അമേരിക്കൻ സ്വപ്നങ്ങൾ – എം.വി. ബെന്നി
നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അമേരിക്കയും യൂറോപ്പും ചേരുന്ന ശാക്തികചേരിയാണ് ഇപ്പോൾ ലോകംഭരിക്കുന്നത്. മറ്റുരാജ്യങ്ങള്‍ക്ക് സഹനടന്റെയോ നടിയുടേയോ വേഷങ്ങള്‍മാത്രം കിട്ടും. അമേരിക്കൻ – യൂറോപ്യൻ ശക്തികൾ ഒറ്റക്കെട്ടായതോടെ യുദ്ധങ്ങളെല്ലാം മറുനാടുകളിലായി.
ലോകംമുഴുവൻ ഇളക്കിമറിച്ച ബീറ്റില്‍സ് ഗായകസംഘത്തിൽ പ്രമുഖനായിരുന്നു ജോൺ ലെനൻ. 1966 മാര്‍ച്ചിൽ, ദ ലണ്ടൻ ഈവിനിങ് സ്റാന്‍ഡേര്‍ഡിനനുവദിച്ച അഭിമുഖത്തിൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരവകാശവാദം അദ്ദേഹം ഉന്നയിച്ചു, “We’re more popular than Jesus,” ഞങ്ങൾ ജീസസിനെക്കാളും പ്രശസ്തരാണ്. യൂറോപ്യൻ മാധ്യമങ്ങൾ വിഷയം ഉദാസീനമായി വിട്ടുവെങ്കിലും അമേരിക്കൻ മാധ്യമങ്ങൾ വിവാദ വ്യവസായം ആഘോഷമാക്കി.
ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഡോണള്‍ഡ് ട്രംപിനോട് ഒരാൾ പറഞ്ഞു, ഇപ്പോൾ ഭൂമിയിലെ ഏറ്റവും പ്രശസ്തൻ നിങ്ങളാണ്, നിങ്ങൾ അമേരിക്കൻ പ്രസിഡണ്ടായിരിക്കുന്നു. ട്രംപ് അയാളെ തിരുത്തി, ഭൂമിയിലെ ഏറ്റവും പ്രശസ്തൻ ഞാനല്ല, അതു ജീസസാണ്. വര്‍ഷങ്ങള്‍ക്കുശേഷം ജോൺ ലെനന് ട്രംപിന്റെ സൗമ്യമായ തിരുത്ത്. ട്രംപിന്റെ പ്രസംഗം ഇന്റർനെറ്റിൽ കിട്ടും. പലകാരണങ്ങള്‍കൊണ്ടും വ്യക്തികള്‍ക്ക് ചിലപ്പോൾ അമിതപ്രശസ്തി കൈവരും. അതൊന്നും സ്ഥായിയായി നിലനില്‍ക്കണമെന്നുമില്ല. മരണത്തിനു മുന്നേ വിസ്മരിക്കപ്പെട്ട എത്രയോ അതിപ്രശസ്തരെ നിങ്ങളും കണ്ടിട്ടുണ്ടാകും.
ട്രംപിലേക്കു മടങ്ങുംമുമ്പ്, തിരഞ്ഞെടുപ്പിൽ അമേരിക്ക നേരിടുന്ന നേതൃദാരിദ്രത്തെക്കുറിച്ച് പുസ്തകമെഴുതിയ ഗ്രന്ഥകാരനെയും ഓര്‍മ്മിക്കണം. Lee Iacocca എന്ന അമേരിക്കൻ പേരിന്റെ ഏകദേശ ഉച്ചാരണം ലീ ഇക്കോക്ക എന്നാണ്. ഫൊണ്റ്റിക്സ് അനുസരിച്ച് ലീ ആയകൊക്ക. ഉച്ചരിക്കാൻ വിഷമമുള്ളതുകൊണ്ട് തല്‍ക്കാലം നമുക്ക് ഇക്കോക്ക എന്നുതന്നെ എഴുതാം. അമേരിക്കയിലേക്ക് കുടിയേറിയ ഇറ്റാലിയൻ വംശജരാണ് ഇക്കോക്കയുടെ കുടുംബം. അമേരിക്കയിലെ പ്രശസ്ത കാര്‍നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ് മോട്ടോഴ്സിൽ ഇക്കോക്ക 32 വര്‍ഷം ജോലിചെയ്തു. സാക്ഷാൽ ഫോര്‍ഡ്, ഇക്കോക്കയെ അപമാനിച്ചയക്കുംവരെ അദ്ദേഹം മറ്റെങ്ങും ജോലിചെയ്യിട്ടില്ല. 1978 ജൂലയ് 13-നാണ്, സ്ഥാപനമേധാവിയായിരുന്ന ഇക്കോക്കയെ ഉടമസ്ഥൻ ഫോര്‍ഡ് സ്ഥാപനത്തില്‍നിന്ന് അപമാനിച്ച് ഒഴിവാക്കുന്നത്. പിന്നീട്, തകര്‍ന്നുകിടന്നിരുന്ന ക്രൈസ്‍ലർ കമ്പനിയിൽ അദ്ദേഹം ചേരുന്നതും കമ്പനിയെ തകര്‍ച്ചയില്‍നിന്നു പുനരുദ്ധരിച്ചതും ഒരു അമേരിക്കൻ അത്ഭുതകഥ.
ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇക്കോക്കയുടെ ആത്മകഥ, An Autobiography വായിക്കണം, വിശേഷിച്ചും ഒട്ടും പ്രഫഷണൽ അല്ലാതെ രാഷ്ട്രീയവും ബിസിനസ്സും സംഘടനാപ്രവര്‍ത്തനവും കൊണ്ടുനടക്കുന്ന മലയാളികൾ. ഹോംവര്‍ക്ക് ചെയ്യാത്തതുകൊണ്ട് ഒരു മുട്ടപൊട്ടിക്കാൻ പറ്റാതെ പരാജയപ്പെട്ടകഥ ഇക്കോക്ക ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്. മതിയായ തയ്യാറെടുപ്പില്ലാതെ ഒരിടത്തും നിങ്ങൾ പ്രത്യക്ഷപ്പെടരുത്.
എങ്കിലും, ഇക്കോക്കയുടെ ആത്മകഥയല്ല, നമ്മുടെ വിഷയം. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം, ‘WHERE HAVE ALL THE LEADERS GONE?’ വായിച്ചിട്ടുണ്ടോ? അമേരിക്കയെ പിടിച്ചുകുലുക്കിയ സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം എഴുതിയ പുസ്തകമാണ്, “നമ്മുടെ നേതാക്കളെല്ലാം എവിടെപ്പോയി?” ഏതുരാജ്യത്തും ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ പ്രാപ്തിയുള്ള ജനതയും നേതാക്കളും ഉണ്ടാകണം. അമേരിക്കൻ ജനതയുടെ പ്രാപ്തിയുടെ കാര്യത്തിൽ ഇക്കോക്കക്ക് സംശയമില്ല, പക്ഷേ, നേതാക്കൾ… പുസ്തകത്തിനുശേഷം ഒബാമ ഉയര്‍ന്നുവന്നുവെങ്കിലും അതായിരുന്നില്ല പൊതുസ്ഥിതി. അമേരിക്കൻ നേതാക്കൾ രൂപപ്പെടുന്ന സാഹചര്യങ്ങൾ ഓരോന്നും പുസ്തകം പരിശോധിക്കുന്നുണ്ട്. ട്വിൻടവർ, പെന്റഗൺ ആക്രമണങ്ങളുടെ വാര്‍ത്തയറിഞ്ഞ് എന്തുചെയ്യുണമെന്നറിയാതെ അന്തംവിട്ടിരിക്കുന്ന അമേരിക്കൻ പ്രസിഡണ്ടും പുസ്തകത്തിലുണ്ട്.
അമേരിക്കയെ നയിക്കാൻ നിയുക്തനാകുന്ന പ്രസിഡണ്ട് അമേരിക്കയെ മാത്രമല്ല, അതുവഴി ലോകത്തെയാണ് നയിക്കുന്നത്. ഇഷ്ടമുള്ളിടത്തെല്ലാം അമേരിക്ക അതിക്രമിച്ച് കടന്നുകയറുകയും, അവരുടെ ഇംഗിതത്തിന് വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുകയും ചെയ്യും. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകവുമായിരിക്കും. അത്രയും പ്രശ്നങ്ങൾ പ്രാഗത്ഭ്യത്തോടെ കൈകാര്യംചെയ്യാൻ കെല്‍പ്പുള്ള നേതാക്കളാണോ അമേരിക്കയെ നയിക്കുന്നതെന്നാണ് ഇക്കോക്കയുടെ സംശയം.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് എന്നിങ്ങനെ രണ്ടുപാര്‍ട്ടികളാണ് അമേരിക്കയിൽ. സമ്പത്തിലും ആയുധശേഷിയിലും മുന്നിൽ നില്‍ക്കുന്ന അമേരിക്കയ്ക്ക് തുടര്‍ന്നും ലോകാധിപത്യം നിലനിറുത്തണമെങ്കിൽ രണ്ടിലും വിട്ടുവീഴ്ച്ച പറ്റില്ല. അതോടൊപ്പം പൊതുജനാഭിപ്രായം എന്ന കടമ്പകൂടി നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പുകളിൽ നേരിടേണ്ടിയും വരും. പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ എങ്ങനെയെല്ലാമാണ് മാനിപ്പുലേറ്റ് ചെയ്യപ്പെടുന്നതെന്ന് വിശദീകരിക്കുന്ന നോം ചോംസ്കിയുടെ പുസ്തകം, ‘Manufacturing Consent’ മിക്കവരും വായിച്ചിട്ടുണ്ടാകും. ജനാധിപത്യത്തിൽ പൊതുജനാഭിപ്രായം സ്വാഭാവികമായി സംഭവിക്കേണ്ടതാണെങ്കിലും പലപ്പോഴും ജനസമ്മിതി കൃത്രിമമായി നിര്‍മ്മിച്ചെടുക്കുകയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പങ്കാണ് ചോംസ്കി അന്വേഷിക്കുന്നത്. ആഗോള മാധ്യമഭീകരർമുതൽ സോഷ്യൽമീഡിയവരെ കളത്തിലിറങ്ങുന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയുടെ മീഡിയ മാനേജ്മെന്റ് ചെറിയൊരു വിഷയമല്ല.
പരിമിതികൾ പലതുമുണ്ടെങ്കിലും ജനാധിപത്യത്തെക്കാൾ അഭിലഷണീയമായി മറ്റു ഭരണമാതൃകകളെ കാണാനും കഴിയില്ല. അതുകൊണ്ടൊക്കെയാണ് അമേരിക്കൻ തിരഞ്ഞെടുപ്പുഫലം ലോകംമുഴുവൻ ഉറ്റുനോക്കുന്നത്. അതിനെക്കാൾ കൂടുതൽപ്പേർ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുമെങ്കിലും അമേരിക്കയ്ക്കുള്ള ആഗോള പ്രഹരശേഷി നമുക്കില്ല. അമേരിക്കൻ തിരഞ്ഞെടുപ്പുഫലം മറ്റുരാജ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇസ്രായേൽ, ഇറാൻ, പലസ്തീൻ, ലെബനൻ, റഷ്യ, യുക്രൈൻ, ചൈന, ഇന്ത്യ, ബംഗ്ലാദേശ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം അമേരിക്കൻ ഇലക്ഷൻ നിർണായകമായിരുന്നു. പാരിസ്ഥിക പ്രശ്നങ്ങൾ, സ്ത്രീസ്വാതന്ത്ര്യം, തെഴിലില്ലായ്മ, ഗര്‍ഭച്ഛിദ്രം, വംശീയപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലും അമേരിക്കൻ നിലപാടുകള്‍ക്ക് ആഗോളപ്രാധാന്യമുണ്ട്. അതുകൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പുഫലം ചില രാജ്യങ്ങള്‍ക്ക് ആശ്വാസവും ചില രാജ്യങ്ങള്‍ക്ക് ആധിയും ഉണ്ടാക്കുന്നത്.
ഡോണള്‍ഡ് ട്രംപ്, തന്റെ നയസമീപനങ്ങൾ Agenda 47 എന്നപേരിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭാവിലോകം സംബന്ധിച്ച ട്രംപിന്റെ സ്വപ്നങ്ങൾ അതിലുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പഴയതുപോലെ പണമൊഴുക്കാൻ അമേരിക്ക തയ്യാറാകില്ലെന്നാണ് ട്രംപ് നല്‍കുന്ന സൂചന. മുടക്കാൻ പണമില്ലെന്ന് ട്രംപ് പറയുമ്പോൾ യുദ്ധങ്ങൾ കുറയുമെന്ന് ലോകം ആശിക്കുന്നു. കഴിഞ്ഞതലമുറയിലെ പ്രശസ്തനായ ജർമൻ നാടകകൃത്ത്, ബെര്‍ടോള്‍ഡ് ബ്രഹ്ത്, വാർ ഇന്‍ഡസ്ട്രി എന്നൊരു വാക്ക് രൂപകല്പന ചെയ്തിരുന്നു. യുദ്ധമാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവുംവലിയ ഇന്‍ഡസ്ട്രി. അതില്‍നിന്ന് കോടികൾ വാരിക്കൂട്ടുന്ന കമ്പനികളും മുതലാളിമാരുമാണ് ലോകം നിയന്ത്രിക്കുന്നത്. ട്രംപിന്റെ ശുഭാപ്തിവിശ്വാസവും ബ്രഹ്തിന്റെ യാഥാർഥ്യബോധവും വിരുദ്ധധ്രുവങ്ങളിലാണ്.
കുറഞ്ഞകൂലിക്ക് ആളെ കിട്ടുമെന്നുള്ളതുകൊണ്ട് അമേരിക്കൻ കോര്‍പ്പറേറ്റുകൾ ചൈനയിലേക്ക് പോയപ്പോൾ അമേരിക്കയിലെ അടിസ്ഥാനവർഗത്തിന് തൊഴിലില്ലാതായി. അമേരിക്ക ഭരിക്കാൻ പ്രാപ്തരായ നേതാക്കളുടെ അഭാവവും കൂടിയായപ്പോൾ ജനങ്ങള്‍ക്കൊരു രാഷ്ട്രീയരക്ഷകനെ ആവശ്യവുമായിവന്നു. പ്രത്യയശാസ്ത്രം ശരിയായാലും തെറ്റായാലും, ചിലസന്ദര്‍ഭങ്ങളിൽ ഏതുരാജ്യവും ധീരനായ ഒരു നേതാവിനെ ആഗ്രഹിക്കും. നിറതോക്കുകള്‍ക്കുമുന്നിൽ പതറാതെനിന്ന ഡോണള്‍ഡ് ട്രംപ്, അമേരിക്കക്കാര്‍ക്ക് പഴയ കൗബോയ് സിനിമയിലെ നായകനായിരുന്നു. അങ്ങനെയാണ്, തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതും മാധ്യമങ്ങൾ പരാജയപ്പെട്ടതും.
വഖഫ്
മതം അനുശാസിക്കുന്ന വിധത്തിൽ ധാര്‍മ്മികപ്രവര്‍ത്തനം നടത്താൻ നീക്കിവയ്ക്കുന്ന മുതലിനെയാണ് മുസ്ലീങ്ങൾ വഖഫ് എന്നുവിളിക്കുന്നത്. പേരിതല്ലെങ്കിലും എല്ലാമതങ്ങളിലും അങ്ങനെയൊരു സംവിധാനമുണ്ട്. ആദ്യകാലങ്ങളിൽ ക്ഷേത്രങ്ങൾക്കു കൈവന്ന ഭാരിച്ച സ്വത്തുക്കളും കൃസ്ത്യൻ പള്ളികള്‍ക്ക് മുതല്‍ക്കൂട്ടായി മാറിയ ഭാരിച്ച സമ്പത്തുക്കളും ഉന്നതമായ മതാദര്‍ശം ധാര്‍മ്മികബോധത്തോടെ നടപ്പിലാക്കണമെന്നുദ്ദേശിച്ച് സംഭാവന നല്‍കപ്പെട്ടതാണ്. മതപരമായല്ലാതെ, നല്ലകാര്യങ്ങൾക്കു പണം നീക്കിവയ്ക്കുന്ന സംരംഭങ്ങളും ലോകത്തുണ്ട്. നൊബേൽസമ്മാനം ഉള്‍പ്പെടെയുള്ള പ്രശസ്തമായ പുരസ്കാരങ്ങൾക്കു നീക്കിവച്ച തുകയുടെ കാര്യവും ഓര്‍മ്മിക്കണം.
മതങ്ങളുടെ സ്വത്തുസംരക്ഷണം പ്രാഥമികമായും അതതു മതങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും പലകാരണങ്ങള്‍കൊണ്ടും മതങ്ങളുടെ സ്വത്തുക്കൾ അന്യാധീനപ്പെടാം. വിവിധ ചരിത്രസന്ധികളിലൂടെ കടന്നുപോന്ന മതങ്ങള്‍ക്ക് അന്യാധീനപ്പെട്ട വസ്തുവഹകളുടെ സുദീര്‍ഘമായ ചരിത്രവുമുണ്ട്. വിശ്വാസികൾ ഈശ്വരന് സമര്‍പ്പിച്ച വസ്തുവഹകളിൽ അന്യാധീനപ്പെട്ടവ തിരിച്ചുകിട്ടണമെന്ന് അവർ ആഗ്രഹിക്കുന്നത് സ്വാഭാവികം.
ഈ സാഹചര്യത്തിലാണ് വഖഫിന്റെ പ്രവര്‍ത്തനം ഇന്ത്യയിൽ വ്യവസ്ഥാപിതമാകുന്നത്. 1913-ൽ, വഖഫ് ബോര്‍ഡുകൾ രൂപംകൊള്ളുകയും 1923-ൽ, മുസല്‍മാൻ വഖഫ് ആക്ട് നിലവിൽ വരികയും ചെയ്തു. സ്വാതന്ത്ര്യാനന്തരം 1954-ലും, 1964-ലും, 1995-ലും, വഖഫ് ആക്ടുകൾ ഭേദഗതിചെയ്തു. ഇപ്പോൾ കേന്ദ്രസര്‍ക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വഖഫ് ഭേദഗതി നിയമത്തിന്റെ പിരിമുറുക്കം മുസ്ലീംസമുദായത്തെയും, 1995-ലെ ഭേദഗതിനിയമത്തിന്റെ പിരിമുറുക്കം മുസ്ലീങ്ങൾ അല്ലാത്തവരെയും, ഒരുപോലെ ബാധിച്ചിട്ടുണ്ട്.
ഇതിനുപുറമേയാണ് ഇന്ത്യയൊട്ടാകെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച പ്രദേശങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്. മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ വീടിരിക്കുന്ന പ്രദേശങ്ങളും അങ്ങനെ തര്‍ക്കഭൂമിയാകുന്നു. ഭൂമിവാങ്ങുമ്പോൾ സാധാരണഗതിയിൽ ആളുകൾ മുന്നാധാരം നോക്കുമെങ്കിലും അതിനുമപ്പുറമുള്ള കഥകളൊന്നും ആരും തിരയാറില്ല. വളരെപ്പണ്ട് അന്യാധീനപ്പെട്ട വഖഫ് ഭൂമിയും സാധാരണക്കാർ വാങ്ങിയിട്ടുണ്ടാകാം.
ഇടശ്ശേരി ഗോവിന്ദന്‍നായരുടെ പ്രശസ്തമായ കവിത, ‘കുടിയിറക്കൽ’ ഇപ്പോൾ ഒന്നുകൂടി വായിക്കണം. ലോകത്തെവിടെയായാലും കുടിയിറക്കപ്പെടുന്നവർക്കെല്ലാം ഒരുജാതിയും ഒരുമതവുമാണ്, ഏതുരാജ്യക്കാരായാലും. അവർ നിസ്വവർഗത്തിന്റെ പ്രതിനിധികൾ. കുടിയാന്മാര്‍ക്ക് പണ്ടേ പട്ടയം കിട്ടിയ കേരളത്തിലിരുന്ന്, ഭൂമി വിലകൊടുത്തു വാങ്ങിയവരെപ്പോലും കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബോര്‍ഡിനെ നിയന്ത്രിക്കാൻ കേരളത്തിലെ മുസ്ലീം സമുദായം തന്നെ രംഗത്തിറങ്ങണം. ഒരുകുടുംബവും വഴിയാധാരമാകരുത്.
പുതിയ വർഗം
ബ്രിട്ടീഷ് ചരിത്രകാരൻ റോബര്‍ട്ട് സര്‍വ്വീസ് എഴുതിയ ചരിത്രഗ്രന്ഥങ്ങൾ സോവിയറ്റ് റഷ്യയുടെ പതനത്തിനുശേഷമാണ് വായിച്ചത്. ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി എന്നിവരുടെ ജീവചരിത്രഗ്രന്ഥങ്ങളും ആഗോള കമ്യൂണിസത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന കോമ്രേഡ്‌സ് എന്ന പുസ്തകവും പിന്നീട് വാങ്ങിവായിച്ചു. കമ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കു മുമ്പ്, വാങ്ങിവായിച്ച പുസ്തകമാണ് ബള്‍ഗേറിയൻ എഴുത്തുകാരനും കമ്യൂണിസ്റ്റുമായ Milovan Djilas എഴുതിയ The New Class.
റഷ്യൻ കമ്യൂണിസ്റ്റ് പാര്‍ട്ടി, റഷ്യയിൽ മാത്രമല്ല, സാമന്തരാഷ്ട്രങ്ങളിലും ആധിപത്യം ചെലുത്തിയിരുന്ന കാലത്താണ് ജിലാസിന്റെ പുസ്തകം വായിക്കുന്നത് . റഷ്യൻ പാതയില്‍നിന്ന് വഴിമാറി സഞ്ചരിക്കാൻ ചൈന ശ്രമിച്ചിരുന്നു. യൂറോകമ്യൂണിസം എന്നപേരിൽ ചില സൈദ്ധാന്തിക അന്വേഷണങ്ങൾ യൂറോപ്പിലും നടന്നിരുന്നു. അത്തരം അന്വേഷണങ്ങളുടെ ഭാഗമാണ് The New Class എന്ന പുസ്തകം. മാര്‍ക്സിസത്തിലെ അടിസ്ഥാന സങ്കല്പമാണ്, തൊഴിലാളിവർഗവും മുതലാളിവർഗവും. അവതമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കൊടുവിൽ തൊഴിലാളിവർഗം വിജയക്കൊടി പാറിക്കുമെന്നാണ് മാര്‍ക്സിയൻ സിദ്ധാന്തം. അതിനുള്ള പരീക്ഷണശാലയായിരുന്നു കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ.
അധികാരത്തിനൊരു കുഴപ്പമുണ്ട്. എല്ലാവരെയും അതു വല്ലാതെ മാറ്റിത്തീർക്കും. വിപ്ലവം നടത്തിയ തലമുറ കാലഹരണപ്പെടുന്നതോടെ മാറ്റം വേഗത്തിലാകും. അപ്പോഴാണ് ജിലാസിന്റെ സന്ദേഹം പുറത്തുവരുന്നത്, തൊഴിലാളിവർഗവും മുതലാളിവർഗവുമല്ലാതെ പുതിയൊരുവര്‍ഗം രൂപപ്പെടുന്നുണ്ടോ? തൊഴിലാളിവര്‍ഗത്തിന് സ്വന്തം ചോരനീരാക്കി വേണം ഉപജീവനം നടത്താൻ. മുതലാളിക്ക് ലാഭമുണ്ടാക്കണമെങ്കിൽ നന്നായി തലപുകയ്ക്കുകയും വേണം. ഇതുരണ്ടിലും ഉള്‍പ്പെടാതെ സുഖമായി ജീവിക്കാന്‍കഴിയുന്ന പുതിയൊരു വര്‍ഗം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു, പുതുതായി രൂപപ്പെട്ട നേതൃവര്‍ഗം. അവർ തൊഴിലാളിയുമല്ല, മുതലാളിയുമല്ല. വിപ്ലവം നടന്ന നാടുകളിൽ നേതാവായി കഴിയുന്നത്ര സുഖം തൊഴിലാളിക്കുമില്ല, മുതലാളിക്കുമില്ല. ഏതായാലും ജിലാസിന്റെ പുസ്തകം പഴയ കമ്യൂണിസ്റ്റ് റഷ്യയിൽ നിരോധിച്ചു. മാത്രമല്ല, എഴുത്തുകാരൻ കമ്യൂണിസ്റ്റ് ചര്‍ച്ചകളിൽ അനഭിമതനാകുകയും ചെയ്തു. ഇപ്പോൾ, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ പ്രതിസ്ഥാനത്തുള്ള നേതാവ് പി. പി. ദിവ്യയുടെ വാര്‍ത്തകൾ വായിക്കുമ്പോൾ ആകപ്പാടെ ഒരു സംശയം, തൊഴിലാളിയോ മുതലാളിയോ അല്ലാത്ത പുതിയ നേതൃവർഗമാണോ ഇവിടെയും ഭരിക്കുന്നത്.
ഇന്ത്യയും ചൈനയും
പരസ്പരം ഏറ്റുമുട്ടിയതിന്റെ ചെറുതല്ലാത്ത ചരിത്രം യൂറോപ്യൻ രാജ്യങ്ങള്‍ക്കുണ്ട്. എങ്കിലും, പില്‍ക്കാലത്ത് അവർ ഒറ്റക്കെട്ടായി യൂറോപ്യൻ യൂണിയൻ രൂപീകരിച്ചു, ബ്രിട്ടൻ പിന്നീട് അതില്‍നിന്ന് പിന്മാറിയെങ്കിലും. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അമേരിക്കയും യൂറോപ്പും ചേരുന്ന ശാക്തികചേരിയാണ് ഇപ്പോൾ ലോകംഭരിക്കുന്നത്. മറ്റുരാജ്യങ്ങള്‍ക്ക് സഹനടന്റെയോ നടിയുടേയോ വേഷങ്ങള്‍മാത്രം കിട്ടും. അമേരിക്കൻ – യൂറോപ്യൻ ശക്തികൾ ഒറ്റക്കെട്ടായതോടെ യുദ്ധങ്ങളെല്ലാം മറുനാടുകളിലായി. അത്യപൂർവമായി, ചിലപൊട്ടലും ചീറ്റലും അവിടെ ഉണ്ടായാലും രക്തപ്പുഴയൊഴുകുന്നത് മറ്റുഭൂഖണ്ഡങ്ങളിലായിരിക്കും.
വെയിലും വെളിച്ചവും മനുഷ്യവിഭവശേഷിയും ഏഷ്യക്കാണെങ്കിലും പരസ്പരം പൊരുത്തപ്പെടാനുള്ള പ്രായോഗികബുദ്ധി ഏഷ്യൻ രാജ്യങ്ങള്‍ക്ക് കുറവാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്കത് മനസിലാകും. സ്വാതന്ത്ര്യംകിട്ടിയ കാലംമുതലുള്ള ചരിത്രം വിശദീകരിക്കുന്നില്ല. പൊതുവിൽ പ്രശ്നക്കാരനായി ആരും കണക്കാക്കാത്ത മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി ഭരിക്കുമ്പോഴാണ് ചൈനയുടെ ഒരു പ്രഖ്യാപനം വന്നത്, അരുണാചൽ പ്രദേശില്‍നിന്ന് ചൈനയിലേക്കു പോകാൻ പാസ്പോര്‍ട്ട് ആവശ്യമില്ല. കാരണം, അരുണാചൽ പ്രദേശ് ചൈനയുടേതാണല്ലോ.