രാഷ്ട്രീയം അനിശ്ചിതപാതകള്‍

രാഷ്ട്രീയം  അനിശ്ചിതപാതകള്‍

ഒരു ട്രമ്പ് വിചാരിച്ചാൽ ജനാധിപത്യം തകരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു ട്രമ്പ് വിചാരിച്ചാൽ ഒരു റിപ്പബ്ലിക്കൻ പാർട്ടിയെ അടിമുടി മാറ്റാനാകും. ആ മാറ്റം എന്താകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി തന്നെ ആലോചിക്കണം.


അമ്മ മരിച്ചിട്ട് നാട്ടിൽപ്പോയി തിരിച്ചുവന്ന ദിവസമായിരുന്നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വന്നത്. നാട്ടിലേക്ക് പോകുന്നതിനു മുൻപ് കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കിലും കുറച്ചായി ഒന്നും നോക്കുന്നില്ലായിരുന്നു. ട്രമ്പ് ജയിക്കും എന്നറിഞ്ഞതിനുശേഷമാണ് തിരിച്ചെത്തിയ ദിവസം രാത്രി കിടക്കാൻ പോകുന്നത്. പിന്നെയും രണ്ടുമൂന്ന് ദിവസങ്ങൾ വാർത്തയൊന്നും നോക്കിയില്ല. അതു കഴിഞ്ഞാണ് തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ചിന്തിക്കുന്നത്.


സത്യത്തിൽ തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ചല്ല അമ്മയെക്കുറിച്ചാണ് എഴുതാൻ തോന്നുന്നത്. ജീവിതത്തിൽ പലപ്പോഴും നമുക്കു വേണ്ടതും നമ്മളോട് ആവശ്യപ്പെടുന്നതും ഒന്നാവണമെന്നില്ല. എങ്കിലും, നമ്മൾ മുന്നോട്ടുതന്നെ സഞ്ചരിക്കണം.(ഈ ഭാഗം  പിന്നെ എഴുതി ചേർത്തതാണ്.) നോട്ടം എഴുതി പകുതിയായപ്പോൾ ആരോ വിളിച്ചു. സ്വതവേ അമ്മ വിളിക്കുന്ന സമയമാണ്. അമ്മയാണെന്ന് കരുതി ഞാൻ അറിയാതെ ഫോൺ കൈയിലെടുത്തു. അങ്ങനെയൊരു ഫോൺ ഇനി വരില്ല എന്നത് മറന്നുപോയിരുന്നു. പിന്നെ കുറെനേരം അമ്മയുടെ ഫോട്ടോകളും വിഡിയോകളും നോക്കിയിരുന്നു. ഇത്രയുമെങ്കിലും എഴുതിയില്ലെങ്കിൽ തിരിച്ചുപോയി ഇലക്ഷൻ കാര്യങ്ങൾ എഴുതാൻ പറ്റില്ല.


അപ്പോൾ, അമ്മയിൽനിന്നു ഇലക്ഷനിലേക്ക്. ഡെമോക്രാറ്റുകൾക്ക് അധികാരം ലഭിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, അമ്മ മരിച്ച സമയമായതുകൊണ്ടാണോ എന്നറിയില്ല, വിധി എന്റെ ആഗ്രഹത്തിനു വിപരീതമായിട്ടും വലിയ വിഷമമൊന്നും തോന്നിയില്ല.


തിരഞ്ഞെടുപ്പ് കാലയളവിൽ, സാധാരണ വാർത്താ ചാനലുകള്‍ക്കുപകരം, വിവിധ പോഡ്‌കാസ്റ്റുകൾ കേൾക്കുന്നതിലാണ് ഏറെ താൽപര്യം കാണിച്ചത്. ഇവിടത്തെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ ലിബറൽ ഡെമോക്രറ്റുകളെന്നും കൺസർവേറ്റീവ് റിപ്പബ്ലിക്കുകളെന്നും രണ്ടു മുഖ്യ വിഭാഗങ്ങളായി വർഗീകരിച്ചതാണല്ലോ. സ്വയം ഒരു ലിബറൽ എന്ന നിലയിൽ, തിരഞ്ഞെടുപ്പിനുശേഷവും ലിബറൽ ചിന്താഗതിയെ പ്രതിനിധീകരിക്കുന്ന പോഡ്‌കാസ്റ്റുകൾ തന്നെയാണ് ഞാൻ തിരഞ്ഞെടുത്തത്.


ഈ വിഷയത്തെ ഒരു പക്ഷത്തുനിന്നു മാത്രം വിലയിരുത്തുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ, ലിബറൽ കാഴ്ചപ്പാടിൽനിന്നുള്ള ഒരു വ്യാഖ്യാനംതന്നെയാണ് ഞാൻ അന്വേഷിക്കുന്നത്. ലിബറൽ ചിന്താഗതിക്കുള്ളിൽപ്പോലും വിവിധ അഭിപ്രായങ്ങൾ ഉണ്ടെന്നും, അവ തുറന്നുപറച്ചിലിലൂടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു സമഗ്രമായ ധാരണ രൂപപ്പെടുത്താൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.


കൺസർവേറ്റീവ് പക്ഷത്തെ നിലപാടുകൾ പൂർണമായും തെറ്റാണെന്നു വാദിക്കുന്നില്ലെങ്കിലും, സത്യാനന്തരകാലത്ത് അവയിൽ പ്രകടമായ അപരവത്കരണത്തിന്റെ സൂചനകൾ കണ്ടെത്താവുന്നതാണ്. ഇത് സമകാലിക സാമൂഹിക ചർച്ചകളിൽ ഒരു പ്രധാന വെല്ലുവിളിയായി നിലകൊള്ളുന്നു. ഈ ഇലക്ഷനുമായി ബന്ധപ്പെട്ടു നടന്ന ചില പ്രചാരണങ്ങളിലെ പ്രസ്താവനകൾ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാൻ പറ്റും.


അമേരിക്കൻ കൺസർവറ്റിസത്തെ ട്രമ്പിസം കൈയടക്കുകയും ലിബറലിസത്തെ വോക്ക് ലെഫ്റ്റ് ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് പൊതുവായി ഉയരുന്ന അഭിപ്രായം. ഈ രണ്ടു മാറ്റങ്ങളും ലിബറൽ, കൺസർവറ്റീവ് പ്രസ്ഥാനങ്ങളെ അവരുടെ പ്രാഥമിക അജണ്ടകളിൽനിന്ന് അകറ്റി, അവയുടെ തളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു.


ഈ തിരഞ്ഞെടുപ്പ് ഫലം രണ്ടു വിഭാഗത്തിനും ആലോചിക്കാനുള്ള വലിയൊരു അവസരമാണ്. ഡെമോക്രാറ്റുകൾ തോൽവിക്ക് ആരെയും കുറ്റപ്പെടുത്താതെ മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യവുമുണ്ട്: പലരും ട്രമ്പിനെ ഇഷ്ടപ്പെട്ടിട്ടല്ല റിപബ്ലിക്കൻ പാർട്ടിയെ ജയിപ്പിക്കാൻ കൂട്ട് നിന്നത്.  പലരും എന്തിനോ എതിരായി വോട്ടുചെയ്യുകയായിരുന്നു. അതെന്താണെന്ന് തിരിച്ചറിയുകയും ഗൗരവത്തോടെ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.


കമലയെ പിന്തുണച്ചവരും ട്രമ്പിന് പിന്തുണ നല്‍കിയവരും തമ്മിൽ വലിയൊരു വ്യത്യാസമുണ്ടെന്ന് തോന്നുന്നു. ട്രമ്പിന് വേണ്ടി വാദിക്കുന്നവർക്ക് സംശയങ്ങളില്ല ഉറപ്പുകൾ മാത്രമേ ഉള്ളൂ. ആ ഉറപ്പുകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നത് അപ്രസക്തമാണ് എന്നതാണ് സത്യം. എന്നാൽ, കമലയെ പിന്തുണച്ചവരിൽ സംശയങ്ങളും അനിശ്ചിതത്വവും പ്രകടമായിരുന്നു. സംശയം മനുഷ്യന് അനിവാര്യമാണ്, പക്ഷേ, തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും വിജയം നേടുന്നത് അന്ധമായ പിന്തുണയാലാണ്.


ഡെമോക്രാറ്റുകൾ വർക്കിങ് ക്ലാസ് മനുഷ്യരിൽനിന്നു അകലുന്നു എന്ന ആക്ഷേപവും പലരിൽനിന്നും കേൾക്കുന്നുണ്ട്. ഡെമോക്രാറ്റുകളുടെ കോട്ടയായി കണക്കായിരുന്ന ഇടങ്ങളിലൊക്കെ ട്രമ്പ് മുന്നേറി എന്നത് സ്വയം വിമർശനാത്മകമായി ഡെമോക്രാറ്റിക് പാർട്ടി അന്വേഷിക്കണം. ഞങ്ങൾ ജയിച്ചില്ലേ ഞങ്ങൾ എന്തിന് സ്വയം വിമർശനാത്മകമായി ചിന്തിക്കണം എന്നു റിപ്പബ്ലിക്കുകാർ ചിന്തിച്ചേക്കാം. നിങ്ങൾ വോട്ടുചെയ്ത് ജയിപ്പിച്ചത് ഒരു സാധാരണ റിപ്പബ്ലിക്കൻ നേതാവല്ല, ട്രമ്പാണ് എന്ന സത്യത്തെ മനസ്സിലാക്കുക. അദ്ദേഹത്തിന്റെ നാലുവർഷ കാലാവധി കഴിഞ്ഞാൽ നിങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റാവാൻ ആഗ്രഹിക്കുന്നവർ ട്രമ്പിനെപ്പോലെ സംസാരിക്കാൻ ശ്രമിച്ചാലും അദ്ദേഹത്തെ അനുകരിക്കാനുദ്ദേശിച്ചാലും അത്ഭുതപ്പെടാനില്ല. പിന്നെ, സമൂഹത്തിന്റെ കാര്യം. വളർത്തുമൃഗങ്ങളെ തിന്നുവെന്നൊക്കെയുള്ള അസംബന്ധ കള്ളപ്രചാരണം നടത്തിയവനും വാക്സിനുകൾക്കെതിരെ നിലപാടെടുത്തവനുമായ ഒരു വ്യക്തിയെ രാജ്യത്തിന്റെ പൊതുആരോഗ്യത്തിന്റെ മേൽനോട്ടം വഹിക്കാൻ നിയോഗിച്ച സാഹചര്യത്തിൽ, ഒന്ന് ഇരുത്തി ചിന്തിക്കുന്നത് എപ്പോഴും നല്ലതാണ്.


ഒരു ട്രമ്പ് വിചാരിച്ചാൽ ജനാധിപത്യം തകരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു ട്രമ്പ് വിചാരിച്ചാൽ ഒരു റിപ്പബ്ലിക്കൻ പാർട്ടിയെ അടിമുടി മാറ്റാനാകും. ആ മാറ്റം എന്താകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി തന്നെ ആലോചിക്കണം. മാറ്റം എല്ലായിടത്തും അനിവാര്യമാണ്, എന്നാൽ പ്രസക്തമായ ചോദ്യം അത് എന്തുപോലുള്ള മാറ്റമാണെന്നതാണ്. The politics has changed.