ഭാവിയുടെ  അന്ധസാധ്യതകൾ – പ്രേംചന്ദ്

ഭാവിയുടെ  അന്ധസാധ്യതകൾ   – പ്രേംചന്ദ്

35 വർഷത്തെ  മാധ്യമജീവിതത്തിൽ ഭാവിക്കൊപ്പം  പണിയെടുക്കാനിടയായ മാതൃഭൂമി   ഇന്റർനെറ്റ് എഡിഷന്റെ പിറവിയുടെ   അനുഭവങ്ങളെ മുൻനിറുത്തി മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള    ചില ചിന്തകള്‍.  


“നമ്മൾ  കാത്തിരിക്കുന്നതല്ല, നാം നിർമ്മിക്കുന്നതാണ് ഭാവി” എന്നു കാട്ടിത്തന്ന  ആപ്പിൾ മുൻ സി.ഇ.ഒ. സ്റ്റീവ് ജോബ്സിനെ ഓർത്ത്  ഇപ്പോഴത്തെ സി.ഇ.ഒ. ടിം കുക്ക്  “എക്സി”ൽ കുറിച്ചിട്ട വാക്കുകൾ  സാമൂഹികമാധ്യമങ്ങളിൽ ഈയിടെ  ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2024 ഒക്ടോബർ 5-ന് സ്റ്റീവ് ജോബ്സിന്റെ പതിമൂന്നാം ചരമദിനത്തിനായിരുന്നു ഈ കുറിപ്പ്. നാം എങ്ങനെ പണിയെടുക്കണമെന്നും സ്വപ്നം കാണണമെന്നും തീരുമാനിക്കുന്ന സാങ്കേതികശക്തികളിൽ ഒന്നാണ് ആപ്പിൾ. ലോകം ഇത്തരം വാതിലുകൾക്ക് (Windows) അകത്തും പുറത്തുമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നാമെവിടെയാണ് നിൽക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി. എന്തുതരം ഭാവിയാണ് നാം നമുക്കായി നിർമ്മിച്ചുകൊണ്ടിരിക്കുന്നത് ? 


ഭാവിയുടെ  അന്ധസാധ്യതൾ  ഇരുളും വെളിച്ചവുംപോലും ഓരോനിമിഷവും   നമ്മുടെ വർത്തമാനത്തിനൊപ്പണ്ട്. ഓരോ തിരഞ്ഞെടുപ്പും അതിനെ രൂപപ്പെടുത്തുന്നു. നമുക്കറിയില്ല ഇത്  എന്തെല്ലാമായിരിക്കുമെന്ന്. യാദൃച്ഛികതയും അനിവാര്യതയും ചേർന്നുനടത്തുന്ന   സങ്കീർണ്ണമായ ഒരു കളി ഇതിൽക്കാണാം. ഇതിനൊക്കെ പുറമെയാണ്  നമ്മുടെയൊന്നും  നിയന്ത്രണത്തിലല്ലാത്ത പ്രളയങ്ങളും  മഹാമാരികളും  യുദ്ധങ്ങളും   തീർക്കുന്ന ദുരന്തങ്ങൾ. അതുകൊണ്ട് മാധ്യമങ്ങളുടെ ഭാവിയെക്കുറിച്ചുള്ള   ചിന്തകള്‍  ഭാവിയെ കൂടുതൽ  ചിരിപ്പിക്കും. കാരണം, ആ ഭാവി ഇപ്പോൾ വർത്തമാനത്തിൽ പണിയെടുക്കുന്നുണ്ട്.


ഇന്റർനെറ്റ് 


“ഇന്റർനെറ്റ് ഒരു വേലിയേറ്റമാണ്. അതു നിയമങ്ങൾ മാറ്റുന്നു.” – ബിൽ ഗേറ്റ്സ്, സി.ഇ.ഒ. മൈക്രോസോഫ്റ്റ് , 1995 മെയ് 26.


ഇന്റർനെറ്റ് ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ഇന്നു നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. നെറ്റ് നിശ്ചലമാകുന്നത്  വിദ്യുച്ഛക്തി നിലയ്ക്കുന്നതുപോലെയോ ശ്വാസം നിലയ്ക്കുന്നതുപോലെയോ ആണ്. എന്നാൽ, അങ്ങനെയൊരുകാലം  രൂപംകൊണ്ടിട്ട് അത്രയധികം കാലമൊന്നുമായിട്ടില്ല. 1995 ആഗസ്റ്റ് 15- നാണ് ആ  വിപ്ലവം  ഇന്ത്യൻ ജനതയിലേക്ക്  എത്തുന്നത്.  2025 ആഗസ്ത് 15-ന് അതിന്  30 വയസ്സാകും.


ഇന്റർനെറ്റ് എത്തുന്നതിന്  ഒന്നോ ഒന്നരയോ വർഷം മുമ്പ്, 1993 ഒടുവിലോ 94 ആദ്യമോ,   അന്ന് ടാറ്റയുടെ ഇന്റർനെറ്റ് ഇംപ്ലിമെന്റേഷൻ ഡിവിഷൻ ആയ ടാറ്റ ഇലക്സി (Tata Elxsi ) എന്ന കോർപ്പറേറ്റ് കമ്പനിയുടെ  മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയ എ.ആർ.ഉണ്ണികൃഷ്ണനിൽനിന്നാണ് ഭാവിയെ അട്ടിമറിക്കാൻ ശേഷിയുള്ള ഇന്റർനെറ്റ് എന്ന സാങ്കേതിക വിസ്മയത്തെക്കുറിച്ച് കേൾക്കുന്നത്. എന്റെ ജീവിതപങ്കാളിയുടെ അമ്മാവന്റെ മകനായിരുന്നു ഉണ്ണി. കമ്പനിയുടെ ദക്ഷിണേന്ത്യയിലെതന്നെ ആദ്യ തലമുറ ഇന്റർനെറ്റ് പ്രചാരകരിൽ ഒരാൾ. ഹൈദരാബാദ് ആയിരുന്നു അവന്റെ ആസ്ഥാനം. ഇന്റർനെറ്റിനെക്കുറിച്ചുള്ള അവന്റെ കഥ പറച്ചിലുകൾ എന്നെ വശീകരിച്ചു എന്നു പറയാതെ വയ്യ. അവന്റെ പ്രേരണയാൽ മാതൃഭൂമി പത്രം സ്വന്തമായി വെബ്സൈറ്റ് തുടങ്ങണം എന്ന് എഡിറ്റർവഴി ഞാൻ ഒരു  പ്രപ്പോസൽ കൊടുത്തു. അതിന്റെ ചുവടുപിടിച്ച് മാതൃഭൂമിയിൽ ഇന്റർനെറ്റ് കൊണ്ടുവരാൻ ആരെ കാണണം എന്ന് ഉണ്ണി ചോദിച്ചു. അന്നത്തെ എന്റെ അറിവുവച്ച് കമ്പനിയിലെ ഇലക്‌ട്രോണിക്സ് എഞ്ചിനിയറിങ് വിഭാഗം മേധാവിയെ  വന്നു കണ്ടുനോക്കാൻ പറഞ്ഞു. അന്നു മലയാളത്തിൽ ഒരു പത്രവും ഇന്റർനെറ്റിൽ എത്തിയിട്ടില്ല. ‘ദ ഹിന്ദു’ ദിനപത്രം ആഴ്ചയിൽ മൂന്നുദിവസം അമേരിക്കവഴി  അവരുടെ പത്രം ഓൺലൈനിൽ ചെറിയതോതിൽ ലഭ്യമാക്കുന്നുണ്ട്. അത് ഇന്ത്യക്കാർക്ക് വായിക്കണമെങ്കിൽ ഓരോ മിനുട്ടിനും അമേരിക്കയിലേക്ക് ഫോൺ വിളിക്കുന്ന ചെലവുവരുന്ന കാലം. 


ഇന്ത്യയിൽ വരാൻപോകുന്ന സാങ്കേതികവിപ്ലവം  ചൂണ്ടിക്കാട്ടി  അതിനൊപ്പം സഞ്ചരിക്കാൻ മാതൃഭൂമിയിൽ  ഇന്റർനെറ്റ് കൊണ്ടുവരാനും പത്രവും അതിന്റെ തുടർച്ചയായി ആഴ്ചപ്പതിപ്പുകളും മാസികകളും   ഓൺലൈനിൽ  എത്തിക്കാനുമുള്ള ഒരു ബൃഹദ്പദ്ധതിയുമായാണ് ഉണ്ണി ഹൈദരാബാദിൽനിന്നു വന്നത്. പദ്ധതി  ഇലക്‌ട്രോണിക്സ് എഞ്ചിനീയർ ചിരിച്ചുതള്ളി. പിന്നെ ഉണ്ണി പടിപടിയായി ഓരോ സ്ഥാപനമേധാവികളെയും നേരിൽച്ചെന്നുകണ്ടു. എല്ലാവരും ചിരിച്ചുതള്ളിയതോടെ മാനേജിങ് എഡിറ്ററെയും പിന്നെ അതുംകടന്ന് മാനേജിങ് ഡയറക്ടറെയും ചെന്നുകണ്ടു. എല്ലാവരും ആ പ്രപ്പോസൽ അർഹിക്കുന്ന ബഹുമതികളോടെ ചിരിച്ചുതള്ളി: അന്നത്തെ എഞ്ചിനീയറുടെ ഡയലോഗ് ഇന്നും മറന്നിട്ടില്ല: “ആരെങ്കിലും തങ്ങളെത്തന്നെ കടിക്കുന്ന പട്ടിയെ  വളർത്തുമോ? മാതൃഭൂമിയുടെ സർക്കുലേഷന് പാരയാകുന്ന, അതിന്റെ എണ്ണം ഇടിക്കുന്ന പണിയാണ് പത്രവും പിരിയോഡിക്കൽസും ഇന്റർനെറ്റിൽ ലഭ്യമാക്കുക എന്നത്. അത് ഒരു കാരണവശാലും വേണ്ട എന്നു മാത്രമല്ല, വേണ്ടേവേണ്ട.”


എന്റെ ഓർമ്മയിൽ ഒന്നരക്കോടിമുതൽ മൂന്നുകോടിവരെ വരുന്ന ഒരു പദ്ധതിയായിരുന്നു അന്ന് ഉണ്ണി കൊണ്ടുവന്നത്.  ദില്ലി അടക്കമുള്ള മാതൃഭൂമിയുടെ എല്ലാ പ്രൊഡക്ഷൻ  യൂണിറ്റുകളെയും ജില്ലാ ആസ്ഥാനങ്ങളെയും  ഡിഷ് ആന്റിന വഴി ബന്ധിപ്പിച്ച്  ഒരു ഇൻട്രാനെറ്റ് ഉണ്ടാക്കുകയും  വർക്ക്ഫ്ലോ അതുവഴി മാനേജ് ചെയ്യുകയും അതിൽ പത്രം മാത്രം ഇന്റർനെറ്റിലേക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു പ്ലാൻ. പദ്ധതി നടപ്പിലാകുന്നതോടെ തൊഴിൽസേനയുടെ ആവശ്യം  മൂന്നിലൊന്നായി കുറയുമെങ്കിലും പിരിച്ചുവിടൽ ഒഴിവാക്കാൻ അവരെ പുതിയ മേഖലകളിൽ, പുതിയ യൂണിറ്റുകളിൽ വിന്യസിച്ച് മനുഷ്യവിഭവശേഷിയെ ഉപയുക്തമാക്കാനാവും എന്നും അത് ലക്ഷ്യമിട്ടിരുന്നു.  ഇന്റർനെറ്റ് എന്ന മോഹവലയം മാതൃഭൂമിയെക്കൊണ്ട് സ്വീകാര്യമാക്കുന്നതിൽ പരാജയപ്പെട്ട് തിരിച്ചു പോകുമ്പോൾ ഉണ്ണി പറഞ്ഞു: “നീ ഡയറി എഴുതുന്നുണ്ടെങ്കിൽ എഴുതി വച്ചോ. ഈ തീരുമാനത്തിൽ മാതൃഭൂമി പിന്നെ ഖേദിക്കും. അവർക്ക് മാറ്റത്തെ പേടിയാണ്, സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ഓരോ മേധാവിമാരും  ഈ മാറ്റത്തെ തടഞ്ഞുനിർത്താൻ നോക്കുന്നത് “.


ആ പ്രവചനം ശരിയായിരുന്നു. മാറ്റത്തെ ഓരോ  രീതിയിൽ ഭയക്കുന്നു ഓരോരുത്തരും. ഒടുവിൽ,  ദീപികയും കേരളകൗമുദിയും ദേശാഭിമാനിയും മനോരമയും തങ്ങളുടെ പത്രങ്ങളുടെ സാന്നിധ്യം ഓൺലൈനിൽ ലേഖപ്പെടുത്തിയതിനുശേഷമാണ് മാതൃഭൂമി ഓൺലൈൻ പ്രവേശനത്തിനു തീരുമാനമെടുക്കുന്നത്.


1995 ഓഗസ്റ്റിൽ ഇന്റർനെറ്റ് എത്തിയതിനു തൊട്ടുപിറകെയാണ് ഇന്ത്യയിൽ മൊബൈൽഫോണും എത്തിയത്. തുടക്ക കാലത്തെ ഇന്റർനെറ്റ് എന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ അദ്ഭുതം തോന്നും.  കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒരേ സമയം  മുപ്പതു പേർക്കു  മാത്രമേ ഇന്റർനെറ്റിലേക്ക് പ്രവേശിക്കാനാവുമായിരുന്നുള്ളൂ.  ഒരു ഡയലപ്പ് കണക്ഷനായിരുന്നു അത്.  30  പേർ നെറ്റിൽ കയറിക്കഴിഞ്ഞാൽ മറ്റുള്ളവർ ക്യൂവിലാകും, ആരെങ്കിലും ലൈനിൽനിന്ന്‍ ഇറങ്ങിയാലേ പിന്നെ മറ്റൊരാൾക്ക് കയറാനാവൂ. വെബ് എഡിഷൻ പുറത്തിറക്കുകയെന്നത് നെറ്റ് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരുന്ന കാലമായിരുന്നു അത്.  1997 മുതൽ അന്നത്തെ സെൻട്രൽ ഡസ്കിന്റെ ഭാഗമായിരുന്നാണ് മാതൃഭൂമി ഇന്റർനെറ്റ് എഡിഷന്റെ പിറവിക്കൊപ്പം സഞ്ചരിച്ചത് രസകരമായ ഓർമ്മയാണ്.  1998 അവസാനമാണ് ഇന്റർനെറ്റ് ഡസ്ക് എന്ന വിഭാഗം ഉണ്ടാകുന്നതും അതിലേക്ക്  ഏകാംഗമായി നിയോഗിക്കപ്പെടുന്നതും. വർത്തമാനത്തിന്റെ  അന്ധസാധ്യതയിൽ സമയംനോക്കാതെ ആനന്ദത്തോടെ പണിയെടുത്ത കാലമായിരുന്നു. 


ഇന്റർനെറ്റ് എഡിഷന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്  മാതൃഭൂമിയിൽ ആദ്യമായി ഒരു ജേണലിസ്റ്റിന് കമ്പ്യൂട്ടർ അനുവദിച്ചുകിട്ടുന്നത് എനിക്കായിരുന്നു. വിന്റോസ് 95-ന്റെ കാലമാണ്. മൈക്രോസോഫ്റ്റിന്റെ ആചാര്യൻ ബിൽ ഗേറ്റ്സ് ആണ് അന്നത്തെ ടെക് ദൈവം.  സൈബർ എന്ന വാക്കൊക്കെ പരിചയപ്പെട്ടു വരുന്ന കാലം.  ഇന്റർനെറ്റിൽ ചികഞ്ഞ് പുതിയ വെബ്സൈറ്റുകൾ തേടിപ്പിടിക്കുന്നത് ഒരു ഹരമായിരുന്നു അക്കാലത്ത്. അന്ന് മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല, പിന്നീട് ഇന്ത്യാവിഷൻ തുടങ്ങിയപ്പോൾ അതിന്റെ തലപ്പത്തേക്കുവന്ന എ.സഹദേവനായിരുന്നു. വെബ്സൈറ്റുകളിലൂടെയുള്ള സഞ്ചാരം ആദ്യം പങ്കുവയ്ക്കുന്നത് സഹദേവേട്ടനുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ പ്രേരണയിലാണ് ഞാനാദ്യമായി മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഒരു കോളം ചെയ്യുന്നത്,  “സൈബർ അറ്റ്ലസ്”. രണ്ടുവർഷത്തോളം ആ കോളം മുന്നോട്ടു കൊണ്ടുപോയി.  അന്നത്തെ ബിൽഗേറ്റ്സിന്റെ ഒരു പ്രവചനം ഞെട്ടിക്കുന്നതായിരുന്നു. രണ്ടായിരാമാണ്ടോടെ അച്ചടിപത്രങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങുമെന്നും 2008 ആകുമ്പോഴേക്കും അച്ചടിപത്രങ്ങളുടെ പതനം പൂർണ്ണമാകും എന്നുമായിരുന്നു പ്രവചനം.  


“ഉള്ളടക്കമാണ് രാജാവ് ” എന്ന ബിൽ ഗേറ്റ്സിന്റെ നയപ്രഖ്യാനം വരുന്നത് 1996-ലാണ്, വിന്റോസ് 95-ന്റെ തുടർച്ചയായിരുന്നു അത്.  അച്ചടിപത്രത്തെ അവലംബിച്ചുതന്നെ സ്വതന്ത്രമായ ഒരു വിന്യാസ ശൈലി അവലംബിക്കാൻ ശ്രമിച്ച  മാതൃഭൂമി ഇന്റർനെറ്റ് എഡിഷൻ വളരെ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചു പറ്റി. പഴയ ഇന്റർനെറ്റ് വിരുദ്ധ നിലപാട് കമ്പനിയിലെ വിവിധ വിഭാഗങ്ങൾ കൈയൊഴിഞ്ഞുതുടങ്ങി. 2000-ത്തിൽ പത്രമുടമകളുടെ ആഗോളസംഘടനയായ വാൻ-ഇഫ്റ(WAN-IFRA)യുടെ ആംസ്റ്റർഡാമിൽ വച്ച് ഇന്റർനെറ്റ് മുഖ്യ വിഷയമായി നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ മാതൃഭൂമിയെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തു.  തീർത്തും വേറിട്ട വിഭാഗങ്ങളായി പണിയെടുക്കുന്ന പത്രം, ആനുകാലികങ്ങൾ, ടെലിവിഷൻ, ഓൺലൈൻ, പ്രിന്റ് ഓൺ ഡിമാന്റ് വിഭാഗങ്ങൾക്ക്  ഉള്ളടക്ക ശേഖരണത്തിന് ഒരു ഡസ്കും  ശേഖരിച്ച ഉള്ളടക്കത്തെ ബഹുമാധ്യമങ്ങളിലേക്ക് അതാതിന്റെ സവിശേഷതകൾക്കനുസരിച്ച് മാറ്റിപ്പണിയുന്ന മറ്റൊരു ഡസ്ക് ഏറ്റെടുക്കുന്ന  ഒരു  ഫിഷ്റ്റ് ഫോക്കസ് ആണ് ഇഫ്റ 2000-ത്തിൽ വിഭാവനം ചെയ്തത്. എന്നാലത് ഒരിക്കലും നടപ്പിലായില്ല. മാറ്റങ്ങൾക്ക് തടയിടാനുള്ള ശക്തികൾ  ഏതു സമൂഹത്തിലും നെടുനായകത്വം വഹിക്കുന്നു. മാറ്റങ്ങൾക്ക് എളുപ്പവഴിയില്ല. മാറ്റം നടന്നുകൊള്ളണം എന്നു തന്നെയില്ല.


മാറ്റിവച്ച മാധ്യമവിപ്ലവം


ലോകത്ത് ഇതു വിപ്ലവങ്ങളുടെ കാലമല്ല, പ്രതിവിപ്ലവങ്ങളുടെ കാലമാണ്.  വിപ്ലവം നടന്ന നാടുകളിലെല്ലാം പ്രതിവിപ്ലവം എന്നോ അരങ്ങേറിക്കഴിഞ്ഞു.  മാധ്യമരംഗത്തും ഇന്നു പ്രതിവിപ്ലവങ്ങളുടെ കാലമാണ്. ഇന്നു പുറമെ കാണുന്ന മാറ്റങ്ങൾ വിപ്ലവങ്ങൾക്കു പകരമാണ് എന്ന് അഭിനയിക്കുന്നതിൽ വൈദഗ്ധ്യംനേടിയ ചുവടുമാറ്റങ്ങൾ മാത്രമാണ്. അതു കൂടുതൽ വലിയ അടിമത്തത്തിലേക്കാണ് നമ്മെ നയിക്കുന്നത്. 


ഇന്റർനെറ്റ് വിപ്ലവത്തെത്തുടർന്ന് 2005-ൽ യുട്യൂബ് വന്നതോടെ എല്ലാവരും അവരവരുടെ ചാനലുകളായി മാറിക്കഴിഞ്ഞു. നാം നമ്മുടെതന്നെ പ്രക്ഷേപിണിയാണ് എന്നു പറയാം. അതു ടെലിവിഷന്റെ മരണമണിയായിരുന്നു.  2007-ൽ നെറ്റ്ഫ്ലിക്സ് വന്നതോടെ തിയറ്റർ നമ്മുടെ കൈവെള്ളയിലെ മൊബൈൽ ഫോണിന്റെ ഉള്ളിലായി.  ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതു  മനുഷ്യരെ പുതിയ മായാവലയത്തിൽ അകപ്പെടുത്തുവാൻ  അപാരമായ അധികാരശേഷിയുള്ള സാങ്കേതികവിദ്യയാണ് എന്നതിൽ സംശയമൊന്നുമില്ല.  


സ്വപ്നങ്ങൾക്ക് ഇവിടെ ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ? സോഷ്യലിസം ഒരു ഉട്ടോപ്യ മാത്രമാണോ?  സമത്വം ഒരു മിഥ്യയാണെന്ന്  ആണയിടുന്നു എല്ലാ മുതലാളിത്തചിന്തകരും മുതലാളിത്തവ്യവസ്ഥാ പ്രേമികളും. സോഷ്യലിസം സാധ്യമാണ്, എന്നാൽ അത് അനിവാര്യമല്ല എന്ന് ഒരായുഷ്ക്കാലം കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനായി പോരാടിയ ചിന്തകനും അമേരിക്കയിലെ  പ്രശസ്തമായ ഇടതുപക്ഷ പ്രസിദ്ധീകരണമായ “മന്ത്ലി റിവ്യു” എഡിറ്ററുമായിരുന്ന പോൾ എം.സ്വീസി പതിറ്റാണ്ടുകൾക്ക് മുമ്പ് ഓർമ്മപ്പെടുത്തിയിരുന്നു.  


മാധ്യമലോകത്ത് സ്ഥിരം തൊഴിൽ ഇല്ലാതായിട്ട് കാലം കുറേയായി. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ സ്വതന്ത്ര സമയം, എട്ടുമണിക്കൂർ ഉറക്കം എന്ന സമയസങ്കല്പം പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു.  മാധ്യമപ്രവർത്തകർക്ക് ഇവിടെ ഒരു ദല്ലാളിന്റെ സ്ഥാനം മാത്രമേയുള്ളൂ. സ്വതന്ത്രസമയം എന്ന യാഥാർത്ഥ്യത്തെയാണ് പുതിയ മുതലാളിത്തം ആദ്യം റദ്ദാക്കിക്കളഞ്ഞത്. അതിന് നവമാധ്യമങ്ങൾ ഒരായുധമാണ്. സ്വകാര്യതയും അബോധവും സ്വപ്നവും ചരിത്രവും ഓർമ്മയും   എല്ലാം ഇന്നു കമ്പോളത്തിലെ ചരക്കാക്കിമാറ്റുന്ന രാക്ഷസസ്വരൂപമായി മാറിയ ഒരു മാധ്യമാധികാരമാണ് ഇന്നു സമൂഹം നേരിടുന്ന വെല്ലുവിളി. അതാണ് ഭാവി, ജോർജ്ജ് ഓർവെൽ “1984 “-ലും ഗൊദാർദ് “ആൽഫ വില്ല”യിലും ഭാവനചെയ്ത ഒരു ലോകമാണ് നമ്മെ കാത്തിരിക്കുന്നത്. അത് പ്രത്യാശാഭരിതമല്ല. എന്നാലും,  ഈ ലോകത്തു ജീവിക്കാൻ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് ചിന്തകനായ അന്റോണിയോ ഗ്രാംഷി നൽകിയ സന്ദേശം പ്രസക്തമാണെന്നു ഞാൻ കരുതുന്നു.  ധിഷണയുടെ അശുഭാപ്തി വിശ്വാസം കത്തിനിൽക്കുമ്പോഴും   ഇഛയുടെ ശുഭപ്രതീക്ഷ   കാത്തുസൂക്ഷിക്കുവാനാണ് ഗ്രാംഷി ഉപദേശിച്ചത്. അതാണ് മുസ്സോളിനിയുടെ തടവിൽക്കിടന്ന് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസമായ ജയിൽഡയറി എഴുതാൻ ഗ്രാംഷിയെ പ്രാപ്തനാക്കിയത്.  അങ്ങനെയല്ലാതെ  മറ്റെങ്ങനെയാണ് ഈ ലോകത്ത് ബോധത്തോടെ ജീവിക്കാനാവുക? 


2008-ൽ അച്ചടിപത്രങ്ങളുടെ മരണം പൂർത്തിയാകുമെന്ന ബിൽ ഗേറ്റ്സിന്റെ പ്രവചനം 2024-ലും യാഥാർത്ഥ്യമായിട്ടില്ല.  അതൊരു പ്രത്യാശയാണ്. അച്ചടിപത്രങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ടല്ല,  ഭാവിയുടെ അന്ധസാധ്യത എന്നത് പ്രവചനാതീതവുമാണ് എന്നതുകൊണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ “കഥാപുരുഷൻ” അവസാനിക്കുന്നതുപോലെ “എന്നും എപ്പോഴും രാക്ഷസൻ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ”. ഈ ഭൂമിയിലെ ജീവിതം ജീവിക്കാൻ  കൊള്ളാവുന്നതാക്കി നിലനിറുത്തുന്നത് ഈയൊരു അന്ധസാധ്യതയാണ്. അതു നാം കാത്തിരിക്കുന്ന ഭാവിയോ നാം നിർമ്മിക്കുന്ന ഭാവിയോ എന്ന് ആർക്കറിയാം. 


[അടിക്കുറിപ്പ്: അന്ധസാധ്യത എന്ന സങ്കല്പനോപാധിക്ക്    പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് കീസ്ലോവ്സ്കി  സംവിധാനം ചെയ്ത ” Blind Chance” (1987) എന്ന സിനിമയോട് കടപ്പാട്.  അത്യന്തം രാഷ്ട്രീയ ദാർശനിക പ്രാധാന്യമുള്ള സിനിമയാണ് Blind Chance. ഒരു തീവണ്ടി പിറകെ ഓടുന്ന കമ്മ്യൂണിസ്റ്റ് പോളണ്ടിലെ ഒരു തൊഴിൽരഹിതനായ ഒരു യുവാവിന്റെ ജീവിതത്തിൽ സാധ്യമായ  പല അദ്ധ്യായങ്ങളാണ് ആ സിനിമ. തീവണ്ടി കിട്ടായാൽ, കിട്ടിയില്ലെങ്കിൽ  എന്നിങ്ങനെ പല സമയസാധ്യതകൾ സിനിമ കാട്ടിത്തരുന്നു.  1981-ൽ പൂർത്തിയായ  സിനിമ സെൻസർ കുരുക്കിൽപ്പെട്ട്  1987-ലാണ് പുറത്തെത്തിയത്. ലോകസിനിമയിലെ എക്കാലത്തെയും മികച്ച പോളിഷ് ക്ലാസ്സിക്കുകളിൽ ഒന്നായി Blind Chance കണക്കാക്കപ്പെടുന്നു. സോവിയറ്റ് പതനത്തിന്റെ മുന്നറിയിപ്പുകൾ ഈ സിനിമയിൽ കാണാം. സിനിമ എടുത്ത് ഒരു ദശകത്തിനുശേഷമാണ് ലോകഭൂപടം മാറ്റിവരപ്പിച്ച സോവിയറ്റ് പതനം സംഭവിക്കുന്നത്.]