ജോലി ജീവിത സന്തുലനം എങ്ങനെ? ജോസഫ് സി. മാത്യു

ജോലി ജീവിത സന്തുലനം എങ്ങനെ?  ജോസഫ് സി. മാത്യു

intro


ഇന്ത്യയിലെ പ്രഫഷണൽരംഗത്ത് വർധിച്ചുവരുന്ന ജോലി സമ്മർദം, അമിത തൊഴിൽസമയം, ജീവിതത്തിന്റെ മറ്റു മേഖലകളിലേക്കുള്ള ശ്രദ്ധക്കുറവ് എന്നിവയെല്ലാം ചേര്‍ന്ന് ഒരു ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ജീവനക്കാരുടെ ആരോഗ്യം, സന്തുലിതമായ ജീവിതം, തൊഴിൽനിർവഹണശേഷി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു.


ജോലി-ജീവിത സന്തുലനം എന്നത് ഒരു വ്യക്തിയുടെ  ജോലിയും വ്യക്തിജീവിതവും തമ്മിൽ സമതുലിതമായ ഒരു ക്രമീകരണത്തെയായാണ് സൂചിപ്പിക്കുന്നത്. അതായത്, ജോലിയിലും വ്യക്തിപരമായ ജീവിതത്തിലും സമയം അനുവദിക്കുന്ന രീതിയിൽ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇന്നത്തെ കടുത്ത മത്സരവും ജോലിസമ്മർദവും കാരണം, പലർക്കും ഈ സമതുലിതാവസ്ഥ നിലനിറുത്താൻ സാധിക്കുന്നില്ല.


പുണെയിലെ ഏണസ്റ്റ് ആന്‍ഡ്  യംഗ് (EY) എന്ന കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ അകാലമരണമാണ് ഇന്ത്യയിലെ പ്രഫഷനൽ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ജോലിസമ്മർദത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വീണ്ടും വഴിവച്ചത്. തൊഴില്‍സമ്മര്‍ദം എന്നത് പുതിയൊരു കാര്യമല്ല. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമുക്കിടയിൽ ഇതിന്റെ തോതും അതുവഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങളും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ജോലി-ജീവിത സമീകരണത്തിന്റെ അഭാവം, അമിതതൊഴിൽ സമയം, തുടര്‍ച്ചയായ മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങൾ തുടങ്ങിയവ ഒട്ടുമിക്ക തൊഴിൽരംഗത്തും സാമൂഹിക സ്ഥാപനങ്ങളിലും ഉണ്ടെന്നതാണ്  വാസ്തവം.


ഐ.ടി.അനുബന്ധ സ്ഥാപനങ്ങളിൽ മാത്രമല്ല, ഈയടുത്ത് ബാങ്കിംഗ്, വാണിജ്യമേഖലയിലെയും പൊതുമേഖല സ്ഥാപനങ്ങളായ റെയില്‍വേയിലെയും പൊലീസ് സേനയിലെയും അമിതജോലിഭാരത്തെക്കുറിച്ചുള്ള വാര്‍ത്തകൾ പുറത്തുവരികയുണ്ടായി. അസംഘടിത മേഖലയിലും കരാര്‍ജോലി വ്യാപകമായി. സ്ഥിരംജോലികള്‍ പലതും പുറംകരാറാണ്. പല വ്യവസായങ്ങളും സ്ഥിരംജോലിക്കാരെ കൂട്ടത്തോടെ ഒഴിവാക്കി. തോന്നുംപോലെ അടച്ചുപൂട്ടലും നടക്കുന്നു. സ്വകാര്യ അണ്‍എയിഡഡ്   സ്കൂളുകളിലെ അധ്യാപകരും കടുത്ത തൊഴിൽസമ്മര്‍ദവും വിവേചനവും നേരിടുന്നുണ്ട്. ഒരു വീട്ടിലേക്ക് നവവധുവായി കയറിച്ചെല്ലുന്ന ഒരു യുവതിയനുഭവിക്കുന്ന മാനസിക സമ്മര്‍ദവും ഇതിനുസമാനമാണ്. കുടുംബത്തിനകത്ത് എന്തെങ്കിലും അന്തഃഛിദ്രങ്ങൾ ഉണ്ടായാൽ മാത്രമേ അവ പുറത്തറിയൂ. അന്നയുടെ മരണം  ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. 1999 – 2000 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ പത്തോളം  മരണങ്ങൾ ഈ ലേഖകന് അറിയാവുന്നതാണ്. അന്ന് ഹൃദയസ്തംഭനം എന്ന സാമാന്യവല്‍ക്കരണത്താലും ഇന്നത്തെയത്ര മാധ്യമ സെന്‍സേഷനലിസം   ഇല്ലാത്തതിനാലും പുറംലോകം അറിഞ്ഞിരുന്നില്ലായെന്നുമാത്രം.   


കുട്ടികളോടുള്ള നമ്മുടെ അമിതമായ സ്നേഹപരിചരണം (caring) കാരണമാണ് പുതിയ തലമുറയിലുള്ളവര്‍ ഇത്തരത്തിൽ സമ്മര്‍ദങ്ങളിൽ പരാജിതരാകുന്നത് എന്നു കാണാം. കുട്ടികളെ എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുപ്പിക്കുക മാത്രമാണ് നമ്മളിപ്പോൾ ചെയ്യുന്നത്. രാവിലെമുതൽ ട്യൂഷനും മറ്റുമായി അവരെ സമ്മര്‍ദത്തിലാക്കുകയാണ്.  എന്നാൽ, ഏതു സാഹചര്യവുമായി പൊരുത്തപ്പെടാൻ അവരെ മാനസികവും ശാരീരികമായും തയാറാക്കുക എന്നൊരു പ്രക്രിയ ഇവിടെ നടക്കുന്നില്ല.


സന്തുലിതമായ ഒരു തൊഴിൽ-ജീവിത സംസ്കാരം വളർത്തിയെടുക്കുന്നതിന് കുട്ടിക്കാലം മുതലേ ഒരു സമഗ്രസമീപനം ആവശ്യമാണ്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍പ്പോയി സമരംചെയ്തു എന്നു പഠിപ്പിക്കുന്ന അധ്യാപകൻതന്നെ  നിങ്ങൾ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നു കുട്ടികളോടു പറയുന്നു. ഇതു ഗാന്ധിജി മണ്ടനാണെന്ന  തോന്നൽ കുട്ടികളിലുണ്ടാക്കും. അവനവനുവേണ്ടി ജീവിക്കാനാണ്  വീട്ടിൽ മാതാപിതാക്കളും പറയുന്നത്.  അയല്‍പക്കത്തെ കുട്ടിയെപ്പോലെ എന്റെ കുട്ടിയും ആകണം എന്ന ചിന്തയാണ് അവര്‍ക്ക്. പരീക്ഷണശാലയിലെ വെള്ളയെലികളെപ്പോലെ കുട്ടികളെ വളര്‍ത്തുകയാണ്  നമ്മൾ. സമയപരിപാലനം, സ്വയം അവബോധം, ആരോഗ്യകരമായ പരിധി നിശ്ചയിക്കലിന്റെ പ്രാധാന്യം തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽനൽകുന്ന സ്കൂൾ കരിക്കുലത്തിലൂടെ മാത്രമേ വ്യക്തിഗതക്ഷേമത്തിനു മുൻഗണന നൽകാനും തൊഴിലിനോട് സുസ്ഥിരമായ ബന്ധം വികസിപ്പിക്കാനും നമുക്ക് കുട്ടികളെ പ്രാപ്തരാക്കാൻ കഴിയൂ. ആരോഗ്യകരമായ പ്രതിസന്ധി നിർവഹണതന്ത്രങ്ങൾ ഇല്ലാത്ത കുട്ടികൾ പഠിക്കാൻ ബഹുമിടുക്കരാണെങ്കിലും ചെറിയ പ്രശ്നങ്ങളിൽപ്പോലും തളർന്നുപോകുന്നവരാകും.  

കോർപ്പറേറ്റ് ലോകം വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. പുതിയതായി ബിരുദം നേടിയവർക്ക് അവിടെ പല വെല്ലുവിളികളും നേരിടേണ്ടിവരും. കടുത്ത മത്സരമാണ് പ്രധാന പ്രശ്നം. ഒരുപാടുപേർ ഒരേ ജോലിക്ക് മത്സരിക്കുമ്പോൾ, അവരിൽനിന്ന് വ്യത്യസ്തരാകാനും തങ്ങളുടെ കഴിവിനും ആഗ്രഹത്തിനും ചേർന്ന ജോലി നേടാനും പ്രയാസമാണ്.


സാങ്കേതികവിദ്യയും തൊഴിൽ രീതികളും


വർഷങ്ങൾക്കുമുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽരീതികളും മാറുകയാണ്. സാങ്കേതികവിദ്യയിലെ അതിവേഗ വളർച്ച നമ്മുടെ ജീവിതരീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്നു നമുക്ക് ലോകത്തിന്റെ ഏതു കോണിലുള്ള സ്ഥാപനത്തിലെ ജോലിയും സ്വന്തം വീട്ടിൽ ഇരുന്ന് ചെയ്യാം. സാമ്പ്രദായികമായ സമയബന്ധിതമായ തൊഴിൽസമയങ്ങൾ കാലഹരണപ്പെട്ടു. കുറഞ്ഞ ജീവനക്കാരെക്കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാൻ സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നുമുണ്ട്. എന്നാൽ, ഈ മാറ്റത്തിനനുസരിച്ചുള്ള തൊഴില്‍ക്ഷമത ഓരോ തൊഴിലാളിക്കും ഉണ്ടാകേണ്ടതുണ്ട്.  


ഐ.ടി. മേഖലയില്‍ സ്ഥിരം ജോലിയെന്ന ഏര്‍പ്പാട് വളരെ അപൂര്‍വമാണ് ഇപ്പോൾ.  തോന്നുംപടി നിയമിക്കലും പറഞ്ഞുവിടലും (hire and fire) ആണ് അവിടത്തെ സാമാന്യതത്വം. ഏറ്റവും വേഗത്തിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നവർക്കു മാത്രം നിലനിൽക്കാനാവുന്ന ഒരു സാഹചര്യത്തിൽ, കോർപ്പറേറ്റുകൾ കുറഞ്ഞ ജീവനക്കാരെക്കൊണ്ട്  കൂടുതൽ ഉൽപാദനശേഷി നേടാനുള്ള മത്സരത്തിലേർപ്പെടുകയാണ്. അതുകൊണ്ടുതന്നെ തൊഴിലാളികളെപ്പോലെ തൊഴിലുടമയും സമ്മര്‍ദത്തിന് വിധേയമാവുകയാണ്. ഉടമയെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് ആവശ്യമായ ജോലി, ആവശ്യമുള്ള സമയത്ത് നടന്നുകിട്ടേണ്ടത് ആവശ്യമാണ്.  ഒരു തൊഴിലിനാവശ്യമായ കാര്യങ്ങൾ, അതിന്റെ ഉത്തരവാദിത്വങ്ങൾ, ആ ജോലി ചെയ്യുന്ന വ്യക്തിയുടെ കഴിവുകൾ, വൈദഗ്ദ്ധ്യം, ലഭ്യമായ വിഭവങ്ങൾ, വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവ തമ്മിൽ ഒരു സന്തുലനമില്ലാതെ വരുമ്പോളാണ് ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ ഉണ്ടാകുന്നത്.


കോർപ്പറേറ്റ് മാനേജ്മെന്റ് എന്നത് ഒരു സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രക്രിയയാണ്. ഫലപ്രദമായ നേതൃത്വം, വ്യക്തമായ ലക്ഷ്യങ്ങൾ, മികച്ച ഭരണപരമായ കഴിവുകൾ എന്നിവ ഇതിന് ആവശ്യമാണ്. ചലനാത്മകവും സങ്കീർണവുമായ ഈ മേഖലയ്ക്ക് ആവശ്യം അചഞ്ചലമായ ശ്രദ്ധ, അസാധാരണമായ സംഘടനാപാടവും, ശക്തമായ നേതൃത്വ കഴിവുകളുമുള്ളവരെയാണ്. അതുകൊണ്ടുതന്നെ, കോർപ്പറേറ്റ് ലോകത്ത് അതിജീവിക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാഹ്യകാര്യങ്ങളില്‍ തൊഴിലാളികളുടെ ശ്രദ്ധതിരിയാതിരിക്കാൻ കോര്‍പറേറ്റുകൾ അവരുടെ തൊഴിലിട രൂപകല്പനയില്‍ത്തന്നെ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. അതാര്യമായ ചില്ലുപൊതിഞ്ഞ കെട്ടിടങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്.


സർക്കാരും കോർപ്പറേറ്റുകളും


ആഗോളവല്‍ക്കരണ – ഉദാരവല്‍ക്കരണ നയങ്ങളെ നഖശിഖാന്തം എതിര്‍ത്ത ഇടതുപക്ഷമാണ്  ഇപ്പോള്‍, അതിന്റെ ഉപോല്‍പന്നമായ പല വന്‍കിട പദ്ധതികള്‍ക്കു ചുവന്ന പരവതാനി വിരിക്കുന്നത് എന്നോര്‍ക്കണം. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ എന്ന പേരിൽ ഇവിടെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച്  ചട്ടങ്ങളിൽ ഇളവും അവർ നല്‍കുന്നു. കമ്പോളത്തിലെ മാറ്റങ്ങൾക്കനുസരിച്ച്  തൊഴിലാളിസൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് കേരളത്തിലെ സർക്കാർ ശ്രമിക്കുന്നത് എന്നാണ് ഇപ്പോഴുള്ള അവകാശവാദം. നാടുനീളെ കോൺക്ലേവും സമിറ്റുകളും നടത്തി ഇത്രപേര്‍ക്ക് തൊഴിൽ നല്‍കി എന്നു ഫ്ലക്സ് വയ്ക്കുന്നതുലുപരി കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നുമാത്രം. നവലിബറൽ നയങ്ങൾ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കും ലാഭേച്ഛയ്ക്കും വേണ്ടിയുള്ളതാണെന്നും അത് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ക്ളേശകരമാക്കുമെന്നും വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് എന്നത് കാലത്തിന്റെ കാവ്യനീതിയോ ഇരട്ടത്താപ്പോ ആണ് എന്നു നാം കരുതണം. വ്യവസായ സൗഹൃദ അന്തരീക്ഷം എന്ന പേരിൽ തൊഴിലാളി അവകാശങ്ങൾപോലും അവഗണിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. നമ്മുടെ നാട്ടിലാണ് തൊഴില്‍ശാലകളിൽ ഇരിക്കാനും മൂത്രമൊഴിക്കാനുംവരെ സ്ത്രീകള്‍ക്ക് സമരം ചെയ്യേണ്ടിവന്നതെന്ന വിരോധാഭാസം കൂടിയുണ്ട്.


പുത്തന്‍ തൊഴിൽ മേഖലകൾ

ഇന്ന്  ലോകത്തു വളരെ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍മേഖലയാണ് ഗിഗ് -പ്ലാറ്റ്ഫോം സംവിധാനം. കേരളത്തിലും ഗിഗ്-പ്ലാറ്റ്ഫോം മേഖല ശക്തിപ്പെട്ടുവരികയാണ്. ദ്രുതഗതിയുള്ള വളർച്ചയാണ് ഈ രംഗത്തുള്ളത്. ഗിഗ് ജോലി ചെയ്യാൻ നിങ്ങൾക്ക് ഒരു സ്മാർട്ട്‌ഫോണും ഒരു വാഹനവും മാത്രമേ ആവശ്യമുള്ളൂ. ഗിഗ് ജോലിയുടെ ഏറ്റവും വലിയ ആകർഷണം, തൊഴിലാളികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലി സമയം തീരുമാനിക്കാം എന്നതാണ്. തൊഴിലുടമ-തൊഴിലാളി ബന്ധം ഇല്ലാത്തതിനാൽ, അവർക്ക് കൂടുതൽ സ്വാതന്ത്ര്യവുമുണ്ട്.


കൃത്യമായ ജോലിസമയം ഇല്ലാത്തതിനാലും  ജോലിയിൽ സുരക്ഷിതത്വം ഇല്ലാത്തതിനാലും ഈ മേഖലയിലും തൊഴിലാളികൾ അരക്ഷിതരാണ്. ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രായോഗികമായി വിജയിച്ചിട്ടില്ല. ഈ തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ ശക്തമായ ഒരു സംഘടനാസംവിധാനത്തിന്റെ അഭാവവുമുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ, സാമ്പത്തികസുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിന് സമഗ്രമായ ഒരു ചട്ടം, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ  ഭരണത്തിൽ  രാജസ്ഥാനും കര്‍ണാടകയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് കേരളത്തിൽ അത്തരത്തിൽ ഒരു ബിൽ നടപ്പിലാക്കാൻ തൊഴിലാളിക്ഷേമ തല്‍പരർ എന്നവകാശപ്പെടുന്ന  ഇടതുപക്ഷ സര്‍ക്കാർ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണ്? നിര്‍ദിഷ്ട ബില്ലിൽ പല അപാകങ്ങളും ഉണ്ടെന്ന ആക്ഷേപവും ഉണ്ട്. തൊഴിലാളിസംഘടനകൾ, ഭരിക്കുന്ന പാർട്ടികളുടെ അനുബന്ധസംഘടനകളായി പ്രവർത്തിക്കുമ്പോൾ, തൊഴിലാളിതാൽപര്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്.  


പരിഹാര മാർഗങ്ങൾ


ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ സമയവും ആരോഗ്യവും നോക്കാതെ കഠിനമായി പണിയെടുക്കേണ്ടിവരുന്ന യുവാക്കൾ മാനസികസമ്മർദത്തിന്റെയും ശാരീരിക അസ്വാസ്ഥ്യത്തിന്റെയും പിടിയിലമർന്ന് സ്വയം നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകാതെ വ്യവസായമേഖലയുടെ ആവശ്യകതകൾക്ക് അനുയോജ്യമായ കഴിവും വേഗമേറിയ മത്സര സാഹചര്യങ്ങളിൽ മുന്നേറാൻ ഉതകുന്ന നൈപുണ്യവും  ആർജിക്കുകയാണ് വേണ്ടത്. ഉചിതമായ മാനസിക സമീപനത്തോടെയും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധതയോടെയും ആയിരിക്കണം കാമ്പസ് ജീവിതത്തിൽനിന്ന് കോർപ്പറേറ്റ് ലോകത്തേക്കുള്ള പരിവർത്തനം.  മത്സരബുദ്ധിയുള്ള ഈ ലോകത്ത് വിജയിക്കാൻ പുതിയ കാര്യങ്ങൾ പഠിക്കാനും മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള തന്ത്രങ്ങളായിരിക്കണം വീട്ടില്‍നിന്നും സ്കൂളില്‍നിന്നും നാം കുട്ടികളെ പഠിപ്പിക്കേണ്ടത്. വിദ്യാഭ്യാസത്തെ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാത്രം കാണുന്നതിനുപകരം ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഉത്തമ പൗരന്‍മാരെ സൃഷ്ടിക്കാനുള്ള ഉപകരണമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ വ്യാപകമാക്കേണ്ടിയിരിക്കുന്നു.


അമിത ജോലിഭാരം എന്ന സമീപനത്തിൽനിന്ന് കാര്യക്ഷമമായ തൊഴിൽരീതിയിലേക്ക് ഒരു മാറ്റം അനിവാര്യമാണ്. തൊഴിൽസമയവും വ്യക്തിഗതജീവിതവും തമ്മിൽ വ്യക്തമായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നതിന് ഉതകുന്ന രീതിയിൽ ഓഫീസ് സാഹചര്യങ്ങൾ ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജീവനക്കാരും മേലധികാരികളും തമ്മിൽ ആരോഗ്യകരമായ ഒരു ബന്ധം നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം മേലുദ്യോഗസ്ഥർ തിരിച്ചറിയണം. തീവ്രമായ തൊഴിൽസമ്മർദത്തിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തുന്നതിന് വിദഗ്ധോപദേശംതേടാൻ കമ്പനികൾ തയ്യാറാകണം. ജീവനക്കാരുടെ ക്ഷേമത്തിനു മുൻഗണനനൽകുന്ന വ്യവസ്ഥാപരമായ മാറ്റങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.


ആരോഗ്യകരമായ ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. കോർപ്പറേറ്റ് ലോകത്തെ മത്സരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിൽരംഗത്തു വരുന്ന മാറ്റങ്ങളെ നാം അവഗണിക്കരുത്. ഈ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തൊഴിലാളി കൂട്ടായ്മകളുടെ രൂപത്തിലും പ്രവർത്തന ശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി നിയമപരമായ ചട്ടക്കൂടുകൾ രൂപീകരിക്കുകയും രജിസ്ട്രേഷൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽമേഖലയിൽ അഭൂതപൂർവമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ഈ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും തൊഴിലാളികളുടെ തൊഴിൽസുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.


ഇത്തരം ഇടപെടലുകള്‍ക്ക്  തൊഴിൽ ദാതാക്കൾക്കും നിർണായകമായ സ്ഥാനമുണ്ട്. ജീവനക്കാർക്ക് യാതൊരു ഭയവുമില്ലാതെ തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു പശ്ചാത്തലം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല സ്ഥാപനങ്ങളിലും, പ്രത്യേകിച്ച് പുതിയ ജീവനക്കാർക്കും പ്രൊബേഷണറിയിലുള്ളവർക്കും, ആറുമാസത്തിലൊരിക്കൽ പ്രകടന അവലോകനം (six months appraisal)  നടത്തുന്നത് സാധാരണമാണ്. ഈ അവലോകനത്തിലൂടെ മാനേജർമാർക്ക് ജീവനക്കാരുടെ പ്രകടനം വിലയിരുത്താനും അഭിപ്രായങ്ങൾ അറിയിക്കാനും ഭാവി ലക്ഷ്യങ്ങൾ തീരുമാനിക്കാനും സാധിക്കുന്നു. ജോലി കൂടുതൽ മികച്ചതാക്കാനുള്ള വഴികൾ കണ്ടെത്താൻ തുടർച്ചയായ ഇത്തരം ആശയവിനിമയം അത്യാവശ്യമാണ്. ജീവനക്കാർക്ക് അവരുടെ വളർച്ചയെക്കുറിച്ച് സംസാരിക്കാനും പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും തങ്ങളുടെ പ്രതീക്ഷകൾ വ്യക്തമാക്കാനുമുള്ള നല്ലൊരു അവസരം കൂടിയാണിത്.


പ്രകടന അവലോകനങ്ങളുടെ സമയവും രീതിയും ഓരോ കമ്പനിക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. നമ്മുടെ നാട്ടിൽ ഇത്തരം അവലോകനങ്ങൾ നടത്തുന്ന മികച്ച തൊഴിൽ സംസ്കാരത്തിന്റെ മാതൃകയായി മാറിയ നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ജീവനക്കാരുടെ മാനസികസമ്മർദം കുറയ്ക്കുന്നതിനുള്ള പരിപാടികൾ, തൊഴിൽസമയം ക്രമീകരിക്കുന്നതിനുള്ള നയങ്ങൾ, ജീവനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ജീവനക്കാരുടെ ക്ഷേമത്തിന് ഇത്തരം കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലിയും ജീവിതവും തമ്മിലുള്ള സ്ഥിരത ഉറപ്പാക്കുന്നത് ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും


തൊഴിൽ സ്ഥലത്തെ സമ്മർദം നിയന്ത്രിക്കുന്നതിലും ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലനം നിലനിറുത്തുന്നതിലും ജീവനക്കാർക്കും വലിയ ഉത്തരവാദിത്വമുണ്ട്. ജോലിസമയം കൃത്യമായി പാലിക്കുക, അധികസമയം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക, ജോലി സമയത്ത് വ്യക്തിപരമായ കാര്യങ്ങൾ ചെയ്യാതിരിക്കുക, ഓരോ ദിവസത്തെയും ജോലികൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ഇത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായകമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ കഴിവുള്ള സഹപ്രവർത്തകരെ തിരിച്ചറിയുകയും അവരുമായി അടുത്ത് ഇടപഴകുകയും ചെയ്യുക. തൊഴിൽപരമായ അതിരുകൾ നിർണയിക്കുന്നതും സ്വയം പരിചരണത്തിന് പ്രാധാന്യം നൽകുന്നതും തൊഴിലിടത്തിലെ സമ്മർദം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള മുഖ്യഘടകങ്ങളാണ്.