കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികളും പ്രാദേശികമായ അനുരൂപീകരണവും  – ഡോ.അഭിലാഷ് എസ്., ബൈജു കെ.കെ

കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികളും  പ്രാദേശികമായ അനുരൂപീകരണവും  – ഡോ.അഭിലാഷ് എസ്., ബൈജു കെ.കെ

കാലാവസ്ഥാവ്യതിയാനം കേരളത്തിന്റെ (പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ) ഭൂസ്ഥിതിയെയും, മനുഷ്യനും ഇതര ജീവജാലങ്ങളും അടങ്ങിയ ആവാസവ്യവസ്ഥയെയും ആശങ്കാജനകമായ അസ്ഥിരതയിലേക്ക് എത്തിച്ചിരിക്കുന്നു. ആഗോളതലത്തിൽത്തന്നെ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മൾ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ.


സമീപദശകങ്ങളിലെ വർധിതമായ ആഗോളതാപനത്തിന്റെ പരിണതിയായി കേരളത്തിലെ കാലാവസ്ഥയിലും അന്തരീക്ഷസ്ഥിതിയിലും അതിതീവ്രമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ കാലാവസ്ഥാവ്യതിയാനങ്ങൾ കേരളത്തെ ഭൗതികമായും അഭൗതികമായും, മനുഷ്യനും മനുഷ്യേതര ജീവികളും പരിസ്ഥിതിയും സാമൂഹികമായും തികഞ്ഞ അനിശ്ചത്വങ്ങളെ  (uncertainties) നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉഷ്ണതരംഗങ്ങൾ, ഇടിമിന്നൽ അപകടങ്ങൾ, തുടർച്ചയായുണ്ടാകുന്ന ലഘുമേഘവിസ്ഫോടനങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന അതിതീവ്രമഴയും അതിനെത്തുടർന്നുള്ള വെള്ളപൊക്കങ്ങൾ, ഉരുൾപൊട്ടലുകൾ എന്നിവയും പതിവായി മാറിയതു മലയോരമേഖലയിൽ ഭീഷണിയായി നിലനിൽക്കുന്നു.


കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴദിനങ്ങൾ കുറയുകയും അതിതീവ്രമഴദിനങ്ങൾ കൂടുകയും ചെയ്യുന്നു.  മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള  കേരളത്തെപ്പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പ്രളയത്തിനും വരൾച്ചയ്ക്കും ഒരുപോലെ ആക്കംകൂട്ടാറുണ്ട്. കഴിഞ്ഞദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺമഴയുടെ തീവ്രത പരിശോധിച്ചാൽ ഇതു വ്യക്തമാകും. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണുവാൻ സാധിക്കുന്ന മാറ്റങ്ങൾക്കൊപ്പം മഴമേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. അടുത്തകാലത്തായി മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 12-15 km വരെ ഉയരത്തിൽ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി-മിന്നൽ മേഘങ്ങളായ  കൂമ്പാര (ക്യൂമുലോനിംബസ്) മേഘങ്ങൾ പതിവാകുന്നത്  ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത എന്നു പറയുന്നത്, ചുരുങ്ങിയ കാലയളവിൽ അതിതീവ്രമഴ പെയ്യിക്കാൻ സാധിക്കും എന്നുള്ളതാണ്. കേരളത്തിൽ അതിതീവ്രമായി മഴ ലഭിച്ച 2019, 2020, 2021, 2022, 2023-ലും 2024 മെയ്‌ മാസത്തിലും  ജൂലൈ മാസത്തിലും ഇത്തരം കൂമ്പരമേഘങ്ങളുടെ സാനിധ്യം ദൃശ്യമായിരുന്നു


കാലാവസ്ഥാവ്യതിയാനം കേരളത്തിന്റെ (പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ) ഭൂസ്ഥിതിയെയും, മനുഷ്യനും ഇതര ജീവജാലങ്ങളും അടങ്ങിയ ആവാസവ്യവസ്ഥയെയും ആശങ്കാജനകമായ അസ്ഥിരതയിലേക്ക് എത്തിച്ചിരിക്കുന്നു. ഉഷ്ണതരംഗങ്ങൾ, ഇടിമിന്നൽ അപകടങ്ങൾ, തുടർച്ചയായുണ്ടാകുന്ന ന്യൂനമർദ-ചക്രവാത ചുഴികൾ, ലഘു മേഘവിസ്ഫോടനങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന അതിതീവ്രമഴയും അതിനെത്തുടർന്നുള്ള വെള്ളപൊക്കങ്ങൾ, ഉരുൾ പൊട്ടലുകൾ എന്നിവയും പതിവായി മാറിയതിനു പുറമേ, തീരത്തോടടുക്കുന്ന ചുഴലിക്കാറ്റുകളും വലിയ ഭീഷണിയായി നിലനിൽക്കുന്നു. ഓഖിക്കുശേഷം തുടരെത്തുടരെ കേരളതീരത്തേക്ക് ന്യുനമർദങ്ങൾ എത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഉയര്‍ന്നതോതിലുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം ഇത്തരം അതി തീവ്ര ചുഴലിക്കാറ്റുകളുടെ എണ്ണം വർധിപ്പിക്കും. അതു നമ്മുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിൽ കൂടുതൽ അപകടകരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കും. ചുഴലിക്കാറ്റിന്റെ ഭാഗമായി മൂന്നുമുതൽ അഞ്ച് മീറ്റർവരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകുന്നതിനോടൊപ്പം  ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതു   താഴ്ന്ന തീരദേശമേഖലകളിൽ ചുഴലിക്കാറ്റുമൂലമുണ്ടാകുന്ന ആഘാതം ഭാവിയിൽ വർധിപ്പിക്കും. ഇതിനോടൊപ്പം വലിയ വേലിയേറ്റവും മൺസൂൺ കാറ്റും കൂടിവന്നാൽ തീരദേശത്തിന്റെ അവസ്ഥ ഭാവിയിൽ കൂടുതൽ വഷളാകും. ഇതിന്റെ ഭാഗമായി മൺസൂൺ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികൾക്കു കൂടുതൽ തൊഴിൽദിനങ്ങൾ നഷ്ടമാകുവാനും കാരണമായേക്കാം. അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നത് തീരദേശജനതയുടെ ജീവനോപാധിയെയും പ്രത്യക്ഷത്തിൽ ബാധിക്കുന്നതായി നമുക്കു മനസ്സിലാക്കുവാൻ സാധിക്കും. നമ്മുടെ വൻനഗരങ്ങൾ തീരദേശത്തോടടുത്ത് കിടക്കുന്നതിലാലും, പ്രത്യേകിച്ച് സമുദ്രനിരപ്പിനോടടുത്തു കിടക്കുന്ന താഴ്ന്നപ്രദേശങ്ങളിൽ ജീവിക്കുന്ന ഇന്ത്യയിലെ ജനസംഖ്യ വരും ദശകങ്ങളിൽ മൂന്നിരട്ടിയായി ഉയരുമെന്നു കണക്കാക്കപെടുമ്പോൾ, ചുഴലിക്കാറ്റുകളുടെ എണ്ണത്തിലും തീവ്രതയിലും ഉണ്ടായേക്കാവുന്ന മാറ്റം തീരദേശത്തിന്റെ സുസ്ഥിരതയ്ക്കുതന്നെ ഭീഷണിയാണെന്ന് കാണുവാൻ സാധിക്കും.


മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന  വിനാശകരമായ പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും ക്രൂരനായ വില്ലനാണ്  ഉരുൾപൊട്ടൽ. മണ്ണിടിച്ചിലിന്റെ ഫലമായി ഓരോവർഷവും നിരവധിയാളുകൾക്ക് ജീവനും സ്വത്തും നഷ്ടപെടുത്തുന്നതിനോടൊപ്പം ജീവനോപാധികൾക്ക് വലിയ  നാശവും വിതച്ചാണ് ഉരുൾപൊട്ടലുകൾ കടന്നുപോകാറുള്ളത്. അതിനാൽ, ഇത്തരം  അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന  സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനു മണ്ണിടിച്ചിലിനു കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച്  കൂടുതൽ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ അതിശക്തമായ മഴ ഉണ്ടാകുമ്പോൾ  ലാറ്ററൈറ്റിലൂടെ മഴവെള്ളം കൂടുതൽ കിനിഞ്ഞിറങ്ങുന്നതിന്റെ ഫലമായി ഈ പ്രദേശത്ത് മണ്ണിടിച്ചിലുകളും പാറ വീഴ്ചകളും വർധിക്കാം.  മണ്ണിലെ കളിമണ്ണിന്റെ അംശം ഒരു പ്രധാനഘടകമാണ്. നീർച്ചാലുകളുടെ സാന്നിധ്യവും ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന ഘടകമാണ്. പ്രാഥമികവും ദ്വിതീയവുമായ നീർച്ചാലുകൾക്ക് തടസ്സംവരുന്ന നിർമാണ പ്രവർത്തനങ്ങളും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കാം. പ്രവർത്തനക്ഷമമല്ലാതിരുന്ന നീർച്ചാലുകൾ അതിതീവ്ര മഴ ലഭിക്കുമ്പോൾ പെട്ടെന്ന് പ്രവർത്തനക്ഷമമാകുന്നതും മണ്ണിടിച്ചിലിനു കാരണമാകാറുണ്ട്. പലവിധ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചരിവ് അനുസരിച്ചുള്ള ഒന്നാം വിഭാഗത്തിൽപ്പെടുന്ന നീർച്ചാലുകളുടെ (first order streams) സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മാനുഷികപ്രവർത്തനങ്ങൾ ഉരുൾപൊട്ടലുകൾക്കു കാരണമാകാറുണ്ട്. ഇങ്ങനെ നിരവധി കാരണങ്ങൾകൊണ്ട് ചെരിവുകൾ അസ്ഥിരപ്പെടുന്നതാണ് ഉരുൾപൊട്ടലിലേക്കു നയിക്കുന്നത്. ഇതിനോടൊപ്പം അടുത്തകാലത്തു തുടർച്ചായി കാണപ്പെടുന്ന  മിന്നൽച്ചുഴികൾ കാർഷികമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചാണ്  കടന്നുപോകുന്നത്.


കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഏറ്റവും മോശമായ പ്രത്യാഘാതങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയാത്ത  ജനവിഭാഗങ്ങൾക്ക്  വലിയ പ്രത്യാഘാതമുണ്ടാകും. ഉപജീവനത്തിനായി കടലും വനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കഴിയുന്ന തദ്ദേശീയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത്. നിർഭാഗ്യവശാൽ തദ്ദേശവാസികൾ പലപ്പോഴും വികസന അജണ്ടകൾക്ക് പുറത്താണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ലഘൂകരണലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, തദ്ദേശീയമായ അറിവ് കാലാവസ്ഥാശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനംകൊണ്ട്‌ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ ഫലവത്തായി നേരിടുന്നതിനും, ഇവയുടെ ആഘാതം ലഘുകരിക്കുന്നതിനും, ഇവയെ മുന്‍കൂട്ടിക്കണ്ട്‌ തക്കസമയത്തുതന്നെ മുന്‍കരുതലകളെടുക്കുന്നതിനും നമ്മുടെ നിലവിലുള്ള സംവിധാനങ്ങളെ പൂര്‍ണ്ണതോതിൽ സജ്ജമാക്കേണ്ടതുണ്ട്‌. 


ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മൾ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. ഇപ്പോൾ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒരു ടെസ്റ്റ്ഡോസ് മാത്രമാണന്നും ഇനിയും നമ്മെ കാത്തിരിക്കുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുള്ള IPCC-യുടെ ആറാം അവലോകന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി ചർച്ചചെയ്യപ്പെടുകയും നമ്മുടെ നയരൂപീകരത്തിന്റെ ഭാഗമാക്കേണ്ടതുമുണ്ട്.


ഇത്തരം ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ അവലംബിക്കാവുന്ന മാർഗങ്ങൾ :


1. ഉയർന്ന മലമ്പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ടുവരിക.


2. മലയോരപ്രദേശങ്ങളിലെ ഭൂവിനിയോഗരീതികൾ സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിക്കുക


3. വിനാശകരമായ മണ്ണിടിച്ചിലുകളെപ്പറ്റി നേരത്തെതന്നെ മുന്നറിയിപ്പു തരാൻ പ്രാപ്തിയുള്ള, കാര്യക്ഷമമായ ഒരു സംവിധാനം സജ്ജമാക്കുക


4. സ്വാഭാവികപ്രകൃതിക്ക് നാശംവരുത്താത്തതും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യവുമായ പ്രകൃതിസൗഹൃദ പാർപ്പിടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം.


5. ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നതിൽനിന്നു ആളുകളെ വിലക്കുന്നത് ജീവഹാനി കുറയ്ക്കാൻ അനിവാര്യമാണ്.


6. ശരിയായ ശാസ്ത്രാവബോധത്തോടെയുള്ള ഒരു ഭൂവിനിയോഗനയം രൂപപ്പെടുത്തി നടപ്പിലാക്കാൻ നമുക്ക് ഇനി ഒട്ടും വൈകിക്കൂടാ.


7. കാലാവസ്ഥാപരമായി ഓരോ പ്രദേശത്തിന്റെയും ദുർബലത മനസ്സിലാക്കിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ മാത്രം നടപ്പിലാക്കുന്ന നയരൂപീകരണവും സാമൂഹിക പാരിസ്ഥിക – സാമൂഹിക ആഘാത പഠനവും നടത്തുക.


8. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ പ്രാദേശികതലത്തിലുള്ള അതിതീവ്രമഴയും അതിനെത്തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടൽ പോലുള്ള പരിസ്ഥിതി ദുരന്തങ്ങളും കേന്ദ്രിത രീതിയിലുള്ള ഒരു ദുരന്തനിവാരണസംവിധാനത്തിലൂടെ കാര്യക്ഷമമായി കൈകാര്യംചെയ്യുക പ്രയാസമാണെന്ന് തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങൾ കാണിച്ചുതരുന്നു. അതിനാൽ അടിയന്തരമായി ഒരു പങ്കാളിത്ത ദുരന്തനിവാരണനയം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.


9. കാലാവസ്ഥാവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ഈ വിധ അടിസ്ഥാനപ്രശ്നങ്ങൾ സംബന്ധിച്ച് കൂടുതലായി പഠിക്കുന്നതിനോടൊപ്പം, അവയെ മുൻകൂട്ടി അറിയുകയും, അറിയിപ്പുകൾ വേണ്ടവിധം ഫലവത്തായി സമൂഹത്തിനു കൈമാറുകയും ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ അടിയന്തരമായി അവലംബിക്കേണ്ടതുണ്ട് എന്നതും നിസ്തർക്കമാണല്ലോ. കാലാവസ്ഥാമുന്നറിയിപ്പുകൾ കൂടുതൽ പ്രാദേശികവും കൃത്യവും ആവേണ്ടതും, ജനോപകാരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതും കാലഘട്ടത്തിന്റ അനിവാര്യതയുമാണ്.


10. സംസ്ഥാന, ജില്ല, തദ്ദേശസ്ഥാപനങ്ങൾ, വാർഡ് തുടങ്ങി വിവിധതലത്തിൽ ജനങ്ങൾ, നിയമപാലകർ, അഗ്നിശമനസേനാംഗങ്ങൾ, മറ്റു സർക്കാർവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട്, പങ്കാളിത്ത ദുരന്തനിവാരണ സമിതികൾ രൂപവത്കരിക്കുകയും, ദുരന്തങ്ങൾക്കു കാരണമാകുന്ന മുന്നറിയിപ്പുകൾ, കാറ്റ്, മഴ തുടങ്ങിയ കാലാവസ്ഥാവിവരങ്ങൾ ഏറ്റവുംവേഗത്തിൽ ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും, മതിയായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുമാണ്.


11. തദ്ദേശവാസികളെയുംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പങ്കാളിത്ത കാലാവസ്ഥ അനുരൂപീകരണ ദുരന്തനിവാരണ നയങ്ങൾക്ക് മുൻ‌തൂക്കം നൽകുക. ഭാവിയിൽ ഇത്തരം പ്രതിഭാസങ്ങളെ മുൻകൂട്ടി അറിയുവാനും, മനസ്സിലാക്കുവാനും യഥാസമയം മുന്നറിയിപ്പുകൾ നൽകി ജീവനാശം കുറയ്ക്കുവാനും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ /മഴമാപിനികൾ സ്ഥാപിക്കേണ്ടതാണ്. തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമുറപ്പാക്കുന്നതുവഴി പ്രാദേശികമായ മഴ പ്രവചനങ്ങൾക്കും, പ്രളയ-ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾക്കുംവേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്


12. കാലാവസ്ഥാവ്യതിയാനം ജീവനോപാധികളെയും, സാമൂഹിക-സാമ്പത്തികസുരക്ഷയെയും പ്രാദേശിക അടിസ്ഥാനത്തിൽ ബാധിക്കുന്നത് എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കുകയും വേണ്ട ഇടപെടലുകൾ പ്രാദേശിക അടിസ്ഥാനത്തിൽത്തന്നെ നിര്‍ദേശിക്കാവുന്നതുമാണ്.