സ്വാതന്ത്ര്യമെന്നത് ചോരക്കൊതിയുടെ മറ്റൊരു പേരുമാത്രമോ? – അൻവർ അബ്ദുള്ള
സ്വാതന്ത്ര്യത്തെപ്പറ്റിപ്പാടാത്ത കവികളില്ല; അതു മഹത്തരമെന്നും ശ്രേഷ്ഠതമമെന്നും, അതില്ലെന്നും ഉണ്ടെന്നും ഉണ്ടെങ്കിലും അനുഭവവേദ്യമല്ലെന്നും അനുഭവവേദ്യമാകുമ്പോഴും ഭേദ്യമാകാറുണ്ടെന്നും എല്ലാമെല്ലാം കവികൾ പാടിയിരിക്കുന്നു. നമ്മുടെ കുമാരനാശാൻ സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും കവിയെന്നറിയപ്പെടാറുണ്ട്.
‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം.’
എന്നദ്ദേഹം പാടി. അത് ആശാനെ അന്യഥാ വായിക്കാത്തവർക്കുപോലും മനപ്പാഠവുമാണ്. നിക്കനോർ പാർറ എന്ന കവി കുറച്ചുകൂടി കനത്തിലാണ് ഒരൊറ്റവരിക്കവിത എഴുതിയത്:
എന്നാണ് പാർറ എഴുതിയത്. ‘എങ്ങെങ്ങു മർത്ത്യന്റെ കൈകളിൽ ചങ്ങലയുണ്ടോ, എങ്ങെങ്ങു മർത്ത്യന്റെ ചുമലിൽ താഡനമേൽക്കുന്നുണ്ടോ, എങ്ങെങ്ങു ചട്ടികലങ്ങൾ വലിച്ചെറിയപ്പെടുന്നുണ്ടോ, അങ്ങെങ്ങും ഇല്ല സ്വാതന്ത്ര്യം’ എന്നും നമ്മുടെ ഒരു സുപ്രധാനകവി സൂചിപ്പിച്ചു. ഏതായാലും, സ്വാതന്ത്ര്യം എന്നത് ആധുനികലോകത്തിന്റെ ഏറ്റവും വലിയ മുദ്രാവാക്യവും ആപ്തവാക്യവുമാണ്. അതെന്താണ് എന്ന് ആരും യഥാർഥത്തിൽ അറിയുന്നില്ലെങ്കിലും.
ചൂഷണകേന്ദ്രിതമായ, കച്ചവടസ്ഥാപിതമായ, ഒരു ചരിത്രം ലോകത്തിന്റെമേൽ അടിച്ചേല്പിച്ചിരിക്കുന്നത് 1500-കൾ മുതൽ കാണാം. മറ്റു ദേശങ്ങളിൽ കേറിയും കടന്നുംചെന്ന് അവിടെ ആദ്യം കച്ചവടാധിപത്യവും പിന്നെ, സാമൂഹികാധിപത്യവും രാഷ്ട്രീയാധിപത്യവും പിന്നെ, സാംസ്‌കാരിധിപത്യവും സ്ഥാപിച്ച കോളനിയുടമരാഷ്ട്രങ്ങളുടെ കാലം തുടങ്ങുന്നത് അവിടെയാണ്. അത് രണ്ടുരണ്ടര നൂറ്റാണ്ടു പിന്നിട്ടപ്പോൾ, ലോകമൊട്ടാകെ, അടിമത്തത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ഭാരിച്ച അമർച്ച സജീവമായി. ഒന്നു നിവർന്നുനില്ക്കാൻ മനുഷ്യൻ ശ്രമിച്ചു. ചുമലിലിരുന്ന ചാക്കുകളിൽ ചിലത്, ചിലരുടേത് തെറിച്ചുപോയി. മനുഷ്യനു ജീവിക്കാൻ ‘റൊട്ടി, കപ്പടാ, ഓർ മക്കാൻ’ പോരാ, അല്പം സ്വാതന്ത്ര്യവും സ്വല്പം സ്‌നേഹവുംകൂടി വേണമെന്ന് മനുഷ്യനു തോന്നിത്തുടങ്ങി. എല്ലാവർക്കും തോന്നിയോ? അറിയില്ല. മിക്കവർക്കും തോന്നിയില്ലെന്നും ഒരിക്കലും തോന്നുകയില്ലെന്നും തോന്നിയിട്ടും കാര്യമില്ലെന്നും ഓരോ ഉരുളുപൊട്ടലിലും ഒന്നു കലങ്ങി, അവർ വീണ്ടും തടവിന്റെ പടുകുഴികളിൽ അമരുകയേ ഉള്ളൂവെന്നും ശ്രദ്ധയോടെ ചുറ്റും (സ്ഥലത്തിലും കാലത്തിലും) നോക്കിയാൽ കാണാനാകും.
കൃഷിയിൽനിന്നു മാറി നിർമാണത്തൊഴിലിലേക്ക് ആൾക്കൂട്ടം എത്തിയതിനെത്തുടർന്നുള്ള ലോകത്തെയാണു നമുക്കു ‘മോഡേൺ ലോകം’, ‘മോഡേൺ ടൈംസ്’ എന്നെല്ലാം വിളിക്കാനാകുന്നത്. അതുകൊണ്ടാണു ചാപ്ലിൻ അതിനെ അങ്ങനെ വിളിച്ചതും.
ആ നവലോകത്തിൽ മനുഷ്യൻ സ്വതന്ത്രനാണ് എന്നൊരു സങ്കല്പം ഉടലെടുത്തുവന്നു. അവൻ/അവൾ (അതു കുറെക്കഴിഞ്ഞിട്ടാണ്) സ്വതന്ത്രനായി ജനിക്കുന്നു, തടവിൽ ജീവിക്കുന്നു എന്നൊരു തത്ത്വം എളുപ്പം മനസ്സിലാക്കാൻ പോന്നതായി. ഏതായാലും, ദേശം ദേശത്തിനുമേൽ, അല്ലെങ്കിൽ രാജ്യം രാജ്യത്തിനുമേൽ സ്ഥാപിച്ച അഹങ്കാരനിർഭരമായ ഭരണകൂടങ്ങളെ തെറിപ്പിച്ചെറിയാൻ തദ്ദേശജനത ലോകമൊട്ടാകെ, ഏതാണ്ടൊരേകാലത്ത് ഉണർവു കാണിച്ചിട്ടുണ്ട്. ആയിരത്തെണ്ണൂറുകളുടെ പാതിമുതലുള്ള ഒരു നൂറ്റാണ്ടുകാലം അതിന്റെ ജാഥയും ഘോഷയാത്രയുമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തമ്പതുകളോടെ ലോകത്തെ അടിമരാജ്യങ്ങൾ അഥവാ, കോളനിരാജ്യങ്ങളിൽ മിക്കതും സ്വതന്ത്രമായി. അതിന്, അരഡസൻ കൊടുംവിപ്ലവങ്ങളും രണ്ടു ലോകമഹായുദ്ധങ്ങളും വേണ്ടിവന്നുവെന്നുമാത്രം. അത്രയും ചോരയും ചലവും ചൊരിഞ്ഞാണ് ലോകം സ്വാതന്ത്ര്യത്തിലേക്കു കുതിച്ചത്.
പക്ഷേ, അന്നുകൊടുത്ത വിലകൊണ്ട് ഒന്നും പൂർണമായിരുന്നില്ല. എല്ലാം കടംപറഞ്ഞനിലയായിരുന്നു. പിന്നെ, സ്വാതന്ത്ര്യത്തിന്റെ ഭാഗംവയ്ക്കലുകൾക്കുവേണ്ടിയുള്ള യുദ്ധങ്ങളായി. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ചേർന്ന ത്രികോണസംഗ്രാമസന്ദർഭങ്ങൾ ചെറുതല്ല. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ പുതുലോകത്തിലെ മതിലുകളും വേലികളും അതിരുകളും മൈൻപാകിയ ‘നോ മാൻസ് ലാന്റു’കളും സൃഷ്ടിച്ച കെടുതികൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ അതിഗംഭീരമായി നീണ്ടുനിന്നു. ഈ നൂറ്റാണ്ടിലും, ഇന്നും അതു തുടരുന്നു. റഷ്യ- ഉക്രെയിൻ യുദ്ധമായി, ഫലസ്തീൻ – ഇസ്രയേൽ കൊല്ലാക്കൊലാപരമ്പരകളായി.
ജർമനിയുടെ മുറിവും അതിന്റെ കൂടിച്ചേരലും യു.എസ്.എസ്.ആറിന്റെ കൂടിച്ചേരലും മുറിയലും ആഫ്രിക്കൻ രാജ്യങ്ങളുടെ വൈകിയ സ്വാതന്ത്ര്യലബ്ധി സൃഷ്ടിച്ച പോർമുഖങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ‘സോദരർ തമ്മിലെ പോരൊരു പോരല്ല, സൗഹൃദത്തിന്റെ കലങ്ങിമറിയലാം’ എന്നു വള്ളത്തോളിനു പറയാം. പക്ഷേ, എല്ലാ പോരും പോരുതന്നെ. ലഭിച്ച സ്വാതന്ത്ര്യത്തിനുശേഷം, അതിന്റെ മുഴുത്ത കഷണത്തെച്ചൊല്ലിയുള്ള തർക്കം നിത്യഹത്യകളിലേക്കല്ലേ നമ്മെ നയിച്ചിട്ടുള്ളൂ. റുവാണ്ടയിലെ വംശീയകലാപവും വംശഹത്യയും മുതൽ ഗുജറാത്തിൽ അരങ്ങേറിയ സ്‌പോൺസേഡ് കൂട്ടക്കൊലയിലൂടെ റോഹിങ്ക്യൻ മുസ്ലിംകളുടെ വംശച്ഛേദനത്തിൽത്തൊട്ട്, കുക്കി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുള്ള മണിപ്പൂർ സമകാലികസംഘർഷംവരെയായി അതങ്ങനെ തുടർന്നുപോകുന്നു. പലായനംചെയ്ത പിഞ്ചുകുഞ്ഞുങ്ങളെത്ര? അതിനിടയിൽ കമഴ്ന്നു ജഡമായ ഐലാൻ കുർദിമാരെത്ര? ഇറാക്കിൽ അമേരിക്ക നടത്തിയ ക്രൂരകൃത്യങ്ങളുടെ ബാക്കിയായിത്തീർന്ന അലിമാരെത്ര? കൂപ്പുകൈയുമായി കരഞ്ഞുനിന്ന സൊഹ്‌റാബുദ്ദീൻമാരെത്ര? അൻസാരിമാരെത്ര? നാപ്പാം ബോംബു വീണപ്പോൾ അലറിക്കരഞ്ഞോടിയ വിയറ്റ്മീസ് നഗ്നബാലികമാരെത്ര? സാരി വലിച്ചിഴയ്ക്കപ്പെട്ട തസ്‌ലിമ നസ്രീൻമാരെത്ര? പകവിഷം പുരട്ടിയ കത്തിയിൽക്കൊരുത്ത് കണ്ണുകീറിപ്പോയ സൽമാൻ റുഷ്‌ദിമാരെത്ര?
1920-കൾ മുതൽ ഉരുവംകൊണ്ടുവന്ന പശ്ചിമേഷ്യൻ പ്രശ്‌നങ്ങൾ. ബ്രിട്ടന്റെ സ്വകാര്യതാത്പര്യങ്ങളുടെ വിലക്ഷണമായ നടത്തിപ്പിന്റെ ഭാഗമായി 1948-ൽ അവിടെ ആകാശമാർഗം സ്ഥാപിക്കപ്പെട്ട ഇസ്രയേൽ സൃഷ്ടിച്ച പാതകഘടനയെപ്പറ്റി ആലോചിച്ചാൽ മനുഷ്യചരിത്രത്തിൽ സ്വാതന്ത്ര്യമെന്നത് ചോരക്കൊതിയുടെ മറ്റൊരു പേരു മാത്രമാണെന്നു കരുതേണ്ടിവരും. ഇങ്ങനെ പറയുമ്പോൾ, തെറ്റിദ്ധാരണയൊഴിവാക്കാൻ പറയട്ടെ, ഫലസ്തീൻ ഒരു നൂറ്റാണ്ടായി കാട്ടിക്കൂട്ടുന്ന വെകിളിത്തരങ്ങൾക്ക് ഇസ്രയേലിനുള്ളതിന്റെ പാതി പങ്കെങ്കിലും ഈ ചോരചൊരിച്ചിലിൽ ഉണ്ടെന്നുകൂടി വിശ്വസിക്കുന്ന ആളാണ് ഇതെഴുതുന്നത്. ഇപ്പോൾത്തന്നെ, ഇസ്രയേൽ ജനത്തെ ബന്ദികളാക്കിയതിന്റെ പരിണിതഫലം ഫലസ്തീൻ ജനത അനുഭവിക്കുമ്പോൾ, തീക്കൊള്ളി കൊണ്ടല്ലേ ഫലസ്തീൻ എന്നത്തെയും പോലെ തലചൊറിഞ്ഞത് എന്നു സന്ദേഹിക്കാതെ വയ്യ.
കുന്ദേരയെ വായിക്കുമ്പോൾ ചെക്കിനെയും സ്ലോവാക്യയെയും റഷ്യ എങ്ങനെ സ്‌നേഹംകൊണ്ടു വീർപ്പുമുട്ടിച്ചു കൊന്നു എന്നു മനസ്സിലാകും. ഹൊസേനിയെ വായിക്കുമ്പോൾ അതേ റഷ്യ എങ്ങനെ അഫ്ഗാനെ പരിരംഭണത്തിലമർത്തി ഭീമഹിംസ ചെയ്തുവെന്നുറപ്പാകും. കനേറ്റിയെ വായിക്കുമ്പോൾ വ്യക്തികൾക്കിടയിൽ അധികാരം എങ്ങനെ സ്വാതന്ത്ര്യം അല്പാല്പമായി ചോർത്തി, സ്‌നേഹത്തെ വെറുപ്പാക്കി മാറ്റുമെന്നു തിരിച്ചറിയാം. അതുതന്നെ, ക്ലോദ് സിമോങിലും യോസയിലും അലെന്ദേയിലും ഒക്കെ കാണാനാകുന്നു. അപ്പൻ അലെന്ദേയെ പിനോഷെ ശരിപ്പെടുത്തുന്നു. പിനോഷെ അത്ര പിശാചായിരുന്നോ? ആർക്കറിയാം?
സാഹിത്യത്തിൽ മാത്രമല്ല, സുകുമാരകലകളൊന്നടങ്കം സ്വാതന്ത്ര്യത്തെപ്പറ്റി തലപുണ്ണാക്കിക്കൊണ്ടേയിരിക്കുന്നു. ടാഗോറിന്റെ പരമസ്വാതന്ത്ര്യവാഞ്ഛയായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ കലാസാഹിത്യപ്രവർത്തനവും. അദ്ദേഹം, ആശാനിൽനിന്നു വ്യത്യസ്തമായി വ്യക്തിയുടെയും കുടുംബത്തിന്റെയും നഗരത്തിന്റെയും രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യങ്ങളെപ്പറ്റി വിശാലമായി ആലോചിച്ചു. പരമമായി നിർവാണാനന്ദനിരാമയമായ, എടുക്കാനും കൊടുക്കാനും പറ്റാത്ത സ്വാതന്ത്ര്യത്തെപ്പറ്റിയും.
ഇപ്പേർപ്പെട്ട സ്വാതന്ത്ര്യം നിലവിലുണ്ടോ എന്നതാണ് ഈ വൈകാത്ത വേളയിൽ നാം സ്വയമെങ്കിലും അല്പം ഉറക്കെ ചോദിക്കേണ്ട ചോദ്യമെന്നു തോന്നുന്നു. സ്വാതന്ത്ര്യം മാത്രമല്ല, സ്‌നേഹം, വിശ്വാസം, സത്യം, ധർമം, നീതി, സാഹോദര്യം, മതേതരത്വം തുടങ്ങി ഒട്ടനേകം മൂല്യപദ്ധതികൾ ആധുനികതയുടെ ഭാഗമായി ശാസ്ത്രീയവ്യക്തതയുടെ സ്വഭാവത്തിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അതിൽ വല്ലതുംതന്നെ നിലവിലുള്ളതാണോ? അതോ, അവയെല്ലാം കേവലം തെറ്റുദ്ധാരണ മാത്രമാണോ?
ഈ മൂല്യവ്യവസ്ഥകളെല്ലാം സംസ്‌കാരത്തിന്റെയും ബുദ്ധിവ്യാപാരത്തിന്റെയും സാമൂഹികമര്യാദകളുടെയും പേരിൽ രൂപപ്പെട്ടുവന്നവയാണല്ലോ. ഇത്തരം ചില നിയമങ്ങൾ ഇല്ലെങ്കിൽ, സമൂഹം മുന്നോട്ടു സുഗമമായി ചരിക്കുകയില്ല. അത്രയധികം ആളുകൾ നിറഞ്ഞ ഒരു മഹാജനസഞ്ചയമാണല്ലോ ലോകത്തുള്ളത്. എന്നുവച്ച് ഇവ യഥാർഥത്തിൽ ലോകത്തിലുണ്ട് എന്ന് ഇതിനർഥമില്ല. ഒരു റോഡ് വൺവേ ആയി നിശ്ചയിക്കുക എന്നത് ഒരു നിയമനിർമാണമാണ്. ആ നിർമിതനിയമത്തിന്റെ നിർവഹണത്തിന്റെ ഭാഗമാണ് ആരും അതിലേ എതിർയാത്ര ചെയ്യാതിരിക്കുക എന്നത്. അങ്ങനെ ചെയ്താൽ, ശരിയായി നിശ്ചയിച്ചിരിക്കുന്ന മാർഗത്തിൽ വരുന്നവർക്ക് അപകടംപറ്റാൻ ഇടയുണ്ട്. തെറ്റായിവരുന്നവർക്കും അപകടംപറ്റാം, എന്നാൽ, ശരിയായ ദിശയിൽ വരുന്നവർക്ക് അപകടംപറ്റുന്നത് അസ്വാഭാവികമായി പരിഗണിക്കണം. എന്നാൽ, ശരിയായ ദിശയിൽ ആരുംതന്നെ വരാത്ത ഒരു സമയത്ത് തെറ്റായ ദിശയിൽ ഒരാൾ വണ്ടിയോടിച്ചാൽ, അതുകൊണ്ടു കുഴപ്പമുണ്ടോ? യഥാർഥത്തിൽ ഇല്ല. എന്നാൽ, അപ്പോഴും അയാളെ ശിക്ഷിക്കേണ്ടിവരും. എങ്കിൽമാത്രമേ, നിയമനിർവഹണം പൂർത്തിയാകുകയുള്ളൂ. അതായത്, പ്രയോഗത്തിൽ, അയാൾ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, തത്ത്വത്തിൽ അയാൾ പൊതുതീരുമാനത്തിനെതിരെ ചലിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഈ പൊതുതീരുമാനം എന്നതിലപ്പുറം, വൺവേ എന്ന തത്ത്വം അവിടെ നിലനില്ക്കുന്നില്ല. അതിന്റെ പ്രയോഗത്തിലൂടെയാണ് അതു നിലവിൽ വരുന്നത്.
സ്‌നേഹവും അങ്ങനെത്തന്നെയാണ്. സ്‌നേഹവുമായി ബന്ധപ്പെട്ട് പൊതുവായ ചില ആദർശങ്ങൾ, ആശയങ്ങൾ, സംഹിതകൾ ഒക്കെ നമ്മൾ ഒരുക്കിയിരിക്കുന്നു. അവയ്ക്ക് സ്‌നേഹം എന്ന വികാരവുമായി യഥാർഥത്തിൽ നേരിട്ടു ബന്ധമൊന്നുമില്ല. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹിക്കുന്നൊക്കെയുണ്ട്. പക്ഷേ, അത് വളരെ താൽക്കാലികമായ ഒരു ആവശ്യാർഥപരിപാടി മാത്രമാണ്. അച്ഛനമ്മമാരും മക്കളും തമ്മിലും ഭാര്യാഭർത്താക്കന്മാർ തമ്മിലും കാമുകീകാമുകന്മാർ തമ്മിലും സുഹൃത്തുക്കൾ തമ്മിലും ഒക്കെയുള്ള, നിസ്സാരവും അല്പകാലികവുമായ ആവശ്യങ്ങളെപ്രതിയുള്ള ഒത്തുതീർപ്പും വഴങ്ങലും പൊരുത്തപ്പെടലും മാത്രമാണ്. അതാണ്, അതിന്റെ പ്രയോഗവശം. എന്നാൽ, താത്ത്വികമായി സ്‌നേഹം എന്നത് ശാശ്വതമോ, കുറഞ്ഞപക്ഷം, ദീർഘകാലക്ഷമമോ ആണ്. അതിന്റെ പ്രയോഗത്തിലെ ഹ്രസ്വകാലക്ഷമത നമ്മെ അസ്വസ്ഥരാക്കും.
ഇതേപോലെ, സ്വാതന്ത്ര്യവും കേവലം ഒരു തത്ത്വം മാത്രമാണ്. തത്ത്വം എന്ന നിലയിൽ അത് ഐഡിയലുമാണ്. എന്നാൽ, ഈ ഐഡിയൽ അവസ്ഥയിൽ അല്ലാതെ സ്വാതന്ത്ര്യം പ്രവർത്തിക്കുകയേയില്ല. രണ്ടു പേർക്കിടയിൽപ്പോലും അതു പ്രവർത്തിക്കുകയില്ല. അപ്പോൾപ്പിന്നെ, രാഷ്ട്രങ്ങൾക്കിടയിലോ മതങ്ങൾക്കിടയിലോ, ജനതകൾക്കിടയിലോ ഒക്കെ അതു പ്രവർത്തിക്കുമെന്നു കരുതുന്നതുതന്നെ മണ്ടത്തം.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, സാഹോദര്യം എന്നീ നാലു സങ്കല്പങ്ങളെ നവീനമാനവകുലത്തിന്റെ സങ്കല്പലോകത്തെ കെട്ടിയുയർത്തിയിരിക്കുന്ന നാലു തൂണുകളെന്നു പറയാം. ഇവയൊന്നുംതന്നെ പ്രയോഗതലത്തിൽ പ്രവർത്തിക്കുകയില്ല. ജനാധിപത്യം എന്നത്, രാഷ്ട്രത്തിലെ (ലോകത്തിലെ എന്നായാൽ കൂടുതൽ ശരിയായി) അവസാനത്തെ മനുഷ്യന്റെ അവകാശത്തിനുവേണ്ടിക്കൂടി മറ്റു മുഴുവൻ മനുഷ്യരും നില്ക്കുകയെന്നതാണ് എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അതൊരു വിചാരം മാത്രമാണ്. എന്നാൽ, തത്ത്വത്തിൽ അതാണോ ജനാധിപത്യം എന്നു ചോദിച്ചാൽ നമുക്ക് ആണ് എന്നു പറയാൻ ആവുകയില്ല. എന്നാൽ, ഭൂരിപക്ഷത്തിന്റേതാണോ എന്നു ചോദിച്ചാൽ, 99-1 (100-0 ആയാൽ അത് ഐഡിയലായി) ആകുമ്പോഴാണോ 51-49 ആകുമ്പോഴാണ് ജനാധിപത്യം കൃത്യമാകുക എന്നു മറുചോദ്യമുന്നയിക്കേണ്ടിവരും. 99-1 എന്ന നിലയിൽ ജയലളിതയുടെ സാരി സഭാമധ്യത്തിൽ പിച്ചിയെറിഞ്ഞതും പകരത്തിനുപകരമായി കരുണാനിധി മുണ്ടില്ലാതെ, കാപ്പാത്തുങ്കോ എന്നു നിലവിളിച്ച് ഓടിയതും ചിത്രത്തിലെത്തും. സെന്റ് ഫോർട്ട് കോട്ടയിൽവച്ച് അപമാനിക്കപ്പെട്ടതിന് ജയലളിത മുഖ്യമന്ത്രിയായപ്പോൾ ആ സഭാമന്ദിരം ഉപേക്ഷിച്ച്, പുതിയ മന്ദിരം പണിത് അവിടേക്ക് ഭരണം മാറ്റിയതും, അതിനുപകരമായി, ജയലളിത ഇപ്പോൾ പോയപ്പോൾ, ആ മന്ദിരം ആശുപത്രിയാക്കി എതിർചേരിക്കാർ മാറ്റിയതും നാം കാണാനിടയാകും. 51-49-ന്റെ കളിയായിരുന്നു ഉമ്മൻചാണ്ടി ഭരണകാലത്ത് നാം കണ്ട പ്രതിപക്ഷ അത്യാചാരങ്ങൾ. ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ചാൽ, നാം ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ‘രാജകീയ’ എന്ന വാക്കു ചേർത്ത് എഴുതിയിരിക്കുന്നത് കാണും. രാജകീയ അസ്പതാൽ എന്നു തുടങ്ങി. കേരളത്തിൽ, മലയാളമല്ലാത്ത ഒരു വാക്കാണ് നാം ഗവൺമെന്റ് എന്നതിനു പകരമായി ഉപയോഗിക്കുന്നത്; സർക്കാർ – വാഹ്, സർക്കാർ വാഹ്.
ഹുജൂറും സർക്കാരും രാജകീയവും ഒക്കെയാണു നമ്മുക്കിന്നുമുള്ളത്. ഗവൺമെന്റ് എന്ന ആധുനികപദത്തിനു സമാനമായ ഒരു ജനാധിപത്യപദംപോലും നമുക്കു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കേരളസർക്കാർ ആഴ്ചയിൽ ഒരുദിവസം സർക്കാർ ഉദ്യോഗസ്ഥർക്കു മുണ്ട് (അതും ഖദർ) നിർബന്ധമാക്കിയപ്പോൾ, ആയതിന്റെ ഉത്തരവ് കല്ലിൽകൊത്തിയാണു തെരുവുകളിൽ വച്ചത്. ഈ സംഭവങ്ങളിലെല്ലാം നമ്മുടെ ജനാധിപത്യസങ്കല്പവും സ്വാതന്ത്ര്യസങ്കല്പവുമുണ്ട്. അല്ലെങ്കിൽ, ഇങ്ങനെ പറയാം: ഇത്രയൊക്കെയേയുള്ളൂ നമ്മുടെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യബോധവും.
എങ്കിലും ഈ സ്‌നേഹം, നീതി, ധർമം, സ്വാതന്ത്ര്യബോധം തുടങ്ങിയവയൊക്കെ ഒരിക്കലും നിലവിലോ നടപ്പിലോ വരികയില്ലേ എന്നു ചോദിച്ചാൽ, വരുത്താനാകും എന്നുതന്നെയാണു മറുപടി. അതിന്, ആദർശാത്മകറിപ്പബ്ലിക് നിലവിൽ വരണമെന്നുമാത്രം. ഈ ടൈപ്പ് ആദർശാത്മക റിപ്പബ്ലിക്കിലാണ് കവികളെ കയറ്റുകില്ലെന്ന് പ്ലേറ്റോ പറഞ്ഞത്. ആളുകൾ അതിന് മൂപ്പരെ മുണ്ടൻവടിക്കടിക്കാൻ നടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, സത്യമെന്താണെന്നുവച്ചാൽ, ഈ ടിപ്പിക്കൽ ആദർശാത്മക റിപ്പബ്ലിക്ക് വന്നാൽ, അവിടെ കവികളെ നിരോധിക്കേണ്ടിവരില്ല. അജ്ജാതി മൊയ്ന്തുകൾക്ക് അവിടെ ഒരു പണിയുമുണ്ടാകില്ല. എന്തു മത്തങ്ങയെപ്പറ്റി കവിതയെഴുതാനാണ്? അവറ്റ പട്ടിണികിടന്ന് സ്വയം സിദ്ധികൂടിക്കോളും; അത്രയുമേ പ്ലേറ്റോസാറും ഉദ്ദേശിച്ചിട്ടുള്ളൂ.
യേസ്, അപ്പോൾ, അങ്ങനൊരു ഐഡിയൽ റിപ്പബ്ലിക്ക്. അവിടെ നീതിയും ധർമവും സത്യവും പുലരും. അവിടെ, വക്കീലന്മാർ സത്യമേ പറയൂ. വക്കീലന്മാർ സത്യം മാത്രമേ പറയൂ എന്നു വന്നാൽ, നീതി ബ്രെഷ്ടച്ചായൻ പറഞ്ഞതുപോലെ, അന്നേക്കന്നു വൈകീട്ട് ആറുമണിക്കു സൂര്യൻ അസ്തമിക്കുന്നതിനുമുൻപ് നടപ്പാകുക തന്നെ ചെയ്യും. ഒരു നഗരവും അതിന്റെപേരിൽ കത്തിച്ചാമ്പലാവില്ല; അഗ്നിശമനസേനക്കാർക്ക് ചുമ്മാതെയിരിക്കാൻ പറ്റും. എന്നുവച്ചു സാഹിത്യമെഴുതാൻ വകുപ്പുണ്ടാവില്ല, കൂടിപ്പോയാൽ വല്ല പാട്ടോ ആട്ടമോ ഉണ്ടാവും. എങ്കിലും അവയ്ക്കും ആശയമോ കഥയോ വരികളോ ഒന്നുമുണ്ടാകില്ല. ഒരു വൈപരീത്യമുണ്ട്. ഒരു അഗ്നിശമനസേനാംഗം ഒരു പണിയുമില്ലാതെ, മടുത്ത്, മടുപ്പിനെപ്പറ്റി ഒരു പാട്ടുണ്ടാക്കിപ്പാടിയെന്നുവരാം. അതോടെ, ആ ആദർശലോകം തകർന്നുതുടങ്ങുകയായി. വിത്തിൻ നോ ടൈം, ക്രമേണ അത് നമ്മുടെ ഇപ്പോഴത്തെ ലോകമായിത്തീരും. മോദി മൂന്നാമതും ഭരിക്കും, ട്രംപ് ട്രംപറ്റുമൂതിവരും, എർദോഗാൻ എരമ്പിഭരിക്കും.
നമ്മളീപ്പറയുന്ന ആധുനികലോകത്തിനുമുൻപ് വല്ല സ്വാതന്ത്ര്യവുമുണ്ടായിരുന്നോ. നമുക്കറിയാവുന്നതും എഴുതപ്പെട്ടതുമായ കഥകളിലെല്ലാം ഓരോരോ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി തടവിന്റെ കൂച്ചുചങ്ങലകളിൽക്കിടന്നമറിയ കഥകളുണ്ട്. മോശയുടെ വംശം നാനൂറുകൊല്ലത്തെ അടിമജീവിതത്തിനും നാല്പതുകൊല്ലത്തെ അലച്ചിലിനും ഇടയായി. അവർ എങ്ങനെ മിസ്രയീമിൽ തടവിലായി. ബെന്യമീനെ തടവിലാക്കാൻ (കൊല്ലാനായിരുന്നു ആദ്യത്തെ പദ്ധതി) അവന്റെ സ്വന്തം സഹോദരങ്ങൾ ശ്രമിച്ചതിന്റെ ഫലമായി ബെന്യാമീൻ അവിടെ തടവിലായി. അവിടന്ന് അവൻ ഭാഗ്യത്തിന്റെയും സാമർഥ്യത്തിന്റെയും ഫലമായി രാജപ്രമുഖനായി വളരുന്നു. അതിസമ്പന്നനും മുഖ്യനുമായി മാറിയ ബെന്യാമീൻ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും മിസ്രയീമിലേക്കു കൊണ്ടുവരുന്നു. അവിടെ അവർ പ്രമാണിമാരായി താമസം തുടങ്ങുന്നു. ആ പ്രമാണിത്തം തലമുറ കുറെപ്പോകെ, മിസ്രയീമ്യർക്ക് അനിഷ്ടനീരസങ്ങൾക്കു കാരണമായതിന്റെ ഫലമായാണ് യഹൂദർ അവിടെ അടിമകളായിത്തീരുന്നത്. ആധുനികകാലത്ത് 1920-കളിൽത്തൊട്ട് ഇതേ ഈജിപ്തിന്റെ മറ്റൊരുഭാഗത്ത് മൊട്ടക്കുന്നുകളും തരിശുനിലങ്ങളും വാങ്ങാനെത്തിയ ഭാഗ്യാന്വേഷികളായ അഭയാർഥികളുടെ രൂപത്തിൽവന്ന് ഇതേ ഇസ്രേല്യർ രണ്ടായിരത്തിലധികം നൂറ്റാണ്ടു നീണ്ടുനിന്ന അവരുടെ തടവുപ്രവാസകാലത്തിന്റെ അന്ത്യംകുറിച്ച് സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതും കാണാനാകുന്നില്ലേ. ഒന്നാം ലോകമഹായുദ്ധത്തിലെ സഹായത്തിനു പ്രത്യുപകരകാരമായി ഇസ്രയേൽ എന്ന വാഗ്ദാനം മുന്നോട്ടുവച്ച ബ്രിട്ടൻ അത് എവ്വിധവും നടത്തിയെടുത്തതിന്റെ ബദൽചരിത്രം കൂടിയാണത്. അപ്പോഴും ആകാശത്തുനിന്ന് നവരാഷ്ട്രത്തിന്റെ ഭൂപടം മാത്രമേ ദൈവികാവകാശത്തിനനുസൃതം ആധുനികരാഷ്ട്രങ്ങൾ ഇറക്കിയിട്ടുള്ളൂ. ജനത അപ്പോഴേക്കും അവിടെ ഉടലെടുക്കുകയും പന്തലിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. അത് പതിന്നാലു നൂറ്റാണ്ടു പണിയെടുത്തിട്ടും ഇസ്ലാംമതത്തിന് അവസാനിപ്പിക്കാൻ കഴിയാതിരുന്ന ഫ്യൂഡ് ഫൈറ്റുകളുടെ ഫലംകൂടിയാണ്. അല്ലെങ്കിലും ഇസ്ലാംമതം സ്വയം ഫ്യൂഡ് ഫൈറ്റിന്റെ ഉപോല്പന്നം മാത്രമാണെന്നാണ് സൂക്ഷ്മത്തിൽ മതചരിത്രം മനസ്സിലാക്കുമ്പോൾ ബോധ്യപ്പെടുക.
മഹാഭാരതത്തിലേക്കോ രാമായണത്തിലേക്കോ നോക്കിയാലും നമുക്ക് സ്വാതന്ത്ര്യത്തിന്റെ പരിമിതിയും അർഥശൂന്യതയും വ്യക്തമാകും. ധർമത്തിന്റെ തടവുകാരനായ യുധിഷ്ഠിരനും സത്യത്തിന്റെ തടവുകാരനായ രാമനും പക്ഷേ, സത്യധർമാദികളുടെ സങ്കീർണസമസ്യകളെക്കൂടി ഓർമിപ്പിക്കുന്നുണ്ട്.
സത്യത്തിൽ, സ്വാതന്ത്ര്യം എന്നത് ഒരു സാധ്യതയോ പ്രത്യാശയോ അല്ല. സ്വാതന്ത്ര്യം ഉത്തരവാദിത്വങ്ങളുടെ ഘോഷയാത്രയ്ക്ക് മാനവനവീനത നല്കിയ ഒരു ചെല്ലപ്പേരു മാത്രമാണ്. സത്യം മാത്രം പറയുന്ന അഭിഭാഷകരും പ്രാഡ്വിവാകന്മാരും ഉള്ള ഒരു ലോകത്ത് നീതി പരിലസിക്കും എന്നതുപോലെ, അന്യനെ തനിക്കുമുകളിൽ പരിഗണിക്കുന്ന മനുഷ്യരുള്ള ഒരു ലോകത്തുമാത്രമേ സ്വാതന്ത്ര്യം നിലവിലുണ്ടായിരിക്കുകയുള്ളൂ. അഭിഭാഷകർ സത്യം മാത്രം പറയുന്ന ഒരു കാലത്തും ലോകത്തും അനീതി ഉണ്ടാകുകയില്ല, അതിനാൽത്തന്നെ കോടതികൾ ആവശ്യവുമില്ല. അതുപോലെ, മറ്റുള്ളവരെ അവരവരേക്കാൾ പരിഗണിക്കുന്ന ആളുകളുണ്ടായിരിക്കുന്ന ഒരു ലോകത്തും കാലത്തും പാരതന്ത്ര്യം എന്നത് അനുഭവവേദ്യമേ ആയിരിക്കില്ല.
അധികാരം അസ്വാതന്ത്ര്യവും അസ്വസ്ഥതയുമുണ്ടാക്കുന്നു. ഓരോരുത്തരും അധികാരി ആയിരിക്കുകയും ചെയ്യുന്നു. അധികാരത്തിലിരിക്കുന്നവർ അഹങ്കാരം കാട്ടുമ്പോൾ, കീഴോട്ടുള്ള ഓരോ ഘടകത്തിലും ഏകകത്തിലും അതു പ്രതിഫലിക്കുന്നു. ഒരു സ്വേച്ഛാധികാരി ഭരിക്കുന്ന നാട്ടിൽ നോക്കിയാൽ, ഓരോ വ്യക്തിയും ആ സ്വേച്ഛാധികാരിയുടെ കൊച്ചുകൊച്ചു പ്രതിരൂപങ്ങളും പ്രതിനിധികളുമായിരിക്കുന്നതറിയാം. ഇന്ദിരാഗാന്ധി ഭരിക്കുമ്പോൾ, ബസ്സിലെ കണ്ടക്ടറും താലൂക്കാപ്പീസിലെ ശിപായിയും ആശുപത്രിയിലെ നേഴ്‌സും തെരുവിലെ തൂപ്പുകാരിയുംവരെ ചെറിയചെറിയ ഇന്ദിരാഗാന്ധികളായിരിക്കുന്നു. ഭരിക്കുന്നതു സ്റ്റാലിനാണെങ്കിൽ എല്ലാവരും സ്റ്റാലിൻ. ഹിറ്റ്‌ലറാണെങ്കിൽ ഹിറ്റ്‌ലർ.
ഒരു തൊഴിൽ ചെയ്യുന്ന ആളെന്ന നിലയിൽ ഈ വൈയക്തിക ഡിക്‌റ്റേറ്റർഷിപ്പ് വ്യക്തിപരമായിത്തന്നെ അറിയാം. അതുപോലെ, ഒരു സ്ഥാപനം അതിലെ വ്യക്തികൾ എങ്ങനെ സ്വാതന്ത്ര്യത്തിന്റെ അണുമാത്രവായുപോലും കടക്കാത്ത ഇരുട്ടറ ആക്കിമാറ്റുന്നുവെന്നും ദൈനംദിനജീവിതത്തിലൂടെ അറിയാം. പദവി സഹകരണത്തോടെയുള്ള സുഗമസംഘാടനത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്തിയ ഒരു വ്യക്തിയെ നേരിട്ടറിയാം. അത് ഡോ. വി.സി. ഹാരിസ് ആണ്. അദ്ദേഹം സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ തലവനായിരുന്ന കാലത്ത് തന്റെ പദവിയെ എങ്ങനെ അധികാരനിർവേദപരമായി ഉപയോഗിച്ചു എന്നു നോക്കിക്കണ്ടിട്ടുണ്ട്. എന്നാൽ, മറ്റെങ്ങും ആ നിർവേദാനന്ദസാധ്യത കണ്ടിട്ടേയില്ല. അധ്യാപകർ പദവി വിദ്യാർഥികളെ ദ്രോഹിക്കാനുള്ള ‘വിപ് പവർ’ ആയി ഉപയോഗിക്കുന്നത് നിത്യേനയെന്നോണം കാണുന്നു. അധികൃതർ അധഃകൃതരായി സേവിതരെ കൈകാര്യം ചെയ്യുന്നത് നിത്യേന കാണുന്നു. എവിടെയും സ്വാതന്ത്ര്യം ഒരു തരിമ്പുപോലും കാണപ്പെടുന്നില്ല. എന്നല്ല, ഒരിക്കലും കണ്ടിട്ടേയില്ല.
വളരെ താൽക്കാലികവും സോപാധികവുമായ ഒരു അനുഭവം മാത്രമാണു സ്വാതന്ത്ര്യം. താൽക്കാലികതയും ഉപാധികളും അതിനെ അസ്വതന്ത്രമാക്കുകയും ചെയ്യുന്നു. ഇതെല്ലാംകൊണ്ടാണ് ഒറ്റവാക്യത്തിൽ കാര്യം പറഞ്ഞുതുടങ്ങിയവസാനിപ്പിക്കുന്നത്: സ്വാതന്ത്ര്യത്തെപ്പറ്റി അധികം പറയണ്ട!..