മാഫിയകൾക്കുവേണ്ടി ഭരണയന്ത്രം ചലിപ്പിക്കുന്നവർ – മാധവ് ഗാഡ്ഗിൽ /സജി എബ്രഹാം

മാഫിയകൾക്കുവേണ്ടി ഭരണയന്ത്രം ചലിപ്പിക്കുന്നവർ – മാധവ് ഗാഡ്ഗിൽ /സജി എബ്രഹാം

ഇന്ത്യയുടെ അത്യപൂർവമായ ജൈവവൈവിധ്യത്തിനുവേണ്ടിയും അപല്‍ക്കരമാംവിധം തകര്‍ച്ചയിലേക്കുവീഴുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായും നിര്‍വ്യാജമായ പാരിസ്ഥിതിക നിലപാടുകളുള്ള വാക്കുകളാണ് മാധവ് ഗാഡ്ഗിൽ പറഞ്ഞതും എഴുതിയതും. ശാസ്ത്രീയപഠനത്തെയും ജനകീയപങ്കാളിത്തത്തെയും അദ്ദേഹം തന്റെ പാരിസ്ഥിതികചിന്തകളുടെ  കേന്ദ്രമാക്കി, നിർണായകവും ജനാധിപത്യപരവുമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. ഗാഡ്ഗിലിന്റെ വാക്കുകളോട് ആർക്കും വിയോജിക്കാം. ജനാധിപത്യപരമായ രീതിയിൽ വിമർശിക്കാം. പക്ഷേ, അത് പൂർണമായും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചും, താരതമ്യേന ദുരന്തരഹിതമേഖലയാണെന്ന് കരുതിയിരുന്ന കേരളത്തിലെ വയനാട് പോലുള്ള മലയോരപ്രദേശങ്ങൾ അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ. പൂണെ പഞ്ചവടിയിലെ ശാന്തസുന്ദരവും ഹരിതാഭവുമായ വേതാള്‍കുന്നുകളുടെ താഴ്‌വാരത്തിലെ സ്പ്രിങ് ഫ്‌ളവർ ഭവനസമുച്ചയത്തിലെ  പുസ്തകനിബിഢമായ ടെറസ് ഫ്‌ളാറ്റിലിരുന്ന് മാധവ് ഗാഡ്ഗിൽ ‘എഴുത്ത്’ മാസികയോട് സംസാരിക്കുന്നു.     പ്രകൃതിക്ക് അഭികാമ്യമല്ലാത്ത മനുഷ്യ ഇടപെടലുകൾ ഒഴിവാക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. വയനാട് തുരങ്കപാത നിർമ്മാണം,  ചൂരൽമല ഉരുൾപൊട്ടൽ, ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ജനകീയപങ്കാളിത്തം, ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ഗാഡ്ഗിൽ സംസാരിക്കുന്നത്. യുദ്ധം, മണിപ്പുർ സംഘർഷം, സൈലന്റ്‌വാലി  പദ്ധതി,  ജനാധിപത്യം, ആത്മീയാനുഭവം – മാധവ് ഗാഡ്ഗിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നു. മനുഷ്യ – പരിസ്ഥിതി സൗഹൃദമല്ലാത്ത എല്ലാറ്റിനോടും രൂക്ഷമായി പ്രതികരിക്കുന്നു.  പ്രകൃതിവിഭവങ്ങളുടെയും മണ്ണിന്റെയും യഥാർഥ അവകാശികളായ സാധാരണജനങ്ങളുടെയും ആ ജനങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമായ മറ്റിതര ചരാചരങ്ങളുടെയും പക്ഷത്തുനിന്നുകൊണ്ടാണ് ഈ സംഭാഷണം.


യുദ്ധത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് തുടങ്ങാം. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുമ്പോൾ, പരിസ്ഥിതിയെയും നമ്മുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ബാധിക്കുന്ന ഒരു ഹൈടെക് യുദ്ധസാധ്യത സംജാതമായിരിക്കുകയാണ്. ഈ യുദ്ധഭീഷണിയെ താങ്കൾ എങ്ങനെ കാണുന്നു? ഇത്തരം യുദ്ധങ്ങള്‍ നമ്മുടെ പ്രകൃതിക്കുവരുത്തുന്ന നാശം എത്ര ആഴമുള്ളതാണ്?


യുദ്ധങ്ങൾ, ഹൈടെക് ആയാലും മറ്റെന്തെങ്കിലുമായാലും, അതു ധാരാളം വിഭവങ്ങളും ഊർജവും വിനിയോഗിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്.  കൂടാതെ, അതുണ്ടാക്കുന്ന നാശം ഭീകരമാണ്. ഉദാഹരണത്തിന്, ഇറാഖ് നമുക്കു മുന്നിലുണ്ട്. ഇറാഖിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന വാദങ്ങളായിരുന്നു ആ രാജ്യത്തെ ആക്രമിക്കുന്നതിന് കാരണമായി ഉയർത്തിപ്പിടിച്ചത്. എന്നാൽ, പിന്നീട് ഇത് തെറ്റാണെന്നു തെളിയിക്കപ്പെട്ടു. എന്നിരുന്നാലും, ബ്രിട്ടനും അമേരിക്കയും ഈ അവകാശവാദങ്ങൾ മുറുകെപ്പിടിച്ചു. ഐക്യരാഷ്ട്രസഭയാകട്ടെ, ഈ പ്രബലരാഷ്ട്രങ്ങളുടെ ഇംഗിതത്തിനു വഴങ്ങിക്കൊണ്ട് ഇറാഖിന്റെ എണ്ണ സ്രോതസ്സുകളുടെ നാശത്തിനു കൂട്ടുനിന്നു. ഈ പ്രവൃത്തി ലോകത്തെ വിഭവദൗർലഭ്യം വർധിപ്പിക്കുക മാത്രമല്ല ഭാവിയിലെ സംഘർഷങ്ങൾക്ക് അപകടകരമായ ഒരു മാതൃകകൂടി സൃഷ്ടിക്കുകയും ചെയ്തു.ഇപ്പോൾ, ഇറാന്റെ എണ്ണ സ്രോതസ്സുകൾക്കുനേരേ ഭീഷണികൾ ഉയരുന്നുണ്ട്. യുദ്ധങ്ങൾ ഭൂമിയിലെ വിഭവങ്ങളുടെ വൻതോതിലുള്ള നാശത്തിനു കാരണമാകുമെന്നതിൽ തര്‍ക്കമൊന്നുമില്ല.


ആഗോളതലത്തിൽ ഇപ്പോൾ നാം സാക്ഷ്യംവഹിക്കുന്ന തീവ്ര കാലാവസ്ഥാവ്യതിയാനങ്ങൾക്ക്  സമ്പന്നരാജ്യങ്ങൾ കൈക്കൊള്ളുന്ന വികസനസംരംഭങ്ങളാണ് മുഖ്യകാരണമെന്നു വിശ്വസിക്കുന്നുണ്ടോ?


“വികസനം” എന്ന പദം ഫലത്തിൽ ഇന്ന് അർത്ഥശൂന്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും സമ്പന്ന രാഷ്ട്രങ്ങളുടെ “വികസന സംരംഭങ്ങൾ” എന്നു വിളിക്കപ്പെടുന്നവയെ പരിഗണിക്കുമ്പോൾ. അമേരിക്ക അതിന്റെ വിഭവങ്ങൾ എന്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്? അവർ ആയുധവികസനത്തിൽ വലിയ നിക്ഷേപം നടത്തുന്നു. സൗന്ദര്യവർധക വസ്തുക്കളും കൊക്കകോള പോലുള്ള ഉൽപന്നങ്ങളും നിർമ്മിക്കുന്നതിന് ഗണ്യമായ അളവിൽ വിഭവങ്ങൾ ചെലവഴിക്കുന്നു.


പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോളയുടെ പ്ലാന്റുമായി ബന്ധപ്പെട്ട വിവാദം നിങ്ങൾക്ക് ഓര്‍മയുണ്ടായിരിക്കുമല്ലോ? ഈ ഫാക്ടറി ആ പ്രദേശത്തെ ജലം മലിനമാക്കുക മാത്രമല്ല ചെയ്തത്, ഭൂഗർഭജലത്തിന്റെ അമിതചൂഷണവും നടത്തിയിരുന്നു. ഇത് ആ ഗ്രാമത്തിന്റെ പരിസ്ഥിതിയെ സാരമായി ബാധിച്ചു. ഇതിനെയാണ് നിങ്ങൾ ‘വികസനം’ എന്നു വിളിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ അമിതോപഭോഗവും പാഴാക്കുന്ന, വലിച്ചെറിയുന്ന സമ്പദ്‌വ്യവസ്ഥയെ (throw away economy) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവയുമാണ് ഇത്തരം  സംരംഭങ്ങൾ. പല വ്യാവസായികരാജ്യങ്ങളും ഈ പാതയാണ് പിന്തുടരുന്നത്. എന്നാൽ, അമേരിക്കയാണ് ഇതിൽ ഒന്നാം പ്രതി.


താരതമ്യേന ദുരന്തരഹിതമേഖല എന്നതിൽനിന്നു ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പോലുള്ള  പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന അവസ്ഥയിലേക്കുള്ള കേരളത്തിന്റെ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു? കാലാവസ്ഥാവ്യതിയാനം ഇതിന് എത്രത്തോളം കാരണമാകുന്നുണ്ട്?


മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ പോലുള്ളവയിൽ ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പങ്ക് താരതമ്യേന ചെറുതാണ്. വർഷങ്ങളായി അവിടെ നടക്കുന്ന അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ്  ഈ ദുരന്തത്തിന്റെ പ്രധാന കാരണം. 2011-ല്‍ ഞാൻ സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്‍ട്ടിൽ ഇപ്പോൾ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുണ്ടായിരുന്നു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,  മേപ്പാടി എന്നീ മേഖലകള്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളിൽ ഉള്‍പ്പെട്ടിരുന്നു. അത്തരം പ്രദേശങ്ങളിൽ ഒരിക്കലും നടത്താൻ പാടില്ലാത്ത നിരവധി പ്രവർത്തനങ്ങൾ  അവിടെ ചെയ്യുന്നുണ്ടെന്നു ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.


ഇത്തരം ഉരുൾപൊട്ടലിനു കാരണമായ ഘടകങ്ങളെ ശാസ്ത്രീയമായി പുനർവിലയിരുത്താനും പരിഹരിക്കാനും എന്തെല്ലാം നടപടികൾ സ്വീകരിക്കണം ?


എന്തു പുനർവിലയിരുത്തലിനെക്കുറിച്ചാണ് (Re-assessment) നാം സംസാരിക്കുന്നത്?  എന്റെ അറിവിൽ, ലഭ്യമായ ഏറ്റവും സമഗ്രവും പ്രസക്തവുമായ വിലയിരുത്തലായി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. പുനർനിർണയത്തിന്റെ ആവശ്യമില്ല; മറിച്ച്, ആ റിപ്പോർട്ടിലെ ശുപാർശകൾ കൃത്യമായി നടപ്പാക്കുകയാണു വേണ്ടത്. അതിനുള്ള ഇച്ഛാശക്തി കാണിക്കുക.


പല പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ലാൻഡ്‌സ്‌ലൈഡ് ഇൻവെന്ററി മാപ്പ് നിര്‍മ്മിക്കാൻ നിർദേശിച്ചിട്ടുണ്ട്. അത്തരം ഭൂപടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഭാവിയിലെ ദുരന്തങ്ങൾ തടയുന്നതിന് അവ എത്രത്തോളം സഹായകരമാകുമെന്നു വിശദീകരിക്കാമോ?


ഒരു നല്ല ഡാറ്റാബേസ്, പ്രത്യേകിച്ച് സ്ഥലസംബന്ധിയായ ഒന്ന്, തീർച്ചയായും നിർണായകമാണ്. അപ്പോള്‍ ഉയരുന്ന ചോദ്യം ഏതു ഡാറ്റയാണ് അടിസ്ഥാനമാക്കേണ്ടത് എന്നാവും. സർക്കാർ കണക്കുകൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, മൂന്നു വർഷം മുമ്പ് കൂട്ടിക്കലിലുണ്ടായ വിനാശകരമായ ഉരുൾപൊട്ടലിനുശേഷം, ആ പ്രദേശത്ത് മൂന്നു കരിങ്കല്‍ ക്വാറികൾ മാത്രമേയുള്ളൂവെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഗൂഗിൾ എർത്തിൽനിന്നുള്ള ഉപഗ്രഹചിത്രങ്ങൾ യഥാർഥത്തിൽ പതിമൂന്ന് ക്വാറികൾ ഉണ്ടെന്ന് കാണിച്ചുതന്നു.


 സർക്കാരുകൾ പലപ്പോഴും മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഡാറ്റ നൽകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ, വിവരങ്ങളുടെ ഇതര ഉറവിടങ്ങൾ വളരെ നിർണായകമാണ്. സ്വതന്ത്ര സാങ്കേതികവിദഗ്ധർ പരിശോധിച്ചുറപ്പിച്ച ഉപഗ്രഹചിത്രങ്ങൾ ഒരു സാധ്യതയാണ്. കോര്‍പ്പറേറ്റ് താൽപര്യങ്ങളും സര്‍ക്കാർ വിധേയത്വവുമുള്ള   ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളെക്കാൾ  കൃത്യമായി വസ്തുതകൾ റിപ്പോർട്ടുചെയ്യുന്ന പ്രാദേശിക ഭാഷാപത്രങ്ങളും ടെലിവിഷൻ ചാനലുകളും വിവരസമാഹരണത്തിന് നമുക്ക് ആശ്രയിക്കാവുന്നതാണ്. എന്നിരുന്നാലും, 2002-ലെ ബയളോജിക്കൽ ഡൈവേഴ്‌സിറ്റി ആക്‌റ്റ് അനുശാസിക്കുന്നപോലെ ജനകീയമായ  ജൈവവൈവിധ്യ മാനേജ്‌മെന്റ്കമ്മിറ്റികളുടെ മേൽനോട്ടത്തിൽ  ജൈവവൈവിധ്യ രജിസ്റ്ററുകൾ സത്യസന്ധമായി തയ്യാറാക്കുന്നതാണ് ഏറ്റവും നല്ല സമീപനം.


ഉദാഹരണത്തിന്, ചെറിയ സംസ്ഥാനമായ ഗോവയിലെ ഒരനുഭവം പറയാം.  അവിടത്തെ  ജൈവവൈവിധ്യ ബോർഡിന്റെ സെക്രട്ടറി വനംവകുപ്പിൽനിന്നുള്ള ആളല്ലായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിവിധ ഗ്രാമസഭകളിൽ നല്ല ജൈവവൈവിധ്യ രജിസ്റ്ററുകൾ നിര്‍മ്മിച്ചിട്ടുണ്ട്. കേരളത്തിലെ കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലും സമാനമായ രീതിയിൽ  സമീപത്തെ കുന്നിലെ പാറഖനനത്തിന്റെ ദൂഷ്യഫലങ്ങൾ വ്യക്തമാക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്. ആ പ്രദേശത്തുതന്നെയുള്ള അറിവും  സാങ്കേതികജ്ഞാനമുള്ളവരുടെ സഹായവും വിവരസമാഹരണത്തിന്  ലഭിച്ചിരുന്നു. വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ള കേരളത്തില്‍ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടൊന്നും കാണില്ല. കേരള ജൈവവൈവിധ്യ ബോര്‍ഡ്‌ പ്രസ്തുത റിപ്പോര്‍ട്ട്  വസ്തുതാപരമാണെന്നു സാക്ഷ്യപ്പെടുത്തുകയുണ്ടായി. 2010 – ലോ മറ്റോ ആണ് ഹൈക്കോടതി  ക്വാറി നിർത്തണമെന്ന വിധി പുറപ്പെടുവിച്ചത്. സ്വാഭാവികമായും പാറമട ലോബി അതിനെതിരെ തിരിഞ്ഞു. വനംവകുപ്പിലെ ചിലരുടെ ഒത്താശയോടെ, കടനാട് പഞ്ചായത്ത് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുമെന്ന ഭീഷണി അവർ ഉയർത്തി കൊണ്ടുവന്നു. സാധാരണജനങ്ങൾക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെടുമെന്ന ഭയംമൂലം അവസാനം ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (PBR)  പിന്‍വലിക്കേണ്ടിവന്നു. ഇന്ത്യയിൽ സര്‍വത്ര അഴിമതിയുണ്ടെങ്കിലും എന്റെ അനുഭവത്തിൽ ഏറ്റവും അഴിമതി നിറഞ്ഞ സംവിധാനം വനംവകുപ്പാണ്. അവര്‍ക്ക് ചില നഗരപരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്താശയും ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുവഴികൾ നമ്മൾ ആരായേണ്ടിയിരിക്കുന്നു.   ജനാധിപത്യ ഇന്ത്യയിൽ ഇത്തരം സംരംഭങ്ങൾക്ക് ഗവൺമെന്റിന്റെ പിന്തുണയുണ്ടെങ്കിൽ സമഗ്രവും വിശ്വസനീയവുമായ ഡാറ്റ ബാങ്ക് നിർമിക്കാൻ നമുക്ക് കഴിയും.


ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കേരളത്തിന് എങ്ങനെ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ മെച്ചപ്പെടുത്താനാകും?


പ്രകൃതിക്ക് അഭികാമ്യമല്ലാത്ത ഇടപെടലുകൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം.ആദ്യം ചെയ്യേണ്ടത് ഇതാണ്. സർക്കാർ ഒരുവശത്ത് പശ്ചിമഘട്ടത്തിന്റെ ഘടനയെ ദുർബലപ്പെടുത്തുന്ന, ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന, തുരങ്കപാത പോലുള്ള പ്രവർത്തനങ്ങളിൽ  ഏർപ്പെടുകയാണ്. അതോടൊപ്പമാണ് അവർ പ്രകൃതിക്ഷോഭം തടയാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും മുന്നറിയിപ്പുകളെക്കുറിച്ചും സംസാരിക്കുന്നത്.  ഇത് തീര്‍ത്തും  അസംബന്ധമാണ്. ഇത്തരം അനഭിലഷണീയമായ വികസനപ്രവര്‍ത്തനങ്ങളാണ് നാം അവസാനിപ്പിക്കേണ്ടത്.


ദുരന്തസാധ്യത കുറയ്ക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം എത്രത്തോളം പ്രധാനമാണ്? ദുരന്തസാധ്യതാ ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ ജനകീയ സമിതികൾക്ക് എങ്ങനെ ഇടപെടാൻ കഴിയും?


സമൂഹപങ്കാളിത്തം വളരെ നിർണായകമാണ്. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ, പ്രാദേശിക സമൂഹങ്ങൾ ഉൾപ്പെട്ടാൽ എന്തു നേടാനാകുമെന്നു കടനാടിന്റെ ഉദാഹരണം കാണിക്കുന്നു. സർക്കാരിന്റെ ശരിയായ പിന്തുണയോടെ ജൈവവൈവിധ്യ രജിസ്റ്ററുകളും ദുരന്തസാധ്യതാ ഭൂപടങ്ങളും തയ്യാറാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ ഗ്രാമസഭാതലത്തിൽ അധികാരം നൽകണം. പ്രാദേശിക ജനകീയസമിതികളുടെ പങ്കാളിത്തം ഡാറ്റ കൃത്യവും പ്രസക്തവുമാണെന്ന് ഉറപ്പാക്കുന്നു. അപകടസാധ്യതകളെക്കുറിച്ചും ആവശ്യമായ മുൻകരുതലുകളെക്കുറിച്ചും അവബോധം വളർത്താനും ഇതു സഹായകമാണ്.

ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂട് (Sendai Framework ) ശുപാർശ ചെയ്യുന്നതുപോലെ, കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രാദേശിക ഭരണസംവിധാനങ്ങളും സ്വകാര്യമേഖലയും എന്തു പങ്കാണ് വഹിക്കേണ്ടത്?


സെൻഡായി ചട്ടക്കൂടിന്റെയും സമാനനയങ്ങളുടെയും പ്രത്യേകതകൾ എനിക്കത്ര പരിചിതമല്ല. എന്നാൽ, ഫലപ്രദമായ ആസൂത്രണത്തിൽ പങ്കാളികളാകാൻ തദ്ദേശസ്ഥാപനങ്ങളെ ശക്തീകരിക്കുന്ന ദീർഘകാല പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഉദാഹരണത്തിന്, 1995-96 കാലഘട്ടത്തിൽ നമുക്ക് ജനകീയാസൂത്രണ ക്യാമ്പയിൻ ഉണ്ടായിരുന്നു. അതൊരു സുപ്രധാന സംരംഭമായിരുന്നു. എം.കെ.പ്രസാദിനെയും എം.പി.പരമേശ്വരനെയും പോലെയുള്ള നല്ല സുഹൃത്തുക്കൾ ഈ ശ്രമത്തിൽ പങ്കാളികളായിരുന്നു. സങ്കടകരമെന്നു പറയട്ടെ, എം.കെ.പ്രസാദ് ഇപ്പോൾ നമ്മോടൊപ്പമില്ല.  പരമേശ്വരൻ ഇപ്പോഴും സജീവമാണ്.


അത്തരത്തിലുള്ള മുന്നേറ്റമാണ്  ഇന്നു നാം വീണ്ടെടുക്കേണ്ട പാരമ്പര്യം. ജൈവവൈവിധ്യ നിയമം പോലെയുള്ള ചട്ടക്കൂടുകൾ ഇപ്പോൾ നിലവിലുണ്ട്. ദുരന്തനിവാരണത്തിൽ പ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് അർഥവത്തായ പങ്കുവഹിക്കാനാകും. നിർഭാഗ്യവശാൽ, സ്വകാര്യമേഖല, നിലവിൽ പ്രവർത്തിക്കുന്നതുപോലെയാണെങ്കിൽ ആശാവഹമല്ല കാര്യങ്ങൾ. പലപ്പോഴും അവർ ഒരു ഉൽപന്നത്തിന്റെ നിർമ്മാണവും ഉപയോഗവും മൂലമുണ്ടാകുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകൾ വഹിക്കാൻ ബാധ്യസ്ഥരല്ല.


ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ മാവൂർ റയോൺസിന്റെ പ്രമാദമായ കേസുണ്ട്. വേണ്ട മലിനീകരണ നിയന്ത്രണ നടപടികളൊന്നും അവർ സ്വീകരിച്ചില്ല. എന്തുകൊണ്ട്? കാരണം അതവർക്ക് ചെലവ് വർധിപ്പിക്കും. നിയന്ത്രണങ്ങൾ ശരിയായി നടപ്പിലാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നതിനാലാണ് ഇത്തരത്തിലുള്ള നിരുത്തരവാദപരമായ കാര്യങ്ങൾ സംഭവിക്കുന്നത്. ശക്തമായ ഭരണം നമുക്കുണ്ടായിരുന്നെങ്കിൽ, സ്വകാര്യമേഖലയെ അച്ചടക്കത്തോടെ നിയന്ത്രിക്കാനും ഇതുമൂലം പൊതുഖജനാവിനുണ്ടാകുന്ന നഷ്ടം  തടയാനും കഴിയുമായിരുന്നു. കഴിവുള്ള ഒരു ഭരണകൂടത്തിനു കീഴിൽ ഇത് പൂർണ്ണമായും സാധ്യമാണ്.


ജർമൻ ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ ജോലി ചെയ്യുന്ന പൂണെയിൽ സ്ഥിരതാമസമാക്കിയ റെയ്നർ ജോറിക് എന്ന ജർമൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. ജർമനിയിലെ ഗ്രീൻ പാർട്ടിയുടെ കടുത്ത ആരാധകനാണ് അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തോടുള്ള പാർട്ടിയുടെ പ്രതിബദ്ധതയെക്കുറിച്ചും കർശനമായ മാർഗനിർദേശങ്ങളിലൂടെയും നടപ്പാക്കലിലൂടെയും വ്യാവസായിക മലിനീകരണം നിയന്ത്രിക്കാനുള്ള അവരുടെ ശ്രമങ്ങളെക്കുറിച്ചും റെയ്നർ പലപ്പോഴും സംസാരിക്കാറുണ്ട്. ജർമനിയിൽ, വ്യവസായങ്ങൾ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഗ്രീൻ പാർട്ടി ഉറപ്പാക്കുന്നു. ഈ വ്യവസായങ്ങൾ കർശനമായ മാർഗനിർദേശങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്, മലിനീകരണം അനുവദനീയമായ അളവിൽ കവിയാൻ പാടില്ല.


പക്ഷേ, അതേ കമ്പനികൾ, ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ, പ്രാദേശിക കമ്പനികളുമായി സഹകരിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ പരിസരം മലിനമാക്കുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഞെട്ടിക്കുന്നതായിരുന്നു കമ്പനി അധികൃതരുടെ മറുപടി. മലിനീകരണ നിയന്ത്രണങ്ങൾ കാരണം ജർമനിയിൽ ലാഭവിഹിതം 40-50% മാത്രമാകുമ്പോൾ, ഫലത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്ത ഇന്ത്യയിൽ, അവർക്ക് 500-600% ലാഭമുണ്ടാക്കാൻ കഴിയുമത്രേ. അവരുടെ യുക്തി ലളിതമാണ്: ഇന്ത്യ മലിനീകരണത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെങ്കിൽ, അവർ എന്തിനത് ചെയ്യണം? ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന, നിയമങ്ങൾ കൃത്യമായി അനുസരിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയെ ഇത് എടുത്തുകാണിക്കുന്നു.


73,74 ഭരണഘടനാ ഭേദഗതികൾ അധികാരവികേന്ദ്രീകരണത്തിലും പ്രാദേശികസർക്കാരുകളെ ശക്തീകരിക്കുന്നതിലും നിർണായകമായിരുന്നു. ഈ ഭേദഗതികൾ ഭാഗികമായി കേരളത്തിന്റെ ജനകീയാസൂത്രണ യജ്ഞത്തിന് തിരികൊളുത്തി. അതു പങ്കാളിത്തഭരണത്തിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റമായിരുന്നു. കൂടാതെ, 2002-ലെ ബയളോജിക്കൽ ഡൈവേഴ്‌സിറ്റി ആക്റ്റ് ഈ അടിത്തറയിൽ നിർമ്മിച്ചതാണ്. ജൈവവൈവിധ്യ പരിപാലനത്തിൽ കൂടുതൽ സജീവമായ പങ്കുവഹിക്കാൻ തദ്ദേശസ്ഥാപനങ്ങളെ ഇത് പ്രാപ്തമാക്കുന്നുണ്ട്.


ഗ്രാമപഞ്ചായത്തുകൾ പ്രാദേശിക വിഭവങ്ങൾ കൈകാര്യംചെയ്യുന്നതിലും വികസനം ആസൂത്രണം ചെയ്യുന്നതിലും മുൻപന്തിയിലായിരിക്കണം. തീരുമാനങ്ങൾ മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നതിനു പകരം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.