ശങ്കരക്കുറുപ്പിന്റെ കത്തുകൾ – എൻ.ഇ. സുധീർ

ശങ്കരക്കുറുപ്പിന്റെ കത്തുകൾ – എൻ.ഇ. സുധീർ

“പ്രിയപ്പെട്ട എൻ.വി.,


‘ഭൂമിക’കിട്ടി. ഇത്രയും ശ്രദ്ധിച്ച്, ശ്രദ്ധേയമായ ഒരവതാരിക എഴുതാൻ പ്രേരിപ്പിച്ച സൗഹൃദത്തെയും സൗമനസ്യത്തെയും ഞാൻ ആ രണ്ടിന്റെയും പൂർണമായ രൂപത്തിൽ കാണുന്നു; ആഹ്ലാദിക്കുന്നു. ‘കഥാകാവ്യം’ ഉപക്രമവിഷയമാക്കിയിരുന്നെങ്കിൽ, ഇത്രയും ഉജ്ജ്വലമാകുമായിരുന്നോ എന്നു സംശയമാണ് ‘ഭൂമിക’.


അവതാരികയെക്കുറിച്ചു സന്തോഷിക്കയും ശ്ലാഘിക്കുകയും ചെയ്യുന്നതുകൊണ്ട്, അതിൽ എനിക്കു തന്നിട്ടുള്ള മേന്മ അങ്ങനെത്തന്നെ ഞാൻ വിശ്വസിക്കുന്നു എന്നോ, തെറ്റിദ്ധരിക്കരുത്. അതിൽ ഒരുകാര്യം എടുത്തുപറഞ്ഞതു നന്നായി. ഒറ്റയ്ക്കും കൂട്ടായുംനിന്ന് എല്ലാ പയറ്റുമുറകളും ശീലിച്ചവർ നടത്തുന്ന ആക്രമണത്തിൽനിന്ന്, എന്റെ പേനയെയല്ല, എന്റെ ഹൃദയത്തെ ഞാൻ വീഴാതെ കാക്കുവാൻ ഇന്നോളം ശക്തനായി. ഈ വാക്യമെഴുതുമ്പോൾ എന്റെ ഹൃദയത്തിനുണ്ടാവുന്ന അസ്വസ്ഥത മറ്റാരും അറിയാതെ എനിക്കു സൂക്ഷിക്കാൻ കരുത്തുണ്ടാവട്ടെ. 


നിരൂപണം എത്ര നിശിതമായാലും നിരൂപണമാണ്; അഭിലഷണീയമാണ്. അനുഭവാപഗ്രഥനവും അതിനു ശേഷമുള്ള ഉദ്ഗ്രഥനവും സത്യസന്ധമായിരുന്നാൽ മതി. സത്യത്തിനു പക്ഷപാതം വയ്യ. മറ്റു കാര്യങ്ങളെ ഉള്ളിൽ വച്ചുകൊണ്ടുള്ള അപഹാസങ്ങളും ഗർജനങ്ങളും നിരൂപണത്തിനുള്ള അവകാശവും മാന്യതയും പിടിച്ചടക്കുകയും വാഴുകയും ചെയ്യുമ്പോഴാണ് വിഷമം… ശ്രീ.സി.എച്ച്. കുഞ്ഞപ്പയ്ക്ക് നാലഞ്ചു കവിത അയച്ചിട്ടുണ്ട്. തിരുനാമം ‘പാഥേയ’ ത്തിൽ 264- പേജിലാണെന്നു തോന്നുന്നു. പുസ്തകം മുകളിൽ അച്യുതന്റെ കൈയിലായിരുന്നു. ഒന്നു ചൂണ്ടിക്കാണിക്കണേ! പകർത്താനുള്ള മടി. ‘നേടുക വീര്യം’ കഴിഞ്ഞ ലക്കം ‘തിലക ‘ ത്തിലും. ഈ കവിതകളിൽ നിന്ന്, ആരോഗ്യവും നൈസർഗികമായ ഉന്മേഷവും ഉള്ളവരെ വേർതിരിച്ചു നിർത്തി ഒരു സെലക്ഷൻ നടത്തി, മറ്റുള്ളവരെ, പിന്നെയൊരിക്കൽ വരൂ, എന്നു മടക്കിയാൽ മതി. അയച്ച കവിത എല്ലാം ചേർത്തേ കഴിയൂ എന്നില്ല. മുഖം നോക്കാതെ, നിർദയമായ തെരഞ്ഞെടുക്കലാവണം. സി.എച്ചിനു ഞാനെഴുതിയിട്ടുണ്ട്. ഭംഗിവാക്കല്ല എന്ന് ഒന്നു പറയണം. നമുക്ക് നല്ലൊരു കവിതാസമാഹാരം പ്രസിദ്ധപ്പെടുത്താൻ ഇപ്പോൾ കൈമുതലില്ലേ എന്നു സി.എച്ച്. തീർച്ചയാക്കട്ടെ. 


ഇങ്ങനെയൊക്കെയായാലും എനിക്കു മനസ്സിനു വ്യഥയുണ്ട്. ഞാനെങ്ങനെയെത്ര വളരെ ശത്രുക്കളെ, ഈ ചെറിയ പേന മാത്രം വച്ചു കൊണ്ടു സമ്പാദിച്ചു! ….


സ്നേഹപൂർവം,


ജി.ശങ്കരക്കുറുപ്പ് ”


1963 ഒക്ടോബർ മാസത്തിൽ മഹാകവി ജി.ശങ്കരക്കുറുപ്പ് എൻ.വി. കൃഷ്ണവാരിയർക്ക് അയച്ച ഒരു കത്താണിത് . 1954 മുതൽ 1978 വരെ ശങ്കരക്കുറുപ്പിൽനിന്നു തനിക്കു ലഭിച്ച കത്തുകളിൽനിന്ന് ചിലതൊക്കെ തിരഞ്ഞെടുത്ത് എൻ.വിതന്നെ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ഹൃദയത്തിന്റെ വാതായനങ്ങൾ’ എന്ന പുസ്തകത്തിലാണ്  ഞാനിതു വായിച്ചത്. ഇതിവിടെ പകർത്താൻ കാരണം മുൻ തലമുറയിലെ എഴുത്തുകാർ തമ്മിലുള്ള ക്രിയാത്മക ബന്ധത്തെയും അവർ കാര്യങ്ങളെ നോക്കിക്കണ്ട രീതികളെയും ഓർമിപ്പിക്കാനാണ്. ഒരവതാരിക വായിച്ച് അതിനെ അപ്പാടെ സ്വീകരിച്ച് ആഹ്ലാദിക്കുവാൻ ജി. ശങ്കരക്കുറുപ്പ് തയാറാവുന്നില്ല. അവതാരികാകാരൻ പറഞ്ഞ മേന്മകൾ അപ്പാടെ വിശ്വസിക്കുകയോ സ്വീകരിക്കുകയോ ചെയ്തു എന്ന് കരുതുരുത് എന്നാണ് കവി കത്തിൽപ്പറഞ്ഞിരിക്കുന്നത്. അതുപോലെ നിരൂപണത്തോടുള്ള കവിയുടെ സമീപനവും കത്തിൽ വിശദമാക്കുന്നുണ്ട്. നിശിതമായ നിരൂപണം അഭിലഷണീയമാണ്. അത് സത്യസന്ധമായിരിക്കണം എന്നു മാത്രം. ഒടുക്കം അദ്ദേഹം സ്വയം വിമർശനം നടത്തുന്നതും കാണണം. ഈ ചെറിയ പേന മാത്രം വച്ചുകൊണ്ട് താനെത്രമാത്രം ശത്രുക്കളെ സമ്പാദിച്ചു എന്നാണ് അദ്ദേഹം ആകുലതപ്പെടുന്നത്!  


അരനൂറ്റാണ്ടിനിപ്പുറവും ആ പഴയ കത്തിലെ ആശയങ്ങൾ ചിന്തോദ്ദീപകങ്ങളാണ്. നമ്മുടെ പുതിയകാല എഴുത്തുകാരൊക്കെ  മുമ്പേ നടന്നവർ എങ്ങനെയാണ് കാര്യങ്ങളെ വിലയിരുത്തിയത് എന്നു മനസ്സിലാക്കുന്നത് നല്ലതാണ്. അവരുടെ സാഹിത്യസംസ്കാരം ഇതിൽനിന്നു വായിച്ചെടുക്കാം. 


ഇത്തരം ധാരാളം കത്തുകൾ ഈ പുസ്തകത്തിലുണ്ട്. അത് കവിയുടെ ഉജ്ജ്വലമായ വ്യക്തിത്വത്തിലേക്ക് വെളിച്ചംപകരുന്നു. സാഹിത്യേതരമായ ധാരാളം സാമുഹികവിമർശനങ്ങളും കത്തുകളിലുണ്ട്. കത്തെഴുത്ത് അവരുടെയൊക്കെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു. ഒരു കത്തിൽ ഇങ്ങനെ കാണാം. “പ്രിയപ്പെട്ട എൻ.വി., കത്തു കണ്ടിട്ടു നാളേറെയായി; എന്താണൊരു മന്ദത?” മറ്റൊരിടത്ത് – എൻ.വിയുടെ കൈയക്ഷരം കണ്ടിട്ടു കുറച്ചുനാളായി. ആ ഷാർപ് എഡ്ജുള്ള അക്ഷരവടിവ് എൻ.വി.യുടെ സവിശേഷ വ്യക്തിത്വത്തെയും പ്രതിഭയെയും ഓർമിപ്പിക്കാറുണ്ട്… നാമെത്ര അടുത്ത സ്നേഹിതന്മാരാണ്? എന്നിട്ടും എന്നാണാദ്യം കണ്ടത്, ഏതു സന്ദർഭത്തിൽ – എനിക്കറിഞ്ഞുകൂടാ. എൻ.വി. വല്ലപ്പോഴും ഒരു നീണ്ടകത്ത് നമ്മുടെ ബന്ധം വളർന്നവഴിയിലെ മുഖ്യസ്ഥാനങ്ങൾ കാട്ടിക്കൊണ്ട് എഴുതിയാൽ എനിക്കു വലിയ സഹായമാവും.” 


എൻ.വി. പുസ്തകത്തിന്റെ  ആമുഖത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. “അത്യന്തം ഭാവനാശാലിയായ ഈ കവിയുടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നമുക്കു നേരിട്ടുകാട്ടിത്തരുന്ന വാതായനങ്ങളാണ് അദ്ദേഹത്തിന്റെ കത്തുകൾ. അതേസമയം, അതാതുകാലത്തെ കേരളത്തിലെ സാഹിത്യ-സാംസ്കാരികജീവിതത്തിന്റെ സ്പന്ദനങ്ങൾ അവ ഉൾക്കൊള്ളുകയും ചെയ്യുന്നു. അവ വായിക്കുമ്പോൾ നാം ജി.യുടെ ജീവിതത്തിൽ പങ്കാളികളാകുന്നു. കത്തെഴുതൽ സാഹിത്യകലയുടെ ഒരു സവിശേഷ രൂപമാണെങ്കിൽ, മലയാളത്തിൽ ആ കലയുടെ ഉത്തമ മാതൃകകളാണ് ജി.യുടെ കത്തുകൾ. തന്റെ കാവ്യസാധന പരമോൽകർഷത്തിലെത്തി നിന്നിരുന്ന വർഷങ്ങളിൽ മഹാകവി ജി.യുടെ ഹൃദയവ്യാപാരങ്ങളെ, പീഢാനുഭവങ്ങളെ, ധാർമികരോഷങ്ങളെ, ആഹ്ലാദസ്പന്ദനങ്ങളെ അവ വ്യക്തമാക്കിത്തരുന്നു.”


കത്തുകൾ എന്ന സാഹിത്യശാഖയ്ക്ക്  വംശനാശംവന്ന ഒരു കാലത്തിരുന്ന് ഇതൊക്കെ വായിക്കുമ്പോൾ എന്റെ മനസ്സ് ഗൃഹാതുരത്വംകൊണ്ടു നിറയുന്നു. കാലത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്താൻ  കത്തുകൾക്ക് കഴിഞ്ഞതുപോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. (ഹൃദയത്തിന്റെ വാതായനങ്ങൾ – മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 131 കത്തുകൾ – സമ്പാ:- എൻ.വി. കൃഷ്ണവാരിയർ – നാഷണൽ ബുക്ക് സ്റ്റാൾ – കോട്ടയം 1986) 


ജീവനില്ലാത്ത കഥ


യാഥാർഥ്യത്തിൽ തുടങ്ങിയ  ആഖ്യാനത്തെ അയഥാർഥ്യത്തിൽ അവസാനിപ്പിക്കുന്നരീതി പുതിയകാല കഥാകൃത്തുക്കളിൽ പലരും പരീക്ഷിക്കാറുണ്ട്. അതത്ര എളുപ്പമുള്ള ആഖ്യാനരീതിയല്ല. അതുകൊണ്ടുതന്നെ മിക്കവരും പരാജയപ്പെടും. കഥ കൈവിട്ടുപോവുകയും ചെയ്യും. ദേശാഭിമാനി വാരികയുടെ ജൂൺ 14-ന്റെ ലക്കത്തിൽ ഉണ്ണി ബാലകൃഷ്ണൻ എഴുതിയ ‘അനുജന്മാവ്’ എന്ന കഥ ഇങ്ങനെ പരാജയപ്പെട്ട ഒന്നാണ്. 


അയഥാർഥ്യത്തിൽ  ആധികാരികത സൃഷ്ടിച്ചെടുക്കുന്നതിൽ കഥാകൃത്ത് ശ്രദ്ധിച്ചതേയില്ല. പെട്ടന്നൊരു നാൾ കാണാതായ കുട്ടികൃഷ്ണൻ ഇരുപതുവർഷങ്ങൾക്കുശേഷം തിരിച്ചുവരുന്ന പ്രതീതിയാണ് കഥയിലെ പ്രമേയം.  കുട്ടികൃഷ്ണന്റെ തിരോധാനത്തോട് ബന്ധുമിത്രാദികൾ പ്രതികരിക്കുന്നത് വിവരിച്ചുകൊണ്ടാണ്  കഥ തുടങ്ങുന്നത്. കഥയിലെ കാലം ഒരിടത്തുവച്ച് ഒറ്റവരിയിൽ ഇരുപതുവർഷങ്ങൾ ചാടിക്കടക്കുന്നു. ഇരുപതുവർഷങ്ങൾക്കുശേഷം അയാളുടെ അനുജനെത്തേടി കുട്ടികൃഷ്ണന്റെ ഒരു കത്തുവരുന്നു. അയാൾ തിരിച്ചുവരുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്ത്. വരവറിയിച്ചുകൊണ്ടുള്ള കത്തിലെ കാലക്രമവും വിചിത്രമായിരുന്നു. കണക്കുകൂട്ടി ജേഷ്ഠനെ കാത്ത് അനുജൻ റെയിൽവേസ്റ്റേഷനിലെത്തുന്നു. അവിടെ സംഭവിക്കുന്നത് യാഥാർഥ്യമാണോ അയഥാർഥ്യമാണോ എന്ന് വായനക്കാർക്കും മനസ്സിലാകുന്നില്ല. രണ്ടിന്റെയും സൂചനകൾ അവിടെ ചേർത്തുവച്ചിരിക്കുന്നു. അയഥാർഥ്യത്തിന്റെ യുക്തിയെ കഥാകൃത്ത് തന്നെ ഭേദിച്ചുകളഞ്ഞു. അവിടെ കഥ ജീവനില്ലാത്തതാവുന്നു.


വിക്ടർ 

<ഫ്രാങ്കലിന്റെ ജീവിതം 


“ഒരുദിവസം സ്ത്രീകളുടെ ടൈഫോയ്ഡ് ക്യാമ്പിൽ മൃതശരീരമെടുക്കാൻ വന്ന ഒരാൾ ഒരു ശവമെടുക്കുമ്പോൾ ഒരുനിമിഷം ഞെട്ടിത്തരിച്ചതുപോലെ സ്തബ്ധനായി നില്ക്കുന്നതുകണ്ടു. അടുത്തനിമിഷം ഒന്നും സംഭവിക്കാത്തതുപോലെ അയാളത് വലിച്ചെടുത്ത് ഉന്തുവണ്ടിയിലേക്കിട്ട് നടന്നുനീങ്ങി. വെറും ഒരു കൗതുകത്തിന് ഞാൻ അയാളുടെ പിന്നാലെ ചെന്നു. 


‘ ഇത് പരിചയമുള്ള ആരുടെയെങ്കിലും മൃതദേഹമാണോ?’


‘മകളാണ്.’ അയാളുടെ മുഖത്ത് ഒരു വികാരവുമില്ലായിരുന്നു. പിന്നെയും മൃതദേഹങ്ങളെടുത്ത് ഉന്തുവണ്ടിയിലിടുന്നുണ്ടായിരുന്നു അയാൾ. കുറച്ചുകഴിഞ്ഞ് ഭക്ഷണപ്പുരയിലിരുന്ന് സാധാരണപോലെ റൊട്ടി തിന്നുന്നതും കണ്ടു” 


മരണത്തിന്റെ അതീവ നിസ്സംഗമായ ഈ വിവരണം  പി.എം.മധു എഴുതിയ ‘ഒരു ബൊഹീമിയൻ ഡയറി’ എന്ന നോവലിലെയാണ്. ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പിൽ അതിക്രൂരപീഡനങ്ങളേറ്റതിനുശേഷം രക്ഷപ്പെടാൻ ഭാഗ്യമുണ്ടായ  വിക്ടർ ഫ്രാങ്കൽ എന്ന വിഖ്യാത സൈക്യാട്രി പ്രഫസറുടെ ജീവിതകഥയാണ് പി.എം. മധു തന്റെ നോവലിലൂടെ പറയുന്നത്. വിക്ടർ, വിയന്നക്കാരനായ ഒരു ജൂതനായിരുന്നു. അയാളോടൊപ്പം തടവുപാളയത്തിലായ  അച്ഛൻ, അമ്മ, സഹോദരി, ഭാര്യ എന്നിവരെല്ലാം നാസികളുടെ   ക്രൂരപീഡനങ്ങളാൽ  കൊല്ലപ്പെട്ടു.  നാസിത്തടവറയിലെ പീഡനങ്ങളെ അതിജീവിച്ച വിക്ടർ അയാൾ കണ്ടതും അനുഭവിച്ചതുമായ  ജീവിതത്തെ ഓർത്തെടുത്ത് ചില പുസ്തകങ്ങളെഴുതി. Man’s Search for Meaning, The Doctor and the Soul, Viktor Frankl Recollections എന്നിവയാണ് പ്രധാനരചനകൾ. ഹോളോകോസ്റ്റ് ദുരന്തത്തെ അടയാളപ്പെടുത്തുന്നതിൽ ഇവ വലിയ പങ്കുവഹിച്ചു. സഹനത്തിന്റെയും അതിജീവനത്തിന്റെയും വേറിട്ട ആ ജീവിതത്തെയാണ് ഈ നോവൽ അടയാളപ്പെടുത്തുന്നത്. ദുരന്തങ്ങൾ എങ്ങനെയാണ് ഒരാളുടെ ജീവിതത്തിൽ ഇടപെടുക എന്നതു കാണിച്ചുതരികയാണ് നോവലിസ്റ്റ്. ദുരന്തങ്ങളെ സങ്കടമില്ലാതെ നേരിടാൻ സാധിക്കുമോ? പകയില്ലാതെ ഓർത്തെടുക്കാനാവുമോ? വിക്ടർ ഫ്രാങ്കൽ അതിനൊക്കെ ശ്രമിച്ചയാളാണ്. അയാൾ മനഃശാസ്ത്രജ്ഞനായിരുന്നു. ഏതൊരു സ്വാന്തനവഴിയും പരാജയപ്പെടുന്ന ക്രൂരതകളെയാണ് അന്നത്തെ ജനത നേരിടേണ്ടിവന്നത്. അത്തരം മനുഷ്യരുടെ മനസ്സിനെ പിടിച്ചുകെട്ടാനാണ് വിക്ടർ ഫ്രാങ്കൽ ശ്രമിച്ചത്. കൊടും ദുരിതങ്ങളുടെ ഇരയായിക്കൊണ്ടുതന്നെ സഹജീവികളുടെ കരുതൽ ഏറ്റെടുത്ത ഒരു മനുഷ്യനെ ഈ നോവലിൽ നമുക്കു കാണാൻ കഴിയും. 


നാസികൾക്ക് എന്തും ചെയ്യാം. നമ്മളിൽനിന്നു എന്തും കവർന്നെടുക്കാം. എന്നാൽ, നമ്മുടെ  മനോഭാവത്തെ മാറ്റുവാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. ദുരിതങ്ങളോട് എന്തു മനോഭാവം സ്വീകരിക്കണം എന്നത് തികച്ചും വ്യക്തിപരമാണ്. ഇതാണ് വിക്ടർ ഫ്രാങ്കൽ മുന്നോട്ടുവെച്ച വേറിട്ടചിന്ത. ഇതിനെ ഈ  നോവൽ ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്.  


വിക്ടർ ഫ്രാങ്കൽ എന്ന ചരിത്രപുരുഷന്റെ അനുഭവങ്ങളും അയാളുടെ ആലോചനകളും ചേർത്തുവച്ചു മുന്നേറുന്ന ഈ  നോവൽ ഡയറിക്കുറിപ്പുകളുടെ രീതിയിലാണ് എഴുതിയിട്ടുള്ളത്. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ വായനക്കാരെ അസ്വസ്ഥരാക്കുകതന്നെ ചെയ്യും. അതേസമയം തീർത്തും അനാവശ്യമെന്ന് തോന്നിക്കുന്ന ചില  വിവരണങ്ങൾ നോവലിൽ കടന്നുകൂടിയിട്ടുണ്ട്. അതു രചനയുടെ  താളത്തെ ഇല്ലാതാക്കിക്കളയുന്നു എന്നാണ് എനിക്ക്  പരാതിയായി പറയുവാനുള്ളത്.  ക്യാമ്പിലെ അനുഭവചിത്രീകരണം  കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ നന്നായേനെ. നോവൽ അവസാനിപ്പിക്കുവാനുള്ള ഒരു വ്യഗ്രത നോവലിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പലേടത്തും  അത്തരം എടുത്തുചാട്ടങ്ങൾ കാണാനുണ്ട്. 


ഇരുപതാംനൂറ്റാണ്ടിന്റെ യൂറോപ്യൻസാഹിത്യത്തെ അസാധാരണമാക്കുന്നത് ഹോളോകോസ്റ്റ് സാഹിത്യം എന്ന് പൊതുവിലറിയപ്പെടുന്ന,  യുദ്ധാനുഭവങ്ങളിൽനിന്നു സൃഷ്ടിക്കപ്പെട്ട രചനകളാണ്. അവയിൽ നോവലുകളും ഓർമക്കുറിപ്പുകളും ഡയറിക്കുറിപ്പുകളും ഉൾപ്പെടുന്നു.  അത്തരത്തിലൊന്ന് ഭാവനയിൽ മെനഞ്ഞ് മലയാളത്തിലെഴുതി എന്നതാണ് ‘ഒരു ബൊഹീമിയൻ ഡയറി’ എഴുതിയ  നോവലിസ്റ്റിന്റെ പ്രത്യേകത. പരിഭാഷകളിലൂടെ മാത്രം നമ്മളറിഞ്ഞ ഒരു ഭീകരകാലത്തെ ഒരു മലയാളി  നോവലിസ്റ്റ് സാങ്കല്പിക ആഖ്യാനത്തിലൂടെ കാണിച്ചുതരികയാണ്. മനുഷ്യാവസ്ഥയുടെ വേറിട്ടൊരു കഥപറച്ചിൽ പുതിയൊരു സ്വരത്തിലൂടെ നമ്മളറിയുന്നു.  (ഒരു ബൊഹീമിയൻ ഡയറി- പി.എം. മധു – ചിന്ത പബ്ലിഷേഴ്സ് ).


പ്രതിഭാശാലികളും വ്യക്തിജീവിതവും 


പ്രതിഭാശാലികളെല്ലാം നല്ല മനുഷ്യരായിരിക്കുമോ? നമുക്കങ്ങനെ ആഗ്രഹിക്കാം എന്നേയുള്ളൂ. അതൊരു യാഥാർഥ്യമാവണമെന്നില്ല. ചരിത്രം കാണിച്ചുതരുന്നതും മറിച്ചാണ്. 1988-ൽ പുറത്തുവന്ന, പോൾ ജോൺസൺ രചിച്ച ‘Intellectuals’ എന്ന പുസ്തകം വായിച്ച്, മനസ്സിലെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയത് ഓർമയിലുണ്ട്. റൂസ്സോ, മാർക്സ്, ടോൾസ്റ്റോയി, സാർത്ര്, ചോംസ്കി തുടങ്ങിയവരുടെയെല്ലാം വ്യക്തിജീവിതത്തിലെ അധാർമിക സംഭവങ്ങൾ തുറന്നുകാട്ടുകയായിരുന്നു പോൾ ജോൺസൺ, തന്റെ  പുസ്തകത്തിലൂടെ. അതൊരു ഞെട്ടിക്കുന്ന പുസ്തകമായിരുന്നു. അതോടൊപ്പം വലിയ തിരിച്ചറിവുതന്ന പുസ്തകവും.


സർഗാത്മകത വേറെ – വ്യക്തിജീവിതം വേറെ. എഴുതുമ്പോൾ ടോൾസ്റ്റോയ് മറ്റൊരാളാണ്. അയാളുടെ പ്രതിഭ അവിടെ പ്രകാശനം ചെയ്യപ്പെടും. അവിടെ നീതിയുടെ പ്രസരിപ്പുണ്ടാവാം. ധാർമികതയുടെ കരുത്തു കാണും. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഇതെല്ലാം ഉണ്ടെന്നു കരുതുക വയ്യ. ഈ വൈരുധ്യം  ഏതൊരു  കലാകാരന്റെയും പ്രതിഭാശാലിയുടെയും ജീവിതത്തിലും കണ്ടെന്നു വരാം. 


മെച്ചപ്പെട്ട മനുഷ്യൻ, രാഷ്ട്രീയശരികളുള്ള സമൂഹജീവി ഇതൊക്കെക്കൂടിയാണ് കലാകാരന്മാർ- പ്രതിഭാശാലികൾ  എന്നത് വെറും തോന്നലാണ്. അപൂർവം ചിലരിൽ ഇതെല്ലാം സമ്മേളിച്ചുകാണാം എന്നുമാത്രം. നല്ല മനുഷ്യരെല്ലാം നല്ല കലാകാരന്മാർ ആകാത്തതുപോലെ, നല്ല കലാകാരന്മാരെല്ലാം നല്ല മനുഷ്യരായെന്നും വരില്ല. ലോകം അങ്ങനെയൊക്കെയാണ്. 


ഇതിപ്പോൾ ഓർമിക്കാനിടയായത് സാഹിത്യ നൊബേൽ ജേതാവ് ആലീസ് മൺറോയുടെ മകളെഴുതിയ ഒരു കുറിപ്പ് കണ്ടതുകൊണ്ടാണ്. മൺറോയുടെ രണ്ടാം ഭർത്താവ് ജെറാൾഡ് ഫ്രെംലിനിൽനിന്ന് തനിക്കനുഭവിക്കേണ്ടിവന്ന ലൈംഗികപീഡനത്തെപ്പറ്റിയാണ് അവൾ എഴുതിയിരിക്കുന്നത്. “1976-ൽ ഞാൻ അമ്മ ആലീസ് മൺറോയുടെ വേനൽക്കാലവസതിയിൽപ്പോയി. അമ്മയില്ലാതിരുന്ന ഒരു രാത്രി എന്റെ രണ്ടാനച്ഛൻ, മൺറോയുടെ ഭർത്താവ്  ഉറങ്ങിക്കിടക്കുകയായിരുന്ന എന്നെ ലൈംഗികമായി ഉപദ്രവിച്ചു. മുമ്പും അയാൾ എന്നോട് അങ്ങനെ ചെയ്തിട്ടുണ്ട്. അന്നത് ലൈംഗിക ദുരുപയോഗമാണെന്ന് എനിക്കറിയില്ലായിരുന്നു.” ഇതറിഞ്ഞിട്ടും അമ്മയായ ആലീസ് മൺറോ  ഈ സംഭവത്തെ അവഗണിക്കുകയായിരുന്നു. സംഭവിച്ചതെല്ലാം മകൾക്കും രണ്ടാനച്ഛനും തമ്മിലാണെന്നും അതിൽ തനിക്ക് യാതൊരു ബന്ധവുമില്ല എന്നൊരു നിലപാടാണ് അവർ കൈക്കൊണ്ടത്. മകളുടെ പീഡകന്റെ പക്ഷത്തു നില്ക്കാനാണ് ലോകത്തിന്റെ പ്രിയ കഥാകാരി തയാറായത്. 


ഇതോടെ മകൾ അമ്മയിൽനിന്നകന്നു. ആലിസ് മൺറോയുടെ മരണംവരെ അവർ തമ്മിൽ കണ്ടില്ല. ഈ കഴിഞ്ഞ മെയ് പതിമൂന്നിനാണ് ആലീസ് മൺറോ അന്തരിച്ചത്. 


മൺറോയുടെ മകൾ ആൻഡ്രിയ റോബിൻ സ്കിന്നർ കാനഡയിലെ ‘ടൊറാൺടോ സ്റ്റാർ’ എന്ന പത്രത്തിലൂടെയാണ് ജൂലൈ മാസം ഈ അനുഭവം പങ്കുവച്ചത്. മൺറോയുടെ ആരാധകരുൾപ്പെടെയുള്ള സാഹിത്യലോകം ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത അറിഞ്ഞത്. പോൾ ജോൺസൺ എഴുതിയ പുസ്തകത്തിൽ ഒരധ്യായംകൂടി എഴുതിച്ചേർക്കാമല്ലോ എന്നാണ് ഞാനാലോചിച്ചത്. 


തിരുത്ത്:


കഴിഞ്ഞലക്കം മൊഴിയാഴത്തിൽ ലീലാവതി ടീച്ചറുടെ ആത്മകഥയെപ്പറ്റി എഴുതിയ ഭാഗത്ത് ഒരു പിശക് സംഭവിച്ചിട്ടുണ്ട്. പേജ് 53-ൽ കോളം  ഒന്ന് മക്കളെക്കാൾ മമത എന്നു തുടങ്ങുന്ന രണ്ടാം ഖണ്ഡികയിൽ, എനിക്ക് അഞ്ചു പെൺമക്കളാണ് അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും എന്നത് – എനിക്ക് അഞ്ചു ആൺമക്കളാണ് എന്ന് തിരുത്തി വായിക്കാനപേക്ഷ. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.