അധികാരത്തിന്റെ അവതാരങ്ങൾ – എം. എൻ. കാരശ്ശേരി

അധികാരം കേവലം ഒരു രാഷ്ട്രീയ സങ്കല്പമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും വ്യാപിച്ചുകിടക്കുന്ന ഒരു സർവ്വവ്യാപിയായ ശക്തിയാണ്. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിൽ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്നും അത് നമ്മുടെ ബന്ധങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പരിശോധിക്കുന്ന ലേഖനം.
അധികാരം, പരക്കെ ആളുകൾ വിചാരിക്കുമ്പോലെ ഒരു രാഷ്ട്രീയസംജ്ഞ മാത്രമല്ല. രാഷ്ട്രീയത്തിലെന്നപോലെ എല്ലാ സാമൂഹികസ്ഥാപനങ്ങളിലും എല്ലാ മനുഷ്യബന്ധങ്ങളിലും അത് തെളിഞ്ഞോ ഒളിഞ്ഞോ പ്രവർത്തിക്കുന്നുണ്ട്.
അധികാരം രാഷ്ട്രഘടനയിൽ പ്രത്യക്ഷമാണ്; മറ്റു പലേടത്തും അത് പരോക്ഷമാണ്. ഒരു പൊലീസുകാരന് നിങ്ങളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാൻ സാധിക്കും എന്നത് അധികാരത്തിന്റെ പ്രത്യക്ഷസാന്നിധ്യത്തിന് ഉദാഹരണം. ഒരു ന്യായാധിപന് നിങ്ങളെ തൂക്കിക്കൊല്ലാൻ സാധിക്കും എന്നത് വേറെ ഉദാഹരണം. ഒരു മന്ത്രിക്ക് നിങ്ങളെ ഉദ്യോഗത്തിൽനിന്ന് പുറത്താക്കാൻ കഴിയുമെന്നത് മറ്റൊരു ഉദാഹരണം.
സാമൂഹികസ്ഥാപനങ്ങളിലേക്ക് നോക്കൂ അവിടെയും പ്രവർത്തിക്കുന്നത് അധികാരമാണ്. കുടുംബം എന്നത് അച്ഛന്റെയോ ജ്യേഷ്ഠന്റെയോ അമ്മാവന്റെയോ അധികാരം വാഴ്ചകൊള്ളുന്ന സാഹചര്യമാണ്. മുതിർന്നവരുടെ അധികാരത്തിന്റെ കൂടെയാണ് സമൂഹം മുഴുവൻ. അതിന് വിധേയമായി നിന്നില്ലെങ്കിൽ താങ്ങാനാവാത്ത സാമൂഹിക സമ്മർദത്തിൽ നിങ്ങൾക്ക് ജീവിതം താങ്ങാനാവാത്ത ഒന്നായിത്തീരും. കുടുംബങ്ങളുടെ അംഗീകാരമില്ലാത്ത പ്രണയത്തിന്റെയോ വിവാഹത്തിന്റെയോ പേരിൽ യുവതി യുവാക്കൾ നഞ്ചു കഴിച്ചോ, വണ്ടിക്കു തല വച്ചോ, കടലിൽ ചാടിയോ, മരത്തിൽ തൂങ്ങിയോ തീർന്നു കളയുന്നത് ഉദാഹരണം.
മതം എന്തൊരു അധികാരസ്ഥാപനമാണ് എന്ന് ആലോചിച്ചുനോക്കുക. അതൊരു സമാന്തര ഭരണകൂടമാണ്. പുരോഹിതനാണ് അവിടത്തെ സർവാധിപതി. സ്വന്തം പേരിലല്ല, അദൃശ്യനായി നിലകൊള്ളുന്ന ദൈവത്തിന്റെ പേരിലാണ് അദ്ദേഹം വാഴ്ച നടത്തുന്നത്. നിങ്ങളെ സമൂഹത്തിൽനിന്ന് പുറത്താക്കാൻ അദ്ദേഹത്തിന് കെൽപുണ്ട്. ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് ശിക്ഷാരക്ഷകൾ വിധിക്കാൻ ശേഷിയുള്ള സ്ഥാപനമാണ് പൗരോഹിത്യം.
ജാതിയുടെ കഥയും ഇതുതന്നെ. അവിടത്തെ എല്ലാം അനേകം ജന്മങ്ങളിലേക്ക് പടർന്നു കിടക്കുന്നതാണ്. പൂർവ ജന്മത്തിലെ ചെയ്തികൾകൊണ്ടാണ് നിങ്ങൾ ഈ ജന്മത്തിൽ ഉന്നതനോ നീചനോ ആയിത്തീർന്നത് എന്നാണ് പാരമ്പര്യ വിശ്വാസം. ജാത്യാചാരങ്ങളാണ് നിങ്ങളുടെ ജീവിതം നിർണയിക്കുന്നത്. ഭക്ഷണം, വേഷം, വിവാഹം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം ജാതി നിശ്ചയിച്ചുതരും. അതിന്റെ ലംഘനം കുറ്റപ്പെടുത്തലിലും ഒറ്റപ്പെടുത്തലിലും എളുപ്പം ചെന്നെത്തും. പിന്നെ ഊരുവിലക്ക് നാടു വിലങ്ങൽ മുതലായ പേരുകളിൽ അറിയപ്പെടുന്ന സാമൂഹിക ബഹിഷ്കരണങ്ങളിലും.
മേൽപ്പറഞ്ഞ വിശദീകരണങ്ങളിലേക്ക് സൂക്ഷിച്ചുനോക്കിയാൽ വ്യക്തമാകും – വ്യക്തിയുടെ വ്യക്തിത്വത്തിന് യാതൊരു വിലയുമില്ല. രാഷ്ട്രത്തിന്റെയോ, കുടുംബത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ വകയായി ഉരുവംകൊണ്ട നാട്ടുനടപ്പുകളുടെ തടവുകാരനാണ് വ്യക്തി. അവിടെയെല്ലാം സമൂഹമെന്ന വേട്ടക്കാരന്റെ ഇരയാണ് വ്യക്തി.
ഇനി, വ്യക്തിയിലേക്കു വന്നാലോ? അയാളുടെ എല്ലാത്തരം ബന്ധങ്ങളിലും സൂക്ഷ്മമായി പുലർന്നുപോരുന്നത് അധികാരം തന്നെ:
ദാമ്പത്യമോ പ്രണയമോ വിശകലനംചെയ്തു നോക്കുക. അവിടെ ഒരാൾ ഉടമയും മറ്റേയാൾ അടിമയും അല്ലേ? പുരുഷാധിപത്യ മൂല്യങ്ങൾ കൊണ്ടുനടക്കുന്ന സമൂഹങ്ങളിൽ ആ മേല്‍-കീഴ് എളുപ്പം ആരുടെയും കണ്ണിൽപ്പെടും. ജനാപവാദത്തിന്റെ പേരിൽ ഗർഭിണിയായ ധർമ്മപത്നിയെ കാട്ടിലുപേക്ഷിക്കുന്ന ശ്രീരാമനില്‍ പ്രവർത്തിക്കുന്നത് ആ ആണധികാരമാണ്. ഇന്നും നാട്ടിൽ സർവസാധാരണമായ ഗാർഹികപീഡനങ്ങളിലെ പ്രേരണാശക്തിയും അതുതന്നെയല്ലേ?
എന്തിന്, കാമത്തിൽത്തന്നെ മുന്തി നിൽക്കുന്നത് അധികാരമല്ലേ? ബലാത്സംഗം, പുരുഷശേഷിയുടെ അഹങ്കാരം നടത്തുന്ന അധികാരസ്ഥാപനമാണ്. വർഗീയകലാപങ്ങളിൽ ഇതൊരു രാഷ്ട്രീയ ആയുധമാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വ്യഭിചാരത്തിൽത്തന്നെയും പലപ്പോഴും പ്രധാനം ‘കീഴ്പ്പെടുത്തി’ എന്ന ആണിന്റെ സംതൃപ്തിയാകുന്നു. സൗന്ദര്യമോ പ്രശസ്തിയോ സമ്പത്തോ അധികാരമോ കലാശേഷിയോ ആരോഗ്യമോ ഉള്ള സ്ത്രീകളുടെ നേരെ പുരുഷനു തോന്നുന്ന കാമത്തിൽ ഊർജമായിത്തീരുന്നത് ‘കീഴ്പ്പെടുത്താനു’ള്ള മോഹം തന്നെ.
ഗുരു-ശിഷ്യ ബന്ധത്തിൽ ഈ ഘടനയുണ്ട്. ഏകലവ്യനിൽനിന്ന് വലത്തെ കൈയിലെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങിയ ദ്രോണാചാര്യർ ഈ കോയ്മയുടെ പ്രതിരൂപമാകുന്നു.
പണത്തിന് ചുരുങ്ങിയത് 5000 കൊല്ലത്തെ ചരിത്രമുണ്ട്. പ്രാരംഭകാലംതൊട്ട് അധികാരത്തിന്റെ ചിഹ്നമായി ചരിത്രത്തിലുടനീളം അത് നിലനിന്നുപോന്നിട്ടുണ്ട്. ഡോണൾഡ് ട്രംപ് രണ്ടുവട്ടം അമേരിക്കൻ പ്രസിഡണ്ടാവുന്നതിന്റെ പിറകിൽ അദ്ദേഹം ലോകത്തിലെ കോടീശ്വരൻമാരില്‍ ഒരാളാണ് എന്ന ആദരം(!) പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തെ തവണ പ്രസിഡണ്ട് ആകുന്നതിനുമുമ്പ് ട്രംപ് രാഷ്ട്രീയപ്രവർത്തകനേ ആയിരുന്നില്ല, വെറും വ്യവസായിയും വ്യാപാരിയും ആയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ എല്ലാ പാർട്ടികളിലും സമ്പന്നന്മാരുടെ സ്വാധീനം പ്രകടമാണ്. ജനാധിപത്യം ധനാധിപത്യത്തിന് കീഴൊതുങ്ങുന്ന ദുരവസ്ഥ. ‘പണത്തിന് മേലെ പരുന്തും പറക്കില്ല’ എന്ന് മലയാളി പണ്ടേ പറയാറുണ്ട്.
പ്രായം ഒരു അധികാരരൂപമാണ്. വൃദ്ധപൂജ ഉണ്ടായി വരുന്നത് ഈ മനോഭാവത്തിൽനിന്നാണ്. വിവേകം വൃദ്ധന്മാർക്കേയുള്ളൂ, യുവാക്കൾക്കില്ല എന്ന തീര്‍പ്പില്‍ നിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് പ്രമുഖസ്ഥാനം ഉണ്ട്. നമ്മുടെ നാട്ടിൽ ഏത് ഉന്നത സ്ഥാനത്തും 70 കഴിഞ്ഞവരെ മാത്രം കണ്ടുവരുന്നതുതന്നെ മതിയായ തെളിവ്.
വിജ്ഞാനത്തിനും ആധിപത്യഘടനയിൽ മേലെ നിൽക്കാൻ കഴിയും. പല പണ്ഡിതന്മാരുടെയും ഗർവും ആധികാരികഭാവവും ഓർത്തുനോക്കുക. സ്ത്രീസൗന്ദര്യം അധികാരം സൃഷ്ടിക്കും എന്നുറപ്പാണ്. അത് മോഹിച്ച് പിന്നാലെ കൂടുന്നവനെ അടിമപ്പെടുത്തുവാൻ സ്ത്രീക്ക് എളുപ്പമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സുന്ദരിയായി കൊണ്ടാടപ്പെടുന്ന ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര റോമിൽനിന്നെത്തിയ വീരനായകരായ ജൂലിയസ് സീസറെയും മാർക്ക് ആൻറണിയെയും വശീകരിച്ച് വിധേയരാക്കിയത് നമ്മൾ മറന്നുപോകരുത്; ഇന്നും നമ്മുടെ ചുറ്റും അത്തരം എത്രയോ രംഗങ്ങൾ അരങ്ങേറുന്നുണ്ടെന്നും.
സൗഹൃദത്തിൽപ്പോലും അദൃശ്യമായ ഒരു കമ്പവലിയുണ്ട്. ആരാണ് മേലെ, ആരാണ് താഴെ എന്ന പ്രശ്നം അതിന്റെ തുടക്കത്തിൽ തീർച്ചയായും ഉണ്ട്. അവിടെയും പണം, പാണ്ഡിത്യം, പ്രശസ്തി,ആരോഗ്യം മുതലായവ കൂടുതലുള്ള ആൾ ‘മേലെ’ നിൽക്കും.
മനുഷ്യജീവിതത്തിൽ അധികാരത്തിനുള്ള ഈ പ്രാമാണ്യം എടുത്തുകാണിച്ച മനഃശാസ്ത്രജ്ഞനാണ് ആസ്ട്രിയക്കാരൻ ആൽഫ്രഡ് ആഡ്‌ലർ. വ്യക്തിയുടെ മനഃശാസ്ത്ര (Individual Psychology)ത്തിന്
പിന്നെ ഊന്നൽ നൽകിയ ആഡ്‌ലർ ആധിപത്യം (Superiority) സ്ഥാപിക്കുവാനാണ് ഓരോ മനുഷ്യജീവിയും കിണഞ്ഞുശ്രമിക്കുന്നത് എന്ന് സിദ്ധാന്തിച്ചിട്ടുണ്ട്. സ്വന്തം അധമബോധം (inferiority complex)ത്തില്‍നിന്ന് രക്ഷപ്പെടുവാനാണിത്. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തിൽ താന്‍ താഴെയായി പോകാതിരിക്കാനുള്ള അതിജീവനതന്ത്രങ്ങളിൽ ഇത് പ്രധാനമാണ് എന്ന് ആഡ്‌ലർ വിശദീകരിക്കുന്നു.
മനുഷ്യജീവിയുടെ എല്ലാ പ്രവൃത്തികളുടെയും ഊർജം ലൈംഗികതയാണെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയ്ഡ് (1856- 1939) ഉറച്ചുവിശ്വസിച്ചു. ഒരുകാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ആഡ്‌ലർ ആ സ്ഥാനം നൽകുന്നത് അധികാരത്തിനാണ്.
ഈയടുത്തകാലംവരെ എല്ലാത്തരം അധികാരവും ജന്മസിദ്ധമായിരുന്നു. രാജാവിന്റെ മകൻ രാജാവ് ബ്രാഹ്മണന്റെ മകന്‍ ബ്രാഹ്മണൻ, ജന്മിയുടെ മകൻ ജന്മി, കച്ചവടക്കാരന്റെ മകന്‍ കച്ചവടക്കാരൻ, പണക്കാരന്റെ മകൻ പണക്കാരൻ… അങ്ങനെയങ്ങനെ എല്ലാം ജന്മസിദ്ധം. മേൽപ്പറഞ്ഞതെല്ലാം അധികാരരൂപങ്ങളാണ് എന്ന് ആലോചിച്ചാലറിയാം.
ഈ അധികാരപരമ്പരയെ വെല്ലുവിളിച്ചുകൊണ്ടാണ് ജനാധിപത്യം വന്നെത്തിയത്. രാജാധിപത്യത്തെ തള്ളിക്കളയുന്ന ‘പ്രജാധിപത്യം’ ആയിട്ടാണ് അതിന്റെ പുറപ്പാട്. ജനാധിപത്യം ആർക്കും രാഷ്ട്രീയാധികാരം നേടാമെന്നു വരുത്തി; ജാതിഘടനയുടെ അടിക്കല്ലായ ‘കുലവൃത്തി’ പാടേ തള്ളിക്കളഞ്ഞു. ക്ഷുരകന്റെ മകന് ഡോക്ടർ ആവാമെന്നും വൈദ്യരുടെ മകന് പാചകക്കാരനാകാമെന്നും മൂശാരിയുടെ മകന് അധ്യാപകനാകാമെന്നും വന്നു.
ജന്മിത്തത്തെ ഭൂപരിഷ്കരണംകൊണ്ട് ജനാധിപത്യം തള്ളിക്കളഞ്ഞപ്പോൾ സാമ്പത്തികാവസ്ഥ കീഴ്മേൽ മറിഞ്ഞു. പൊതുമേഖല, സഹകരണമേഖല തുടങ്ങിയവയിലൂടെ സ്വകാര്യമേഖലയോട് മത്സരിച്ചപ്പോൾ കുത്തക മുതലാളിത്തത്തിന് വഴി എളുപ്പമല്ലാതായിത്തീർന്നു.
ചുരുക്കത്തിൽ ഒന്നും ജന്മസിദ്ധം അല്ല എന്നും എല്ലാം കർമ്മസിദ്ധം ആണ് എന്നും ജനാധിപത്യം തെളിച്ച് എഴുതി. അധികാരത്തിന്റെ ചരിത്രത്തിലെ വളരെ വലിയൊരു വഴിത്തിരിവാണത്: ഒന്നും ജന്മസിദ്ധമല്ല എല്ലാം കർമ്മസിദ്ധമാണ്.
ഇന്ത്യൻ പാരമ്പര്യത്തിൽ അധികാരഘടനയുടെ ഏറ്റവും വലിയ പ്രത്യക്ഷം ജാതിയാണ്. ജാതിയുടെ അടിസ്ഥാനാദർശംതന്നെ എല്ലാം ജന്മസിദ്ധമാണ് എന്നതാണ്. അങ്ങനെയാണ് ഇന്ത്യൻസമൂഹം അനേകം നൂറ്റാണ്ടുകളായി വിധി വിശ്വാസികളായി തുടർന്നുപോരുന്നത്.
ഇരുപതാംനൂറ്റാണ്ടിന്റെ പ്രാരംഭദശകങ്ങളിൽ ശക്തിയാര്‍ജിച്ചു പോന്ന നമ്മുടെ ദേശീയപ്രസ്ഥാനം സത്യത്തിൽ, ഈ വിധി വിശ്വാസത്തെയാണ് വെല്ലുവിളിച്ചത്. അയിത്തത്തിനെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നടന്ന സമരങ്ങൾ ഓർത്തുനോക്കുക. സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരായി ഉരുവംകൊണ്ടുവന്ന ഉണര്‍വ് വേറെ ഉദാഹരണം. ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരെ എഴുന്നേറ്റുനിന്ന കുടിയാന്മാരും കർഷകത്തൊഴിലാളികളും ‘വിധി’yeയാണ് പോരിന് വിളിച്ചത്.
ഏതു നാട്ടിലും ഏതു കാലത്തും നടന്നതോ, നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ എല്ലാ സമരങ്ങളും ഏതെങ്കിലും തരത്തിലുള്ള അധികാരത്തിന്നെതിരിലാണ്. നിലവിലുള്ളതിനെ ‘ചോദ്യം ചെയ്യുക’ എന്നതാണ് എല്ലാ സമരങ്ങളുടെയും ഉള്ളടക്കം.
ഒരു വ്യവസ്ഥയെ സമരത്തിലൂടെ പുറത്താക്കി പകരംവരുന്ന വ്യവസ്ഥ വളരെവേഗം പഴയ വ്യവസ്ഥയെപ്പോലെയോ ചിലപ്പോൾ അതിലും മോശമായോ ജീര്‍ണിച്ചുപോകും. അത് അധികാരത്തിന്റെ സ്വഭാവമാണ്.
അതുകൊണ്ടാണ് ബ്രിട്ടനിലെ ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനുമായ ആക്ടൺ പ്രഭു (1834-1902) 1887-ൽ എഴുതിയത്: ‘അധികാരം ദുഷിപ്പിക്കുന്നു; പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു.’ (Power corrupts, and absolute power corrupts absolutely.)
പ്രശസ്ത ചിന്തകൻ എം.ഗോവിന്ദൻ ഇതിനൊരു അനുബന്ധം ചേർത്തിട്ടുണ്ട്. ‘ദുഷിച്ച മനുഷ്യൻ അധികാരം തേടുന്നു എന്നും പറയാം.’
ജനാധിപത്യം എല്ലാതലത്തിലും തരത്തിലും പെട്ട ആളുകൾക്ക് അധികാരത്തിൽ പങ്കു കൊടുക്കുന്നു. ഇതിനൊരു മറുവശമുണ്ട് – എല്ലാത്തരം ആളുകളിലും ജനാധിപത്യം അധികാരാസക്തി ഉല്‍പാദിപ്പിച്ചു. ഗാന്ധിക്ക് രാഷ്ട്രീയപ്രവർത്തനം ജനസേവനമായിരുന്നെങ്കിൽ മുഹമ്മദലി ജിന്നയ്ക്ക് അത് അധികാരത്തിലേക്കുള്ള എളുപ്പവഴിയായിരുന്നു. ജിന്നയുടെ ആ പ്രഖ്യാപനം പ്രശസ്തമാണ്: ‘രാഷ്ട്രീയം എന്നാൽ അധികാരമാണ്.’(Politics means power.)
ആലോചിക്കും തോറും കുടുക്കുമസാലയായിത്തീരുന്ന ഒന്നാണ് അധികാരം: അത് ഇല്ലാതെ ഒന്നും നടക്കില്ല. അത് ഉണ്ടായാലോ തീരെ ഒന്നും നടക്കില്ല. പണം പോലെയാണത് – അതില്ലാതെ ഒന്നും പറ്റില്ല. അതുണ്ടായാലോ തീരെ ഒന്നും പറ്റില്ല. പണവും അധികാരവുമൊക്കെ നമ്മളെ ഇത്തരം വിഷമവൃത്തത്തിൽ കൊണ്ടു ചാടിക്കും. അതിനു പരിഹാരം കണ്ടെത്തുക എളുപ്പമല്ല.
വല്ലവരുമല്ല, ഗാന്ധിമാർഗക്കാരനും കെ. കേളപ്പന്റെ ഉറ്റ അനുയായിയുമായ ഇടശ്ശേരിയാണ് പാടിയത്: ‘അധികാരം കൊയ്യണമാദ്യം നമ്മൾ
അതിനുമേലാകട്ടെ പൊന്നാര്യൻ.’
വക്കീൽ ഗുമസ്തനായിരുന്ന ആ കവി കർഷകത്തൊഴിലാളികളുടെയും കുടിയാന്മാരുടെയും നിത്യ ദുരിതങ്ങൾക്കു നടുവിലാണ് തന്റെ ജന്മംമുഴുവൻ കഴിച്ചുകൂട്ടിയത്. ആ അനുഭവങ്ങളുടെ സമ്മർദമാവാം, ഇടശ്ശേരിയെക്കൊണ്ട് ഈ വരി എഴുതിച്ചത്.
സംഗതി ലളിതമായിത്തീരുന്നു: മനുഷ്യർ ഒരിനം അധികാരത്തിനെതിരെ സമരം ചെയ്യുന്നു; പകരം മറ്റൊരു വ്യവസ്ഥ അധികാരത്തിലെത്തുന്നു. ചുരുങ്ങിയകാലംകൊണ്ട് പകരംവന്ന വ്യവസ്ഥയും കേട്ടളിഞ്ഞു ദുസ്സഹമായിത്തീരുന്നു. അപ്പോൾ നമുക്ക് അതിനെതിരെയും സമരം ചെയ്യേണ്ടിവരുന്നു. അതങ്ങനെ ആവർത്തിച്ചാവർത്തിച്ച് നീണ്ടുനീണ്ടു പോകുന്നു. ആ ചക്രം ഏതു നാട്ടിലും ഏതു സമൂഹത്തിലും ഏതുകാലത്തും കണ്ടുവരുന്നതാണ്.
വ്യക്തിക്കകത്തും കുടുംബങ്ങൾക്കകത്തും സമൂഹങ്ങൾക്കകത്തും രാഷ്ട്രങ്ങള്‍ക്കകത്തുമെല്ലാം നടക്കുന്ന വലുതോ ചെറുതോ ആയ സംഘർഷമെല്ലാം അധികാരത്തോടുള്ള ചെറുത്തുനിൽപ്പാണ്. എല്ലാതരം സ്വാതന്ത്ര്യ സമരങ്ങളിലും ഒളിഞ്ഞോ തെളിഞ്ഞോ കുടിയിരിക്കുന്നത് ഈ മനോഭാവം തന്നെ.
മനുഷ്യന്റെ കഥ തന്നെ ആരംഭിക്കുന്നത് അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് എന്ന് ബൈബിളും ഖുർആനും പറയുന്നു:മനുഷ്യവംശത്തിന്റെ പിതാവായ ആദം സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെടുന്നത് ദൈവത്തിന്റെ ‘വിലക്കപ്പെട്ട കനി’ തിന്നരുത് എന്ന ആജ്ഞ ലംഘിച്ചതു കൊണ്ടാണല്ലോ. അതിന് പ്രേരണ നൽകിയത് സാത്താനാണ്.
അധികാരത്തിന്റെ ആദിമരൂപമാണ് ദൈവം. അധികാരത്തെ ചോദ്യംചെയ്യുന്ന പ്രതിനായകനാണ് സാത്താൻ. ‘ശൈത്താൻ’ എന്ന അറബിപദത്തിന് ‘എതിരുപറയുന്നവൻ’ എന്ന അർഥമാകുന്നു. എല്ലാ സംസ്കാരങ്ങളിലും ദൈവത്തോടൊപ്പം ചിരഞ്ജീവിയായി നമ്മൾ ഈ എതിരാളിയെ കണ്ടുമുട്ടുന്നുണ്ട്- പേര് ലൂസിഫർ, ഇബ്‌ലീസ്,പിശാച് എന്നൊക്കെയാവും എന്നേയുള്ളൂ.
യവനന്മാരുടെ പുരാവൃത്തത്തിൽപ്പുലരുന്ന സ്വർഗ്ഗത്തിലെ അഗ്നി മോഷ്ടിച്ച് മനുഷ്യർക്ക് എത്തിച്ചുകൊടുത്ത് സിയൂസ് അടക്കമുള്ള ദേവന്മാരുടെ കോപത്തിനും നിത്യശിക്ഷയ്ക്കും പാത്രമായ പ്രോമിത്തിയൂസ് ഈ ചോദ്യംചെയ്യലിന്റെ ചിരന്തനപ്രതിരൂപമാകുന്നു.
മനുഷ്യന്റെ ചരിത്രം നാനാവിധമായ അധികാരത്തിനെതിരായ നാനാവിധമായ പോരാട്ടത്തിന്റെ ചരിത്രമാകുന്നു.