നോട്ടം ആര് തീരുമാനിക്കും? – വിനോദ് നാരായണ്‍

നോട്ടം ആര് തീരുമാനിക്കും? – വിനോദ് നാരായണ്‍

എഴുതാനുള്ള വിഷയം മുൻകൂട്ടി ലഭിക്കുന്നതാണ് എളുപ്പം. വിഷയം കണ്ടെത്താനായി തപ്പി തിരയേണ്ടതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും. ഇത്തവണ എനിക്ക് ‘നോട്ട’ത്തിലേക്ക് എഴുതാൻ വിഷയങ്ങൾ ആരും നിര്‍ദേശിച്ചില്ല. കഴിഞ്ഞ രണ്ടു ലക്കങ്ങളിലും എഴുത്തിനിടയിൽ ചില തടസ്സങ്ങൾ ഉണ്ടായതിനാൽ പ്രതീക്ഷിച്ചപോലെ എഴുതാൻ സാധിച്ചില്ല.


മിഹായ് ഷിക്സെൻമിഹായ് (Mihaly Csikszentmihalyi) എന്ന ഹങ്കേറിയൻ-അമേരിക്കൻ സൈക്കോളജിസ്റ്റ് പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമായ “flow” എന്ന ആശയത്തെ അവതരിപ്പിക്കുന്ന വ്യക്തിയാണ്. ഇന്ന്, പല മേഖലകളിലും “flow” എന്നത് ഒരുപാട് ചർച്ച ചെയ്യപ്പെടുന്നു. ജീവിതത്തിലെ വളരെ ആസ്വാദ്യകരമായ അവസ്ഥകളിൽ ഒന്നാണ് “flow”.  അതിന്റെ അർത്ഥം, ബാഹ്യതടസ്സങ്ങളെയെല്ലാം മറന്ന് തന്റെ പ്രവൃത്തിയിൽമാത്രം ലയിച്ചൊഴുകുക എന്നതാണ്.


എഴുതാനുള്ള വിഷയംതന്നെ ഇടയ്ക്കു തടസ്സങ്ങൾ സൃഷ്ടിക്കും എന്നതാണ് വാസ്തവം. അഥവാ, വിഷയങ്ങള്‍ക്കനുസരിച്ച് എഴുതുകയെന്നത് നമ്മുടെ പരിമിതികളെ വെളിപ്പെടുത്തും. ഓരോ എഴുത്തിലും, ഞാൻ എത്രയോ തവണ പരാജയപ്പെടുന്ന ഒരാളാണ്. ചിലപ്പോൾ എല്ലാവരും അങ്ങനെ തന്നെയായിരിക്കാം, പക്ഷേ, അവർക്ക് ആ പരാജയത്തിന്റെ മറുകര കാണാൻ കഴിഞ്ഞിട്ടുണ്ടാവും. ഞാൻ ഇന്നും ഇവിടെത്തന്നെ വണ്ടികിട്ടാതെ നിൽക്കുകയാണ് പതിവ്.


എത്രതവണ പരാജയപ്പെട്ടുവെന്നു ചോദിച്ചാൽ, അതിനു കൃത്യമായ കണക്കുപറയാൻ നമുക്കു കഴിയുമോ? ജീവിതത്തിൽ കൂടുതൽ പരാജയമാണോ വിജയമാണോ എന്നു ചോദിച്ചാൽ, പെട്ടെന്ന് പരാജയം എന്നുത്തരം പറയുന്നതുവഴി നമ്മുടെ ജീവിതംതന്നെ ഒരു പരാജയമാവുമോ എന്ന ഭയം ആളുകൾക്കുണ്ടാവുമോ?


എന്നാൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും ഞാൻ പരാജയപ്പെട്ടുവെന്നു തോന്നിയ നിമിഷങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അച്ഛൻ, മകൻ, സഹോദരൻ, ഭർത്താവ്, സുഹൃത്ത്, ജീവനക്കാരൻ, വ്യവസായി, മനുഷ്യൻ എന്ന നിലയിൽ, ജീവിക്കാനായി ഞാൻ കെട്ടിയ വേഷങ്ങളിലെല്ലാം പരാജയം നേരിട്ടിട്ടുണ്ട്. ചിലപ്പോൾ അതു മാത്രമായി മനസ്സിൽ നിറഞ്ഞു നിൽക്കാറുമുണ്ട്.


പക്ഷേ, ഓരോ ഇതളായിമാറ്റി നോക്കിയാൽ, ഇത്രയും കാലം ജീവിച്ചു എന്ന വലിയൊരു വിജയം കാണാം. ഇന്നു ജീവിച്ചിരിക്കുന്നതും ഈ അവസ്ഥകളെയെല്ലാം മറികടന്നു മുന്നോട്ടുപോകുന്നതും ഏവർക്കും വിജയംതന്നെയാണ്. ജനിച്ചിട്ടുണ്ടെങ്കിൽ ജീവിക്കാനായി വേണ്ടതു ചെയ്യുക – keep ourselves alive – അതാണു വിജയം.


എന്റെ കുട്ടികളോട് ഞാൻ പലപ്പോഴും പറയാറുണ്ട്, ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകും, ചിലത് നമുക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമാകും. പക്ഷേ, അവയൊന്നും ജീവിതത്തിന്റെ അവസാനമല്ല. ഞാൻ ഒരിക്കൽ വായിച്ച ഒരു വാക്യമുണ്ട്: “failure is an event, not a person.” നാം നിരന്തരം പരാജയപ്പെട്ടാലും, അതിനർത്ഥം നാം പരാജയങ്ങളാണെന്നല്ല. കാരണം, നാം യാത്ര തുടരുകയാണ്.


ഞാൻ കഴിഞ്ഞതവണ നാട്ടിൽച്ചെന്നപ്പോൾ, എന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടു. അവൻ സൈക്ക്യാട്രിസ്റ്റാണ്. ഇന്നു യുവാക്കൾ എന്തുകൊണ്ട് പെട്ടെന്ന് വിഷമത്തിലാകുന്നു എന്നതു സംബന്ധിച്ച് ചില സംശയങ്ങൾ ഞാൻ അവനോടു ചോദിച്ചു. അമ്പതുകടന്ന നമ്മളൊക്കെ എന്തോ വലിയ സംഭവമാണ് എന്ന നിലയിലാണ് ഞാന്‍  ആ ചോദ്യം ചോദിച്ചത്. അവന്റെ മറുപടി എന്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു : “ഇന്നത്തെ കാലഘട്ടത്തിൽ എല്ലാം വളരെ ഫ്ലൂയിഡാണ്. ബന്ധങ്ങൾ, ജോലി, സമൂഹം, ആചാരങ്ങൾ, സംസ്കാരം, ഭാഷ, താൽപര്യങ്ങൾ, സൗഹൃദം… അങ്ങനെ എല്ലാം. ആവശ്യമുള്ളപ്പോള്‍ ഒരു നങ്കൂരമില്ലാതെ പോകുന്ന അവസ്ഥ. വിഷമഘട്ടങ്ങളിൽ നങ്കുരമിടാനായി നിലയില്ലാതെ പോകുന്നത് വലിയൊരു പ്രശ്നമാണ്.”


ഇന്ന് മനസ്സിൽ വീണ്ടും ആ ചോദ്യം തന്നെയാണ് തികട്ടിവരുന്നത് : നങ്കുരമിടാൻ നിലയില്ലായ്മയുടെ പ്രശ്നം യുവത്വത്തിനുമാത്രമാണോ? – എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ എന്റെ നങ്കൂരം എന്താണ്? കുടുംബം, സുഹൃത്തുക്കൾ, സമൂഹം, ജോലി – എവിടെയാണ് കുറച്ചു നേരത്തേക്ക് മനസ്സിലെ അർത്ഥശൂന്യതയെ നങ്കുരമിട്ട് വയ്ക്കുക? എവിടെയാണ് ഈ നിർവൃതിയില്ലായ്മയെ കുറച്ചു നേരത്തേക്ക് ഇറക്കിവച്ച് ആശ്വാസം തേടേണ്ടത്?


നിരീശ്വരവാദിയായ എന്റെ മാത്രം പ്രശ്നമാവാം ഇത്. വിശ്വാസിക്ക് ഇറക്കിവയ്ക്കാനും സഹായം ചോദിക്കാനും ഒക്കെ വഴികളുണ്ട്. “നിരീശ്വരവാദിയുടെ മാനസിക പ്രതിസന്ധി” എന്നൊന്നുണ്ടോ?  അറിയില്ല. പക്ഷേ, നിരീശ്വരവാദികൾ ചർച്ചചെയ്യേണ്ട വിഷയമാണ് ഇത്. 


കണ്ടില്ലേ, വിഷയം തന്നില്ലെങ്കിൽ, ഓരോ വിഷയവും തേടിപ്പിടിക്കുന്നത്? നോട്ടം എവിടെ പോകണം എന്ന് ഞാനല്ലല്ലോ തീരുമാനിക്കുന്നത്.