കെ.പി. അപ്പന് : വിയോജിപ്പുകളുടെ യോജിപ്പ്

പുസ്തകപരിചയം /സുധാകരന് ചന്തവിള
സാഹിത്യനിരൂപണത്തിൽ നവീനപന്ഥാവ് വെട്ടിത്തെളിച്ച ചരിത്രപുരുഷനായ കെ.പി.അപ്പന്റെ ജീവിതചക്രവാളത്തെ സമഗ്രശോഭയോടെ, വ്യത്യാസങ്ങളെയും പ്രത്യേകതകളെയും യോജിപ്പോടെയും വിയോജിപ്പോടെയും അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം.
സാഹിത്യനിരൂപണത്തെ സർഗാത്മകാനുഭവമാക്കിത്തീർത്ത എഴുത്തുകാരനാണ് കെ.പി.അപ്പൻ. നിരൂപണത്തിന്റെ ഭാഷയെ കവിതപോലെ മനോഹരവും ആർദ്രവുമാക്കി മാറ്റിയ അദ്ദേഹം കവലപ്രസംഗം നടത്തിയോ രാഷ്ട്രീയകൂട്ടുകൃഷിയിൽ അഭിരമിച്ചോ അവാർഡ്-അക്കാഡമി അദ്ധ്യക്ഷപദം അലങ്കരിച്ചോ വായനക്കാർക്കിടയിൽ ശ്രദ്ധനേടിയില്ല. ഇക്കാരണത്താൽ കെ.പി.അപ്പൻ ഒരുപരിധിയോളം അരാഷ്ട്രീയവാദിയായും സാമൂഹിക പ്രതിബദ്ധതയില്ലാത്ത എഴുത്തുകാരനായും മുദ്രകുത്തപ്പെട്ടു.
എഴുത്തിന്റെ നൈരന്തര്യത്തെ അംഗീകരിക്കുമ്പോഴും എഴുത്ത് തനിയാവർത്തനമാകരുതെന്ന് ഉറച്ചു വിശ്വസിച്ച കെ.പി.അപ്പൻ, സാഹിത്യകലയെ പുതുവായനയ്ക്കും പുതുചിന്തയ്ക്കും പുതുസൗന്ദര്യസംസ്കാരത്തിനും വിധേയമാക്കി. എഴുത്തിന്റെ കരുത്തും കരുത്തിന്റെ എഴുത്തും ഏകനായിനിന്നുകൊണ്ട് തെളിയിച്ചു. ചിന്തിക്കുന്ന അധ്യാപകനും അധ്യാപകർക്കിടയിലെ ചിന്തകനുമായി മാറി. ആധുനികതയുടെ ആരാധകനായും പാരമ്പര്യ എഴുത്തിന്റെ എതിരാളിയായും അറിയപ്പെട്ടു. കെ.പി.അപ്പനെ ആദ്യകാലത്ത് എതിർത്തവർപോലും പതിയപ്പതിയെ അദ്ദേഹത്തിന്റെ എഴുത്തിന്റെ മാസ്കരികതയിൽ ആകൃഷ്ടരായിത്തീർന്നു.
എല്ലാ എഴുത്തുകാർക്കും എഴുത്തു ജീവിതത്തിൽ മാതൃകാ എഴുത്തുകാരുണ്ടാവും. പ്രസന്നരാജനെ സംബന്ധിച്ചിടത്തോളം, കെ.പി.അപ്പൻ ഗുരുമാത്രമല്ല മാതൃകാ എഴുത്തുകാരനുമാണ്. എണ്ണപ്പെട്ട നിരൂപണകൃതികളിലൂടെ പ്രശസ്തനായ പ്രസന്നരാജൻ തനിക്ക് വഴികാട്ടിയ വലിയനിരൂപകനായ കെ.പി.അപ്പനെ വ്യക്തിയെന്നനിലയിലും എഴുത്തുകാരനെന്ന നിലയിലും അധ്യാപകനെന്ന നിലയിലും ആരാധനയോടെ നോക്കിക്കണ്ടതിന്റെ ഫലമാണ് “കെ.പി.അപ്പൻ നിഷേധിയും മഹർഷിയും’ എന്ന ജീവചരിത്രപുസ്തകം.
എല്ലാ എഴുത്തുകാരും നിഷേധികളും മഹർഷികളും ആകാറില്ല. എന്നാൽ, എഴുത്തിന്റെ ജൈവാവസ്ഥയാണ് നിഷേധാത്മകത്വമെന്ന തിരിച്ചറിവ് അപ്പൻ തന്റെ ആദ്യകാല എഴുത്തുമുതൽ പ്രകടമാക്കിയിരുന്നു. മഹർഷിയും നിഷേധിയും ഒരാളിൽ എങ്ങനെ സംഗമിക്കുന്നു? തികച്ചും വിരുദ്ധാവസ്ഥകളാണവയെന്നു തോന്നാം. കെ.പി.അപ്പൻ ജീവിതത്തിലുടനീളം പുലർത്തിയ വലിയ ഏകാന്തതയും ധ്യാനവും അദ്ദേഹത്തെ ഒരു പരിധിയോളം ഋഷിത്വത്തിന്റെ അവസ്ഥയിലേക്ക് എത്തിച്ചു. നാം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ എഴുത്തുകാരന്റെ വിലയും നിലയും അല്ല കെ.പി.അപ്പനിലൂടെ അറിയാനായത്. ഇങ്ങനെ അപ്പന്റെ ജീവിതചക്രവാളത്തെ ഏറക്കുറെ സമഗ്രശോഭയോടെ, വ്യത്യാസങ്ങളെയും പ്രത്യേകതകളെയും യോജിപ്പോടെയും വിയോജിപ്പോടെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് പ്രസന്നരാജൻ ഈ ജീവചരിത്രത്തിലൂടെ ശ്രമിക്കുന്നത്. ഒപ്പം ഈ പുസ്തകം സാധാരണ ജീവചരിത്രങ്ങളിൽനിന്ന് തികച്ചും വേറിട്ട് നിൽക്കുന്നു. ജനനം മുതൽ മരണം വരെയുള്ള ജീവിതത്തെ പരാമർശിക്കുന്നതിനപ്പുറം ഗ്രന്ഥകാരന്റെ നിലപാടുകൾകൂടി ഇതിൽ വായിച്ചെടുക്കാം. “വിമർശകന്റെ വിചാരതപസ്സ്’ എന്ന ആമുഖലേഖനം മാത്രംമതി കെ.പി.അപ്പനെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ ഉൾക്കാഴ്ച മനസ്സിലാക്കാൻ. പ്രസന്നരാജൻ ഒരു ജീവചരിത്രകാരൻ മാത്രമല്ലാത്തതിനാലാണ് ഇത്തരമൊരു വിലപ്പെട്ട ആമുഖപഠനം ഈ കൃതിയിലൂടെ ലഭ്യമായത്. “നിഷേധത്തിന്റെ കരുത്തും സൗന്ദര്യവും’, “ഞാൻ ആരുടെ തോന്നലാണ്’, ‘ആന്തരികപ്രത്യക്ഷത്തിന്റെ പ്രകാശം’ എന്നീ ഉപതലക്കെട്ടുകളുള്ള ആമുഖപഠനം ഏതൊരു സാഹിത്യപഠിതാവും ആവർത്തിച്ചുവായിക്കേണ്ടതാണ്. “ഒറ്റയാന്റെ കുട്ടിക്കാലം മുതൽ രോഗവും മരണവും’ വരെയുള്ള ഈ പുസ്തകത്തിലെ 26 അധ്യായങ്ങളും ഒറ്റയിരുപ്പിൽ വായിച്ചുപോകാം; ഒരു കെ.പി.അപ്പൻ പുസ്തകം പോലെ. ജീവിതത്തിൽ വലിയ ത്യാഗങ്ങളോ, അദ്ഭുതങ്ങളോ സൃഷ്ടിച്ച ആളല്ല കെ.പി.അപ്പൻ. വ്യക്തിജീവിതത്തിലോ കുടുംബജീവിതത്തിലോ വിദ്യാഭ്യാസത്തിലോ വൻവിജയങ്ങൾ തീർത്തുമില്ല. എന്നാൽ, നവീനതയുടെ വായനയും ചിന്തയും ജീവിതത്തിലുടനീളം കൊണ്ടുനടന്ന എഴുത്തിന്റെ മഹർഷിതന്നെയായിരുന്നു അദ്ദേഹം. ഒറ്റപ്പെടലിന്റെ കുട്ടിക്കാലത്തിൽനിന്നു വളർന്നുവന്ന കെ.പി.അപ്പൻ, ലജ്ജാശീലനും അന്തർമുഖനുമായി കഴിഞ്ഞത് ഈ എഴുത്തിന്റെ ഋഷിത്വത്തിലേക്ക് വളരാനായിരുന്നു. സംശയങ്ങളുടെയും സന്ദിഗ്ദ്ധതകളുടെയും ഏകാന്തജീവിതം നയിച്ച അപ്പൻ ആധുനികതയുടെ അസ്തിത്വദർശനങ്ങളെ ആഴത്തിൽ പഠിക്കാനും എഴുതാനും ശ്രമിച്ചതുവഴിയാണ് മലയാള സാഹിത്യനിരൂപണത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ചോദ്യംചെയ്യേണ്ടവയെ ചോദ്യം ചെയ്യുമ്പോഴും നിഷേധിക്കേണ്ടവയെ നിഷേധിക്കുമ്പോഴും അപ്പന്റെ സ്വരവും ഭാഷയും പരുഷമോ കാർക്കശ്യമോ ആയിമാറിയിരുന്നില്ല എന്നതാണ് വലിയ പ്രത്യേകത.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെയും ഇടതുപക്ഷപ്രത്യയശാസ്ത്രബോധത്തിന്റെയും വളക്കൂറുള്ള ആലപ്പുഴയിൽ ജനിച്ചുവളർന്നിട്ടും കെ.പി.അപ്പൻ എന്തുകൊണ്ട് ആ വഴിക്ക് ചിന്തിച്ചില്ല. ഒന്നുകിൽ ഒരാൾ മാർക്സിസ്റ്റാകുന്നു, അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധനാകുന്നു. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടയാളാണ് താനെന്ന് അപ്പൻ ധൈര്യത്തോടെ പറഞ്ഞിരുന്നു. ഇടതുപക്ഷത്തുള്ള പലരുമായും അടുത്തിടപഴകുമ്പോഴും അപ്പന്റെ മനസ്സ് ഇടതുപക്ഷവിരുദ്ധമായിത്തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. സാഹിത്യത്തിന് അങ്ങനെയൊരു പ്രസ്ഥാനപക്ഷം ആവശ്യമില്ല എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തെ ബാധിച്ചിരുന്നു. ചെറുപ്പംമുതൽ വായിച്ചറിഞ്ഞ പാശ്ചാത്യചിന്തകളും തത്ത്വങ്ങളും അപ്പനെ ആ വഴിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവാം എന്നു ഗ്രന്ഥകാരൻ കണ്ടെത്തുന്നുണ്ട്. “ഞാൻ പുതിയതലമുറയെ ചുംബിക്കുന്നു’ എന്നെഴുതിയ അപ്പന്റെ സാഹിത്യനിരൂപണം എല്ലാ അർഥത്തിലും പുതുതലമുറയ്ക്കു വേണ്ടിയുള്ളാതായിരുന്നു. പുതുമകളുടെ പേരിൽ എന്തു എതിർപ്പ് നേരിടേണ്ടിവന്നാലും തനിക്കതിൽ വിരോധമില്ലെന്നും അപ്പൻ തെളിയിച്ചു.
‘ആധുനികതയിൽനിന്ന് ഉത്തരാധുനികതയിലേക്ക്’, ‘അപ്പന്റെ സുവിശേഷങ്ങൾ’, ‘അപ്പന്റെ രാഷ്ട്രീയനിലപാടുകൾ’ എന്നിങ്ങനെയുള്ള ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങളിൽ സാഹിത്യനിരൂപണസിദ്ധാന്തത്തിന്റെ വ്യതിയാനങ്ങളെയും അവയിൽ അപ്പൻ സ്വീകരിച്ച നിലപാടുകളെയും കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവ ഒരുപരിധിയോളം ജീവചരിത്രകാരന്റെ നിലപാടുകൾകൂടിയാണെന്നു കാണാം. ‘അപ്പന്റെ സുവിശേഷങ്ങൾ’ എന്ന അധ്യായത്തിൽ, അപ്പന്റെ വായനയുടെ താല്പര്യങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ചാണ് കൂടുതൽ എഴുതുന്നത്. മോഡേണിസവും അസ്തിത്വദർശനവും ഉൾപ്പെടെയുള്ള പാശ്ചാത്യചിന്തകളും ബൈബിളും അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നതായി കാണാം. “ബൈബിൾ വെളിച്ചത്തിന്റെ കവചം’ എന്ന പേരിൽ പുസ്തകമെഴുതിയ കെ.പി.അപ്പനോളം ബൈബിളിനെ പഠിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരു നിരൂപകൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയമാണ്. നീതിക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്ത ക്രിസ്തുവിനെ മനുഷ്യരുടെ ദൈവവും ദൈവത്തിന്റെ മനുഷ്യനുമായിട്ടാണ് അപ്പൻ വാഴ്ത്തുന്നത്. സത്യവാദിയായ മനുഷ്യൻ തികച്ചും സ്വതന്ത്രനും ഏകാകിയുമായിരിക്കുമെന്ന ചിന്ത അപ്പനിൽ ഉടലെടുത്തത് ക്രിസ്തുപഠനത്തിൽനിന്നാവാം. പാശ്ചാത്യകൃതികളുടെ ആഴമേറിയ വായനയിലേക്കു കടക്കാൻ അപ്പന് തുണയായതും ഈ ബൈബിൾവായനതന്നെ. ക്രൈസ്തവബിംബങ്ങളുടെ തടവുകാരനാണ് കെ.പി.അപ്പൻ എന്ന ആക്ഷേപമുണ്ടായപ്പോഴും അദ്ദേഹം അതിൽ ഉറച്ചുനിന്നിരുന്നു.
“അപ്പന്റെ രാഷ്ട്രീയനിലപാടുകൾ’ എന്ന അധ്യായം ഏറെ ചിന്തനീയവും ഇക്കാലത്തെ എഴുത്തുകാർ കൂടുതൽ വായിച്ചിരിക്കേണ്ടതുമാണ്. സാഹിത്യനിരൂപകൻ വെറും സാഹിത്യനിരൂപകൻ മാത്രമാവില്ലല്ലോ? സാഹിത്യം അതുണ്ടാകുന്ന കാലത്തെ സമസ്ത ജീവിതവ്യാപാരങ്ങളെയും സ്പർശിക്കുന്ന ഒന്നാണ്. അതിനാൽ നിരൂപണവും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പാളയത്തിൽ എത്തിച്ചേരുന്ന രാഷ്ട്രീയമല്ല എഴുത്തിന്റെ രാഷ്ട്രീയമെന്ന് അപ്പൻ ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. സാഹിത്യത്തിൽ ദാർശനികമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച കെ.പി.അപ്പൻ വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച എഴുത്തുകാരനാണ്. അധികാരത്തെയും രാഷ്ട്രീയശക്തികളെയും മതസ്ഥാപനങ്ങളെയും ഭയക്കാതെ ജീവിക്കുന്ന മനുഷ്യസ്വാതന്ത്ര്യമായിരുന്നു അപ്പന്റെ സാഹിത്യനിരൂപണത്തിന്റെ ദാർശനികത.
ചുരുക്കത്തൽ ‘കെ.പി. അപ്പൻ:നിഷേധിയും മഹർഷിയും’ എന്ന ജീവചരിത്രകൃതി, അപ്പന്റെ നിലപാടുകൾ മാത്രം ആവിഷ്കരിക്കാൻ വേണ്ടി എഴുതിയതല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പന്റെ പ്രിയശിഷ്യനായ പ്രസന്നരാജന്റെ സാഹിത്യ,സാമൂഹിക,രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന കൃതി കൂടിയാണിത്. ഏതുതരം എഴുത്തിലും എഴുത്തുകാരന്റെ ആശയധാരകൾ കടന്നുവരാം. അങ്ങനെയാണെങ്കിൽ ഈ ജീവചരിത്രം കെ.പി.അപ്പന്റേതുമാത്രമല്ലെന്നും അദ്ദേഹത്തിന്റെ കാലത്തിന്റെയും സാഹിത്യത്തിന്റെയുംകൂടി ചരിത്രമാണെന്നു മനസ്സിലാക്കുമ്പോഴാണ് ഇതൊരു യഥാർഥ സാഹിത്യകൃതിയായി മാറുന്നത്. കെ.പി.അപ്പന്റെ നിലപാടുകളോട് നമുക്ക് യോജിക്കാം, വിയോജിക്കാം. പക്ഷേ, ഒരു കെ.പി.അപ്പനാകാൻ എളുപ്പത്തിൽ സാധ്യമല്ല. അധികാരക്കസേരകൾക്കുവേണ്ടി സാഹിത്യമെഴുതുന്നവർക്കു മുമ്പിൽ കെ.പി.അപ്പൻ വലിയ വിസ്മയമാണ്. സാഹിത്യനിരൂപണത്തിൽ നവീനപന്ഥാവ് വെട്ടിത്തെളിച്ച ചരിത്രപുരുഷനായ കെ.പി.അപ്പനെ അറിയാതെ നമ്മുടെ സാഹിത്യനിരൂപണം പൂർണ്ണമാവില്ല. അതിനാൽ ഈ കൃതി കെ.പി.അപ്പനെയും അദ്ദേഹത്തിന്റെ കാലത്തെയും നിലപാടുകളെയും അടയാളപ്പെടുത്താൻ വേണ്ടുവോളം ഉപകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കെ.പി.അപ്പൻ നിഷേധിയും മഹർഷിയും
പേജ് 312, വില.450 രൂപ
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്