പ്രശസ്തിയെ തടയാൻ ശ്രമിച്ച് പ്രശസ്തനായൊരാൾ – എന്‍.ഇ.സുധീര്‍

പ്രശസ്തിയെ തടയാൻ ശ്രമിച്ച് പ്രശസ്തനായൊരാൾ – എന്‍.ഇ.സുധീര്‍

മൊഴിയാഴം


പുതിയകാല എഴുത്തുകാർ പ്രശസ്തിയോട് കാണിക്കുന്ന അതിരുവിട്ട അഭിവാഞ്ഛ എന്നെ കുറച്ചൊക്കെ അസ്വസ്ഥനാക്കാറുണ്ട്. സ്വാഭാവികമായി വന്നുചേരുന്ന പ്രശസ്തിയെ ഉൾക്കൊള്ളുന്നതു മനസ്സിലാക്കാം. മറിച്ച്, പ്രശസ്തിക്കായ് എന്തും ചെയ്യാം എന്ന നിലപാടുമാറ്റം പുതിയകാല എഴുത്തുകാർക്കിടയിൽ വ്യാപകമായി കടന്നുവന്നിട്ടുണ്ട്.


പ്രശസ്തി ഭാരമാണോ എന്നൊരിക്കൽ ഞാൻ എംടിയോട് ചോദിച്ചു. അതേ, പ്രശസ്തി മിക്കപ്പോഴും ഭാരമാണ് എന്നദ്ദേഹം മറുപടി പറഞ്ഞു. വന്നുചേരുന്ന പ്രശസ്തിയെ വൈകാരികമായി ഏറ്റെടുക്കുന്നയാളല്ല എം.ടി. വാസുദേവൻ നായർ. അദ്ദേഹം അതിലൊട്ടും സന്തോഷം കൊള്ളാറുമില്ല. എഴുത്തുകാരിൽ അത്തരക്കാർ വളരെ കുറവാണെന്നെനിക്കറിയാം. എന്നാൽ, പുതിയകാല എഴുത്തുകാർ പ്രശസ്തിയോട് കാണിക്കുന്ന അതിരുവിട്ട അഭിവാഞ്ഛ എന്നെ കുറച്ചൊക്കെ അസ്വസ്ഥനാക്കാറുണ്ട്. സ്വാഭാവികമായി വന്നുചേരുന്ന പ്രശസ്തിയെ ഉൾക്കൊള്ളുന്നതു മനസ്സിലാക്കാം. മറിച്ച്, പ്രശസ്തിക്കായ് എന്തും ചെയ്യാം എന്ന നിലപാടുമാറ്റം പുതിയകാല എഴുത്തുകാർക്കിടയിൽ വ്യാപകമായി കടന്നുവന്നിട്ടുണ്ട്. ഇതെപ്പറ്റി ആലോചിച്ചപ്പോഴാണ് ജെ.ഡി.സാലിഞ്ജറെ (J.D.Salinger) ഞാനോർത്തത്. “He was famous for not wanting to be famous” എന്നാണ് അദ്ദേഹത്തെപ്പറ്റി പുസ്തകമെഴുതിയ ബ്രിട്ടീഷ് ചരിത്രകാരനായ ഇയാൻ ഹാമിൽട്ടൺ കൃത്യമായി അടയാളപ്പെടുത്തിയത്.


1951-ൽ പ്രസിദ്ധപ്പെടുത്തിയ ‘The Catcher in the Rye’ എന്ന നോവലിലൂടെയാണ് അമേരിക്കക്കാരനായ ജെറോം ഡാവിസ് സാലിഞ്ജർ പ്രശസ്തനായത്. ന്യൂയോർക്ക് സിറ്റിയിലെ ഒരു കൗമാരക്കാരന്റെ കഥപറയുന്ന ഈ നോവൽ യുവാക്കളുടെയിടയിൽ ഏറെ സമ്മതി നേടി. പുറത്തുവന്നയുടനെത്തന്നെ ഒരു കൾട്ട് സ്റ്റാറ്റസ് അതു നേടിയെടുത്തു. ധിക്കാരിയും അതേസമയം ലോലഹൃദയനുമായ ഹോൾഡൻ കോൾഫീൽഡ് എന്ന നായകകഥാപത്രത്തിന് വായനക്കാരുടെയിടയിൽ വലിയ താരപരിവേഷം നേടാനായി. അതിലെ നാടൻഭാഷയും നർമ്മബോധവും ഏറെ സ്വീകരിക്കപ്പെട്ടു. ഇരുപതാംനൂറ്റാണ്ടിലെ അമേരിക്കൻസാഹിത്യത്തിലെ വേറിട്ടൊരു ശബ്ദമാണ് സാലിഞ്ജർ കേൾപ്പിച്ചതെന്ന് വിലയിരുത്തലുണ്ടായി. അങ്ങനെ അദ്ദേഹം പെട്ടന്ന് പ്രശസ്തനായി. എന്നാൽ, സാലിഞ്ജർ ഇതിനു നിന്നുകൊടുത്തില്ല. പുസ്തകം പുറത്തുവന്ന് അധികം വൈകാതെ അദ്ദേഹം രംഗംവിട്ടു. പ്രശസ്തിയെ തിരസ്കരിച്ചുകൊണ്ട് തന്റെ വ്യക്തിജീവിതത്തിനുചുറ്റും മതിലുകൾപണിതു. ഒരു പരിവ്രാജകജീവിതത്തിലേക്ക് നോവലിസ്റ്റ് ഉൾവലിഞ്ഞു. അതോടെ അദ്ദേഹത്തെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾപോലും ലഭ്യമല്ലാതായി. തുടർന്ന്, എഴുത്തിലും അദ്ദേഹം വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. ആ ഒരു നോവലും പതിമൂന്നോളം കഥകളുമാണ് ആകെ എഴുതിയത്. അറിയപ്പെടുന്നതിനോടുള്ള വിമുഖത അതീവ ജാഗ്രതയോടെ വച്ചുപുലർത്തിയ ഒരെഴുത്തുകാരനെന്ന നിലയിലാണ് അദ്ദേഹം പിന്നീടറിയപ്പെട്ടത്.


1989-ൽ ഇയാൻ ഹാമിൽട്ടൺ സാലിഞ്ജറുടെ ജീവചരിത്രം തയാറാക്കാൻ ഒരു ശ്രമം നടത്തി. അദ്ദേഹം സഹകരിച്ചില്ലെന്നു മാത്രമല്ല ഹാമിൽട്ടണെ തടസ്സപ്പെടുത്തുകയും ചെയ്തു. ഹാമിൽട്ടൺ പിന്മാറിയില്ല. അദ്ദേഹം നോവലിസ്റ്റിന്റെ പരിചയക്കാരെയെല്ലാം ആശ്രയിച്ച് പല വിവരങ്ങളും കണ്ടെത്തി, സ്വകാര്യകത്തുകൾ കൈക്കലാക്കി. അങ്ങനെ ഏറെക്കാലത്തെ അധ്വാനത്തിനുശേഷം ഒരു ജീവചരിത്രം തയാറാക്കി. ഇതറിഞ്ഞ സാലിഞ്ജർ തന്റെ സ്വകാര്യത നിലനിറുത്താനും ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നത് തടയാനുമായി നിയമത്തിന്റെ വഴിതേടി. ഒടുക്കം അതൊരു വലിയ നിയമയുദ്ധത്തിൽ കലാശിച്ചു. കോടതി പുസ്തകത്തിലെ പല ഭാഗങ്ങളും നീക്കംചെയ്ത് പ്രസിദ്ധപ്പെടുത്താൻ അനുവാദം നൽകി. അങ്ങനെ പുറത്തുവന്ന പുസ്തകമാണ് ‘In search of J. D. Salinger’ എന്നത്. 1919-ൽ ജനിച്ച സാലിഞ്ജർ ജീവിച്ചിരിപ്പുണ്ട് എന്നതുപോലും ലോകമറിഞ്ഞത് വല്ലപ്പോഴും കോടതികളിലെത്തിയിരുന്ന കേസുകളിലൂടെ മാത്രമായിരുന്നു. 2009 ജൂൺ മാസം ‘ദ കാച്ചർ ഇൻ ദ റൈ’ എന്ന നോവലിന് ഒരു അനുബന്ധ നോവലെഴുതാൻ മറ്റൊരെഴുത്തുകാരൻ രംഗത്തെത്തി. അതിന്റെ പ്രസിദ്ധപ്പെടുത്തൽ തടയണമെന്ന ആവശ്യവുമായി സാലിഞ്ജർ കോടതിയിലെത്തി. 2010-ൽ അദ്ദേഹം അന്തരിച്ചു. അങ്ങനെ പ്രശസ്തിയുമായുള്ള അദ്ദേഹത്തിന്റെ യുദ്ധം അവസാനിച്ചു. പ്രശസ്തിയെപ്പുണരാൻ വെമ്പുന്ന തലമുറ സാലിഞ്ജറെ അറിയുന്നത് നല്ലതാണ്.


എഴുത്തുകാരുടെ പക്ഷം


“ഞാനെന്റെ മുടിവെട്ടുകാരന്റെ അടുത്തേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ വഴിയിൽവച്ച് ഒരു പോലീസുകാരൻ എന്നെ പിടിച്ചുകൊണ്ടുപോയി. കുറച്ചകലെയുള്ള ഒരു വലിയ കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് അയാളെന്നെ എത്തിച്ചത്. അവിടെ ഒരു മേശയ്ക്കുചുറ്റുമായി മൂന്നാളുകൾ ഇരിപ്പുണ്ടായിരുന്നു. എലിമ്പനായ ഒരു കുറിയ മനുഷ്യനായിരുന്നു അവരുടെ നേതാവ്. കണ്ടയുടനെത്തന്നെ തിരിച്ചറിയൽകാർഡ് ആവശ്യപ്പെട്ടുകൊണ്ട് അവരെന്നോട് സംസാരിച്ചു തുടങ്ങി.”


“അപ്പോൾ നമ്മൾ വീണ്ടും കാണുകയാണ്, അല്ലേടി തേവിടിശ്ശി… “സത്യത്തിൽ ഞാനയാളെ മുമ്പൊരിക്കലും കണ്ടിരുന്നില്ല. അയാൾ സംസാരം തുടർന്നു. “പണവും സൗന്ദര്യവർദ്ധകവസ്തുക്കളും വാങ്ങി നീ എട്ട് അറബി വിദ്യാർത്ഥികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടുവല്ലേ?”


“അതുകേട്ട് ഞെട്ടിയ ഞാൻ പറഞ്ഞു: “ഏതെങ്കിലുമൊരു അറബി വിദ്യാർത്ഥിയെ ഞാനിതുവരെ കണ്ടിട്ടുപോലുമില്ല.” അയാളുടെ മറുപടി വൈകിയില്ല.“വേണമെങ്കിൽ ഇരുപത് അറബി വിദ്യാർത്ഥികളെ സാക്ഷികളാക്കി നിന്നെ ഒന്നാന്തരമൊരു വിചാരണ നടത്തിക്കളയാം.”


“ഇങ്ങനെ സംസാരിക്കുന്നതിനിടയിൽ അയാൾ എന്നിൽനിന്നു വാങ്ങിയ എന്റെ തിരിച്ചറിയൽകാർഡ് വീണ്ടുംവീണ്ടും നിലത്തിട്ടുകൊണ്ടിരുന്നു. ഓരോ തവണയും ഞാനതു കുനിഞ്ഞ് എടുത്തുകൊണ്ടിരിക്കണം. ഒരു മുപ്പത്, നാല്പത് തവണ കഴിഞ്ഞപ്പോൾ ഞാൻ ക്ഷീണിച്ചുതുടങ്ങി. കുനിഞ്ഞെടുക്കൽ പതുക്കെയായതോടെ അയാളെന്റെ പുറത്ത് കൈക്കൊണ്ട് ഇടിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ആ മുറിയുടെ വാതിലിനുപുറകിൽനിന്നായി ഒരു സ്ത്രീയുടെ രോദനം കേൾക്കാനിടയായി. അവർ ക്രൂരമർദ്ദനത്തിനോ ബലാൽസംഗത്തിനോ വിധേയയായതുപോലെ തോന്നിച്ചു. അതോ ടേപ്പ് റിക്കാർഡിലൂടെ അത്തരമൊരു ശബ്ദം അവരെന്നെ കേൾപ്പിച്ചതോ?”


“പിന്നീടവരെന്നെ നിർബന്ധിച്ച് എട്ടു പുഴുങ്ങിയമുട്ടയും കുറച്ച് പച്ച ഉള്ളിയും തീറ്റിച്ചു. ഞാനവ തുപ്പിക്കളയാൻ ശ്രമിച്ചപ്പോൾ എലിമ്പനായ നേതാവ് എന്നെ ഇരുമ്പുവാതിലിലൂടെ പുറത്തേക്കു തള്ളി. പുറത്തെ പുൽത്തകിടിയിൽ വീണ ഞാൻ അവിടെക്കിടന്ന് ചർദ്ദിച്ചു. നിലത്തുകിടന്ന തിരിച്ചറിയൽകാർഡ് തപ്പിയെടുത്ത് ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു. എന്നെ പിടിച്ചുകൊണ്ടുപോയ കാര്യമോ ഞാനെവിടെയാണെന്ന കാര്യമോ പുറത്താരും അറിഞ്ഞില്ല. അവർക്കെന്നെ എന്തും ചെയ്യാമായിരുന്നു. കൊന്നു പുഴയിൽത്തള്ളിയാൽ ശവം പൊങ്ങിക്കിടക്കുമ്പോൾ അതൊരു ആത്മഹത്യയായി വിധിയെഴുതാമായിരുന്നു.”


റുമാനിയയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനുകീഴിലെ സ്വന്തം ദുരനുഭവങ്ങളെപ്പറ്റി ഹെർത മുള്ളർ ( Herta Mueller) വേദനയോടെ ഓർമ്മിക്കുകയാണ്. സ്വന്തം അനുഭവങ്ങളിൽനിന്നു ഊർജ്ജം കണ്ടെത്തി സാഹിത്യമെഴുതിയ അവർക്ക് 2009-ൽ നൊബേൽസമ്മാനം ലഭിച്ചു. റുമാനിയയിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന ചെഷസ്ക്യൂവിന്റെ ഭരണകാലമാണ് അവരുടെ മിക്ക രചനകളുടെയും പശ്ചാത്തലം. ‘നാദിർസ്’, ‘ദ പാസ്സ്പോർട്ട്’, ‘ട്രാവെലിങ് ഓൺ വൺ ലെഗ്’, ‘ദ ലാന്റ് ഓഫ് ഗ്രീൻ പ്ലംസ്’, ‘ദ ഫോക്സ് വാസ് എവർ ദ ഹണ്ടർ’, ‘ദ ഹംഗർ’, ‘ഫാദേഴ്സ് ഓൺ ദ ഫോൺ വിത്ത് ദ ഫ്ലെയ്സ്’ എന്നിവയാണ് അവരുടെ പ്രധാന രചനകൾ. എനിക്കേറെ ഇഷ്ടമായിരുന്നു അവരുടെ എഴുത്തുകൾ.


കഴിഞ്ഞ മെയ് 25-ന് സ്‌റ്റോക്ക് ഹോമിൽ അവർ നടത്തിയ ഒരു പ്രഭാഷണം Open Letter എന്ന പേരിൽ ഓൺലൈനിൽ വായിക്കാനിടയായി. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ നിശിതമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു ദീർഘപ്രഭാഷണമായിരുന്നു അത്. അതിലെ പല വാദങ്ങളും അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. ഹമാസിനെയും ഇറാനെയും സ്വേച്ഛാധിപത്യശക്തികൾ എന്ന നിലയിൽ മാത്രം നോക്കിക്കണ്ടാണ് മുള്ളർ വിഷയത്തെ സമീപിച്ചിരിക്കുന്നത്. ഇസ്രായേലിനും ലോകത്തിനുമൊത്തത്തിലും ഇതു ഭീഷണിയാണെന്ന് അവർ പറയുന്നു. “The ‘mullahs and Hamas’ obsession with war is so dominant that – when it comes to the extermination of Jews- it even transcends the religious divide between Shiites and Sunnis. Everything else is subordinated to this obsession with war…” ജർമ്മൻ കവി പോൾ സെലൻ ഇസ്രായേലി കവി യെഹൂദാ അമിഖായിക്കെഴുതിയ ഒരു കത്തിലെ വാചകങ്ങൾ ഓർത്തെടുത്താണ് മുള്ളർ അവരുടെ പ്രഭാഷണം അവസാനിപ്പിച്ചിരിക്കുന്നത്. അത് ഇസ്രായേലിനുവേണ്ടിയുള്ള ഒരു വാദമായിരുന്നു. ഇസ്രായേലിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളാണ് മുള്ളറും മുന്നോട്ടുവയ്ക്കുന്നത്. മുളളറിന്റെ താർക്കികയുക്തിയെ അംഗീകരിക്കുമ്പോഴും ഈ വിഷയത്തിൽ അവരോട് വിയോജിക്കാതിരിക്കാൻ നിർവ്വാഹമില്ല.


പ്രതിഭാശാലിയായ ഈ എഴുത്തുകാരി പലസ്തീനിലെ സാഹിത്യകാരനായിരുന്ന ഘസ്സാൻ കനാഫാനിയെ (Ghassan Kanafani- 1936 – 1972) വായിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാനേ നിർവ്വാഹമുള്ളൂ. ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഫലമായി പാലസ്തീൻ ഭൂപടത്തിൽനിന്നു അപ്രത്യക്ഷമാവുമല്ലോ എന്നു വേദനിച്ച എഴുത്തുകാരനായിരുന്നു കനാഫേനി. Men in the Sun, Palestine’s Children, Return to Haifa എന്നീ രചനകൾ വായിക്കുക എന്നത് അതെഴുതിയ കാലത്തേതുപോലെ ഇന്നും ഒരു ഉത്തരംതേടലാണ്. സാഹിത്യം, രാഷ്ട്രീയപ്രശ്നത്തിന്റെ ഉത്തരമായി മാറുന്ന അപൂർവ്വ കാഴ്ചയാണ് കനാഫാനിയുടെ എഴുത്തിലൂടെ സംഭവിച്ചത്. മനുഷ്യാവസ്ഥയുടെ അസാധാരണ പ്രഹേളിക കാണിച്ചുതരികയാണ് അദ്ദേഹം. ഇസ്രായേൽ ആസൂത്രണം ചെയ്ത ഒരു കാർ ബോംബ് സ്ഫോടനത്തിൽ കനാഫാനിയുടെ ശരീരം ചിന്നിച്ചിതറി. 1972-ജൂലൈ 8-നാണ് അതു നടന്നത്. ചരിത്രത്തിലെ ഇത്തരം അനേകം ദുരന്തങ്ങളെ മുളളർ കണ്ടില്ലെന്നു നടിക്കുന്നു.


2023 ഒക്ടോബർ 7- നുശേഷം ഗാസയിൽ എന്തു നടന്നു എന്നതു ഹർത്ത മുളളർ ബോധപൂർവ്വം മറച്ചുപിടിക്കുകയാണ്. എഴുത്തുകാർ സത്യത്തിന്റെ പക്ഷത്തുവേണം നിലകൊള്ളാൻ എന്ന വായനക്കാരന്റെ ആഗ്രഹം യാഥാർത്ഥ്യവുമായി ചേരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പ്രഭാഷണം.


കഥയുടെ രസതന്ത്രം


“ഇരട്ടമുഖമുള്ള മനുഷ്യരാണ് ചുറ്റും. ചിന്തിക്കുന്നതൊന്ന്, പറയുന്നത് മറ്റൊന്ന്. പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. തെക്കോട്ടേക്ക് പോകുന്നെന്നു പറഞ്ഞ് വടക്കോട്ടേക്ക് പോകും. ചിരിച്ച മുഖത്തിനുപുറകിൽ പകയുടെയും ചതിയുടെയും കനലുകൾ സമർത്ഥമായി ഒളിപ്പിക്കുന്ന ചെകുത്താന്റെ സന്തതികൾ.” ലോകത്ത് മനുഷ്യനല്ലാതെ മറ്റൊരു മൃഗത്തിനും ഇങ്ങനെയുള്ള സ്വഭാവം ഇല്ലല്ലോ എന്നു സുബേദാർ മേജർ കുട്ടിക്കൃഷ്ണമേനോൻ നെടുവീർപ്പോടെ ആശ്ചര്യപ്പെട്ടു.”