ലോകം ഇന്ന്, നാളെ – കെ. ബാബു ജോസഫ്

ലോകം ഇന്ന്, നാളെ   – കെ. ബാബു ജോസഫ്

ഇന്നത്തെ സ്ഥിതി മോശമാണെങ്കിൽ, ലോകം നാളെ എങ്ങനെ ആയിരിക്കുമെന്നു പരിശോധിക്കുന്നത് എത്രമാത്രം വിശ്വസനീയമായിരിക്കുമെന്നു പറഞ്ഞുകൂടാ. അതിന്റെ പ്രസക്തി വരുംവർഷങ്ങളിൽ ലോകരാഷ്ട്രീയം എങ്ങനെ പരിണമിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.


മൊത്തത്തിൽ നോക്കിയാൽ ലോകം ഇന്ന് പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങളിലെത്തി വിഹരിക്കുകയാണെന്നു തോന്നും. സാങ്കേതികപുരോഗതി അനന്തതയിലേക്ക് കുതിക്കുന്നുവെന്ന് റെയ് കുർസ്‌വെയ്‌ലി (Ray Kurzweil) നെപ്പോലെ ചിന്തിക്കുന്നവരുണ്ട്. 19 വർഷം മുൻപ് ‘ദി സിങ്കുലാരിറ്റി ഈസ് നിയർ’ എന്ന പുസ്തകമെഴുതി ഇത്തരമൊരു ഭ്രമാത്മകചിത്രം അദ്ദേഹം വരച്ചുകാട്ടി. അന്നദ്ദേഹം നിരത്തിയ വാദമുഖങ്ങളിൽനിന്ന് അടിസ്ഥാനപരമായി മാറിയിട്ടില്ലെന്നു മാത്രമല്ല, ‘ദി സിങ്കുലാരിറ്റി ഈസ് നിയറർ’ (2024) എന്ന പുതിയ ഗ്രന്ഥം രചിച്ച് അദ്ദേഹം നമ്മളെ കൂടുതൽ ഭ്രമാത്മകകാഴ്ചകളിലേക്ക് ക്ഷണിക്കുന്നു. മനുഷ്യസമമായ ബുദ്ധി 2029-ഓടെ കമ്പ്യൂട്ടറുകൾക്ക് കൈവരുമെന്നും, 2045-ഓടെ, മനുഷ്യ-കമ്പ്യൂട്ടർ സങ്കരങ്ങൾ യാഥാർഥ്യമാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ. രണ്ടാമത്തെ കൃതി വിരൽ ചൂണ്ടുന്നത്, അനന്തപുരോഗതി ബിന്ദു ഇപ്പോൾ കുറേക്കൂടി നമ്മുടെ സമീപത്തെത്തിയിരിക്കുന്നു എന്നാണ്. തലച്ചോറിൽ കമ്പ്യൂട്ടർചിപ്പുകൾ ഘടിപ്പിച്ച മനുഷ്യർ ശാസ്ത്രഫിക്ഷൻ പാത്രങ്ങളല്ല മേലിൽ എന്ന് ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് പരീക്ഷണം തെളിയിച്ചുകഴിഞ്ഞു. സ്വന്തം വിചാരംകൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതാണ് സംഭവം. സാങ്കേതികപുരോഗതി ഈ തോതിൽ തുടർന്നാൽ, പത്തോ ഇരുപതോ വർഷത്തിനുള്ളിൽ നമ്മൾ ദേവഗണങ്ങളെപ്പോലെ വിഹായസ്സിൽ പറന്നുനടക്കുമായിരിക്കും.  ‘ഫിസിക്‌സ് ഓഫ് ദി ഫ്യൂച്ചർ’ (2011) എന്ന ഗ്രന്ഥത്തിൽ പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ മിച്ചിയോ കാക്കു (Michio Kaku) എഴുതിയതിങ്ങനെ: ‘2100-ഓടെ, ഒരുകാലത്ത് നമ്മൾ ഭയക്കുകയും ആരാധിക്കുകയും ചെയ്ത ദൈവങ്ങളെപ്പോലെ ആയിത്തീരാനാണ് നമ്മുടെ വിധി.’


ലോകപ്രശസ്ത ചരിത്രമെഴുത്തുകാരൻ യുവാൽ നോവാ ഹരാരി (Yuval Noah Harari) യുടെ ‘നെക്‌സസ്’ (2024) എന്ന പുസ്തകം ആരംഭിക്കുന്നതുതന്നെ ലോകത്തിന്റെ നിലനില്പ് പ്രതിസന്ധിയിലായിരിക്കുന്നുവെന്ന പരിദേവനത്തോടെയാണ്. കഴിഞ്ഞ ഒരുലക്ഷം വർഷത്തെ  ശാസ്ത്രസാങ്കേതിക പുരോഗതി മനുഷ്യരിൽ വിവേകം വളർത്തിയിട്ടില്ല. ഇന്നത്തെ ശോച്യാവസ്ഥയുടെ സമഗ്രവും ഹ്രസ്വവുമായ ഒരു വിലയിരുത്തലാണിത്. ഇന്നത്തെ സ്ഥിതി മോശമാണെങ്കിൽ, ലോകം നാളെ എങ്ങനെ ആയിരിക്കുമെന്നു പരിശോധിക്കുന്നത് എത്രമാത്രം വിശ്വസനീയമായിരിക്കുമെന്നു പറഞ്ഞുകൂടാ. ഫ്യൂച്ചറോളജി എന്ന വിജ്ഞാനശാഖയുടെ രീതിശാസ്ത്രം ഇങ്ങനെ: ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ചുവടുപിടിച്ച്, സാധ്യതയുള്ള വ്യതിരിക്തഭാവികളുടെ രേഖാചിത്രം വരയുക. പ്രായോഗികപരിമിതികൾമൂലം ചില ചിതറിയ നിരീക്ഷണങ്ങൾ നടത്തുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.


ഇന്നത്തെ പ്രധാന പ്രശ്‌നങ്ങൾ


ആഗോളതാപനം മൂലമുള്ള കാലാവസ്ഥാമാറ്റം, ജനപ്പെരുപ്പം, പരിസ്ഥിതിമലിനീകരണം, ജീവജാതികളുടെ നാശം, ആഗോള യുദ്ധഭീഷണി തുടങ്ങിയവയാണ് ഇപ്പോൾ നമ്മൾ നേരിടുന്ന പ്രശ്‌നങ്ങൾ. നിർമ്മിതബുദ്ധി മേഖല ഏറ്റവും വലിയ പ്രശ്‌നമായിത്തീരുമോ എന്നു പറയാനാവില്ല. ഇവയൊക്കെ സ്വതന്ത്ര പ്രശ്‌നങ്ങളല്ലെന്നോർക്കണം. പരസ്പര ബന്ധമുള്ളവയാണ് ഇവയെല്ലാം. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ആവേശമാർജിച്ച വ്യവസായവത്കരണത്തിന്റെ ഫലങ്ങളാണ് ഇപ്പറഞ്ഞതൊക്കെ. കാർബൺ-അധിഷ്ഠിത ഇന്ധനങ്ങളുടെ  അമിത ഉപയോഗമാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. കാർബൺ ഡയോക്‌സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ ക്രമാതീതമായി വർധിച്ചതുകൊണ്ട്, ഭൂമി വിസർജിക്കുന്ന താപം ശരിയായ രീതിയിൽ സ്‌പേസിലേക്കെത്തുന്നില്ല. ഹരിതഗൃഹപ്രഭാവം എന്നു പറയുന്ന ഈ പ്രക്രിയമൂലം, ഭൂമിയുടെ ഉപരിതലതാപനില ഏകദേശം 1.36 ഡിഗ്രി സെൽഷ്യസ് വർധിച്ചെന്ന് 2023-ൽ കണ്ടെത്തി. വ്യവസായവത്കരണപൂർവ താപനിലയിൽനിന്നുള്ള വർധനവാണിത്. വിറക്, കൽക്കരി, പെട്രോളിയം, ജീവജാലങ്ങൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട വാതകവമനകാരികൾ. ഈ വാതകങ്ങളെ ഹരിതഗൃഹവാതകങ്ങളെന്നാണ് വിശേഷിപ്പിക്കുക. ആഗോളതാപനം അല്ലെങ്കിൽ താപനില വർധനവ് രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയെങ്കിലും നിറുത്തണമെന്ന് പൊതുധാരണ ഉണ്ടെങ്കിലും ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നതിനാവശ്യമായ നടപടികൾ ആഗോളതലത്തിൽ എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പല അന്താരാഷ്ട്ര സമ്മേളനങ്ങളും ഉടമ്പടി ഒപ്പുവയ്ക്കലുകളും നടക്കുന്നുണ്ടെന്ന വസ്തുത മറക്കുന്നില്ല. ഹരിതഗൃഹവാതകവമനം ലഘൂകരിക്കുന്ന രീതിയിലുള്ള പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് മൂലധനം ഒരു വലിയ തടസ്സമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെ മുന്നാക്ക രാജ്യങ്ങൾ സഹായിക്കണമെന്നു ധാരണ ഉണ്ടെങ്കിലും കാര്യമായൊന്നും സംഭവിക്കുന്നില്ല.


അന്തരീക്ഷതാപനംമൂലം കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുന്നു. ക്രമംതെറ്റിയുള്ള മഴയും വെയിലും സാധാരണമായി. കൃത്യമായി നിർവചിച്ച ഋതുക്കൾ ഇന്നില്ലാതായിക്കൊണ്ടിരിക്കുന്നു. ധ്രുവപ്രദേശങ്ങളിലും, ആൽപ്‌സ്, ഹിമാലയം തുടങ്ങിയ പർവതനിരകളിലും ഹിമക്കട്ടകൾ ഉരുകി വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. സമുദ്രനിരപ്പുയരുന്നതും ഇതിന്റെ ഫലമാണ്. മാലിദ്വീപുകൾ പോലെയുള്ള ദ്വീപുരാജ്യങ്ങളുടെ നിലനില്പിന് വൻ ഭീഷണിയാണുള്ളത്. ആൻഡമാൻസിനും ലക്ഷദ്വീപുകൾക്കുമൊക്കെ ഇമ്മാതിരി ഭീഷണി ഇല്ലാതില്ല. ഫോസ്സിൽ ഇന്ധനങ്ങൾക്കുപകരം പ്രകൃതിവാതകങ്ങൾ ഉപയോഗിക്കാമെങ്കിലും ഇപ്പോഴത്തെ നിരക്കിൽ, ഏകദേശം 52 വർഷത്തെ ഉപയോഗത്തിനാവശ്യമായ പ്രകൃതിവാതകശേഖരങ്ങളേ ഭൂമിയിലുള്ളുവത്രേ. ഇതിനെക്കാൾ മെച്ചപ്പെട്ട ഒരു പരിഹാരം പുനരുപയോഗ സാധ്യതയുള്ള സൂര്യപ്രകാശം, കാറ്റ്, ജലം തുടങ്ങിയ ഊർജസ്രോതസ്സുകളെ ആശ്രയിക്കുകയാണ്. എന്നാൽ, ഇവ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയ്ക്ക് ക്ഷമത (Efficiency) വളരെ കുറവാണത്രേ. വെള്ളച്ചാട്ടത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മാർഗം ഏറ്റവും ചെലവു കുറഞ്ഞതാണെന്ന് നമുക്കറിയാമല്ലോ. പുതിയ ജലവൈദ്യുതപദ്ധതികൾ നടപ്പിലാക്കുന്നതിന് അവയുടെ പരിസ്ഥിതി ആഘാതം തടസ്സമാണ്. മലിനീകരണം ഏറ്റവും കുറവുള്ള അണുശക്തിയെ ആധാരമാക്കിയുള്ള പദ്ധതികൾക്ക് ചെലവ് കൂടുമെന്നു മാത്രമല്ല പരിസ്ഥിതി ആഘാതവും വളരെ അധികമാണ്. ഫ്യൂഷൻ റിയാക്ടറെന്ന സ്വപ്‌നം യാഥാർഥ്യമായാൽ വൈദ്യുതി ഉല്‍പാദനച്ചെലവ് കൂപ്പുകുത്തും.


അടിസ്ഥാനപരമായ പ്രശ്‌നം ജനപ്പെരുപ്പമാണ്. എല്ലാത്തരം ദൗർലഭ്യങ്ങളുടെയും മൂലകാരണം നിയന്ത്രണാതീതമായ ജനസംഖ്യാ വിസ്‌ഫോടനമാണ്. ഐക്യരാഷ്ട്രസഭ ഈയിടെ പ്രസിദ്ധപ്പെടുത്തിയ കണക്കുപ്രകാരം 2024-ലെ ലോകജനസംഖ്യ 820 കോടിയാണ്. 2050 ആകുമ്പോഴേയ്ക്കും ഇത് 970 കോടിയും 2100-ഓടെ 1020 കോടിയും ആകുമെന്നാണ് പ്രവചനം. (അവലംബം: World Population Prospects, 2024 Revision) 2100-നുശേഷം ലോകജനസംഖ്യ കുറയാൻ തുടങ്ങുമത്രെ. ശരാശരി ആയുസ്സിൽ വർധന ഉണ്ടാകുമെങ്കിലും, പ്രത്യുല്‍പാദനനിരക്ക് ഇടിയാനാണ് സാധ്യത. സാമൂഹിക, സാംസ്‌കാരിക ഘടകങ്ങളാണ് ഇതിനുപിന്നിൽ. ഉദാഹരണങ്ങളായി, വിവാഹപ്രായത്തിൽ വന്നുകൊണ്ടിരിക്കുന്ന ഉയർച്ചയും, സ്ത്രീപുരുഷ ബന്ധങ്ങളിൽ ഉരുത്തിരിയുന്ന, പുതിയ കാഴ്ചപ്പാടുകളുമൊക്കെ ചൂണ്ടിക്കാട്ടാവുന്നതാണ്. ഭൂമിയിലെല്ലായിടത്തും ഒരേരീതിയിലല്ല ജനസംഖ്യയിൽ മാറ്റമുണ്ടാവുക, ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ ജനസംഖ്യ കുറയുന്നുണ്ടെന്ന് പ്രസ്തുത കുറിപ്പ് നിരീക്ഷിക്കുന്നു. അണുകുടുംബമാണ് നല്ലതെന്നു കരുതുന്നവരുടെ സംഖ്യ വർധിച്ചുവരുന്നു. സ്വവർഗ ലൈംഗികബന്ധങ്ങളിൽ യുവാക്കൾക്ക് താല്‍പര്യമേറുന്നുവെന്നും അഭിപ്രായമുണ്ട്. ഭൂമിയുടെ ചുമടുശേഷി (carrying capacity) പരിധി കടക്കുമോ?


ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യർക്ക് ഭൂമിയിൽ തുടരാൻ തടസ്സങ്ങളുണ്ടെന്ന അറിവിലേക്ക് ഒന്നു കണ്ണോടിക്കാം. ഇവിടത്തെ വിഭവലഭ്യതയിൽ പരിമിതികളുണ്ടെന്നു സമ്മതിക്കാതെ തരമില്ല. ‘ടീം 2019029’ എന്ന പേരിൽ ഏതാനും വർഷം മുമ്പ് ഒരു പഠനഗ്രൂപ്പ് ഭൂമിയുടെ ചുമടുശേഷി എന്ന ശീർഷകത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്റർനെറ്റിലുണ്ട്. ആഗോള കാലാവസ്ഥ ക്രമരഹിതമായി മാറിക്കൊണ്ടിരിക്കേ, സമുദ്രങ്ങളിലെ ജലത്തിന്റെ ആസിഡ് സാന്നിധ്യവും ഹരിഗൃഹവാതകങ്ങളുടെ ഉല്‍പാദനവും അനിയന്ത്രിമായി വർധിച്ചുകൊണ്ടിരിക്കേ, ഇമ്മാതിരിയൊരു പഠനത്തിന്റെ പ്രാധാന്യം കാണാതെ പോകരുത്. കരയുടെയും ശുദ്ധജലത്തിന്റെയും ലഭ്യതയെ ആധാരമാക്കി കണക്കുകൂട്ടിയപ്പോൾ, അനുവദനീയമായ പരമാവധി ജനസംഖ്യ ഇപ്പോഴത്തേതിനെ അപേക്ഷിച്ച് കൂടുതലായിരുന്നു. എന്നാൽ, ഭക്ഷ്യലഭ്യതയുടെ കാഴ്ചപ്പാടിൽ ഇത് നിർണയിക്കുമ്പോൾ അനുവദനീയമായ ജനസംഖ്യ 420 കോടി മാത്രമാണ്.  ഇപ്പോഴത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തിയാൽ, നമ്മൾ അപകടസീമ പണ്ടേ കടന്നുകഴിഞ്ഞുവെന്നു സ്പഷ്ടമാകും. ഏകദേശം 350 കോടി ആളുകൾ – അതായത്,  ലോകജനസംഖ്യയുടെ പകുതി ഇന്ന് ദാരിദ്യരേഖയ്ക്ക് താഴെ ജീവിക്കുന്നു. വികസിതരാജ്യങ്ങളുടെ ജീവിതനിലവാരമാണ് ഈ രേഖ നിർണയിക്കുന്നതിന് എടുത്തിട്ടുള്ളത്. ഏകദേശം 6000 രൂപ പ്രതിദിന വരുമാനമാണത്രേ ഈ രേഖ സൂചിപ്പിക്കുന്നത്. 2022-23-ൽ കണക്കുകൂട്ടിയതനുസരിച്ച് ഇന്ത്യയിൽ ദാരിദ്ര്യരേഖ 1,622 രൂപ (പ്രതിമാസം) ഗ്രാമങ്ങളിലും 1,929 രുപ (പ്രതിമാസം)   നഗരങ്ങളിലും ആണത്രേ.  ദാരിദ്ര്യരേഖയിൽത്തന്നെ മേഖലയനുസരിച്ച് ഇപ്പോഴുള്ള അന്തരം ശ്രദ്ധിക്കുക. കടലിൽ എറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് (പ്രതിവർഷം) 48-127 ലക്ഷം ടണ്ണാണ്.  മത്സ്യസമ്പത്ത് ഇല്ലാതാകുമ്പോൾ ജനകോടികളുടെ ആഹാരസ്രോതസ്സാണ് അസ്തമിക്കുന്നതെന്നോർക്കണം.


നമ്മൾ നേരിടുന്ന മറ്റൊരു വെല്ലുവിളി ജീവജാതിവിനാശമാണ്. ഇതിനുമുൻപ് അഞ്ചുപ്രാവശ്യമെങ്കിലും വ്യത്യസ്ത കാരണങ്ങൾമൂലം ജീവജാതിനിർമൂലനം സംഭവിച്ചിട്ടുണ്ട്. വൻതോതിലുള്ള ആറാമത്തെ വംശനാശം ആരംഭിച്ചുതുടങ്ങിയിട്ടുണ്ടെന്ന് എലിസബത്ത് കോൾബെർട്ട് (Elizabeth Kolbert) ‘ദി സിക്സ്ത് എക്സ്റ്റിങ്ഷന്‍’ എന്ന പുസ്തകത്തിൽ വാദിക്കുന്നു. ബയോഡൈവേഴ്‌സിറ്റി പഠനങ്ങൾ ആഗോളവ്യാപകമായി നടന്നുവരുന്നുണ്ട്. നമ്മുടെ പരിചിത ചുറ്റുപാടുകളിൽത്തന്നെ സസ്യ,സസ്യേതര ജീവിവർഗങ്ങൾ അസ്തമിച്ചുകൊണ്ടിരിക്കുന്നതു കാണാം. ഉദാഹരണമായി, നമ്മുടെ നാട്ടിൽ അടുത്തകാലംവരെ സുലഭമായിക്കണ്ടിരുന്ന തവളയിനങ്ങൾ ഏറക്കുറെ ഇല്ലാതായിരിക്കുകയാണ്. പരിസ്ഥിതി മലിനീകരണമാവാം ഒരു കാരണം. അന്തരീക്ഷതാപനില താരതമ്യേന ഉയർന്നുവന്നത് മറ്റൊന്ന്. വർഷങ്ങൾക്കുമുമ്പ് നമുക്കു പരിചിതമായിരുന്ന പലതരം ചെടികളും മരങ്ങളും ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയുർവേദമരുന്നുകൾക്ക് വില കൂടുന്നതിനൊരു പ്രധാന കാരണം ഇതായിരിക്കും.


വിവരസാങ്കേതികവിദ്യ


വിവരസാങ്കേതികവിദ്യയിലെ പുതിയ അവതാരമാണല്ലോ നിർമ്മിതബുദ്ധി (Artificial Intelligence) അല്ലെങ്കിൽ നിബു (AI).  1950-കളിൽ തുടക്കമിട്ട ഗവേഷണമാണ് മനുഷ്യസദൃശമായ ബൗദ്ധികശേഷി ഉണ്ടെന്നുപറയുന്ന ‘ബുദ്ധിയന്ത്രങ്ങൾ’ അഥവാ കമ്പ്യൂട്ടറുകളുടെ നിർമ്മാണത്തിലേക്ക് നയിച്ചത്. കൃത്രിമബുദ്ധി അല്ലെങ്കിൽ നിർമ്മിതബുദ്ധി എന്ന പ്രയോഗത്തിന്റെ കർത്താവ് അലൻ ടുറിങ് (Alan Turing) എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. കമ്പ്യൂട്ടർ സിദ്ധാന്തത്തിന്റെ അടിത്തറപാകിയത് 1954-ൽ മരിച്ച അദ്ദേഹമാണ്. 1956-ൽ ചേർന്ന ഡാർട്ട്മത്ത് കോൺഫെറെൻസിൽ ലോജിക്ക് തിയറി എന്ന ആദ്യത്തെ നിബു പ്രോഗ്രാമിന്റെ ആവിഷ്‌കാരം പ്രഖ്യാപിക്കപ്പെട്ടു. 1960-കളിൽ ELIZA എന്ന പേരിൽ മനുഷ്യസംഭാഷണം അനുകരിക്കുന്ന ആദ്യത്തെ ‘ചാറ്റ്‌ബോട്ട്’ നിർമ്മിക്കപ്പെട്ടു. 2010 മുതലാണ് ഡീപ് ലേണിങ് എന്നു വിളിക്കപ്പെടുന്ന വമ്പിച്ച വികസനം ഉണ്ടാകുന്നത്. ശ്രേണീകമ്പ്യൂട്ടിങിനു (Serial computing) പകരം സമാന്തര കമ്പ്യൂട്ടിങ് (Parallel computing) ശൈലിയാണ് നിർമിതബുദ്ധി സിസ്റ്റങ്ങളിൽ ഉപയോഗിക്കുക. മസ്തിഷ്‌കകോശങ്ങളായ ന്യൂറോണുകളുടെ പ്രവർത്തനത്തിലൂടെയാണ് ‘വിവരപാചകം’ (Information Processing) നടക്കുന്നതെന്നോർക്കുക.


കമ്പ്യൂട്ടറിന്റെ സിദ്ധികളെ കരുവാക്കി ആറേഴു പതിറ്റാണ്ടുകളായി നടക്കുന്ന ഒരു മഹാസംഭവമാണ് വിവരവിപ്ലവം. ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ, സോഷ്യൽമീഡിയ, ബ്ലോക്ക് ചെയിൻ, അൽഗൊരിതങ്ങൾ, നിർമ്മിതബുദ്ധി ഇങ്ങനെ പലതും ഈ വിപ്ലവത്തിന്റെ സംഭാവനകളാണ്. കമ്പ്യൂട്ടറുകൾക്ക് സ്വയം തീരുമാനങ്ങളെടുക്കുന്നതിനും പുത്തനാശയങ്ങൾ ആവിഷ്‌കരിക്കുന്നതിനും ത്രാണിയുണ്ടെന്ന് ടുറിങ് പണ്ടേ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടറുകൾക്ക് മനുഷ്യതുല്യമായ ബുദ്ധി ഉദിക്കുമെന്നും തുടർന്ന് മനുഷ്യബുദ്ധിയെ അധികരിക്കുന്ന തോതിൽ സിദ്ധികളുണ്ടാകുമെന്നും അദ്ദേഹം സ്വപ്‌നംകണ്ടു. ചതുരംഗം കളിക്കുന്നതും, കാറോടിക്കുന്നതും, കഥ എഴുതുന്നതുമൊക്കെ കമ്പ്യൂട്ടറുകൾ കൈപ്പിടിയിലൊതുങ്ങിക്കഴിഞ്ഞു. എന്നാൽ, നിശ്ചയങ്ങളെടുക്കുന്നതിന് കമ്പ്യൂട്ടറുകൾ ആർജിച്ചിരിക്കുന്ന സിദ്ധിയിൽ വലിയ ഭീഷണികളാണ് ഒളിഞ്ഞിരിക്കുന്നത്.  സർക്കാരുകൾപോലും ഇന്നു പ്രവർത്തിക്കുന്നത് കമ്പ്യൂട്ടറുകളെ ആശ്രയിച്ചാണ്. ഒരു യുദ്ധം ആരംഭിക്കാനും പയറ്റാനും ഒടുവിൽ അവസാനിപ്പിക്കാനുമുളള തീരുമാനങ്ങളെടുക്കുന്നത് ആത്യന്തികമായി കമ്പ്യൂട്ടറുകളാണ്. ഇപ്പോൾ മനുഷ്യൻ കമ്പ്യൂട്ടറിനെ ഒരു ഉപകരണമായിട്ടാണ് കാണുന്നത്. എന്നാൽ ഇതിനകം, അല്ലെങ്കിൽ സമീപഭാവിയിൽ യുദ്ധരംഗം കരയോ കടലോ ആകാശമോ മാത്രമായി പരിമിതപ്പെടില്ല. സൈബർയുദ്ധമെന്നത് വെറും ഭാഷാപ്രയോഗമല്ല, വാസ്തവത്തിലുള്ള സ്ഥിതിവിശേഷംതന്നെയാണ്. ബോംബുകൾ വർഷിക്കാതെതന്നെ ഒരു രാജ്യത്തിന്റെ ജീവനാഡികളായ സ്ഥാപനങ്ങളെ (ഉദാ: ഗതാഗതം, ഉല്‍പാദനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, വാർത്താവിനിമയം) നിസ്‌തേജമാക്കാനോ, സ്വന്തം ചൊല്പടിയിൽ വരുത്താനോ ശത്രുരാജ്യത്തിന്റെ കമ്പ്യൂട്ടർക്ക് സാധിക്കും.  ഫേസ്ബുക്ക് ഒരു കമ്പ്യൂട്ടർ – ആശ്രിതസംവിധാനമാണല്ലോ. 2016-17-ൽ മ്യാൻമറിന്റെ പടിഞ്ഞാറെ ഭാഗത്ത് നടന്ന സംഭവങ്ങൾ ഓർക്കുക. റോഹിംഗ്യരെന്നു വിളിക്കുന്ന ഒരു മുസ്ലീം ന്യൂനപക്ഷത്തിന് ഭൂരിപക്ഷ വിഭാഗമായ ബുദ്ധമതക്കാരിൽനിന്ന് അനുഭവിക്കേണ്ടിവന്ന കൊടുംക്രൂരതകൾക്കുപിന്നിൽ പ്രവർത്തിച്ചത് ഫേസ്ബുക്കിലൂടെ പ്രചരിച്ച ഫേയ്ക്ക് വാർത്തകളാണത്രെ. ഭൂരിപക്ഷ സമുദായാംഗങ്ങൾക്കെതിരെ ന്യൂനപക്ഷക്കാർ അക്രമങ്ങൾ കാട്ടിയെന്നായിരുന്നു ആരോപണം. പട്ടാളത്തെ കയറൂരിവിട്ടാണ് ഭൂരിപക്ഷ സമുദായ നിയന്ത്രണത്തിലുള്ള സർക്കാർ പകരംവീട്ടിയത്. അവർ 7000-നും 25,000-നും ഇടയിൽ ആയുധധാരികളല്ലാത്ത റോഹിംഗ്യരെ കൊല്ലുകയോ, റേപ്പ് ചെയ്യുകയോ ഉണ്ടായി. ലൈംഗികാതിക്രമങ്ങൾക്കിരയായ സ്തീപുരുഷന്മാരുടെ എണ്ണം 18,000-നും 60,000-നും ഇടയിലാണ്. 7,30,000 റോഹിംഗ്യർ ജന്മനാട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. അവരിപ്പോഴും അഭയാർഥികളായി വിദേശരാജ്യങ്ങളിൽ അലഞ്ഞുതിരിയുകയാണ്. റോഹിംഗ്യരിൽ നല്ല പങ്ക് തീവ്രവാദികളാണെന്ന തെറ്റായ ഫേസ്ബുക്ക് വാർത്തയാണ് പിന്നിലുള്ളത്. ഡീപ്ഫേയ്ക്ക് (Deep Fake) എന്നറിയപ്പെടുന്ന വ്യാജ ഇമേജുകളും വീഡിയോകളും തയ്യാറാക്കാൻ ക്രിമിനലുകൾക്കുപോലും സാധിക്കുന്നു. ഇപ്പോൾ വ്യാപകമായിട്ടുള്ള സാമ്പത്തിക തട്ടിപ്പുകൾക്കു പിന്നിലും നിബുവിന്റെ കളങ്കിതകൈകളാണ് പ്രവർത്തിക്കുന്നത്.


ബഹിരാകാശം


ബഹിരാകാശമേഖലയിൽ നടക്കുന്ന മുന്നേറ്റങ്ങൾ ലോകത്തിന്റെ ഭാവിയെ ബാധിക്കുമെന്നതു തീർച്ചയാണ്. പോയ ഒരു പതിറ്റാണ്ടുകൊണ്ട് ഈ രംഗത്ത് കൈവരിച്ച ഗവേഷണപുരോഗതി മനുഷ്യവംശത്തിന്റെ ഭാഗധേയത്തെ നിർണയിക്കാനിരിക്കുന്നുവെന്നു സങ്കല്പിക്കാം. സൗരയൂഥത്തെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ വെളിച്ചത്തുവന്നത്, അടുത്ത രണ്ടോമൂന്നോ പതിറ്റാണ്ടുകളിൽ യാഥാർഥ്യമാകാനിടയുള്ള ഇതരഗ്രഹ അല്ലെങ്കിൽ ഉപഗ്രഹ കോളനിവത്കരണത്തിലേക്ക് നയിക്കാവുന്നതാണ്. ചന്ദ്രനിലും ചൊവ്വയിലും, യൂറോപ്പ എന്ന വ്യാഴത്തിന്റെ ഒരു വലിയ ഉപഗ്രഹത്തിലും ധാരാളം വെള്ളമുണ്ടെന്ന തെളിവു ലഭിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ആറാമത്തെ വലിയ വസ്തു (Body) വായ യൂറോപ്പയുടെ ഉപരിതലം ഏറെ മൃദുലവും, അതിനു കീഴെ വലിയ ജലശേഖരവുമുണ്ടെന്നാണ് കണ്ടെത്തൽ. അവിടത്തെ ഉപരിതല താപനില മൈനസ് 160 ഡിഗ്രി സെൽഷ്യസാണ്. ഇതു ഭൂമിയിലെ സമുദ്രങ്ങളുടെ അടിത്തട്ടിനെ ഓർമിപ്പിക്കുന്നു. ഈ വർഷം നാസ (NASA) വിക്ഷേപിക്കുന്ന ‘യൂറോപ്പ ക്ലിപ്പർ മിഷൻ’ എന്ന പ്രോബ് (Probe) യൂറോപ്പയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം. 2024 ഒക്‌ടോബറിലെ വിവരമനുസരിച്ച് ഇതുവരെ 5780 സൗരയൂഥ ബാഹ്യഗ്രഹ(Exoplanet)ങ്ങളെ കണ്ടുപിടിച്ചിട്ടുണ്ട്. അവയിൽ പലതും 4,314 ഗ്രഹവ്യൂഹ (Planetary System) ങ്ങളോടനുബന്ധിച്ചുള്ളവയാണ്. എന്നുവച്ചാൽ അവ സൂര്യനെയോ, അതിനെക്കാൾ വലുതോ ചെറുതോ ആയ നക്ഷത്രങ്ങളെയോ ചുറ്റി സഞ്ചരിക്കുന്നു. ഇവയിൽ മിക്കതും വാതകഗ്രഹങ്ങളാണെങ്കിലും ചിലത് പാറക്കെട്ടുകൾ നിറഞ്ഞവയാണ്. ഭൂമിയുടെ പലമടങ്ങ് വലിപ്പമുള്ള സൂപ്പർ ഭൂമികളും ഇവയിൽപ്പെടും. ജീവന്റെ സാന്നിധ്യവും അവിടെ ഉണ്ടാവാം.


കോളനിവത്കരണത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകിയിട്ടുള്ളത് ചൊവ്വ ഗ്രഹത്തിനാണ്. എന്നാൽ ചൊവ്വയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനുമുൻപ് ചന്ദ്രനിൽ ഇടത്താവളങ്ങൾ ഒരുക്കേണ്ടതുണ്ട്. ചാന്ദ്രഗവേഷണത്തിൽ ഇന്ത്യയും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. ചന്ദ്രയാൻ-1, 2, 3 എന്നീ പദ്ധതികളിലൂടെ, ചന്ദ്രനെപ്പറ്റി വളരെ വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച് നമ്മൾ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. അടുത്ത ചന്ദ്രയാൻ പദ്ധതിയുടെ പ്രധാനലക്ഷ്യം അവിടത്തെ മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ്.


ഈ കഥ തീരുന്നില്ല. എന്നാൽ, നമ്മൾ നടത്തിയ നിരീക്ഷണങ്ങളുടെ പ്രസക്തി വരുംവർഷങ്ങളിൽ ലോകരാഷ്ട്രീയം എങ്ങനെ പരിണമിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഒമ്പതോളം ലോകരാഷ്ട്രങ്ങളിൽ ന്യൂക്ലിയർ ആയുധങ്ങളുണ്ട്. ഒരു ചെറിയ യുദ്ധംപോലും വളർന്ന ലോകമഹായുദ്ധമായിത്തീരില്ലെന്നുറപ്പില്ല. റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഇറാൻ യുദ്ധങ്ങൾ ഏതു ദിശയിലേക്ക് ലോകത്തെ കൊണ്ടുപോകുമെന്ന് ഇപ്പോഴും ഊഹിക്കാൻ വയ്യ.