കേരളവും പ്രകൃതിദുരന്തങ്ങളും പ്രതിവിധികള്‍ തേടി – ജോർജ് തേനാടിക്കുളം, ബേബി ചാലിൽ, ജേക്കബ് നാലുപറയില്‍
2024 ജൂലൈ 30-ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ദാരുണമായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം അടിയന്തരമായി ചർച്ചചെയ്ത് പ്രായോഗികമായ തീരുമാനങ്ങൾ എടുക്കണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടു കേരള ജസ്റ്റിസ് ഫോറത്തിന്റെ കേരള ഘടകം, സീറോ മലബാർ സഭയിലെ സിനഡിന് സമർപ്പിച്ച നിവേദനത്തിന്റെ ലേഖനരൂപം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളോട് ക്രിയാത്മകമായി സഹകരിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം, സമാനമായ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ് ഈ പര്യാലോചനയുടെ വിഷയം.
മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ ഐക്യകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ്. 2004-ലെ സുനാമിയിൽ (കേരളത്തിൽ) 172 പേരുടെയും 2018-ലെ പ്രളയത്തിൽ 480 പേരുടെയും ജീവൻ നഷ്ടപ്പെട്ടപ്പോൾ 2024 ജൂലൈ 30-ന് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല,അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ ഒറ്റ രാത്രികൊണ്ട് നഷ്ടമായത് 413 പേരുടെ ജീവനാണ്. ഇനിയും കണ്ടുകിട്ടാനുള്ളവർ131-നു മുകളിലും.
ഉരുൾപൊട്ടൽ കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ലെന്നത് നമ്മൾ തിരിച്ചറിയണം. കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, മുണ്ടക്കൈ, ചൂരൽമല, അടിമാലി, അമ്പൂരി, കൊക്കയാർ, പുത്തുമല… കണക്കെടുത്താൽ അങ്ങനെ പട്ടിക നീണ്ടുപോകും. 2015-നും 2022-നുമിടെ രാജ്യത്താകമാനം 3782 ഉരുൾപൊട്ടലുകൾ ഉണ്ടായതിൽ 2239-ഉം കേരളത്തിലാണെന്നതും നമ്മൾ മറക്കരുത്.
അതേപോലെ, കാലം മുമ്പോട്ട് പോകുന്തോറും ഉരുൾപൊട്ടൽ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി അടിക്കടി വർധിച്ചുവരുന്നതായും കാണാനാവും. 1984 ജൂലൈ 1-ന് ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ 14 പേർ മരിച്ചപ്പോൾ, 1992- ൽ 45 കി.മീ അകലെ പടിഞ്ഞാറത്തറ കാപ്പിക്കളത്ത് 11 പേരും, 2019 ഓഗസ്റ്റിൽ 15 കി.മീ അകലെ പുത്തുമലയില്‍ 17 പേരും പുത്തുമലയുടെ മറുകുന്നായ കവളപ്പാറയിൽ 59 പേരും മരിച്ചപ്പോഴാണ് 2024-ൽ മരണസംഖ്യ 400 കടന്നരിക്കുന്നത്. അങ്ങനെയെങ്കിൽ, നമ്മൾ തിരിച്ചറിയേണ്ട വസ്തുത ഉരുൾപൊട്ടലുകളുടെ എണ്ണം കൂടിവരുമ്പോൾത്തന്നെ അതിന്റെ നശീകരണക്ഷമതയും അതേരീതിയിൽ വർധിച്ചുവരുന്നുവെന്നതാണ്.
ഈ അവസരത്തിലാണ് 2015-ൽ ‘ലൗദാത്തോ സി’ ചാക്രികലേഖനത്തിലൂടെ ഫ്രാൻസീസ് പാപ്പാ തന്ന മുന്നറിയിപ്പിന്റെ ഗൗരവം നാം തിരിച്ചറിയേണ്ടത്. ആദ്ദേഹം എഴുതി: “ഇപ്പോഴത്തെ രീതി തുടർന്നുകൊണ്ടിരുന്നാൽ അസാധാരണമായ കാലാവസ്ഥാവ്യതിയാനത്തിനും മുമ്പുണ്ടാകാത്ത വിധത്തിലുള്ള പരിസ്ഥിതിനാശത്തിനും നമ്മെയെല്ലാം ഗൗരവമായി ബാധിക്കുന്ന പ്രത്യാഘാതങ്ങൾക്കും ഈ നൂറ്റാണ്ടിൽത്തന്നെ നമ്മൾ സാക്ഷ്യംവഹിക്കേണ്ടി വരും” (LS 24).
ഉരുൾപൊട്ടലിന്റെ കാരണങ്ങൾ
ഉരുൾപൊട്ടലിനുള്ള കാരണങ്ങൾ ഒന്നല്ല, പലതാണ്. എന്നുമാത്രമല്ല, കാരണങ്ങൾ നിശ്ചയിക്കുന്ന കാര്യത്തിൽ വിദഗ്ദരുടെ ഇടയിൽത്തന്നെ അഭിപ്രായഐക്യം ഇല്ലതാനും. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിനുള്ള പ്രധാനകാരണമെന്ന് എല്ലാവരുംതന്നെ സമ്മതിക്കുന്നുണ്ട്. മഴകൂടാതെ ഉരുൾപ്പൊട്ടലിനു കാരണമാകുന്ന മറ്റു ഘടകങ്ങൾ: പ്രദേശത്തിന്റെ ചെരിവ് (slope), നിന്മോന്നത (Relative relief), പാറയ്ക്ക് മുകളിലെ മണ്ണിന്റെ ആഴം, മണ്ണിന്റെ / പാറയുടെ ഘടന, നീർച്ചാൽ സാന്ദ്രത എന്നിവയാണ്
മുകളിൽപ്പറഞ്ഞ ആറു ഘടകങ്ങളിൽ മനുഷ്യർക്ക് പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ല. എന്നാൽ, ഇനി പറയുന്ന കാരണങ്ങൾ മനുഷ്യനിർമ്മിതങ്ങളാണ്: ഭൂവിനിയോഗത്തിൽ വരുത്തുന്ന മാറ്റങ്ങൾ, നീർച്ചാലുകളെ പരിഗണിക്കാതെയുള്ള നിർമ്മിതികൾ (റിസോർട്ട്, കൃത്രിമകുളങ്ങൾ, റോഡ്, കെട്ടിടങ്ങൾ, മതിലുകൾ മുതലായവ), കൃഷിക്കായി നീർച്ചാലുകൾ ഇല്ലാതാക്കൽ / ഒഴുക്ക് നിയന്ത്രണം / ഗതി മാറ്റൽ, റബ്ബർ തോട്ടങ്ങളുടെ പുതുക്കൽ പ്രക്രിയ (പഴയ റബ്ബർ മാറ്റി പുതിയവ നടൽ), പാറ ഖനനത്തിനായി നടത്തുന്ന വലിയ സ്ഫോടനങ്ങൾ, വനനശീകരണം. നേരത്തെ സൂചിപ്പിച്ച ഘടങ്ങളോട് ഇവ കൂടിച്ചേരുമ്പോൾ മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ഉരുൾപ്പൊട്ടലിന്റെ സാധ്യത ഏറെ വർധിക്കുന്നു.
മുകളിൽ പറഞ്ഞവയിൽ വനനശീകരണവും ക്വാറികളും പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്.1950-കളിൽ വയനാടിന്റെ 85% ഉണ്ടായിരുന്ന വനപ്രദേശത്തിന്റെ 62% 2018 ആകുമ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞു. തോട്ടങ്ങളാകട്ടെ 1500% കൂടുകയും ചെയ്തു. കേരളത്തില്‍ മൊത്തം 5924 ക്വാറികലാണുള്ളത്. ഇതില്‍ 3332 എണ്ണം അതായത് 56 ശതമാനവും പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ വൻ ഉരുള്‍പൊട്ടൽ സാധ്യത നിലനിറുത്തിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
ഉരുൾപൊട്ടലിന്റെ കാരണങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന അതിതീവ്ര മഴയ്ക്ക് കാരണമായ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് 2015-ൽ ഫ്രാൻസീസ് പാപ്പാ എഴുതി: “കാലാവസ്ഥയുടെ അപകടകരമായ താപനത്തിന് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി കടലിലെ ജലനിരപ്പ് തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നു. അന്തരീക്ഷതാപനം വളരെ ഗൗരവമായ കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു.” (LS 23).
ഉരുൾപൊട്ടലിന്റെ സാധ്യതാമേഖലകൾ
ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം ഉരുൾപൊട്ടലുകൾ രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. 2017-2022 കാലത്ത് ഇന്ത്യയിലുണ്ടായ ഉരുൾപൊട്ടലുകളുടെ ഏതാണ്ട് 60% കേരളത്തിലായിരുന്നു. ഇതിനുള്ള ഒരു പ്രധാനകാരണം കേരളത്തിന്റെ ഭൂപ്രകൃതിതന്നെയാണ്. കേരളത്തിന്റെ 48 ശതമാനം ഭൂപ്രദേശവും മലനാടാണ്. 41% ഭാഗങ്ങൾ പശ്ചിമഘട്ടത്തോടടുത്തു കിടക്കുന്ന ഇടനാട്. 11 ശതമാനം പ്രദേശം മാത്രമാണ് പരന്നുകിടക്കുന്ന തീരദേശം. മലനാട്ടിന്റെ 31 ശതമാനവും 600 മീറ്ററിനുമേൽ ഉയരമുള്ള ചെങ്കുത്തായതും ഉരുള്‍പൊട്ടൽ സാധ്യത ഏറിയതുമായ പ്രദേശങ്ങളാണ്. ജില്ലാതലത്തിൽ പറഞ്ഞാൽ ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ 13 ജില്ലകളിലും ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുണ്ട്. അതായത്, പശ്ചിമഘട്ടത്തിലെ 1400 ചതുരശ്ര കിലോമീറ്റർ പ്രദേശം. ഇതില്‍ വയനാട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിൽ അതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്നു. ചുരുക്കത്തിൽ സംസ്ഥാനത്തിന്റെ 14.4% പ്രദേശങ്ങളും ഉരുള്‍പൊട്ടൽ സാധ്യതയുളള മേഖലകളാണെന്ന് വരുന്നു.
ഇതിൽത്തന്നെ ഉരുൾപൊട്ടലിനു സാധ്യത കൂടുതലുള്ള പ്രദേശങ്ങളും കുറവുള്ള പ്രദേശങ്ങളും സാധ്യത തീരെ ഇല്ലാത്ത പ്രദേശങ്ങളും അടയാളപ്പെടുത്തിയ മാപ്പുകൾ നാഷണല്‍ സെന്റര്‍ഫോർ എര്‍ത്ത് സെന്റർ സ്റ്റഡീസ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, ഈ മാപ്പുകളുടെ ന്യൂനതകൾ അടിയന്തിരമായി പരിഹരിക്കുകയും അവയെ കാലികമായി നവീകരിക്കുകയും ചെയ്യണം. ഇതിനുപുറമെ, നീർച്ചാലുകളുടെ ഭൂപടവും പുനർനിർമ്മിക്കേണ്ടതുണ്ട്. നിലവിലെ ഭൂവിനിയോഗഭൂപടവും അതിന്റെ രീതീശാസ്ത്രവും ഉടച്ച് വാർക്കേണ്ടതുണ്ട്. Soil type map, Soil thickness map, Rock type map എന്നിവ പുതിയതായി നിർമ്മിക്കേണ്ടതുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ പഞ്ചായത്ത് – വാർഡ് അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യതാഭൂപടവും, ആമേഖലകളിലെ ജനവാസ ഡേറ്റാഭൂപടവും തയ്യാറാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉരുൾപൊട്ടലുകളിൽനിന്ന് ജനങ്ങളെ ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കാനാവൂ.
ഉരുൾപൊട്ടൽ പ്രതിരോധവഴികൾ
വയനാട്ടിലെ ഉരുൾപൊട്ടൽ മനുഷ്യ ഇടപെടൽ കൊണ്ടല്ലെന്നും അതിതീവ്രമഴയുടെ സ്വാഭാവിക ആഘാതമാണെന്നുമുള്ള ആശ്വാസ വിശദീകരണത്തിനാണ് സർക്കാരും കൂട്ടരും ശ്രമിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കുന്ന കാലവർഷത്തിലടക്കമുള്ള വലിയ മാറ്റങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ, ഈ മാറ്റങ്ങളെ നേരിടാനും അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള നടപടികളാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.
പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പ്രതിരോധനടപടികൾക്ക് ക്രൈസ്തവരുടെ ഭാഗത്തുനിന്നു വരുന്ന എതിർപ്പിന്റെ രീതികളെ പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്: “പരിസ്ഥിതി പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനുള്ള പല പരിശ്രമങ്ങളും എതിർപ്പും താത്പര്യമില്ലായ്മയും മൂലം വിജയിച്ചിട്ടില്ല. വിശ്വാസികളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്ന എതിർപ്പിന്റെ മനോഭാവങ്ങൾ പ്രശ്നത്തെ നിഷേധിക്കു ന്നതുമുതൽ പ്രശ്നത്തോടുള്ള നിസ്സംഗതവരെ എത്തിനിൽക്കുന്നു…” (LS 14).
കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനു വിശാലാടിസ്ഥാനത്തിൽ ചെയ്യേണ്ടത് മുതലാളിത്തവ്യവസ്ഥയുടെ അമിതോൽപ്പാദനത്തിന്റെയും അനാവശ്യ ഉപഭോഗത്തിന്റെയും വിഭവധൂർത്തിന്റെയും രീതികളെ ചെറുക്കുന്ന ബദൽ ജീവിതക്രമം ഉണ്ടാക്കിയെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ്. ഫ്രാൻസീസ് പാപ്പാ എഴുതുന്നു: “ആഗോളതാപനത്തെ ചെറുക്കുന്നതിന് ജീവിതശൈലിയിലും, ഉൽപ്പാദനത്തിലും ഉപഭോഗത്തിലും മാറ്റംവരുത്താൻ മനുഷ്യൻ ശ്രദ്ധിക്കണം. എന്തെന്നാൽ താപനം വർധിപ്പിക്കുന്ന മാനുഷിക കാരണങ്ങളെയെങ്കിലും തടയുക അത്യാവശ്യമാണ്” (LS 23).
അതോടൊപ്പം, ഇത്തരം പാരിസ്ഥിതികദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുന്നതിനുള്ള സാമൂഹിക, ശാസ്ത്രീയ സജ്ജത ഉണ്ടാക്കിയെടുക്കുകയും വേണം. ഇവിടെയാണ് ഗാഡ്ഗിൽ, കസ്‌തൂരിരംഗൻ, ഉമ്മൻ എന്നീ കമ്മിറ്റികളുടെ റിപ്പോർട്ടുകളുടെ സാംഗത്യം. അവയൊന്നും പാടെ തള്ളിക്കളയേണ്ടവയല്ല. നേരെമറിച്ച് അവയെയൊക്കെ ഗൗരവമായി പഠിക്കാനും വിലയിരുത്താനും നടപടികളെടുക്കാനും നമ്മൾ തയ്യാറാകണം. അതോടൊപ്പം, ഈ രംഗത്തുള്ള മറ്റു വിദഗ്ദരുടെ ശാസ്ത്രീയ ഗവേഷണങ്ങളും നിർദേശങ്ങളും സ്വീകരിക്കാനുള്ള തുറവിയും നമ്മൾ കാണിക്കണം. കാലാവസ്ഥാമാറ്റം കാരണം പെയ്യുന്ന അതിതീവ്രമഴയെ നമുക്കാര്‍ക്കും നിയന്ത്രിക്കാനാകില്ല. എന്നാൽ, അത്തരത്തിലൊരു മഴമൂലം ഉരുൾപൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങളിൽ ബോധവത്കരണ നടപടികൾ തുടങ്ങാനും പ്രതിരോധ സംവിധാനങ്ങളൊരുക്കാനും നമുക്കു കഴിയും, കഴിയണം.
ഇനിയെന്ത്?
പ്രകൃതിദുരന്തമേഖലകളിൽ ആദ്യം നടത്തേണ്ട ‘റിലീഫ് & റെസ്‌ക്യു’ സർക്കാരിന്റെ നേതൃത്വത്തിൽ ഇപ്പോൾ കാര്യക്ഷമമായി നടന്നുവരികയാണല്ലോ. രണ്ടാമത്തേതാണ് ‘പുനരധിവാസം’. ഈ രംഗത്ത് കാര്യക്ഷമമായി പലതും നമുക്ക് ചെയ്യാനാവും. ഭവനനിർമ്മാണപ്രക്രിയകൂടാതെ ദുരന്തബാധിതരുടെ മാനസികവും വൈകാരികവുമായ പുനരധിവാസം എളുപ്പമാക്കാനായി കൗൺസിലിങ് സെന്ററുകളും മറ്റും വഴി ദുരന്തബാധിതരെ ‘അനുയാത്ര’ ചെയ്യാനാവും. മൂന്നാമത്തെ ഘട്ടത്തെക്കുറിച്ചാണ് താഴെ പറയുന്ന പ്രായോഗിക നിർദേശങ്ങൾ.
ഉരുൾപൊട്ടലിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി പഠനസമിതിക്ക് നേതൃത്വം നൽകുന്നതിനുള്ള ഒരു കമ്മീഷനെ നിയമിക്കുക. പൊതുസമൂഹത്തിലെ വിദഗ്ദരുടെ സഹായത്തോടെ ആ പഠനത്തിന്റെ നിഗമനങ്ങൾ അവർ സമയബന്ധിതമായി സമർപ്പിക്കണം. നിഗമനങ്ങൾ ലഭിച്ചശേഷം, ആദിവാസികൾ, കർഷകർ, തോട്ടമുടമകൾ, കച്ചവടക്കാർ തുടങ്ങിയ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് ഒരു പ്രവർത്തനപദ്ധതി തയ്യാറാക്കി സമർപ്പിക്കണം. പഠനറിപ്പോർട്ടിന്റെ ചർച്ചയും പ്രവർത്തനപദ്ധതി നടപ്പിലാക്കലും കേരളത്തിൽ എല്ലായിടത്തിലും മലയോരമേഖലകളിൽ പ്രത്യേകിച്ചും സഭയുടെനേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിൽ വരുത്തണം.
പരിസ്ഥിതി സംരക്ഷണത്തെയും പ്രകൃതിദുരന്തത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ചുള്ള ഏകദിനസെമിനാറുകൾ പ്രാദേശികമായും മേഖലാതലത്തിലും സഭാതലത്തിലും സംഘടിപ്പിക്കുക.
ഫ്രാൻസീസ് പാപ്പാ (ലൗദാത്തോ സി) മുന്നോട്ടുവയ്ക്കുന്ന പ്രതിസംസ്കാര ജീവിതശൈലിയുടെയും പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെയും (LS 209-215) പ്രായോഗികവശങ്ങൾ കണ്ടെത്തുകയും അവ നടപ്പിലാക്കാനുള്ള കർമ്മപരിപാടികൾ സമഗ്രമായി ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.