ഹാൻ കാങ്ങും സാഹിത്യനൊബേലും
സ്വന്തം എഴുത്തിനെപ്പറ്റിയുള്ള ആഴത്തിലുള്ളതും സ്വതന്ത്രവുമായ ചിന്തയാണ് ഹാൻ കാങ്ങിന്റെ വാക്കുകളിലൂടെ നമ്മളറിയുന്നത്. അസാധാരണമായ ഒരനുഭൂതി അവരുടെ നോവലുകളിൽനിന്ന് വായനക്കാർക്ക് പൊതുവിൽ ലഭിക്കുന്നുമുണ്ട്. മനുഷ്യന്റെ ആന്തരികജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്നവയാണ് അവയോരോന്നും.
ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ റിപ്പോർട്ടനുസരിച്ച് സാഹിത്യനൊബേൽ പ്രഖ്യാപന ദിവസം കൊറിയയിലെ കവി കോ ഉന്നിന്റെ വസതിക്കുമുന്നിൽ ധാരാളം മാധ്യമപ്രവർത്തകർ തമ്പടിച്ചു നിന്നിരിന്നു. നൊബേൽസമ്മാനം ലഭിക്കാൻ സാധ്യതയുള്ള ഏക കൊറിയൻ എഴുത്തുകാരനാണ് കോ ഉൻ. അദ്ദേഹത്തിന് അത് ലഭിച്ചേക്കുമെന്ന സൂചനകൾ വർഷങ്ങളായി സാഹിത്യലോകത്ത് നിലവിലുണ്ട്. തൊണ്ണൂറു വയസ്സു കഴിഞ്ഞ മഹാനായ ആ കവിയുടേതായി 150-ഓളം കവിതാ സമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ വർഷത്തെ നൊബേൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചേക്കുമെന്ന സൂചനകളും പ്രവചനങ്ങളും പാശ്ചാത്യമാധ്യമങ്ങളിൽക്കണ്ടിരുന്നു. പ്രധാനമായി പറഞ്ഞുകേട്ട മറ്റു രണ്ടു പേരുകൾ ആസ്ട്രേലിയൻ നോവലിസ്റ്റ് ജെറാൾഡ് മുർനേനിന്റെയും (Gerald Murnane) ചൈനയിലെ റ്റ്സാൻ ഷൊയെ (Can Xue)യുടെതുമായിരുന്നു. തീർച്ചയായും ഈ മൂന്നുപേരും സാഹിത്യനൊബേലിന് അർഹരായ എഴുത്തുകാരാണ്. എന്നാൽ സംഭവിച്ചത് വിചിത്രമായ കാര്യമാണ്. കൊറിയയിലെ തന്നെ നോവലിസ്റ്റായ ഹാൻ കാങ്ങിനെയാണ് സ്വീഡിഷ് അക്കാദമിയുടെ ജൂറി ഇത്തവണത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. തീർച്ചയായും അതൊരു അപ്രതീക്ഷിത തിരഞ്ഞെടുപ്പായിരുന്നു.
2015-ൽ ഇംഗ്ലിഷിൽ പരിഭാഷപ്പെടുത്തിയ ‘ദി വെജിറ്റേറിയൻ’ എന്ന നോവലിലൂടെയാണ് ഹാൻ കാങ്ങ് ലോകമെമ്പാടും അറിയപ്പെട്ടുതുടങ്ങിയത്. ഡബോറ സ്മിത്തിന്റെ പരിഭാഷയിലൂടെ ഈ നോവൽ 2016 – ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരം നേടുകയും ചെയ്തു. അതോടെയാണ് ഹാൻ കാങ്ങ് ലോകത്തിലെ വായനാസമൂഹത്തിന്റെ ശ്രദ്ധയിലേക്കെത്തിയത്. ചെറിയ കാലംകൊണ്ട് അതൊരു കൾട്ട് നോവൽ സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്തു. തുടർന്നുള്ള അവരുടെ നോവലുകളും വലിയതോതിൽത്തന്നെ സ്വീകരിക്കപ്പെട്ടു. എഴുത്തിലെ പ്രമേയം കണ്ടെത്തുന്നതിലും അതവതരിപ്പിക്കുന്ന ഭാഷയിലും സവിശേഷമായ ഒരു രചനാരീതി അവർ സ്വായത്തമാക്കിയിട്ടുണ്ട്.
“When I write fiction, I put a lot of emphasis on the senses. I want to convey vivid senses like hearing and touch, including visual images. I infuse these sensations into my sentences like an electric current.” സ്വന്തം എഴുത്തിനെപ്പറ്റിയുള്ള ആഴത്തിലുള്ളതും സ്വതന്ത്രവുമായ ചിന്തയാണ് അവരുടെ ഈ വാക്കുകളിലൂടെ നമ്മളറിയുന്നത്. ഇത്തരത്തിൽ അസാധാരണമായ ഒരനുഭൂതി അവരുടെ നോവലുകളിൽനിന്ന് വായനക്കാർക്ക് പൊതുവിൽ ലഭിക്കുന്നുമുണ്ട്. മനുഷ്യന്റെ ആന്തരികജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്നവയാണ് അവയോരോന്നും. മനുഷ്യനെന്ന അവസ്ഥയുടെ വേറിട്ട അർഥതലങ്ങളെ കണ്ടെത്താനാണ് അവർ തന്റെ സാഹിത്യമെഴുത്തിലൂടെ എപ്പോഴും ശ്രമിക്കുന്നത്. അതിശക്തമായ, പരീക്ഷണാത്മകമായ ഒരു തരം സവിശേഷഗദ്യമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത്.
‘ദ വെജിറ്റേറിയൻ’ എന്ന നോവൽ ഒരു സ്ത്രീയുടെ വ്യക്തിഗതമായ കലാപത്തിന്റെ കഥയാണ് പറഞ്ഞത്. യിയോംഗ് ഹൈ ആണ് അതിലെ പ്രധാന കഥാപാത്രം. അവർ ഒരു ദിവസം കണ്ട സ്വപ്നം അവരുടെ പിന്നീടുള്ള ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുകയാണ്. അതുവരെ അവരൊരു സാധാരണ വീട്ടമ്മയായിരുന്നു. സ്വപ്നത്തിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ അസാധാരണമായിരുന്നു. ഒരു മൃഗത്തെ അവൾ ക്രൂരമായി കൊന്നുതിന്നുന്നതായിരുന്നു ആ സ്വപ്നം. അതോടെ അവർക്ക് മാംസാഹാരം കഴിക്കാൻ പറ്റാതായി. തുടർന്ന് അവർ മാംസാഹാരം പാടേ ഉപേക്ഷിക്കുകയാണ്. അങ്ങനെ പൂർണ്ണമായും ഒരു വെജിറ്റേറിയനായി മാറുന്നു. ഇത് ആ രാജ്യത്ത് പതിവുള്ള കാര്യമല്ല. സത്യത്തിൽ അത് മനുഷ്യന്റെ ക്രൂരതയോടുള്ള തീവ്രമായ ഒരു പ്രതികരണമായിരുന്നു. തുടർന്ന് അവർ ഭക്ഷണംതന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു. ഒരു പുരുഷാധിപത്യ സമൂഹത്തിൽ വെജിറ്റേറിയനായിത്തീരുക എന്നത് ഒരു സന്ദേശമാണ്. സ്വപ്നം അവളുടെ ജീവിതാവബോധത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. അവൾ ഒരു മരമായി മാറാൻ ആഗ്രഹിച്ചുതുടങ്ങി. ഈ കഥയിലൂടെ സ്ത്രീയനുഭവത്തിന്റെ രാഷ്ടീയം പറയാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. സ്ത്രീയെന്ന നിലയിൽ ആ കഥാപാത്രം അനുഭവിക്കുന്ന ക്ഷോഭവും കാമവും പാരവശ്യവുമൊക്കെ സുന്ദരമായി നോവലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. മുന്നു ഭാഗങ്ങളുള്ള ഒരാഖ്യാനമാണിത്.
ഹാൻ കാങ്ങിന്റെ മറ്റൊരു പ്രധാന നോവലായ ‘ഹ്യുമൻ ആക്ട്സ്’ തികച്ചും വേറിട്ട ഒരു രാഷ്ട്രീയ പ്രമേയത്തെയാണ് അവതരിപ്പിക്കുന്നത്. ആധുനിക കൊറിയയുടെ ചരിത്രത്തിലെ ഒരു മുറിവാണ് ഇതിലൂടെ അവർ പറയുവാൻ ശ്രമിക്കുന്നത്. തെക്കൻ കൊറിയയിലെ ഗ്വാൻചൂ എന്ന സ്ഥലത്ത് 1980-ൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ഏകാധിപത്യ കാലത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഇതിലെ മുഖ്യകഥാപാത്രം. മനുഷ്യന്റെ ക്രൂരത, അന്തസ്സ് എന്നീ സമസ്യകളെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഹ്യൂമൻ ആക്ട്സ് എന്ന ഈ രചനയിലൂടെ അവർ നടത്തുന്നത്. ആ രാഷ്ട്രീയ സംഭവത്തെ ആഴത്തിൽ പഠിച്ചു രചിച്ച നോവലാണിത്. ഇത്തരം സംഭവങ്ങൾ മനുഷ്യരുടെ ജീവിതത്തെ പലപ്പോഴും അവരനുഭവിച്ചതോ അറിഞ്ഞതോ ആയ ഭൂതകാലത്ത് തളച്ചിടുന്നു. ചരിത്രത്തെ മായ്ച്ചുകളയാനോ, മാറ്റിയെടുക്കാനോ എളുപ്പമല്ലെന്ന സന്ദേശമാണ് ഈ നോവലിലൂടെ ഹാൻ കാങ്ങ് മുന്നോട്ടു വയ്ക്കുന്നത്. ചരിത്രം മനുഷ്യാനുഭവത്തിലേല്പിക്കുന്ന ആഘാതത്തെ വരച്ചുകാട്ടാനാണ് ഈ നോവലിലൂടെ നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. ഈ നോവലിന്റെ ഘടനയും ഏറെ വ്യത്യസ്തമാണ്. വ്യത്യസ്ത വീക്ഷണകോണിലൂടെ കഥ പറഞ്ഞുകൊണ്ടുള്ള വേറിട്ട ഓരോ അധ്യായവും പ്രത്യേക രീതിയിൽ ചേർത്തുനിറുത്തിയിരിക്കുകയാണ്.
‘ഗ്രീക്ക് ലെസൺസ്’ എന്ന നോവൽ ഭാഷയിലൂടെയുള്ള തീവ്രമായ ഒരന്വേഷണമാണ്. പ്രാചീന ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്ന ഒരധ്യാപകന്റെയും അയാളുടെ ശിഷ്യയായെത്തുന്ന ഒരു മൂകസ്ത്രീയുടെയും കഥയാണ് ഇതിൽ പറയുന്നത്. ദക്ഷിണകൊറിയ പോലുള്ള ഒരു രാജ്യത്തുനിന്ന് പാശ്ചാത്യസാഹിത്യത്തെ നോക്കിക്കാണാനുള്ള ഒരു ശ്രമം കൂടിയാണ് ഈ നോവൽ. ‘ദി വൈറ്റ് ബുക്കാ’ണ് മറ്റൊരു പ്രധാന രചന. എഴുത്തുകാരിയുടെ വ്യക്തിപരമായ ചിലദുഃഖങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവൽ. അമ്മയുടെ മരണം സൃഷ്ടിച്ച ദുഃഖത്തെയാണ് ഹാൻ കാങ്ങ് ഇതിലൂടെ തിരയുന്നത്. ദുഃഖമുഖത്തുനിന്നുള്ള ഒരു ജീവിതക്കാഴ്ച. ദുഃഖം വ്യക്തിയുടെ സത്തയിൽ എങ്ങനെ ഇടപെടുന്നു എന്നാണ് ഈ നോവൽ കാണിച്ചുതരുന്നത്.
ഈ നോവലുകൾക്കു പുറമെ കവിതയും ചെറുകഥകളും ലേഖനങ്ങളുമൊക്കെ ഹാൻ കാങ്ങ് എഴുതിയിട്ടുണ്ട്. പൊതുവിൽ മനുഷ്യനെന്ന നിലയിലെ പരിമിതികളെയാണ് ഈ എഴുത്തുകാരി അവരുടെ രചനാലോകത്തിലൂടെ അന്വേഷിക്കുന്നതും അടയാളപ്പെടുത്താൻ ശ്രമിക്കുന്നതും. നമ്മളുടെയൊക്കെ ജീവിതം എത്രമാത്രം ദുർബലമാണെന്ന് അവ ഓർമ്മിപ്പിക്കുന്നു. ഭാഷയിലൂടെ സാധ്യമായ അർഥങ്ങൾക്കപ്പുറം മറ്റുചില അർഥങ്ങൾകൂടി അവർ കാണിച്ചുതരുന്നു. അവയിൽ പൊതുവിൽ ഒരു വൈരുധ്യസ്വഭാവം കാണാൻ കഴിയും. ഒരേസമയം ധ്യാനാത്മകവും സംഘർഷാത്മകവുമാണ് അവരുടെ ശൈലി. അതിലൊരു ആന്തരികമൂകത നിറഞ്ഞുകിടപ്പുണ്ട്. അതേസമയം കഥാപാത്രങ്ങളുടെ ജീവിതത്തിലെ വലിയ മാനസികസംഘർഷങ്ങളെയും അവർ ഭംഗിയായി ചിത്രീകരിക്കുന്നു. ആ ഭാവനാലോകത്ത് ജീവിതം തിളച്ചുമറിയുന്നുണ്ട്, അതുപോലെ കത്തിത്തീരുന്നുണ്ട്.
ലോകവുമായുള്ള ബന്ധം മനുഷ്യരുടെ വ്യക്തിഗതമായ അനുഭവതലത്തിലുണ്ടാക്കുന്ന വിഭ്രാന്തികൾ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്നു എന്നതാണ് ഹാൻ കാങ്ങ് എന്ന എഴുത്തുകാരിയുടെ സവിശേഷത. അതാണ് നൊബേൽ പുരസ്കാരത്തിലൂടെ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. “ചരിത്രാഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിലെ ക്ഷണികതയെ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ഗദ്യം” എന്നാണ് സ്വീഡിഷ് അക്കാദമിയും ഇവരുടെ എഴുത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയൊക്കെയാണെങ്കിലും ഹാൻ കാങ്ങിന് നൊബേൽ പുരസ്കാരം നൽകുന്നത് പിന്നീടായാലും മതിയായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന എത്രയോ പ്രതിഭാശാലികളെ മറികടന്ന് ഈ ചെറുപ്രായത്തിൽ നൊബേൽ നേടാൻ മാത്രമുള്ള അസാധാരണ മികവൊന്നും അവരുടെ ആവിഷ്കാരലോകത്തില്ല. എന്നാൽ, ഇതു പറയുന്നതുവഴി ഹാൻ കാങ്ങിന്റെ എഴുത്തിനെ ഒട്ടും കുറച്ചു കാണുകയല്ല ഞാൻ.
നോവലും പരിഭാഷയും
ഹാൻ കാങ്ങിന്റെ വെജിറ്റേറിയൻ എന്ന നോവലിന്റെ പരിഭാഷയുമായി ബന്ധപ്പെട്ട് 2016-ൽ വലിയൊരു വിവാദമുണ്ടായി. വിഖ്യാത പരിഭാഷകനും ബ്രിട്ടീഷ് നോവലിസ്റ്റുമായ ടിം പാർക്സ് ഡെബോറാ സ്മിത്തിന്റെ വെജിറ്റേറിയൻ പരിഭാഷയെപ്പറ്റി ആരോപണവുമായി രംഗത്തെത്തി. ന്യൂയോർക്ക് റിവ്യു ഓഫ് ബുക്സിന്റെ 2016 ജൂൺ 20 ന്റെ ലക്കത്തിൽ Raw and Cooked എന്നൊരു ലേഖനത്തിൽ അദ്ദേഹം ഈ പരിഭാഷയെ നിശിതമായി വിമർശിച്ചു.
പരിഭാഷയുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിന് ചില മാനദണ്ഡങ്ങൾ അദ്ദേഹം നിരത്തി. അതനുസരിച്ച് കൊറിയൻഭാഷയിൽനിന്നുള്ള ഡെബോറയുടെ പരിഭാഷ മോശമാണെന്നു വിശദീകരിച്ചു. പരിഭാഷയിലെ ഭാഷയിൽ കൃത്രിമത്വം അദ്ദേഹം ആരോപിച്ചു. മുലകൃതിയിലെ ശൈലിയെ പരിഭാഷക അവഗണിച്ചുവെന്നും കണ്ടെത്തി. തന്റെ വാദം സമർത്ഥിക്കാനായി പരിഭാഷയിലെ മുഴച്ചുനിൽക്കുന്ന ചില ഭാഷാപ്രയോഗങ്ങൾ എടുത്തുകാട്ടി. ഡെബോറയുടെ മാതൃഭാഷ കൊറിയനല്ല. അവരത് ആറുവർഷംകൊണ്ട് പഠിച്ചെടുത്തതാണ്. പഠനകാലത്താണ് ഈ ആദ്യ പരിഭാഷ അവർ ചെയ്തത്. അതിനാലവരുടെ കൊറിയൻ ഭാഷാപ്രാവീണ്യം സംശയിക്കേണ്ടിയിരിക്കുന്നു. പ്രമേയവും ശൈലിയും തമ്മിലുള്ള ബന്ധമാണ് പരിഭാഷയുടെ ഗുണം നിശ്ചയിക്കാൻ നമ്മളെ സഹായിക്കുകയെന്നും ടിം പാർക്സ് വിശദീകരിച്ചു.
ഹാൻ കാങ്ങിന്റെ നോവലിന് 2016-ലെ മാൻ ബുക്കർ അന്തരാഷട്ര പുരസ്കാരം നേടിയ പരിഭാഷയായിരുന്നു ഡെബോറയുടേത്. ഈ പുരസ്കാരലബ്ധിയിലൂടെയാണ് വെജിറ്റേറിയൻ ലോകവായനയിൽ ഇടം നേടിയത്. ആ ശോഭയിൽ ടിം പാർക്സിന്റെ ലേഖനം ചെറുതല്ലാത്ത ഒരു നിഴൽ പരത്തി. പരിഭാഷയിലെ വലിയ പ്രതിസന്ധികളെയും ചതിക്കുഴികളെയും അഭിസംബോധന ചെയ്യാൻ ഈ വിവാദം വഴിയൊരുക്കി. ടിം പാർക്സിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കൊറിയൻ ഭാഷാവിദഗ്ദരായ ചിലരും പിന്നീട് കണ്ടെത്തുകയുണ്ടായി.
ഡെബോറാ സ്മിത്തിന്റെ പരിഭാഷയെ അധികരിച്ച് സി.വി.ബാലകൃഷ്ണൻ വെജിറ്റേറിയൻ എന്ന നോവലിനെ മലയാളത്തിലേക്കും മൊഴിമാറ്റം നടത്തുകയുണ്ടായി. തന്റെ പരിഭാഷാനുഭവത്തെപ്പറ്റി ബാലകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിൽ (ലക്കം-32,ഒക്ടോബർ-27) ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലദ്ദേഹം എഴുതി: “നോവലിന്റെ ആദ്യവായന മൊഴിമാറ്റം ഉദ്ദേശിച്ചായിരുന്നില്ല. വായിച്ചുതീർത്തപ്പോൾ ഇഷ്ടം തോന്നി. പിന്നിടു സംഭവിച്ച രണ്ടാം വായന, ഒന്നാമത്തേതിനെയപേക്ഷിച്ച് കൂടുതൽ ഗാഢമായ അനുഭവമായി. നോട്ടം ഒരു വാക്കിലും സ്പർശിക്കാതിരുന്നില്ല. ഓരോന്നും നേരെ ഹൃദയത്തിലേക്കു കടന്നുവന്നു. ഓരോ തുടിപ്പും ഞരമ്പുകളിൽ അറിഞ്ഞു കൂടെക്കൂടെ വിഷാദിയായി.” ആത്മാർഥതയുള്ള ഒരു യഥാർഥ വിവർത്തകനു മാത്രമെ ഇത്തരമൊരനുഭവം പങ്കുവയ്ക്കാനാവൂ.
ജയ് ചക്രബർത്തിയുടെ കഥ
പശ്ചാത്യരാജ്യങ്ങളിൽ ജീവിതമുറപ്പിച്ച ഇന്ത്യക്കാരായ ദമ്പതികളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളെ വളർത്തൽ. അതിന്റെയൊരു തീവ്രചിത്രം കോറിയിടുന്ന മനോഹരമായ കഥയാണ് ജയ് ചക്രബർത്തി രചിച്ച The Import. 2024 ലെ ഒ-ഹെൻറി പുരസ്കാരം നേടിയ ഈ കഥ എമോർ ടോൾസ് എഡിറ്റുചെയ്ത The Best Short Stories 2024 എന്ന പുസ്തത്തിലാണുള്ളത്. ഭാഷയുടെയും ദേശസംസ്കാരത്തിന്റെയും ആകുലതകൾ പങ്കുവയ്ക്കാനും അതോടൊപ്പം മനുഷ്യാവസ്ഥയുടെ വേദനിപ്പിക്കുന്ന ഒരു ചിത്രം അടയാളപ്പെടുത്താനും ഈ കഥയിലൂടെ കഥാകാരനു സാധിച്ചിരിക്കുന്നു.
അമേരിക്കയിലെ ബ്രൂക്ക്ലിനിൽ കുട്ടികളെ നോക്കുന്ന ആയ എന്ന നിലയിലെത്തുന്ന രൂപ എന്ന ഒരു സാധാരണ ബംഗാളിസ്ത്രീയുടെയും ബ്രൂക്ക്ലിനിൽ സ്ഥിരതാമസമാക്കിയ രാജ്-ബെഥനി ദമ്പതികളുടെയും കഥയാണിത്. അവരുടെ ചെറിയ മകൻ ഷായിയെ നോക്കാനായാണ് രാജിന്റെ അമ്മ രൂപയെ അമേരിക്കയിലേക്കയച്ചത്. ഇതിൽ രാജ് ഏറെ സന്തോഷിച്ചു. രൂപ തന്റെ മകന് തന്റെ മാതൃഭാഷയായ ബംഗാളി പറഞ്ഞുകൊടുക്കുന്നു എന്നതും മറ്റൊരു സംസ്കാരവുമായി അവൻ പരിചിതമാകുന്നു എന്നതും വലിയ കാര്യമായി അദ്ദേഹം നോക്കിക്കണ്ടു.
ഇതിനിടയിൽ ഒരു നാൾ, രൂപയ്ക്ക് നാട്ടിലെ അമ്മയെ വീഡിയോ കോളിൽവിളിച്ചു കൊടുത്തപ്പോഴാണ് അവൾക്കവിടെ ചെറിയൊരു മകളുണ്ടെന്ന് അയാൾ മനസ്സിലാക്കുന്നത്. സ്വന്തം മകളെ നാട്ടിലുപേക്ഷിച്ചാണ് ഈ യുവതി തന്റെ കുഞ്ഞിനെ നോക്കാനായി അമേരിക്കയിലെത്തിയതെന്ന അറിവ് അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നു. അത്തരമൊരു തിരഞ്ഞെടുപ്പിന്റെ അനിവാര്യത രൂപയെന്ന ഇന്ത്യക്കാരിയുടെ ജീവിതത്തിലുണ്ട്. രൂപയെപ്പോലുള്ള ഒരാളുടെ സഹായം അമേരിക്കൻ ജീവിതത്തിൽ രാജിനുമുണ്ട്. വർത്തമാനകാലത്തെ ഇത്തരം അനിവാര്യ പ്രഹേളികകളെയാണ് ഈ കഥ ഭംഗിയായി കാണിച്ചുതരുന്നത്. ‘ഇറക്കുമതി – The Import’ എന്ന പേരിലുണ്ട് ഈ കഥയുടെ സത്ത.
ജയ് ചക്രബർത്തി ഒരു അമേരിക്കൻ – ഇന്ത്യൻ എഴുത്തുകാരനാണ്. A Play for the End of the World എന്ന ആദ്യനോവൽ വലിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ജയ് എഴുതിയ കഥകൾ ഇതിനു മുമ്പും ഒ – ഹെൻറി പുരസ്കാരം നേടിയിട്ടുണ്ട്. A Small Sacrifice for an Enormous Happiness എന്ന ഒരു കഥാസമാഹാരവും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഈ ‘കഥ’ ആർക്കുവേണ്ടി?
“പഴയങ്ങാടി വഴി കണ്ണൂരേക്ക് കൂടെക്കൂടെ ബസ്സ് കിട്ട്വോ മാഷേ, ഏത് വഴിക്കാ ബസ്സ് പോക്വാ? ഇരിണാവ് വഴി പോവ്വാ?”ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ദേശാഭിമാനി വാരികയിൽ എൻ.പ്രഭാകരൻ എഴുതിയ ‘ഫ്രം പഴയങ്ങാടി ടു കണ്ണൂർ അഥവാ സമകാല സാഹിത്യനിരൂപണം’ എന്ന കഥ. അഥവാ, കഥയെന്ന പേരിൽ അച്ചടിച്ച ഗദ്യം തുടങ്ങിയിരിക്കുന്നത്. ഇതിലെ മാഷ് അദ്ദേഹത്തിന്റെ ചില തോന്നലുകൾ, അഥവാ സന്ദേഹങ്ങൾ ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിൽ പറയുന്നു. ചോദ്യം ആവർത്തിക്കുന്തോറും സമാനമായ ഉത്തരങ്ങൾ നിറയുന്നു. മൂന്നുനാലു പേജുകൾ കഴിയുമ്പോഴേക്കും ചോദ്യകർത്താവ് ക്ഷീണിച്ച് ചോദ്യത്തെ ഉപേക്ഷിക്കുന്നു. അങ്ങനെ ഈ കഥയില്ലായ്മ അവസാനിക്കുന്നു. വായനക്കർ രക്ഷപ്പെടുന്നു. ഒന്നേ പറയാനുള്ളൂ. ഇതിനെ മറ്റെന്തു പേരിട്ടുവിളിച്ചാലും കഥയെന്ന് വിശേഷിപ്പിക്കരുതായിരുന്നു.
അന്തോണിയോ സ്കാർമേത്ത
ഒക്ടോബർ 15-ന് അന്തോണിയോ സ്കാർമേത്ത അന്തരിച്ചു. ചിലിയിലെ വലിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കവി പാബ്ലോ നെരൂദയും ഒരു സാങ്കല്പിക കഥാപാത്രമായ മാരിയോ എന്ന ഒരു പോസ്റ്റുമാനും തമ്മിലുള്ള ബന്ധം ചിത്രീകരിച്ച നോവലും The Postman എന്ന പേരിൽ സൃഷ്ടിച്ച അതിന്റെ ചലചിത്രാവിഷ്കാരത്തിലൂടെയും ലോകമെമ്പാടും അറിയപ്പെട്ട വലിയ എഴുത്തുകാരനായിരുന്നു സ്കാർമേത്ത. ചിലിയിലെ ഏകാധിപതി ജനറൽ ഓഗുസ്റ്റേ പിനോഷെയുടെ കാലത്ത് രാജ്യം വിടേണ്ടി വന്ന അദ്ദേഹം ജർമനിയിലാണ് അഭയം തേടിയത്. The Postman കൂടാതെ A Distant Father, The Dancer and the Thief എന്നീ നോവലുകളും മികച്ച കുറെ ചലചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഏകാധിപത്യത്തോടുള്ള ചെറുത്തുനില്പാണ് ഇവയിലെയെല്ലാം മുഖ്യ പ്രമേയം.
നാടുവിട്ട് താമസിക്കേണ്ടിവന്നതിൽ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഒരു മറുപടി ഇങ്ങനെയായിരുന്നു: “Not at all. What is difficult is living in a dictatorship like there was in Chile. When you are in a democratic country and know that your children are also living in a democracy, then your mind can rest.”
ലോകത്തിന്റെ ഉൾക്കാഴ്ചയെ വികസിപ്പിച്ച വലിയൊരു എഴുത്തുകാരനാണ് വിടപറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ്മാൻ എന്ന കൃതി കവി ഡി.വിനയചന്ദ്രൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.