വിയോജിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഇന്ത്യ – ബാലചന്ദ്രൻ വടക്കേടത്ത്
ഒരു പഴയ പദമാണ് സ്വാതന്ത്ര്യം. പഴക്കമുള്ളതുകൊണ്ട് ഒരു വാക്കിന് അതിന്റെ അര്‍ഥവും മൂല്യവും നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ വരണമെങ്കിൽ, തത്തുല്യമായ അര്‍ഥവും ചോദനയും പ്രദാനം ചെയ്യുന്ന മറ്റൊരു പദം ആകൃതിപ്പെടണം. സ്വാതന്ത്ര്യത്തിനുപകരം ഇതുവരെ വേറൊരു വാക്ക് രൂപപ്പെട്ടിട്ടില്ല എന്നതല്ലേ നേര്. ആ പദം ഡിക്ഷണറിയിൽ ഒതുങ്ങിപ്പോയിട്ടുമില്ല. ഈ പദം വ്യവഹാരത്തിലുള്ളതുകൊണ്ട് ഓരോ കാലത്തും വിപുലമായ അര്‍ഥവും വിപുലമായ ജീവിതവും സ്വായത്തമാക്കാൻ കഴിയുന്നു. മനുഷ്യൻ സമൂഹജീവിയായതോടെ അവന്റെ നിലനില്പിനെ സംബന്ധിക്കുന്ന ആലോചനകൾ നടന്നിരിക്കുമല്ലോ. മനുഷ്യന്റെ നിലനില്പിന്റെ ഭാഗമായി സ്വാതന്ത്ര്യവും വിശദീകരിക്കപ്പെട്ടു തുടങ്ങി. പിന്നീട് നിലനില്പ് ഒരു സാഹിത്യവിഷയമാകുകയും സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ ആശയമാവുകയും ചെയ്തു എന്നതാണ് ചരിത്രം.
ജീവിതവും പ്രകൃതിയുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യത്തെ ഒരു രൂപകമായി മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുള്ളതു കാണാം. രാഷ്ട്രീയസമൂഹത്തിൽ സ്വാതന്ത്ര്യം ഒരു പോരാട്ടത്തിന്റെ മൂല്യവും ലക്ഷ്യനിർവഹണത്തിന്റെ കനലുമായിരുന്നല്ലോ. സ്വാതന്ത്ര്യസമരം നടക്കാത്ത ഒരു മനുഷ്യമനസ്സും ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ കാലത്തും ഉണ്ടാകുന്ന വ്യവസ്ഥാനുഭവങ്ങളിൽനിന്ന് മനുഷ്യൻ സ്വാതന്ത്ര്യം ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിനിഷ്ഠമായും സാമൂഹികമായും സ്വതന്ത്രരാവുക എന്നതും ഓരോ പൗരന്റെയും അവകാശമായിരുന്നല്ലോ. സ്വാതന്ത്ര്യം എന്ന പദം ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രത്യയശാസ്ത്ര കല്പനയുടെയും വിമോചനമൂല്യത്തിന്റെയും അടയാളപ്പെടുത്തലായി മാറി. സ്വാതന്ത്ര്യം ഇന്ന് വലിയൊരു ആശയമാണ്. റഷ്യൻവിപ്ലവംമുതൽ മുല്ലപ്പൂവിപ്ലവംവരെ നാം കണ്ടു. പാലസ്തീനിൽ ജനതസ്വാതന്ത്ര്യത്തിനുവേണ്ടി അധിനിവേശത്തിനെതിരായി പോരാടുന്നു. നിരവധികാലം സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ നടന്ന സമൂഹമാണ് നമ്മുടേതും. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തേഴ് വർഷം പിന്നിട്ടിട്ടും സ്വാതന്ത്ര്യസമരത്തിന്റെ ഗൃഹാതുരതയിൽനിന്ന് നാം വിമോചിതരായിട്ടില്ല.
മനുഷ്യാവകാശം നിഷേധിക്കപ്പെടുമ്പോഴെല്ലാം മനുഷ്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചാലോചിക്കുക സ്വാഭാവികം. ഒരു വ്യക്തിയെന്ന നിലയിൽ ഒരാൾ സമൂഹത്തിൽ എപ്രകാരം ഇടപെടുന്നു എന്നത് പ്രധാന കാര്യംതന്നെ. സതി നിർത്തലാക്കിയതിന്റെ പിറകിൽ വലിയൊരു മൂല്യബോധത്തിന്റെ പുനർനിർമിതിയുണ്ടായിരുന്നില്ലേ. ദേശീയ നവോത്ഥാന പ്രക്രിയകൾ തുടങ്ങുമ്പോൾ ആത്മീയമായി മാത്രം ചിന്തിച്ച ഒരു ജനതയായിരുന്നു നാം. രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളാൻ അത് പിന്നീട് പ്രേരണയായി. അയിത്തം, തൊട്ടുകൂടായ്മ എന്നിവ സൃഷ്ടിച്ച ഇരുണ്ട കേരളീയാവസ്ഥയെ പ്രകാശമാനമാക്കാനാണ് ആശാനെപ്പോലുള്ള കവികൾ ശ്രദ്ധിച്ചത്. സവർണമേൽക്കോയ്മയുടെ, അധിനിവേശത്തിന്റെ മേൽ ശ്രീനാരായണഗുരു നടത്തിയ സ്വാതന്ത്ര്യത്തിന്റെ നാട്യപ്രതിരോധമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. പിന്നീടത് രാഷ്ട്രീയമനസ്സാക്ഷിയെ അപ്പാടെ സ്വാധീനിച്ച ആത്മീയപ്രവർത്തനമായി മാറി. അടിച്ചമർത്തപ്പെട്ടവരുടെ ആത്മീയസ്വാതന്ത്ര്യമായിരുന്നു സ്വാമിജിയുടെ ലക്ഷ്യം. ഒരു മതസമൂഹമായിരുന്നല്ലോ നമ്മുടേത്. ഉച്ചനീചത്വനിഷേധം മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമായിരുന്നു.
മതവും ആത്മീയതയും നിറഞ്ഞ ഒരു സാമൂഹികസാഹചര്യത്തിൽനിന്ന് മനുഷ്യൻ ആവശ്യപ്പെടാനിടയുള്ള ഒരു രാഷ്ട്രീയവിമോചനം സ്വാതന്ത്ര്യസമരമായി ആവിർഭവിക്കുന്നതും നാം കണ്ടു. സ്വാതന്ത്ര്യത്തിന്റെ രണ്ടാംഘട്ടം ഇവിടെനിന്നു തുടങ്ങുന്നു. സ്വാതന്ത്ര്യം ഒരു രാഷ്ട്രീയപ്രശ്‌നമായി ഉയർത്തിക്കൊണ്ടുവന്നത് ദേശീയ പ്രസ്ഥാനമാണ്. ബ്രിട്ടീഷ് അധിനിവേശത്തിൽനിന്ന് സ്വതന്ത്രമാകാൻ രാജ്യത്തുടനീളം സമാരംഭിച്ച സമരങ്ങൾ ജീവിതവ്യവസ്ഥയെത്തന്നെ മാറ്റിമറിച്ചു. ‘ക്വിറ്റ് ഇന്ത്യ’ എന്ന പ്രയോഗത്തിൽ ഉള്ളടക്കപ്പെട്ട സ്വാതന്ത്ര്യം എന്ന ആശയം ഒരു മനോഭാവമായി ജനത സ്വീകരിക്കുകയും ചെയ്തു. ആരും വ്യക്തിനിഷ്‌ഠമായി ചിന്തിച്ചില്ല. ഒരു ബഹുസ്വരസമൂഹത്തിൽ സ്വാതന്ത്ര്യബോധം എല്ലാവരെയും കൂട്ടിച്ചേർക്കുന്ന ഘടകമായി മാറിയത് നാം അനുഭവിച്ചു.
രാഷ്ട്രവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം വിപുലപ്പെടുന്നത് നാം കാണാതിരുന്നില്ല. വ്യത്യസ്തമായ ആശയങ്ങൾ സ്വാതന്ത്ര്യവുമായി ചേർത്തുവച്ച് വിലയിരുത്തുവാൻ ഇടയായി. ദേശീയസ്വാതന്ത്ര്യം വലിയൊരു സമരമുദ്രാവാക്യമായി വളർന്നുവന്നു. സ്വാതന്ത്ര്യസമരകാലത്ത് മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വാദം ശക്തമായിരുന്നു. ബ്രിട്ടീഷ് അധിനിവേശം മാധ്യമങ്ങളെ കീഴടക്കിവയ്ക്കാനും സ്വതന്ത്ര അഭിപ്രായങ്ങളെ നിഷേധിക്കാനും തയാറായത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കി. വാർത്തകൾ ഏകപക്ഷീയമാകുന്നു. തങ്ങൾക്കെതിരെയുണ്ടാവുന്ന വിമർശനങ്ങളെ അധിനിവേശം മറച്ചുപിടിക്കുന്നു. മാധ്യമങ്ങൾ നല്കുന്ന തെറ്റായ വാർത്തകൾ സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തെ കെടുത്തിക്കളയുമെന്നും ഭയന്നു. അങ്ങനെയാണ് സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ഒരു പ്രധാനഭാഗമായി മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം രൂപപ്പെട്ടത്.
സ്വാതന്ത്ര്യസമരത്തിന് ആശയവും ആവേശവുമായിരുന്ന ഗാന്ധി, മനുഷ്യന്റെ നീതിബോധത്തിൽ ഊന്നിയാണ് പ്രവർത്തിച്ചത്. നീതിനിഷേധിക്കപ്പെട്ട ഒരു സമൂഹവ്യവസ്ഥ ബ്രിട്ടീഷ് കോളനീകരണത്തിന്റെ ശൈലിയായി മാറിയിരുന്നു. മാനവികമൂല്യങ്ങൾ നിലനില്ക്കുക മിക്കവാറും നീതിയിലധിഷ്ഠിതമായിട്ടാണ് എന്ന് ഗാന്ധി വാദിച്ചു. സാമ്രാജ്യത്വവും അധിനിവേശവും ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കുകയും നീതിയില്ലാത്ത സാഹചര്യങ്ങൾ അവനുചുറ്റും വളർത്തിയെടുക്കുകയും ചെയ്തത്, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആവേശം ജ്വലിപ്പിച്ച കാലമായിരുന്നല്ലോ. ഗാന്ധിക്ക് സ്വാതന്ത്ര്യമെന്നാൽ നീതിനിഷേധമല്ല. നീതി അവകാശമാണ്. മനുഷ്യന്റെ സ്വതന്ത്രമായ നിലനില്പിനെ ബാധിക്കുന്ന ആ നിഷേധപ്രത്യയശാസ്ത്രമായി നീതിയെ വളർത്തുക എപ്പോഴും അധിനിവേശമാണ്. കൊളോണിയൽ ഭരണകൂടങ്ങളാണ്, പട്ടാളവും പോലീസും അധികാരവുമാണ്.
ഗാന്ധിക്ക് സത്യവും അഹിംസയും നീതിശൂന്യമല്ലാത്ത സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തിന്റെ ആശയരൂപങ്ങളാണ് അഹിംസയും സത്യഗ്രഹവും സത്യവും നീതിയും. സ്വാതന്ത്ര്യത്തിന് ഒരു നീതിയുടെ മുഖം കൈവന്നത് സ്വാതന്ത്ര്യസമരത്തോടുകൂടിയാണ്.
രാജ്യം സ്വതന്ത്രമായി. ഭരണഘടന വന്നു. പാശ്ചാത്യ ജനാധിപത്യത്തിന് ഇന്ത്യൻ ഭരണഘടനാനിർമിതിയിൽ സ്വാധീനമുണ്ട് എന്നു പറയാമെങ്കിലും വ്യക്തിനിഷ്ഠ സ്വാതന്ത്ര്യം ഭരണഘട കൊണ്ടുവന്നു. ഈ ഭരണഘടനയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണഘടനകളും തമ്മിലുള്ള വ്യത്യാസം അതാണ്. പാർട്ടി ഏകാധിപത്യം, ഉൾപ്പാർട്ടി ജനാധിപത്യം എന്നൊന്നും നാം പറയാറില്ല. മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യം നിഷേധിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നല്കുന്നു. ഇന്ത്യൻ ഭരണഘട പൗരന്റെ സ്വാതന്ത്ര്യവും നിലനില്പും ഉറപ്പുവരുത്തുന്നു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള സംവാദങ്ങൾക്കിടയിൽ വിട്ടുപോകാൻ ഇടയുള്ള പ്രശ്‌നം രാഷ്ട്രീയ ഭാഷയുടേതാണ്. നിരവധി ഡെമോക്രറ്റുകളുണ്ടായി. അവരിലൂടെ വ്യത്യസ്തമായ ഒരു ഭാഷ രൂപപ്പെട്ടു. മനുഷ്യസ്‌നേഹവും വിഭാഗീയതയുമില്ലാത്ത ഒരു സ്വാതന്ത്ര്യമായിരുന്നു അന്ന് ഭാഷ. ചുരുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യത്തെക്കാൾ ആശയകല്പനകൾ അതിന്റേതായ വ്യവഹാരങ്ങൾ സൃഷ്ടിക്കുന്നതും ഡെമോക്രാറ്റുകളെ സൃഷ്ടിക്കുന്നതും ചെറിയ കാര്യമല്ല.
സ്വാതന്ത്ര്യം മാറുകയാണ്. സ്വാതന്ത്ര്യം കൂടുതൽ വ്യക്തികേന്ദ്രിതമാവുകയാണ്. വ്യക്തിക്ക് ആവശ്യമുള്ളതെല്ലാം അവകാശങ്ങളായി മാറുമ്പോൾ സ്വാതന്ത്ര്യം അവകാശമായി മാറും. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, സ്വതന്ത്രചിന്ത എല്ലാം മനുഷ്യാവകാശത്തിന്റെ തലത്തിലാണ്. രാഷ്ട്രീയവും പൊതുവെ ഇതെല്ലാം അംഗീകരിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യം വ്യക്തികേന്ദ്രിതമായി. ഈ അവസ്ഥ എത്രകാലം നിലനില്ക്കും എന്നതാണ് ഇന്നു നമ്മെ അലട്ടുന്ന മുഖ്യമായ പ്രശ്‌നം. നമ്മുടെ പരിമിതികളെക്കുറിച്ച് എല്ലാവർക്കുമറിയാം. ആ പരിമിതിയിൽനിന്നുകൊണ്ടു പ്രകൃതിയും ജീവജാലങ്ങളുമൊക്കെയായി ബന്ധപ്പെടുത്തി സ്വാതന്ത്ര്യം വ്യാഖ്യാനിക്കാൻ തയാറാവുന്നു. ബഷീർ പറഞ്ഞതാണ് കാര്യം: “ഭൂമിയുടെ അവകാശികൾക്കെല്ലാം സ്വാതന്ത്ര്യം അവകാശമാണ്”.
ആശയലോകത്തെ അപ്പാടെ പരിവർത്തിക്കുന്ന ഒന്നായി സ്വാതന്ത്ര്യം മാറുന്നു. ആദിവാസി-ദളിത് പ്രസ്ഥാനങ്ങളും സ്ത്രീപക്ഷവാദികളും മനുഷ്യാവകാശ ചിന്തകന്മാരും സ്വാതന്ത്ര്യത്തിന്റേതായ പുതിയ അനുഭവങ്ങൾ കൊണ്ടുവരുന്നു. ആത്മീയ-തത്ത്വചിന്താതലങ്ങളിലും വ്യതിയാനങ്ങൾ നാം കാണുന്നു.
രൂപഭാവങ്ങൾ മാറുന്ന സ്വാതന്ത്ര്യമാണ് ഇന്ന് ഇന്ത്യയുടെ ചിത്രം. നാളിതുവരെ സാധ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നവർ സ്വാതന്ത്ര്യത്തിന്റെ നേർ വിപരീതാവസ്ഥയിൽ ഞെട്ടുന്നു. ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും വ്യാജമാണോ എന്ന പര്യാലോചനകൾക്ക് ഇടം നല്കുന്ന വ്യത്യസ്തമായ രാഷ്ട്രീയം രൂപപ്പെട്ടുകഴിഞ്ഞു. സംഘപരിവാർ അധികാരത്തിൽ വന്നതോടെ ഭരണകൂടസ്വാതന്ത്ര്യമായി രാഷ്ട്രീയവിഷയം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകൂടംതന്നെ സ്വന്തം ജനതയെ കോളനിവത്കരിക്കുന്ന കാഴ്ച നാം കണ്ടു.. രാജ്യദ്രോഹികളും രാജ്യസ്‌നേഹികളും എന്നിങ്ങനെ പൗരന്മാർ വിഭജിക്കപ്പെട്ടു. മതവിഭാഗീകരണമുണ്ടായി. വ്യക്തികളുടെ സ്വകാര്യതകളിൽ ഇടപെടുന്ന രാഷ്ട്രീയം വന്നു. ആൾക്കൂട്ട കൊലപാതകങ്ങളുണ്ടാവുന്നു. സ്ത്രീപീഡനങ്ങളും ദളിത് കൊലപാതകങ്ങളും നിരന്തരം നടക്കുന്നു. മോദിക്ക് സ്വാതന്ത്ര്യം എന്നത് പൗരന്മാരുടെ അവകാശമല്ലാതായി. തങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമായി എഴുത്തുകാരും ചിന്തകന്മാരും ബുദ്ധിജീവികളും സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന ധാരണ സാമൂഹികവും സാംസ്‌കാരികവുമായ കുഴപ്പത്തിൽ അധികാരത്തെ കൊണ്ടുചാടിച്ചു. മാധ്യമപ്രവർത്തകരും എഴുത്തുകാരും നിരന്തരം വധിക്കപ്പെട്ടു. സ്വാതന്ത്ര്യചിന്ത അംഗീകരിക്കില്ലെന്ന പിടിവാശി പുലർത്തിയ മോദിസർക്കാർ വാസ്തവത്തിൽ കുറ്റവാളികൾക്ക് നല്കിയ സ്വാതന്ത്ര്യമായിരുന്നു അത്. എത്രയോ സ്വതന്ത്രപത്രപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തകരെയാണ് കുറ്റവാളികളാക്കി ജയിലിലടച്ചത്. ഇതാണ് സാഹചര്യമെന്നിരിക്കെ ജനാധിപത്യസ്ഥാപനങ്ങൾപോലും സ്വാതന്ത്ര്യം ഇല്ലാത്തതായി മാറിയതിൽ അത്ഭുതമില്ല.
ഇതൊക്കെ ഇടയ്ക്കിടെ ആലോചിക്കുന്നവരാണ് നാമെല്ലാം. ജനാധിപത്യത്തിൽ വിയോജിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് എത്രമാത്രം ആപൽക്കരമാണ് എന്ന് ചിന്തിക്കാതിരുന്നിട്ടില്ല. ഈയിടയ്ക്കാണ് എഴുത്തുകാരി അരുന്ധതിറോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ദൽഹി ലഫ്റ്റനന്റ് ഗവർണർ പോലീസിന് നല്കിയ അനുമതിയുടെ വാർത്ത വരുന്നത്. എന്നെ ഞെട്ടിച്ച സംഭവമായിരുന്നു അത്. പ്രശസ്തയായ ഒരു എഴുത്തുകാരിയെ എന്തു കാരണമായാലും പ്രോസിക്യൂട്ട് ചെയ്യുന്നതെന്തിന്? പതിനാലുവർഷം മുൻപ് കാശ്മീർ പ്രശ്‌നവുമായി ബന്ധപ്പെട്ട് അരുന്ധതി നടത്തിയ പ്രഭാഷണത്തിലെ ചില പരാമർശനങ്ങളാണത്രേ ഈ നടപടിക്കടിസ്ഥാനം. ഇന്ത്യവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. രാജ്യം നിലവിൽവന്നപ്പോൾ കാശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നത് ചരിത്രസത്യമല്ലേ? പല ലേഖനങ്ങളിലും അപ്രകാരം ഞാൻ വായിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവിതാംകൂറും അന്നു ഭാഗമായിരുന്നില്ലല്ലോ. പിന്നീട് നെഹ്‌റുവിന്റെ രാഷ്ട്രനിർമിതിയുടെ ഭാഗമായി വിട്ടുനിന്നിരുന്ന പല കോളനികളും പ്രദേശങ്ങളും ഇന്ത്യയിലേക്ക് വരാൻ താത്പര്യം കാണിച്ചിരിക്കാം. കാശ്മീർ പാക്കിസ്ഥാനിലേക്ക് പോയില്ല. ഇന്ത്യയുമായി അഭേദ്യമായ ഒരു കാര്യത്തിലല്ല അരുന്ധതിയുടെ പ്രസംഗവും.
ആരാണ് അരുന്ധതിറോയി? അരുന്ധതിറോയ് ഒരു സ്വാതന്ത്ര്യമാണ്. അരുന്ധതിക്കെതിരായ പോലീസ് നടപടിയെ ശശി തരൂർ കാണുന്നത് സ്വതന്ത്രപ്രഭാഷണത്തിനുള്ള (free speech) വിലക്ക് എന്ന രീതിയിലാണ്. മോദി സ്വതന്ത്രചിന്ത ഒരിക്കലും സ്വീകരിച്ചിട്ടില്ല. ഹിന്ദുദേശീയത നടപ്പാക്കുന്നതിനായി ഒരു വ്യവസ്ഥീകരണം അധിനിവേശം ആവശ്യപ്പെട്ടിരുന്നു. കാശ്മീർ വിഭജനവും ഏകസിവിൽകോഡും പൗരത്വനിയമവുമെല്ലാം അതിന്റെ ഭാഗമായിരുന്നു. അപ്പോൾ അതിനെതിരെ ഒരു വാക്ക് വന്നാൽ, ആ വാക്കിന്റെ ഉടമ രാജ്യദ്രോഹിയാവുക മാത്രമല്ല ഭീകരപ്രവർത്തനവിരുദ്ധനിയമത്തിനകത്തേക്കു വരികയും ചെയ്യും.
അരുന്ധതിയുടെ രാഷ്ട്രീയവുമായി നമുക്ക് വിയോജിക്കാം. ചരിത്രപരമായി സ്വാതന്ത്ര്യത്തോടെ അവർ പറയുന്ന കാര്യങ്ങൾ നമുക്ക് നിഷേധിക്കാനാവില്ല. സാഹിത്യപരിധികൾക്കകത്ത് നടക്കുന്ന യുദ്ധങ്ങളല്ല പ്രധാന യുദ്ധങ്ങളെന്ന് അവർ കരുതുന്നു. ജീവിതത്തിന്റെ തെരുവുകളിൽ (streets of life) ആണ് ആ യുദ്ധം. എഴുത്തുകാരിയായതുകൊണ്ടുമാത്രം രാഷ്ട്രീയവും ചരിത്രവും പറയുന്നതല്ല. രാഷ്ട്രീയം മറ്റൊരു വഴിയാണ് എന്ന് റോയി വിശ്വസിക്കുന്നു. മാത്രവുമല്ല നീതിബോധം അവരുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഘടമാണ് എന്നു ഞാൻ കരുതുന്നു. അരുന്ധതിറോയ് പറയുന്നു: “If we fight for ourselves, it is not a fight for justice. It is when we fight for each other that it is a fight for justice.”
പെൻപിന്റർ അവാർഡ് ജേതാവും നോവലിസ്റ്റുമായ അരുന്ധതിറോയിക്കെതിരെ നിയമനടപടികൾ പാടില്ല. അവരെ സ്വതന്ത്രമാക്കുകയാണ് വേണ്ടത്. അവർ ഒരു സ്വാതന്ത്ര്യമാണ് എന്ന് മോദി തിരിച്ചറിയണം.
മറ്റൊരു കാര്യംകൂടി പറയാതെ ഈ ലേഖനം അവസാനിപ്പിക്കുന്നത് ശരിയല്ല എന്നു തോന്നുന്നു. തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഗാന്ധിയെക്കുറിച്ച് പറഞ്ഞത് വാർത്തയാക്കപ്പെട്ടു: “ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ 1982-ൽ പുറത്തിറങ്ങുന്നതുവരെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞിരുന്നില്ല”. (മാതൃഭൂമി ദിനപത്രം, 2024,മെയ്-30) ഭീകരമായ നിരുത്തരവാദിത്വം തുളുമ്പുന്ന ഭാഷയല്ലാതെ മറ്റെന്താണിത്? ഗാന്ധി ആരെന്ന് ആർക്കും അറിയാത്തതല്ല. ഗാന്ധി എന്ന പേര് പറയാതെ ദേശീയ സ്വാതന്ത്ര്യസമരം ഇല്ല. അപ്പോൾ ഒരു പത്രവായനക്കാരൻ ഫോണിൽ എന്നോട് ചോദിച്ചു. ‘അരുന്ധതിറോയിയാണോ രാജ്യദ്രോഹക്കുറ്റം ചെയ്തത്?’