രാഹുൽ ഗാന്ധിയിലെ ധാർമിക ഭാവം; നമ്മിലെയും- കെ.അരവിന്ദാക്ഷൻ

രാഹുൽ ഗാന്ധിയിലെ ധാർമിക ഭാവം; നമ്മിലെയും- കെ.അരവിന്ദാക്ഷൻ

1924 ഏപ്രിൽ 24 ന്‌ “യങ്‌” ഇന്ത്യയിൽ ഗാന്ധി എഴുതി: “ഹിന്ദുയിസത്തിന്‌ ഓദ്യോഗിക പ്രമാണം (Official Creed) ഇല്ലയെന്നത്‌ അതിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആകാം. അതിനാൽ എനിക്ക്‌ നേരെയുണ്ടാകാവുന്ന തെറ്റുദ്ധാരണയില്‍നിന്ന്‌ എന്നെ സംരക്ഷിക്കുവാൻ, ഞാൻ പറയുന്നു അതിന്റെ പ്രമാണം (Creed) സത്യവും അഹിംസയുമാണ്‌. എന്നോട്‌ ഹിന്ദുപ്രമാണം എന്തെന്ന്‌ നിർവചിക്കുവാൻ ആവശ്യപ്പെടുകയാണെങ്കിൽ, ഞാനിങ്ങനെ ലളിതമായി പറയും: അഹിംസാമാർഗങ്ങളിലൂടെ (Non-Violent Means) സത്യമന്വേഷിക്കൂ. ഒരാൾ ദൈവത്തിൽ വിശ്വസിക്കണമെന്നു തന്നെയില്ല; എന്നാലും അയാള്‍ക്ക്‌ അയാളെ ഹിന്ദുവെന്ന്‌ വിളിക്കാം. ഹിന്ദുയിസം സത്യത്തിനായുള്ള നിരന്തരമായ അന്വേഷണമാണ്‌… ഹിന്ദുയിസം മതങ്ങളില്‍വച്ച്‌ ഏറ്റവും സഹിഷ്ണുതയുള്ളതാണ്‌. അതെല്ലാറ്റിനെയും സമാലിംഗനം ചെയ്യുന്നു…”


ദക്ഷിണാഫ്രിക്കയിൽ ഫീനിക്സ്‌ ആശ്രമത്തിൽ എല്ലാ ദിവസവും പ്രാര്‍ഥന ആരംഭിക്കുന്നത്‌ നരസിംഹമേഹ്ത്ത (1414-1480) എന്ന ഗുജറാത്തി ഭക്തകവിയുടെ “വൈഷ്ണവജനതോ” എന്ന കീര്‍ത്തനത്തിലൂടെയാണ്‌. ദക്ഷിണാഫ്രിക്കൻ സത്യഗ്രഹസമരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഭിന്ന ജാതി-മതവിഭാഗങ്ങളില്‍നിന്നുള്ളവരുടെ കമ്മ്യൂണായിരുന്നു ഫീനിക്സ്‌ ആശ്രമം. ഗാന്ധിയൻജീവിതത്തിന്റെ ആദ്യത്തെ പരീക്ഷണശാല. ഒരിക്കൽ സത്യഗ്രഹിയും സത്യക്രിസ്ത്യാനിയുമായ ജോസഫ്‌ രായപ്പൻ “വൈഷ്ണവ ജനതോ” എന്നതിനുപകരം “ക്രിസ്ത്യൻ ജനതോ” എന്നാക്കി പാടി, തുടര്‍ന്ന്‌ ഒരു മുസ്ലീം സഹോദരൻ “മുസ്ലീം ജനതോ” എന്നാക്കിയും. ഇത്‌ ഗാന്ധിയിൽ അനല്പമായ ആനന്ദമുണ്ടാക്കി. (Narasinha Mehta of Gujarat : Neelima Shukla-Bhatt, 2015)


ജൂലായ്‌ ഒന്നിന്‌ ആരംഭിച്ച പാര്‍ലമെന്റ്‌ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗങ്ങളിലൊന്ന്‌, സത്യം, അഹിംസ, നിര്‍ഭയത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ചായിരുന്നു. “ഞങ്ങൾ അധികാരത്തെക്കാൾ സത്യത്തെ വിലമതിക്കുന്നു. അക്രമത്തിന്റെയല്ല അഹിംസയുടെ ചിഹ്നത്തിലാണ്‌ ഞങ്ങൾ പോരാടിയത്‌. സത്യത്തിന്റെയും അഹിംസയുടെയും അടിത്തറയില്‍നിന്നുയരുന്ന ശക്തിയിലാണ്‌ ഞങ്ങളുടെ ഊർജം”. ഇതായിരുന്നു മഹാത്മജിയിലും. ഭയപ്പെടാതിരുന്നാലും ആരെയും അക്രമിക്കാതിരുന്നാലും പോരാ, മറ്റുള്ളവരെ ഭയപ്പെടുകയുമരുത്‌, ഭയപ്പെടാതിരിക്കാൻ, അക്രമികളാവാതിരിക്കാൻ അവരെ സഹായിക്കണം. മഹാത്മജിയും ഇതുതന്നെ പറഞ്ഞു. ഗാന്ധി മരിച്ചിട്ടില്ല. ധൈര്യത്തെക്കുറിച്ച് എല്ലാ മതവും പറയുന്നു. മുഹമ്മദ്‌ നബി പറഞ്ഞത്‌ നിര്‍ഭയരായി പ്രാർഥിക്കാനാണ്‌, ഭയക്കരുതെന്നും ആരെയും ഭയപ്പെടുത്തരുതെന്നും ഗുരുനാനാക്ക്‌. ഒരു ചെകിട്ടത്തടിച്ചാൽ മറു ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന്‌ യേശുക്രിസ്തു. ബുദ്ധനിലും മഹാവീരനിലും ഈ മുദ്രയുണ്ട്‌. ഭയക്കരുത്‌, ഭയപ്പെടുത്തരുത്‌, അക്രമമരുത്‌, ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളാണ്‌ ഇവ മൂന്നും. ഇത്‌ അഹിംസയുടെ ഭൂമിയാണ്‌.


ഹിന്ദുവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ബി.ജെ.പി.ക്കാർ നിരന്തരം അക്രമത്തിന്‌ ആഹ്വാനം ചെയ്യുന്നു; നിങ്ങൾ ഹിന്ദുക്കളല്ല. സത്യത്തിനൊപ്പം നില്ക്കണമെന്നും ഹിന്ദുധര്‍മത്തിൽ പറഞ്ഞിട്ടുണ്ട്‌. അഹിംസയാണ്‌ പ്രതീകം. ഹിന്ദു എന്നാൽ അത്‌ നരേന്ദ്രമോദിയല്ല; ബി.ജെ.പി.യും ആർ.എസ്സ്‌.എസ്സുമല്ല. ഹിന്ദുവെന്നതു ബി.ജെ.പി.യുടെ കുത്തകയുമല്ല. ഭയമോ അക്രമമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ (യഥാര്‍ഥ) ഹിന്ദുക്കള്‍ക്കാവില്ല.


ശ്രീരാമജന്മസ്ഥലമായ അയോധ്യ, ബി.ജെ.പി.ക്ക്‌ ശക്തമായ സന്ദേശം നല്കി. അയോധ്യയിൽ മോദി ഭയം പരത്തി. രാമക്ഷേത്ര ഉദ്ഘാടനത്തിന്‌ അദാനിയെയും അംബാനിയെയും ക്ഷണിച്ചു. അയോധ്യയിലുള്ളവര്‍ക്ക്‌ ഇടം ലഭിച്ചില്ല. 1929 സെപ്തംബർ പത്തിലെ ‘യങ്‌ ഇന്ത്യ’യിൽ ഗാന്ധി പറയുന്നു: “രാമരാജ്യംകൊണ്ട്‌ ഞാനര്‍ഥമാക്കുന്നത്‌ ഒരു ഹിന്ദുരാജ്യമല്ല. അത്‌ ദിവ്യമായ ഭരണമാണ്‌. ദൈവത്തിന്റെ രാജ്യം. എനിക്ക്‌ രാമനും റഹീമും ഒരേ ദിവ്യത്വത്തിന്റെ ഭാഗമാണ്‌. സത്യവും ധര്‍മവുമല്ലാതെ മറ്റൊരു ദൈവത്തെയും ഞാൻ തിരിച്ചറിയുന്നില്ല.”


ഹിന്ദുയിസത്തിന്‌ ഗാന്ധി കൊടുക്കുന്ന അര്‍ഥവും; ‘വൈഷ്ണവ ജനതോ’ എന്നതിന്‌ ക്രിസ്ത്യാനിയായ ജോസഫ്‌ രായപ്പനും, മുസ്ലീം സത്യഗ്രഹിയും നല്കിയ നവീനവായനയും രാമരാജ്യത്തെപ്പറ്റിയുള്ള ഗാന്ധിയുടെ വ്യാഖ്യാനവും, രാഹുൽ ഗാന്ധിയുടെ പാര്‍ലമെന്ററി പ്രസംഗവുമായി ചേര്‍ത്തു വായിച്ചാൽ, ധാർമികമെന്നോ ദാര്‍ശനികമെന്നോ വിളിക്കാവുന്ന ഒരു മാറ്റം (paradigm shift) നമുക്ക്‌ കേള്‍ക്കാനാവും. ഇങ്ങനെയൊരു മാറ്റം ഇന്ത്യൻ പാര്‍ലമെന്റിൽ കേള്‍ക്കുന്നത്‌ ആദ്യമായിട്ടാണ്‌. തീര്‍ച്ചയായും ഇന്ത്യൻ പാര്‍ലമെന്റിൽ ജനാധിപത്യം, നീതി, സമത്വം, സാഹോദര്യം തുടങ്ങിയവയെപ്പറ്റി പ്രഗത്ഭർ കാലാകാലങ്ങളിൽ പറയുന്നത്‌ നാം കേട്ടിട്ടുണ്ട്‌. എന്നാൽ, കുറച്ചുവര്‍ഷങ്ങളായി പാര്‍ലമെന്റിൽ ഏകഭാഷണമാണ്‌ മുഴങ്ങുന്നത്‌. അവ ഹിംസയുടെയും ഭയപ്പെടുത്തലിന്റെയും അസത്യത്തിന്റെയും അധര്‍മത്തിന്റെയും ആക്രോശങ്ങളാണ്‌.


മറ്റു വിഷയങ്ങളെക്കുറിച്ച്‌ രാഹുല്‍ഗാന്ധി സഭയിൽപ്പറഞ്ഞത്‌ ഞാനാവര്‍ത്തിക്കാത്തത്‌ അവ പരിഹരിക്കപ്പെടേണ്ട ഗുരുതരമായ വിഷയങ്ങളല്ലാത്തതുകൊണ്ടല്ല. സത്യവും അഹിംസയും നിര്‍ഭയത്വവും ജനവിഭാഗങ്ങള്‍ക്കിടയിൽ പരസ്പര മൈത്രിയും സാധ്യമാക്കുന്ന ഒരു ഭരണസംവിധാനം ഉണ്ടെങ്കിൽ അവ പരിഹരിക്കപ്പെടും.


പാര്‍ലമെന്റിനകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ധാർമികഭാവം, അദ്ദേഹത്തിന്‌ എത്രത്തോളം സമൂഹത്തിൽ സാര്‍ഥകമാക്കാൻ കഴിയും? അദ്ദേഹം അംഗമായിട്ടുള്ള കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയെ ജീർണതയില്‍നിന്ന്‌ മോചിപ്പിച്ച്‌ തന്റെ സന്ദേശത്തിന്റെ ജനാധിപത്യമാധ്യമമാക്കാൻ ആവുമോ? അതുപോലെത്തന്നെ താൻ സ്വയംതീര്‍ത്ത തടവറയിലെ ഇരുട്ടിൽ അന്ധനായിപ്പോയ താൻ ദൈവാവതാരമാണെന്ന അപകടകരമായ സൈക്കിലെത്തിയ ഒരു വ്യക്തിയുടെ സ്വയം അടച്ച ഹൃദയവാതിൽ തുറക്കാൻ ധാർമികതയ്ക്ക്‌ കഴിയുമോ? ചുരുക്കത്തിൽ അധമമായ ഇന്ത്യൻ രാഷ്ട്രീയത്തെ ധാർമികവത്കരിക്കാൻ (Spiritualise) രാഹുല്‍ഗാന്ധിക്ക്‌, മഹാത്മാവിനെപ്പോലെ ആന്തരികോര്‍ജമുണ്ടോ? സത്യസന്ധമായി പറഞ്ഞാൽ ഭയത്തിന്റെയും ഹിംസയുടെയും അസത്യത്തിന്റെയും തടവറയിൽ വീഴാത്ത നിങ്ങളും ഞാനുമടങ്ങുന്ന സാധാരണക്കാര്‍ക്ക്‌?