ഈ ലേഖനം ചർച്ച ചെയ്യുന്നത് ചരിത്രകാരന്മാർ എന്ന നിലയിൽ പ്രഫഷണലുകൾ നേരിടുന്ന തൊഴിൽപരമായ വെല്ലുവിളികളെക്കുറിച്ചല്ല. ചരിത്രരചനയുടെ കാഠിന്യത്തെക്കുറിച്ചോ, ഒരു ചരിത്രകാരന് ആവശ്യമായ സ്രോതസ്സുകളുടെ ഭാഷയിലും ലിപിയിലുമുള്ള വൈദഗ്ധ്യത്തെക്കുറിച്ചോ അല്ല. ചരിത്രത്തെക്കുറിച്ചുള്ള വിവിധ സമീപനങ്ങളെയും തങ്ങളുടെ രചനകളെ സ്വാധീനിക്കുന്ന വ്യത്യസ്ത ‘പഠനശാഖകളെയും’ (schools of thought) ഇവിടെ ബോധപൂർവം ഒഴിവാക്കിയിരിക്കുന്നു. ഈ കുറിപ്പിന്റെ യഥാർഥ ലക്ഷ്യം, ചരിത്രം എന്ന അക്കാദമിക അച്ചടക്കത്തെ സംരക്ഷിക്കുന്നതിന് നാം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതു മാത്രമാണ്.
2024 ഡിസംബറിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ (IHC) 83-ാമത് വാർഷികസമ്മേളനം സമാപിക്കുമ്പോൾ, ഇന്ത്യയിലെ മതേതര ചരിത്രരചന നേരിടുന്ന വർഗീയ വെല്ലുവിളികളെക്കുറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയും ജനറൽ ബോഡിയും ചേർന്ന് മൂന്നു പ്രമേയങ്ങൾ പാസാക്കുകയുണ്ടായി. അവ താഴെ പറയുന്നവയാണ്:
(a) സര്‍വകലാശാലകളിലും കോളെജുകളിലും യു.ജി.സി നിർബന്ധമാക്കിയ പുതിയ ചരിത്ര പാഠ്യപദ്ധതിയോടുള്ള എതിർപ്പ്.
(b) സ്കൂൾ പാഠപുസ്തകങ്ങളിൽ ബോധപൂര്‍വം വരുത്തിയ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും യുവതലമുറയുടെ പങ്കുവയ്ക്കപ്പെട്ട ഭൂതകാലത്തെക്കുറിച്ചുള്ള ധാരണയെ ഹാനികരമായി ബാധിക്കുമെന്ന ആശങ്ക.
(c) മുതിർന്ന ലിബറൽ-ഇടതുപക്ഷ ചരിത്രകാരന്മാരെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം. ഈ ചരിത്രകാരന്മാർ “സാധാരണക്കാരന് ദുർഗ്രഹമായ ഭാഷയിൽ പാണ്ഡിത്യം പ്രകടിപ്പിച്ച് പണ്ഡിതമാളികകളിൽ ഒതുങ്ങിക്കൂടി” എന്നും, തന്മൂലമുണ്ടായ ശൂന്യത നികത്താനാണ് ‘ഹിന്ദുത്വ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക്’ ചരിത്ര വ്യാഖ്യാനത്തിന് അവസരം ലഭിച്ചതെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. (“ഭാരതചരിത്രത്തിലെ കാവിവൽക്കരണം ഒരു കൊളോണിയൽ പാരമ്പര്യത്തിന്റെ ഫലമാണ്” എന്ന് എഴുതിയ ഒരു മതേതര ‘ചരിത്ര സ്നേഹി’യെയാണ് ഞാൻ ഇവിടെ ഉദ്ധരിക്കുന്നത്).
ഒരു പ്രമുഖ എഴുത്തുകാരന്റെ വാക്കുകളിൽ, ഇത് “ഇടതുപക്ഷ ചരിത്രകാരന്മാരുടെ ആശ്വാസ വചനം” മാത്രമാണ്. ഇവർ ഗൗരവതരമായ ചരിത്രസംവാദങ്ങളിൽനിന്ന് വിട്ടുനിന്നപ്പോൾ, ഹിന്ദുത്വ പ്രചാരകർക്ക് ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും ചരിത്രമായി അവതരിപ്പിക്കാൻ കളമൊരുങ്ങി.
മുൻവർഷങ്ങളിലും IHC സമാനമായ പ്രമേയങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 2023-ൽ ‘പുതിയ വിദ്യാഭ്യാസനയത്തിന്റെ ചട്ടക്കൂടിലെ ചരിത്രം’ എന്ന വിഷയത്തിലും, 2022-ൽ ചെന്നൈയിൽ നടന്ന 81-ാം സമ്മേളനത്തിലും ഈ വിഷയത്തിൽ അലിഗഡ് ചരിത്രകാരന്മാർ ഒരു പാനൽ ചർച്ച സംഘടിപ്പിക്കുകയുണ്ടായി.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യൻ ചരിത്രപഠനം നേരിടുന്ന പ്രതിസന്ധികളെ മൂന്നായി തരംതിരിക്കാം: (i) ഭൂതകാലത്തിന് വർഗീയമായ വ്യാഖ്യാനങ്ങൾ നൽകാനുള്ള പ്രവണത. (ii) ചരിത്രത്തിലെ പ്രത്യേക കാലഘട്ടങ്ങളെയും വ്യക്തികളെയും അതിരുവിട്ട് മഹത്വവൽക്കരിക്കാനുള്ള ശ്രമം. (iii) ഈ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ കേവലം ഐതിഹ്യങ്ങളാക്കി മാറ്റുന്ന രീതി.
ഈ പശ്ചാത്തലത്തിൽ, ‘മതേതരത്വം’ എന്ന വാക്കുപോലും ഒരു വെല്ലുവിളിയായി മാറുകയാണ്. ഇന്ത്യൻ ചരിത്രത്തിലെ മധ്യകാലഘട്ടത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ‘മധ്യകാലം’ എന്ന സംജ്ഞതന്നെ ഒരു പ്രതിസന്ധിയാണ്. ഉദാഹരണത്തിന്, ഏറ്റവും പുതിയ IHC സമ്മേളനത്തിൽ, ആദരണീയനായ ഒരു മുതിർന്ന മതേതര ചരിത്രകാരൻ ‘മധ്യകാലം’ എന്ന പദത്തെ ‘പിന്നാക്കാവസ്ഥയുടെയും അടഞ്ഞ ചിന്തയുടെയും ഇരുണ്ട കാലഘട്ടം’ എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഇതിനു വിപരീതമായി ‘ആധുനികത’യെ പ്രബുദ്ധതയുടെയും തുറന്നചിന്തയുടെയും മതേതരത്വത്തിന്റെയും ശാസ്ത്രീയതയുടെയും പ്രതീകമായും അദ്ദേഹം അവതരിപ്പിച്ചു. എന്നാൽ, യഥാർഥ ചരിത്രപഠനങ്ങൾ വെളിവാക്കുന്നത് ഇതിൽനിന്നു ഭിന്നമായ ചിത്രമാണ്.
‘വാട്സ്ആപ്പ് ചരിത്ര’വും അക്കാദമിക ചരിത്രകാരന്മാരും
ഇന്നത്തെ കാലഘട്ടം ഉയർത്തുന്ന മറ്റൊരു സങ്കീർണമായ വെല്ലുവിളിയാണ് ചരിത്രത്തെ ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാമെന്ന ധാരണ. ഇതാണ് ‘വാട്സ്ആപ്പ് ചരിത്രം’ എന്ന പ്രതിഭാസത്തിനും, ജനപ്രിയ ചരിത്രകാരന്മാരും അക്കാദമിക ചരിത്രകാരന്മാരും തമ്മിലുള്ള തർക്കങ്ങൾക്കും വഴിവച്ചത്. വില്യം ഡാൽറിംപിളിനെപ്പോലുള്ളവർപോലും ഈ ആശയം മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അതായത്, അക്കാദമിക, വിശേഷിച്ച് ഇടതുപക്ഷചരിത്രകാരന്മാർ, സാധാരണജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ പരാജയപ്പെട്ടെന്നും, ആ ഒഴിവ് വലതുപക്ഷ പ്രചാരകർ നികത്തിയെന്നും വാദമുണ്ടായി.
എന്നാൽ, റൊമില ഥാപ്പർ, ആർ.എസ്. ശർമ്മ, സതീഷ് ചന്ദ്ര, ബിപൻ ചന്ദ്ര തുടങ്ങിയ പ്രഗത്ഭരായ ചരിത്രകാരന്മാർ വിദ്യാർഥികൾക്കായി ലളിതമായ ഭാഷയിൽ എഴുതിയ പാഠപുസ്തകങ്ങളുടെ രചയിതാക്കളാണെന്ന് വിമർശകർ സൗകര്യപൂര്‍വം മറക്കുന്നു. ആദ്യ ബി.ജെ.പി-എൻ.ഡി.എ സർക്കാർ 2003-ൽ ഈ പുസ്തകങ്ങൾ നിരോധിച്ചെങ്കിലും, ഇന്നും അവ വ്യാപകമായി വായിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു. ഇർഫാൻ ഹബീബിന്റെ ‘Medieval India’ (NBT), അനിരുദ്ധ് റായിയുടെ ‘The Sultanate of Delhi’ (മനോഹർ), മീന ഭാർഗവയുടെ ‘Exploring Medieval India’ (ഓറിയന്റ് ബ്ലാക്ക് സ്വാൻ) തുടങ്ങിയവ ഈ ഗണത്തിൽപ്പെട്ട ഉദാഹരണങ്ങളാണ്.
കോവിഡ് മഹാമാരിക്കാലം മുതൽ പ്രഗത്ഭരായ അക്കാദമികപണ്ഡിതരുടെ പ്രഭാഷണങ്ങൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ലഭ്യമാണ്. എങ്കിലും, അക്കാദമിക സംവാദങ്ങൾക്കും ചരിത്രപരമായ തർക്കങ്ങൾക്കും സാമൂഹികമാധ്യമങ്ങൾ അനുയോജ്യമായ വേദിയല്ല എന്നതാണ് യാഥാർഥ്യം. അതേസമയം, സാമൂഹികമാധ്യമങ്ങളുടെ രീതികൾക്കനുസരിച്ച് തങ്ങളുടെ രചനകളെ ലളിതവൽക്കരിക്കാൻ അക്കാദമിക ചരിത്രകാരന്മാർക്ക് പരിമിതികളുണ്ട്. ഇവിടെയാണ് വില്യം ഡാൽറിംപിളിനെപ്പോലുള്ള ‘പബ്ലിക്’ ചരിത്രകാരന്മാരുടെ പ്രസക്തി. അക്കാദമികമായ കണ്ടെത്തലുകളെ ജനകീയമാക്കുക എന്നത് അവരുടെ ദൗത്യമാണ്.
ഇതിലെ വിരോധാഭാസം ശ്രദ്ധേയമാണ്. ആദ്യം, വിദ്യാർഥികൾക്കായി എഴുതിയ ജനപ്രിയപുസ്തകങ്ങൾ പിൻവലിക്കുക, ശേഷം അതേ എഴുത്തുകാരെ അവർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കുറ്റപ്പെടുത്തുക. സാധാരണക്കാരെ ലക്ഷ്യമാക്കി ചരിത്രരചന നടത്തിയിരുന്ന സഹ്മത് (SAHMAT), എ.എച്ച്.എസ് (AHS) പോലുള്ള സംഘടനകളെ ഇല്ലാതാക്കാൻ ശ്രമിക്കുക, എന്നിട്ട് ഈ ചരിത്രകാരന്മാർ “ദുർഗ്രഹമായ ലേഖനങ്ങൾ എഴുതി സമയം കളയുന്നതുകൊണ്ടാണ് വാട്സ്ആപ്പ് ചരിത്രത്തിന് ഇടം കിട്ടിയതെന്ന്”വീണ്ടും ആരോപിക്കുക. എന്നാൽ, ഈ വെല്ലുവിളികളിൽ ഏറ്റവും ഗുരുതരമായത്, നമ്മുടെ സമ്മിശ്രമായ ഭൂതകാലത്തെക്കുറിച്ചുള്ള വർഗീയമായ കാഴ്ചപ്പാടും വർധിച്ചുവരുന്ന മതപരമായ ധ്രുവീകരണവുമാണ്.
ചരിത്രവും ഭരണഘടനയും മുന്നോട്ടുവച്ച മതേതരത്വം
‘മതേതരത്വം’ എന്ന പദത്തിൽനിന്ന് തുടങ്ങാം. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഈ തത്വം, എല്ലാ മതങ്ങൾക്കും സഹവർത്തിത്വത്തോടെ നിലനിൽക്കാൻ അവകാശം നൽകുന്നു. ഭരണകൂടം ഒരു മതത്തോടും പ്രത്യേക മമത കാണിക്കരുത് എന്ന് ഇത് അനുശാസിക്കുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ പദത്തിന് മതവിരുദ്ധമായ അർഥതലങ്ങളുണ്ടെങ്കിൽ, ഇന്ത്യയിൽ ഇത് മതസഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമാണ്.
നമ്മുടെ ഭരണഘടനാ ശില്പികൾ ഈ ആശയം കടമെടുത്തത് ഇന്ത്യയുടെ സ്വന്തം ചരിത്രത്തിൽനിന്നാണ്; അതേ ചരിത്രമാണ് ഇന്നു നാം മറക്കണമെന്ന് ചിലർ ശഠിക്കുന്നത്. കാരണം, ചരിത്രത്തെ മറക്കാത്തിടത്തോളം കാലം സര്‍വമത സഹിഷ്ണുതയിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇന്ത്യൻ ആശയം നിലനിൽക്കുമെന്ന് ഹിന്ദുത്വ ആശയക്കാർക്ക് വ്യക്തമായി അറിയാം.
അശോക ചക്രവർത്തി തന്റെ പന്ത്രണ്ടാം ശിലാശാസനത്തിൽ ഇങ്ങനെ കുറിച്ചു: “ഒരാൾ സ്വന്തം മതത്തെ മാത്രം പുകഴ്ത്തുകയും മറ്റു മതങ്ങളെ ഇകഴ്ത്തുകയും ചെയ്യരുത്.” ബ്രാഹ്മണരും ശ്രമണരുമുൾപ്പെടെ എല്ലാ മതവിഭാഗങ്ങളെയും ‘പാഷണ്ഡ’ എന്ന പദംകൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതിനെല്ലാം അതീതമായി അഹിംസ, സഹിഷ്ണുത, കരുണ, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്ഠിതമായ ഒരു ജീവിതരീതിയായ ‘ധമ്മം’ അദ്ദേഹം മുന്നോട്ടുവച്ചു. ആയുധങ്ങൾകൊണ്ടല്ല, ധർമ്മംകൊണ്ടാണ് വിജയം നേടേണ്ടതെന്ന് അശോകൻ വിശ്വസിച്ചു.
പാഠ്യപദ്ധതിയുടെ കാവിവൽക്കരണം
പുതിയ വിദ്യാഭ്യാസനയത്തിന്റെ ചട്ടക്കൂട് പരിശോധിച്ചാൽ, വിദ്യാർഥികളിൽ ‘സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള ഉടമസ്ഥതാബോധം’ വളർത്തണമെന്ന് നിർദേശിക്കുന്നതായി കാണാം. ഇതിനെ പരിഹസിച്ചുകൊണ്ട് പ്രഫ. ഇർഫാൻ ഹബീബ് എഴുതി: “ഇത് ഓരോരുത്തർക്കും ഇഷ്ടമുള്ള ചരിത്രം സ്വന്തമായി എഴുതാമെന്ന് പറയുന്നതിന് തുല്യമാണ്.” ഇതിന്റെ ലക്ഷ്യം ഗൗരവമായ ചരിത്രപഠനമല്ല, മറിച്ച് ഭൂതകാലത്തെക്കുറിച്ചുള്ള പൊള്ളയായ മഹത്വവൽക്കരണമാണ്.
ഹാരപ്പൻസംസ്കാരം എന്നു പരക്കെ അറിയപ്പെടുന്ന സിന്ധുനദീതടസംസ്കാരത്തെ “സിന്ധു-സരസ്വതി നാഗരികത” എന്നു പുനർനാമകരണം ചെയ്യുന്നത് അതിനെ ആര്യൻ സംസ്കാരവുമായി ബന്ധിപ്പിക്കാനാണ്. ഇന്ത്യയിലേക്കുള്ള ആര്യൻ കുടിയേറ്റം ഒരു ‘കെട്ടുകഥ’യായി തള്ളിക്കളയുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളെ ചരിത്രവസ്തുതകളായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ ഇതിഹാസങ്ങളിലെ വൈവിധ്യമാർന്ന കഥകളെയും അവയുടെ യഥാർഥ ആശയങ്ങളെയും പാടെ അവഗണിച്ച് ഏകപക്ഷീയമായ വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇത് നമ്മുടെ പാരമ്പര്യങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് വിദ്യാർഥികൾക്ക് മനസ്സിലാക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. കൂടാതെ, രാമനെയും കൃഷ്ണനെയും ഗൗതമ ബുദ്ധനെപ്പോലെ ചരിത്രപുരുഷന്മാരായി ചിത്രീകരിക്കാനുള്ള പ്രവണതയും കാണുന്നു. ദ്രാവിഡ, ദാസ്യപാരമ്പര്യങ്ങളും തമിഴ്, കേരള ചരിത്രങ്ങളും അവഗണിക്കപ്പെടുന്നു. ജാതിവ്യവസ്ഥ, സതി, അടിമത്തം തുടങ്ങിയ സാമൂഹികതിന്മകളെല്ലാം മധ്യകാലഘട്ടത്തിലെ മുസ്ലിംഭരണത്തിന്റെ സംഭാവനയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രമുള്ള ഈ ദുരാചാരങ്ങളെ പുരാതന ഇന്ത്യയുടെ ചരിത്രത്തിൽനിന്ന് സമർഥമായി ഒഴിവാക്കുന്നു. സമ്മിശ്രസംസ്കാരത്തിന്റെ വികാസത്തെക്കുറിച്ചുള്ള എല്ലാ സൂചനകളും പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്യപ്പെടുന്നു. മധ്യകാലഘട്ടം കൊള്ളയുടെയും ബലാത്സംഗത്തിന്റെയും ക്ഷേത്രധ്വംസനത്തിന്റെയും കാലഘട്ടമായി മാത്രം ചിത്രീകരിക്കപ്പെടുന്നു.
അശോകനെപ്പോലെ വിശാലമായ ഒരു സാമ്രാജ്യം ഭരിച്ച ജലാലുദ്ദീൻ മുഹമ്മദ് അക്ബർ, മഹാനായ രജപുത്ര ഭരണാധികാരി മഹാറാണാ പ്രതാപിന്റെ ശത്രുവായി മാത്രം ഒതുക്കപ്പെടുന്നു. ഹൽദീഘട്ടി യുദ്ധത്തിന് പ്രാധാന്യം ലഭിക്കുമ്പോൾ, അക്ബറിന്റെ മതപരമായ സംവാദവേദിയായ ‘ഇബാദത്ത് ഖാന’യും അദ്ദേഹത്തിന്റെ മതസഹിഷ്ണുതാ നയങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമാകുന്നു.
ചരിത്രത്തിലെ സഹിഷ്ണുതയുടെ അടയാളങ്ങൾ
അശോകൻ ‘ധമ്മ’ത്തെ അടിസ്ഥാനമാക്കിയ ഒരു സദാചാരസമൂഹത്തെ വിഭാവനംചെയ്തെങ്കിൽ, അക്ബർ ‘സുൽഹ്-ഇ-കുൽ’ അഥവാ ‘സമ്പൂർണസമാധാനം’ എന്ന തത്വത്തിലൂന്നിയ ഭരണരീതി ആവിഷ്കരിച്ചു. രാജാവ് ദൈവത്തിന്റെ നിഴലാണെന്നും, അതിനാൽ ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടും പക്ഷഭേദമില്ലാതെ പെരുമാറണമെന്നും അദ്ദേഹത്തിന്റെ ചരിത്രകാരനായ അബുൽ ഫസൽ സിദ്ധാന്തിച്ചു. അക്ബറിന്റെ ഈ നയത്തെ ‘എല്ലാ മതങ്ങളെയും നിരാകരിക്കുന്നതിന് തുല്യം’ എന്നാണ് ജസ്വിറ്റ് പാതിരിയായ മോൺസെറേറ്റ് വിശേഷിപ്പിച്ചത്. അക്ബറിന്റെ കാലത്താണ് തുളസീദാസൻ ഒരു പള്ളിയിൽ ഇരുന്ന് ‘രാമചരിതമാനസം’ രചിച്ചതെന്നതും, ചൈതന്യ വിഭാഗത്തിലെ കൃഷ്ണഭക്തർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകിയെന്നതും ചരിത്രവസ്തുതകളാണ്.
ഈ പാരമ്പര്യം ദാരാ ഷിഖോ മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പിതാവായ ഷാജഹാൻ ഒരു വൈഷ്ണവ ക്ഷേത്രത്തിനു നൽകിയ സഹായത്തിൽ, ‘ക്ഷേത്രങ്ങളിൽ വിളക്ക് തെളിയിക്കുന്നത് ദൈവാരാധനയാണ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ദാരാ ഷിഖോ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ‘മജ്മ-ഉൽ-ബഹ്റൈൻ’ (രണ്ടു സമുദ്രങ്ങളുടെ സംഗമം) എന്ന കൃതിയിലൂടെ ഇസ്‌ലാമും ഹിന്ദുമതവും അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതങ്ങളാണെന്ന് അദ്ദേഹം വാദിച്ചു.
മലബാറിലെ സഹിഷ്ണുതയുടെ പൈതൃകം
പാഠ്യപദ്ധതികളെ വളച്ചൊടിക്കുകയും ചരിത്രത്തെ ഇല്ലാതാക്കുകയും ചെയ്താൽ, ലാഹോറിൽ അച്ചടിച്ച ഗസ്‌നിയിലെ സുൽത്താൻ മഹ്മൂദിന്റെ നാണയത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിയാൻ കഴിയില്ല. അതിൽ മുഹമ്മദിനെ (മഹാമദ) അവതാരമായി പരാമർശിക്കുന്നുണ്ട്. അതുപോലെ, ‘നൂഹ് സിഫിർ’ എന്ന കൃതിയിൽ, ഇന്ത്യയെയും ഇവിടത്തെ ഭാഷകളെയും, പ്രദേശങ്ങളെയും, സംസ്കാരങ്ങളെയും, പാരമ്പര്യങ്ങളെയും കുറിച്ച് അമീർ ഖുസ്രു ആദ്യമായി യഥാർഥമായ വിലയിരുത്തൽ നൽകുന്നുണ്ട്. ആദാമിനെ ഇറക്കാൻ അല്ലാഹു തിരഞ്ഞെടുത്ത പ്രിയപ്പെട്ട നാടാണ് ഇന്ത്യ എന്നും അദ്ദേഹം പറയുന്നു: “ദൈവം തിരഞ്ഞെടുത്ത ഒരു നാടായിരുന്നു ഹിന്ദുസ്ഥാൻ.” അത് ഹിന്ദു ഇന്ത്യയോ മുസ്ലീം ഇന്ത്യയോ ആയിരുന്നില്ല.
അക്ബറിനു മുൻപ്, സാമൂതിരിയുടെ ഭരണകാലത്ത് മലബാർ ‘ദാറുൽ അമാൻ’ (സമാധാനത്തിന്റെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഏഴാം നൂറ്റാണ്ടിൽത്തന്നെ ഇസ്‌ലാം കേരളത്തിലെത്തി. പതിനൊന്നാം നൂറ്റാണ്ടോടെ മലബാർ തീരത്ത് ശക്തമായ ഒരു മുസ്ലിംസമുദായം നിലനിന്നിരുന്നു. ഒരു ഹൈന്ദവരാജാവായിരുന്ന സാമൂതിരിയുടെ കീഴിൽ മുസ്ലിങ്ങൾക്ക് വ്യാപാരത്തിലും രാഷ്ട്രീയത്തിലും മതപരമായ കാര്യങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്നു. “മലബാറിലെ മിക്ക വ്യാപാരികളും നാവികരും മുസ്ലിങ്ങളാണ്” എന്നു പോർച്ചുഗീസ് സഞ്ചാരിയായ ടോം പിറെസ് (1515) രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങൾക്ക് ലഭിച്ച ഈ പ്രാമുഖ്യംകാരണം സാമൂതിരിമാർ ‘മൂർസുകളുടെ (മുസ്ലിങ്ങളുടെ) ഏറ്റവും വലിയ തലവൻ’ എന്നുപോലും അറിയപ്പെട്ടിരുന്നതായി ചരിത്രകാരൻ എം.ജി.എസ്. നാരായണൻ നിരീക്ഷിക്കുന്നു.
1502-ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടെ എല്ലാ മുസ്ലിങ്ങളെയും നാടുകടത്തണമെന്നു സാമൂതിരിയോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടി ചരിത്രപ്രധാനമാണ്. നാനൂറിലധികം വരുന്ന ആ മുസ്ലിം കുടുംബങ്ങൾ ‘അപരിചിതരല്ല, മറിച്ച് തദ്ദേശീയരാണ്’ എന്നും, അതിനാൽ അവരെ പുറത്താക്കുന്നത് അചിന്തനീയമാണെന്നും സാമൂതിരി വ്യക്തമാക്കി.
ഇതിന് സമാന്തരമായി, അക്കാലത്തെ പ്രമുഖ മുസ്ലിം പണ്ഡിതന്മാർ സാമൂതിരിക്ക് പൂർണ പിന്തുണ നൽകി. സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ (15-ാം നൂറ്റാണ്ടിന്റെ അവസാനം), അദ്ദേഹത്തിന്റെ പിൻഗാമിയും ‘തുഹ്ഫത്തുൽ മുജാഹിദീൻ’ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ കർത്താവുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (മരണം 1583) തുടങ്ങിയവർ തങ്ങളുടെ രചനകളിൽ സാമൂതിരിയെ ‘നമ്മുടെ ഭരണാധികാരി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ഈ പണ്ഡിതന്മാരുടെ കാഴ്ചപ്പാടിൽ, സാമൂതിരിയുടെ കീഴിലുള്ള മലബാർ ഒരു ‘ദാറുൽ അമാൻ’ (സമാധാനത്തിന്റെ നാട്) ആയിരുന്നു. തന്മൂലം, അത് ‘ദാറുൽ ഇസ്ലാം’ (ഇസ്ലാമിക നിയമം ബാധകമായ നാട്) എന്ന സങ്കല്പത്തിന്റെ സംരക്ഷണയിലായിരുന്നു. സാമൂതിരി ഒരു അമുസ്‌ലിം ഭരണാധികാരി ആയിരുന്നിട്ടും അദ്ദേഹത്തിന്റെ രാജ്യം ശത്രുരാജ്യമായ ‘ദാറുൽ ഹർബ്’ ആയിരുന്നില്ല എന്നതു ശ്രദ്ധേയമാണ്. ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഡോ. മഹ്മൂദ് കൂരിയയുടെ ‘A Hindu King under an Abode of Islam: Circuitous Imagination of Kingdoms among Muslims of 16th Century Malabar’ (Journal of Indian Ocean World Studies, 1, 2017) എന്ന ഗവേഷണ പ്രബന്ധം ഏറെ സഹായകമാണ്.
കൊളോണിയൽ ആധിപത്യത്തിനു മുൻപ് ഇന്ത്യയെ കണ്ടിരുന്നത് ഇപ്രകാരമായിരുന്നു; മതത്തിന്റെയോ സമുദായത്തിന്റെയോ കണ്ണടയിലൂടെയല്ലാതെ, ഒരു സമ്മിശ്ര സംസ്കാരത്തിന്റെ ഭൂമികയായി. പുതിയ വിദ്യാഭ്യാസ നയപ്രകാരം തയ്യാറാക്കിയ പാഠ്യപദ്ധതി പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ ചരിത്രയാഥാർഥ്യങ്ങൾ നഷ്ടമായിപ്പോകരുത്.
ചരിത്രത്തെ പുരാതനം, മധ്യകാലം, ആധുനികം എന്നിങ്ങനെ മൂന്നായി വിഭജിക്കുന്ന രീതിക്ക് തുടക്കമിട്ടത് 1688-ൽ ജർമ്മൻ ചരിത്രകാരനായ ക്രിസ്റ്റോഫ് സെല്ലേറിയസ് ആണ്. എന്നാൽ ജെയിംസ് മില്ലിനെപ്പോലുള്ള യൂട്ടിലിറ്റേറിയൻ ചിന്തകർ ഈ ആശയത്തെ ഇന്ത്യയിൽ വക്രീകരിച്ച് പ്രയോഗിച്ചു. അവർ ഇന്ത്യൻ ചരിത്രത്തെ ഹൈന്ദവ, ഇസ്ലാമിക, ബ്രിട്ടീഷ് കാലഘട്ടങ്ങളായി തരംതിരിച്ചു. യൂറോപ്യൻ മാതൃകയിൽ, പുരാതനകാലം ഗഹനവും, മധ്യകാലം ഇരുണ്ടതും, നവോത്ഥാനാനന്തരമുള്ള ആധുനികകാലം യുക്തിയുടെയും പ്രബുദ്ധതയുടെയും യുഗവുമായിരുന്നു. ഈ മാതൃക ഇന്ത്യയിൽ പ്രയോഗിച്ചപ്പോൾ, അതുവരെ ‘ഹൈന്ദവ-ഇസ്ലാമിക സ്വേച്ഛാധിപത്യത്തിൽ’ അമർന്നിരുന്ന ഇന്ത്യയെ ‘രക്ഷിക്കാനും’ ‘ആധുനികവൽക്കരിക്കാനും’ എത്തിയവരാണ് ബ്രിട്ടീഷുകാർ എന്നു വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ജെയിംസ് മില്ലിന്റെ ഈ വർഗീയ വിഭജനം, പിൽക്കാലത്ത് സവർക്കറും ജിന്നയും മുന്നോട്ടുവെച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ബീജാവാപമായിരുന്നുവെന്നുകാണാം.
പിൽക്കാലത്ത്, 1903-ൽ സ്റ്റാൻലി ലെയ്ൻ-പൂൾ ഈ ഹൈന്ദവ-ഇസ്ലാമിക-ബ്രിട്ടീഷ് വിഭജനത്തെ ഉപേക്ഷിച്ച് പുരാതനം-മധ്യകാലം-ആധുനികം എന്ന യഥാർഥമാതൃക സ്വീകരിച്ചെങ്കിലും, അദ്ദേഹംപോലും തന്റെ പുസ്തകത്തിൽ ഇന്ത്യയുടെ മധ്യകാലഘട്ടത്തെ ‘മുഹമ്മദൻ ഭരണത്തിന്റെ’ കാലഘട്ടമായിത്തന്നെയാണ് പരിഗണിച്ചത്.
ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളി, സവർക്കറുടെ ആശയങ്ങൾ പിൻപറ്റുന്നവർ ഈ ഹൈന്ദവ-ഇസ്ലാമിക ദ്വന്ദ്വത്തെ ചരിത്രത്തിൽ വീണ്ടും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ചരിത്രപാഠ്യപദ്ധതി മാറ്റിയെഴുതിക്കൊണ്ട് ഈ ലക്ഷ്യംനേടാൻ അവർ ശ്രമിക്കുന്നു. ആ വെല്ലുവിളിയെ വിശദമായി പരിശോധിക്കുന്നതിന് മുൻപ്, മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടതുണ്ട്.
1960-കളിൽ ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ തുടക്കമിട്ട ഗാഢമായ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും—അവരുടെ പഠനങ്ങൾ ചരിത്രത്തിന്റെ ശ്രദ്ധ വ്യക്തിഗത ഭരണാധികാരികളിൽനിന്ന് വിശാലമായ വർഗഘടനകളിലേക്കും, രാജവംശങ്ങളുടെ ചരിത്രത്തിൽനിന്ന് സാധാരണജനങ്ങളുടെ ചരിത്രത്തിലേക്കും മാറ്റി -നമ്മുടെ അധ്യാപനരീതികൾ ഇന്നും വലിയൊരളവിൽ പരമ്പരാഗതമായി തുടരുന്നു. ഉദാഹരണത്തിന്, മധ്യകാലഘട്ടത്തെക്കുറിച്ചുള്ള പഠനം പലപ്പോഴും ഖുതുബുദ്ദീൻ ഐബക്കിന്റെ ഡൽഹി സുൽത്താനേറ്റ് സ്ഥാപനത്തോടെയാണ് ആരംഭിക്കുന്നത്. ഇതു ചരിത്രാഖ്യാനത്തെ കേവലം രാജവംശ സംഭവങ്ങളിൽ ഒതുക്കിനിർത്തുന്നു.
ഈ സമീപനത്തിന് ദീർഘകാലമായി നിലനിൽക്കുന്ന പല പരിമിതികളുണ്ട്:
സാമൂഹിക-സാമ്പത്തിക ചരിത്രത്തോടുള്ള അവഗണന: കാർഷിക വ്യവസ്ഥകൾക്കും സാമൂഹിക ഘടനകൾക്കും ഊന്നൽ നൽകിയ അലിഗഡ് പോലുള്ള പഠനകേന്ദ്രങ്ങളിലെ ഗവേഷണങ്ങൾ ഇനിയും പാഠ്യപദ്ധതിയുടെ മുഖ്യധാരയിലേക്ക് പൂർണമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല.
ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ: ഉത്തരേന്ത്യൻ ചരിത്രത്തിന് നിരന്തരമായി അമിത ഊന്നൽ നൽകിവരുന്നു. പാല, പ്രതിഹാര, രാഷ്ട്രകൂട സാമ്രാജ്യങ്ങൾ ഉൾപ്പെട്ട ‘ആദ്യകാല മധ്യകാലഘട്ടം’ (ക്രി.വ. 800-1200) പലപ്പോഴും ഒരു ഹ്രസ്വമായ ഇടവേളയായി ചുരുക്കപ്പെടുന്നു. ദക്ഷിണേന്ത്യയുടെ സമ്പന്നമായ രാഷ്ട്രീയ, സാമൂഹിക,സാമ്പത്തിക ചരിത്രം വലിയൊരളവിൽ അവഗണിക്കപ്പെടുന്നു. കാകതീയർ പോലുള്ള രാജവംശങ്ങൾ പാഠപുസ്തകങ്ങളിൽ അവ്യക്തമായ അടിക്കുറിപ്പുകളായി ഒതുങ്ങുമ്പോൾ, കേരളം പോലുള്ള പ്രദേശങ്ങളുടെ ചരിത്രം ചർച്ചകളിൽനിന്ന് പൂർണമായും അപ്രത്യക്ഷമാകുന്നു.
വിമർശനങ്ങൾ അനുസരിച്ച്, ഏകദേശം 2020-21 കാലഘട്ടത്തിൽ യു.ജി.സി മുന്നോട്ടുവെച്ച ബി.എ ഓണേഴ്‌സ് ചരിത്രപാഠ്യപദ്ധതിയുടെ കരടുരൂപം, കൂടുതൽ ബോധപൂർവവും പ്രത്യയശാസ്ത്രപരവുമായ ചില മാറ്റങ്ങൾ അവതരിപ്പിക്കുന്നുണ്ട്:
പ്രാചീന ഇന്ത്യയെ പുനർവ്യാഖ്യാനിക്കൽ
‘ഭാരതം’ എന്ന ആശയം: ‘ഇന്ത്യ, അതായത് ഭാരതം’ എന്ന ആശയത്തെ, കാലക്രമേണ പരിണമിച്ചുണ്ടായ ഒന്നായി കാണുന്നതിനു പകരം, പുരാതനകാലം മുതൽ മാറ്റമില്ലാതെ നിലനിൽക്കുന്ന ഏകശിലാത്മകമായ ഒന്നായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു.
ആര്യന്മാരുടെ ഉത്ഭവം: ഉപഭൂഖണ്ഡത്തിലേക്ക് ‘ആര്യൻ കുടിയേറ്റം’ ഉണ്ടായിട്ടില്ലെന്നും, മറിച്ച് ആര്യന്മാരുടെ യഥാർഥ ഉറവിടം ഇന്ത്യയാണെന്നും അവിടെനിന്ന് അവർ മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുകയാണുണ്ടായതെന്നും പഠിപ്പിക്കാൻ പാഠ്യപദ്ധതി നിർബന്ധിക്കുന്നു.
വൈദിക കാലഘട്ടത്തെക്കുറിച്ചുള്ള വിവരണം: വൈദിക കാലഘട്ടത്തെ ജാതിവ്യവസ്ഥ, സ്ത്രീപീഡനം തുടങ്ങിയ സാമൂഹിക തിന്മകൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടമായി ചിത്രീകരിക്കുന്നു.
മധ്യകാല ഇന്ത്യയുടെ പുനരാഖ്യാനം
സമാനമായ രീതിയിൽ, മധ്യകാലഘട്ടത്തെ ഒരു ‘ഇരുണ്ട കാലഘട്ടമായി’ ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ‘വിദേശികളായ’ മുസ്ലീം ഭരണാധികാരികൾ ഇന്ത്യയുടെ മഹത്തായ പൗരാണികനേട്ടങ്ങളെ നശിപ്പിച്ചുവെന്നും, ജാതി വ്യവസ്ഥ, പർദ, സതി, വിധവകളോടുള്ള വിവേചനം, അടിമത്തം തുടങ്ങിയ സാമൂഹികതിന്മകൾ ഇവിടെ അവതരിപ്പിച്ചത് അവരാണെന്നും ഈ ആഖ്യാനം സ്ഥാപിക്കാൻ ശ്രമിക്കുന്നു.
ഈ സമീപനത്തിന്റെ ഭാഗമായി:
ബൗദ്ധികചരിത്രം: അൽ-ബിറൂനിയെപ്പോലുള്ളവരെ ഇന്ത്യൻനാഗരികതയുടെ നിഷ്പക്ഷനിരീക്ഷകർ എന്ന നിലയിൽനിന്ന് പരിഹസിക്കപ്പെടേണ്ട വ്യക്തികളായി തരംതാഴ്ത്തുന്നു. അമീർ ഖുസ്രുവിനെ അവഗണിക്കുകയും അബുൽ ഫസലിനെ പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു.
ഡൽഹി സുൽത്താനേറ്റ്: സുൽത്താനേറ്റ് കാലഘട്ടത്തെ (1206-1526) പൂർണമായി ഒരു ഉപ-യൂണിറ്റിലേക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നു. ഭരണാധികാരികളെ കാരിക്കേച്ചറുകളായി ചിത്രീകരിക്കുന്നു. അലാവുദ്ദീൻ ഖിൽജിയെ ഹിന്ദു സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ ഒരു കിരാതനായി മാത്രം ചിത്രീകരിക്കുകയും, അദ്ദേഹത്തിന്റെ സുപ്രധാനമായ സാമ്പത്തിക, വിപണി പരിഷ്കാരങ്ങൾ പൂർണമായും മായ്ച്ചുകളയുകയും ചെയ്തിരിക്കുന്നു. മുഹമ്മദ് തുഗ്ലക്കിന്റെ കാർഷിക പരിഷ്കാരങ്ങളും ഒഴിവാക്കപ്പെട്ടു.
മുഗൾ സാമ്രാജ്യം: മുഗളന്മാരെ നിലനിറുത്തുന്നത് വളരെ തിരഞ്ഞെടുത്ത രീതിയിലാണ്. അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ, അവർ ‘ഹിന്ദു’ താൽപര്യങ്ങൾക്ക് ദോഷകരമായി പ്രവർത്തിച്ചു എന്നു ചിത്രീകരിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം, റാണാ സംഗ്രാം സിങ്ങിനെയും മഹാറാണാ പ്രതാപിനെയും വിദേശഭരണത്തിനെതിരെ പോരാടിയ രാജ്യസ്നേഹികളായി ഉയർത്തിക്കാട്ടുന്നു.
സംഘർഷങ്ങളുടെ തിരഞ്ഞെടുത്ത ആഖ്യാനങ്ങൾ: ചിറ്റോർ, രൺതംഭോർ തുടങ്ങിയ യുദ്ധങ്ങളെ അവയുടെ ക്രൂരതയുടെ പേരിൽ എടുത്തു കാണിക്കുമ്പോൾ, ആ യുദ്ധങ്ങളിൽ മുഗൾ സൈന്യത്തെ നയിച്ചത് രാജാ മാൻ സിംഗിനെപ്പോലുള്ള രജപുത്ര പ്രമുഖരായിരുന്നു എന്ന നിർണായകമായ ചരിത്ര പശ്ചാത്തലം ഒഴിവാക്കപ്പെടുന്നു. മുഗൾ ഭരണത്തിലും അന്നത്തെ സംയോജിത സംസ്കാരത്തിലും രജപുത്രർ വഹിച്ച പ്രധാന പങ്കിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
തെറ്റായ കർത്തൃത്വവും കഥാപാത്ര ചിത്രീകരണവും: ഹിന്ദുമതത്തെ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ബഹുമതി അക്ബറിൽനിന്ന് ദാരാ ഷിക്കോവിലേക്ക് മാറ്റിവച്ചിരിക്കുന്നു. വില്ലനായി ചിത്രീകരിക്കപ്പെടുന്ന ഔറംഗസീബിന്റെ ക്രൂരത വർധിപ്പിക്കാൻ ദാരയെ ഒരു ഉപകരണം മാത്രമായി ഉപയോഗിക്കുന്നു. ശിവാജിയുടെ മഹത്വം ഉയർത്തിക്കാട്ടാൻ ഔറംഗസീബിന്റെ പ്രതിനായകത്വം അനിവാര്യമായി കണക്കാക്കപ്പെടുന്നു. 18-ാം നൂറ്റാണ്ടിൽ പേഷ്വ ബാജി റാവുവുമായി ബന്ധപ്പെട്ട ‘ഹിന്ദുപദ് പാദ്ഷാഹി’ എന്ന ആശയം, കാലഗണനയ്ക്ക് നിരക്കാത്ത രീതിയിൽ ഔറംഗസീബിന്റെ കാലഘട്ടത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. കബീർ, ദാദു തുടങ്ങിയ മിസ്റ്റിക് കവികളെ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
ആധുനിക കാലഘട്ടം
ആധുനിക ഇന്ത്യയുടെ പാഠ്യപദ്ധതിയിലും ഈ സമീപനം പ്രകടമാണ്. കൊളോണിയലിസത്തെ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. 1857 മുതൽ 1947 വരെയുള്ള ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ചരിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ ഇന്ത്യയുടെ സമ്പത്ത് ചോർച്ച ഉൾപ്പെടെ, നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. 1943-44-ലെ ബംഗാൾ ക്ഷാമം പോലുള്ള ഒരു വലിയ ദുരന്തം പോലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യമായി കണക്കാക്കിയിട്ടില്ല.
നിർഭാഗ്യവശാൽ, എൻ.സി.ഇ.ആർ.ടി (NCERT) പാഠപുസ്തകങ്ങളിൽ സമീപകാലത്ത് വരുത്തിയ ഒഴിവാക്കലുകളും ഇതേ അജണ്ടയെയാണ് പ്രതിഫലിപ്പിക്കുന്നത്. ആറാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പാഠ്യഭാരം ലഘൂകരിക്കുന്നു എന്ന പേരിൽ, വ്യാപകമായ ഒഴിവാക്കലുകൾ വരുത്തിയിട്ടുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി, മുസ്‌ലിം ഭരണകാലത്തിനു മുമ്പുള്ള ഇന്ത്യയിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പൂർണമായും നീക്കംചെയ്യുമ്പോൾ, മധ്യകാല ഇന്ത്യയുടെ ചരിത്രത്തിൽ സമാനമായ പരാമർശങ്ങൾ നിലനിർത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇതിലൂടെ ഒരു സമന്വയസംസ്കാരത്തെക്കുറിച്ചുള്ള സുപ്രധാനമായ അധ്യായങ്ങൾതന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മുസ്‌ലിം ഭരണാധികാരികളുടെ സദസ്സുകളിലെ ഹിന്ദു കലാകാരന്മാരെയും ശില്പികളെയും കുറിച്ചുള്ള ഭാഗങ്ങൾ, ഹിന്ദു-മുസ്ലിം വാസ്തുവിദ്യയുടെ സമന്വയത്തിലൂടെ രൂപപ്പെട്ട വാസ്തുവിദ്യാ ശൈലികളെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തൽഫലമായി, ഒരു വിദ്യാർഥിക്ക് ഇനി താഴെ പറയുന്ന കാര്യങ്ങൾ അറിയാൻ സാധിക്കാതെ വരുന്നു:
അലാവുദ്ദീൻ ഖൽജിയുടെ കമ്മട്ടത്തിന്റെ (mint) മേധാവിയായിരുന്ന ഠാക്കൂർ ഫേരു എന്ന ഹിന്ദു ഗണിതശാസ്ത്രജ്ഞൻ, കുംഭഗോപുരങ്ങളും കമാനങ്ങളും നിർമിക്കുന്നതിനെക്കുറിച്ച് തന്റെ സംസ്കൃത ഗ്രന്ഥത്തിൽ വിവരിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുള്ള വിഖ്യാതമായ ‘രാഗദർപൺ’ എന്ന ഗ്രന്ഥം എപ്രകാരമാണ് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ. ഇതുപോലുള്ള ഒഴിവാക്കലുകൾ കബീറിനെപ്പോലുള്ളവരുടെ ഭക്തിപ്രസ്ഥാനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യൻ ഭൂതകാലത്തെ അതിന്റെ സമ്പന്നമായ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അവഗണിച്ച് ഏകശിലാത്മകമായ ഒരു ആഖ്യാനത്തിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നു. ഈ സമീപനം ഇന്ത്യയിലെ അഹിന്ദുക്കളെ മാത്രമല്ല, നമ്മുടെ സമൂഹത്തിലെ ബ്രാഹ്മണേതര വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കുന്നു. നമ്മുടെ ചരിത്രത്തിലെ സംഭവങ്ങളെയും വ്യക്തികളെയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്: സൗകര്യപ്രദമായതിനെ സ്വീകരിക്കുകയും അസൗകര്യമായതിനെ തിരസ്കരിക്കുകയും ചെയ്യുന്ന രീതിയാണിത്.
ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നാസി ജർമ്മനിയിൽ ഇത്തരം ശ്രമങ്ങൾ വിജയിച്ചിട്ടില്ല; അവ വീണ്ടും പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണ്.