കുങ്കി – കഥ/ജെ.ആര്.അനി
എങ്ങും വല്ലാത്ത തിക്കുംതിരക്കുമാണ്. അനുനിമിഷം പെരുകിക്കൊണ്ടിരിക്കുന്ന ജനസഞ്ചയത്തെ വകഞ്ഞുവേണം മുന്നോട്ട് നടക്കേണ്ടത്. അങ്ങടുത്തെത്തി ദേഹമുരഞ്ഞു വീഴുമെന്ന് തോന്നുമ്പോഴാണ് അവരൊന്നു മാറിത്തരുന്നതുതന്നെ. ഇത്തരം കോലാഹലങ്ങളിലൂടെ സഞ്ചരിച്ച് പഴക്കമുള്ളവരാണ് ഞങ്ങളെങ്കിലും പലപ്പോഴും വല്ലാതെ അലോസരമുണ്ടാക്കുന്നതാണത്. ഞങ്ങളെത്തുമ്പോൾ കാക്കി വേഷധാരികളായ കുറെ ആളുകൾ ബാക്കിയുള്ളവരോട് കയർക്കുന്നതും അവരെ തള്ളിമാറ്റുന്നതും ഒക്കെ കാണാം. എന്നിരുന്നാലും മനസ്സില്ലാമനസ്സോടെയാണ് അവരൊന്നു നീങ്ങിനിൽക്കുന്നതുതന്നെ.
സൂര്യനുദിച്ച് നാഴികകൾ താണ്ടിയിട്ടും അലിഞ്ഞുതീരാത്ത മഞ്ഞിന്റെ നനുത്ത ആവരണം ഞങ്ങളുടെ ഇത്തിരിക്കാഴ്ചയെ പിന്നെയും കുറയ്ക്കുന്നുണ്ട്. തുമ്പി അന്തരീക്ഷത്തിലേയ്ക്കുയർത്തി ഗന്ധം നുകരാൻ ശ്രമിച്ചു. ആട്ടം നിറുത്തിയ ചെവികൾ വട്ടംപിടിച്ചു. അതൊക്കെയാണല്ലോ ഞങ്ങളുടെ നിലനില്പിന്റെ ആധാരംതന്നെ. ഇപ്പോൾ ചന്നംപിന്നം ചാറുന്ന മഴയുടെ ശബ്ദം കേൾക്കാം. മഴത്തുള്ളികളെ ചിതറിച്ചുകൊണ്ട് വീശിയടിക്കുന്ന കാറ്റിൽ എങ്ങുനിന്നോ കലർന്നു പടരുന്ന കാട്ടാനക്കൂട്ടങ്ങളുടെ തനതുഗന്ധവും നുകരാനാകുന്നു. അങ്ങകലെയല്ലാതെ സഞ്ചരിക്കുന്ന ഒരു ഉന്മാദിയുടെ ഗന്ധം കാറ്റിന്റെ അലകളിൽ എവിടെയൊക്കെയോ കലർന്നിരിക്കുന്നു. മങ്ങിയ കാഴ്ചകൾക്കിടയിലും ഘ്രാണേന്ദ്രിയങ്ങളിലൂടെ പടർന്നുകയറുന്ന ഗന്ധം സിരകളെയൊന്നാകെ ത്രസിപ്പിക്കുന്നതുപോലെ. ആർദ്രങ്ങളായ ഗതകാലസ്മരണകൾ ഗൃഹാതുരത്വംപോലെ എന്നിലേക്ക് സന്നിവേശിക്കുന്നുവോ? നെഞ്ചകം കുളിർപ്പിക്കുന്ന പേരറിയാത്ത നിരവധി വികാരങ്ങൾ ഉള്ളിൽ തിക്കുമുട്ടുന്നു. ഓർമകളുടെ ശവപ്പറമ്പിൽ ആഴത്തിൽ കുഴിച്ചുമൂടിയ കബന്ധങ്ങൾക്കു വീണ്ടും ഉയിരൂതിക്കിട്ടുന്നതുപോലെ.
മുകളിൽ കൈക്കുത്തിലെ ഇരിക്കസ്ഥാനത്തമർന്ന് ഒന്നാം പാപ്പാൻ കച്ചക്കയറിനുള്ളിൽ തിരുകിയ കാൽവണ്ണകൾ കൊണ്ട് എന്റെ ചെവികൾക്കു പുറകിൽ അമർത്തിച്ചവിട്ടുന്നതും ആക്രോശിക്കുന്നതും അയാളുടെ മെല്ലിച്ച കാലിലെ പെരുവിരൽ വിവിധ ജ്യാമിതികളിലെ ചിത്രങ്ങൾ വരഞ്ഞ് കഴുത്തിലെ മർമ്മങ്ങളെ ഞെരിക്കുന്നതും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്റെ ചിന്തകൾ കാടുകയറുന്നുവെന്ന് കുശാഗ്രബുദ്ധികളായ മനുഷ്യർക്ക് അറിയാനാവുന്നുണ്ടോ എന്നു സംശയം തോന്നി. അതിനു കഴിയുന്നവനാണ് മനുഷ്യനെന്ന് നെടുനാളത്തെ പരിചയംകൊണ്ട് എനിക്കിപ്പോൾ ഊഹിക്കാനാകും.
ഭൂതകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന തെര്യപ്പെടുത്തലുകൾ എന്നെ ഭീഷണമായ ഒരു പില്ക്കാലത്തേക്ക് വലിച്ചിഴയ്ക്കുന്നതുപോലെതോന്നി. കോന്നിയിലെ കാടുകളിൽ അജയ്യനായി നടന്നിരുന്ന നാളുകളിലൊരിക്കലും ഇത്തരത്തിൽ ഒരു അധഃപതനം മുൻകൂട്ടി കാണാനായിരുന്നില്ലല്ലോ. അപ്രമാദിത്വം എന്നും ഉറപ്പിച്ചു നിറുത്താനായിരുന്നു ജീവിതത്തിലുടനീളം ശ്രമിച്ചിരുന്നത്. കാടിലെ ഭോഗങ്ങളെല്ലാം തനിക്കുമാത്രമായി സൃഷ്ടിച്ചതാണെന്ന് എന്നും മനസ്സിൽ ആവർത്തിച്ചുറപ്പിക്കുകയായിരുന്നു. കാടടക്കി വാഴുന്നതും കൂട്ടങ്ങളെ വിരൽത്തുമ്പിലൊതുക്കി നിയന്ത്രിക്കുന്നതും ഒരർത്ഥത്തിൽ മഹാസ്വാർത്ഥങ്ങളുടെ സാക്ഷാത്കാരങ്ങളാണല്ലോ. തലയെടുത്തു തുടങ്ങുന്ന ആൺസന്തതികളെ കൂട്ടത്തിൽനിന്ന് ആട്ടിയകറ്റുമ്പോഴും ആ കരിവീരന്മാരുടെ പെരുമാറ്റത്തിൽ വ്യത്യാസമേതുമില്ല. മനസ്സിലെ കാമനകളുടെ സാക്ഷാത്കാരത്തിനായി പെൺജാതികളെ മഹാബലവാന്റെ അടക്കാനാവാത്ത കാമാതുരയോടെ അവർ ഊഴംവച്ച് കടന്നുപിടിച്ചേക്കാം. കാടകത്തെ അപരാജിതന്റെ അവകാശമാണത്. കാലംപോകെ അവനെ വീഴ്ത്തുന്ന ബലവാനായ ഒരു മാതംഗവീരനിലേക്ക് സർവ്വസ്വവും ഒഴുകിയെത്തും. പ്രകൃതി ആശിർവദിച്ചേകിയതും പിന്നെ കായബലംകൊണ്ട് അവൻ സ്വരുക്കൂട്ടിയതൊക്കെയും. വനാന്തരങ്ങളിൽ പുലരുന്ന കാവ്യനീതിയാണത്. തലമുറകളിലൂടെ കൈമാറിയെത്തുന്ന തനതു ജനിതകങ്ങളുടെ പരിപാലനവും പിന്തുടർച്ചയും ഉറപ്പാക്കുന്നതും അതുതന്നെയാണ്.
ഇരുകാലികളുടെ കുത്സിതബുദ്ധിക്കുമുന്നിൽ കാടകം വാണിരുന്ന വിജിഗീഷു അപ്പാടെ നിഷ്പ്രഭമായിപ്പോയതും അനുഭവിച്ചറിഞ്ഞതാണ്. അപ്രതിരോധ്യങ്ങളെന്ന് എന്നും വിശ്വസിച്ചിരുന്ന കൂർത്തുമൂർത്ത ഹസ്തിദന്തങ്ങളുടെ വന്യമായ കരുത്തിനുമുന്നിൽ കീഴടങ്ങാത്തതായി ഒന്നുമില്ലെന്ന ധാരണ ഒരു മഹാബദ്ധമായിരുന്നുവെന്ന് നടുങ്ങലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വീണുപോയ ചതിക്കുഴികളിലെ ഇത്തിരിയിടത്തിൽ നിൽക്കുമ്പോഴും വശങ്ങളിൽ തെളിഞ്ഞുകണ്ട മൺതിട്ടകളിൽ ദിഗന്തങ്ങൾ അടക്കാനാവാത്ത ക്രോധാവേശത്തിൽ പൊട്ടുമാറുച്ചത്തിൽ ചിന്നംവിളിച്ചുകൊണ്ട് ആഴത്തിൽ കൊമ്പുകൾ ആഞ്ഞാഞ്ഞ് കുത്തിയാഴ്ത്തുകയായിരുന്നു. ഒരിക്കലല്ല, പലവട്ടം.
മൃഗചോദനകൾ എന്തായിരുന്നുവെന്ന് ശരിക്കും തിരിച്ചറിഞ്ഞ നിമിഷങ്ങൾ. എന്നും ശക്തനെ മാത്രം പിൻപറ്റാൻ ശീലിച്ചവരുടെ ശുഷ്കപാരസ്പര്യം. ആദ്യം കൂടെനിന്നിരുന്ന പിടികളും കുഞ്ഞുങ്ങളും നേരം വെളുത്തു തുടങ്ങിയപ്പോൾ പതിയെപ്പതിയെ പിൻവാങ്ങിത്തുടങ്ങി. ഒടിയുന്ന മരച്ചില്ലകളുടെ ഒച്ചകളും അകന്നുപോകുന്ന കൂട്ടത്തിന്റെ പതിഞ്ഞ കാലടി ശബ്ദങ്ങളും ശ്രവിക്കവേ ഒന്നു മനസ്സിലായി. ആത്യന്തികമായ പോരാട്ടത്തിൽ തന്നോടൊപ്പം തുണക്കാരുടെ സാന്നിധ്യമേതുമില്ലെന്ന യാഥാർത്ഥ്യം. നിശ്ശബ്ദമായ അന്തരീക്ഷത്തിൽ ഇടയ്ക്കുയരുന്ന കാലൻകോഴികളുടെ ഭീഷണങ്ങളായ ചിറകടി ശബ്ദംപോലും അപ്പോൾ ഉള്ളിലെവിടെയോ ഭയത്തിന്റെ വേരുകൾ ആഴ്ത്തുന്നതുപോലെത്തോന്നി. എന്നിട്ടും കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ഉറക്കെയുറക്കെ അലറിവിളിച്ചു. അതങ്ങ് ദിഗന്ദങ്ങളിൽ പ്രതിധ്വനിച്ച് പിന്നെ കേവലം വനരോദനങ്ങളായി സാവധാനം നേർത്തൊടുങ്ങുന്നത് തളരുന്ന മനസ്സും ശരീരവുമായി കേട്ടുനിന്നു.
നേരം പോകെ അർക്കരശ്മികളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ പ്രതീക്ഷകളുടെ നിറവെന്നോണം വാരിക്കുഴികൾക്ക് മുകളിൽ വീണ്ടും സ്വന്തം വർഗ്ഗക്കാരെ കണ്ടു. വല്ലാത്ത ആശ്വാസമാണ് അപ്പോൾ തോന്നിയത്. എന്നാൽ, അതു തീർത്തും ക്ഷണികമായിരുന്നുവെന്ന് ഉടനെതന്നെ തിരിച്ചറിഞ്ഞു. അവറ്റകൾക്ക് മുകളിലിരുന്ന് നിർദ്ദേശങ്ങൾ കൊടുക്കുന്ന ഇത്തിരിപ്പോന്ന ഇരുകാലികളെ അന്നാദ്യമായി നേർക്കുനേർ കാണുകയായിരുന്നു. ചെറുപ്രായംമുതൽ ഓർമ്മകളിൽ വരഞ്ഞിട്ടിരുന്ന ഭയാനകരൂപം ഇതായിരുന്നോ? സഹായിക്കാനെത്തിയവരല്ല ഞങ്ങളുടെ ആ കൂട്ടരെന്നും മറിച്ച് തന്നെക്കാത്തിരിക്കുന്ന നിതാന്തമായ പാരതന്ത്ര്യത്തിന്റെ വാറോല വാഹകരാണെന്നും പിന്നീടാണ് മനസ്സിലായത്. ചങ്ങലയ്ക്കിട്ട വികാരങ്ങളും ഒടുങ്ങാത്ത സ്തോഭങ്ങളുമായി നിൽക്കുമ്പോഴും നിഷ്കരുണം മുന്നോട്ട് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. തട്ടകത്തിൽനിന്നു എന്നേയ്ക്കുമായി നിഷ്കാസനം ചെയ്യപ്പെടുന്നവന്റെ കണ്ണുകൾക്കു മുന്നിൽ അപ്പോൾ വലിച്ചുകെട്ടിയ കറുത്ത തുണിയുടെ നിറഞ്ഞ ഇരുട്ടു മാത്രം. അനങ്ങാൻപോലും വിടാതെ ഇടംവലം നിന്നിരുന്ന ആ മഹാബലവാന്മാരുടെ മുകളിലിരുന്ന് നിയന്ത്രിക്കുന്ന കുഞ്ഞൻ മനുഷ്യരുടെ ആജ്ഞകൾ മനസ്സിൽ വലിയ അപകർഷമായി ശേഷിച്ചു.
കാട്ടുകമ്പുകൾ കൂട്ടിക്കെട്ടി പണിതുണ്ടാക്കിയ മരക്കൂടിന്റെ അപ്രതിരോധ്യത്തിൽ ചലിക്കാൻപോലുമാകാതെ ബന്ധിതനായി നിന്നിരുന്ന തുടർന്നാളുകൾ. എന്തിനെന്നുപോലും അറിയാതെ അന്തരീക്ഷത്തിൽ ഉയർന്നു പുളയുന്ന പെരുംചൂരലുകൾ ഉതിർക്കുന്ന കാട്ടുകടന്തലുകളുടെ മൂളലും അവ ശരീരത്തിൽ ഏൽപ്പിക്കുന്ന കൊടിയ നൊമ്പരങ്ങളും മാത്രം നിറഞ്ഞ ദിവസങ്ങൾ. എവിടെയൊക്കെയോ വച്ച സ്വത്വം അലിഞ്ഞില്ലാതായിത്തുടങ്ങുന്നത് ഞാനറിഞ്ഞു തുടങ്ങി. അടിമത്തം പരിചിതമായിത്തുടങ്ങുന്നതും. ഒരുവേള അതുതന്നെയിരിക്കുമല്ലോ അവരുടെ ഉദ്ദേശ്യവും. എന്നിരുന്നാലും നടകളിലെ1 നഖങ്ങളിൽ ഊക്കോടെ ആഞ്ഞ് പതിയുന്ന പെരമ്പുകൾ വേദനയുടെ വിദ്യുത് സ്ഫുലിംഗങ്ങളായി ഞരമ്പുകളിലൂടെ തുളഞ്ഞുകയറുമ്പോഴും അനുസരണയും ചട്ടങ്ങളും പഠിപ്പിക്കാനെന്ന രീതിയിൽ ഉറങ്ങാനനുവദിക്കാതെയും പട്ടിണിക്കിട്ടുമുള്ള വാട്ടിയെടുക്കലുകളിലൂടെ2 കൊല്ലാക്കൊല ചെയ്തപ്പോഴും മനസ്സിൽ വെറുപ്പിന്റെയും ജൂഗുപ്സയുടെയും തീക്കനലുകൾ കെടാതെ തന്നെ കിടന്നിരുന്നില്ലേ.
അവസാനം കഠിനമായ പീഡകളുടെ സഹനപർവ്വം താണ്ടുകതന്നെ ചെയ്തു. ഇന്നോർക്കുമ്പോൾ മനസ്സുതളരാതെ നിൽക്കാൻ കരുത്തേകിയത് തിരിച്ചറിയാത്ത മുഖങ്ങളുള്ള ആരോടൊക്കെയോ ഉള്ളിൽ കൊണ്ടുനടന്ന പക തന്നെയായിരുന്നു. ഉരുക്ക് ചങ്ങലകളുടെ അധീശത്വത്തിൽ പുളയുമ്പോഴും അടിച്ചേൽപ്പിക്കപ്പെടുന്ന ശിക്ഷകൾ ഏറ്റുവാങ്ങാൻ മനസ്സും ശരീരവും കാലാന്തരത്തിൽ ഒരുപോലെ പരുവപ്പെടുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരെയും വാർത്തെടുത്തത് ഓർക്കാൻപോലും ഭയക്കുന്ന ഇത്തരം പീഡാനുഭവങ്ങൾ തന്നെയാകും എന്നെനിക്കുറപ്പുണ്ട്. അവരുടെ ഉള്ളകങ്ങളെ ശിലാസമാനമാക്കുന്നതും മറ്റൊന്നാകില്ല.
ഇന്ന് കാടിറങ്ങുന്ന കരിവീരന്മാരോട് ഞങ്ങളും ദയാദാക്ഷിണ്യമൊന്നും കാണിക്കാറില്ല. അകംനിറഞ്ഞ അപകർഷവും ഒടുങ്ങാത്ത നഷ്ടബോധവുമായിരുന്നിരിക്കാം ഒരുവേള മനുഷ്യന്റെ ആജ്ഞകൾ ശിരസ്സാവഹിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതിനു പിന്നിൽ. അഭിമാനവും വ്യക്തിത്വവും നഷ്ടപ്പെട്ടവരുടെ പ്രതിഷേധം. ഇരുകാലികൾ കൂട്ടംകൂടി ആർക്കുമ്പോഴും നെഞ്ചകം കിടുങ്ങുമാറൊച്ചയിൽ ഒന്നിനുപുറകേ മറ്റൊന്നായി പടക്കങ്ങൾ പൊട്ടി പുക പരിസരം മറയുമ്പോഴും തീർത്തും അപരിചരിത സ്ഥലികളിലൂടെ കരിവീരന്മാർ പായുന്നതു കാൺകെ ഉള്ളിൽ ക്രൂരമായ സംതൃപ്തിയല്ലേ നിറയുന്നത്? കാടിനുള്ളിൽ പലപ്രാവശ്യം പരീക്ഷിച്ച് ഉറപ്പുള്ള പ്രതലത്തിൽമാത്രം കാൽച്ചുവടുകൾ വച്ചുനടക്കാൻ ശീലിച്ചിരുന്നവർ. വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാൻ പഠിച്ചവർ. അവരാണ് ഞങ്ങളെത്തുമ്പോൾ പരിസരം മറന്ന് ജീവനായി പരക്കം പായുന്നത്.
ഇന്നു രാവിലെ മുതൽ മരങ്ങളും പുല്ലും നിറഞ്ഞ ആ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു ആനക്കൂട്ടമൊന്നാകെ. അതിന്റെ തലവനെ പൂട്ടാനുള്ള പല ഉദ്യമങ്ങളിലും പരാജിതരായെങ്കിലും ഇരുകാലികളുടെ തൃഷ്ണകൾക്ക് അവസാനമില്ല. എന്നത്തെയുംപോലെത്തന്നെയാണത്. ശക്തനോട് നേർക്കുനേർ കോർക്കാൻ അവർ മിനക്കെടാറില്ലല്ലോ. ബലവാനെ അടവുകളിലൂടെ തളർത്തുകയും ചതികളിലൂടെ തളയ്ക്കുകയുമാണ് അവരുടെ കുടിലതന്ത്രങ്ങൾ.
ഇവിടെ ഞങ്ങൾ നേരിടാനൊരുങ്ങുന്നത് ബുദ്ധിമാനായ ഒരു വികൃതിയാണത്രേ. കായബലത്തിൽ മുന്നിൽ നിൽക്കുന്ന കുങ്കികളെത്തുമ്പോൾ മത്തഗജങ്ങൾപോലും സംഭ്രമരാകുന്നതു കാണുക പതിവാണ്. ഒപ്പം മനുഷ്യൻ നീട്ടിത്തരുന്ന ലോഹച്ചുറ്റുകൾ തുമ്പിയിൽ തിരുപ്പിടിപ്പിച്ച് ആഞ്ഞ് ചുഴറ്റുമ്പോൾ… ഭാരിച്ച ആ ഉരുക്കുചങ്ങലകൾ അന്തരീക്ഷത്തിലൂടെ ആനക്കുളവികളെപ്പോലെ3 മൂളിപ്പറന്ന് പിന്നെ പുറമടച്ച് ആഞ്ഞു പതിയുമ്പോൾ കാടകം വാഴുന്ന മഹാശക്തന്മാർ ജീവനുവേണ്ടി പരക്കംപായുന്നത് കാണാം. എണ്ണയിട്ട യന്ത്രങ്ങൾ മാതിരി മുന്നേറുന്ന മനുഷ്യന്റെ ആജ്ഞാനുവർത്തികളെ ചെറുക്കാൻ അവർക്കാകില്ലതന്നെ. കൊടിയ യാതനകളിലൂടെയും ചിത്രവധങ്ങളിലൂടെയും ഞങ്ങളെ ശീലിപ്പിച്ചെടുക്കുന്നതും അങ്ങനെ തന്നെയാണല്ലോ. തനതുവികാരങ്ങൾ എന്നേക്കുമായി കൈമോശം വന്നവർ. ധിഷണാശാലികളുടെ ആജ്ഞകൾക്കനുസരിച്ച് മാത്രം ചലിക്കാൻ വിധിക്കപ്പെട്ടവർ.
എന്നാൽ, ഞങ്ങളെ തളച്ചിരുന്ന വിശാലമായ പറമ്പിൽ രണ്ടുനാൾമുമ്പ് സൂര്യരശ്മികളുടെ ശക്തി ക്ഷയിച്ചുതുടങ്ങിയ വേളയിൽ ഞങ്ങൾക്കെതിരെ വെല്ലുവിളിയുമായി അവൻ എത്തിയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതിരുകളിൽ കാഴ്ച മറച്ചു നിൽക്കുന്ന മഹാഗിരിശൃംഗങ്ങൾക്കു കീഴെയുള്ള നിബിഡങ്ങളായ വൃക്ഷത്തലപ്പുകളും മദിച്ചൊഴുകുന്ന അരുവികളുമൊക്കെ തന്റേത് മാത്രമെന്ന് അവനിപ്പോഴും വിശ്വസിക്കുന്നുണ്ടാവാം. അധിനിവേശങ്ങളെയും ഇരുകാലികളുടെ അപ്രമാദിത്വത്തെയും അംഗീകരിക്കുവാൻ അവന്റെ ബോധമനസ്സിനിയും അനുവദിക്കുന്നില്ലായിരിക്കാം. മുറിഞ്ഞ് എമ്പാടും ചിതറിപ്പോയ ആനത്താരകൾ ഉയർത്തുന്ന പിൻവിളികൾക്കും അവൻ ചെവികൊടുക്കുന്നുമുണ്ടാവില്ല. ഒരർത്ഥത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പുള്ള തന്റെതന്നെ നേർ പരിച്ഛേദം. എന്നാൽ, അതവന്റെ ഭോഷ്കാണെന്നു മാത്രമേ എനിക്കിന്നു പറയാനാകൂ.