1128 ൽ ക്രൈം 27 @ എഴുപത് – ഡോ.എൻ.ആർ. ഗ്രാമപ്രകാശ്
മലയാളനാടകങ്ങളിൽ ധീരപരീക്ഷണമായ ഒരു നാടകത്തിന്റെ സപ്തതി പിന്നിട്ടിട്ടും അത് സമകാലികത കൈവെടിയാതെ നിലകൊള്ളുന്നു എന്നത് അദ്ഭുതാവഹമാണ്. പതിവുനാടകത്തിന്റെ ആചാരഗതികളിൽനിന്നു വേറിട്ട്, ലോകനാടകവേദിയിലെ ആധുനികസിദ്ധാന്തങ്ങൾ പരീക്ഷിച്ച് മലയാളനാടകവേദിയിൽ നവഭാവുകത്വത്തിനു വഴികാട്ടിയ നാടകമാണിത്. സംവിധായകന്റെയും നടീനടന്മാരുടെയും സർവകലാശേഷിയും പരീക്ഷിക്കപ്പെടുന്ന നാടകംകൂടിയാണ്. കലയിലും സാമൂഹികസ്ഥാപനങ്ങളിലും ഉറച്ചുപോയ ചില മാമൂലുകളുടെ അസംബന്ധത തുറന്നുകാട്ടുകയാണ് സി.ജെ.തോമസ് ഈ നാടകത്തിലൂടെ. കാലത്തിനു മുന്നെ സഞ്ചരിച്ച പ്രതിഭയാണു സി.ജെ. മലയാളനാടകവേദിയുടെ രചനയുടെയും സംവേദനത്തിന്റെയും തലത്തിൽ വലിയൊരു കുതിപ്പാണ് സി.ജെ.തോമസിന്റെ എല്ലാ നാടകങ്ങളും.
കൂടിയാട്ടവും കഥകളിയും തെയ്യവും പടയണിയും തുടങ്ങി മലയാളികളുടെ അതിസമ്പന്നമായ ദൃശ്യകലാപാരമ്പര്യം കേരളത്തിൽ ഒരു ആധുനികനാടകവേദി വളര്‍ന്നുവരുന്നത് വൈകിപ്പിച്ചു. ഈ സമ്പന്നപൈതൃകത്തിൽനിന്നാവേശത്തോടെ ഒരു തനതുനാടകരീതിയാകട്ടെ വളര്‍ന്നതുമില്ല. അറുപതുകളിൽ നാടകക്കളരിപ്രസ്ഥാനമാണ് പുതിയൊരു വഴിത്താരയൊരുക്കിയത്. ‘നിധിയിരിപ്പും പൂട്ടിവച്ച് സ്വന്തം ദാരിദ്ര്യത്തിൽ സംതൃപ്തനായി സമ്പാദ്യങ്ങളെപ്പറ്റി പരിപൂര്‍ണ്ണ അജ്ഞനായി, തുരുമ്പുപിടിച്ച നിലവറത്താക്കോൽ വലിച്ചെറിയണമോ വേണ്ടയോ എന്നു സന്ദേഹിച്ചു നില്‍ക്കുന്ന സമ്പന്നവും പുരാതനവുമായ തറവാട്ടിലെ അനന്തരാവകാശി’യെന്നു മലയാളി നാടകസ്‌നേഹികളെ ജി. ശങ്കരപ്പിള്ള വിശേഷിപ്പിച്ചിരുന്നു. വൈദേശികമായ എന്തിനെയും അനുകരിക്കുകയെന്ന ഭ്രമമുള്ള മലയാളി ദീര്‍ഘകാലം പടിഞ്ഞാറൻ നാടകവേദിയുടെ വികലപ്രതിഫലനവുമായി കഴിഞ്ഞുകൂടി. അറുപതുകള്‍ക്കു ശേഷമത്രെ, ഒരു നൂതനസംവേദനവുമായി നാടകക്കളരിപ്രസ്ഥാനം ശക്തമാവുന്നത്. ഈ ധീരമുന്നേറ്റത്തിനു മുന്‍പാണ് നമ്മുടെ നാടകവേദിയെ നവീകരിക്കാൻ സി.ജെ. തുനിഞ്ഞിറങ്ങിയത്. കിഴക്കും പടിഞ്ഞാറുമുള്ള നാടകസമ്പ്രദായങ്ങളുമായുള്ള സൈദ്ധാന്തിക പരിചയമൊന്നിന്റെ പിന്‍ബലത്തിലാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ പിറന്നുവീണത്. അതേസമയം ഒരു നാടക സംവിധായകന്റെ സർഗാത്മക പ്രവൃത്തി സി.ജെയിലുണ്ടായിരുന്നുതാനും. രംഗവേദിയെക്കുറിച്ചുള്ള മികച്ച ധാരണ നാടകത്തിന്റെ അവതരണക്കുറിപ്പുകളിൽനിന്നു സ്പഷ്ടം. സി.ജെ.മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷമാണു ആ നാടകങ്ങൾ യോജിച്ച അരങ്ങു കണ്ടത്. കേരളീയരംഗവേദിയുടെ ഭാഷ പതിറ്റാണ്ടുകൾ പുറകിലായിരുന്നുവെന്നു ചുരുക്കം. അതുകൊണ്ടാകണം, 1128 ക്രൈം 27 എന്ന സി.ജെ. നാടകത്തിനു പരീക്ഷണനാടകമെന്നു വിശേഷണം ലഭിച്ചത്.
യഥാർഥത്തിൽ കാലത്തെ അതിക്രമിച്ചു മുന്നേറിയ ഒരു പ്രതിഭാധനന്റെ സൃഷ്ടികളായി വേണം അതിനെ വിലയിരുത്തേണ്ടത്. 1954 ലാണു 1128-ൽ ക്രൈം 27 നാടകത്തിന്റെ രചന. അതിനുമുന്‍പ് ‘അവൻ വീണ്ടും വരുന്നു’. ശേഷം ‘ആ മനുഷ്യൻ നീ തന്നെ’ എന്നിവയും പ്രത്യക്ഷപ്പെട്ടു. ‘അവൻ വീണ്ടും വരുന്നു’ എന്ന നാടകം സി.ജെ. ജീവിച്ചിരിക്കെ അന്നത്തെ സ്റ്റേജ് നാടകങ്ങളുടെ മാതൃകയിൽ അരങ്ങേറിയിരുന്നു.
ക്രൈമിന്റെ വിശേഷങ്ങൾ
പ്രവേശികയും പതിനൊന്നു രംഗങ്ങളുമടങ്ങിയതാണ് ക്രൈം നാടകം. പിറവികൊണ്ട കാലത്ത് നാടകത്തിന്റെ സങ്കേതവും പ്രമേയവും നൂതനമായിരുന്നു. മുഖ്യധാരാനാടകങ്ങളിൽ സാന്നിധ്യമല്ലാതിരുന്ന ഒന്നാണ് ഇതിലെ പ്രവേശിക. എന്നാലത് പ്രാചീനഭാരതീയനാടകസമ്മതമാണുതാനും. നാടകത്തിൽ അവതരിപ്പിക്കാൻ പോകുന്ന ക്രിയയെക്കുറിച്ച് പ്രേക്ഷകര്‍ക്കു അറിവുകൊടുക്കലാണു പ്രവേശകത്തിന്റെ ലക്ഷ്യം. നാട്യശാസ്ത്രത്തിൽ പ്രവേശകം, വിഷ്‌കംഭം, ചൂളിക, അങ്കാവതാരം, അങ്കമുഖം ഇങ്ങനെ അഞ്ച് അർഥോപക്ഷേപകങ്ങളെക്കുറിച്ചു പറയുന്നുണ്ട്. രംഗത്തവതരിപ്പിക്കാൻ കഴിയാത്തവ, നാടകത്തിൽ സംഭവിക്കാനിരിക്കുന്നത് തുടങ്ങിയവ പ്രവേശകം വഴിയാണ് അറിയിക്കുക. നാടകീയമായ അരങ്ങേറ്റത്തിനു സഹായകരമാണ് പ്രവേശകം. ഇവിടെ പ്രവേശികയിലെ സംഭവങ്ങൾ അക്കാലത്തെ നാടകനില അനുസരിച്ച് നൂതനവും നാടകീയവുമാണ്. ഗുരുവും സ്റ്റേജ് മാനേജരുമായുള്ള സംഭാഷണമാണ് പ്രവേശികയിൽ ആദ്യം. ഗുരു സംസ്‌കൃതനാടകസങ്കേതമനുസരിച്ച് സൂത്രധാരന്റെയും (സംവിധായകൻ) സ്റ്റേജ് മാനേജർ പാരിപാര്‍ശ്വികന്റെയും ഭാഗമാണ് അഭിനയിക്കുന്നത്. ആരംഭത്തിൽ അവർ തമ്മിൽ നാടകം എപ്പോൾ തുടങ്ങണമെന്ന കലഹമാണു ദൃശ്യമാവുന്നത്. ഇതിനിടെ ശിഷ്യൻ രംഗപ്രവേശം ചെയ്യുന്നതോടെ നാടകക്രിയ ഗുരു-ശിഷ്യ സംവാദത്തിലേക്ക് തിരിയുന്നു. ഗുരു മരിച്ചുവെന്നു കേട്ടു യാഥാർഥ്യം അറിയാനാണു താൻ വന്നിരിക്കുന്നതെന്നു ശിഷ്യൻ. സംഭാഷണകേന്ദ്രം മരണമായി മാറുന്നു. ഇവിടെ നാടകത്തിന്റെ കേന്ദ്രസംഭാഷണമെന്നു വിശേഷിപ്പിക്കാവുന്ന ‘എടോ മരണം ഒരു ഫലിതമാണ്. പ്രത്യേകിച്ച് അവനവന്റെ മരണം’ എന്നു ഗുരു പ്രസ്താവിക്കുന്നു. ഈ വിചിത്രവേദാന്തമാകട്ടെ ശിഷ്യനു മനസ്സിലാകുന്നില്ല. വിചിത്രമല്ലാത്തതെങ്ങനെയാണു വേദാന്തമാവുകയെന്നു ഗുരു. പറഞ്ഞിട്ടു വിശേഷമൊന്നുമില്ലാത്തതുകൊണ്ട് അതുകാണിച്ചുതരാം എന്നു ഗുരു പറയുന്നതോടെ പിന്നരങ്ങിൽ വെളിച്ചം തെളിയുന്നു.
നാടകത്തിനുള്ളിലെ നാടകം
സ്റ്റേജിൽ മുന്നരങ്ങ്, പിന്നരങ്ങ് ഇങ്ങനെ രണ്ടു തട്ടുകളുണ്ടെന്ന് നാടകവായനയിൽ മനസ്സിലാക്കാം. ഗുരുവും ശിഷ്യനും നില്‍ക്കുന്നത് മുന്നരങ്ങിലാണ്. അവര്‍ക്കു പിന്നിലാണ് പിന്നരങ്ങ്. അവർ വശങ്ങളിലേക്ക് മാറുന്നതോടെയാണ് പിന്നരങ്ങിൽ വെളിച്ചം തെളിയുന്നത്. അവിടെ ഒരു പത്രമാപ്പീസാണ്. ഒന്നാമത്തെ രംഗം തുടങ്ങുകയായി. ശിഷ്യന്റെ ആദ്യവാചകത്തോടുകൂടി ആ വിളക്ക് പ്രകാശിക്കുകയും രംഗത്തിന്റെ മുന്‍ഭാഗത്തെ വിളക്കുകൾ അണയുകയും ചെയ്യുന്നു. ആ വിളക്കിന്റെ വെളിച്ചത്തിലാണ് രംഗം.
ശിഷ്യൻ ജോലി ചെയ്യുന്നതും അവിടെത്തന്നെ. ഒരു സാധാരണ പത്രമാപ്പീസിൽ സായാഹ്നത്തിൽ വാര്‍ത്തകൾ നിറയ്ക്കുന്നതിന്റെ തത്രപ്പാടുകളാണ് ആദ്യഭാഗത്തു ചിത്രീകരിക്കുന്നത്. അതിനിടെയാണ് അവര്‍ക്കൊരു കൊലക്കേസ് വീണു കിട്ടുന്നത്. പിന്നെ അതിനെ പൊലിപ്പിച്ചു വാര്‍ത്തയാക്കുന്ന തിരക്കിലായി സകലരും. ‘ഒരു ദരിദ്രവാസി രണ്ടാമതൊരു ദരിദ്രവാസിയെ കൊല്ലുന്നു, മൂന്നാമതൊരു ദരിദ്രവാസി അതിനെപ്പറ്റി പ്രസ്താവനയിറക്കുന്നു’ എന്ന സമീപനമാണ് പത്രമാപ്പീസിൽ. വാര്‍ത്ത പ്രാധാന്യത്തോടെ ഗൗരവത്തോടെ നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അവിടേക്കൊരു കവറുമായി ഒരു ലേഖകൻ പ്രവേശിക്കുന്നത്. മലമ്പ്രദേശങ്ങളിൽ താറാവുകൃഷി നടത്തുന്നതിനെക്കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ കോണ്‍ഫറന്‍സ് വാര്‍ത്തയായിരുന്നു അത്. അതോടെ കൊലക്കേസ് അപ്രധാനവാര്‍ത്തയാകുന്നു. രണ്ടാംപേജിലെ പരസ്യം കുമാരി പില്‍സിനു താഴത്തെ കുറിപ്പായി അത് ഒതുങ്ങുന്നു. ഇതോടെ മരണം എത്ര നിസ്സാരമാണ് തനിക്കു ചുറ്റുമെന്നു ശിഷ്യനു മനസ്സിലാകുന്നു.
അടുത്ത രംഗത്തിൽ ഗുരു ശിഷ്യനുമൊത്ത് മരിച്ചവന്റെ വീട്ടിലേയ്ക്കു യാത്രയാകുന്നു. ഒരു കുമ്മായച്ചൂളയിലെ ജോലിക്കാരാണ് മാര്‍ക്കോസും വര്‍ക്കിയും. അവർ തമ്മിൽ വാക്കുതര്‍ക്കവും തുടര്‍ന്ന് അടിപിടിയുമായി. അവസാനം വര്‍ക്കിയുടെ അടിയേറ്റ് മാര്‍ക്കോസ് കുമ്മായച്ചൂളയിൽ വീണു വെന്തുമരിക്കുന്നു. മരിച്ച മാര്‍ക്കോസിന്റെ വീടാണ് രണ്ടാംരംഗത്തിൽ. തീച്ചൂളയിൽ കൊല്ലപ്പെട്ട മാര്‍ക്കോസിന്റെ അവസാനദിനങ്ങളിലെ വേതനവുമായി ശാസ്ത്രി അവിടെ എത്തിയിരിക്കുകയാണ്. മാര്‍ക്കോസിന്റെ ഭാര്യ എറുപ്പക്ക, കിഴവൻ, അവിടെയെത്തുന്ന ചക്കി ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ, ‘ചത്തവൻ ചത്തു ജീവിച്ചിരിക്കുന്നവര്‍ക്കു ജീവിക്കണം’ എന്ന ചിന്തയുടെ പ്രകടനമാണ്. മാര്‍ക്കോസിന്റെ കൂലി കുറഞ്ഞുപോയെന്നു എറുപ്പക്കയുടെ പരാതി. കുടിച്ചു മുടിഞ്ഞതാണ് മാര്‍ക്കോസ്. എന്നാൽ കുടുംബത്ത് നല്ല സഹായവുമുണ്ടായിരുന്ന കൂട്ടുകാരൻ വര്‍ക്കി പ്രതിയായതാണ് അവരെ കൂടുതൽ വിഷമിപ്പിക്കുന്നത്. എറുപ്പക്കയുടെ ജാരനായിരുന്നു വർക്കി. ‘ഒരുത്തൻ ചത്തു മറ്റവൻ കഴുവേലും. കടിച്ചതൂല്ല, പിടിച്ചതൂല്ല, അമ്മേടെ തലേമില്ല’ എന്നു എറുപ്പക്കയുടെ ആവലാതി. ഒരു ശവത്തിനു ചുറ്റും നടക്കുന്ന ബഹളങ്ങളാണിതെല്ലാമെന്നു ഗുരു ശിഷ്യനെ ബോധ്യപ്പെടുത്തുന്നു.
മരിച്ചവനു നീതിലഭിക്കുമോ എന്നതാണു അടുത്തരംഗത്തിലെ വിവാദപ്രശ്‌നം. കൊലപാതകം ചെയ്തവൻ ശിക്ഷിക്കപ്പെടുന്നതിനെ നീതിയെന്നല്ല നിയമമെന്നു തന്നെയാണു ഗുരു വിശേഷിപ്പിക്കുന്നത്. നിയമത്തിനു മരണത്തിൽ താല്‍പര്യമില്ല. കൊലക്കേസിലേ താല്‍പര്യമുള്ളു. കൊന്നവനെ ശിക്ഷിക്കണമെന്നു താല്‍പര്യം. കൊന്നവൻ വീണ്ടും കൊല്ലുമെന്ന ഭയം. അതുകൊണ്ടവനെയും കൊന്നുകളയണമെന്നു നിയമം ശഠിക്കുന്നു. ഒരുത്തന്റെ ജീവന്‍കൂടി എടുത്തതുകൊണ്ടു മരിച്ചവനു യാതൊരു ഗുണവുമില്ല എന്നതാണു ഗുരുവിന്റെ പക്ഷം. തുടര്‍ന്നുള്ള കോടതിരംഗത്തിലൂടെ ഗുരു ഇതു കാണിച്ചുകൊടുക്കുന്നു. പ്രതികള്‍ക്കു പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന സൗകര്യങ്ങളെപ്പറ്റിയാണ് അഞ്ചാംരംഗത്തിലെ പ്രതിപാദ്യം. മരണത്തിന്റെ വകഭേദമാണ് ആത്മഹത്യ. ആത്മഹത്യയും മരണവും ഫലിതമാണെന്നു ഗുരു ആവര്‍ത്തിക്കുന്നു. തുടര്‍ന്നു മരണശിക്ഷയ്‌ക്കെതിരെയുള്ള നിരവധി വാദങ്ങളാണ് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മരണശിക്ഷയുടെ ഉത്ഭവംതന്നെ പ്രതികാരബുദ്ധിയിൽനിന്നാണെന്ന് ഒരിടത്തു പറയുന്നുണ്ട്. കേസ് വിധി പറയുംമുന്‍പെ പ്രതി ഹൃദയതകരാർ മൂലം മരിക്കുന്നു. എന്നിട്ടും വിചാരണ തീരുന്നില്ല. പിന്നെ നടക്കുന്നത് ഗുരു ജഡ്ജിയും, ചക്കി വക്കീലുമായി ഒരു പ്രതിവിചാരണയാണ്. ഇവിടെ യഥാർഥ ജഡ്ജിയും വക്കീലന്മാരും പോലീസുകാരും വിചാരണ ചെയ്യപ്പെടുന്നു. ഒരാളെ തൂക്കിക്കൊല്ലുന്നതിനുള്ള അവരുടെയെല്ലാം വ്യഗ്രതയാണു ഗുരു സൃഷ്ടിക്കുന്ന കോടതിയിൽ വിചാരണ നേരിടുന്നത്. എസ്റ്റാബ്ലിമെന്റിനെ താങ്ങിനിറുത്തുന്ന കോടതി,പോലീസ്, പത്രം എല്ലാം നാടകത്തിൽ വിചാരണ നേരിടുന്നു.
രംഗത്തിന്റെ അവസാനം എല്ലാവരെയും അമ്പരിപ്പിച്ച് ചൂളയിൽ വീണു മരിച്ചുവെന്നു കരുതിയ മാര്‍ക്കോസ് തിരിച്ചുവരുന്നു. വര്‍ക്കിയുടെ അടിയേറ്റ് ചൂളയ്ക്കരികിൽ വീണ മാര്‍ക്കോസ് ഇരുട്ടിന്റെ മറപറ്റി അവിടെനിന്നു രക്ഷപെട്ടു വയനാട്ടിലേക്കു കടന്നതാണത്രെ. വര്‍ക്കി ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം കാരണം ചെയ്തതാണെന്നു ന്യായവും പറയുന്നു. അതോടെ രംഗത്തു പ്രവേശിച്ച ഗുരു അയാളോടും മറ്റുള്ളവരോടും അഭിനയം നിര്‍ത്താൻ പറയുന്നു. നാടകം അതോടെ അവസാനിക്കുകയും ചെയ്യുന്നു.
കാലത്തിനു മുന്നെ സഞ്ചരിച്ച പ്രതിഭയാണു സി.ജെ. മലയാളനാടകവേദിയുടെ രചനയുടെയും സംവേദനത്തിന്റെയും തലത്തിൽ വലിയൊരു കുതിപ്പാണ് സി.ജെ.തോമസിന്റെ എല്ലാ നാടകങ്ങളും. വിശ്വനാടകവേദിയുടെ ചലനങ്ങൾ സൂക്ഷ്മമായറിഞ്ഞ ഒരു പ്രതിഭാശാലിയെ അദ്ദേഹത്തിന്റെ നാടകങ്ങളിലും നാടകലേഖനങ്ങളിലും അടുത്തുകാണാം. അവൻ വീണ്ടും വരുന്നു, 1128 ൽ ക്രൈം 27, ആ മനുഷ്യൻ നീ തന്നെ എന്നീ നാടകങ്ങൾ മലയാളത്തിൽ എക്കാലത്തെയും വിശിഷ്ടനാടകങ്ങൾ തന്നെ. അവ ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി അവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ അവയുടെ തിളക്കം കൂടുമായിരുന്നു. വിശ്വനാടകങ്ങളോടു കിടപിടിക്കുന്ന നാടകങ്ങൾ മറ്റുഭാഷകളിലുള്ളവര്‍ക്കും തിരിച്ചറിയാനവസരം ലഭിക്കുമായിരുന്നു.
ഗുരുശിഷ്യനാടകത്തിനുള്ളിൽ മറ്റൊരന്തര്‍നാടകം സംഘടിപ്പിച്ചതുവഴി രണ്ടു കണ്ണാടിത്തുണ്ടുകൾ കൊണ്ടുണ്ടാകാവുന്ന അനന്തപ്രതിഫലനങ്ങള്‍ക്ക് നാടകത്തിന്റെ രൂപശില്പത്തെ മാത്രമല്ല അതിന്റെ അന്തഃസത്തയെ അഥവാ അന്തഃസത്തയില്ലായ്മയെക്കൂടി വെളിപ്പെടുത്തുവാൻ സാധിക്കുന്നുവെന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (രംഗകലാപഠനങ്ങൾ, സാഹിത്യപ്രവര്‍ത്തക പ്രസാധകസംഘം, 2010).
മരണമെന്ന സമസ്യ
മരണത്തെക്കുറിച്ചുള്ള സംവാദമാണ് നാടകം. ബഹുതലസ്പര്‍ശിയായ മരണമാണ് ഗുരു ശിഷ്യനെ പഠിപ്പിക്കുന്നത്. ഗുരുവിന്റെ ആശയാദര്‍ശങ്ങൾ കഥാപാത്രങ്ങളായി ഒരു തട്ടിലും, ഗുരുവും ശിഷ്യനും മറ്റൊരു തട്ടിലുമായാണ് നാടകം അരങ്ങേറുന്നത്. ശിഷ്യനാകട്ടെ രണ്ടു തട്ടിലും സഞ്ചരിക്കുന്നുണ്ട്. ഗുരുവിന്റെ ശിഷ്യനായും നാടകത്തിലെ പത്രപ്രവര്‍ത്തകനായും യാഥാർഥ്യത്തിന്റെയും ഭാവനയുടെയും രണ്ടു തട്ടുകളാണ് അവയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേസരി ബാലകൃഷ്ണപിള്ളയും സി.ജെ യുമാണ് ഗുരുശിഷ്യന്മാരുടെ മാതൃകയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. താനും സി.ജെയുമാണ് ഗുരുവിനും ശിഷ്യനും പ്രോട്ടോടൈപ്പ് എന്നു അയ്യപ്പപ്പണിക്കർ അവകാശപ്പെട്ടിട്ടുണ്ട്.
ചെറിയൊരു സംഘട്ടനത്തിനൊടുവിൽ ഒരാൾ മറ്റൊരാളുടെ അടിയേറ്റ് കുമ്മായച്ചൂളയിൽ വീണു വെന്തെരിയുന്നു. അങ്ങനെ ഒരു മരണം സംഭവിക്കുന്നു. ആ മരണം അയാളുമായി ബന്ധപ്പെട്ടവരിലും മരണത്തിൽ താല്‍പര്യമുള്ളവരിലുമുണ്ടാക്കുന്ന പ്രതികരണങ്ങളാണ് ഗുരു ശിഷ്യനെ പരിചയപ്പെടുത്തുന്നത്. മരണം ഒരു ഫലിതമാണെന്ന തന്റെ ദര്‍ശനം ഇതിലൂടെ ഗുരു സ്ഥാപിക്കുന്നു. മരണം കൊലപാതകമായതുകൊണ്ട് കോടതി ഇടപെടുന്നു. പ്രതിഭാഗം വക്കീലിനും പ്രോസിക്യൂഷനും താന്താങ്ങളുടെ സാമർഥ്യം പ്രദര്‍ശിപ്പിച്ചു വിജയിക്കാനുള്ള ഒന്നാണ് ഈ കൊലപാതകം. പത്രപ്രവര്‍ത്തകര്‍ക്ക് അതിലെ സെന്‍സേഷണൽ മൂല്യമാണു പ്രധാനം. മരിച്ചയാളുടെ ഭാര്യയ്ക്കാകട്ടെ ഒരു സൊല്ല ഒഴിഞ്ഞുപോയെന്ന ഭാവം. അയാളുടെ അപ്പനോ ആ മരണംകൊണ്ട് എന്തെങ്കിലും പണം കിട്ടുമോ എന്നാണു നോട്ടം. ഇത്തരം ജീവിതസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകാൻ ശിഷ്യനെയും ഒപ്പം പ്രേക്ഷകരെയും അനുവദിക്കുകയും അതിനിടെ യഥാർഥലോകത്തുനിന്നുകൊണ്ട് തന്റെ ചിന്തകൾ ഫലിതരൂപേണ പലപ്പോഴായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
“ഒരു മരണം സംഭവിച്ചു. ശവത്തിന്റെ ചുറ്റും നടക്കുന്ന ബഹളങ്ങളാണ് ഇതെല്ലാം”. “നീ വിചാരിക്കുന്നത് ഒരു മരണം നടന്നുകഴിഞ്ഞാൽപ്പിന്നെ ഭൂമിയുടെ കറക്കം നിന്നുപോകുമെന്നാണ്…. അതൊന്നുമില്ലെടോ കാര്യങ്ങളെല്ലാം പിന്നെയും മുറപോലെ നടക്കും” തുടങ്ങിയ സംഭാഷണങ്ങൾ ഗുരുവിൽനിന്നു പുറപ്പെടുന്നുണ്ട്. കൊലപാതകം കഴിഞ്ഞ് ഒരാൾ മരിക്കുന്നു കൊലപാതകിയെ ശിക്ഷിച്ചു മറ്റൊരാളെക്കൂടി കൊല്ലണോ എന്ന ഗുരുവിന്റെ ചോദ്യം ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയോടാണ്.’
ഡാനിഷ് ദാര്‍ശനികനായ സോറൻ കീര്‍ക്കെഗാഡിന്റെ മരണത്തെക്കുറിച്ചുള്ള തത്ത്വചിന്ത സി.ജെയെ സ്വാധീനിച്ചിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. പിന്നീട് ആധുനിക അസ്തിത്വവാദസാഹിത്യത്തിന്റെ കാലത്താണ് മൃത്യു മുഖ്യപ്രമേയമായി വരുന്നതു. ആല്‍ബേർ കാമു, സാര്‍ത്ര്, സാമുവൽ ബെക്കറ്റ്, ഷെനെ തുടങ്ങി അസ്തിത്വവാദചിന്തയെ അവതരിപ്പിച്ചിരുന്നവരിൽ കീർക്കെഗാഡിന്റെ സ്വാധീനം നിരീക്ഷക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ അസ്തിത്വവാദസാഹിത്യകാരന്മാരുടെമേൽ ചിന്തകന്മാർ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, രണ്ടു പതിറ്റാണ്ടു മുന്നെ സി.ജെ. മരണമെന്ന സമസ്യ നാടകപ്രമേയമാക്കിയിരുന്നുവെന്നതു ശ്രദ്ധേയം.
അലിയനേഷൻ ഇഫക്ട്
രണ്ടു തട്ടിലായാണു നാടകം അരങ്ങേറുന്നതെന്നു ആദ്യമേ സൂചിപ്പിച്ചല്ലൊ. ഇവിടെ അകത്തെ തട്ടിൽ നാടകവും പുറത്തെ തട്ടിൽ നാടകത്തിന്റെ സൂത്രധാരനായ സംവിധായകനും നിലകൊള്ളുന്നു. നാടകകലയുടെ സൂത്രം ധരിച്ചവൻ എന്നോ നാടകത്തെ നിയന്ത്രിക്കുന്ന സൂത്രം (ചരട്) കൈയിലുള്ളവനെന്നോ വ്യാഖ്യാനിക്കാം. ഇന്ത്യൻ നാടകവേദിയിലെ സൂത്രധാരൻ, പാരിപാര്‍ശ്വികൻ, അർഥോപക്ഷേപകങ്ങൾ ഇവയെല്ലാം സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്ന സി.ജെയുടെ ക്രൈം നാടകത്തിന്റെ ആകെ ഘടന പാശ്ചാത്യനാടകവേദിയുടെ വളര്‍ച്ചയുടെ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നുമുണ്ട്. ഇബ്‌സൻ, ബെര്‍നാര്‍ഡ് ഷാ കാലത്തിന്റെ സുഘടിതനാടക സമ്പ്രദായങ്ങളിൽനിന്നു കുതറിച്ചാടിയ പടിഞ്ഞാറൻ നാടകവേദിയിലെ സങ്കേതങ്ങൾ നാടകത്തിൽ കാണാം.
ഇരുപതാംനൂറ്റാണ്ട് ആദ്യപകുതിയിലെ പടിഞ്ഞാറൻ നാടകവേദിയിലെ ആരെല്ലാമാണ് സി.ജെയെ സ്വാധീനിച്ചത് എന്നു കൃത്യമായ സാക്ഷ്യപ്പെടുത്തലുകൾ ലഭിച്ചിട്ടില്ല. ലൂയി പിരാന്തലോയുടെ നാടകകൃത്തിനെത്തേടി ആറുകഥാപാത്രങ്ങളിലെ നാടകരീതിയോ ബെര്‍തോള്‍ട് ബ്രെഹ്തിന്റെ അന്യവത്കരണരീതിയോ സി.ജെയ്ക്ക് പരിചിതമായിരുന്നു എന്നു ഖണ്ഡിതമായി പറയാൻ കഴിഞ്ഞിട്ടുമില്ല. എന്നാൽ ക്രൈം നാടകത്തിലാകട്ടെ, അലിയനേഷൻ ഇഫക്ടിനു സമാനമായ സങ്കേതങ്ങൾ കാണാം. ഇവിടെ ഒരു നാടകം നടക്കുകയാണെന്നും അതിന്റെ ‘വൈകാരികതയിൽ മുക്കികൊല്ലല്ല ചിലതെല്ലാം നിങ്ങളെ പഠിപ്പിക്കുകയാണു ലക്ഷ്യമെന്നും സി.ജെ. ധ്വനിപ്പിക്കുന്നുണ്ട്.
പ്രവേശികയുടെ വിവരണം “വാദ്യസംഗീതത്തിന്റെ ഉച്ചകോടിയിൽ പെട്ടെന്നു കര്‍ട്ടനുയരുന്നു. സംഗീതം നിലയ്ക്കുന്നു. രംഗത്തിന്റെ മുന്‍ഭാഗത്ത് വെള്ളത്താടിയുള്ള ഒരു വൃദ്ധൻ-ഗുരു-ചാരുകസേരയിൽക്കിടന്ന് പൈപ്പ് കൊളുത്താൻ ഭാവിക്കയാണ്. അപ്രതീക്ഷിതമായി കര്‍ട്ടനുയരുന്നതുകണ്ട് അമ്പരന്ന് പിടഞ്ഞെണീറ്റ് ചുറ്റും നോക്കുന്നു. ആരെയും കാണാത്തതുകൊണ്ട് ക്ഷോഭിച്ച് അകത്തേയ്ക്കു തിരിയുന്നു “മാത്രവുമല്ല എപ്പോഴാണു നാടകം തുടങ്ങേണ്ടതെന്നു താൻ നിശ്ചയിക്കുമെന്നു സ്റ്റേജ് മാനേജരെ അറിയിക്കുകയും ചെയ്യുന്നു. തന്നെ കാണാനെത്തിയ ശിഷ്യനെ പിന്നരങ്ങിലേക്കു പറഞ്ഞയക്കുന്നതോടെ ഗുരുവിന്റെ നാടകം തുടങ്ങുന്നു. മൂന്നാം രംഗത്തിലാകട്ടെ കഥാപാത്രങ്ങളെല്ലാം തന്റെ പാവകാളെന്നു ഗുരു പ്രഖ്യാപിക്കുന്നു. ഇടയ്ക്ക് രംഗത്തിൽ ഗുരു ഇടപെടുകയും ചെയ്യുന്നുണ്ട്. പത്താം രംഗത്തിൽ ഗുരുവിനെക്കണ്ട് സർക്കാർ വക്കീൽ വന്നു വന്ദിക്കുന്നു. കഥാപാത്രങ്ങളിങ്ങനെ കറങ്ങി നടന്നാലെങ്ങനെയെന്നു ഗുരു.
വേദിയിൽ നടക്കുന്നത് നാടകമാണെന്ന് സദാ ഓർമ്മിപ്പിക്കുന്ന എപ്പിക് തിയേറ്ററിന്റെ രീതിയാണ് ഇവയെല്ലാം. എപിക് തിയേറ്ററിന്റെ ഉപജ്ഞാതാക്കളായ ഇർവിൻ പിസ്കേറ്ററും ബെർതോൾട്ട് ബ്രഹ്തുമൊക്കെ കേരളത്തിൽ അറിയപ്പെടുന്നത് പതിറ്റാണ്ടുകൾക്കു ശേഷമാണ്. ഇവരെ സി.ജെ. മനസ്സിലാക്കിയിരുന്നോ എന്നത് അജ്ഞാതവുമാണ്.
നൂതനസങ്കേതങ്ങൾ നാടകവേദിയിൽ അവതരിപ്പിക്കാൻ തക്ക പ്രാപ്തിയുള്ള പ്രതിഭാശാലിയായ ഒരു നാടകകൃത്ത് എന്ന പേരിൽ സി.ജെ. തോമസ് കേരളത്തിൽ ജീവിച്ചിരുന്നുവെന്നു വിചാരിക്കാനാണ് ഇഷ്ടം.