നീതിന്യായ വ്യവസ്ഥയിലെ അധികാരം – ജസ്റ്റിസ് കുര്യന്‍ ജോസഫ്

നീതിന്യായ വ്യവസ്ഥയിലെ അധികാരം –  ജസ്റ്റിസ് കുര്യന്‍ ജോസഫ്

അധികാര വിനിയോഗം ഏകപക്ഷീയമായതോ പരിധിയില്ലാത്തതോ പരിമിതിയില്ലാത്തതോ മാനദണ്ഡങ്ങളില്ലാത്തതോ അല്ല. എപ്പോഴും മാർഗനിർദേശങ്ങൾക്കു വിധേയമാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത തലത്തിലായാലും എവിടെയായാലും അധികാരവിനിയോഗം നിയമാനുസൃതമായിരിക്കണം.


ജോൺ എമെറിച്ച് എഡ്വേർഡ് ഡാൽബെർഗ്-ആക്ടൺ, ലോഡ്‌ ആക്ടൺ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിഭാശാലി, ഒരു നൂറ്റാണ്ട്‌ മുമ്പ്‌ അധികാരം കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ലോകത്തോട്‌ ശക്തമായി വിളിച്ചു പറഞ്ഞു. ഒരു ബിഷപ്പിനെഴുതിയ ഒരു കത്തിലാണ് അദ്ദേഹം ഈ ആശയം പ്രകടിപ്പിച്ചത്.


രാഷ്ട്രീയക്കാരനും, പ്രഫസ്സറും, ചരിത്രകാരനും, എഴുത്തുകാരനും, ചിന്തകനുമായിരുന്ന ആക്ടൺ, ഇൻക്വിസിഷനെക്കുറിച്ചുള്ള ചരിത്ര വളച്ചൊടിക്കലിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് ഈ കത്ത് എഴുതിയത്. അദ്ദേഹം വാദിച്ചത്, അധികാരം ഒരു കൈയിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ അത് അധികാരമുള്ളവരെ ദുഷിപ്പിക്കുകയും, അങ്ങനെ ദുഷിച്ച അധികാരം വലിയ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ്.


ആക്ടന്റെ ഈ കത്തിലെ പ്രസക്ത ഭാഗം വായിക്കുന്നത് നമുക്ക് ഇന്നും പ്രചോദനമാകും. കാരണം, അദ്ദേഹത്തിന്റെ ആശങ്കകൾ ഇന്നും പ്രസക്തമാണ്. അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നാം ഇന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോർഡ് ആക്ടൺ ബിഷപ്പ് ക്രെയ്റ്റണിന് എഴുതിയ കത്തിലെ ആ ഭാഗം ഇതാണ് :


“I cannot accept your canon that we are to judge Pope and King unlike other men, with a favourable presumption that they did no wrong. If there is any presumption it is the other way against holders of power, increasing as the power increases. Historic responsibility has to make up for the want of legal responsibility. Power tends to corrupt and absolute power corrupts absolutely. Great men are almost always bad men, even when they exercise influence and not authority: still more when you superadd the tendency or the certainty of corruption by authority. There is no worse heresy than that the office sanctifies the holder of it. That is the point at which the negation of Catholicism and the negation of Liberalism meet and keep high festival, and the end learns to justify the means.”


രാജാവാണെങ്കിലും മാർപ്പാപ്പയാണെങ്കിലും, അധികാരം ദുരുപയോഗം ചെയ്താൽ തെറ്റുകൾ സംഭവിക്കുമെന്നും അവരുടെ സ്ഥാനമഹത്ത്വംകൊണ്ട് തെറ്റുകളെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും തുറന്നടിച്ച ആളാണ് ആക്ടൺ. അദ്ദേഹത്തിന്റെ പേരിലാണ് ഇന്ന് ലോകത്ത് അധികാരത്തിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നത്.


‘അധികാരം ദുഷിപ്പിക്കുന്നു, അമിതമായ അധികാരം പൂർണമായും ദുഷിപ്പിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകൾ ഇന്നും പ്രസക്തമാണ്. അമിതമായ അധികാരം അഥവാ കേന്ദ്രിതമായ അധികാരം  അഴിമതിക്ക് വളമാകുകയും സമൂഹത്തിന് ഭീഷണിയാകുകയും ചെയ്യും. ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും മതങ്ങളിലും അധികാര കേന്ദ്രീകരണത്തിന്റെ അപകടങ്ങൾ നമുക്ക് കാണാം. നീതിന്യായ വ്യവസ്ഥയിലും ഈ ദൂഷ്യം ഉണ്ടെന്നുള്ളതാണ് സത്യം.


നീതിന്യായ വ്യവസ്ഥയിലെ അധികാര കേന്ദ്രീകരണം


നമ്മുടെ ഭരണഘടനയിൽ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാർ മാത്രമാണു ഭരണഘടന ഉയര്‍ത്തിപ്പിടിച്ചോളാം എന്നു പറഞ്ഞു സത്യപ്രതിജ്ഞ എടുക്കുന്നത്. “I will uphold the sovereignty and integrity of India, that I will duly and faithfully and to the best of my ability, knowledge and judgment perform the duties of my office without fear or favor, affection or ill-will and that I will uphold the Constitution and the laws”. എന്നാണ് നമ്മുടെ ഭരണഘടനയിലെ മൂന്നാം ഷെഡ്യൂൾ അനുസരിച്ച് ഈ ജഡ്ജിമാർ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയായിട്ടോ സത്യപ്രതിജ്ഞ എടുക്കുന്നത്. വേറെ ആര്‍ക്കും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ഇല്ല.  രാജ്യത്തിന്റെ പരമോന്നത അധികാരിയായി ഭരണഘടന വിഭാവനംചെയ്തിരിക്കുന്ന രാഷ്ട്രപതിയുടെയോ ഉപരാഷ്ട്രപതിയുടെയോ  സത്യപ്രതിജ്ഞയിൽപ്പോലും ആ ഒരു വാചകം ഇല്ല.  പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ എടുക്കുന്ന പ്രതിജ്ഞയും അങ്ങനെത്തന്നെയാണ്. ഈ പ്രത്യേകത ഇവിടെ ചൂണ്ടിക്കാണിക്കാൻ കാരണം  ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടന കോടതികള്‍ക്കും ആത്യന്തികമായി സുപ്രീംകോടതിക്കുമാണ് എന്ന് ഊന്നിപ്പറയാനാണ്. ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീംകോടതി. ഇത് രാജ്യത്തെ നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം ഭരണഘടനയുടെ രക്ഷാധികാരിയും കൂടിയാണ്.


സുപ്രീംകോടതിയിലെ  ജഡ്ജിമാരോ ഹൈക്കോടതികളിലെ  ജഡ്ജിമാരോ എടുക്കുന്ന  പ്രതിജ്ഞയിൽ  I will uphold the constitution and laws… എന്നു പറയുന്നതിന്റെ അർത്ഥം ഓരോരുത്തർക്കും അവരവരുടേതായിട്ടുള്ള വിശ്വാസങ്ങളും ആശയസംഹിതകളും ഒക്കെ കാണും. പക്ഷേ, ഒരു വ്യക്തി ഒരു ഭരണഘടന കോടതിയിലെ ജഡ്ജിയായി നിയമിക്കപ്പെട്ടു കഴിഞ്ഞാൽ അദ്ദേഹം ആ ഭരണഘടന കോടതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഭരണഘടന കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ അദ്ദേഹത്തിന്റെ കൈകൊണ്ട് നിർവഹിക്കപ്പെടുന്നു എന്നു മാത്രമേയുള്ളൂ.


കോടതിക്കുള്ളത് jurisdiction(ന്യായാധികാരം)നാണ്, ജഡ്ജിക്ക് ഒരു അധികാര(power)വും ഇല്ല. ജഡ്ജിയുടേതല്ല അധികാരം കോടതിയുടെതാണ് jurisdiction. ഈ പവറും ജൂറിസ്ഡിക്ഷനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഉദാഹരണമായി, കോടതിയുടെ territorial jurisdiction. ഒരു സംസ്ഥാനത്തിലെ ഒരു ഹൈക്കോടതിയുടെ  കീഴിൽ വരുന്ന കേസ് വേറൊരു സംസ്ഥാനത്തെ ഹൈക്കോടതിയിൽ സാധാരണഗതിയിൽ വിചാരണചെയ്യാൻ പറ്റില്ല. അതുപോലെ ഒരു കുറ്റകൃത്യം നടന്ന കോടതിയുടെ പരിധിയിലുള്ള മജിസ്ട്രേറ്റ് കോടതിക്കു മാത്രമേ കുറ്റകൃത്യം വിചാരണ ചെയ്യാൻ പറ്റുള്ളൂ. വേറെ ഒരു കോടതിക്കും പറ്റില്ല. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം കേസുകൾ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നിര്‍ദേശപ്രകാരം  മറ്റൊരു കോടതിയിലേക്ക് മാറ്റാൻ സാധിക്കൂ. അതുപോലെതന്നെ  financial  jurisdiction ഉണ്ട്. ഒരു കോടതിയുടെ സാമ്പത്തിക അധികാരപരിധി, അത് ആ കോടതി കൈകാര്യം ചെയ്യുന്ന  കേസുകളുടെ, അതിലടങ്ങിയിരിക്കുന്ന തര്‍ക്കത്തിന്റെ  സാമ്പത്തിക മൂല്യമാണ്. ഇത് കോടതികളുടെയും സംസ്ഥാനങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, കേരളത്തിൽ, മുൻസിഫ് കോടതിയുടെ സാമ്പത്തിക അധികാരപരിധി 10 ലക്ഷം രൂപ വരെയാണ്, അതേസമയം ഒരു ജില്ലാ കോടതിയുടെ സാമ്പത്തിക അധികാരപരിധി രണ്ട് ലക്ഷം രൂപയാണ്. അതുപോലെത്തന്നെയാണ് ശിക്ഷയും. മജിസ്ട്രേറ്റിനും ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിനും വിധിക്കാവുന്ന ശിക്ഷയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍പ്പിന്നെ സെഷന്‍സ്  കോടതികളാണ് വിധി കര്‍ത്താക്കൾ. മജിസ്ട്രേറ്റിനു ഒരു പ്രതിയെ തൂക്കിക്കൊല്ലാനുള്ള അധികാരമില്ല. അധികാരം എന്ന് ഉദ്ദേശിക്കുന്നത് jurisdiction ആണ്. ആ തൂക്കിക്കൊല്ലാനുള്ള അധികാരം നിക്ഷിപ്തമായിട്ടുള്ളത് ഹൈക്കോടതിയുടെ അന്തിമതീര്‍പ്പിനു വിധേയമായി സെഷന്‍സ് കോടതികളിൽ മാത്രമേ ഉള്ളൂ.


ജീവപര്യന്തം തടവടക്കമുള്ള വിവിധ ശിക്ഷകൾക്ക് ഹൈക്കോടതിയുടെ ദൃഢീകരണം ആവശ്യമില്ല. എന്നാൽ, ഒരു സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ, അതിന്റെ അന്തിമ തീരുമാനമെടുക്കുന്നത് ഹൈക്കോടതിയാണ്. അതിനാൽ, ഈ അധികാരത്തെ നമുക്ക് വ്യക്തിയിൽ, അതായത് ജഡ്ജിയിൽ, നിക്ഷിപ്തമായ പവറായിട്ടല്ല കാണാൻ സാധിക്കുക. അത് കോടതി എന്ന നിയമസ്ഥാപനത്തിൽ നിക്ഷിപ്തമായ ഒരു jurisdiction (ന്യായാധികാരം) ആയി മനസ്സിലാക്കണം.  ഒരു നിയമസ്ഥാപനത്തിന്റെ ന്യായാധികാര നിർവഹണം നടത്തുന്ന വ്യക്തി മാത്രമാണ് ജഡ്ജ് എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാൽത്തന്നെ ഒരുപാട് വ്യത്യാസങ്ങൾ ഒരു ജഡ്ജിയുടെ കൃത്യനിര്‍വഹണത്തിൽ വരുത്താൻ കഴിയും. കാരണം, അവർ ഈ സംവിധാനത്തിലെ ഒരു ഉപകരണം മാത്രമാണ്. ഒരാളെ ജയിലിലിടാനും തൂക്കിലേറ്റാനും എനിക്കു പറ്റുമെന്നു ഒരു ന്യായാധിപൻ പറയുന്നതിൽ അർത്ഥമില്ല. കാരണം അത് ആ വ്യക്തിയുടെ പവർ അല്ല. കോടതിക്ക് ആ അധികാരമുണ്ടെങ്കിൽ, ആ കോടതിയുടെ അധികാരം നിര്‍വഹിക്കാനായിട്ടുള്ള ഒരു ന്യായാധിപൻ എന്നു മാത്രമേ അര്‍ഥമുള്ളൂ. അതുകൊണ്ട് ഒരു ജഡ്ജിക്കും അങ്ങനെ താന്തോന്നിത്തം (arbitrariness) കാട്ടാൻ പറ്റില്ല. അങ്ങനെ സ്വേച്ഛാപരമായി അധികാരം ഉപയോഗിക്കുന്നതിനെയാണ് അധികാരത്തിന്റെ ദുരുപയോഗം  എന്നു പറയുന്നത്. ഒരു അധികാരവും സ്വേച്ഛാപരമാവാൻ പാടില്ല. കാരണം ഏത് അധികാരത്തിനും ആ അധികാരത്തിന്റെ വിനിയോഗത്തിന് അതിന്റെ മാനദണ്ഡങ്ങളും അതിന്റെ രീതികളും അധികാരവിനിയോഗത്തിന്റെ കാര്യത്തിൽ ഭരണഘടനയിലോ അല്ലെങ്കിൽ ഭരണഘടനാനുസൃതമായി എഴുതപ്പെട്ട ഭരണഘടനയ്ക്കു  കീഴിൽ വരുന്ന നിയമങ്ങളിലോ എഴുതിയിട്ടുണ്ട്. അപ്രകാരം ആ അധികാരം വിനിയോഗിച്ചില്ല എന്നുണ്ടെങ്കിൽ നമ്മൾ അത് ഉയർന്ന കോടതിയിൽ ചെന്നിട്ട് അതിനെ ചോദ്യം ചെയ്യുന്നതുതന്നെ  അധികാരത്തിന്റെ ദുരുപയോഗമോ  ഇല്ലാത്ത അധികാരം ഉപയോഗിക്കലോ ആണ്. അങ്ങനെയാണ് അത്തരം  വിധികളെല്ലാം അസ്ഥിരപ്പെട്ടു പോകുന്നതും ആ ഉത്തരവുകൾ അസാധുവാക്കപ്പെടുന്നതും.


പ്രധാനപ്പെട്ട കാര്യം,  ഒരു വ്യക്തിയിൽ നിക്ഷിപ്തമാകുന്ന അധികാരം എന്നു പറയുന്നത് ആ വ്യക്തി ഏതു സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്നുവോ ആ സ്ഥാപനത്തിനുള്ള jurisdiction ആണ്.  വ്യക്തിയുടെ പവർ അല്ല. ഇതറിഞ്ഞാൽ കൃത്യനിര്‍വഹണത്തിൽ നമുക്ക് ഒരുപാട് വ്യത്യാസങ്ങൾ വരുത്താൻ പറ്റും. അതുകൊണ്ടുതന്നെ ഈ അധികാരം ആ സ്ഥാപനമായ കോടതിയെ പ്രതിനിധീകരിച്ചുകൊണ്ട് ന്യായാധിപൻ നിർവഹിക്കുമ്പോൾ അത് അമിതാധികാരപ്രയോഗമോ താന്തോന്നിത്തമോ തന്നിഷ്ടമോ ഒന്നും ആവാതെ  ഭരണഘടനാനുസൃതമായിട്ടുള്ള  ഒരു നിര്‍വഹണമേ പാടുള്ളൂ.  അതുകൊണ്ടാണ് കോടതിയിലിരിക്കുന്ന ന്യായാധിപന്   ഭരണഘടനാവബോധം വേണമെന്നു പറയുന്നത്.  അദ്ദേഹത്തിന്റെ രാഷ്ട്രീയാവബോധം, പ്രത്യയശാസ്ത്രാവബോധം, മതാവബോധം ഒക്കെ വേറെ ആയിരിക്കാം.  ഇതെല്ലാം മനഃസാക്ഷി പലവിധത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്. മനഃസാക്ഷി ഒരു കണ്ണടയാണ്. ഏതു കണ്ണട വച്ചിട്ടുവേണമെങ്കിലും ഒരു കാര്യത്തെ നോക്കിക്കാണാം. ഭരണഘടന കോടതിയിലിരിക്കുന്ന ഒരു വ്യക്തിക്ക് ഒരേയൊരു കണ്ണടയെ പാടുള്ളൂ. അത്  ഒരു  ഭരണഘടനാകണ്ണട മാത്രമാണ്. ആ വ്യക്തി ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് നിർവഹിക്കുന്ന ഉത്തരവാദിത്വം ഭരണഘടനയെ ഉയർത്തിപ്പിടിക്കുക എന്നുള്ളതാണ്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാൻ ഭരണഘടനനുസൃതമായി ഉയർത്തിപ്പിടിക്കുകയും ചെയ്യണം. ഭരണഘടനയുടെ മൂല്യങ്ങൾ അവഗണിക്കാതെ നിർവഹിക്കുകയും ചെയ്യണം. 


ന്യായാധിപന്മാരുടെ  താന്തോന്നിത്തം ഭരണഘടനാവിരുദ്ധമാണ്. ഏത് അഡ്മിനിസ്ട്രേറ്റീവ് ആക്‍റ്റിലും. കാരണം, ഭരണഘടന കോടതികളിൽ  നിക്ഷിപ്തമായിരിക്കുന്ന  അധികാരം എന്നു പറയുന്നത് ജുഡീഷ്യൽ റിവ്യൂ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ആക്ഷൻ ആണ്. ജുഡീഷ്യൽ അവലോകനം എന്നത് അധികാര വിഭജനത്തെക്കുറിച്ചുള്ള ഒരു പരിശോധനയാണ്. ഇത് നിയമനിർമ്മാണ, എക്സിക്യൂട്ടീവ് ശാഖകളുടെ  അധികാരം പരിധികടക്കുമ്പോൾ ജുഡീഷ്യറി മേൽനോട്ടം വഹിക്കണം എന്ന ആശയമാണ്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ തന്നിഷ്ടപ്രകാരം ഒരു ഉത്തരവിറക്കിയിട്ടുണ്ടോ ആ ഉത്തരവിന്റെ കാര്യത്തിൽ  താന്തോന്നിത്തം കാണിച്ചിട്ടുണ്ടോ എന്നൊക്കെ നോക്കുകയെന്നുള്ളതാണ്.    അങ്ങനെയാണെങ്കിൽ അത് നിയമപ്രകാരം അല്ല. റൂൾ ഓഫ് ലോ അല്ല, റൂൾ ഓഫ് തമ്പാണ് എന്ന് പറഞ്ഞിട്ട് അതിനെ കോടതി അസാധുവാക്കുന്നത്   അങ്ങനെയാണ്. കോടതിയുടെ മുമ്പാകെയുള്ളത് ആരാണെന്നോ ഏതാണെന്നോ ഒന്നും നോക്കാതെ അത് ഭരണഘടന കണ്ണട മാത്രം വെച്ചുകൊണ്ട് ആ കേസിനെയും ആ കാരണത്തെയും  വ്യക്തിയെയും വിചാരണ ചെയ്യുകയോ കൈകാര്യം ചെയ്യുകയോ വേണം. You show me the man and I’ll show you the rule –  ആരാണ് പ്രതി എന്നാൽ നിയമം എന്താണെന്നു ഞാൻ പറയാം  എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് അധികാരത്തിന്റെ ദുരുപയോഗം അധികാരം ഉപയോഗിക്കുന്നവരിലോ നിയമത്തെ വ്യാഖ്യാനിക്കുന്നവരിലോ സംഭവിക്കാനിടയുള്ള ഒരു ദുരന്തമാണെന്നു സൂചിപ്പിക്കുന്നതാണ്.  അതാവാൻ പാടില്ല എന്നുള്ളതാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്,   എല്ലാവർക്കും തുല്യ സംരക്ഷണവും നിയമത്തിൽനിന്നു കിട്ടണം. അതാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനമായുള്ള ആർട്ടിക്കിൾ14-ന്റെ രത്നചുരുക്കം. അതൊരു പൗരനു മാത്രമല്ല എന്നോർക്കണം. നമ്മുടെ രാജ്യത്തുള്ള ഏതു വ്യക്തിക്കും കിട്ടും. ഫണ്ടമെന്‍റൽ റൈറ്റ്സിൽ- ആർട്ടിക്കിൾ 14 തുല്യതയ്ക്കുള്ള അവകാശം, ആർട്ടിക്കിൾ 21 ജീവനും സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണവും എന്നീ രണ്ടേരണ്ടു ആർട്ടിക്കിളുകളാണ് അങ്ങനെ എല്ലാ വ്യക്തികൾക്കും കിട്ടുന്നത്. ബാക്കിയെല്ലാം പൗരന്മാർക്കാണ്. 


കണ്ണുകെട്ടിയ നീതിദേവത


ന്യായാധിപന്റെ  മുൻപിലുള്ള ആൾ ആരാണെന്നോ ഏതു തരക്കാരാണെന്നോ  ഒന്നും നോക്കാതെ നിയമം ഭരണഘടനാനുസൃതമായി മാത്രമേ നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ എന്നും കണ്ണുംപൂട്ടി തന്നെ അത് നിർവഹിക്കുമെന്നും സൂചിപ്പിക്കാൻ വേണ്ടിയാണ് നീതിദേവതയുടെ കണ്ണു കെട്ടിയിരിക്കുന്നത്. ദേവത തുല്യമായി സൂക്ഷിക്കുന്ന നീതിയുടെ തുലാസ് എല്ലാ കേസിലും തെളിവുകളുടെയും വാദങ്ങളുടെയും സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഈ സന്തുലിതാവസ്ഥ അചഞ്ചലമായി നിലനിൽക്കണം, കാരണം ഏത് വ്യതിയാനവും നീതിനിഷേധത്തിലേക്ക് നയിച്ചേക്കാം. ദേവിയുടെ കൈയിലുള്ള വാൾ, നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങൾ നടപ്പാക്കാനും ദയ കൂടാതെ തെറ്റുകളെ നിഷ്കരുണം ശിക്ഷിക്കാനുള്ള കഴിവിനെ പ്രതീകവല്‍ക്കരിക്കുന്നു. അതെല്ലാം വളരെ അർത്ഥവത്തായ ബിംബങ്ങളാണ്. ഈ ചിഹ്നങ്ങളിൽ യാതൊരുവിധ മാറ്റങ്ങളും പാടില്ല.


നീതിദേവതയുടെ കണ്ണുകെട്ടിയത് നീക്കം ചെയ്താൽ, അത് ബാഹ്യ സ്വാധീനങ്ങൾക്കോ വ്യക്തിപരമായ പക്ഷപാതങ്ങൾക്കോ ഉള്ള സാധ്യതയെ സൂചിപ്പിക്കാം. ഈ വ്യതിയാനം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ഇല്ലാതാക്കും. അത്തരം പക്ഷപാതം ജുഡീഷ്യൽ അധികാരം ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുന്നു, അത് എന്തുവിലകൊടുത്തും ഒഴിവാക്കണം.


കോടതികൾ ചിലപ്പോഴൊക്കെ പക്ഷപാതപരമായി തീരുമാനങ്ങളെടുക്കുന്നുവെന്ന  ആക്ഷേപങ്ങൾ ഉയർന്നുവരുന്നത് നമ്മുടെ ഭരണഘടനയ്ക്കും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും വലിയ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.  എല്ലാവർക്കും ഒരേ നീതി ആയിരിക്കണം. നീതിയുടെ നിര്‍വഹണം  ഒരേ അളവുകോൽ വച്ചായിരിക്കണം. അത് എത്ര ഉന്നതനായാലും എത്ര ചെറിയവനായാലും.  നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ആ തുല്യതയുടെ ത്രാസ് ഇന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കോടതിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നുള്ള ഒരു തോന്നലുണ്ട്. അത് കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരത്തിന്റെ  ശരിയായ നിർവഹണം നടക്കാത്തതിന്റെ  പ്രശ്നമാണ്.


Be you ever so high, the law is always above you….   നീയെത്ര ഉന്നതനാണെങ്കിലും നിയമത്തിന്റെ മീതെ അല്ല നിയമത്തിനു കീഴിൽ ആണ് എന്ന് ഒരു ഓർമപ്പെടുത്തൽ എപ്പോഴും ഭരണഘടനയിൽ പറയുന്ന പ്രകാരം കോടതികൾ നടത്താറുണ്ട്. ഒരർത്ഥത്തിൽ അതൊരു വലിയൊരു ശാസനകൂടിയാണ്. കാരണം, നിയമത്തിനാണ് അധികാരം. നിയമമനുസരിച്ച് മാത്രം ആ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തി മാത്രമാണ് ജഡ്ജ്. ഒരു ജഡ്ജിയുടെ പ്രധാന കർത്തവ്യം നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീർപ്പുകൽപിക്കുക എന്നതാണ്. അതിനാൽ, ഒരു ജഡ്ജി ഒരു കേസിൽ വരുന്ന  കുറ്റാരോപിതനെ, സാക്ഷിയെ, പരാതിക്കാരനെ  എന്നിവരെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പരിഗണിക്കണം. വ്യക്തിപരമായ പക്ഷപാതം കാണിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. നീതിന്യായ വ്യവസ്ഥയിലെ അധികാരം ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും പക്ഷപാതപൂർവമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ ഇത്തരം പക്ഷപാതം ഉണ്ടാകുന്നുണ്ടോ എന്ന ആശങ്ക പല തലങ്ങളിൽ ഉയർന്നിട്ടുണ്ട്.


കോടതികളുടെ വിവേചനാധികാരം


ഒരു ശിക്ഷയ്ക്ക് ആറുമാസം മുതൽ രണ്ടു വർഷം വരെ അല്ലെങ്കിൽ രണ്ടു വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ഉണ്ടെന്നു വിചാരിക്കുക. ഒരു നിർബന്ധിതകുറവും ഒരു  വിവേചനാധികാര അധികവും. ഈ വിവേചനാധികാരം എങ്ങനെയാണ് ഒരു കോടതി ഉപയോഗിക്കുന്നത്?  അത് ജഡ്ജിയുടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല. അതിനകത്തും കോടതിയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം എന്ന് പറയുന്നതു ആ വ്യക്തിയുടെ പശ്ചാത്തലം, കുറ്റവാളിയാണെങ്കിൽ കുറ്റവാളിയുടെ പശ്ചാത്തലം, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ പശ്ചാത്തലം, പ്രതിയുടെ പ്രായം, പ്രതി  ആദ്യ കുറ്റവാളിയാണോ അല്ലയോ എന്നുള്ള കാര്യം, കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രതിയുടെ മാനസികനില, കുടുംബപശ്ചാത്തലം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇതിനെ മയപ്പെടുത്തുന്ന ഘടകങ്ങൾ (mitigating factors) എന്നാണ് പറയുക. ഈ ശിക്ഷയുടെ  കാഠിന്യം കുറയ്ക്കുന്ന ഘടകങ്ങളാണ് കടുപ്പം വർദ്ധിപ്പിക്കുന്ന ഘടകങ്ങളെ(aggravating factors)ക്കാൾ കൂടുതൽ  മുന്നിട്ടുനിൽക്കുന്നത് എന്നുണ്ടെങ്കിൽ ആ ഗുണദോഷവിവേചനം പ്രതിക്ക് അനുകൂലമായിട്ട് ഉപയോഗിക്കണം. അത് കോടതിയുടെ തന്നിഷ്ടമല്ല. കോടതിയുടെ താന്തോന്നിത്തവും അല്ല. കോടതിയുടെ വിവേചനാധികാരം ഉപയോഗിക്കാനായിട്ടുള്ള ഘടകങ്ങളാണ്. ഏത് അധികാരത്തിന്റെ വിനിയോഗത്തിനും മാനദണ്ഡങ്ങളുണ്ട് എന്നു അധികാരി മറക്കരുത്. അധികാരം അത് അഹങ്കാരത്തോടെ ഉപയോഗിച്ചാൽ അതു ദുര്‍വിനിയോഗമാണ്.  അധികാരം അഹങ്കാരമായി മാറിയാലും ദുരന്തമാണ്. അങ്ങനെ അധികാരം അഹങ്കാരമായി മാറുന്ന ദുരന്തവും   അധികാരത്തെ അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ദുർവിനിയോഗവും നമ്മുടെ രാജ്യത്ത് എല്ലാ തലങ്ങളിലും കാണുന്നുണ്ട് എന്നുള്ളത് സങ്കടകരമായ ഒരവസ്ഥയാണ്.


നിയമവാഴ്ച  ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽപ്പെട്ട ഒന്നാണ്. എല്ലാം നിയമാനുസൃതമാണ്.  എല്ലാത്തിനും ഒരു ചട്ടമുണ്ട് എല്ലാം ആ ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രമേ നടക്കാവൂ. അല്ലാത്തപക്ഷം അത് ഏകാധിപത്യമോ സ്വേച്ഛാധിപത്യമോ ആകും. ഏകാധിപത്യവും സ്വേച്ഛാധിപത്യവും അല്ല എല്ലാം നിയമാനുസൃതം എന്ന് പറയുന്ന ജനാധിപത്യത്തിന്റെ അന്തസത്തയാണ് യഥാർത്ഥത്തിൽ നമ്മുടെ ഭരണഘടനയുടെ അധികാരം നിർവഹണത്തെകുറിച്ചുള്ള കാര്യത്തിൽ അടിസ്ഥാനപ്പെട്ടു നിൽക്കുന്നത്.


മാസ്റ്റർ ഓഫ് റോസ്റ്റർ


മാസ്റ്റർ ഓഫ് റോസ്റ്റർ എന്നു പറയുന്നത് ചീഫ് ജസ്റ്റിസ് ആണ്. ഹൈക്കോടതിക്കാണെങ്കിൽ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരിക്കും, ചീഫ് ജസ്റ്റിസ് ഓഫ് ഹൈക്കോര്‍ട്ട്. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനെ ഭരണഘടനയുടെ 124 ആര്‍ട്ടിക്കിളിൽ വിശേഷിപ്പിച്ചിട്ടുള്ളത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്‍ഡ്യ എന്നാണ്. പക്ഷേ,  സത്യപ്രതിജ്ഞ എടുക്കുന്നത് ചീഫ് ജസ്റ്റിസ്,  സുപ്രീം കോര്‍ട്ട്   ഓഫ് ഇന്ത്യ എന്നു പറഞ്ഞുകൊണ്ടാണ്. ഈ പൊരുത്തക്കേട് അവഗണിക്കാവുന്ന ഒരു ഇരട്ടമുഖത്തെ പ്രതിഫലിപ്പിക്കുന്നു.


കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഓരോ കോടതിക്കും പല ബഞ്ചുകളാണല്ലോ ഉള്ളത്.   എവിടെ, ഏതു കേസ്, ഏതു കോടതി തീരുമാനിക്കണമെന്നു  നിശ്ചയിക്കാനുള്ള അധികാരത്തെയാണ് മാസ്റ്റർ ഓഫ് റോസ്റ്റർ എന്നു പറയുന്നത്. ഇത് ചീഫ് ജസ്റ്റിസുമാത്രം നിര്‍വഹിക്കുന്ന ഒരു അധികാരമായിട്ടാണ് ഇക്കാലമത്രയും തുടര്‍ന്നുപോന്നിട്ടുള്ളത്. പക്ഷേ, മറ്റു സംസ്ഥാനങ്ങളിൽനിന്നുവരുന്ന ചീഫ് ജസ്റ്റിസുമാരാണ് എന്നുണ്ടെങ്കിൽ സംസ്ഥാന ഹൈക്കോടതികളിലെ ജഡ്ജിമാരുമായി അഭിപ്രായം ചോദിക്കണം  അല്ലെങ്കിൽ ചോദിക്കുമായിരിക്കും എന്നുള്ള അനുമാനമെങ്കിലും ഉണ്ട്. കേസ് എന്നെ കാണിക്കൂ, ഞാൻ ഏതു ബെഞ്ചെന്നു പറയാം എന്നൊരു ആക്ഷേപം ഒരിക്കലും ഉയര്‍ന്നുവരാൻ പാടില്ല. കാരണം, സ്ഥാപനമേധാവി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിര്‍വഹണമാണത്. അത്തരം അധികാര കേന്ദ്രീകരണം നീതിന്യായ സ്ഥാപനങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും സുതാര്യതയും അപകടത്തിലാക്കുന്നു.


span style=”font-family: lohith;”>ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം ഉള്ളതുപോലെ കോടതികളിലെ വിവിധ ബെഞ്ചുകളിലെ കേസുകൾ തീരുമാനിക്കുന്ന കാര്യത്തിലും ഒരു സമ്പ്രദായം ഉണ്ടാകുന്നത് നല്ലതാണ്. അപ്പോൾ ഈ സ്വേച്ഛാപരമായിട്ടുള്ള  അധികാരവിനിയോഗം ഒഴിവാകും. ഒരു വ്യക്തിയിൽ അധികാരം കേന്ദ്രീകൃതമാകുമ്പോഴാണ് അധികാരം ദുഷിക്കാൻ സാധ്യതയുള്ളത്. കാരണം കക്ഷികള്‍ക്ക് ആ വ്യക്തിയെ സ്വാധീനിച്ചാൽ  കൃത്യവിലോപം നടത്താം  എന്ന കാഴ്ചപ്പാട് വരും. നേരെമറിച്ച് അതൊരു സ്ഥാപനത്തിന്റെ തീര്‍പ്പാണെങ്കിൽ  ഒരു വ്യക്തിയിൽ മാത്രം കേന്ദ്രിതമല്ലായെന്നുണ്ടെങ്കിൽ അത് ദുഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. ചുരുക്കത്തിൽ അധികാരം എവിടെയെല്ലാം കേന്ദ്രിതമാകുന്നുവോ അവിടെയെല്ലാം അധികാരത്തിന്റെ ദുര്‍വിനിയോഗത്തിന് സാധ്യതകൂടുതലാണ്. അധികാരമെന്നുള്ളത് തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ നിര്‍വഹണമാണെന്നും താൻ നിയമത്തിനു കീഴിൽ ആണെന്നും ഏത് അധികാരി മനസ്സിലാക്കുന്നുവോ ആ അധികാരി തന്റെ അധികാരം ഭരണഘടനാനുസൃതമായും നിയമാനുസൃതമായും നിര്‍വഹിക്കും. അങ്ങനെ നിര്‍വഹിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിൽ നിക്ഷിപ്തമായിരിക്കുന്ന വിവേചനാധികാരവും നിയമാനുസൃതമായി നിര്‍വഹിക്കും. അതുപോലെതന്നെ ആ നിര്‍വഹണത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് ആ നിര്‍വഹണം നിഷ്പക്ഷമായും നിര്‍ഭയമായും നിരാക്ഷേപമായും വസ്തുനിഷ്ഠമായുമാണ് എന്നു കാണപ്പെടാനും അങ്ങനെ ആയിരിക്കാനും വേണ്ടി അധികാരത്തിന്റെ വികേന്ദ്രീകരണം അധികാരനിര്‍വഹണകാര്യത്തിൽ വളരെ ആവശ്യമാണ്. നല്ലതാണ്. അതു മാത്രമേ ഈ അധികാരകേന്ദ്രീകരണം വഴി ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ഒരു പരിഹാരം ആയിട്ടുള്ളൂ.


നിയമവാഴ്ച ഉള്ള രാജ്യത്ത് പേടിക്കേണ്ടത് അധികാരിയെ അല്ല, അധികാരത്തിനെയാണ്. ഒരു ഉത്തരവ് നിയമപ്രകാരം പുറപ്പെടുവിക്കപ്പെടുകയും അതനുസരിക്കേണ്ടവർ അത് ലംഘിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണെങ്കിൽ, അതനുസരിപ്പിക്കാൻ ആവശ്യമായ നടപടി ഉറപ്പാക്കുക അവശ്യമാണ്. അതിനുവേണ്ടിയാണ് വധശിക്ഷ,ജീവപര്യന്തം തുടങ്ങിയ ശിക്ഷകൾ നിലവിൽ വന്നത്. അധികാരത്തെ അധിക്ഷേപിക്കുന്ന കോടതിയലക്ഷ്യമെന്ന നിയമങ്ങളുടെ പശ്ചാത്തലവും അതുതന്നെയാണ്. പക്ഷേ, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പല അധികാരങ്ങളും നിർവഹിക്കപ്പെടണമെന്ന് അത് നിർവഹിക്കുന്ന അധികാരികൾ ശഠിക്കുന്നില്ല എന്നുള്ളതാണ്. ഉദാഹരണമായി ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യം.  ജഡ്ജിമാരുടെ നിയമനം ഇപ്പോഴുള്ള നിയമമനുസരിച്ച് കൊളീജിയം സമ്പ്രദായത്തിൽത്തന്നെയാണ്.  അതിന്റെ മറ്റു കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.  ഹൈക്കോടതിയിലെ ജഡ്ജിമാരാണെന്നുണ്ടെങ്കിൽ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാർ മൂന്നുപേർ, ചീഫ് ജസ്റ്റിസ്മാര്‍ക്ക്  രണ്ടുപേരും – കൊളീജിയം എന്നു പറയും. അവർ ശുപാർശചെയ്യും, ആ ശുപാർശ സർക്കാരിന്റെയും ഗവർണറുടെയും റിമാര്‍ക്കോടുകൂടി കേന്ദ്ര ഇൻറലിജൻസ് ഏജൻസികളുടെ അന്വേഷണത്തോടുകൂടി കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറും. അവിടെനിന്ന് വേണ്ട നടപടിക്രമങ്ങള്‍ക്കുശേഷം സുപ്രീംകോടതിയിലെ കൊളീജിയത്തിലേക്ക് അയയ്ക്കും.  സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസും രണ്ടു പേരടങ്ങുന്ന കൊളീജിയം അതിനെക്കുറിച്ച് തീരുമാനമെടുക്കും.  തീരുമാനം എടുത്തതിനുശേഷം ആ വിവരം കേന്ദ്രഗവൺമെന്റിനയയ്ക്കും. കേന്ദ്രഗവൺമെന്റ്, പ്രധാനമന്ത്രിയും പ്രസിഡന്റും അത് പാസാക്കും. ഇതാണ് ഇപ്പോഴത്തെ നിയമം. പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ വേണമെങ്കിൽ, തക്കതായ കാരണം ഉണ്ടെങ്കിൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം.  പുനഃപരിശോധിച്ചിട്ട് സുപ്രീംകോടതി വീണ്ടും പറയുകയാണ് ഞങ്ങൾ പരിശോധിച്ചു നിങ്ങൾ ചൂണ്ടിക്കാണിച്ച തടസ്സങ്ങൾക്ക് കഴമ്പില്ല, അടിസ്ഥാനമില്ല എന്നു പറഞ്ഞാൽ നിയമിച്ചേ പറ്റൂ എന്നാണ് ഇപ്പോഴത്തെ നിയമം. എന്നാൽ, ദൗർഭാഗ്യവശാൽ കഴിഞ്ഞ ആറേഴുവർഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് സുപ്രീംകോടതി  കൊളീജിയം തീരുമാനം അയയ്ക്കും സർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കും, ഇഷ്ടമില്ലാത്തവരെ പിടിച്ചു വയ്ക്കും അല്ലെങ്കിൽ തള്ളിക്കളയും. ഇതിനെതിരെ ഗൗരവമായ ഒരു നടപടിയെടുക്കാൻ സുപ്രീംകോടതി തയ്യാറായില്ല എന്നുള്ളതാണ് സങ്കടകരം.  അങ്ങനെ വന്നു കഴിയുമ്പോൾ അധികാരത്തിന്റെ വിനിയോഗത്തിലുള്ള കൃത്യവിലോപമായി അതു മാറുകയും ചെയ്യും.  കാരണം, ഒരിക്കൽ ഒരു അധികാരമുപയോഗിച്ച് കഴിഞ്ഞാൽ ആ നിർവഹിക്കപ്പെട്ട അധികാരം അതിന്റെ ഫലപ്രാപ്തിയിൽ എത്തി എന്ന് ഉറപ്പുവരുത്താനും നിയമത്തിന് ബാധ്യതയുണ്ട്. അത് അധികാരത്തിന്റെ ശരിയായ വിനിയോഗത്തിന്റെ ഭാഗം കൂടിയാണ്. അങ്ങനെ ഈ കേന്ദ്രസർക്കാർ സെലക്ടീവായി നിയമനങ്ങൾ തള്ളുകയോ പിടിച്ചുവയ്ക്കുകയോ സീനിയോറിറ്റി മറികടന്ന് ഒരുപാട് കാര്യങ്ങൾ ചെയ്ത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയിട്ടും സുപ്രീംകോടതി നോക്കുകുത്തിയായി നിസ്സഹായരായി നോക്കി നിന്നതേയുള്ളൂ എന്നതു വലിയ സങ്കടകരമായ അവസ്ഥയുണ്ട്.  അതൊരു നിയമപരമായി കൈകാര്യം ചെയ്യാൻ ഒരു ബെഞ്ച് ശ്രമം നടത്തിയിരുന്നു.  അപ്പോഴത്തെ ചീഫ് ജസ്റ്റിസ്, നേരത്തേ സൂചിപ്പിച്ച മാസ്റ്റർ ഓഫ് റോസ്റ്റർ എന്നുള്ള അധികാര ഉപയോഗിച്ച് ബെഞ്ചിൽനിന്ന് മാറ്റുകയും ചെയ്തു.  അതെല്ലാം ഈ അധികാരത്തിന്റെ വിനിയോഗത്തിലെ ദുരന്തങ്ങളുടെ ഉദാഹരണങ്ങളാണ്.  ഒരു അധികാരത്തിന്റെ സ്ഥാപനപരമായ പ്രയോഗം ഉണ്ടെങ്കിൽ അതൊരിക്കലും സംഭവിക്കില്ലായിരുന്നു.


അധികാര വിനിയോഗം ഏകപക്ഷീയമായതോ പരിധിയില്ലാത്തതോ പരിമിതിയില്ലാത്തതോ മാനദണ്ഡങ്ങളില്ലാത്തതോ അല്ല. എപ്പോഴും മാർഗനിർദേശങ്ങൾക്കു വിധേയമാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത തലത്തിലായാലും എവിടെയായാലും അധികാരവിനിയോഗം നിയമാനുസൃതമായിരിക്കണം.