അഭദ്രം കെണിക്കാലം – ഡോ. ആർ. സുരേഷ്

അഭദ്രം കെണിക്കാലം  – ഡോ. ആർ. സുരേഷ്

നിത്യമായ ഉറക്കം സ്വപ്നാത്മകമായൊരു മറികടക്കലാണ്. സ്ഥലകാലങ്ങളിലാകെ പടർന്നുപിടിച്ചിട്ടുള്ള മഹാസങ്കടമാണ് കവിതയിലാകമാനം  നനഞ്ഞൊലിക്കുന്നത്.  അസംബന്ധവും യുക്തിരഹിതവുമായിപ്പോവുന്ന അവസ്ഥയിലും വ്യവസ്ഥയിലും അന്തർലീനമായിരിക്കുന്ന വൈരുധ്യങ്ങളെയും ചരിത്രവാസ്തവങ്ങളെയുമെല്ലാം എടുത്തുപുറത്തേക്കിടുന്നു.  ഇവയെ മഴഭീഷണിയെന്ന പ്രമേയപരിസരത്തിനകത്ത് പ്രവേശിപ്പിച്ച് രൂപകാത്മകമാക്കുകയാണ്  അൻവറിന്റെ ഈ ഭുജംഗപ്രയാതകാവ്യം.


ശീലുകൾ കേട്ടാൽ അതിലങ്ങു മുഴുകുകയും  തുളച്ചുകയറുംപോലെ   അവ ഉള്ളിലെത്തുകയുംചെയ്യുന്ന  കുട്ടിക്കാലത്തെക്കുറിച്ച് അൻവർ ഓർമിക്കുന്നുണ്ട്.  പാടുകയും കവിത മൂളുകയുംചെയ്യുന്ന ബാപ്പ നാലിലോ അഞ്ചിലോ കവി പഠിച്ചിരുന്ന സമയത്ത്  ഖലീൽ ജിബ്രാന്റെ കവിത വായിക്കാനായി കൊടുത്തു.  ഈ കവിത ചൊല്ലിയപ്പോൾ പത്തുവയസ്സുകാരനായ കുട്ടിക്ക് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.  അതായത് കവിത എന്ന സാഹിത്യരൂപവുമായുള്ള ഗാഢബന്ധം വളരെ ചെറുപ്പത്തിൽത്തന്നെ അൻവറിൽ മുളപൊട്ടിയിരുന്നുവെന്നർഥം.  ജീവിതം കവിതയ്ക്കായുള്ള ഒരുക്കവും അണിയലും തോറ്റവും ഉറയലും അഴിയലുമാണെന്ന ഉത്തമബോധ്യത്തിലേക്കുവരാൻ കുട്ടിക്കാലം മുതലേയുള്ള സവിശേഷകാവ്യശിക്ഷണം അൻവറിനെ സഹായിച്ചിട്ടുണ്ടാവാം.  “മഴക്കാലം”  എന്ന കവിത 1990-കളുടെ ആരംഭത്തിലാണ്  രചിക്കുന്നത്.  മലയാളകവിതയിൽ ആധുനികതയുടെ ഭാഷാപരവും ഭാവപരവുമായ അമിതഭാരങ്ങൾ ഒഴിഞ്ഞുപോവാൻ തുടങ്ങുന്ന സന്ദർഭമാണത്.  കാല്പനികകാവ്യലോകത്ത് മാത്രമല്ല, ആധുനികകാവ്യരചനാരീതികളിലും  വിസ്മയാവൃതരായിനിന്ന് കാണ്മാനും നനയാനും വിരഹനേരങ്ങളിൽ കണ്ണീരാവാനും മഴയുടെ വിടർന്നുനിറയലിനാവുമായിരുന്നു.  പലപ്പോഴും കവിതയുടെ പര്യായപദം പോലെയത് തോന്നിപ്പിക്കുകയുംചെയ്തു.


 “ഈ പുതുമഴ നനയാൻ നീ കൂടിയുണ്ടായിരുന്നെങ്കിൽ ഓരോ തുള്ളിക്കും നിന്റെ പേരിട്ട് നാം ഒരേ തുള്ളിയാകുംവരെ” – എന്ന് പ്രണയാർദ്രമായി ഇളകിത്തെന്നിയത് ഡി.വിനയചന്ദ്രനാണ്.  മഴ പെയ്യിക്കുന്ന മേഘവാനായ ഈ കവിയുടെ ഭാവനാഭൂപടത്തിലുള്ള  കുന്നിമണിനെഞ്ചിലും കുളിരുകോരുന്ന മഴപ്പെയ്ത്തിന്റെ കാല്പനികവിതാനങ്ങളിൽനിന്നെല്ലാം അകലേക്ക് മാറിനിന്ന്  ഭാവസംവേദനം സാധ്യമാവുംവണ്ണമാണ്  അൻവർ “മഴക്കാലം” എന്ന കവിത രചിച്ചത്.  അത്യപൂർവഭംഗിയേറുന്ന വാങ്മയം ഒഴിവാക്കിക്കൊണ്ട് സാധാരണപദങ്ങളുടെ കാവ്യാത്മകമായ ഇഫക്ട് തേടിപ്പോവാനുള്ള ആർജവവും ഈ കവിത പങ്കുപറ്റുന്നുണ്ട്.  തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ വെള്ളത്തിന്റെ തള്ളിക്കയറ്റത്തെക്കുറിച്ച് അമ്മ പറഞ്ഞുകേട്ട കാര്യങ്ങൾ  ദേവകി നിലയങ്ങോട് രേഖപ്പെടുത്തിയിരിക്കുന്നു.  വീടിന്റെ ഇടനാഴികളിൽ ശക്തി നേടിയ വെള്ളത്തിന്റെ കുത്തും തള്ളലും തോണിയിലേക്ക് കയറി രക്ഷനേടുന്ന ചിന്തയിലേക്കെത്തിച്ചതിന്റെ സംഘർഷാത്മകമായ ചരിത്രാനുഭവം അവരുടെ “വെള്ളം” എന്ന ലേഖനത്തിൽ കാണ്മാനാവും. 


ഇമ്മാതിരി അപകടകരമായി ചുറ്റിത്തിരിയുന്ന അതിതീവ്രമഴയുടെ സൂക്ഷ്മഭാവ വൈവിധ്യങ്ങളാണ് അൻവറിന്റെ കവിതയുടെ അനുഭൂതിതലമാകെ പെയ്തിറങ്ങുന്നത്.  ഭുജംഗപ്രയാതം എന്ന സംസ്കൃതവൃത്തത്തിലാണ് കാവ്യരചനാനിർവഹണം.  വൃത്തത്തെ അതിന്റെ കൃത്യചതുരത്തിൽനിന്നു പലവിധം ഒടിച്ചുമടക്കിയെടുക്കാനും മുതിർന്നിരിക്കുന്നു.  പാരമ്പര്യം എന്ന “ഹൈന്ദവ”ഭാരം  ഇല്ലാതെ കവിതയിലെ മലയാളത്താളത്തിന്റെ ഇടറോഡുകളിൽ വണ്ടിയുരുട്ടിപഠിക്കലാണ് തനിക്ക് വൃത്തമെന്ന് കവി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.  പാമ്പിന്റെ സഞ്ചാരമെന്നാണ് ഭുജംഗപ്രയാതം എന്ന വാക്കിന്റെ അർഥം.  ഈ കവിതയുടെ താളഗതിയിലും ഇഴഞ്ഞും പുളഞ്ഞുമുള്ളൊരു ജലനീക്കം നമുക്കു ദർശിക്കാം.  മഴയും ഇടിയുംമിന്നലും കടുക്കുമ്പോൾ ഉരഗങ്ങൾ നടുങ്ങി മാളത്തിലേക്ക് പോവുമെന്നത്   ഒരു സാമാന്യ അറിവും ഒപ്പം മലയാളികൾക്ക് എഴുത്തച്ഛന്റെ പ്രസിദ്ധകാവ്യകല്പനയുമാണ്.  എന്നാൽ, മാളത്തിലേക്ക് ഒളിച്ചുപോയ പാമ്പിനെ അൻവർ പുറത്തേക്കെടുത്ത് താളഭദ്രമാക്കുകയാണിവിടെ. 


മഴയല്ല, മഴക്കാലമാണ് ഇവിടെ കാവ്യപ്രമേയമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്.  കടന്നുപോകുന്ന പ്രവാഹരൂപിയായ കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലായത് പരിണമിക്കുന്നു.  അമ്മ കുഞ്ഞിനോട് ഓതിക്കൊടുക്കുന്ന രീതി   ആധുനികകാലത്ത് കുമാരനാശാൻതന്നെ തുടങ്ങിവച്ചിട്ടുണ്ട്.  അവിടെ നാം കണ്ട ഭാവനയുടെ ചിറകുകളരിയുന്ന അമ്മയിൽനിന്നു തികച്ചും ഭിന്നമാണ് അൻവറിന്റെ കവിതയിലെ മാതൃസ്വരൂപം.  കടമ്മനിട്ടയുടെ ‘കോഴി’ക്കവിതയിലേതുപോലെ ഭാവനാപരതയ്ക്കൊപ്പം അപകടപെരുപ്പമേറുന്ന  സമകാലാവിഷ്കാരവും ചേർത്തിണക്കി പെയ്തുതിമിർക്കുന്ന കാവ്യലോകം ഇവിടെയുണ്ട്.


 മഴക്കാലമാണ്

 മറക്കേണ്ട കുഞ്ഞേ,

 മനസ്സീർപ്പമാർന്ന്

 മഹാരോഗമൊന്നും

 വരുത്തേണ്ട കുഞ്ഞേ

 കെണിക്കാലമാണ്

 തണൽച്ചോട്ടിൽ നിന്നാൽ

 മരക്കൊള്ളി വീഴും

 മറക്കേണ്ട കുഞ്ഞേ,

 തലച്ചോറിനൊന്നും

 വരുത്തേണ്ട കുഞ്ഞേ


കുഞ്ഞിന്റെ മനസ്സും തലച്ചോറും ആക്രമിക്കാനെത്തുന്ന മഴക്കാലസൂചനയാണ് അൻവറിന്റെ കവിതയിൽ ആദ്യം കടന്നുവരിക.  ശങ്കരാചാര്യർ തന്റെ ഭുജംഗപ്രയാതകാവ്യം രചിച്ചപ്പോഴും രോഗവും മാനസികരോഗവും അതിനെല്ലാമുള്ള മറുമരുന്നുമൊക്കെയായിരുന്നു പ്രമേയമായി വന്നത്.  എന്തായാലും ഇവിടെ മനസ്സിന് ഈർപ്പം വരുമെന്ന്  പറയുകവഴി  ആശാൻകവിതയിലെ അമ്മയുടെ മനോനിലയെ ധിക്കരിക്കാനും ഭാവനാനിഷ്ഠമായ ആഖ്യാനത്തിലേക്ക് കുതിർന്നുപോവാനുമാവുന്നു.  അഭയമെന്നു തോന്നിപ്പിക്കുന്ന തണലുകളും അലങ്കാരഭദ്രമെന്നു കരുതി ഓടിച്ചെല്ലാനായി ക്ഷണിക്കുന്ന ഇലച്ചാർത്തുകളുമെല്ലാം വെറും കെണിയൊരുക്കലുകൾ മാത്രമാണിവിടെ.  നമ്മുടെ ബൗദ്ധികതലത്തെയും ചിന്താശേഷിയെയും കീഴ്പ്പെടുത്തിക്കളയുവാൻ പര്യാപ്തമായ കപടാശയ നിർമിതികളുമായെത്തുന്ന  അധികാരവ്യവസ്ഥയെത്തന്നെയാണ് കവിതയിൽ ധ്വന്യാത്മകമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. 


കുരുക്കിലകപ്പെട്ടുപോയ മനസ്സും തലച്ചോറുമുള്ള തലമുറകളെ അഭിമുഖം നിറുത്തിയാൽ മാത്രമേ  കാരുണ്യരഹിതവും ഹൃദയശൂന്യവുമായ ഭരണകൂടങ്ങൾക്ക് ചൂഷണോന്മുഖമായി നിലനില്ക്കാനാവൂ.  ഇറ്റാലിയൻ ചിന്തകനായ അന്തോണിയോ ഗ്രാംഷി  മുന്നോട്ടുവച്ച ഭരണകൂടത്തിന് അനുകൂലമാംവണ്ണമുള്ള പ്രത്യയശാസ്ത്ര മേൽക്കോയ്മയേല്പിക്കുന്ന ആഘാതങ്ങളിലേക്കുവരെ ധ്വനിപാഠം  പടർന്നുപോവുന്നുണ്ട്.  ഭൗതികോത്പാദനം നിയന്ത്രിക്കുന്ന വിഭാഗങ്ങൾതന്നെ മാനസികോത്പാദനത്തെയും നിർണയിക്കുമെന്ന് മാർക്സ് ചിന്തിച്ചിരുന്നതായി ടെറി ഈഗിൾടണും നിരീക്ഷിക്കുന്നു.  എന്നാൽ, ഈ ആശയത്തിനു ശക്തിയേറിവന്നത് മാധ്യമപ്രാധാന്യമേറിയ മുതലാളിത്തലോകത്താണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.  അൻവറിന്റെ കവിതയിൽ മഴക്കാലത്തിനു സമാന്തരമായി പ്രത്യക്ഷപ്പെടുന്ന “ജ്വലൽക്കാല”വും ശ്രദ്ധാർഹമാണ്.  തീവ്രവും പ്രതിരോധസന്നദ്ധവും ക്രിയാത്മകവുമായ ഭൂതകാലത്തിന്റെ വിചാര,വികാരാവേഗങ്ങളെ ഉൾക്കൊള്ളുന്ന പരികല്പനയാണിത്.  വസന്തത്തിന്റെ ഇടിമുഴങ്ങിയ കാലസംബന്ധിയായ  ഭൂതകാലജീവിതാവസ്ഥയിലേക്കുവരെ അതു നീളുന്നുമുണ്ട്.


പി.പി.രാമചന്ദ്രന്റെ ‘മാമ്പഴക്കാലം’ എന്ന കവിതയിൽ നാട്ടിൻപുറത്തെ മാങ്ങകളുടെ രുചി മാംഗോഫ്രൂട്ടിക്ക് ഉള്ള പോലെയാണോയെന്ന തുടക്കച്ചോദ്യത്തിൽ മാത്രമാണ്  കൊച്ചുമകളുള്ളത്.  പിന്നീട് അച്ഛന്റെ ഏകപക്ഷീയഭാഷണത്തിൽ മാത്രമായാണ് ഈ കവിത ഇണങ്ങിനില്ക്കുന്നത്.  എന്നാൽ അൻവറിന്റെ ‘മഴക്കാലം’ ഇതിൽനിന്നു ഭിന്നമാണ്.  അമ്മയും കുഞ്ഞും തമ്മിലുള്ള സംഭാഷണം ഇവിടെ കാണ്മാനാവും.  സംവാദാത്മകമാണെന്നർഥം.  ദുരന്തനിർഭരവും നിരാശാഭരിതവുമായ  സമകാല സന്നിഗ്ദ്ധതകളെക്കുറിച്ചുള്ള    തിരിച്ചറിവ് കുഞ്ഞിനുമുണ്ട്.  മടുപ്പെന്ന പരാമർശത്തോടെയാണ് കുഞ്ഞിന്റെ തിരനോട്ടം.


 മടുത്തെന്റെയമ്മേ,


 ഇറമ്പത്തിരുന്നീ കരിങ്കാക്ക ‘കാകാ ‘


 വിളിക്കുന്നു കൂടെ കളിക്കുവാനെന്നെ.


ആശാന്റെ കവിതയിലെ ചിത്രശലഭത്തിന്റെ സ്ഥാനം ഇവിടെ ലഭ്യമാവുന്നത് കരിങ്കാക്കയ്ക്കാണ്.  നിറവും ശബ്ദവും സവിശേഷമാക്കികൊണ്ടാണ് കാക്കയുടെ രംഗപ്രവേശമെന്നതും ശ്രദ്ധേയമാവുന്നു.  കൂടെ കളിക്കാൻ കുഞ്ഞിനെ ക്ഷണിക്കുന്ന കാക്കയ്ക്ക് ചിറകിന്റെ കുടക്കാവലുണ്ടെന്ന് ഉപമാനോപമേയഭാഷയിൽ അമ്മ ഭാവനാരൂപിണിയാവുകയാണ്. ‘തെറ്റി നിനക്കുണ്ണി തെറ്റി ‘എന്ന് അലറിവിളിച്ചിടത്തുനിന്നു    അപ്പാടെ മാറി നിരന്തരം തെറ്റുകയും തെന്നുകയും ചെയ്യാൻപറ്റുന്ന കാവ്യാത്മകതയിലാണ് ഈ കവിതയിലെ അമ്മയുള്ളത്.  ഭാവത്തിലും ഭാഷയിലും ക്രമഭംഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഈ അമ്മയിൽനിന്നു  പകർച്ചവ്യാധിപോലെ പടർന്ന ഭാവനാക്ഷമതയാണ് കുഞ്ഞിനുമുള്ളത്.  മഴവില്ലിന്റെ ചുവപ്പിനോടും ചിരിയോടും ചേർത്തുനിറുത്തി കുഞ്ഞിനുള്ളിൽ വർണനാസാമർഥ്യം തിരയേറുന്നു.  ഇത്തരം സ്വപ്നസാന്ദ്രാനുഭവങ്ങളെ അതിക്രമിക്കും മട്ടിലേക്കാണ് ആഴമേറിയ അനീതികളേല്പിച്ച ജീവിതാവസ്ഥാന്തരങ്ങളെ കവിത കൺമുന്നിൽക്കൊണ്ട് നിറുത്തുന്നത്.  കുഞ്ഞിന്റെ ബഹുവർണസമൃദ്ധമായ കുട തുരുമ്പിക്കുകയും പൂച്ചയെ അടിക്കാനുള്ള കേവലം വെറുമൊരു ഉപകരണം മാത്രമായത് ചുരുങ്ങുകയുംചെയ്യുന്നു.


കുടക്കമ്പിയെല്ലാം

തുരുമ്പിച്ചു കുഞ്ഞേ,

അടുപ്പിന്റെ ചോട്ടിൽ

ചടയ്ക്കുന്ന പൂച്ച –

യ്ക്കടിക്കുവാനമ്മ –

യെടുത്തെന്റെ കണ്ണേ.


അടുപ്പും അടുത്തും ചടയ്ക്കലും അടിയുമെല്ലാം  ചേർന്നുള്ള  ‘ട’ പെരുക്കത്തിൽ   ട  യുടെ സ്ഥിരഭാവസ്ഥാനമായ രൗദ്രതയല്ല, വിനാശകാലസംബന്ധിയായ പ്രത്യക്ഷസൂചനകളാണ് അനാവൃതമാകുന്നത്. വേനൽക്കാറ്റിന്റെ നിഗൂഢപഥങ്ങളിലൂടെ നടന്നുമറഞ്ഞ  അച്ഛന്റെ  മടങ്ങിവരവുസംബന്ധിയായ നിശ്ചയമില്ലായ്മ   കവിതയ്ക്കുള്ളിൽ വലിയൊരു നടുക്കമാവുന്നു.  ഒരു പ്രത്യാശയും പകർന്നുതരാതെ നിസ്സഹായമാവുന്ന ജീവിതംപോലെ മഴക്കാലം നിന്നുപെയ്യുകയാണത്രേ. 


ചലിച്ചുപോയൊരാൾ തിരിച്ചെത്താത്തതിൽ പതിയിരുന്ന നിശ്ചലകാലത്തിന്റെ ദുരിതപർവം കവിതയാകെ ഗ്രസിച്ചുകിടപ്പുണ്ട്.  എല്ലാ ആഗ്രഹചിന്തകളുടെയും പ്രവാഹം നിലയ്ക്കുകതന്നെയാണ്.  മഴക്കാറിൽ മദയാനയെ ജ്വലിപ്പിച്ചുനിറുത്തിയ കാളിദാസഭാവന ഓർമിക്കുക.  അൻവറിന്റെ കവിതയിൽ ലളിത മലയാളവിന്യാസത്തിനകത്തുകൂടി തിളച്ചുയരുന്ന അശുഭ ജീവിതതീക്ഷ്ണത അതിസങ്കീർണം തന്നെ. അമ്മയ്ക്ക് കുഞ്ഞിനെ കണ്ണായും ഉപ്പായും വിത്തായും ബോധ്യപ്പെടുന്നുണ്ട്.  ഏതു ദുർവിധിയുടെ മരുഭൂമിയിലും ഉയർത്തിപ്പിടിക്കപ്പെട്ട ‘ശാന്താ’കാവ്യത്തിലെ  കടമ്മനിട്ടത്തമാണ് ഇവിടെ ഇരമ്പിക്കയറുന്നത്.  കാവ്യപാദങ്ങൾ മുറിച്ചുമാറ്റിക്കൊണ്ട് ഭുജംഗപ്രയാതത്തെ പ്രക്ഷീണമാക്കാൻ യത്നിക്കുമ്പോഴും ഈ വൃത്തത്തിനുള്ളിലൊഴുകുന്ന നാട്ടുതാളത്തെ സമർഥമായി നിലനിറുത്തിപ്പോരുന്നുമുണ്ട്. ബിംബഭാഷയെ നിരാകരിക്കുകയും ദുരൂഹമായ പദങ്ങളിൽനിന്നും പദസംയുക്തങ്ങളിൽനിന്നും വിടപറഞ്ഞുപോവുകയും ചെയ്യുന്ന  പരിചരണമര്യാദകളിലൂടെ കവിതയ്ക്ക് അന്തർനാദമായിമാറിയ  തീരാവ്യഥയെ  തോരാതെ നിലനിറുത്താനുമാവുന്നു.   ഇനിപ്പായവൻ ചവർപ്പായി മാറുന്നതിനുമുമ്പ് ഉറങ്ങാനുള്ള ഉപദേശം കവിതയിൽ കടന്നുവരുന്നു.  സ്വാസ്ഥ്യമറിയാതെ നിലനില്ക്കുന്നതിലും ഭേദം സർവം മറന്ന് ഉറങ്ങുകതന്നെയാണ്.  കൃത്യമായി വ്യവച്ഛേദിക്കാനാവാത്ത വിധമാണ്  ഇനി കവിതയുടെ സൂക്ഷ്മചലനം.  ഒന്നുകിലത് ഉറങ്ങുന്ന നേരത്ത് തെളിഞ്ഞുവരുന്ന സ്വപ്നമാവാം.  അല്ലെങ്കിൽ പുറത്ത് തോരാൻ തയാറാവുന്ന മഴയുടെ സാന്ത്വനാശ്ലേഷവുമാവാം.  സസന്ദേഹാലങ്കാരത്തിന്റെ പെയ്തുവീഴൽ എന്തായാലും നക്ഷത്രത്തെപ്പോലെ തോന്നിക്കുന്ന കുഞ്ഞ് വിചിത്രമാംവണ്ണം ദേവനായി എഴുന്നള്ളിനില്ക്കുകയാണ്.  എല്ലാ എഴുന്നള്ളത്തും പ്രസാദിക്കാനായുള്ളതാണല്ലോ.  ഈ നക്ഷത്രത്തിനുള്ളിൽ പ്രതീക്ഷയുണർത്തുന്ന ക്രിയാംശമുണ്ട്.  മഴയത്തൊതുങ്ങിയടങ്ങിപ്പോയ കുഞ്ഞ്  പുറത്തേക്കിറങ്ങി കളിക്കാൻ പോകുമ്പോഴും അമ്മ ഉൾക്കാഴ്ചയേറുന്ന ഉപദേശരൂപിണിയാവുന്നു.


 കളിച്ചോളു, പക്ഷേ

 മഴക്കോട്ട കെട്ടാൻ

 പടച്ചോനു വേണ്ടാ

 പെരുത്തിന്നു നേരം.


എല്ലാത്തിനെയും നിയന്ത്രിക്കാൻ പ്രാപ്തിയുള്ള അധികാരവ്യവസ്ഥ ഏതു നിമിഷവും ദുരന്തവാഹിയായ മഴക്കാലവുമായെത്താം.  വീണ്ടുവിചാരം ലവലേശമില്ലാതെ നാം ചലിക്കുന്നത് ഇത്തരം വ്യവസ്ഥകൾക്ക് അനുസൃതമായിമാത്രമെന്ന തിരിച്ചറിവിലേക്ക് അമ്മ  സഞ്ചരിച്ചെത്തുന്നു.  ഒന്നുകിൽ ഈയൊരു വിചാരഗതി സ്വന്തമാക്കുക. അല്ലെങ്കിൽ ഉറങ്ങാൻ തുടങ്ങുക.  നിത്യമായ ഉറക്കം സ്വപ്നാത്മകമായൊരു മറികടക്കലാണ്. സ്ഥലകാലങ്ങളിലാകെ പടർന്നുപിടിച്ചിട്ടുള്ള മഹാസങ്കടമാണ് കവിതയിലാകമാനം  നനഞ്ഞൊലിക്കുന്നത്.  അസംബന്ധവും യുക്തിരഹിതവുമായിപ്പോവുന്ന അവസ്ഥയിലും വ്യവസ്ഥയിലും അന്തർലീനമായിരിക്കുന്ന വൈരുധ്യങ്ങളെയും ചരിത്രവാസ്തവങ്ങളെയുമെല്ലാം എടുത്തുപുറത്തേക്കിടുന്നു.  ഇവയെ മഴഭീഷണിയെന്ന പ്രമേയപരിസരത്തിനകത്ത് പ്രവേശിപ്പിച്ച് രൂപകാത്മകമാക്കുകയാണ്  അൻവറിന്റെ ഈ ഭുജംഗപ്രയാതകാവ്യം.