ബഹുസ്വരതയെ അംഗീകരിക്കാൻ എന്തിനു മടിക്കുന്നു? – വി.വി. വേണുഗോപാലൻ
ബഹുസ്വരതയെ അംഗീകരിക്കുമ്പോഴാണ്, അടിച്ചമർത്തുമ്പോഴല്ല ജനാധിപത്യം പുലരുകയും സമൂഹത്തിന് കെട്ടുറപ്പുണ്ടാവുകയും ചെയ്യുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും അതിനെ ഭീഷണിപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ലേഖനം.
ബ്രിട്ടീഷ് മേൽക്കോയ്മയിൽനിന്നു സ്വാതന്ത്ര്യം നേടുമെന്ന് ഏറക്കുറെ ഉറപ്പായപ്പോൾ ഇന്ത്യ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് നാട്ടുരാജ്യങ്ങളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു. കാശ്മീർ മാത്രമായിരുന്നില്ല; തിരുവിതാംകൂറും, ഭോപ്പാലും, ഹൈദരാബാദുമൊക്കെ ലയനത്തെ ശക്തമായി പ്രതിരോധിച്ചിരുന്നു. ബഹുസ്വരതയെ അംഗീകരിക്കുകയും സാംസ്‌കാരിക വൈജാത്യങ്ങളെ ഏറക്കുറെ ജനാധിപത്യരീതിയിൽ സമീപിക്കുകയും ചെയ്ത ദേശീയപ്രസ്ഥാനത്തിന്റെ കഴിവുറ്റ നേതൃത്വത്തിന്റെ അവസരോചിതവും ആത്മാർഥതയുള്ളതുമായ ഇടപെടലാണ് ലയനം സാധ്യമാക്കിയതും ഇന്നു നാം കാണുന്ന രീതിയിൽ ഇന്ത്യ നിലനില്ക്കുന്നതും. എന്നാൽ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വം അന്നു കൈക്കൊണ്ടതിനു കടകവിരുദ്ധമായ ഒരു സമീപനമാണ് സംഘപരിവാർ സംഘടനകൾ ഇന്നു സ്വീകരിച്ചുവരുന്നത്. ഇന്ത്യയുടെ സാംസ്‌കാരികവൈവിധ്യത്തെ ഒട്ടും ആദരിക്കാതെ തങ്ങളുടെ ‘സാംസ്‌കാരിക ദേശീയത’യും ‘ഏകാത്മകതാവാദ’വും ഇന്ത്യൻ സമൂഹത്തിനുമേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണ് ഈ ഫാസിസ്റ്റ് സംഘം. ഇതിനെ ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നവരെ ‘രാജ്യദ്രോഹികൾ’ ആയി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇത്തരം സമീപനങ്ങൾ ഇന്ത്യൻ മതേതരസമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നവയാണ്.
ഇന്ത്യക്ക് പൊതുവായ ഒരു മതമുണ്ടെന്നും അതിനൊരു സംസ്‌കാരമുണ്ടെന്നും ഈ സംസ്‌കാരം ഉൾക്കൊണ്ടുകൊണ്ടു ജീവിക്കുന്നവർക്കുമാത്രം അവകാശപ്പെട്ടതാണ് ഇന്ത്യയെന്നുമാണ് സംഘപരിവാർ ശക്തികൾ പറഞ്ഞുനടക്കുന്നത്. മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഈ സംസ്‌കാരത്തിന് കീഴ്‌പ്പെട്ടു ജീവിക്കുകയോ അല്ലെങ്കിൽ ‘പുറത്തു’ പോവുകയോ മാത്രമേ നിവൃത്തിയുള്ളുവെന്നും ഇവർ താക്കീതു നല്കുന്നു. ഇക്കൂട്ടർക്ക് തങ്ങളുടെ വാദം ന്യായീകരിക്കുവാൻ പക്ഷേ, തെളിവുകളോ ചരിത്രത്തിന്റെ പിൻബലമോ ഒന്നും നിർബന്ധമില്ലത്രേ.
വൈവിധ്യം നിറഞ്ഞ ഭൂമി
ഇന്ത്യ ഒരുകാലത്തും, ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നതുപോലെ, ഒരു ഏകശിലാ ഖണ്ഡമായിരുന്നിട്ടില്ല. വ്യത്യസ്ത സാംസ്‌കാരികധാരകളും ഭാഷകളും മറ്റു വൈജാത്യങ്ങളുമുള്ള ഒരു ഭൂപ്രദേശത്തെയാണ് ഇന്ത്യയെന്നപേരിൽ വിളിക്കപ്പെട്ടുപോന്നത്. ഈ പേരുപോലും വ്യാപകമാകുന്നത് ബ്രിട്ടീഷുകാരുടെ ഭരണത്തോടുകൂടിയാണ്. ഒരുപക്ഷേ, വിദേശാക്രമണം, പ്രത്യേകിച്ചും ബ്രിട്ടീഷ് ഭരണം, ഇന്ത്യാചരിത്രത്തിൽ സംഭവിച്ചിരുന്നില്ലായിരുന്നുവെങ്കിൽ യൂറോപ്പിലേതുപോലെ വ്യത്യസ്ത ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടുവരുമായിരുന്നു ഇന്ത്യയിൽ.
ഇന്ത്യാ ഉപഭൂണ്ഡത്തിൽ നിരവധി വർഷം താമസിക്കുകയും അവസാനം ഗവർണർ ജനറലിന്റെ സമിതിയിൽ അംഗമാവുകയും ചെയ്ത സർ. ജോൺ സ്ട്രാച്ചി 1888-ൽ കേംബ്രിജിൽ ഒരു പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. ഇതു പിന്നീട് ‘ഇന്ത്യ’ എന്ന പേരിൽ ഒരു പുസ്തകമാക്കി. ഇന്ത്യയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
”ഇന്ത്യ’ എന്നത് സൗകര്യത്തിനുവേണ്ടി നാം നല്കിയ ഒരു നാമം മാത്രമാണ്. നിരവധി രാജ്യങ്ങൾ അടങ്ങുന്ന വലിയൊരു മേഖലയ്ക്ക് നാം നല്കുന്ന പേര്.” ‘യൂറോപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇന്ത്യയിലെ ”രാജ്യങ്ങൾ’ തമ്മിലുള്ളവയെക്കാൾ കുറവാണ്”. ‘ബംഗാളും പഞ്ചാബും തമ്മിലുള്ള സാമ്യത്തെക്കാൾ അധികമാണ് സ്‌കോട്ട്ലന്റും സ്‌പെയിനും തമ്മിലുള്ളത്.” ‘ഇന്ത്യയെക്കുറിച്ച് പഠിക്കേണ്ട അടിസ്ഥാനപരമായ വസ്തുത-ഇന്ത്യ എന്ന ഒന്നില്ല, ഒരിക്കലും ഉണ്ടായിരുന്നുമില്ല. ഇന്ത്യയിലെ ഒരു രാജ്യത്തിനും യൂറോപ്യൻ ആശയങ്ങളനുസരിച്ചുള്ള ഭൗതിക-രാഷ്ട്രീയ-സാമൂഹിക-മതാധിഷ്ടിത ഐക്യം ഉണ്ടായിരുന്നില്ല…” ‘…പഞ്ചാബിലെയും ബംഗാളിലെയും ഉത്തര പശ്ചിമ പ്രവിശ്യകളിലെയും മദ്രാസിലെയും ജനങ്ങൾക്ക് ഒരിക്കലും ഒരു ഇന്ത്യൻ രാഷ്ട്രത്തിന്റെ ഭാഗമാണ് തങ്ങൾ എന്നു തോന്നുന്നില്ല. യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങൾ ചേർന്ന് ഒരൊറ്റ രാഷ്ട്രമാകും എന്നു സങ്കല്പിക്കുന്നതുപോലെ അസാധ്യമാണത്”.
ദേശീയ പ്രസ്ഥാനം വൈവിധ്യത്തെ അംഗീകരിച്ചു
അറിയപ്പെടുന്ന ഇന്ത്യ-സോവിയറ്റു വിദഗ്ധനായ ഡയാക്കോവ് തന്റെ ‘ദേശീയപ്രശ്‌നവും ബ്രിട്ടീഷ് സാമ്രാജ്യത്വവും ഇന്ത്യയിൽ’ എന്ന ഗ്രന്ഥത്തിൽ എഴുതി: ‘200 വർഷക്കാലം ഇന്ത്യ ഇംഗ്ലണ്ടിന്റെ കോളനിയായിരുന്നു എന്ന വസ്തുതമൂലം ബാഹ്യലോകത്തിന്റെ കണ്ണിൽ ഇന്ത്യ പ്രത്യക്ഷപ്പെടുന്നത് അലിഞ്ഞുചേർന്നതും അതിന്റെ മുഴുവൻ ജനതയും ഒറ്റ ജനതയായി തീർന്നതായുമാണ്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ ജനങ്ങളും ഒരളവിൽ അല്ലെങ്കിൽ മറ്റൊരളവിൽ പങ്കെടുത്ത ശക്തമായ ഒരു ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ സാന്നിധ്യം മുഴുവൻ ഇന്ത്യൻ ജനതയുടേതായ ഒരു ദേശീയ ഐക്യമെന്ന ഈ മിഥ്യാ സങ്കല്പത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ വ്യത്യസ്ത മേഖലകളുണ്ടെന്ന് …..ഓരോന്നിലും ഇറ്റലിക്കാരോളമോ ഫ്രഞ്ച്കാരോളമോ ഒട്ടും കുറവല്ലാത്ത ധാരാളം വിശാലജന വിഭാഗങ്ങളുണ്ടെന്ന് പരക്കെ അറിയാവുന്നതാണ്. ഈ ജനവിഭാഗങ്ങളെല്ലാം അവയുടെ സവിശേഷ സംസ്‌കാരവും ഭാഷയും സാഹിത്യവുംകൊണ്ട് വ്യത്യസ്തമാണെന്നും, അവയ്‌ക്കോരോന്നിനും അവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ടെന്നും അവയുടെ ദേശീയസ്വഭാവവിശേഷങ്ങൾ ചരിത്രവികാസഗതിയിലൂടെ ദീർഘകാലം കടന്നുപോയിട്ടുണ്ടെന്നും അറിയാവുന്നതാണ്. ”ഒരൊറ്റ സാംസ്‌കാരിക യൂണിറ്റ് എന്ന നിലയിൽ ഇന്ത്യ ഒരുകാലത്തും നിലനിന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭരണവും അതിനെതിരെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര സമരവുമായിരുന്നു ഒരു ‘ഇന്ത്യൻ ജനത’യെ വാർത്തെടുത്തത്. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ ഈ വൈവിധ്യത്തെ അംഗീകരിക്കുന്ന നിലപാടുതന്നെയായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വം കൈക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാൽ ഓരോ പ്രവിശ്യയെയും നിർബന്ധിതമായി ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന പ്രശ്‌നമില്ലെന്നും അത്തരം യൂണിയനുകൾക്ക് വിട്ടുപോകാൻ അവകാശമുള്ള ഒരു ഫെഡറൽ സംവിധാനമായിരിക്കും ഭാവി ഇന്ത്യയെന്നുമായിരുന്നു നേതൃത്വം എടുത്ത നിലപാട്. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽത്തന്നെയായിരുന്നു 1920-ൽ കോൺഗ്രസ് ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിക്കപ്പെട്ടതും. ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകളെ പുനഃസംഘടിപ്പിക്കണമെന്ന താത്പര്യവും പ്രസ്ഥാനത്തിനുണ്ടായിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല ദേശീയനേതൃത്വത്തിന്. അഞ്ഞൂറോളം വരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കേണ്ടിയിരുന്നു. ശക്തമായ സമ്മർദത്തിന്റെ ഫലമായിട്ടായിരുന്നു ഈ ലയനം പൂർത്തിയാക്കിയത്. മൗണ്ട് ബാറ്റൺ പ്രഭു,വി.പി.മേനോൻ, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുടെ സ്തുത്യർഹമായ സേവനം ഈ ഘട്ടത്തിൽ സ്മരണീയമാണ്. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പട്ടേൽ. വി.പി.മേനോൻ വകുപ്പു സെക്രട്ടറിയും. ഈ പ്രയത്‌നത്തെ സംബന്ധിച്ച് വി.പി. മേനോൻ പറയുന്നു: ‘ഒരു റിപ്പബ്ലിക്കിന്റെ പ്രതിരൂപമായി 554 നാട്ടുരാജ്യങ്ങളെ ഉദ്ഗ്രഥിക്കുക; ആരംഭത്തിലെ ദുഃസ്വപ്നസമാനമായ കുഴപ്പത്തിന്റെ അവസ്ഥയിൽനിന്ന് ഒരു ക്രമം ഉരുത്തിരിച്ചെടുക്കുക; മുൻ നാട്ടുരാജ്യങ്ങളിലെയെല്ലാം ഭരണസംവിധാനം ജനാധിപത്യവത്കരിക്കുക. ഇതരമണ്ഡലങ്ങളിൽ ഇനിയെത്ര വലിയ നേട്ടമുണ്ടായാലും അവയൊന്നും ഇത്രത്തോളം വരികയില്ല.” ഇങ്ങനെയൊരു നേട്ടം അന്നു കൈവരിക്കാൻ കഴിയാതിരുന്നിരുന്നുവെങ്കിൽ ഇന്ന് നാം കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം
അതേസമയം ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യകളുടെ പുനഃസംഘാടനം എന്ന പ്ര്യഖ്യാപിത ലക്ഷ്യത്തിൽനിന്നു പുറകോട്ടുപോകാൻ രാജ്യത്തിന്റെ വിഭജനം കോൺഗ്രസ്സിനെ പ്രേരിപ്പിച്ചു. നെഹ്രു പറഞ്ഞു: ‘കോൺഗ്രസ്സ് ഒരുകാലത്ത് ഭാഷാപ്രവിശ്യകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ വിഘടനപ്രവണതകൾ ഉയർന്നുവന്നിരിക്കുന്നു. അവയ്ക്ക് തടയിടാൻ ഇന്ത്യയുടെ സുരക്ഷ, സ്ഥിരത എന്നിവ ഭദ്രമാക്കിയേ പറ്റൂ. ഇന്ത്യ ജിവിച്ചിരുന്നാൽ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും ജീവിക്കുകയും സമ്പന്നമാകുകയും ചെയ്യും. ഇന്ത്യ ദുർബലമായാലോ അതിന്റെ ഘടകങ്ങളെല്ലാം ദുർബലമാകും. ആർ. എസ്.എസ് നേതാവായിരുന്ന എം.എസ്.ഗോൾവാൾക്കറും ഭാഷാ പുനഃസംഘാടനത്തിന് എതിരായിരുന്നു. വ്യത്യാസം എന്താണെന്നു വച്ചാൽ നെഹ്രു ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടുള്ള ഒരു ഇന്ത്യയെ സ്വപ്നം കണ്ടു. ഗോൾവാൾക്കറാവട്ടെ, ബഹുസ്വരതയെ ഇല്ലായ്മ ചെയ്ത, ഏകാത്മകമായ ഹിന്ദുത്വത്തിലൂന്നിയ ഒരു ഭാരതത്തിലും വിശ്വസിച്ചു. 1954-ലെ പ്രവിശ്യാവിരുദ്ധ സമ്മേളനത്തിൽ ഗോൾവാൾക്കർ പറഞ്ഞു: ‘ബഹുത്വം സംഘട്ടനം വളർത്തുന്നു. ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ സംസ്‌കാരം-ഇവയാണ് എന്റെ തത്ത്വങ്ങൾ. ഒരുവൻ തമിഴനായോ മഹാരാഷ്ട്രക്കാരനായോ ബംഗാളിയായോ സ്വയം പരിണമിച്ചു തുടങ്ങുമ്പോൾ രാഷ്ട്രത്തിന്റെ വീര്യമാണ് ചോർന്നുപോകുന്നത്. എല്ലാവരും ‘ഹിന്ദു’ എന്ന് സ്വയം കരുതണം” (അതല്ലാതെ ഭാരതീയൻ എന്നല്ല.) എന്നിട്ടും പ്രവിശ്യകളിൽനിന്നുള്ള വലിയ സമ്മർദം 1956-ൽ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകളെ പുനഃസംഘടിപ്പിക്കുന്നതിനു പ്രേരിപ്പിക്കുക തന്നെ ചെയ്തു. ഭാഷാപ്രവിശ്യകൾ രൂപംകൊണ്ടിട്ട് ഏഴുപതിറ്റാണ്ടിനോടടുക്കുന്നു. ഇക്കാലമത്രയും അവ ഇന്ത്യൻ ഐക്യത്തെ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. ബഹുസ്വരതയെ അംഗീകരിക്കുമ്പോഴാണ്, അടിച്ചമർത്തുമ്പോഴല്ല ജനാധിപത്യം പുലരുകയും സമൂഹത്തിനു കെട്ടുറപ്പുണ്ടാവുകയും ചെയ്യുകയെന്ന് ഇത് തെളിയിക്കുന്നു. മറിച്ചുള്ള നിലപാടുകൾ ഭരണകൂടം എടുത്തപ്പോഴൊക്കെ വിഘടനവാദപരമായ അപസ്വരങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായ ഈ സമീപനത്തെ കൈയൊഴിഞ്ഞുകൊണ്ട് ഗോൾവർക്കറുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് ഇന്നു സംഘപരിവാർ ശക്തികൾ. സാംസ്‌കാരികമായി വൈജാത്യമുള്ള ഇന്ത്യൻ സമൂഹത്തെ ഒന്നിച്ചു നിറുത്തുവാനായി ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വം കഠിനപ്രയത്‌നം ചെയ്യുമ്പോഴൊന്നും അതിനായി ഒരുതുള്ളി വിയർപ്പുപോലും ഒഴുക്കാത്ത ഇക്കൂട്ടർ രാജ്യസ്‌നേഹത്തിന്റെയും രാജ്യത്തിന്റെ കുത്തകാവകാശത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. തങ്ങളുടെ അജണ്ടയിലുള്ള സാംസ്‌കാരിക ദേശീയതകൊണ്ടും ഏകാത്മകതാ വാദംകൊണ്ടും സമൂഹത്തിന്റെ ബഹുസ്വരതയെ മായ്ച്ചുകളയാമെന്ന് വ്യാമോഹിക്കുന്നു. ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്.
ചരിത്രത്തിൽനിന്നുള്ള പാഠങ്ങൾ
മതാടിസ്ഥാനത്തിൽ രൂപംകൊണ്ട പാകിസ്ഥാനിൽനിന്ന് ബംഗ്ലാദേശ് രൂപപ്പെടുന്നതിനെ തടയാൻ ഇസ്ലാമിനോ യൂറോപ്പിൽ വിവിധ ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടുവരുന്നതിനെ തടയാൻ ക്രിസ്തുമതത്തിനോ കഴിഞ്ഞിട്ടില്ല. ഇസ്ലാമിനും ക്രിസ്തുമതത്തിനും കഴിയാത്തത് അത്രയൊന്നും കെട്ടുറപ്പില്ലാത്ത ഹിന്ദുമതത്തിന് കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രപരമായ ഈയൊരു തിരിച്ചറിവ് ഉൾക്കൊള്ളാൻ മാത്രം ധൈഷണികമായ പാരമ്പര്യം ഉള്ളവരല്ല ഹിന്ദുത്വവാദികൾ. അതുകൊണ്ടുതന്നെ ഇന്ത്യയിലിന്ന് നിലനില്ക്കുന്ന ജനാധിപത്യത്തെയും മതേതരത്വത്തെയും ഏതു വിധേനയും തകർത്തുകളയാം എന്ന് ഇവർ വ്യാമോഹിക്കുന്നു. വിദ്യാഭ്യാസരംഗത്തും ചരിത്രഗവേഷണത്തിന്റെ മേഖലയിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നു. കലാലയങ്ങളിലും സർവകലാശാലകളിലും നിലനില്ക്കുന്ന ജനാധിപത്യാവകാശങ്ങളെയും സ്വതന്ത്രചിന്തയെയും ചോദ്യംചെയ്യുന്നു. ഇത്തരം കടന്നാക്രമണങ്ങളെ ചെറുത്തുതോല്പിക്കേണ്ടത് മതേതര ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
പല മതങ്ങളിൽ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഉൾപ്പെടുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ ഒരു മതത്തിന് കുത്തകാധികാരം ഉണ്ടാവണമെന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഓരോ വിഭാഗത്തിനും അവരവരുടെ സ്വത്വം നിലനിറുത്തുന്നതിനുള്ള അവകാശമുണ്ട്. അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് ഒരു ജനാധിപത്യഭരണകൂടം ചെയ്യേണ്ടത്. മറിച്ചുള്ള സമീപനംകൊണ്ട് ഒരു ജനതയെ മാനസികമായെങ്കിലും വിഘടിപ്പിക്കാനേ ഉപകരിക്കൂ. ഒരുകാര്യം ഓർക്കുക: ഒരു മതേതര സമൂഹത്തെ തകർക്കാൻ ഒന്നോരണ്ടോ ദിവസം നീണ്ടുനില്ക്കുന്ന ഒരു വർഗീയലഹളകൊണ്ട് കഴിഞ്ഞേക്കും. എന്നാൽ, അങ്ങനെയൊന്ന് കെട്ടിപ്പടുക്കാൻ ഒരുപക്ഷേ, നൂറ്റാണ്ടുകൾ തന്നെ കാത്തിരിക്കേണ്ടി വരും.