കബറിന്നടിയിലെ ദൈവം – ഇ. എം. ഹാഷിം

കബറിന്നടിയിലെ ദൈവം –  ഇ. എം. ഹാഷിം

ഓരോ മത, ജാതി, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവരവരുടെ വിശ്വാസമനുസരിച്ച് വ്യത്യസ്തമായ മരണാനന്തര ചടങ്ങുകൾ ഉണ്ട്. ദഹനം, മണ്ണിന്നടിയിൽ അടക്കൽ, സ്ലാബിൽ വയ്ക്കൽ, കിണറിനു മേലെ വച്ച് കഴുകന്മാർക്ക് തിന്നാൻ കൊടുക്കൽ. അങ്ങനെ പലതും. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും അതിനപ്പുറം സ്വർഗ-നരകങ്ങളുണ്ടെന്നും മതം ആരംഭിക്കുന്നതിനു മുമ്പ് മനുഷ്യൻ വിശ്വസിച്ചിരുന്നില്ല. വിശ്വാസംതന്നെ ഉണ്ടായിരുന്നില്ല. പതുക്കെപ്പതുക്കെ വിശ്വാസം ആരംഭിച്ചപ്പോഴാണ് ദൈവവും ശിക്ഷയും സ്വർഗനരകങ്ങളും മനുഷ്യൻ സ്വീകരിച്ചത്.


ബുദ്ധനാണ് സംഘം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. അതു പടരുകയും പിന്നീട് ഞാഞ്ഞൂൾ കൂട്ടായ്മകൾപോലും  ആ വാക്ക് ഉപയോഗിക്കുകയും ചെയ്തു. ഇന്നും അതു തുടരുന്നു. മരണാനന്തരജീവിതത്തെക്കുറിച്ച് വളരെ ചെറുപ്പംമുതലേ മനസ്സിലാക്കിയിരുന്നു. മദ്രസയിലെ ഉസ്താദ് മുടിനാരേഴായ് ചീന്തിയാൽ ലഭിക്കുന്ന നേർത്തമുടിയുടെ പാലത്തിനുമേൽ നടക്കാൻ ആവശ്യപ്പെടുന്ന ദൈവത്തെ അവതരിപ്പിച്ചപ്പോൾ സംശയാലുക്കളായ ഞങ്ങൾ, അതൊന്നും ഇല്ലാത്തതാണെന്നും ശരിക്കും സ്വർഗ-നരകങ്ങൾതന്നെ മിഥ്യയാണെന്നും ഉസ്താദ് കേൾക്കാതെ പായ്യ്യാരം പറഞ്ഞു. പത്താംക്ലാസ് പാസ്സായപ്പോൾ തുടർന്ന മതപഠനവും കോളേജിൽ പോക്കും വേണ്ടെന്ന് വച്ച് വണ്ടികയറി. ചെന്നൈയിലെത്തി ഒരു മരക്കമ്പനിയിൽ ജോലിചെയ്യുമ്പോൾ വയസ്സ് പതിനാറ്. അവിടെ വച്ച് തെലുങ്കനായ ഒരു ബ്രാഹ്മണ പ്രഫസറെ പരിചയപ്പെട്ടു. കുട്ടികളില്ലാത്ത അദ്ദേഹം വൈകുന്നേരങ്ങളിൽ കോളെജിൽ സ്വകാര്യ ടൂഷനെടുത്തു. ഇംഗ്ലീഷും തമിഴും പഠിപ്പിച്ചു. എന്നെ അയാൾ ബാബു എന്നു വിളിച്ചു. പേരിലൊരു അർഥവും മഹത്ത്വവുമില്ലെന്ന് അന്നേ മനസ്സിലാക്കിയിരുന്നു. പേര് ഒരു നമ്പർ ആയാലും മതി എന്ന് ഞങ്ങൾ പറയുമായിരുന്നു.


മദ്രസ്സയിൽ വച്ച് ലഭിച്ച മതവിദ്യാഭ്യാസം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചാണ് തീവണ്ടി കയറിയത്. അത് ഗുണംചെയ്തു. തമിഴ്‌നാട്ടിലെ ആചാരങ്ങളിൽ അത്ഭുതമോ എന്റെ മതം മികച്ചതാണെന്നും മറ്റെല്ലാം അതിനു താഴെയാണെന്നുമുള്ള വിശ്വാസമോ ഇല്ലാതായി. നാലഞ്ചുവർഷങ്ങൾക്കുശേഷം തിരിച്ചെത്തിയപ്പോൾ വായന തുടങ്ങി. നോവലും ചെറുകഥകളും ആയിരുന്നു ഇഷ്ടം. അതിനൊപ്പം എഴുതുകയുംചെയ്തു. ചിത്രകാർത്തിക, മലയാളനാട്, ജനയുഗം, കുങ്കുമം തുടർന്ന് മാതൃഭൂമി, ദേശാഭിമാനി, കലാകൗമുദി വാരികകളിൽ എഴുതിത്തുടങ്ങി. ഇരുപതാമത്തെ വയസ്സിലാണ് പ്രവാസജീവിതം ആരംഭിക്കുന്നത്.


പത്രത്തിൽ ജോലിചെയ്യണമെന്ന ആഗ്രഹം പണ്ടേ മനസ്സിലുണ്ട്. ഡോക്ടറാവാൻ ആഗ്രഹിച്ചിരുന്ന അനുജൻ അശറഫിനോട് പത്രപ്രവർത്തകനാകാൻ അപേക്ഷിച്ചപ്പോൾ അവനത് സമ്മതിച്ചു. ഇന്ന് ഇ.എം.അശറഫ് കേരളത്തിൽ അറിയപ്പെടുന്ന പത്രപ്രവർത്തകനാണ്. ദുബായിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിൽ ജോലി ലഭിച്ചതും അവിടെ പതിനാറുവർഷം ജോലിചെയ്തതും പിന്നീട് ഗൾഫ് ടുഡേ, മിക്കി മാഗസിൻ എന്നീ പത്രസ്ഥാപനങ്ങളിലും ജോലിചെയ്തതും അതിലൊക്കെ ഉണ്ടായിരുന്ന വിദേശിയരുടെ സഹായംകൊണ്ടുമാത്രം.


എന്റെ അനുവാദം ചോദിക്കാതെയും ഞാൻ കാണാതെയും ഒരു വധുവിനെ കണ്ടെത്തി പെങ്ങൾ. അങ്ങനെ ചെയ്യാമോ എന്ന ചോദ്യം പല ചോദ്യങ്ങളെയുംപോലെ ഉയർന്നുവന്നിരുന്നു. എന്നാൽ, സ്‌നേഹത്തിന്റെ പ്രാചീനമായ മൗനം വായതുറക്കാൻ അനുവദിച്ചില്ല. സമ്മതിച്ചു. അവൾക്ക് പതിനാറ്. എനിക്ക് ഇരുപത്തിമൂന്നും. എന്റെ യാത്രകളോ ഉള്ളിലടക്കിവച്ച പ്രണയ വ്യാപനമോ അറിഞ്ഞുകൂടാത്ത വധു കുറെക്കാലം പെങ്ങൾക്കൊപ്പം ജീവിച്ചു. യാത്ര നീണ്ടുപോയി. അതിനൊരു ധീരമായ തിരിവ് സംഭവിക്കുന്നത് പേർഷ്യയിലേക്കുള്ള യാത്രയായിരുന്നു. തെഹ്‌റാനും, ശിറാസും ആ നാടുമായുള്ള വൈകാരികബന്ധത്തെ ഈടുള്ളതാക്കാൻ  സഹായിച്ചു. അപ്പോഴേക്കും പത്രം വിടുകയും വേൾഡ് ട്രേഡ് എക്‌സിബിഷൻ കമ്പനിയിൽ ജോലി മാറുകയും ചെയ്തിരുന്നു. പ്രവാസം നല്കിയ ധൈര്യവും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ത്രാണിയും ആ ജോലിയെ സാധാരണ ജോലിയിൽനിന്ന് ധീരവും കർമനിരതവും സത്യസന്ധതയും ഉള്ളുറപ്പും കണ്ടെത്താൻ സഹായിച്ചു. ഇരുപത്തിനാലുമണിക്കൂറും ജോലിചെയ്യാമെന്നായി.അവിടെവച്ചാണ് ജീവിതത്തിന് മാറ്റം സംഭവിക്കുന്നത്.


നിരവധി വിദേശിയരായ സ്ത്രീപുരുഷന്മാരെയും ധിഷണാശാലികളെയും പരിചയപ്പെടാൻ സാധിച്ചു. പ്രത്യേകിച്ചും യൂറോപ്യന്മാരെ. ഫ്രഞ്ചുകാർക്കൊപ്പം ഫാഷൻഷോ നടത്താൻ ഇരുനൂറ്റിയൊമ്പത് സുന്ദരികൾക്കൊപ്പം അഞ്ചോളം രാജ്യങ്ങളിൽ യാത്രചെയ്തു. എക്‌സിബിഷൻ വ്യാപിപ്പിക്കണമെന്നും വരവ് കൂട്ടണമെന്നുമുള്ള കമ്പനിയുടെ ആജ്ഞ തലയ്ക്കുമുകളിൽ മൂർച്ചയുള്ള വാളായി വന്നപ്പോഴാണ്, കമ്പനി ബ്രോഷറുമായി ഓരോ വേൾഡ് എക്സിബിഷനിലും കറങ്ങി ബിസ്സിനസ്സ് പിടിക്കാൻ തുടങ്ങിയത്. അങ്ങനെ ഒരു പ്രദര്‍ശനത്തിൽവച്ചാണ് ഇറാൻ അംബാസിഡറെ പരിചയപ്പെടുന്നത്. പേർഷ്യൻ ഉൽപ്പന്നങ്ങൾ ഗൾഫ് മാർക്കറ്റിൽ പരിചയപ്പെടുത്താനെന്താണ് വഴി എന്ന് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. എക്‌സിബിഷനാണ് ഏക വഴിയെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ദുബായിൽ നടക്കുന്ന ഒന്നുരണ്ട് സോളോ എക്‌സ്ബിഷൻ കാണുകയും എന്നെ തെഹ്റാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. കമ്പനിയുടെ സമ്മതപ്രകാരം ഞാൻ ‌പോയി. ഷാ ഭരണത്തിലായിരുന്നപ്പോഴൊരിക്കൽ ഇറാൻ സന്ദർശിച്ചിരുന്നു. അന്ന് മതവിലക്കുകൾ ഉണ്ടായിരുന്നില്ല. പാരീസിലെ കോഫിഷോപ്പുകൾപോലെ ധിഷണാശാലികൾ കൂടിയിരുന്ന് സ്വാതന്ത്ര്യത്തെപ്പറ്റിയും സാഹിത്യവും സിനിമയെപ്പറ്റിയും സംവദിക്കുന്ന കൂട്ടം തെഹ്‌റാൻ തെരുവുകളെ സമ്പന്നവും ശ്രദ്ധേയവുമാക്കിയിരുന്നു. ഖൊമേനി മതവിപ്ലവത്തിലൂടെ വരുത്തിയ മാറ്റം അവയെയെല്ലാം ഉടച്ചുകളഞ്ഞ കാലത്താണ് പിന്നെ ഞാൻ സർക്കാർ അതിഥിയായി പോകുന്നത്. ചുമരുകളിൽ വിപ്ലവത്തിൽ രക്തസാക്ഷികളായ യുവാക്കളുടെ പടങ്ങൾ. ഇങ്കുലാബ് സ്‌ക്ക്വയറുകൾ, ആസാദി മുദ്രാവാക്യങ്ങൾ. എല്ലാവരും താടിവച്ചവർ. സംഗീതം നിഷിദ്ധം. ഞങ്ങൾ സഞ്ചരിച്ച കാറിൽ പോലീസ് പരിശോധന. കാസറ്റുണ്ടെങ്കിൽ പിടിച്ചെടുക്കൽ. ഭീകരവും ഭയപ്പെടുത്തുന്നതുമായ അവസ്ഥ. സ്വതന്ത്രരും മതനിരാസരുമായിരുന്ന സുഹൃത്തുക്കൾ, എന്നെ പഠിപ്പിച്ച ആദ്യ പേർഷ്യൻ വാക്കുകൾ കടുത്ത തെറികളായിയിരുന്നു. ഞങ്ങൾ ദുബായി ട്രേഡ് സെന്ററിൽ ഇറാനിയൻ ഷോനടത്തി. വിജയകരമായിരുന്നു. അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങാനും ഏജൻസി എടുക്കാനും ആളുകൾ വന്നു.


അതോടുകൂടി ഇറാനിയൻ സുഹൃത്തുക്കളുണ്ടായി. വീണ്ടും തെഹറാനിലും മഹാനിലും ശിറാസിലും യാത്രചെയ്തു. മഹാനിലെ സൂഫി ഗുരു ഷാ നിയമത്തുള്ള വലിയുടെ കബറിടത്തിൽ സ്‌നേഹിതനൊപ്പം ഇരുന്നപ്പോൾ ഉൾക്കാമ്പിലുണർന്ന ബോധം സംഗീത സമൃദ്ധമായി അനുഭവപ്പെട്ടത് തുർക്കിയിലെ കോനിയയിൽ റൂമിയുടെ കബറിടത്തിൽ ഭ്രമണനൃത്തം നടക്കുമ്പോൾ ഒരരുകിൽ കണ്ണടച്ചിരുന്നപ്പോഴും ദില്ലിയിലെ ഹസ്രത്ത് ഇനായത്ത് ഖാന്റെ കബറിലിരുന്നപ്പോഴും ആയിരുന്നു. അങ്ങനെ മതം നിരോധിച്ച കബർ സന്ദർശനം എന്റെ ആത്മീയബോധത്തെ പുഷ്പ്പിച്ചു. കുടുംബം, സുഹൃത്തുക്കൾ അകന്നുപോയി. ചൂടൻ എന്ന പേരുംവീണു. സാരമാക്കിയില്ല.


‘മിസ്റ്റിസിസം ഒരു മുഖവുര’ എന്ന പുസ്തകം തയാറാക്കുന്ന അവസരത്തിലാണ് താഹ മാടായിയെ പരിചയപ്പെടുന്നത്. മിസ്റ്റിക്ക് റിയാലിറ്റി എന്ന അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തി. ‘സൂഫിസത്തിന്റെ ഹൃദയം’, ‘അഗ്നിക്കുപ്പായമണിഞ്ഞ സൂഫി വനിത’. ‘ജലത്തിലെ ഗുപ്തസന്ദേശങ്ങൾ’, എന്നീ ലേഖനങ്ങളും ‘ബുദ്ധമാനസം’, ‘റൂമി ഉന്മാദിയുടെ പുല്ലാങ്കുഴൽ’ എന്നീ നോവലുകളും  മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തി. കാലുകളുറപ്പിച്ച് നില്ക്കാമെന്നായി.


‘അനുഭവങ്ങളുടെ യാത്ര’, ‘ഉള്ളിലുള്ളവർ’ എന്നീ പരമ്പര മലയാളം വാരികയിലും വന്നു. ഇറാനിലെ പ്രസിദ്ധരായ സൂഫി കവികളുടെയും ഗുരുക്കന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. കബറിടങ്ങളോടുള്ള അടുപ്പം പഴയ പഠനങ്ങളെ തള്ളി സ്വാഭാവികമാക്കി. മലബാറിലെ മസ്ലീം സാസ്‌ക്കാരിക മണ്ണിലുണ്ടായിരുന്ന സൂഫിസം, ജമാഅത്തെ ഇസ്ലാമി, സലഫി, അഹമ്മദിയ്യാ വിഭാഗങ്ങൾ അവരുടെ ശ്രമങ്ങളാൽ കബറടക്കിയിരുന്നു. നേർത്തൊരു ഇളക്കം സംഭവിച്ചപ്പോൾ അത് ജലധാരപോലെ പൊട്ടിയുണർന്നു. ഇരുപത്തിയഞ്ചായിരത്തിലധികം സൂഫി സ്പര്‍ശമുള്ള പുസ്തകങ്ങൾ വിപണിയിലിറങ്ങി. ഇസ്ലാം മത വിശ്വാസികളല്ലാത്തവരും വായനക്കാരായി. ഒരു ഫാദറും സിസ്റ്ററും അതിൽപ്പെടും. ‘റൂമിയുടെ പ്രണയകവിതകൾ’ മൊഴിമാറ്റം നടത്തിയത് അമുസ്ലീമായ ഒരു വനിതയാണ്. സൂഫിസം മതാതീതമാണെന്ന് ഉറപ്പാക്കിയതിന് വേറെ ഉദാഹരണം ആവശ്യമില്ല. അത് മതേതരവും ആണ്.  


അജ്മീർ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു സൂഫി ജീവിച്ചിരിക്കെ തന്റെ കബർ സ്വന്തം വീടിനകത്ത് മണിയറപോലെ അലങ്കരിച്ച് സുഗന്ധം പൂശിവച്ചത് കണ്ടിട്ടുണ്ട്. വേറെ ഒരാൾ എന്റെ നാട്ടിലും അങ്ങനെ ഒരുക്കിവച്ചിരുന്നു. രണ്ടുപേരും മരിച്ചു. വീടിനകത്തെ കബറിൽ അടക്കംചെയ്തു. പറഞ്ഞുവച്ച  ആചാരങ്ങൾക്കെതിരെയുള്ള അവരുടെ തീരുമാനമായിരുന്നു അത്. പൊടുന്നനെയാണ് ശരീരം പ്രതികരിക്കാൻ തുടങ്ങിയത്. ഡയാലിസിസ് വേണ്ടിവന്നു. ചോരശുദ്ധീകരണം നടക്കുന്നത് നോക്കിക്കിടക്കാൻ തുടങ്ങി. നിശ്ശബ്ദനായിക്കിടക്കുന്ന നാലുമണിക്കൂർ യാത്രയുടെ നനഞ്ഞതും, കുളിരുള്ളതും ബോധാവബോധത്തിന്റെ നൂലിഴയിലൂടെ ആത്മനിർവൃതമായ സ്വകാര്യതയും അനുഭവിക്കുന്നത് ആ കിടത്തത്തിലാണ്. സൽസ്വഭാവമുള്ള നേഴ്‌സുമാർ, ഡോക്ടർ, ഒന്നിച്ച് ഡയാലിസ് ചെയ്യുന്ന ജോൺ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മായ, ഭർത്താവ് മണികണ്ഠൻ, അശറഫ് തുടങ്ങിവർ സ്‌നേഹത്തിന്റെ നേർരേഖയിലൂടെ ഒപ്പം സഞ്ചരിച്ചു.


ഡയാലിസിസ് തുടങ്ങുന്നതിനും ആരോഗ്യം മോശമാവുന്നതിനും മുമ്പെ പ്രണയത്തിന്റെ പൂക്കൂടയേന്തി സൂഫികവിതകളുടെ കിലുക്കവുമായി ഒരാൾ കടന്നു വന്നു. അതുവരെ അനുഭവിക്കാത്ത സ്വരച്ചേർച്ച കൗതുകത്തോടെ ഹൃദയത്തെ തഴുകി. വൈകിവന്ന വസന്തം എന്നതിനു പേരിട്ടു. കബറിടങ്ങളുടെ ബിംബം ഹൃദയത്തിൽ ഒട്ടിനിന്നതുകൊണ്ടാവണം അത് മൗനമായിക്കിടക്കുമ്പോഴൊക്കെ ഉണർന്നുവന്നത്. രാത്രി ഉറക്കം ഞെട്ടുമ്പോൾ, പ്രണയത്തിന്റെ അസ്തമിക്കാത്ത കുതൂഹലങ്ങളുടെ നേർത്ത നിലാവ് കാമുകിയുടെ നിറഞ്ഞമാറിടത്തിൽ വീഴുന്നതു കണ്ടതും അതു മറഞ്ഞുപോയ ആനന്ദത്തിന്റെ പുകച്ചുരുൾ മാത്രമാണെന്നറിയുകയും ചെയ്യുമ്പോൾ കബറിടം ഉയർന്നുവരും. എന്റെ ഭൗതികശരീരം മണ്ണിൽത്താഴ്ത്തിമൂടി ബന്ധുക്കളും സ്‌നേഹിതന്മാരും പിരിഞ്ഞുപോകുന്നു. ഒറ്റപ്പെട്ട ഞാൻ മണ്ണിന്നടിയിലെ നനവിൽ കിടക്കുമ്പോൾ നിലാവുപോലെ ശുഭ്രവസ്ത്രധാരിയായ ദൈവം കടന്നുവരുന്നു. പറയുന്നു, കുറേ യാത്ര ചെയ്തില്ലേ, ഇനി തനിച്ചിവിടെ കിടക്കൂ. ഞാനുണ്ടാവും കൂടെ എന്നെന്നേക്കുമായി. കാമുകിയെപ്പോലെ. കെട്ടിപ്പിടിച്ച് ഞാൻ പറയുന്നു. എന്റെ നിത്യപ്രണയമേ, നിന്നിൽനിന്ന് വമിക്കുന്ന ബക്കൂറ അത്തറിന്റെ മണം കാമുകിയുടെ വിയർപ്പിന്റെ മത്തുള്ള സുഗന്ധത്തെക്കാൾ ആസ്വാദ്യം. എഴുന്നേറ്റുപോകരുത്. മറ്റൊരു ആത്മാവിനെ സ്വീകരിക്കരുത്. നീ എന്റേതു മാത്രം. ഇതുവരെ കേൾക്കാത്ത സൂഫിക്കഥകൾ പറയൂ. മറ്റെല്ലാം മറക്കട്ടെ ഇലാഹീ.


കബറിന്നടിയിൽ ദൈവം എന്നോടൊപ്പം കിടന്നു. കെട്ടിപ്പിടിച്ച് ഞാനും.