കഠിനാധ്വാനത്തെ സ്മാർട്ട്‌വർക്ക്‌ കൊണ്ട് പൂരകമാക്കണം – ജി.വിജയരാഘവന്‍ / മനു അച്ചുതത്ത്

കഠിനാധ്വാനത്തെ സ്മാർട്ട്‌വർക്ക്‌ കൊണ്ട് പൂരകമാക്കണം – ജി.വിജയരാഘവന്‍ / മനു അച്ചുതത്ത്

കാര്യമായ ആസൂത്രണമോ തന്ത്രമോ ഇല്ലാതെ വെറുതെ കഠിനാധ്വാനം ചെയ്താൽ, ലഭിക്കുന്ന ഫലങ്ങൾ പരിമിതമായിരിക്കും. സ്മാർട്ട്‌വർക്ക്‌ എന്നാൽ, ലഭ്യമായ വിഭവങ്ങളെയും സമയത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ലക്ഷ്യങ്ങൾ നേടുക എന്നതാണ്. ടെക്നോപാർക്ക് മുൻ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവനുമായുള്ള സംഭാഷണം.


തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകൻ എൻ. ആർ.  നാരായണമൂര്‍ത്തി ഈയിടെ  പറയുകയുണ്ടായി. അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്പ്രദായത്തിൽ അദ്ദേഹം നിരാശനാണത്രേ. തൊഴിൽനൈതികതയെക്കുറിച്ചുള്ള നാരായണമൂർത്തിയുടെ ഈ കാഴ്ചപ്പാട് ജോലി-ജീവിത സന്തുലിതാവസ്ഥയെയും ജീവനക്കാരുടെ ക്ഷേമത്തെയും കുറിച്ചുള്ള സമകാലിക ധാരണകളുമായി എങ്ങനെ യോജിക്കുന്നു?


ജോലി-ജീവിത സന്തുലിതാവസ്ഥ പ്രധാനമാണ്.  പക്ഷേ, ഒരാൾക്ക് ഒരു നിശ്ചിത മണിക്കൂറിനപ്പുറം ജോലി ചെയ്യാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. നാരായണ മൂർത്തിയുടെ പ്രസ്താവനയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല. നിശ്ചിതസമയത്തിനപ്പുറം ജോലിചെയ്യാൻ ആളുകളെ നിർബന്ധിക്കരുത് എന്നത് ഒരു അടിസ്ഥാന തത്വമാണ്. എല്ലാ തൊഴിലാളികൾക്കും മതിയായ വിശ്രമവും വ്യക്തിപരമായ കാര്യങ്ങൾക്കായി സമയവും ലഭിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ അധികസമയം ജോലിചെയ്യേണ്ടിവരുന്നത് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ അനിവാര്യമായി വരും. ഇത് സ്വകാര്യമേഖലയിൽ മാത്രമല്ല, പൊതുമേഖലയിലും സംഭവിക്കാം. ഉദാഹരണത്തിന്, ബജറ്റ് തയ്യാറാക്കൽ, ഓഡിറ്റ് സമയങ്ങൾ, പുതിയ പദ്ധതികളുടെ ആരംഭം, അല്ലെങ്കിൽ ഡെഡ്‌ലൈൻ അടുത്ത പ്രോജക്ടുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ, ചിലപ്പോൾ ദിവസങ്ങളോളം വീട്ടിൽ പോകാതെ ഓഫീസിൽത്തന്നെ ഇരുന്നു ജോലിചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. ഈ പ്രതിബദ്ധത ജോലിയുടെ ഭാഗമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്നത് ഓരോ വ്യക്തിയുടെയും കഴിവിനെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലാണെങ്കിലും, ജീവനക്കാർ നിശ്ചിത സമയത്തിനപ്പുറം ജോലിചെയ്യണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകനം പോലുള്ള നിർണായക സമയങ്ങളിൽ, സമയപരിധി പാലിക്കാൻ ഞങ്ങൾ പലപ്പോഴും രാത്രി മുഴുവൻ പ്രവർത്തിച്ചിട്ടുണ്ട്.


അതുപോലെത്തന്നെയാണ്, യൂണിവേഴ്സിറ്റി പരീക്ഷാസമയത്ത്, കോളെജ് അധ്യാപകർ പതിവായി രാത്രി വൈകി ജോലി ചെയ്യുന്നതും ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൈകാര്യം ചെയ്യുന്നതും. ചില ആവശ്യങ്ങൾ ഒരാളുടെ ജോലിയുടെ സ്വഭാവത്തിൽ അന്തർലീനമാണെന്ന് ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. അധികജോലി നിരസിക്കുകയോ അത് കര്‍ശനമായി അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നത് ശരിയല്ല.


രാജ്യത്ത് കഠിനാധ്വാനത്തിന് ബദലില്ല എന്നും നിങ്ങൾ മിടുക്കനാണെങ്കിലും വളരെയധികം കഠിനാധ്വാനം ചെയ്യണമെന്നും നാരായണമൂര്‍ത്തി കരുതുന്നു. “കഠിനാധ്വാനം”  ഒന്നു മാത്രമാണോ ഒരു വികസ്വരരാജ്യത്തിന്റെ പുരോഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?


കഠിനാധ്വാനം വിജയത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അതു മാത്രം മതിയാവില്ല. കഠിനാധ്വാനത്തെ സ്മാർട്ട്‌വർക്ക്‌ കൊണ്ട് പൂരകമാക്കണം. കാര്യമായ ആസൂത്രണമോ തന്ത്രമോ ഇല്ലാതെ വെറുതെ കഠിനാധ്വാനം ചെയ്താൽ, ലഭിക്കുന്ന ഫലങ്ങൾ പരിമിതമായിരിക്കും. സ്മാർട്ട്‌വർക്ക്‌ എന്നാൽ, ലഭ്യമായ വിഭവങ്ങളെയും സമയത്തെയും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ലക്ഷ്യങ്ങൾ നേടുക എന്നതാണ്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാനും, കൂടുതൽ ഫലങ്ങൾ നേടാനും ഇത് സഹായിക്കുന്നു.


കഠിനാധ്വാനം പൂർണമായും ഒഴിവാക്കുന്നതും ജീവിതത്തെ അലസതയോടെ സമീപിക്കുന്നതും വിജയത്തിനു തടസ്സമാകും. ഓരോ വ്യക്തിയും തങ്ങളുടെ സ്വന്തം ശക്തികളും ദൗർബല്യങ്ങളും അനുസരിച്ച് ഒരു സമീപനം സ്വീകരിക്കണം.


സാങ്കേതികപുരോഗതിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ജോലിയുടെ സ്വഭാവത്തെ എങ്ങനെ ബാധിച്ചുവെന്നാണ് കരുതുന്നത്, പ്രത്യേകിച്ച് ഐടി, ധനകാര്യം തുടങ്ങിയ മേഖലകളിൽ?


ഒരു പ്രത്യേക തൊഴിൽ മേഖലയിൽ ചേരാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല. അതുപോലെ, ഐ.ടി മേഖലയിൽ ജോലി ചെയ്യണമെന്ന് ആരും നിർബന്ധിക്കുന്നില്ല. ചില പ്രഫഷണലുകൾ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ കാരണം, ഉയർന്ന ശമ്പളം, കരിയർ സാധ്യത, അല്ലെങ്കിൽ കൂടുതൽ ജോലി സംതൃപ്തി എന്നിങ്ങനെയുള്ള നേട്ടങ്ങൾ  ഉണ്ടെന്ന് അവർ മനസ്സിലാക്കുന്നതിനാലാണ്.


രാഷ്ട്രീയക്കാർ പലപ്പോഴും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, വാസ്തവത്തിൽ, ആവശ്യത്തിന് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. ‘ഉയർന്ന നിലവാരം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷിതത്വം, കരിയർ പുരോഗതിക്കുള്ള സാധ്യത എന്നിവയുള്ള ജോലികളാണ്.


കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഈ പ്രശ്നം വളരെ രൂക്ഷമാണ്. ഇവിടെ, അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും അനുയോജ്യമായ ജോലികൾ ലഭ്യമല്ല. അതിനാൽ, പലപ്പോഴും കുറഞ്ഞ ശമ്പളത്തിലും മോശം തൊഴിൽ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.


ഐടി മേഖലയുടെ ഒരു പ്രധാന പ്രത്യേകത, അത് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. പുതിയ സാങ്കേതികവിദ്യകളും പ്രവണതകളും നിരന്തരം ഉയർന്നുവരുന്നു. അതിനാൽ, ഈ മേഖലയിലും – മറ്റു പല മേഖലകളിലും – പ്രവർത്തിക്കുന്നവർ പുതിയ മാറ്റങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ കഴിവുകൾ കാലഹരണപ്പെടുകയും തൊഴിൽവിപണിയിൽ അവരുടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.


യുവ പ്രഫഷണലുകൾക്കിടയിൽ വർധിച്ചുവരുന്ന എരിഞ്ഞടങ്ങലി(burnout)ന്റെ കാരണങ്ങൾ ഇതൊക്കെയാണോ?


ബേൺഔട്ട് പ്രധാനമായും ആത്മനിഷ്ഠമാണ്.  മാത്രമല്ല, വ്യക്തികൾ അവരുടെ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ, ഒരാൾക്കും മറ്റൊരാളെ ചില പ്രത്യേക വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിക്കാനോ സമ്മർദത്തിലാക്കാനോ കഴിയില്ല. പല ജീവനക്കാരും കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞ് ജോലി ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നു.


ആഗോളതലത്തിൽ ഐ.ടി കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും കൂടുതൽ ഉപഭോക്താക്കളെ നേടാനുമാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. സർക്കാർ, ഗവൺമെന്റ് എയ്ഡഡ് കോളേജുകൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊക്കെ, ഉദ്യോഗക്കയറ്റം പ്രധാനമായും ജീവനക്കാർ ആ സ്ഥാപനത്തിൽ എത്ര കാലം ജോലിചെയ്തു എന്നതിനെ ആശ്രയിച്ചായിരിക്കും. കൂടാതെ, ആ ജോലിക്കാരന്റെ/രിയുടെ രാഷ്ട്രീയചായ്‌വും അനുസരിച്ചായിരിക്കും  പല സ്ഥാനലബ്ദിയും.


എന്നാൽ, ഐ.ടി പോലുള്ള മേഖലകളിലെ കടുത്ത മത്സരകാരണം  ജീവനക്കാർക്കു പലപ്പോഴും അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധാരണ ചെയ്യുന്നതില്‍നിന്നു കൂടുതൽ മണിക്കൂറുകൾ ജോലിയിൽ ചെലവഴിക്കേണ്ടിവരുന്നു. പക്ഷേ, താൻ ഈ ഓട്ടത്തിൽ പങ്കാളിയാവണോ വേണ്ടയോ എന്നത് ആത്യന്തികമായി ഒരു വ്യക്തിപരമായ തീരുമാനമാണ്.


ബേൺഔട്ട് എന്നത് ഏതെങ്കിലും ഒരു പ്രത്യേക തൊഴിൽമേഖലയിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. ഏതൊരാൾക്കും, അവരുടെ തൊഴിൽ എന്തുതന്നെയായാലും, ബേൺഔട്ട് അനുഭവപ്പെടാം. അമിതമായ ജോലിഭാരം, തുടർച്ചയായ സമ്മർദ്ദം, മതിയായ വിശ്രമമില്ലായ്മ, ജോലിയിൽനിന്നുള്ള സംതൃപ്തിക്കുറവ് തുടങ്ങിയ പല കാരണങ്ങൾകൊണ്ടും ബേൺഔട്ട് ഉണ്ടാവാം.


പോലീസുകാർ, സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ഈ എരിഞ്ഞടങ്ങലിന്റെ വാര്‍ത്തകൾ ഈയിടെ നാം കണ്ടതാണ്. ഇവർക്കിടയിൽ ആത്മഹത്യകളും മറ്റു മാനസികാരോഗ്യ പ്രശ്നങ്ങളും താരതമ്യേന കൂടുതലാണ്. കാരണം, ഈ ജോലികൾ പലപ്പോഴും ഉയർന്ന സമ്മർദവും കൂടുതൽ ഉത്തരവാദിത്വങ്ങളും ആവശ്യപ്പെടുന്നുണ്ട്.


എന്നാൽ, ബേൺഔട്ട് ഉണ്ടാകുന്നത് പ്രധാനമായും ജോലിയുടെ സ്വഭാവം കൊണ്ടുമാത്രമല്ല, വ്യക്തികൾ അവരുടെ ജോലിയെയും ഉത്തരവാദിത്വങ്ങളെയും എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചുകൂടിയാണ്.


ആഗോളവൽക്കരണം തൊഴിൽവിപണിയുടെ ചലനാത്മകതയെ എങ്ങനെ മാറ്റിമറിച്ചു, തൊഴിലാളികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?


പ്രായോഗികമായ പരിഹാരങ്ങൾ ഇല്ലാത്ത ഒരു തീവ്ര ഇടതുപക്ഷവീക്ഷണമാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്. തൊഴിലവസരങ്ങളുടെ അഭാവമാണ് നമ്മുടെ നാട്ടിലെ പ്രധാന വെല്ലുവിളി. ടെക്നോപാർക്ക് സി.ഇ.ഓ ആയിരുന്ന കാലത്തെ ഒരു അനുഭവം പറയാം.


ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഡിസ്‌ക് നിർമ്മാതാക്കളിലൊന്നായ സീഗേറ്റ് ടെക്നോളജി (Seagate Technology) എന്ന കമ്പനിയുടെ പ്രതിനിധികൾ ബാംഗ്ലൂരിൽ എത്തിയപ്പോൾ,  തിരുവനന്തപുരത്തെ ടെക്നോപാർക്കിലേക്ക് അവരെ ഞാൻ ക്ഷണിച്ചു. ടെക്നോപാർക്കിലെ അത്യാധുനിക സൗകര്യങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അനുകൂലമായ നിക്ഷേപ അന്തരീക്ഷം എന്നിവ സീഗേറ്റ് പ്രതിനിധികളെ ആകർഷിച്ചു. അതിന്റെ ഫലമായി, അവർ തങ്ങളുടെ ഒരു സ്ഥാപനം ടെക്നോപാർക്കിൽ ആരംഭിക്കാമെന്നു  സമ്മതിക്കുകയും ചെയ്തു.


ഐ.ടി.ഐ. പാസ്സായ 5000 പെൺകുട്ടികൾക്ക് നേരിട്ട് തൊഴിൽ നൽകും. സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കാൾ ഉയർന്ന ശമ്പളം. കൂടാതെ, ജീവനക്കാർക്ക് താമസസൗകര്യം, ഇൻഷുറൻസ് പരിരക്ഷ, തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം കാണാനും സര്‍ക്കാർ പ്രതിനിധികൂടി ഉള്‍പ്പെടുന്ന ഒരു ഫോറം എന്നിവയും സീഗേറ്റ് കമ്പനി വാഗ്ദാനം ചെയ്തു. അവർ പ്രധാനമായും ആവശ്യപ്പെട്ട ഒരേയൊരു കാര്യം ഒരു മണിക്കൂർപോലും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടരുത് എന്നായിരുന്നു. അതായത്, ഒരു കാരണവശാലും പണിമുടക്ക് ഉണ്ടാകാൻ പാടില്ല.  അന്നത്തെ ഭരണപക്ഷത്തുള്ളവർ എല്ലാം ഈ വ്യവസ്ഥയ്ക്ക് അനുകൂലമായിരുന്നുവെങ്കിലും പ്രതിപക്ഷത്തെ പ്രമുഖനായ ഒരു നേതാവ് പറഞ്ഞത് ‘അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട’ എന്നായിരുന്നു. തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്ന ഒരു സംഗതിയും ഇവിടെ നടപ്പിലാവില്ലായെന്നദ്ദേഹം തീര്‍ത്തുപറഞ്ഞു.


തൊഴിലില്ലാത്തവര്‍ക്കാണ് തൊഴിലവകാശത്തെക്കുറിച്ച് വേവലാതി. നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ, നിങ്ങൾക്ക് എന്തു തൊഴിൽ അവകാശങ്ങളാണുള്ളത്? ഇതാണ് ഇന്നത്തെ കേരളത്തിലെ സ്ഥിതി.  ആ മനഃസ്ഥിതി മാറേണ്ടിയിരിക്കുന്നു. ജോലി എടുക്കാൻ ആരെയും നമ്മൾ നിർബന്ധിക്കുന്നില്ല; നമുക്ക് അനുയോജ്യമെന്ന് കരുതുന്ന ജോലികളാണ് നാം തിരഞ്ഞെടുക്കുന്നത്. എന്നാൽ, അതിൽ പ്രവേശിച്ചുകഴിഞ്ഞാലോ നമ്മൾ അവിടെ  പ്രശ്നം സൃഷ്ടിക്കാനാരംഭിക്കും.


കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ കാര്യം എടുത്തുനോക്കൂ, അധ്യാപക – അധ്യാപകേതര സംഘടനകളാണ് സര്‍വകലാശാലകൾ ഭരിക്കുന്നത്. സർവകലാശാലകളുടെ അടിസ്ഥാനലക്ഷ്യം അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയോ പ്രൊഫസർമാരുടെയോ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതല്ല, മറിച്ച് വിദ്യാർഥികളുടെ ഉന്നമനമാണ്. പുതിയ പാഠ്യഭാഗങ്ങൾ പഠിപ്പിക്കേണ്ടി വരുമെന്ന ഭയം കാരണം അധ്യാപകർ സിലബസ് മാറ്റങ്ങളെ എതിർക്കും. കാരണം പുതിയതൊന്നും അവര്‍ക്ക് പഠിക്കാൻ വയ്യ.


അർഥവത്തായ ജോലിയെക്കാൾ മറ്റു താൽപര്യങ്ങൾ പിന്തുടരുന്ന അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ, വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാർ, പഠനത്തിൽ ശ്രദ്ധയില്ലാത്ത വിദ്യാർഥികൾ, പഠിപ്പിക്കാൻ താൽപര്യമില്ലാത്ത അധ്യാപകർ എന്നിങ്ങനെ വിവിധ വിഭാഗക്കാരുടെ കേന്ദ്രമായി സര്‍വകലാശാലകൾ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരക്കാർക്കിടയിൽ, പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകരെയും പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും കണ്ടെത്താൻ പ്രയാസമാണ്. അവർ പിന്നിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്.  ഇത്തരത്തിൽ സർവകലാശാലാ സംവിധാനത്തിന്റെ നിലവാരത്തകർച്ച കാരണം കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ള ബിരുദധാരികൾ തൊഴിൽ വിപണിയിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. കാലഹരണപ്പെട്ട പാഠ്യപദ്ധതികൾക്കപ്പുറം ആധുനിക വെല്ലുവിളികൾക്ക് വിദ്യാർഥികളെ തയ്യാറാക്കുന്ന കഴിവുകൾ പഠിപ്പിക്കാൻ അധ്യാപകർ അവരുടെ രീതികളെ മാറുന്ന ലോകവുമായി പൊരുത്തപ്പെടുത്തണം. ഇതൊന്നുമില്ലാതെയാണ് നമ്മൾ ആഗോളവല്‍ക്കരണം തൊഴിലാളി ചൂഷണം എന്നൊക്കെ പറഞ്ഞു അവസരങ്ങൾ നശിപ്പിക്കുന്നത്.


ടെക്നോപാർക്ക് ആരംഭിച്ചകാലത്ത് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ എന്നോട് ഇവിടത്തെ ബഹുരാഷ്ട്ര ഐ.ടി. സ്ഥാപനങ്ങൾ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇവിടെ കിട്ടുന്നതിനെക്കാൾ എത്രയോ ഇരട്ടിയാണ് അമേരിക്കയിൽ നൽകുന്നത് എന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒരു എഞ്ചിനീയറിങ് ബിരുദധാരിക്ക് സര്‍ക്കാർ നിശ്ചയിച്ചതിനെക്കാൾ  വളരെക്കൂടുതലാണ് എന്നാണ് ഞാൻ അന്ന് അതിനു മറുപടി നല്കിയത്. നിങ്ങളുടെ മാധ്യമത്തിലും ചൂഷണമില്ലേയെന്നു ഞാൻ തിരിച്ചുചോദിച്ചു. സ്വീഡനില്‍നിന്നു ബോഫോര്‍സ് ഇടപാടുകളെക്കുറിച്ച് റിപ്പോർട്ടുചെയ്ത ചിത്ര സുബ്രഹ്മണ്യത്തിന്റെ ശമ്പളത്തിനൊപ്പമാണ് താങ്കളുടെ ശമ്പളമെന്നുറുപ്പുണ്ടോയെന്നു ചോദിച്ചു. അതിനദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. വേതനം നിർണയിക്കുന്നതിൽ ജോലിസ്ഥലം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. അത് ചൂഷണമായി കണക്കാക്കാനാവില്ല.


കോർപ്പറേറ്റ് ലോകത്ത് മാറ്റങ്ങൾ ആവശ്യമാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ?


തീര്‍ച്ചയായും മാറ്റങ്ങൾ വേണം. കോർപ്പറേറ്റ് ലോകവും സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. സമൂഹത്തിൽ  നല്ലതും ചീത്തയുമുണ്ടെന്നതുപോലെ, കോർപ്പറേറ്റ് ലോകത്തും നല്ലതും ചീത്തയുമായ പ്രവണതകളും സ്ഥാപനങ്ങളുമുണ്ട്. ഒരു നാണയത്തിന് ഇരുവശങ്ങളുള്ളതുപോലെ.


ജീവനക്കാരുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്ന ചില കമ്പനികൾ തിരുവനന്തപുരത്തുനിന്നുതന്നെ എനിക്കു ഉദാഹരിക്കാൻ സാധിക്കും.  അത്തരം കമ്പനികളിൽ, ഒരു ജീവനക്കാരൻ വൈകുന്നേരം 6 മണിക്ക് ശേഷം പതിവായി ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ, അതിന്റെ കാരണം കണ്ടെത്താൻ മാനേജർക്ക് ഉത്തരവാദിത്വമുണ്ട്. കൂടാതെ, വൈകി ജോലിചെയ്യുന്ന ജീവനക്കാർക്ക് അത്താഴവും സുരക്ഷിതമായി വീട്ടിലേക്കുള്ള വാഹനസൗകര്യവും ഒരുക്കി കൊടുക്കാറുണ്ട്. എന്നാൽ, എല്ലാ കമ്പനികളും ഇത്തരം നയങ്ങൾ പിന്തുടരുന്നില്ല എന്ന വസ്തുതയുമുണ്ട്.


ഐ.ടി മേഖലയിലെ കമ്പനികൾ പ്രധാനമായും മെറിറ്റ് അടിസ്ഥാനമായുള്ള വിലയിരുത്തൽ സംവിധാനങ്ങളാണ് അവലംബിക്കുന്നത്. അതായത്, ജീവനക്കാരുടെ പ്രകടനം മാത്രമാണ് അവരുടെ പ്രതിഫലം, ഉന്നമനം, തസ്തിക എന്നിവ നിർണയിക്കുന്നത്. മറ്റുള്ള മേഖലകളിൽനിന്ന് വ്യത്യസ്തമായി കമ്പനികൾ നോക്കുന്നത് ജീവനക്കാരനെ നിലനിറുത്തുക എന്നതാണ്.  അതുകൊണ്ടാണ് ഈ മേഖലയിൽ കൂടുതൽ ട്രേഡ് യൂണിയനുകളെ നിങ്ങൾ കണ്ടെത്താത്തത്. ട്രേഡ് യൂണിയനുകളുടെ പ്രാധാന്യം കുറയുന്നതിൽ രാഷ്ട്രീയക്കാർ  നിരാശരാണ്.


മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മികച്ച ശമ്പളം ലഭിക്കുമ്പോൾ, അല്ലാത്തവർക്ക് പിരിച്ചുവിടൽ നേരിടേണ്ടി വന്നേക്കാം. ‘ഹയർ ആന്‍ഡ് ഫയർ’ രീതികൾ ഒരു സാമാന്യതത്വമാണെങ്കിലും  അവ പലപ്പോഴും അതിശയോക്തിപരമാണ്. പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകൾ (PIP) വാഗ്ദാനം ചെയ്തും പരിശീലനത്തിൽ ശ്രദ്ധിച്ചും ജീവനക്കാരെ പിന്തുണയ്ക്കാനാണ് കമ്പനികൾ പൊതുവെ ലക്ഷ്യമിടാറുള്ളത്. അത്തരം ശ്രമങ്ങൾക്കുശേഷം, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു ജീവനക്കാരന്റെ പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ മാത്രമേ അവരോട് കമ്പനി വിടാൻ ആവശ്യപ്പെടാറുള്ളൂ. അപ്പോഴും, കമ്പനികൾ ഔദ്യോഗികമായി പിരിച്ചുവിടുന്നതിനുപകരം രാജിവയ്ക്കാനുള്ള ഓപ്ഷൻ നൽകുന്നു, കാരണം അതു കമ്പനിയുടെ പ്രതിച്ഛായയെ സംരക്ഷിക്കുകയും നിയമപരമായ പ്രശ്നങ്ങൾ  ഒഴിവാക്കുകയും ചെയ്യുന്നു. മുൻപ് പിരിച്ചുവിട്ട ഒരാളായി കണക്കാക്കപ്പെടുന്നതിനെക്കാൾ രാജിവച്ച ഒരാളായി കണക്കാക്കപ്പെടുന്നത് ഭാവിയിലെ തൊഴിലന്വേഷണത്തിനു  കൂടുതൽ സ്വീകാര്യത ലഭിക്കും.


തൊഴിൽമേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തെ താങ്കൾ എങ്ങനെ കാണുന്നു?


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു ജോലിയും സ്വാഭാവികമായി ഇല്ലാതാക്കുന്നില്ല. പക്ഷേ, AI ഉപയോഗിക്കുന്നവർ AI ഉപയോഗിക്കാത്തവരെക്കാൾ കൂടുതൽ കാര്യക്ഷമതയും ഉൽപാദനക്ഷമതയും നേടും. ഇതു പണ്ട് കമ്പ്യൂട്ടറുകളുടെ വരവിനോട് സമാനമായ സാഹചര്യമാണ്.  കമ്പ്യൂട്ടറുകൾ വന്നപ്പോൾ പലരും തൊഴിൽ നഷ്ടപ്പെടുമെന്നു ഭയന്നു, എന്നാൽ, വാസ്തവത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്. കമ്പ്യൂട്ടർവൽക്കരണം വന്നപ്പോൾ റെയില്‍വേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളുടെ എണ്ണം കുറയുന്നതിനു പകരം കൂടുകയാണ് ചെയ്തത്. കാരണം, കമ്പ്യൂട്ടറുകൾ കൂടുതൽ ആളുകൾക്ക് വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിച്ചു.


AI-യുടെ കാര്യത്തിലും ഇതേ തത്വം ബാധകമാണ്. പുതിയ സാങ്കേതികവിദ്യകൾ വരുമ്പോൾ, അവയെ സ്വീകരിക്കാനും പഠിക്കാനും തയ്യാറാകാത്തവർക്ക് അവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. AI ടൂളുകൾ ഉപയോഗിക്കാൻ മടിക്കുന്ന ഒരു ഡെവലപ്പർ, ആ ടൂളുകൾ ഉപയോഗിക്കുന്ന ഒരാളുമായി മത്സരിക്കുമ്പോൾ പിന്നിലായിപ്പോകാൻ സാധ്യതയുണ്ട്. തുടർച്ചയായ പഠനവും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സുമാണ് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനം. AI ഒരു ഭീഷണിയല്ല, ഒരു അവസരമാണ്. പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കുകയും അവ എങ്ങനെ ഉപയോഗിക്കാമെന്നു മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.


അവസാനമായി, ഭാവിയിലേക്ക് വിദ്യാർഥികളെ തയ്യാറാക്കുന്ന അധ്യാപകർക്കും കുടുംബങ്ങൾക്കും താങ്കൾ എന്ത് ഉപദേശം നൽകും?


അധ്യാപകരുടെ പ്രധാനകർത്തവ്യം എന്നത് കാലത്തിനനുസരിച്ച് മാറുന്ന അറിവിനെ വിദ്യാർഥികൾക്ക് പകർന്നു നൽകുകയും അവരെ സ്വയം പഠനത്തിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്. പഴയ കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്നതിൽ അർഥമില്ല. കാരണം, ഇന്നത്തെ ലോകത്ത് തുടർച്ചയായ പഠനം അത്യന്താപേക്ഷിതമാണ്. ‘സ്പൂൺ ഫീഡിംഗ്’ അറിവിന്റെ യുഗം അവസാനിച്ചു. പുതിയ അറിവും വൈദഗ്ധ്യവും നേടുന്നവർക്ക് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ.


എന്നാൽ, നിർഭാഗ്യവശാൽ, പല അധ്യാപകരും ഇപ്പോഴും കാലഹരണപ്പെട്ട രീതികളാണ് പിന്തുടരുന്നത്. ആസൂത്രണ ബോർഡിൽ സിലബസ് ചർച്ച ചെയ്യുമ്പോൾ ഒരു സാമ്പത്തികശാസ്ത്ര അധ്യാപകൻ സാങ്കേതികവിദ്യ മാറിയതുപോലെ സാമ്പത്തികശാസ്ത്രം മാറിയിട്ടില്ല എന്നു വാദിച്ചത് ഞാൻ ഓർക്കുന്നു. ഇത് അടിസ്ഥാനരഹിതമായ വാദമാണ്. ആഗോളവൽക്കരണം, പുതിയ സാമ്പത്തികമോഡലുകൾ തുടങ്ങിയ പല മാറ്റങ്ങളും സാമ്പത്തികശാസ്ത്രത്തിൽ ഉണ്ടായിട്ടുണ്ട്. മാറ്റത്തോടുള്ള ഈ വിമുഖത സമൂഹത്തിൽ വ്യാപകമാണ്. പ്രത്യേകിച്ച്  സർക്കാർ ഉദ്യോഗസ്ഥരിൽ ഇത് വളരെ പ്രകടമാണ്. അവർ തങ്ങളുടെ കർത്തവ്യം മറന്ന് സ്വന്തം ആനുകൂല്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നു. പണ്ട് സർക്കാർ ജീവനക്കാരെ സിവിൽ സെർവന്റ്സ് അല്ലെങ്കിൽ പബ്ലിക് സെർവന്റ്സ് എന്നാണ് വിളിച്ചിരുന്നത്. കാലക്രമേണ, അവർ എൻ.ജി.ഒകളും ഗസറ്റഡ് ഓഫീസർമാരും പോലുള്ള റോളുകളിലേക്ക് മാറി. പൊതുജന സേവനമെന്ന അടിസ്ഥാനതത്വം അവർ വിസ്മരിക്കുന്നു. തങ്ങൾ നികുതിദായകരുടെ ആശ്രിതരാണെന്ന് അവർ ഓർക്കുന്നില്ല.


അതുപോലെ, കോളെജ് അധ്യാപകരും തങ്ങളുടെ നിലനിൽപ് വിദ്യാർഥികളെ ആശ്രയിച്ചാണെന്നു മനസ്സിലാക്കണം. വിദ്യാർഥികളുടെ ഭാവിയാണ് അവരുടെ പ്രധാന ഉത്തരവാദിത്വം. എന്നാൽ,  പലപ്പോഴും അവർ തങ്ങളുടെ അവകാശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ സ്വാർഥചിന്താഗതി കേരളീയ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമുണ്ടാക്കുന്നുണ്ട് എന്നു പറയാതെ വയ്യ.