പകർന്നാടിയ മരങ്ങൾ – ഡോ. ആർ. സുരേഷ്

പകർന്നാടിയ മരങ്ങൾ –  ഡോ. ആർ. സുരേഷ്

നിരന്തരം ജീവത്തായ അനുഭവരാശികളോട് സംവദിക്കുംവിധമാണ്  ഉണ്ണി ബാലകൃഷ്ണന്റെ  “മരങ്ങളായ് നിന്നതും”  എന്ന നോവൽ സംവിധാനം ചെയ്തിട്ടുള്ളത്. ഭാഷണവ്യവഹാരങ്ങളുടെ ബഹുസ്വരതയിലേക്കാണ്  കഥാഖ്യാനസഞ്ചാരം.  അതികഥയുടെ പൊതുഫ്രെയിമിലാകുമ്പോഴും പലതരത്തിലും ആഖ്യാനവിശേഷങ്ങളെ നോവലിന്റെ ഭാവനാമണ്ഡലങ്ങളിൽ കണ്ടുമുട്ടാനാവും.


         ഏത് ജീവിതസന്ധിയിലും സ്ഥലകാലങ്ങൾക്കകത്തനിന്നുകൊണ്ട് ചരിത്രം അതിന്റെ ചില്ലാട്ടംപറക്കൽ തുടർന്നുപോരുന്നുണ്ട്.  എന്നാൽ പല മാതിരിയും ഒപ്പം ക്രമരഹിതവുമായ സ്ഥലകാലമേളനം എഴുത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ  സൂക്ഷ്മചരിത്രത്തിന്റെ സർഗാത്മകവിന്യാസം സാധ്യമാവുമെന്നതിന്റെ   ഉത്തമനിദർശനമാണ് ഉണ്ണി ബാലകൃഷ്ണന്റെ “മരങ്ങളായ് നിന്നതും” എന്ന നോവൽ. സാരവത്തായ രണ്ടു താളങ്ങളുടെ മുഴക്കത്തിലും വഴക്കത്തിലുമാണ് ഈ നോവലിന്റെ സ്റ്റാർട്ടിങ്പോയിന്റുള്ളത്.  മഴയുടെ ചന്നംപിന്നം എന്ന താളമാണൊന്ന്.  മറ്റൊന്ന് മാധവനാചാരിയുടെ സന്ദേഹവും.  തുഴയെറിയുമ്പോൾ തുള്ളിത്തിമിർക്കുന്ന വെള്ളത്തിന്റെ നീരണിത്താളമാണത്.  മഴയും തുഴയും മതിമറന്നുനിന്ന കുംഭപ്രഭാതത്തിലാണ്   സർപ്പരാജനെപ്പോലെ കിടന്ന,   18 അടി അമരപ്പൊക്കമുള്ള  പാലത്തോൾചുണ്ടന്റെ തിരനോട്ടം.  ഒരറ്റത്ത് ദേശചരിത്രകാരനായ രാവുണ്ണി.  സഞ്ചാരപഥങ്ങളിൽ ഒപ്പം കൂടാനുള്ളത് കഥയുടെ കരിവണ്ടുകൾ.  വണ്ട് കാതിൽ ചൊല്ലിയ പഴമകളിലും വർത്തമാനജീവിതഗതികളിലുമാണ് ഈ ജലാഖ്യാനഭൂപടം അനാവൃതമാകുന്നത്.  ആഴങ്ങളിൽ തണുക്കുമ്പോഴും കരുത്താർന്ന് നിവരുന്ന   കുട്ടനാടൻശരീരങ്ങളുടെ നിരനിരയായുള്ള വരവിൽപ്പെട്ട് ആലപ്പുഴയും അമ്പലപ്പുഴയും ആറന്മുളയും കഥയുടെ കനലാട്ടത്തിന് തയ്യാറെടുക്കുന്നു.  നാടകശാലയിൽനിന്ന് പറന്നുയർന്ന പ്രാവുകളെയും   വേലക്കുളത്തിനരികിൽ  പീലിവിരുത്തിനിന്ന മയിലുകളെയും  നടപ്പന്തലിൽ ഓടിക്കളിച്ച കലമാനുകളെയും അഭിമുഖംനിറുത്തി  പാലത്തോൾചുണ്ടനും ഉണ്ണി ബാലകൃഷ്ണന്റെ നോവലും ഒരുമിച്ച്   നീരണിയുകയാണ്.  സമകാലത്ത് ദേശത്തെ എഴുതാനുള്ള പരിശ്രമമാണ് നോവൽരചനയെന്ന്  ബെനഡിക്ട് ആൻഡേഴ്സൺ പറഞ്ഞുവച്ചിട്ടുണ്ടല്ലോ.  രാവുണ്ണിയെന്ന ദേശചരിത്രകാരൻ ചരിത്രത്തിന്റെ പരപ്പിനെ   പിന്നിലേക്ക് തള്ളിമാറ്റിയിട്ട്  ആഴമേറിയ ജീവിതസ്പന്ദനങ്ങളുടെയും  ആന്തരികസങ്കീർണതകളുടെയും   നേർക്കങ്ങനെ കണ്ണും കാതും മാറ്റിപ്പാർപ്പിക്കുകയാണ്.


           കാർഷികവും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളാൽ അനുപമമായ കാന്തിയും കരുത്തുമാകുന്നു കുട്ടനാട്. ഉണ്ണി ബാലകൃഷ്ണന്റെ കഥാകഥനമുള്ളത്   കുട്ടനാടിന്റെ പഞ്ചഭൂതങ്ങളിൽ തൊട്ടുനിന്നാണ്. പലതരം പാരമ്പര്യങ്ങളുടെ നീരേറിയവരാണ് കുട്ടനാട്ടുകാർ.  കഥകളിയും നാടൻകലകളുമടങ്ങുന്ന ദൃശ്യകലാവൈവിധ്യം ഇവിടെയുണ്ട്.  തച്ചന്മാരുടെ കരവിരുതിൽ പിറന്ന ചുണ്ടൻവള്ളങ്ങളുടെ അലങ്കാരഭംഗിയും ആവേശത്തിമിർപ്പും എടുത്തുപറയേണ്ടവതന്നെ. 


നോവലിൽ സൃഷ്ടിക്കപ്പെടുന്ന ഭാവനാഭൂപടങ്ങളെക്കുറിച്ച്     സ്ത്രീപക്ഷവിമർശകയും സാഹിത്യപഠിതാവുമായ ഗായത്രി ചക്രവർത്തി സ്പിവാക്ക് പ്രതിപാദിച്ചിട്ടുണ്ടല്ലോ.   സർഗാത്മകഭാവനയുടെ ഭാഗമായി സംഭവിക്കുന്ന നവഭൂപടനിർമ്മിതിയാണിത്.  പലയിടവും അവലംബമായുണ്ടാവാം.  ഇവിടെ ആലപ്പുഴയും അമ്പലപ്പുഴയും ആറന്മുളയും സ്വപ്നത്തിൽകിടന്ന് കുഴമറിയുന്നപോലെ നോവലിലെ കുട്ടനാടൻദൃശ്യസമൃദ്ധിയായി വീണ്ടെടുക്കപ്പെടുന്നു.  ഇതിനൊപ്പം മറ്റു ചില ഭൂഭാഗദൃശ്യങ്ങളും ഭാവനാഭൂപടനിർമ്മിതിയിൽ ഇടപെടുന്നുണ്ട്.  അയർലൻഡും അമ്പുകുത്തിമലയും യമനിലെ തെരുവുകളും കപ്പൽ കടന്നുപോകുന്ന ഉൾക്കടലും   സർവ്വോപരി ഫ്രാൻസിലെ ഡോഡേന്യ എന്ന നദീതീരമുള്ള  ഹൊക്കാമദു എന്ന ഗ്രാമവും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു.  ഇവിടെ കൗതുകകരമായ ഒരുകാര്യം നെൽപ്പാടങ്ങളുടെ ടോപ്പോഗ്രഫിയിൽനിന്ന് കപ്പലിനകത്ത് ജീവിതമുള്ള ഉൾക്കടലിലേക്കുള്ള മാറ്റംതന്നെയാണ്.  കപ്പൽ പോകുന്ന ഇടത്തുറുമുഖങ്ങളും ശ്രദ്ധേയമാകുന്നു.  രണ്ടുതരം ജീവിതവ്യവസ്ഥ അനുഭവിക്കും വിധമാണിത്.  ഗ്രാമകേന്ദ്രിതഫ്യൂഡൽവ്യവസ്ഥയ്ക്കൊപ്പം  ആഗോളസമ്പദ് വ്യവസ്ഥയുടെയും ലോകകമ്പോളത്തിന്റെയും നേരെ തിരിയുകയും  നവീനമായ സമഗ്രാധികാരസ്ഥാനങ്ങളെ കാട്ടിത്തരികയുംചെയ്യുന്നു. കരയ്ക്കരികിലെ വെള്ളവും കടലിനുള്ളിലെ വെള്ളവും നിലവിട്ട് പെരുമാറാൻ തുടങ്ങുന്നിടത്താണ് നോവലിന്റെ ആന്തരികജീവിതവും   അന്തഃക്ഷോഭങ്ങളുമുള്ളത്.


             നോവൽ പറഞ്ഞു തുടങ്ങുമ്പോഴേ നോവലിന്റെ അവസാനമായിപോവുകയെന്നത് ചില കഥാകഥനങ്ങളുടെ സ്വയംവിധിയാണ്.   നോവലിന്റെ അന്ത്യത്തില്‍നിന്നു വാർന്നുവീഴുന്ന ആർപ്പുവിളികളും കരഘോഷവും നീട്ടിയുള്ള വിളികളും നോവൽ കൊടിയേറുമ്പോഴും അനുഭവവേദ്യമാവുന്നു.   കേവലം ഫ്ലാഷ്ബാക്കിന്റെ വിന്യാസത്തിനുമപ്പുറം കാലങ്ങളുടെ പതിവുഭ്രമണങ്ങളെ തെറ്റിക്കാനുള്ള തത്രപ്പാടുകൂടി ഇവിടെയുണ്ട്.  തകർന്നടിഞ്ഞ പാലത്തോൾതറവാടിന്റെ ദുരന്തനിർഭരമായ അവസ്ഥകളിലൂന്നിനിന്ന് ദേശചരിത്രകാരനായ രാവുണ്ണി ചരിത്രംപറഞ്ഞ് വിഭ്രമിപ്പിക്കുകയാണ്.  നോവൽ എഴുതിയത് ഉണ്ണി ബാലകൃഷ്ണനാകുമ്പോഴും നോവലിനകത്ത് കയറി ചരിത്രഗാഥ സാക്ഷ്യപ്പെടുത്തുന്നത് രാവുണ്ണിയാവുന്നു.  അതികഥയെന്ന രചനാസങ്കേതമാണിത്.  പാലത്തോളിലെ അസ്ഥിപ്പുരയിൽക്കിടന്ന കുട്ടിരാമക്കൈമൾ സടകുടഞ്ഞെഴുന്നേറ്റത് രാവുണ്ണിയുടെ നാവുമൊഴിയോരത്തിലൂടെയാണ്.  ഒമ്പതിനായിരപ്പറനിലവും നൂറ്റെട്ട് പുലത്തറകളുമുള്ള ജന്മികുടുംബത്തിന്റെ അടിത്തറ പെൺകമ്പത്താലും കുതിരഭ്രമത്താലും ധൂർത്താടിക്കൊണ്ട് ഇളക്കിയെടുത്ത കൈമളുടെ തോറ്റമ്പിപ്പോയ ജീവിതത്തെ അഭിമുഖംനിറുത്തിയാണ് നോവലാരംഭമുള്ളത്.  വടക്കേച്ചിറയിൽ പണിക്കെത്തിയ ചോതനെന്ന പുലയനെ ഒരുദിവസം പണിക്കിറങ്ങാത്തതിന്റെ പേരിൽ തൊഴിച്ചുകൊന്നതിനുശേഷം   കുട്ടിരാമകൈമളുടെ ഒരു അനന്തരവൻ പറഞ്ഞു.  വടക്കേച്ചിറയിലെ മണ്ണിനടിയിൽ അവനുണ്ട്.  ഇതും പറഞ്ഞ് ആരും നാടെങ്ങും  നടക്കണ്ട.  ഫ്യൂഡൽദുരധികാരത്തിന്റെ പ്രഖ്യാപനമാണിത്. അധികാരരൂപകമായിരുന്ന കുട്ടിരാമകൈമൾ മച്ചിൻപുറത്ത് സൂക്ഷിച്ചിരുന്ന ആനച്ചങ്ങലയിൽ സ്വയംതന്നെ അവസാനിപ്പിച്ചപ്പോൾ  അടുത്ത തലമുറയിൽപ്പെട്ട അനന്തരവൻമാർ ജന്മദേശംവിട്ട് യാത്രചെയ്യാൻ തുടങ്ങി.  ആർഭാടം മഹാശൂന്യതയ്ക്ക് വഴിമാറുന്ന ദയനീയവും പരിതാപകരവുമായ ഒരു ജന്മിത്തജീവിതസന്ദർഭമാണത്.  പെൺശരീരങ്ങൾക്കും കുതിരപ്പന്തയങ്ങൾക്കും നേർക്കുള്ള അമിതമായ ആഗ്രഹചിന്തയുടെ അടിത്തറ ശാരീരികനിർവൃതിതേടലും ഭോഗതൃഷ്ണയും തന്നെയായിരുന്നു.  ഏതു നിമിഷവും വെറും ഔപചാരികം മാത്രമെന്ന അതിദാരുണാവസ്ഥയാണെവിടെയും.   ഈ നോവൽ വലിയൊരു മെറ്റമോർഫസിസിന്റെ അന്തരീക്ഷത്തിലേക്ക്  സഞ്ചരിച്ചുപോവുന്നുണ്ട്.  അതിജീവനം അസാധ്യമാവുമെന്ന് തോന്നുന്ന നേരം അതിജീവനത്തിനായി തുനിയുകയാണ്.  തെന്നുകയും ചിതറുകയും ഇളകുകയും ചെയ്ത ജലത്തോടൊപ്പം ജീവിക്കുമ്പോൾ കുട്ടനാട്ടുകാർക്ക് നീന്തിക്കയറാനും ഒഴുകിയൊഴുകി ഓടക്കുഴൽവിളിപോലെ പുതിയ തുരുത്തുകളിൽക്കയറി പുനർവിചാരം കൊള്ളാനുമുള്ള ആർജവമുണ്ടാവും.  ഫ്യൂഡൽഅധികാരവും ലൈംഗികതയും ധൂർത്തും ചേർന്ന് വീണുടഞ്ഞയിടത്തുനിന്നു കരകയറാനുള്ള പരിശ്രമത്തിന്റെ വർത്തമാനങ്ങളാണ് ഈ നോവലിന് പുതിയ ഉൾക്കാഴ്ചകൾ പകർന്നത്.


             “മരങ്ങളായ് നിന്നതും” എന്ന ശീർഷകത്തിന്റെ പ്രസക്തി അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.  പൂന്താനത്തിന്റെ “ജ്ഞാനപ്പാന”യിൽ  എത്ര ജന്മം മരങ്ങളായി നിന്നതാണ് മനുഷ്യർ എന്ന്  അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മരങ്ങളുടെ സ്വത്വാംശം മനുഷ്യനൊപ്പം ഉണ്ടാവും.  മരസമൃദ്ധിയെ ഇല്ലായ്മ ചെയ്ത് സ്വാർഥചിന്തയാൽ തേയിലക്കാട് ഉണ്ടാക്കിയ ചൂഷകരോട് മരം കയർത്തുസംസാരിക്കുന്നത്   ഈ നോവലിന്റെ അന്ത്യത്തിൽ ശക്തമായ സാന്നിധ്യമാവുന്നു.   സർവ്വനാശത്തിൽനിന്നുമുള്ള മറികടക്കൽ ആഞ്ഞിലിമരത്തിലൂടെയാണെന്ന ധാരണയിലേക്കെത്തുമ്പോൾ   ജ്ഞാനപ്പാനയുടെ വെള്ളിവെളിച്ചം ഉള്ളിലേറ്റാൻ തുടങ്ങുകയാണ്.  വലിയ കൈമളെ അടിമുടി ലംഘിക്കുന്നത് ശശിഭൂഷണും വിനയചന്ദ്രനുമാവുന്നു.  ശശിഭൂഷൺ കയർഫാക്ടറിക്കും കപ്പലിനുംമുന്നിൽ പണി അന്വേഷിച്ചുനിൽക്കുന്നു.  കപ്പലിൽ തണ്ടുവലിക്കുന്നത് ഇംഗ്ലണ്ടിലേക്കു പോകാനാണ്.  അധ്വാനിക്കുന്നതിനൊപ്പം  ഇയാൾ പുറന്തള്ളപ്പെട്ട പെൺകുട്ടിയോട് അനുതാപവും പ്രകടിപ്പിക്കുന്നുണ്ട്.  പെൺശരീരത്തിന് നേരെയുണ്ടായ പഴയ പരക്കംപാച്ചിലിന് വിരുദ്ധമാണിത്.  നിശിതമായി ചോദ്യംചെയ്യാനുള്ള കരുത്തുള്ളപ്പോൾതന്നെ   തകർന്ന തറവാടിന് വീണ്ടും ഓടുമേയുന്നതും ശശിഭൂഷണാണ്.  കുട്ടിരാമകൈമൾക്കാലത്തോടുള്ള പ്രതിരോധമെന്നനിലയിൽ  കലയുടെയും കായികത്തിന്റെയും സൂക്ഷ്മസ്വരൂപം പ്രത്യക്ഷപ്പെടുന്നത് വിനയചന്ദ്രന്റെ വരവോടെയാണ്.  പാലത്തോളിന് ചുണ്ടൻവള്ളം വേണമെന്ന വിചാരം ഒരു വീണ്ടെടുപ്പിന്റെ പ്രഖ്യാപനം കൂടിയാവുന്നു.  അധികാരപ്രമത്തതകളിൽനിന്നു കലയുടെ അതിജീവനകാണ്ഡത്തിലേക്കുള്ള കൂടുമാറ്റമാണിത്.  ആഞ്ഞിലിയും പാലത്തോൾചുണ്ടനും രംഗത്തെത്തുമ്പോൾ  ദൃശ്യഭംഗി,പാട്ട്,സംവിധാനകൗശലം,ശരീരാവേഗം,നയമ്പിന്റെ ഓളപ്പെയ്ത്ത്, നിത്യാധ്വാനം എന്നിവയെല്ലാം  ജീവിതക്കടവുകൾ തോറും സമുജ്വലമാവുന്നു.  വിനയചന്ദ്രൻ ചെമ്മീനിലെ സ്നേഹനിർഭരമായ പാട്ടിലേക്കും  ബിലാത്തിപ്ലാവിന് താഴെയുള്ള സൗന്ദര്യമയമായ ചതുരംഗക്കളിയിലേക്കും അലിഞ്ഞുനിൽക്കുന്നു.  പഴയ കൈമളുടെ കാമാവേശത്തിന് പുതിയ കൈമളുടെ പ്രണയാർദ്രലോകം പകരമാവുന്നു.  ആഞ്ഞിലിതേടലിന് സമാന്തരമായി  ബിഥോവന്റെ  ആറാംസിംഫണിയും ജോൺ ലെനന്റെ ബീറ്റിൽസ് പ്രണയധാരയും പ്രത്യക്ഷീകൃതമാവുന്നുണ്ട്. കായൽരാജാവായ ജോസഫ് മുരിക്കന്റെ കഠിനാധ്വാനചരിത്രംകൂടി ഇവയ്ക്കൊപ്പം ചേരുമ്പോൾ  ലൈംഗികതയുടെ കുട്ടിരാമകൈമൾച്ചരിതത്തിനു മുകളിൽ  അമിതാഘാതശേഷിയുള്ള സർഗാത്മകതയുടെ പാലത്തോൾചുണ്ടൻ പ്രഭാവലയം ജ്വലിച്ചുനിൽക്കുന്നു .


              യാഥാർഥ്യവും ഫാന്റസിയും ഇഴപിരിഞ്ഞുകിടക്കുന്ന ആഖ്യാനക്രമത്തിനകത്ത് ഒരു ദേശത്തിനൊപ്പം പല ദേശങ്ങളും കടലാഴങ്ങളും പാരസ്പര്യത്തോടെ തുഴഞ്ഞുനീങ്ങുന്നു.  ചരിത്രവിജ്ഞാനീയത്തിൽ തെളിഞ്ഞുകിട്ടാത്ത ഉൾച്ചരിത്രത്തിന്റെ അടരുകളെ വിടർത്തിക്കാട്ടാൻ ഇതു പര്യാപ്തമാണ്.  മരിച്ചുപോയവർ തിരികെവന്ന് ജീവനുള്ളവരെപ്പോലെ പെരുമാറുന്ന നിരവധി കഥാസന്ദർഭങ്ങൾ ഈ നോവലിലുണ്ടല്ലോ.  വളരെ സ്വാഭാവികമായി അവർ വരുന്നതായാണ് നമുക്കു തോന്നുക.  ഏതോ ചില യാഥാർഥ്യങ്ങൾക്ക് മിഴിവേകാനായി  അവതരിക്കുന്ന മാജിക്കൽറിയലിസ്റ്റ് ഭാവനയാകാം അവയെല്ലാംതന്നെ.  രാത്രിയിൽ ആനച്ചങ്ങലക്കിലുക്കത്തോടെ മടങ്ങിവരുന്ന കുട്ടിരാമകൈമൾ എത്രമേൽ സ്വച്ഛന്ദവും സ്വാഭാവികവുമായിരുന്നാണ് ചരിത്രം പറയാൻ തുനിയുന്നത്.    ഇത്തരം വ്യവഹാരങ്ങളിലേക്ക് കഥാപാത്രം നീങ്ങുമ്പോൾ നാടോടിക്കഥകളുടെ ആഖ്യാനരീതിയിലേക്ക് നോവലിസ്റ്റ് പ്രവേശിക്കുന്നു.  പാലത്തോളിന്റെ ഉമ്മറത്ത് കൈമൾക്കൊപ്പം   വെറ്റില മുറുക്കി ഇരിക്കുന്നത് വിനയചന്ദ്രന്റെ പങ്കാളിയായ മഗരീത്തയുടെ അമ്മൂമ്മയായ വെറോണിക്കയാണ്.  ജീവിതം അവസാനിപ്പിച്ച് കടന്നുപോയ രണ്ടുപേരെ  മറ്റു രണ്ടു കഥാപാത്രങ്ങളുടെ മനസ്സിൽനിന്നു നോവലിന്റെ ആഖ്യാനഭൂമികയിലേക്ക് കുടഞ്ഞിടുകയാണ്.  വെറോണിക്ക താനൊരു  ആണാധിപത്യവ്യവസ്ഥിതിയുടെ കൊള്ളമുതലാണെന്നു പ്രഖ്യാപിക്കുന്നു.  ഫാന്റസിയുടെ ആഖ്യാനക്കുപ്പായമണിയുമ്പോൾ  വ്യവസ്ഥാവിമർശനത്തിന് സാധ്യതയേറുമെന്നതിന്റെ തെളിവാണിത്.  സമാനസ്വഭാവമുള്ള ക്രിയാസന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പലതരം സ്ഥലകാലങ്ങളെ സമന്വയിപ്പിച്ചുള്ള കഥാകഥനസാധ്യത ഒരുങ്ങുകയുംചെയ്യുന്നു.


           ഒരു ജനതയുടെ സാംസ്കാരികസ്വത്വത്തെ നിർണയിക്കാൻ ആ ജനത അധിവസിച്ച പ്രദേശത്തെ മിത്തുകൾക്കാവും. ദാഹിച്ചു വലഞ്ഞുവന്ന ഉണ്ണി ആറന്മുളപെരുമാളായിമാറിയ ഐതിഹ്യകഥ നോവലിൽ വിശദീകരിക്കപ്പെടുന്നുണ്ടല്ലോ.  ജലബന്ധിത കഥാകഥനമാണിതെന്നോർക്കുക. മത്സ്യങ്ങളെ നോക്കി നാരായണനാചാരി പ്രാർഥിക്കുമ്പോഴാണ് മാധവൻ ആചാരിക്ക് മുലപ്പാൽ കിട്ടുന്നതെന്നതും ശ്രദ്ധേയമാണ്.  ഇവിടെ പ്രകൃതിയുമായുള്ള  ഗാഢലയത്തോടൊപ്പം മാജിക്കൽറിയലിസത്തിന്റെ  ഗൂഢലാവണ്യവുമുണ്ട്.   ഇതോടൊപ്പം നാട്ടിൻപുറം അതിന്റെ സ്വന്തം കഥാപാത്രങ്ങളെ ജ്വലിപ്പിച്ചുകൊണ്ടുമിരിക്കും.  വേളാങ്കണ്ണി ബാബുവും കറുപ്പൻ ഭാസ്കരനുമെല്ലാം ജീവിച്ചിരിക്കെതന്നെ മിത്തിക്കൽസ്വഭാവം ആർജിച്ചവരാണ്.  കപ്പലിനകത്തെ ജീവിതത്തിലും അത്ഭുതകഥകളുടെ വിടർച്ചയുണ്ട്.  ജലവിതാനത്തിനുമീതെ കാണപ്പെടുന്ന അരയന്നങ്ങളിലും നീലപ്പൊന്മാനുകളിലും   നിധിയുണ്ടെന്നുപറയുന്ന ജിപ്സിവൃത്താന്തം ഓർമ്മിക്കുക. കപ്പിത്താൻ കൊന്നുകളഞ്ഞ ജിപ്സി തിമിംഗലമായി പുനർജനിച്ചുവത്രേ.  ഭൂതകാലത്തെക്കുറിച്ചുള്ള കഥയാണ് മിത്തെന്ന്  സ്ട്രക്ച്ചറൽ ആന്ത്രോപ്പോളജിസ്റ്റായ   ലെവിസ്ട്രോസ്   അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ.  കുട്ടനാടൻദേശത്തിനു പുറമേക്കുപോകുന്ന സ്ഥലരൂപകങ്ങളിലും   ഫാന്റസി തേടിപ്പിടിക്കാൻ നോവലിസ്റ്റിനാവുന്നുണ്ട്.  ഡബ്ലിൻപട്ടണത്തിലെ ലിഫി നദീതീരത്ത്   നഴ്സിങ്ങ് പഠിക്കാൻ പോയ ഏലിയാമ്മ  കായൽരാജാവായ തന്റെ അപ്പൻ മുരിക്കനെപ്പറ്റിയും   ജോൺ ലെനൻ എന്ന ബീറ്റിൽസ് ഗായകനെപ്പറ്റിയും പറഞ്ഞിട്ട് പെട്ടെന്ന് മാഞ്ഞുമറഞ്ഞുപോവുന്നു.  പ്രണയാർദ്രതയേറിയ സംസാരമുള്ളതിനാൽ ഒരു സ്വപ്നത്തിനകത്ത് അകപ്പെട്ട പ്രതീതിയാണ്  ഈ കഥാസന്ദർഭത്തിൽ സൃഷ്ടിക്കപ്പെടുക.


              നിരന്തരം ജീവത്തായ അനുഭവരാശികളോട് സംവദിക്കുംവിധമാണ്  ഉണ്ണി ബാലകൃഷ്ണന്റെ നോവൽ സംവിധാനം ചെയ്തിട്ടുള്ളത്.   ചരിത്രം സൗന്ദര്യാത്മകമായി പറയാൻ തയ്യാറായി നിൽക്കുന്ന രാവുണ്ണിക്കു മുന്നിലൂടെ  പലമയുടെ ഉത്സവംതന്നെ കടന്നുപോകുന്നു.  ഭാഷണവ്യവഹാരങ്ങളുടെ ബഹുസ്വരതയിലേക്കാണ്  കഥാഖ്യാനസഞ്ചാരം.  അതികഥയുടെ പൊതുഫ്രെയിമിലാകുമ്പോഴും പലതരത്തിലും ആഖ്യാനവിശേഷങ്ങളെ നോവലിന്റെ ഭാവനാമണ്ഡലങ്ങളിൽ കണ്ടുമുട്ടാനാവും.  നതോന്നതാവൃത്തത്തിൽ ചലനാത്മകമാകുന്ന പാലത്തോൾചുണ്ടന്റെ   പ്രവാഹാഖ്യാനം നോവലിന്റെ ആരംഭത്തിലും അന്ത്യത്തിലുമുണ്ട്.  അനുഷ്ഠാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിന് പാകമായ വാക്കും വാക്യവിന്യാസവും താളാത്മകതയും  ഈ വള്ളമിറങ്ങലിൽ ദർശിക്കാം.  നീരണിയുമ്പോഴുള്ള ആർപ്പുവിളിയിൽ തുടങ്ങി നതോന്നതയുടെ ശബ്ദാരവത്തിലേക്ക് ആഖ്യാനം വഴിതിരിയുന്നു.  ‘ആറന്മുളത്തേവരേ…. ഗുരുപരമ്പരകളേ’  വിളികളിൽ വിശ്വാസത്തിന്റെ ദൃഢത തുഴയെറിഞ്ഞുനിൽക്കുന്നുണ്ട്.  പ്രകൃതിതന്നെ ഭാഷണവും ഭാഷാക്രമവുമായിത്തീരുന്ന ചില  മനുഷ്യ, പ്രകൃതിഗാന്ധർവനിമിഷങ്ങളും നോവലിൽ കാണാം.  ആമ്പലുകൾ കൂമ്പിനിന്നതും കരിവീട്ടികളിൽ സ്വർണ്ണ ഉടുമ്പുകൾ ഒളിച്ചതും കൈതപ്പൊന്തകളിൽ പാമ്പുകൾ പടംപൊഴിച്ചതും വിദൂരഭൂതകാലത്തിലേക്കുവരെ നീളുന്ന പ്രകൃതിബന്ധിതവ്യവഹാരങ്ങളാകുന്നു.  ഭാവഗീതാത്മകതയിലേക്ക് തൊട്ടുരുമ്മുംവിധമാണ് ഇവിടെ ആഖ്യാനക്രമീകരണമുള്ളത്.  പാരഡി മിക്കവാറും ഹാസ്യപ്രധാനമാണ്.  എന്നാൽ, ഉത്തരാധുനികരചനകളിൽ പാരഡിക്ക് അർഥവ്യാപ്തി കൂടും.   ‘വേലയ്ക്ക് പൂവ്വാണേ,  എവിടെയാടാ വേല,  ചുമടെടുക്കും തമ്പ്രാ……’  എന്ന ശശിഭൂഷണിന്റെ ഭടനോടുള്ള സംവാദപരിസരത്തിൽ തകഴി ശിവശങ്കരപ്പിള്ളയുടെ  കാർഷികജീവിതാഖ്യാനക്രമങ്ങളുടെ പാരഡി കാണാം.   ‘പുറക്കാട് കടപ്പുറത്ത് രണ്ടു നക്ഷത്രങ്ങൾ വീണുകിടക്കുന്നു ‘  എന്ന വിനയചന്ദ്രഭാഷണത്തിലാവട്ടെ തകഴിയുടെ ‘ചെമ്മീൻ’ നീന്തിനീന്തി പിറകേ വരുന്നുണ്ട്.  തേവരെയും ഗുരുനാഥന്മാരെയും നീട്ടിവിളിക്കുന്നിടത്ത്   കോവിലന്റെ തട്ടകാഖ്യാനവും  ‘ അരയാലിൽ കാറ്റുവീശി…… കാറ്റിന് കൈതപ്പൂവിന്റെ ഗന്ധം’   തുടങ്ങിയ വിവരണസന്ദർഭങ്ങളിൽ ഓ.വി.വിജയന്റെ ആഖ്യാനപ്രകൃതവും  പാരഡിക്കൽഭാവമണിഞ്ഞെത്തുന്നുണ്ട്.  പൂർവകൃതികളിലെ പ്രമേയഗാംഭീര്യത്തോട്  ഇണക്കിക്കൊണ്ട് നവീനാർഥസാധ്യതകൾ തിരയുംമട്ടിലാണ്   ഇവിടങ്ങളിലെല്ലാം പാരഡി വിന്യസിച്ചിരിക്കുന്നത്.  മലയാളനോവലിന്റെ പല  ചരിത്രസ്ഥാനങ്ങളിലേക്കും   അനുവാദംചോദിക്കാതെ കടന്നുചെല്ലുകവഴി  ഏതു വൈരുദ്ധ്യത്തെയും അതിജീവിക്കാനുള്ള കരുത്താർജിക്കാനുള്ള പരിശ്രമമുണ്ട്


             ഒരു ആഭിചാരക്കളത്തിനുള്ളിൽ മന്ത്രബന്ധിതനാകുന്ന  അപൂർവാനുഭവമാണ് തനിക്ക് ഈ നോവൽ പകർന്നതെന്ന്  കവിയായ റഫീക്ക് അഹമ്മദ് എഴുതിയിട്ടുണ്ട്.  ഇത്തരം നാട്ടുമ്പുറചരിത്രാഖ്യാനരീതി സ്വായത്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ ഈ നോവലിലുണ്ട്.  കുട്ടനാടിന്റെ ദൈനംദിനകാർഷികജീവിതഗന്ധിയായ പദകോശവും വാക്യവിന്യാസവും ഇണചേരുന്ന ആഖ്യാനചടുലത മങ്കൊമ്പിൽനിന്നുവന്ന ചോതൻ എന്ന പുലയന്റെ കൊലപാതകവിവരണസന്ദർഭത്തിൽ പ്രകടമാണ്.  വടക്കേച്ചിറയിൽ പന്തകെട്ടിയതും വിത്തുവകയും അളക്കടയും ചെന്ന ഊക്കിൽ  കലികേറിയതുമെല്ലാം ചേർന്ന ആ കരുണവറ്റിയ നിമിഷങ്ങൾ ഓർമ്മിക്കുക.    പന്തയും അളക്കടയുമെല്ലാം കുട്ടനാടിന്  സ്വന്തം പ്രാദേശികഭാഷാസാമ്രാജ്യത്തിലുള്ളവയാണ്.  പടയണി എന്ന കലാരൂപത്തിലും കുഞ്ചൻനമ്പ്യാരിലും നാം കണ്ട മലയാളത്തിന്റെ   താളക്രമങ്ങളുടെ ആവിഷ്കാരവും നോവലിലെ ചിലയിടങ്ങളിൽ കണ്ടെത്താം.  ചുണ്ടൻ നീരണിയുമ്പോഴുള്ള ആർപ്പുവിളി   ‘ചരിയരുത്…. മറിയരുത്… ആടി ഉലയരുത്’ എന്നാണ്.  ‘തിത്തിത്തൈയ്, തിമൃതത്തെയ്’  എന്നു തുടങ്ങുന്ന ലക്ഷ്മീതാളമാണത്.  നോവലന്ത്യത്തിൽ ‘നെരിയാണിയിൽനിന്നു ഒരു പെരുപ്പ് ഉടലാകെ പടരുന്നു’  എന്നു രേഖപ്പെടുത്തുന്നിടത്ത്   സാക്ഷാൽ ഗണപതിത്താളത്തിന്റെ വിനിമയമുണ്ട്.  അടുക്കടുക്കായി ദൃശ്യബിംബങ്ങളെ  കൊരുത്തുപോകുന്ന ആഖ്യാനരീതിയും ഈ കുട്ടനാടൻകാഴ്ചക്കാലത്തിന്റെ പ്രത്യേകതയാണ്.  കാറ്റിന്റെ കരപ്പുറപ്പാടിൽ ആലിലകൾ പൊഴിഞ്ഞതും  മാനത്ത് മഴവില്ല് പറന്നുവന്നിരുന്നതുമെല്ലാം  കവിതയിലെന്നപോലെ അണിനിരക്കുന്നു.  മാന്ത്രികവിരലുകളുള്ള മുത്തശ്ശികഥാകഥനരീതിയും നോവലിസ്റ്റിന് പ്രിയങ്കരമാണ്.  നാരായണനാചാരി മാധവന് പറഞ്ഞുകൊടുത്ത ആറന്മുള പെരുമാളുടെ കഥ ഇതിന് ഉത്തമോദാഹരണമാവുന്നു. ഇത്തരം കഥപറച്ചിലുകൾക്ക് ഭൂപ്രകൃതിയുടെ അതിരുകളൊന്നും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഹെക്കാമദുവിലേക്ക്  കൊള്ളസംഘം വന്ന് തന്നെ കൊള്ളമുതലാക്കിയ തീവ്രവ്യസനം വെറോണിക്കമുത്തശ്ശി എല്ലാം മറയുംനീക്കി പുറത്തുപറയുന്നു.  കാലത്തിലൂടെ തുഴഞ്ഞുപോകുന്ന ഇത്തരം ജീവിതവൈവിധ്യങ്ങളും വൈരുധ്യങ്ങളും പ്രകാശിപ്പിച്ചുകൊണ്ടാണ് നോവൽ എന്ന സാഹിത്യരൂപം നിലനിൽക്കുന്നത്.


             കുട്ടീങ്കലെ കുറുപ്പച്ചൻ പോത്തായും നരിയായും മാന്തോപ്പിൽ ചുറ്റിനടന്നുവെന്ന അതീതയാഥാർഥ്യകഥനവും  നോവലിലുണ്ട്.  മാധവനാചാരിയുടെ മരണസന്ദർഭത്തിൽ മരണത്തിലേക്ക് അനുഷ്ഠാനഭാവത്തെ പ്രസരിപ്പിക്കുന്ന സവിശേഷശൈലിയാണുള്ളത്.  എന്നാൽ, നിഗൂഢതയുടെ യാതൊരുവിധ ആവരണവുമില്ലാതെ തികച്ചും ഭൗതികപ്രതലത്തിൽനിന്നുകൊണ്ടുള്ള വിവരണരീതിയുമുണ്ട്.  പാലത്തോളിൽനിന്നു പുറപ്പെട്ട ശശിഭൂഷണിന്റെ അനുഭവവിവരണം ശ്രദ്ധിക്കുക.  ആഞ്ഞിലിതേടിയെത്തിയ ബംഗ്ലാവിന്റെ വിവരണത്തിൽ ഉപന്യാസരചനാശൈലിയോട് അടുക്കുന്ന ആഖ്യാനമാതൃക കാണാം.  വ്യത്യസ്ത ഭാവമണ്ഡലങ്ങളിലേക്ക് പ്രവേശിക്കുന്ന നിരവധി ജീവിതസന്ദർഭങ്ങൾ ഉള്ളതിനാൽ ഔചിത്യത്തോടെ ഭിന്നാഖ്യാനരീതികളും കണ്ടെത്തേണ്ടതായിവരുന്നു.  ആറ്റിറമ്പിലെ ചെത്തിക്കൊടുവേലിയിലിരുന്ന് ചീവീടുകൾ  പാട്ടുപാടും.  ഇതൊരു കുട്ടനാടൻഗ്രാമം വള്ളംകളിക്കായി ഒരുങ്ങുന്നതിന്റെ ആരവമാണ്.  വെള്ളക്കണ്ണികുരുവിയും  ചെഞ്ചിലപ്പൻകിളിയും കാവതികാക്കയും അമ്പട്ടൻവാളകളുമെല്ലാം പ്രഭാപൂർണമാവും.  വല്ലംനിറയറിയാൻ ഇളനീരിൽ തുളസിയിലയിട്ട് ദിശ നോക്കുന്നുണ്ടാവും.  എരിക്കുകളിലും പേരാലുകളിലും ആത്മാക്കൾ വവ്വാലുകളായി തൂങ്ങിയാടുന്നുണ്ടാവും.  ഇത്തരം ഓർമ്മകളുടെ ഭൂപടമാകെ ഗ്രാമജീവിതജ്ഞാനാഴങ്ങളുടെ പിൻബലത്തിൽ പൂരിപ്പിക്കുവാൻ നോവലിസ്റ്റിനാവുന്നുണ്ട്.  ബിലാത്തിപ്ലാവിനു താഴെ വിനയചന്ദ്രനും മഗരീത്തയും  നിലകൊള്ളുന്നു.  ഇതേ സമയത്ത് തൊടിയിലൂടെ നടക്കുന്നത് വെറോണിക്കയും കുട്ടിരാമക്കൈമളുമാണ്.  വിസ്മയത്തിന്റെ പൂപ്പന്തലിൽ ഈ നാൽവർസംഘം ഏർപ്പെടുന്ന ഫുട്ബോൾകളിയുടെ പാസുകൾ ചിന്നിച്ചിതറുന്ന അത്യപൂർവക്കാഴ്ചയും ഈ നോവലിലുണ്ട്.  മത്സരമാവാതെയാവാൻ ശ്രദ്ധിക്കുന്ന ഒരുതരം ഉത്സവഫുട്ബോൾമൈതാനമൊരുങ്ങൽ   കൗതുകകരംതന്നെ.  ഇതിൽനിന്നുമെല്ലാം എത്രയോ ഭിന്നമായാണ് ഉൾക്കടലിൽ കപ്പലിനെ വെള്ളക്കൽകൊട്ടാരമായി സങ്കല്പിക്കുന്നത്. കപ്പലിന്റെ തണ്ടുവലിച്ച അടിമകളായ കാപ്പിരികൾ കരകാണാതെ മരിച്ചുപോകുന്നത്.  ഭിന്ന പ്രമേയങ്ങൾക്ക് ഭിന്നപരിചരണങ്ങൾ സ്വാഭാവികമാണ്.  കുട്ടനാട്ടിലെ ചോതൻ എന്ന പണിയാളൻ ഫ്യൂഡലഹന്തയുടെ കീഴിൽ കരകണ്ടാണ് മരിച്ചുപോയത്.  ശരിക്കും കാപ്പിരിയും ചോതനും അതീവസാമ്യമുള്ള അധികാരവാഴ്ചകളാൽ  കൊലചെയ്യപ്പെട്ടവരാണ്.  ഏതിടത്തും നഷ്ടപ്പെട്ടുനിന്ന മനുഷ്യപ്പറ്റിനെ ചൊല്ലിയുള്ള ആകുലതകളും  ജാഗ്രതാബോധവും നോവൽ പര്യവസാനിക്കുമ്പോൾ നമുക്കൊപ്പമുണ്ടാവുന്നു. ജ്ഞാനപ്പാനയുടെ മുകളിൽ കയറിയിരുന്ന് മരം പലതും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.