നാം മരിക്കുന്നത് എന്തുകൊണ്ട്? – ഡോ. അമ്പാട്ട് വിജയകുമാർ

നാം മരിക്കുന്നത് എന്തുകൊണ്ട്? – ഡോ. അമ്പാട്ട് വിജയകുമാർ

ഒരു പതിനഞ്ചുവർഷങ്ങൾക്കുമുൻപാണ് ഈ പുസ്തകം – 2009-ലെ രസതന്ത്ര നൊബേൽ പുരസ്‌കാര ജേതാവായ വെങ്കട്ടരാമൻ രാമകൃഷ്ണന്റെ  (2024) Why We Die – The New Science of Ageing and the Quest for Immortality ഞാൻ വായിച്ചിരുന്നതെങ്കിൽ, ഈ പുസ്തകത്തെയും അതിന്റെ അനുബന്ധമേഖലകളെയും കുറിച്ച് എഴുതുവാനുള്ള ഒരു സാഹസത്തിന് ഞാൻ മുതിരുമായിരുന്നില്ല. കാരണം, അടിസ്ഥാനപരമായി ഞാൻ വെറും ഒരു ശുദ്ധഗണിത ഗവേഷകനും, ആസ്വാദകനും മാത്രമായിരുന്നു. ‘ഗണിതം – കലയുടെ സമൂർത്തഭാവമാണെന്ന്’ പ്രസിദ്ധ തത്വചിന്തകനും സാഹിത്യ നൊബേൽ ജേതാവുമായിരുന്ന ബർട്രാണ്ട് റസ്സൽ പറഞ്ഞത് അതേപടി സ്വീകരിച്ച്, ഗണിതത്തിന്റെ മറ്റു സ്വാധീനമേഖലകളിലേക്ക് ഇറങ്ങിച്ചെല്ലില്ലായിരുന്നു, പ്രത്യേകിച്ച് ജീവശാസ്ത്രത്തിലേക്ക്. പഴയ വിദ്യാഭ്യാസരീതികളനുസരിച്ച്, ഗണിതം പ്രധാനവിഷയമായി പഠിക്കുന്നവർക്ക്, ജീവശാസ്ത്രപഠനം നിഷിദ്ധമായിരുന്നു. ഇപ്പോൾ അതിനുള്ള അവസരം ധാരാളം രീതികളിൽ ഉണ്ടുതാനും. ഈ ലേഖനം വെങ്കട്ടരാമൻ രാമകൃഷ്ണന്റെ ഈ പുസ്തകത്തെക്കുറിച്ചു മാത്രമല്ല, മറിച്ച്, ശാസ്ത്രത്തിലെ വിവിധ മേഖലകൾ, പ്രത്യേകിച്ച് ഗണിതശാസ്ത്രം, സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു, എന്ന വസ്തുതയും ചർച്ച ചെയ്യുന്നുണ്ട്.


ഇന്ത്യൻ വംശജനായ അമേരിക്കൻ ജൈവ-രസതന്ത്ര ശാസ്ത്രജ്ഞനാണ് 1952-ൽ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച് വെങ്കി രാമകൃഷ്ണൻ പക്ഷേ, പഠനം അധികവും ബറോഡയിലായിരുന്നു. ബറോഡാ സർവകലാശാലയിൽനിന്നു ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയശേഷം, അമേരിക്കയിലെ ഒഹായോ സർവകലാശാലയിൽനിന്നു ഭൗതികശാസ്ത്രത്തിൽത്തന്നെ ഡോക്ടറൽ ബിരുദവും നേടി. പിന്നീട് കേംബ്രിജിലെ മോളിക്കുലർ ബയോളജി ലബോറട്ടറിയിലേക്ക് പ്രവർത്തനം മാറ്റി. അറ്റോമികതലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉൽപാദക കേന്ദ്രങ്ങളായ ‘റൈബോസോമിന്റെ’ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിന് തോമസ് സ്റ്റൈറ്റ്സ് (Thomas Steitz), ആദ യോനാഥ് (Ada E Yonath) എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു.


1660-ൽ സ്ഥാപിച്ച, ശാസ്ത്രജ്ഞരുടെ സംഘടനയാണ്, ലണ്ടൻ ആസ്ഥാനമായ റോയൽ സൊസൈറ്റി ((Royal Society). 2015-ൽ ഇതിന്റെ, ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1703-1727 കാലഘട്ടത്തിൽ സർ ഐസക്ക് ന്യൂട്ടനും, പിന്നീട്, തെർമോ ഡൈനാമിക്‌സിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വില്യം തോംസൺ, ന്യൂക്ലിയർഫിസിക്‌സിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന ഏണസ്റ്റ് റൂതർഫോർഡ് എന്നിവരും പ്രസിഡന്റുമാരായിരുന്ന മഹത്തായ ഒരു സംഘടനയാണ് റോയൽ സൊസൈറ്റി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞൻ മാത്രമല്ല. അദ്ദേഹം നല്ലൊരു ശാസ്ത്രപ്രചാരകനും, ശാസ്ത്രരചയിതാവും, ചിലപ്പോൾ ഒരു സാഹിത്യാസ്വാദകനുമാണെന്ന്, ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും. മരണത്തെക്കുറിച്ചുള്ള ചില സങ്കീർണ്ണങ്ങളായ സത്യങ്ങൾ വളരെ വിജ്ഞാനപ്രദമായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.


‘മരണം’ എന്ന മഹാസമസ്യയെപ്പറ്റി കവികളും, കഥാകാരന്മാരും ധാരാളം എഴുതിയിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികളാണ് അവയിൽ ആദ്യം ഓർമവരുന്നത്. ”മുരളീ രാഗമധുരമുഖനാമൊരു യാത്രികൻ, വരും, വിളിക്കും, ഞാൻ പോകും, വാതിൽ പൂട്ടാതെ യക്ഷമം.” മരണത്തെ, ഇത്രയും കാവ്യാത്മകമായി ആരും ചിത്രീകരിച്ചിട്ടുണ്ടാവില്ല മരണത്തെ, ‘ഒരു രംഗബോധമില്ലാത്ത കോമാളിയായും’ ‘ഒരു ഉറുക്കുപാട്ടിന്റെ ലയ വിന്യാസമായും’ സാഹിത്യകാരന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്.


എന്താണ് ‘ജീവൻ’? സ്വയം നിലനിൽക്കാനുള്ള കഴിവ്, സന്ദേശങ്ങൾ പുറപ്പടുവിക്കാനുള്ള കഴിവ്, പ്രതികരണശേഷി മുതലായ ജൈവസവിശേഷതകളുള്ള ഒരു ഭൗതികവസ്തുവിനെ, മൃതാവസ്ഥമൂലമോ, ഒരിക്കൽപ്പോലും ജൈവമാകാതിരുന്നതു മൂലമോ, അജൈവമായിരിക്കുന്ന മറ്റൊരു ഭൗതികവസ്തുവിൽനിന്നു വേർതിരിക്കുന്ന ഗുണവിശേഷമാണ്, ജീവൻ, എന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇതിലെ ഓരോ വാക്കും ദീർഘമായ വിശദീകരണത്തിന് വിധേയമാക്കേണ്ടിവരും. ഭൂമിയുണ്ടായത് ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പാണെന്നും, ഏതാണ്ട് 400 കോടി വർഷങ്ങൾക്കുമുമ്പ്, രാസപ്രവർത്തനങ്ങളിലൂടെ, പ്രോട്ടീനുകൾ, പഞ്ചസാരകൾ, ന്യൂക്ലിക് ആസിഡുകൾ എന്നീ ജൈവതന്മാത്രകൾ ഉണ്ടായതായി ശാസ്ത്രചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 1952-ൽ സ്റ്റാൻലി മില്ലർ (Stanley Miller,1930-2007) എന്ന അമേരിക്കൻ രസതന്ത്രജ്ഞൻ, ഭൂമിയുടെ ആദ്യകാല സാഹചര്യങ്ങളിൽ അജൈവപദാർത്ഥങ്ങളിൽ (inorganic) നിന്ന് ജൈവസംയുക്തങ്ങൾ (organic) നിർമിക്കപ്പെടാമെന്ന് ഹാരോൾഡ് യൂറേ (Harold Urey) യുമായി ചേർന്നുള്ള പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ‘മില്ലർ-യൂറേ പരീക്ഷണം’ എന്ന പേരിൽ ഇതു പ്രസിദ്ധമാണ്. ആദിമഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചുകൊണ്ട്, ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി, കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു, അവർ ചെയ്തത്.


മരണത്തെപ്പറ്റിയുള്ള, മനുഷ്യന്റെ ആദ്യത്തെ ഉൾക്കാഴ്ച വളരെ ആകർഷകമാണ്. മരണത്തിന്റെ അനിവാര്യത മറ്റു മൃഗങ്ങൾക്ക് അറിവുണ്ടോ എന്നതിന് തെളിവുള്ളതായി അറിയില്ലെന്ന് വെങ്കിരാമകൃഷ്ണൻ അഭിപ്രായപ്പെടുന്നുണ്ട്. വളരെ രസകരമായ മറ്റൊരു കാര്യം, മനുഷ്യർ മരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാക്കുകളാണ്. മരണപ്പെട്ടാൽ നമ്മൾ പറയുന്നു, Passed Away (കടന്നുപോകുന്നു) അല്ലെങ്കിൽ departed (യാത്രയായി) എന്നൊക്കെ. മരണം ഒരു അവസാന പ്രക്രിയ അല്ലെന്നും, മറിച്ച്, വേറെ എന്തിലേക്കോയുള്ള ഒരു മാറ്റത്തിന്റെ സൂചന മാത്രമാണെന്നു തോന്നിപ്പോകുന്നു.


കേംബ്രിജ് സർവകലാശാലയിലെ, Centre for the future of Intelligence ഡയറക്ടർ സ്റ്റീഫൻ കേവിന്റെ (Stephen Cave) അഭിപ്രായം ശ്രദ്ധേയമാണ്. അമരത്വത്തിലേയ്ക്കുള്ള അന്വേഷണം മാനവസംസ്‌ക്കാരത്തെ നൂറ്റാണ്ടുകളോളം നയിച്ചിട്ടുണ്ട് എല്ലാക്കാലത്തും ജീവിക്കുക, അല്ലെങ്കിൽ പരമാവധി വർഷം ജീവിക്കുക എന്ന ചിന്താഗതിക്കാരാണ് പലരും. മരണത്തെപ്പറ്റിയുള്ള നമ്മുടെ സമീപനം, പതിനെട്ടാംനൂറ്റാണ്ടിലെ ‘ആധുനികശാസ്ത്രത്തി’ന്റെ ആഗമനത്തോടെ മാറിത്തുടങ്ങി. മരണം ഉറപ്പാണെന്ന് സമ്മതിച്ചുതുടങ്ങിയെങ്കിലും, നമ്മളെ എക്കാലത്തും ഓർക്കണമെന്ന് മനുഷ്യർ ആഗ്രഹിക്കുന്നു. കഴിഞ്ഞ 150 വർഷങ്ങളായി, നമ്മുടെ ജീവിതദൈർഘ്യം (Life Expectancy) ഇരട്ടിയാവുകയും, രോഗങ്ങളെക്കുറിച്ചും അവയുടെ വ്യാപനത്തെക്കുറിച്ചും കൂടുതൽ അറിവ് നേടുകയും ചെയ്തു. 2012-ൽ സ്റ്റീഫൻ കേവ് പ്രസിദ്ധീകരിച്ച Immortality: The quest to live forever and how it drives civilization എന്ന പുസ്തകത്തിൽ, മനുഷ്യർക്ക് എക്കാലത്തും ജീവിക്കാനുള്ള അഭിനിവേശം എങ്ങനെ ഉണ്ടായി എന്നും, മരണത്തിന്റെ അനിവാര്യതയെ യുക്തിരഹിതമായി എതിർക്കുന്നതിന്റെ അന്വേഷണങ്ങളും നടത്തുന്നുണ്ട്.


കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ 300,000-ത്തോളം, പ്രായമാവുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി വെങ്കി ഈ പുസ്തകത്തിൽ പറയുന്നു. പ്രായമായവർ പ്രക്രിയയെ അതിജീവിക്കുവാനുള്ള മാർഗങ്ങളുമായി 700-ലധികം സ്റ്റാർട്ടപ്പ് കമ്പനികളും തുടങ്ങിയിട്ടുണ്ടത്രേ. ഈ സംരംഭങ്ങൾ എല്ലാംതന്നെ, ഒരു പ്രസക്തമായ ചോദ്യത്തിലേക്ക് നയിക്കുന്നു. അസുഖങ്ങളെയും മരണത്തെയും അതിജീവിച്ച്, ദീർഘകാലം ജീവിക്കാൻ നമുക്കു സാധിക്കുമോ? ചില ശാസ്ത്രജ്ഞന്മാരും ശതകോടീശ്വരൻമാരുമാണ് ഈ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതത്രേ. കാരണം, അവരില്ലാത്ത ഒരു ലോകം അവർക്ക് സങ്കല്പിക്കുവാൻ പോലും സാധിക്കുന്നില്ല.


ഭൂമിയിൽ ജീവൻ നിയന്ത്രിക്കപ്പെടുന്നത് പരിണാമം കാരണമാണ് മനുഷ്യർക്ക് വളരെ മുമ്പുതന്നെ, അനാദികാലം മുതൽ ഈ ഭൂമിയിൽ വൈറസുകൾ ഉണ്ടായിരുന്നുവെന്നും, നമ്മളെല്ലാം മരിച്ചാലും അവ ഭൂമിയിൽ നിലനിൽക്കുമെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ മഹാസത്യം നിലവിലിരിക്കെ, ശാസ്ത്ര-സാങ്കേതികവിദ്യകളുപയോഗിച്ച് മരണത്തെ കീഴ്‌പ്പെടുത്താമെന്ന് മനുഷ്യർ ചിന്തിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു അഹന്തയുടെ ചിന്തകളല്ലേ? അങ്ങനെയെങ്കിൽ, മരണത്തെക്കുറിച്ചുള്ള നമ്മുടെ ലക്ഷ്യങ്ങൾ എന്തായിരിക്കണമെന്ന് വെങ്കിരാമകൃഷ്ണൻ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ഗവേഷണം, മനുഷ്യശരീരത്തിന്റെ അടിസ്ഥാനഘടകമായ പ്രോട്ടീനുകൾ, കോശങ്ങളിൽ എങ്ങനെ നിർമിക്കപ്പെടുന്നു? എന്നതിലായിരുന്നു.


ഈ പ്രശ്‌നം വളരെ സങ്കീർണവും ജീവശാസ്ത്രത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിക്കുന്നതുമാണ്. മരണരഹസ്യവും, അതിനെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തി, പണം സ്വരൂപിച്ചുകൂട്ടുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരും, പുസ്തകപ്രസാധകരും ഉണ്ട്. പക്ഷേ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി, ആധുനിക മോളിക്കുലർ ബയോളജിയിലെ ഗവേഷണങ്ങളിൽ അധികരിച്ചാണ് വെങ്കിരാമകൃഷ്ണൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. മരണത്തെ ദീർഘിപ്പിക്കുവാൻ നമുക്ക് കഴിയുമെങ്കിൽ അതിനുവേണ്ടി ശ്രമിക്കണമോ? എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യം.


ബ്രിട്ടീഷ് തത്വചിന്തകനും ജീവശാസ്ത്രജ്ഞനുമായ ചാൾസ് ഡാർവിന്റെ (1809-1882) സിദ്ധാന്തങ്ങളെ പരാമർശിക്കാതെ ഇത്തരം ലേഖനങ്ങൾ പൂർത്തിയാവില്ല. താരതമ്യേന പ്രശസ്തനല്ലാത്ത മറ്റൊരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ആൽഫ്രഡ് റസ്സൽ വാലസ് (Alfred Russell Wallace,1823-1913) ഡാർവിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്ന അദ്ദേഹം ആ സിദ്ധാന്തങ്ങളെ പിന്താങ്ങിക്കൊണ്ട് ഡാർവിനുമായി, 1858-ൽ കത്തിടപാടുകൾ നടത്തി. തന്റെ സിദ്ധാന്തങ്ങളെ പ്രസിദ്ധപ്പെടുത്തുവാൻ, വിവിധ കാരണങ്ങളാൽ ധൈര്യമില്ലാതിരുന്ന ഡാർവിന് ഈ പിന്തുണ വലിയൊരു പ്രോത്സാഹനമായിരുന്നു. 1858 ജൂലൈ ഒന്നിന് അവർ സംയുക്തമായി Linnean Society of London-ൽ പ്രബന്ധം അവതരിപ്പിക്കുകയും, അടുത്തവർഷം തന്നെ, “On the Origin of Species”  (ജീവിവർഗങ്ങളുടെ ഉത്ഭവം), by means of Natural Selection പരിണാമ ജീവശാസ്ത്രത്തിന്റെ ‘ബൈബിൾ’ എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണിത്. ഉപവർഗങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരാമെന്നും, പുതിയ ഉപവർഗങ്ങൾ അതിനു മുമ്പുണ്ടായിട്ടുളള ഉപവർഗങ്ങളിൽ നിന്ന് ഉണ്ടായതാണെന്നും, എല്ലാ ഉപവർഗങ്ങൾക്കും ഒരു പൊതു മുൻഗാമിയുണ്ടെന്നും, ഡാർവിന്റെ സിദ്ധാന്തങ്ങൾ അനുശാസിക്കുന്നു. ഒരു Last Universal Common Ancestor (LUCA) ഏകദേശം 3.6 ബില്ല്യൺ വർഷങ്ങൾക്കുമുമ്പാണ് ജീവിച്ചിരുന്നത് എന്നത് വളരെ ആവേശകരമായ സത്യമാണെന്ന് ആധുനികരീതകളുപയോഗിച്ച് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


ചാൾസ് ഡാർവിന്റെ ‘ജീവന്റെ വൃക്ഷം’ എന്ന ആശയത്തിൽനിന്നും വികാസം പ്രാപിച്ച് ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണമായി മാറിയ ഒരു ശാസ്ത്രീയ പരികല്പനയാണ് ‘വംശജനിതകവൃക്ഷം’ (Phylogenetic Tree). ഗണിത ശാസ്ത്രശാഖയായ ‘ഗ്രാഫ്സിദ്ധാന്തം’ (Graph Theory) യുമായി ബന്ധപ്പെടുത്തി, വംശജനിതക വൃക്ഷത്തിന്റെ പഠനങ്ങൾ വിവിധ സർവകലാശാലകളിൽ നടക്കുന്നുണ്ട്.


ജീവശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും ഒരു പൊതുമേഖലയായ ‘Evolutionary Dynamics’-ൽ ഗവേഷണം നടത്തുന്ന, ഹാർവഡ് സർവകലാശാലയിലെ മാർട്ടിൻ നോവാക് (Martin Nowak), Nature എന്ന പ്രസിദ്ധമായ ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ (2005), ‘Evolutionary Dynamics in Graphs’ എന്ന പ്രബന്ധത്തിൽ, ഗണിതശാസ്ത്രത്തിലെ ഗ്രാഫ്സിദ്ധാന്തത്തെ ഉപയോഗിച്ച് ഡാർവിന്റെ സിദ്ധാന്തങ്ങളെ കൂടുതൽ ഫലപ്രദമായി പഠിക്കാമെന്ന് അഭിപ്രായപ്പെടുന്നു. ‘Evolutionary Graph Theory’ എന്ന പുതിയൊരു പഠനശാഖയ്ക്ക് ഈ ഗവേഷണഫലങ്ങൾ തുടക്കംകുറിച്ചു. അതിന്, പരിസ്ഥിതിശാസ്ത്രം, ധനതത്വശാസ്ത്രം, ഭാഷാശാസ്ത്രം, അർബുദത്തെക്കുറിച്ചുള്ള പഠനം എന്നിവയിൽ പ്രായോഗികതയുണ്ടെന്നത് അതിശയകരമാണ്.


കേംബ്രിജിന് സമീപത്ത്, ഒരു ശവക്കല്ലറയിൽ, രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ ഉദ്ധരണി ‘ചിത്രശലഭം മാസങ്ങളെയല്ല, നിമിഷങ്ങളെയാണ് കണക്കാക്കുന്നത്, ആവശ്യത്തിന് സമയമുണ്ട്’. എഴുതിവച്ചിട്ടുള്ള കാര്യം വെങ്കിരാമകൃഷ്ണൻ നമ്മെ അറിയിക്കുന്നുണ്ട്. വർത്തമാന നിമിഷത്തിൽ ജീവിക്കേണ്ടതിന്റ ആവശ്യകത ഈ വരികൾ ഉൾക്കൊള്ളുന്നു. ചിത്രശലഭങ്ങളുടെ ആയുസ്സ് പരമാവധി ഒരു മാസമാണ്. അതേസമയം, ബ്രിട്ടനിലെ ചില മരങ്ങൾക്ക് 3000 വർഷങ്ങളുടെ പഴക്കമുണ്ട്. മരങ്ങൾക്ക് പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുള്ളതുകൊണ്ടാണിത്. Star fish, Hydra എന്നീ ജീവികൾക്കും ഈ കഴിവുകളുണ്ട്. ഇവകളെ കൂടുതൽ പഠനവിധേയമാക്കി മനുഷ്യന്റെ മരണത്തിനു കൂടുതൽ ഉൾക്കാഴ്ച കിട്ടുമെന്ന അഭിപ്രായത്തോട് വെങ്കി യോജിക്കുന്നില്ല. മറിച്ച്, മനുഷ്യരോട് കൂടുതൽ സാമ്യമുള്ള സസ്തനികളെയും പഠനവിധേയമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.


അമേരിക്കയിലെ Santa Fe Institute-ലെ ഊർജതന്ത്രജ്ഞനായ Geoffrey West ന്റെ അഭിപ്രായത്തിൽ നഗരങ്ങളും, കമ്പനികളും, ചില ജീവജാലങ്ങളും, വളരുകയും, പ്രായമാവുകയും, മരിക്കുകയും ചെയ്യുന്ന രീതിപോലെയാണ്, മനുഷ്യന്റെ മരണവും അത് അനിവാര്യമാണ്.


വെറും 1 മില്ലിമീറ്റർ നീളമുള്ള Caenorhabditis elegans (C-elegans) എന്ന നൂൽപ്പുഴുവാണ് ഈ പുസ്തകത്തിന്റെ എട്ടാമത്തെ അധ്യായത്തിലെ പ്രധാന കഥാപാത്രം. ജീനുകൾ, ദീർഘായുസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു? എന്നതാണ് പ്രധാന ചോദ്യം. ഇതിനുത്തരമായി, 2700 ഡാനിഷ് ഇരട്ടകളെ പഠനവിധേയമാക്കിയ കാര്യവും അദ്ദേഹം പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജീവശാസ്ത്രജ്ഞനും, 2002-ലെ വൈദ്യശാസ്ത്ര നൊബേൽ ജേതാവുമായ Sydney Brenner, 1996 ലാണ് C-Elegans എന്ന Nematode (നൂൽപ്പുഴുവിനെ) നെ ആധുനിക ജൈവശാസ്ത്രത്തിന് പരിചയപ്പെടുത്തിയത്. ആഫ്രിക്കക്കാരനായ ബ്രെണ്ണർ, കാലിഫോർണിയ മുതൽ സിംഗപ്പൂർ വരെ പരീക്ഷണശാലകൾ കെട്ടിപ്പടുത്ത്, C-Elegans-നെക്കുറിച്ചും ഗവേഷണങ്ങൾ നടത്തി MRNA കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. ജനിതകവിവരങ്ങളെ DNA-യിൽനിന്നു റൈബോസോമിലേക്ക് എത്തിക്കുന്ന RNA തന്മാത്രകളുടെ കൂട്ടമാണ്, സന്ദേശവാഹക RNA കളായ MRNA. ജനിതക വിവരങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുക എന്നതാണ് DNA-യുടെ പ്രധാന ദൗത്യം.


അതിമഹത്തായ ഗവേഷണങ്ങളാണ് ബ്രെണ്ണർ നടത്തിയത്. ഒരു കോശം (Cell) എങ്ങനെയാണ് ഒരു ജീവിയായി രൂപാന്തരപ്പെടുന്നത്, അവയുടെ മസ്തിഷ്‌ക – നാഡീഘടന എന്താണ്? എന്നിവയാണ് അദ്ദേഹം പഠിച്ചത്. ഇതു പഠിക്കാൻ C-Elegans ആണ് ഏറ്റവും ഉചിതമെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനെ വളർത്തുവാൻ വളരെ എളുപ്പം, വളരെ ചെറിയ തലമുറ സമയം, മാത്രമല്ല, അതിന്റെ ശരീരം വളരെ സുതാര്യമായതിനാൽ, കോശഘടന കാണുവാൻ വളരെ എളുപ്പവുമായിരുന്നു. ഇതിന്റെ സമഗ്രമായ പഠനത്തിനായി കേംബ്രിജിലെ MRC Lab of Molecular Biology-യിൽ ധാരാളം ശാസ്ത്രജ്ഞന്മാർക്ക് പരിശീലനം കൊടുത്ത് ഒരു കൂട്ടായ്മയും ഉണ്ടാക്കി. ഈ കൂട്ടായ്മയിലെ പ്രസിദ്ധനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ സർ ജോൺ എഡ്വേഡ് സൾസ്റ്റൺ (Sir John Edward Sulston, 1942-2018) ബ്രെണ്ണറുമായി 2002-ൽ നൊബേൽ പുരസ്‌കാരം പങ്കിട്ടിരുന്നു. C-elegans-ൽ ഒരു കോശം അതിലെ 900ത്തോളം കോശങ്ങളായി വളരുമ്പോൾ ചില അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കുന്നതായി കണ്ടെത്തി. ചില കോശങ്ങൾ അവയുടെ വളർച്ചയുടെ ചില ഘട്ടങ്ങളിൽ ‘ആത്മഹത്യ’ ചെയ്യുകയും, ഈ ജീവിയെ വളരാൻ അനുവദിക്കുകയും ചെയ്യുന്നു. വെറും 1 മില്ലിമീറ്റർ നീളം മാത്രമേ ഉള്ളുവെങ്കിലും, അതിന് വായ്, കുടലുകൾ, മാംസപേശികൾ, മസ്തിഷ്‌ക്ക-നാഡീഘടനകൾ എന്നിവ ഉണ്ടായിരുന്നു. അവ Hermaphrodites ആയതിനാൽ അണ്ഡവും ബീജവും ഉല്‍പാദിപ്പിക്കുവാൻ കഴിയുന്നവ ആയിരുന്നു. ബാക്ടീരിയകളാണ് അവയുടെ ആഹാരം.


C-elegans-ൽ 302 ന്യൂറോണുകളാണുള്ളത്. ഇനിയാണ് C-elegans- ഗണിതശാസ്ത്രപരമായി വിശകലനം ചെയ്യപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ ഗ്രാഫ്സിദ്ധാന്തത്തിലെ ഒരു നൂതന ഗവേഷണശാഖയാണ് നെറ്റ്‌വർക്കുകളുടെ പഠനം (Network Analysis). ഇവയിൽ ചലനാത്മക (dynamic) നെറ്റ്‌വർക്കുകൾ ആണ് Real World Networks. World Wide Web (WWW),  പ്രോട്ടീൻ-പ്രോട്ടീൻ ഇന്ററാക്ഷൻ നെറ്റ്‌വർക്കുകൾ (PPI Networks),  സൗഹൃദ കൂട്ടായ്മ നെറ്റ്‌വർക്കുകൾ, മസ്തിഷ്‌ക്ക നെറ്റ്‌വർക്കുകൾ (Brain Networks) എന്നിവ ഉദാഹരണങ്ങളാണ്. ന്യൂറോണുകളെ (സന്ദേശങ്ങളയക്കുന്ന കോശങ്ങൾ) വസ്തുക്കളായും (ബിന്ദുക്കൾ) അവയെ മറ്റു കോശങ്ങളുമായി ബന്ധിപ്പിക്കുന്ന Synapses-നെ, രേഖകളായും കണക്കാക്കി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കുന്നു.  ഈ ഘടന Connectome എന്ന പേരിലാണ് അറിയപ്പെടുന്നത്. 2019-ൽ നടത്തിയ പഠനങ്ങളിൽനിന്ന്‍, അവയിൽ 1500-ഓളം സിനാപ്‌സസ് ഉള്ളതായി കണ്ടു. പൂർണമായും മാപ്പിങ് (Mapping) ചെയ്തിട്ടുള്ള ആദ്യത്തെ ജീവിയാണ് C-elegans. അതുകൊണ്ടുതന്നെ വികസന ജീവശാസ്ത്രത്തിൽ (developmental biology), ഇവ ഏറ്റവും ഉപയോഗപ്രദമായ മോഡലാണ്.


C-elegans-ലെ നെറ്റ്‌വർക്കിനെ ഗണിതശാസ്ത്രപരമായി സമീപിക്കുമ്പോൾ ഇനിയും ധാരാളം ഗ്രാഫ് പരാമീറ്ററുകൾ (Parameters) പഠിക്കാനുണ്ട്. കൊച്ചി സർവകലാശാലയിലെ ഗണിതവകുപ്പും, ന്യൂറോസയൻസ് കേന്ദ്രവും, ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയും (CUNY) സംയുക്തമായി ചില ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയുടെ ജനിതകഘടനയുടെ പഠനത്തിലൂടെ, മനുഷ്യന്റെ  പ്രായമാവൽ പ്രശ്‌നം ചില ഗവേഷകർ പഠനവിധേയമാക്കിയിട്ടുണ്ട്. വളരെ രസകരമായ ചില കാര്യങ്ങൾ – മനുഷ്യർ പ്രായമാകുമ്പോൾ സാധാരണമായി മറവിരോഗങ്ങൾ ഉണ്ടാവാറുണ്ട്, പക്ഷേ, C-elegans-ന് പ്രായമാവുമ്പോഴും ചെറുപ്രായത്തിലുള്ള സ്വഭാവങ്ങളാണുള്ളത്.


മനുഷ്യശരീരത്തിൽ ഏകദേശം 37.2 ട്രില്യൺ (ഒരു ട്രില്യൺ=1012) കോശങ്ങളാണുള്ളത്. അതുകൊണ്ട്, ഓരോ കോശങ്ങൾ പ്രായമാവുമ്പോഴും മരിക്കുമ്പോഴും നമ്മൾ അറിയാറില്ല. പക്ഷേ, കോശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ അല്ല. അവ തമ്മിൽ ബന്ധപ്പെട്ട് ടിഷ്യുകളായോ, അവയവങ്ങളായോ പ്രവർത്തിക്കുന്നു. ഒരു നിശ്ചിത എണ്ണം കോശങ്ങൾക്ക് പ്രായമാവുമ്പോൾ മാത്രമാണ് നമുക്ക്, ക്ഷീണം, ഓർമ്മക്കുറവ്, സന്ധിവേദന മുതലായവ ഉണ്ടാവുന്നത്.


ജീവശാസ്ത്രത്തിൽ വിപ്ലവകരമായ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമിതബുദ്ധി, കമ്പ്യൂട്ടിംഗ്, ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ ഗവേഷണങ്ങളും ജീവശാസ്ത്രത്തെ സ്വാധീനിക്കുന്നുണ്ട്. ഇവയെല്ലാം ചേർന്ന്‍, പുതിയ സാങ്കേതികവിദ്യകളും, കോശങ്ങളെയും ജീനുകളെയും കൈകാര്യം ചെയ്യാനുള്ള പുതിയ രീതികളും ഉപയോഗിച്ച്, പ്രായമാകൽ അടക്കമുള്ള പ്രക്രിയയിലേക്ക് കൂടുതൽ ഉൾക്കാഴ്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ.


വെങ്കിരാമകൃഷ്ണൻ, ഈ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെ ”മരണത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ വിശാലമായ വാർധക്യവിജ്ഞാന സംരംഭത്തിനായി കാത്തിരിക്കുമ്പോൾ, നമുക്ക് ജീവിതം എല്ലാം ഭംഗിയിലും ആസ്വദിക്കാം. സമയമാകുമ്പോൾ, നല്ല കൃപയോടെ നമുക്ക് സൂര്യാസ്തമയത്തിലേക്ക് പോകാം.”


”ആത്മാവ് ശരീരത്തിൽനിന്ന് ശരീരത്തിലേക്ക് കുടിയേറുന്നു. ആയുധങ്ങൾക്ക് അതിനെ പിളർത്താനോ, തീയിന് അതിനെ ദഹിപ്പിക്കാനോ, വെള്ളത്തിന് നനയ്ക്കാനോ, കാറ്റിന് ഉണക്കാനോ കഴിയില്ല.” ഭഗവദ്ഗീത


യേശു അവളോട് പറഞ്ഞു: ”ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” എന്നിൽ വിശ്വസിച്ച് ജീവിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? (യോഹന്നാൻ 11:25-26)


(ലേഖകന്‍: എമറിറ്റസ് പ്രഫസർ, ഗണിതവകുപ്പ്, കൊച്ചി സർവകലാശാല)