ഹെന്റമ്മോ – സി. രാധാകൃഷ്ണൻ
മുൻവാക്ക്
‘എന്റമ്മോ, എനിക്ക് വയ്യേ!’ എന്നാണ് ഏതു ഗജകേസരിയും അവശനാകുമ്പോൾ കരയാറ്. ഇങ്ങനെ ചെയ്യുന്നത് മരുമക്കത്തായക്കാർ മാത്രം ഒന്നുമല്ലതാനും.
എന്തുകൊണ്ടാണ് ഇങ്ങനെ എന്നു ഞാൻ ഈയിടെ ഏറെ ആലോചിച്ചു. അമ്മമാരുടെ ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് ആയിരുന്നു പ്രചോദനം.
റിപ്പോർട്ടിൽ പറയുന്നതായി കേട്ട കാര്യങ്ങൾ ആർക്കും ഭൂഷണമോ സന്തോഷകരമോ അല്ലെന്ന് ഏതു ചാലിലൂടെ ഒഴുകിവരുന്ന ഏതിലും തെളിഞ്ഞു കാണാവുന്നതിനാൽ എന്റെ ചിന്ത പെട്ടെന്ന് പോയത് ഇതിന് എന്ത് പരിഹാരം കാണാമെന്ന വഴിക്കാണ്. ഉടനെ ഒരു പരിഹാരം കണ്ടുകിട്ടുകയും ചെയ്തു.
അമ്പരപ്പുളവാക്കുന്ന ഒരു അത്ഭുതമായിട്ടാണ് ആ പരിഹാരം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതാ, അത് ഇങ്ങനെ ആയിരുന്നു: അമ്മ പെറ്റ മക്കളല്ലാതെ മനുഷ്യരാരും ഈ ഭൂമിയിൽ ഇല്ലല്ലോ. ഗർഭഭാരം ചുമന്ന് നൊന്തു പെറ്റ് കഷ്ടപ്പെട്ട് മുലയൂട്ടി പരിചരിച്ച് അവരെ എല്ലാവരെയും വളർത്തിക്കൊണ്ടുവരുന്നതും സ്ത്രീകൾ തന്നെ. സന്തതി ആണായാലും പെണ്ണായാലും ഇതിന് ഒരു മാറ്റവും ഇല്ല. അപ്പോൾ, ഭൂമിയിലുള്ള അമ്മമാർ മനസ്സിരുത്തി ഇവിടെ ആരും ആരെയും ഒരുതരത്തിലും ഉപദ്രവിക്കില്ലെന്ന് ഉറപ്പാകുന്ന രീതിയിൽ എല്ലാ കുട്ടികളെയും വളർത്തിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ?
എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടു നടപ്പിലാക്കാൻ അമ്മമാരെ ശക്തരാക്കുകയല്ലേ വേണ്ടൂ?
അമ്മമാർ ഈ കാര്യത്തിന് ശ്രമിക്കാതില്ല എന്നു ചുറ്റും നോക്കിയാൽ കാണാം. അവർക്കതു സാധിക്കാത്തത് മിക്കപ്പോഴും മറ്റു അമ്മമാരിൽനിന്നോ താമസിയാതെ അമ്മമാർ ആകാൻ പോകുന്നവരിൽനിന്നോ ഉള്ള തടസ്സം കൊണ്ടുതന്നെയും.
‘പെൺകോന്ത’നായ മകനോട് നാട്ടിലെ പല അമ്മമാരും പണ്ടേ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘കുരുത്തംകെട്ടവനേ, ഞാൻ നിന്റെ തള്ളയോ അതോ വെറും ചേമ്പിന്റെ തള്ളയോ?’
അതുകഴിഞ്ഞ്, ആ ചോദ്യത്തിനു കാരണക്കാരിയായ മരുമകൾ അമ്മായിയമ്മ ആകുമ്പോൾ ഇതേ ചോദ്യം പലപ്പോഴും ആവർത്തിക്കേണ്ടിവരാറുമുണ്ട്.
ഇനി അതും വേണ്ട, ഈ നാട്ടിലെ പുരുഷന്മാരൊക്കെ എന്തു കാര്യത്തിലും മര്യാദക്കാരാവാൻ ഇവിടത്തെ സ്ത്രീകൾ വിചാരിച്ചാൽ പോരെ? അമ്മയോ പെങ്ങളോ ഭാര്യയോ കാമുകിയോ ആയി ആരെങ്കിലുമില്ലാത്ത ആരുണ്ട് ഈ ഭൂമിയിൽ? ഇവരെയെല്ലാം ഒരുപോലെ ധിക്കരിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? ദേവേന്ദ്രനെ മുതൽ സാക്ഷാൽ ജൂലിയസ് സീസറെ വരെ വരച്ച വരയിൽ നിർത്താൻ കഴിവുള്ളവർ എങ്ങനെ അബലകൾ ആവുന്നു?
ഈ ഭൂമിയിൽ ക്രമമായിട്ടും അക്രമമായിട്ടും ആരു കാണിക്കുന്ന എന്തുമേതും എന്തിനാണ്? തനിക്ക് സന്തോഷം ഉണ്ടാവാൻ എന്നാണല്ലോ ഉത്തരം. മറ്റ് ആരെയെങ്കിലും ഒക്കെകൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ളതല്ലാതെ സന്തോഷം വല്ലതും ആർക്കെങ്കിലും ഭൂമിയിൽ സാധ്യമാണോ? പാതകമാണ് ചെയ്യുന്നതെങ്കിൽ പക്ഷേ, ആർക്കുവേണ്ടിയാണോ അതു ചെയ്യുന്നത് ആ ഇഷ്ടകക്ഷി ഈ ദുഷ്ടതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? ഇല്ല എന്ന നേര് മുഖത്തുനോക്കി പറയുകയല്ലേ വേണ്ടി വന്നുള്ളൂ, ഒരു പെരുങ്കള്ളന്റെ വീട്ടുകാരിക്ക് അയാളെ വാല്മീകി മഹർഷിയാക്കി മാറ്റാൻ? അപ്പോൾ, സ്ത്രീകൾ വിചാരിച്ചാൽപ്പോരെ ഈ ഭൂമിയിൽ ആരെയും, ഒരു മഹര്‍ഷി ആയില്ലെങ്കിൽ വേണ്ട, ഒരു സാദാ മര്യാദക്കാരനെങ്കിലും ആക്കാൻ?
ചുരുക്കം: ആണായാലും പെണ്ണായാലും, അധികാരമോ ആയുധമോ പണമോ വല്ലതും കൈയിൽ കിട്ടുമ്പോൾ അക്രമം കാണിക്കാതിരിക്കണമെങ്കിൽ നിയമം ഉണ്ടായാൽപ്പോരാ, മനുഷ്യത്വത്തിന്റെ മനോഹരപുഷ്പമായ മനഃപാകം എന്ന സംസ്കാരം കൂടാതെ കഴിയില്ല. എത്ര ഉറക്കെ നിലവിളിച്ചാലും, ചങ്കുപൊട്ടി തർക്കിച്ചാലും മതിയാവില്ല, നിശ്ചയം.
അതെ, കല്ലെറിയാനുള്ള അവകാശത്തിന് പാപം ചെയ്യാത്തവർ മാത്രമേ അർഹരായി ഉണ്ടാകാവൂ. അതിന് ആൺ ഭേദവും പാടില്ല.