പഞ്ചകന്യകളുടെ പരിണാമദശകൾ – ശ്രീവൽസൻ തിയ്യാടി

പഞ്ചകന്യകളുടെ പരിണാമദശകൾ – ശ്രീവൽസൻ തിയ്യാടി

വിധിയുടെ തിരശ്ശീലക്കു പിന്നിലേക്കു മറഞ്ഞിരുന്ന അഞ്ചു പുരാണനായികമാർ നാലുനൂറ്റാണ്ടിനുശേഷം ഒരേ മഹോത്സവത്തിൽ മുഖംകാട്ടി കഥയാടി. കൂടിയാട്ടം-നങ്ങ്യാർകൂത്ത് വേദിക്ക് നവ്യാനുഭവമായി.


നാരീശക്തി കേന്ദ്രപ്രമേയമായുള്ള ആഘോഷാചരണങ്ങളിലാണ് എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം തുടങ്ങി ഭാരതം. ഇതിനു വ്യാഴവട്ടംമുമ്പ് സ്ത്രീപക്ഷരചനകളുടെ ഒരു സവിശേഷനിരയ്ക്ക് അരങ്ങിൽ തിലകക്കുറി ചാർത്താൻ കേരളത്തിലെ ഒരു പുരാതനകലയിൽ നീക്കങ്ങൾ മുറുകിയിരുന്നു. രംഗാവതരണത്തിൽ  ലോകത്തുതന്നെ നിലനില്ക്കുന്ന ഏറ്റവും പഴക്കംചെന്ന സംസ്കൃത നാടകമാണല്ലോ കൂടിയാട്ടം. ഇന്നത്തെതരം ചിട്ടവട്ടങ്ങൾ ഉരുത്തിരിഞ്ഞ് ഒരു സഹസ്രാബ്ദമെങ്കിലും പ്രായമുള്ള ഈ രൂപത്തിൽനിന്നു പൊടിച്ച് ക്രമേണ ചില്ല നീണ്ടുകനത്ത സ്വതന്ത്രവേദിയായി പുഷ്‌പിച്ചതാണ് നങ്ങ്യാർകൂത്ത്. നടനത്തിനു വനിത മാത്രം. പല ജീവികളെയും അവരുടെ ചിത്രചര്യകളെയും ജീവിതസന്ധികളെയും അവൾ തനിയെ പകർന്നാടും. മുഖ്യ പിന്നണിവാദ്യമായ മിഴാവിൽ പെരുമേളം തീർക്കുന്നതത്രയും പുരുഷർ. ആണുങ്ങൾക്ക് ഭാവനാത്മകമായി കഥകളാഖ്യാനിക്കാൻ പ്രബന്ധക്കൂത്ത് എന്നൊന്ന് വേറെയുണ്ട്. പുരാണസന്ദർഭങ്ങളെത്തന്നെ ആസ്പദിച്ച് വാങ്മയം തീർത്തുപോന്നത് ചാക്യാന്മാർ. നർമത്തിൽ പൊതിഞ്ഞതെങ്കിലും അവരുടെ മൊഴികൾ ചിലതിനൊക്കെ ആധുനികലോകത്ത് രാഷ്ട്രീയശരി പോരായ്കയുണ്ട്‌. കടുത്ത പെൺവിരുദ്ധത കണ്ടേക്കും യുവതലമുറ പ്രേക്ഷകർ.


മേല്പറഞ്ഞ മൂന്നു കലകളും ക്ഷേത്രമതിലകം ഭേദിച്ച് പൊതുജനക്കാഴ്ചയായിട്ട് ആറു പതിറ്റാണ്ടുകഴിഞ്ഞു. മദ്രാസിൽ 1962-ൽ അരങ്ങേറിയ കൂടിയാട്ടമാണ് കേരളത്തിനുപുറത്ത് ആദ്യത്തേതായി കണക്കാക്കുന്നതെങ്കിൽ അമ്പലത്തിനുവെളിയിലൊരു ഗൃഹസദസ്സിൽ കൂത്തുപറഞ്ഞ പുത്തൻ ചാക്യാരയനത്തിന്റെ സപ്തതിവേളയാണിപ്പോൾ. സമുദായനിയന്ത്രണങ്ങൾ കല്പിക്കാതെ ചെറുതുരുത്തിയിലെ കലാമണ്ഡലം 1965-ൽ കൂടിയാട്ടവിഭാഗം ആരംഭിച്ചതിനുവൈകാതെ വിദ്യാർഥിനികളെയും കിട്ടി. ജാത്യാൽ നങ്ങ്യാരല്ലാഞ്ഞവർ ആദ്യബാച്ചിൽത്തന്നെ ഇടംപിടിച്ചു. ഏറെ താമസിയാതെ കേരളത്തിൽ മറ്റുസ്ഥാപനങ്ങളും ഇത് പ്രവണതയാക്കി. മധ്യകേരളത്തിൽത്തന്നെ 1980-കളോടെ ഇരിഞ്ഞാലക്കുടയിലും (ചാച്ചുച്ചാക്യാർ ഗുരുകുലം) ലക്കിടിയിലും (മാണി കുടുംബം) പഠനകളരികൾ പുഷ്‌ടിപ്പെട്ടെങ്കിൽ തെക്കോട്ടുള്ള പ്രകാശത്തിനായി തിരുവനന്തപുരത്ത് മാർഗി തിരികൊളുത്തി.


സാമൂഹികമാറ്റങ്ങളാൽ ഇടക്കാലത്ത് ഉണക്കംബാധിച്ചിരുന്ന നങ്ങ്യാർകൂത്തിൽ അങ്ങനെയാണ് വീണ്ടും തളിരുകൾ പിറക്കുന്നത്. മുദ്രാവടിവിലും നൃത്തചാതുരിയിലും നടനവൈഭത്തിലും  എന്നുവേണ്ട മുഖംമിനുക്കിലും വേഷഭൂഷകളിലും വരെ മുമ്പില്ലാത്തവിധം ശ്രദ്ധയുണ്ടായി. മിഴാവുവാദകൻ പി.കെ. നാരായണൻ നമ്പ്യാർ (1927-2023) ഇറക്കിയ ഗ്രന്ഥം (1984) നങ്ങ്യാർകൂത്തിന്റെ ആട്ടപ്രകാരമായി. ഇതേ കലയെപ്പറ്റി മോഹിനിയാട്ടനർത്തകികൂടിയായ നിർമലാ പണിക്കർ ആംഗലത്തിൽ രചിച്ചു 1992-ലൊരു പുസ്തകം. പാരമ്പര്യമായി കൃഷ്ണകഥകൾമാത്രം പ്രമേയമാക്കിയ ഈ കല നൂറ്റാണ്ടൊടുവിൽ രാമായണവും ഉൾക്കൊണ്ടു. ആട്ടശ്ലോകങ്ങൾ വിവരിക്കുന്ന ശ്രീരാമചരിതം നങ്ങ്യാർകൂത്ത് 1999-ൽ അച്ചടിച്ചിറങ്ങി. പ്രയോക്താവുകൂടിയായിരുന്ന മാർഗി സതിയുടെ (1965-2015) രചന ഫലത്തിൽ സീതയുടെ വീക്ഷണകോണിലൂടെ വാത്മീകീയിതിഹാസത്തെ വിവരിച്ചു.


ആ വിധത്തിൽ സ്ത്രീപക്ഷാവിഷ്കാരത്തിന് നങ്ങ്യാർകൂത്തിൽ കാൽനൂറ്റാണ്ടത്തെ തഴക്കമുണ്ട്. രാമായണകഥകളുള്ള കൂടിയാട്ടങ്ങളിലെ സ്ത്രീപാത്രങ്ങൾ ശ്രദ്ധേയങ്ങളാവുന്ന രംഗങ്ങൾ മുമ്പേയുണ്ടെന്നതു സത്യം. എന്നാൽ, ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തോടെ നങ്ങ്യാർകൂത്തിനു ക്ഷീണംതട്ടുന്നതിനു വളരെപ്പണ്ടേ കൂടിയാട്ടത്തിലെ ചില ഉഗ്രവനിതകൾ പലരും അരങ്ങിൽ അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. അഥവാ ശേഷിപ്പുണ്ടെങ്കിൽ നാമമാത്ര സാന്നിധ്യങ്ങളായി. നാലുനൂറ്റാണ്ടോളം നീണ്ടു ആ മൂകതയും ആന്ധ്യവും. ബ്രിട്ടീഷുഭരണക്കീഴിലാണെങ്കിൽക്കൂടി നാടുവാഴി വ്യവസ്ഥയിൽ പരിചരണമനുഭവിച്ച കേരളീയ ക്ഷേത്രകലകൾ ജനാധിപത്യഭാരതത്തിൽ നേരിട്ട അസ്തിത്വപ്രശ്നങ്ങൾ താണ്ടാൻ സ്വാതന്ത്ര്യലബ്‌ധിക്കിപ്പുറം നാലുദശകമെടുത്തു. അതിനുശേഷവും, പക്ഷേ, സ്ത്രീകളുടെ പ്രകടനങ്ങളിൽ നാരീശക്തി എന്നത് പെട്ടെന്നൊന്നും ഏകഹാര്യക്കൂത്തിൽ വെളിച്ചംകണ്ടില്ല.


അങ്ങനെപോകെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുലരിയിൽ വനിതാപാത്രങ്ങളിലേക്ക് സൂക്ഷ്‌മദൃഷ്‌ടി കൊടുക്കുംവിധം കൂടിയാട്ടത്തിലും നങ്ങ്യാർകൂത്തിലും പുനരുദ്ധാരണം നടക്കുന്നത്. സമകാലിക മനോഭാവങ്ങളെ ചേർത്തുപിടിക്കുംവിധം പുരാണകഥകളിലെ സ്ത്രീൾക്ക് ഭാഷ്യം കിട്ടിത്തുടങ്ങി. ഏതാണ്ട് പതിനാറാംനൂറ്റാണ്ടോടെ രംഗപ്രവേശാനുമതി മിക്കവാറും നഷ്ടപ്പെട്ട സീത, ദ്രൗപദി, താര, മണ്ഡോദരി എന്നിവയെ തിരികെവരുത്തി തിളക്കംകൊടുക്കാൻ അവധാനതയോടെയുള്ള ഉദ്യമങ്ങളുണ്ടായി. വളരെവേഗം അവയ്ക്കോരോന്നിനും സ്വീകാര്യതയുണ്ടായി. ഇന്നേക്കൊരു വ്യാഴവട്ടംമുമ്പ് ഈ നിരയിലേക്ക് അഹല്യയെയും കൂട്ടി. ഭർത്താവായ ഗൗതമമുനിയുടെ ശാപത്താൽ കല്ലായി നീണ്ടയളവ് നരകിച്ച ആശ്രമവാസിനിയെ നങ്ങ്യാർകൂത്തിൽ ചിത്രീകരിക്കാൻ ശ്രമം തുടങ്ങിയത് 2012 പാതിയോടെയായിരുന്നു. ‘അഹല്യ’ കന്നിയരങ്ങ് നേടിയത് രാജ്യത്തിന്റെ പ്രഥമ ബിനാലെയുടെ ഭാഗമായിട്ടും. കൊച്ചി-മുസിരിസ് കലാമാമാങ്കത്തിനിടെ ഇടപ്പള്ളിയിൽ ചെയ്തവരിപ്പിച്ചതത്രയും ഉഷാ നങ്ങ്യാർ രൂപകല്പനചെയ്ത് മേടയിൽ സ്വയംതീർത്ത രംഗശില്പമായിരുന്നു. തീയതി 2013-ലെ ജനുവരി 26. ആകസ്മികമാണെങ്കിലും, തിരിഞ്ഞുനോട്ടത്തിൽ പ്രത്യേകപ്രാധാന്യം ഇപ്പോൾ കല്പിക്കാവുന്നതായിരിക്കുന്നു.


സംവേദനക്ഷമതയുടെ സാമ്യംകൊണ്ട് അഹല്യയെ മേല്പറഞ്ഞ നാലു പുരാണവനിതകളിലേക്ക് ചേർത്ത് ‘പഞ്ചകന്യ’ എന്ന കൂട്ടനാമം നങ്ങ്യാർകൂത്തിൽ ഉദയംകൊണ്ടു. ഉഷയിൽ അന്നേ മുളപൊട്ടിയിരുന്ന പദ്ധതി അതോടെ പൂർണമായും സാക്ഷാത്കൃതമായി. മറ്റു നാല് സ്ത്രീപാത്രങ്ങളെ അവർ അതിനുമുന്നെ ഒറ്റയ്ക്കൊറ്റയ്ക്ക് കെട്ടിയാടിയിരുന്നു. പന്ത്രണ്ടുകൊല്ലത്തിനിപ്പുറം അടുപ്പിച്ചുള്ള സായാഹ്നങ്ങളിൽ ഉഷയും രണ്ടു ശിഷ്യകളും കൂടി അഞ്ചുനാരിമാരെയും ഈ മഴക്കാലത്ത് തൃശൂരില്‍ ചരിത്രസംഭവമാക്കി. മിഴാവുവാദകൻ ചാത്തക്കുടം കൃഷ്ണൻനമ്പ്യാരുടെ സ്മരണാര്ഥം‍ മകൾ ഉഷ ചേർപ്പിനു സമീപമുള്ള ഗ്രാമത്തിൽ 17 വർഷമായി നടത്തിപ്പോരുന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സംഗീതനാടക അക്കാദമിയുടെ അരങ്ങില്‍ ജൂൺമധ്യത്തിൽ ‘പഞ്ചകന്യ രംഗാവതരണ മഹോത്സവം’ വിജയമായത്.


പുനഃപ്രത്യക്ഷത്തിന്റെ പാത


പെരുവനം പ്രദേശത്തുള്ള ചാത്തക്കുടത്തെ കളരിയിൽ ഗണപതിക്കൈ മുഴങ്ങിയ 2007-ൽത്തന്നെ ഉഷാ നങ്ങ്യാർ ശാകുന്തളത്തിലെ നായികയുടെ ‘നിർവഹണം’ അവതരിപ്പിക്കുകയുണ്ടായി. പതിവുപോലെ, മിഴാവുവാദനത്തിനുണ്ടായത് ഭർത്താവ് കലാമണ്ഡലം വി.കെ.കെ.ഹരിഹരൻ. വിവാഹത്തിന്റെ ദശാബ്ദവേള. കാളിദാസനാടകത്തിലെ ശകുന്തള ഒന്നൊന്നായി ഓർത്തെടുക്കുംപോലെ സ്വകഥാംശം മുദ്രാഭിനയത്താൽ ആടികാട്ടുന്നത്  മറ്റൊരു വീണ്ടെടുപ്പായിരുന്നു. കുലശേഖരവർമൻ പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയ തപതീസംവരണത്തിലെ മേനകയുടെയും രംഭയുടെയും നിർവഹണങ്ങൾ ഉഷ 2004-ലേ ചെയ്തിരുന്നു. കാർത്ത്യായനീദേവിയുടെ രൂപത്തിൽ പിന്നീട് പുറപ്പാട് ചെയ്തപ്പോൾ മുഖത്ത് മനയോല തേച്ചിട്ടായിരുന്നു. മുമ്പ്, 2005-ൽ, അവതരിപ്പിച്ച നടാടെചെയ്ത ദ്രൗപദി ഒരു പതിറ്റാണ്ടു ചെന്നപ്പോൾ മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിൽ പുതുമകളോടെ ആവർത്തിച്ചു. മേളയ്ക്ക് അക്കുറി വ്യാസഭാരതത്തിൽനിന്ന് വേറെയും രണ്ടു സ്ത്രീപാത്രങ്ങൾ കൂത്തുരൂപത്തിൽ വന്നു: ഗാന്ധാരിയും (ഇന്ദു ജി.) സുഭദ്രയും (കലാമണ്ഡലം സംഗീത). സംഘകാലത്തെ തമിഴ് മഹാകാവ്യമായ ചിലപ്പതികാരത്തെ അധികരിച്ച് മാർഗി സതി അക്കാലത്ത് കണ്ണകിയെ നങ്ങ്യാർകൂത്തിലേക്ക് ആവാഹിച്ചു. ഇങ്ങനെയൊരു ഭൂമികയിൽക്കൂടിയാണ് പഞ്ചകന്യമാരുടെ ഉദ്ഭവം. 


സ്വദേശമായ ചാത്തക്കുടത്തുനിന്ന് പത്തുവയസ്സുകാരി സ്‌കൂൾകുട്ടി ഉഷ 15 കിലോമീറ്റർ തെക്ക് ഇരിഞ്ഞാലക്കുടയിലെ ഗുരുകുലത്തിൽ ആദ്യവിദ്യാർഥിനിയായി 1980-ൽ ചേരുമ്പോൾ പ്രായം 64 നടപ്പുണ്ടായിരുന്ന കുലപതി അമ്മന്നൂർ മാധവച്ചാക്യാർക്ക് കൂടിയാട്ടത്തിൽ വത്സലശിഷ്യയെ കണ്ടെത്താനായി. തന്റെ ഇഷ്ടമിഴാവുകാരനായ കൃഷ്ണൻനമ്പ്യാരുടെ മകൾ. സൈദ്ധാന്തികൻ വേണു ജി.യുടെകൂടി നേതൃത്വത്തിൽ കുട്ടൻ ചാക്യാർകൂടി ആശാനായി സ്ഥാപനം മുന്നേറേ, നങ്ങ്യാർകൂത്ത് കലാമണ്ഡലത്തിനുപുറത്തും മികച്ച പ്രയോക്താവിനെ വളർത്തിക്കൊണ്ടുവന്നു. സമാന്തരമായി കോളെജിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദംനേടി. സംഗമേശഭൂവിൽ പതിനേഴാണ്ടു നീണ്ട കലാഭ്യസനം ഉഷയെ എത്തിച്ചത് ആദിശങ്കരന്റെ നാടായ കാലടിയിലാണ്. പെരിയാറ്റിൻതീരത്തെ സർവകലാശാലയിലെ തിയറ്റർ വകുപ്പിൽ കൂടിയാട്ടം അധ്യാപികയായി തുടരുമ്പോഴും പരീക്ഷണോന്മുഖമായ ഗവേഷണങ്ങൾകൊണ്ട് നങ്ങ്യാർകൂത്തിൽ നവീനമാർഗങ്ങളും വെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നു.


കഷ്ടി മൂന്നുദശകത്തിന്റെമാത്രം ചരിത്രമുള്ള ഈ വച്ചടിക്കയറ്റത്തിന് നാന്ദിയായത് ഷൊറണൂരിനടുത്തുള്ള കലാമണ്ഡലവും ആ പ്രദേശത്തുകാരനായ പൈങ്കുളം രാമച്ചാക്യാരും (1905-80) ആണെന്ന് ഉഷ നിരീക്ഷിക്കാറുണ്ട്. “നടപ്പുള്ള കൂടിയാട്ടങ്ങളിൽത്തന്നെ സ്ത്രീവേഷങ്ങളുടെ അതിനയഭാഗങ്ങൾ കൂടുതൽ പൊലിപ്പിച്ചുകൊണ്ടും; സീത, താര തുടങ്ങിയവരെ അരങ്ങിൽ പ്രവേശിപ്പിച്ചുകൊണ്ടും; ഭഗവദജ്ജുകം, നാഗാനന്ദം തുടങ്ങി സ്ത്രീപ്രാധാന്യമുള്ളവ ചിട്ടപ്പെടുത്തിക്കൊണ്ടും അരങ്ങിലെ സ്ത്രീപാത്രങ്ങളെ അദ്ദേഹം പുനരാവിഷ്കരിച്ചു,” എന്ന് ‘അഭിനേത്രി’ (2003) എന്ന സ്വഗ്രന്ഥത്തിൽ രേഖപ്പെടുത്തുണ്ട്.


നേരേയാചാര്യൻ മാധവച്ചാക്യാർക്കു സമർപ്പിച്ചിട്ടുള്ള 200-താൾ പുസ്തകം “പഞ്ചകന്യകൾ കൂടിയാട്ടത്തിൽ പതിവില്ല” എന്ന മുൻമൊഴിയെ ആഴത്തിൽ ചികയുന്നുണ്ട്. കൗതുകകരമാണ് ഖണ്ഡനവാദങ്ങൾ. ഉദാഹരണം: ഭാസന്റെ “അഭിഷേകനാടകത്തിൽ സ്ത്രീകഥാപാത്രമാടാറില്ല” എന്ന സൂചന ക്രമദീപികയിലുള്ളതാവാം ബാലിയുടെ ഭാര്യ താര അരങ്ങത്തുവരാതിരിക്കാൻ കാരണം എന്നാകിലും “വിലക്കിയിട്ടില്ല” എന്ന ധ്വനി വ്യക്തമാക്കുന്നുണ്ട്. അതുപോലെ, അയോനിജ ആവുക കാരണമാണ് ധരിത്രിപുത്രിയായ സീതയ്ക്ക് രംഗപ്രവേശം നിഷിദ്ധമായത് എന്ന പക്ഷത്തിലെ പാളിച്ച വെളിപ്പെടുത്തിക്കൊണ്ട് എഴുതുന്നുണ്ട്: സ്ത്രീയുടെ ജനനേന്ദ്രിയത്തിൽനിന്നല്ലാതെ വന്ന മേനകയെന്ന അപ്സരസ്സും രാവണപത്നി മണ്ഡോദരിയും അരങ്ങിൽ വരേണ്ടവരാണെന്നത് ഔപചാരികമായി അറിയിപ്പുണ്ട്. നാടകകർത്താവ് വെളിപ്പെടുത്താതെങ്കിലും നടീനടന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ട ബാഹ്യവിഷയങ്ങളെ ഗദ്യരൂപത്തിൽ രേഖപ്പെടുത്തുന്ന ക്രമദീപികയിൽ ഇവരെയൊക്കെ പരാമർശിക്കുന്നുണ്ടുപോലും.


സന്ധ്യകളിലെ സ്ത്രീകൾ


ഇക്കഴിഞ്ഞ മാസം 13-നു തുടങ്ങി 18-നു സമാപിച്ച പഞ്ചകന്യ മഹോത്സവത്തിലെ മൂന്നു വനിതകളെ ഉഷ അവതരിപ്പിച്ചു. യഥാക്രമം അഹല്യ, സീത, ദ്രൗപദി. ശിഷ്യരായ അപർണാ നങ്ങ്യാരുടേതായിരുന്നു രണ്ടാം സായാഹ്നത്തിലെ താര; നാലാംനാൾ കപിലാ വേണുവിന്റെ മണ്ഡോദരിയും.


അചേതനതയെ നടിച്ചുകാട്ടുമ്പോൾ കാണിക്കുണ്ടാവാവുന്ന നീരസംകൂടി കണക്കിലെടുത്താവണം, ശിലയായഹല്യ എന്നയാശയം പോയദശകത്തിനാദ്യം വന്നപ്പോൾ അവതരിപ്പിക്കാൻ ഉഷ ഉത്സാഹം കാട്ടിയില്ല. എന്നാൽ വെല്ലുവിളിയായിത്തന്നെയെടുത്ത് തുനിഞ്ഞപ്പോൾ പലതരത്തിലും നങ്ങ്യാർകൂത്തിനു മുതൽക്കൂട്ടായി. മഹോത്സവത്തിലെ ഉദ്ഘാടനയരങ്ങ് വിശേഷിച്ചും ഹൃദയസ്പൃക്കായി.


ഭർത്താവിന്റെ കടുംചിട്ടകൾക്കിടയിൽ ആശ്രമത്തിലെ ഏക വളർത്തുമൃഗം അഹല്യക്ക് വലിയ ആശ്വാസം കൊടുത്തുപോരുന്നുണ്ട്. കുളിയും ജപവും മാത്രമായി തിഥികൾപോക്കുന്ന മുനിയുടെ കടുംചിട്ടയാർന്ന ദിനചര്യകളിലും മാൻപേടയെ കളിപ്പിക്കുന്നതിൽ അവൾ ജീവിതരസം നുണയുന്നുണ്ട്. ഓലച്ചൂലെടുത്തു ചമ്മലവാരുന്നതിലെ താളം പിന്നണിവാദ്യക്കാർ തീർക്കുന്നത് കലാപരതയെക്കാൾ ജീവിതസത്യമായാവും അനുഭവപ്പെടുക. മുറ്റമടിക്കാനും അകംതളിക്കാനും പൂവിറുക്കാനും ധ്യാനസാമഗ്രികളൊരുക്കാനും കുടുംബത്ത് ഒരുത്തിയുള്ളപ്പോൾ ആണിന് കാരണവർ ചമഞ്ഞിരുന്നാൽമതിയല്ലോ. കിടയ്ക്കയടുപ്പം വരെയില്ലാത്തതിനാൽ അഹല്യയ്ക്ക് വേശ്യയുടെപോലും സ്ഥാനമില്ല.


ഒപ്പമുള്ള ജീവിയിലേക്ക് കണ്ണേപോവാത്ത പുരുഷനെ ശീലമാക്കിയ അഹല്യയിൽ പെട്ടെന്നൊരുനാൾ മറ്റൊരു പുരുഷൻ അനുരക്തനാവുകയാണ്. സാക്ഷാൽ ദേവേന്ദ്രൻ. ഐരാവതപ്പുറത്തെ റോന്തിനിടെ ഒരുനാൾ താഴേ മണ്ണിൽക്കണ്ട പെണ്ണിനെ ഉടനടി ശ്രദ്ധിക്കാനിടവരുന്നത് അവളുടെ അനല്പമായ ശരീരസൗന്ദര്യത്താലാണ്. ചന്ദ്രന്റെ ഒരു ചീള് താഴെ വീണതാവുമോ? കാമാർത്തൻ നോട്ടമിടുമ്പോൾ അഹല്യയ്ക്കൊപ്പം മാനുണ്ട്. പിന്നീട് മുനിരൂപത്തിൽ കൊച്ചുവെളുപ്പിനു വരുന്ന പുരുഷന്റെ പതിവില്ലാചേഷ്ടകളിൽ അവൾക്ക് അന്ധാളിപ്പനുഭവപ്പെടുന്നില്ല. മാംസദാഹത്തെക്കാൾ നഷ്ടപ്രണയത്തിന്റെ നിശ്വാസം കുറിക്കുന്നതാണ് അഹല്യയുടെ ചുടുപ്രതികരണം.


പരപുരുഷഭോഗമുണ്ടാക്കുന്ന ക്രോധമാറിയപ്പോൾ വരാനിരിക്കുന്ന ത്രേതായുഗത്തിൽ രാമസ്പർശം മോക്ഷക്കുറിപ്പടിയായി കൊടുക്കുന്നതിനൊപ്പം മുനി പറയുന്നുണ്ട്: “കല്ലായിക്കൂടാൻ പേടിക്കണ്ട; ഇവിടെ കാട്ടുജന്തുക്കൾ സ്വതേ വരില്ല.” കിടിലൻ കറുഹാസ്യം. ശാപമേല്ക്കാതെതന്നെ പക്ഷാഘാതം ബാധിച്ചതുപോലെ അഹല്യ. കൈയും മെയ്യും കാലും മുഖവും ക്രമേണ അനക്കമറ്റു. ചുറ്റുമൊട്ടിക്കൊണ്ട് കനത്ത പാറക്കെട്ടെന്നപോലെ അചേതനം. അപ്പോഴും ജീവന്റെ തുടിപ്പ് എന്നത്തെയുംപോലെ ശേഷിപ്പ്. ഉറക്കെവിളിക്കാൻ ശ്രമിക്കുന്നുണ്ട്; ഒരുശബ്ദവും വരുന്നില്ല. ആരെങ്കിലുമെത്തുമോ രക്ഷിക്കാൻ?


അന്നേരമാണ് മാനിന്റെ വരവ്. അതിനെ മാടിക്ഷണിക്കാൻ ആയുന്നുണ്ടഹല്യ. വിഫലം. സ്ഥലത്തു പതിവില്ലാത്തൊരു നെടുങ്കൻകല്ല് കാണുന്നതിൽ ക്ഷണികമായുണ്ടാവുന്ന മനസ്സിലാവായ്‌കയൊഴിച്ചാൽ മൃഗമതിന്റെ പാട്ടിനുപോവുന്നു. അവൾക്കുണ്ടായിരുന്ന ഏക ഉല്ലാസബന്ധം എന്നേക്കുമായി മുറിയുന്നു. ഈ കരുണവിഷാദം കൊണ്ടുവരാനായി മാത്രമായിരുന്നോ കഥയിൽ മാൻ ഒരു പാത്രമായി പ്രവേശിച്ചത്?


കാറ്റും മഴയും വെയിലും കുളിരും നൂറ്റാണ്ടുകളോളം പിന്നിടാൻ അഹല്യയെ പ്രാപ്തയാക്കുന്നത് രാമനിലുള്ള വിശ്വാസമാണ്. ഭഗവൽപ്പാദങ്ങളിൽ മനസ്സിനെ സമർപ്പിക്കുയാണവൾ. (രസവിന്യാസസ്യൂതിക്കായി ചുണ്ടുകൾ ചെറുതായി അകറ്റുന്നത് ഉഷയിൽ ഏറ്റവും ഫലപ്രദമായനുഭവപ്പെട്ടത് ഇത്തരം സന്ധികളിലാണ്.)