായി നടത്തിവരുന്ന ഉപജാപങ്ങളും അതിന്റെ പാർശ്വഫലങ്ങളും നമ്മുടെ കണ്മുന്നിൽക്കാണുന്ന കാഴ്ചകളാണല്ലോ? ‘ഉല’യിലെ രാഷ്ട്രീയം വരയ്ക്കുന്ന നേർരേഖ നീളുന്നത് അതിലേക്കാണ് – ഇന്ത്യ നേരിടാനിരിക്കുന്നവരും കാലദുരന്തങ്ങളുടെ സൂചനകളിലേക്ക്.
നോവലിലെ സ്ത്രീ കഥാപാത്രങ്ങളായ നിയോഗി, ഇളവെയിലി, ചേന്തില, മണിക്കി… ഇവരെല്ലാം പരമ്പരാഗത നായികാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്നവരാണ്. ഈ കഥാപാത്രങ്ങളുടെ സൃഷ്ടി എങ്ങനെയാണു സാധിച്ചത്?
വ്യവസ്ഥാപിതമായ നമ്മുടെ നായികാസങ്കല്പം ആൺകോയ്മയുടെ സാമൂഹികനിർമിതിയിലൂടെ സംഭവിച്ചതാണ്. മനുഷ്യസ്വഭാവത്തെ സ്ത്രൈണം, പൗരുഷം എന്നു വേർതിരിച്ച് ആൺ-പെൺ ഭേദത്തിൽ ഓരോ കഥാപാത്രത്തിലുമത് അടിച്ചേൽപ്പിക്കുന്നത് ആൺകോയ്മയുടെ ലോകബോധംമൂലമാണ്.നമ്മുടെ കൃതികളിൽ ‘പൗരുഷം’ എന്ന വാക്ക് ആൺവർഗത്തിനുമാത്രം അവകാശപ്പെട്ടതാണല്ലോ? സ്ത്രൈണം പെണ്ണിനും. സൗന്ദര്യം,വിനയം,ലജ്ജ,അടക്കം,ഒതുക്കം,ശാലീനത…ഇതൊക്കെയാണല്ലോ സ്ത്രൈണം? ഇതാണല്ലോ നമ്മുടെ സാഹിത്യകൃതികളിൽ പൊതുവേ സംഭവിച്ച ആൺനോട്ടത്തിലെ നായികാസങ്കല്പങ്ങൾ. വീര്യം,കരുത്ത്,ശൗര്യം,ഉശിരു ഇതൊക്കെയും ആണിന്റെ അലങ്കാരങ്ങളും. ഈ ഗുണങ്ങൾ സ്ത്രീകളിലുമുണ്ടല്ലോ? അതിനെ സ്ത്രൈണമെന്നു വിളിക്കുന്നതിൽ എന്താണു അപാകം? ‘ഉല’യിൽ ഈ ആൺ-പെൺ വേർതിരിവില്ല. ആൺകോയ്മയുടെ ഇത്തരം സമവാക്യങ്ങളോടും വേർതിരിവുകളോടും പണ്ടേയെനിക്കു വിയോജിപ്പാണ്. എന്റെ കഥകളിലെയും നോവലുകളിലെയും സ്ത്രീകഥാപാത്രങ്ങളെ വിശകലനം ചെയ്താലതു വ്യക്തമാകും. എന്നുവച്ച് ‘ഉല’യിലെ സ്ത്രീ ഥാപാത്രങ്ങളെ അങ്ങനെ ബോധപൂർവം ചമയ്ക്കുകയായിരുന്നില്ല. അവരങ്ങനെ ആയിത്തീരുകയായിരുന്നു.അവർക്ക് അങ്ങനെയേ ആകാനാവൂ.
നോവലിൽ ചിത്രീകരിച്ചിരിക്കുന്ന ഫാസിസ്റ്റ് ശക്തികളും അവരുടെ അധിനിവേശവും ഇന്നത്തെ സാമൂഹിക– രാഷ് ട്രീയ സാഹചര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഭാരതത്തിൽ ഫാസിസം അതിന്റെ ഭീതിദമായ മുഖം കാട്ടിത്തുടങ്ങിയിരിക്കുന്നു. അധികാരത്തിന്റെ വാൾ ഓരോരുത്തരുടെയും തലയ്ക്കുമീതേ തൂങ്ങിയാടുന്നുണ്ട്. ഫാസിസ്റ്റുകൾ അവരുടെ ഇച്ഛയ്ക്കൊത്ത് ചരിത്രത്തെ അപനിർമിച്ചുകൊണ്ടിരിക്കുന്നു.തമസ്കരിക്കുന്നു.ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഉപദേശീയതയെയും ഭാഷയെയും നിലനിറുത്താനുള്ള ശ്രമം കൂടിയാണ് ‘ഉല’.
ഒരു ജനതയെ കീഴ്പ്പെടുത്താൻ അവരുടെ ഭാഷയുടെ തനിമ കെടുത്തുകയാണ് അധിനിവേശ,ഫാസിസ്റ്റ് ശക്തികൾ എക്കാലത്തും ചെയ്തുപോന്നിട്ടുള്ളത്. ഇന്നത്തെ നമ്മുടെ മലയാളഭാഷ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.ഏറിയപങ്കും സംസ്കൃതപദങ്ങളാണു. ബ്രാഹ്മണാധിപത്യത്തിനുമുൻപ് ബൗദ്ധപ്പഴമയുടെ കാലത്തും അനിവാര്യമായ ഇടങ്ങളിൽ സംസ്കൃതവാക്കുകൾ ഉപയോഗിച്ചിരുന്നു. അതാവട്ടെ നമ്മുടെ ഭാഷയുടെ അക്ഷരമാലയിലൊതുക്കി ‘ബാഷ്പീകരിച്ചാ’ണു പ്രയോഗിച്ചിരുന്നത്. ഉദാഹരണത്തിനു ‘ശക്തി’യെ നമ്മൾ ‘ചക്കി’യാക്കി. എന്നാൽ ബ്രാഹ്മണാധിപത്യത്തിനുശേഷം സംസ്കൃതം വ്യവഹാരഭാഷയിൽ വ്യാപകമാക്കി. സംസ്കൃതപദങ്ങളെ വാമൊഴിയിലും വരമൊഴിയിലും ബോധപൂർവം ഉൾപ്പെടുത്തി ആധിപത്യത്തിന്റെയും അധികാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും സവർണ,വർഗീയതയുടെയും ഭാഷയാക്കി. മലയാളവാക്കുകൾക്ക് പര്യായപദങ്ങളായി താഴേ ക്ലാസ്സുകളിലേ നാം പഠിച്ചുവന്നത് സംസ്കൃത പദങ്ങളാണെന്നോർക്കുക. ഭൂമിയുടെ പര്യായമെന്താണ്? ധര,ധരിത്രി,ക്ഷോണി,ക്ഷിതി… മുഖത്തിന്റെ പര്യായമോ? ആനനം,വക്ത്രം,വദനം… നമ്മുടെ മുഞ്ഞിയും മോന്തയും മോശം വാക്കുകളായി. തന്തയും തള്ളയും നീചവാക്കുകളായി. തന്തയുടെ സ്ഥാനത്ത് അച്ഛൻ വന്നു. പര്യായങ്ങളായി വന്നത് ജനകൻ, താതൻ. ജനയിതാവ്…നമ്മുടെ ‘ചെറുനീരി’നെ മൂത്രമാക്കി. അന്ന് നിലവിലിരുന്ന മലയാളവാക്കുകളിൽ ഏറിയപങ്കും പാലിയി നിന്നും തമിഴിൽ നിന്നുമൊക്കെ കാലാന്തരങ്ങളിലൂടെ രൂപപ്പെട്ടതായിരുന്നു.
ജയിച്ചവരോ അവരുടെ ആജ്ഞാനുവർത്തികളോ ആണ് എക്കാലത്തും ഏതുദേശത്തും ചരിത്രമെഴുതിയിട്ടുള്ളത്. വേട്ടക്കാരുടെ ചരിത്രം ഇരകളുടേതല്ല. തോറ്റവരെ അവരെഴുതുന്ന ചരിത്രത്തിൽ നിശബ്ദരാക്കും. അല്ലെങ്കിൽ വികലമായി വരച്ചുകാട്ടും. നമ്മുടെ സുരാസുരസങ്കല്പങ്ങൾ അങ്ങനെ രൂപപ്പെട്ടതാണല്ലോ? ദേവന്മാരും രാക്ഷസന്മാരും. ആരായിരുന്നു രാക്ഷസന്മാർ? ഈ മണ്ണിൽ നൂറ്റാണ്ടുകളായി പുലർന്നിരുന്ന ഇരുണ്ടനിറക്കാരായ ആദിദ്രാവിഡന്മാർ. ദേവന്മാരോ? അധിനിവേശക്കാരായി വന്ന സവർണന്മാർ. ഭൂമിയുടെ യഥാർഥ ഉടമകളെ ആട്ടിപ്പായിച്ചും കൊന്നൊടുക്കിയും അടിയാളരാക്കിയും അവർ ഭൂസുരന്മാരായി. ഇന്നത്തെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ‘ഉല’ വായിച്ചാൽ ആ പഴയ അധിനിവേശ രാഷ്‌ട്രീയത്തിന്റെയും ജാതിക്കോയ്മയുടെയും കാലഘട്ടം ഇന്നത്തെ ഇന്ത്യയിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നു കാണാനാകും.