മൊഴിയാഴം – എന്‍.ഇ.സുധീര്‍

മൊഴിയാഴം – എന്‍.ഇ.സുധീര്‍

എം.ലീലാവതി - ജീവിതവും കാലവും

എം.ലീലാവതി  എന്ന അത്ഭുതത്തെ മലയാളി വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം എന്നെയെപ്പോഴും അലട്ടാറുണ്ട്. ടീച്ചറുടെ പ്രതിഭയെ അളക്കുവാനുള്ള അളവുകോൽ മലയാളിക്ക് നഷ്ടമായ ഒരു കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ടീച്ചർ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ആ സ്നേഹലാളനകൾ ഏറെ അനുഭവിക്കാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. ആ ജീവിതത്തെ അടുത്തറിയാൻ, അതിന്റെ ആഴവും പരപ്പും തിരിച്ചറിയാൻ കുറെയൊക്കെ സഹായിക്കുന്ന ടീച്ചറുടെ ആത്മകഥയാണ്  ഈയിടെ പ്രസിദ്ധപ്പെടുത്തിയ ‘ധ്വനിപ്രയാണം’. 1929-ൽ ജനിച്ച ഒരു മലയാളിസ്ത്രീയുടെ ബൗദ്ധിക ജീവിതത്തിന്റെ ഏറക്കുറെ സമഗ്രമായ ഒരു വിവരണമാണ് അതിലുള്ളത്. ആ യാത്രനടന്ന കാലത്തിന്റെ കഥ കൂടിയാണത്. നല്ല ആത്മകഥകൾ അങ്ങനെയാണ്. അവ വ്യക്തിയുടെ ജീവിതത്തോടൊപ്പം വ്യക്തിയെ നിർമിച്ചെടുത്ത ജീവിതകാലത്തെയും ജീവിതപരിസരത്തെയുംകൂടി അടയാളപ്പെടുത്തും. കഴിഞ്ഞനൂറ്റാണ്ടിന്റെ കേരളീയ ജീവിതത്തിന്റെ വലിയൊരു ചിത്രം ഈ ആത്മകഥയിലുണ്ട്. മരുമക്കത്തായസമ്പ്രദായത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട മലയാളിദമ്പതിമാരുടെ ജീവിതം എത്രമാത്രം സംഘർഷഭരിതമായിരുന്നു എന്നു കാണിച്ചുതരികയാണ് ഈ കൃതി. അതുവഴി ആത്മകഥകളിലൂടെ കാലത്തിന്റെ സാംസ്കാരികചരിത്രംകുടി വായിച്ചെടുക്കാൻ സാധിക്കും എന്നതിന്റെ മികച്ച മാതൃകയാവുകയാണ് ലീലാവതി ടീച്ചറുടെ ‘ധ്വനിപ്രയാണം.’


ടീച്ചർ എഴുതുന്നു: “ഒരു ശനിയാഴ്ച ഞാൻ വീട്ടിലുണ്ടായിരുന്ന സമയത്തുണ്ടായ സംഭവം ‘ആസ്ഥ – അനാസ്ഥ’കളുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. എന്തോ ആവശ്യത്തിന് – റേഷൻ വാങ്ങാനാണെന്ന് തോന്നുന്നു – അമ്മ അച്ഛനോട് പത്തുറുപ്പിക ചോദിച്ചു. കൈയിലില്ലെന്ന് അച്ഛൻ കൈയൊഴിഞ്ഞു. അമ്മ വായ്പ ചോദിക്കാൻ കിഴക്കേ മുണ്ടനാട്ടേക്ക് പോയി. ആ നേരത്ത് മരുമകൻ അച്ഛനെ കാണാനെത്തി – പത്താം ക്ലാസിന്റെ കടമ്പ കടക്കാനാവാതെ ഉഴന്നു നടക്കുകയായിരുന്ന രണ്ടാം മരുമകൻ. “ഉടനെ 200 രൂപ കിട്ടണം. ഇല്ലെങ്കിൽ റെയിലിൽ തലവയ്ക്കും.’ കുട്ടിയായിരുന്ന ശ്രീധരൻ അതു കേട്ടുനിന്നിരുന്നു. അച്ഛൻ പണമില്ലെന്നുതന്നെയാണ് മറുപടി കൊടുത്തതെങ്കിലും അകത്തുപോയി പെട്ടിതുറക്കുന്നതും പണമെടുക്കുന്നതും അവൻ കണ്ടിരുന്നു. അച്ഛൻ പടിക്കലേക്കുള്ള നീണ്ടവഴി നടന്ന് മരുമകനൊപ്പം പോയി. ശ്രീധരൻ പിന്നാലെപോയത് അവർ ശ്രദ്ധിച്ചില്ലായിരിക്കാം. അടുക്കളയിലായിരുന്നതിനാൽ ഞാൻ ഒന്നുമറിഞ്ഞില്ല. പടിക്കൽവച്ച് അച്ഛൻ മരുമകന് ഒരു പൊതി കൊടുക്കുന്നത് ശ്രീധരൻ കണ്ടു. അമ്മ തിരിച്ചുവന്നപ്പോൾ ശ്രീധരൻ ഇക്കാര്യം പറഞ്ഞു. അമ്മയ്ക്കു കലികയറി. അമ്മ അവിടെ കണ്ട ‘ആയുധം’ ഒരു ചെറിയ ആവണപ്പലകയായിരുന്നു. അതുകൊണ്ട് സ്വന്തം തലയ്ക്കടിക്കാനാഞ്ഞപ്പോഴേക്ക് ഞാനൊരു തട്ടുകൊടുത്തതിനാൽ പലക കട്ടിളപ്പടിയിലടിച്ച് നിലത്തുവീണു. അത് പൊളിഞ്ഞു.  ഇരുമ്പുവാറുകൊണ്ട് കൂട്ടിക്കെട്ടിയ ആ പലക കറുത്ത മുഖവുമായി, അച്ഛനമ്മമാരുടെ മാനസിക ബന്ധത്തിന്റെ പ്രതീകമായി എന്റെ സൂക്ഷിപ്പിലിരിപ്പുണ്ട്.” (പേജ് 284)


അക്കാലത്ത് വീട് എന്നത് ചെല്ലാനിഷ്ടപ്പെടാത്ത ഒരിടമായിരുന്നു എന്നാണ് ടീച്ചർ പറഞ്ഞു വയ്ക്കുന്നത്: “ഒഴിവുകാലത്ത് വീട്ടിലെത്തുമ്പോൾ മാത്രമാണ് മാനുഷബന്ധങ്ങളിലെ ഇറക്കാനും തുപ്പാനുമാവാത്ത കയ്പുകൾ നുകരേണ്ടി വന്നത്. അച്ഛനമ്മമാർ തമ്മിലുള്ള സ്പർധകൾക്കുപുറമേ അമ്മയും മുത്തശ്ശിയമ്മയും തമ്മിലുണ്ടായ അകൽച്ച വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി. ഹോസ്റ്റലിലെ കൂട്ടുകാർ ഒഴിവുകാലത്തിനുവേണ്ടി കാത്തു കൊതിച്ചിരിക്കുമ്പോൾ എനിക്കതൊരു പേടിസപ്നം ആയിരുന്നു.” (പേജ് 279)


മക്കളെക്കാൾ മമത മരുമക്കളോടു പുലർത്തുവാൻ നിർബന്ധിതരായ  ആണുങ്ങൾ മരുമക്കത്തായത്തിന്റെ പിടിയിലായിരുന്നു. അവരുടെ ഭാര്യമാരും  കുഞ്ഞുങ്ങളും ആ സമ്പ്രദായത്തിന്റെ ഇരകളും. അതോടൊപ്പം ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ധീരയായി ജീവിച്ച ഒരമ്മയെയും ഇതിൽ കാണാൻ കഴിയുന്നു. ടീച്ചറുടെ അമ്മ. “എനിക്ക് അഞ്ചുപെൺമക്കളാണ്. അവരെ ഞാൻ എങ്ങനെയെങ്കിലും വളർത്തും. നിങ്ങളാരും തോല്പിച്ചാൽ ഞാൻ തോൽക്കില്ല. ദൈവം തോല്പിച്ചാലേ തോൽക്കൂ.’ (ലീലാവതിയെയും ആ അമ്മ ആണാക്കി).’’ ഇതായിരുന്നു ടീച്ചറുടെ ശക്തയായ അമ്മയുടെ ഉറച്ചനിലപാട്. അവരതിൽ വിജയിച്ചു. മകളിലൂടെ അമ്മയുടെ വേറിട്ട ഒരു ചിത്രം വായനക്കാരിലെത്തുകയാണ്.


“പരിണാമപ്രക്രിയയിൽ ജീവികളിലെ കനിഷ്ഠനായ ഹോമോസാപ്പിയൻസ് എന്ന് പൊതുപ്പേരുള്ള മനുഷ്യന് മാത്രമാണോ സർഗശക്തി നിയതി കനിഞ്ഞരുളിയിട്ടുള്ളത് ?” ഇങ്ങനെയൊരു ചോദ്യത്തോടെയാണ് ‘ധ്വനിപ്രയാണം’ തുടങ്ങുന്നത്. (പേജ് 9) എട്ടുകാലി വലനെയ്യുന്നതുപോലുള്ള ഇതരജീവി പ്രവർത്തനങ്ങൾ നിരത്തി മറ്റു ജീവജാലങ്ങളും ചില സർഗപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് ടീച്ചർ തുടർന്ന് വിശദീകരിക്കുന്നത്. എന്നാൽ, ഇവയെല്ലാം സഹജപ്രേരണ മാത്രമാണ് എന്നും തുടർന്ന്  ടീച്ചർ വിലയിരുത്തുന്നുണ്ട്. അതേസമയം മനുഷ്യന്റെ സർഗക്രിയകളിലാകട്ടെ ബൗദ്ധികപ്രവർത്തനം കൂടിയുണ്ട്. അതുവഴി അവന് പുതുമകൾ ആവിഷ്കരിക്കാൻ കഴിയുന്നു. ബൗദ്ധികതലത്തിൽ ലീലാവതി ടീച്ചർ നടത്തിയ അസാധാരണമായ ഇടപെടലുകൾ ഈ പുസ്തകത്തിൽനിന്നു മനസ്സിലാക്കാൻ കഴിയും. അവർ വിവിധകാര്യങ്ങളിൽ നിലപാടുകൾ   കെക്കൊള്ളുന്നതിന്റെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് ഈ ആത്മകഥയിലെ മറ്റൊരു ഭാഗം. എന്തിനെക്കുറിച്ചെഴുതുമ്പോഴും സമൂഹത്തെക്കുറിച്ചുള്ള കരുതൽ ടീച്ചറിലുണ്ട്. രാഷ്ട്രീയപ്രസക്തമായ ആശയങ്ങൾ സന്ദർഭോചിതമായി സമന്വയിപ്പിക്കാൻ ടീച്ചർ കാണിക്കുന്ന വ്യഗ്രത പ്രത്യേകം നോക്കിക്കാണേണ്ടതാണ്. ടീച്ചറെഴുതിയ കവിതാപഠനങ്ങൾക്കിടയിലും ഇവ കാണാം. ഈ ആത്മകഥയിൽ മുന്നോട്ടുവയ്ക്കുന്ന ഒരാശയം ഇതാണ്:


“അന്നും ഇന്നും ഞാൻ പുലർത്തിപ്പോരുന്ന ഒരു ദിവാസ്വപ്നസദൃശമായ ആശയമുണ്ട്. സ്വാമി വിവേകാനന്ദനെയും മാർക്സിനെയും അഥവാ ഗാന്ധിജിയെയും മാർക്സിനെയും സമന്വയിപ്പിക്കുന്ന രീതിയിൽ ഭാരതീയരുടെ ആസ്തിക്യബോധത്തെ  മാർക്സിസത്തോട് ഇണക്കിച്ചേർക്കുന്ന ഒരു ഇന്ത്യൻ കമ്യൂണിസം രൂപപ്പെടുത്താൻ ഇവിടെ നേതാക്കളുണ്ടായിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ദയനീയമായ അപചയം പില്ക്കാലത്തു സംഭവിക്കുകയില്ലായിരുന്നു എന്ന്. ഈ ആശയം ആദ്യം രേഖപ്പെടുത്തിയത് നാല്പതുകൊല്ലം മുൻപെഴുതിയ ഒരു ലേഖനത്തിലാണ്.” (പേജ് 112)


സമാനമായ ഒരു ആശയം 2019-ൽ ടീച്ചറെഴുതിയത് ഞാൻ കണ്ടിട്ടുണ്ട്. അധ്യാത്മരാമായണത്തിന്റെ ഒരു പതിപ്പിനെഴുതിയ പ്രവേശികയിൽ എം.ലീലാവതി ഇങ്ങനെ കുറിച്ചു: “ഭക്തിപ്രസ്ഥാനം, വർണശ്രേണിയിലെ ഉന്നതരോട് ‘ഈശ്വരനിൽ നിങ്ങൾക്കെന്നപോലെ ഞങ്ങൾക്കും അവകാശമുണ്ട്’ എന്നു ഗർജിക്കാൻ ഉയിർത്തെഴുന്നേറ്റ താഴ്ന്നവരുടെ ഒരു കലാപംകൂടിയായിരുന്നു. അതും ഒരു സമത്വസംസ്ഥാപന ലക്ഷ്യത്തോടെയുള്ള വിപ്ലവമായിരുന്നെന്ന് ആർഥിക സമത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ആദ്യകാലത്തു തിരിച്ചറിഞ്ഞില്ല. മതം മയക്കുമരുന്നെന്ന വിശ്വസത്താൽ ‘വിശ്വാസി’കളെ നിരാകരിച്ചില്ലായിരുന്നുവെങ്കിൽ, ബഹുഭൂരിപക്ഷം ദരിദ്രരായ എല്ലാ ഭാരതിയസംസ്ഥാനങ്ങളിലും വിപ്ലവതത്ത്വശാസ്ത്രത്തിന് രൂഢവും വ്യാപകവുമായ വേരോട്ടമുണ്ടാകുമായിരുന്നു.” പ്രതിഭയുടെ പ്രകാശധാരയാണ് അവർ അക്ഷരങ്ങളിലൂടെ വിന്യസിച്ചു കൊണ്ടിരിക്കുന്നത്. ആ മഹാസഞ്ചരത്തെ അടുത്തറിയാൻ ഈ ഗ്രന്ഥം വഴിയൊരുക്കുന്നു. മാനവരാശിയിലുള്ള വിശ്വാസവും കരുതലും ആ ജീവിതത്തെ മുന്നോട്ടുനയിച്ച  പ്രാണശ്വാസംതന്നെയായിരുന്നു. അതിന്റെ സാക്ഷ്യപത്രംകൂടിയാണ് ഈ ആത്മകഥ. (ധ്വനിപ്രയാണം – എം. ലീലാവതി. മാതൃഭൂമി ബുക്സ്. കോഴിക്കോട്)


കാഫ്കയുടെ മരണാനന്തര ജീവിതം


എഴുതുക എന്നത് ഒരുതരം പ്രാർഥനയാണ് എന്നാണ് ഫ്രാൻസ് കാഫ്ക പറഞ്ഞിട്ടുള്ളത്. കാഫ്ക നടത്തിയ പ്രാർഥനകൾ ലോകസാഹിത്യത്തെ ഒരു നൂറ്റാണ്ടായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.  കാഫ്കയുടെ നൂറാം ചരമവാർഷികവുമായി ബന്ധപ്പെട്ട് ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും ഇപ്പോൾ വരുന്നുണ്ട്. കാഫ്കയെ മനസ്സിലാക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുള്ളത് അദ്ദേഹം സ്വന്തം പിതാവിനെഴുതിയ പ്രസിദ്ധമായ കത്താണ്. 1919-ൽ കാഫ്ക അച്ഛനെഴുതിയ ദീർഘമായ കത്ത് അദ്ദേഹത്തിനു  കൊടുക്കാനായി അമ്മയെ ഏല്പിച്ചു. 45 പേജിലായി ടൈപ്പ് ചെയ്ത് തയാറാക്കിയ  ആ കത്ത് അമ്മ അച്ഛനു കൈമാറിയില്ല. 1966-ൽ അത് ഇംഗ്ലിഷ് പരിഭാഷയിലൂടെ ലോകം വായിച്ചു. പിന്നീടതിന് പല പരിഭാഷകളുണ്ടായി. 1984-ലാണ് ഇതിന്റെ ആദ്യ മലയാള പരിഭാഷ പുറത്തുവരുന്നത്. അതിലെ ചില ഭാഗങ്ങൾ:


“ആദ്യവർഷങ്ങളിലെ ഒരു സംഭവം മാത്രമെ ഞാൻ ഓർക്കുന്നുള്ളു. അച്ഛനും അത് ഓർക്കുന്നുണ്ടായിരിക്കാം. രാത്രിയിൽ വെള്ളം ചോദിച്ച് ഞാൻ മോങ്ങിക്കൊണ്ടിരുന്നു. ദാഹിച്ചിട്ടൊന്നുമല്ലായിരിക്കണം. വെറുതെ ശല്യപ്പെടുത്താനും സമയം ചിലവഴിക്കാനും. ശക്തമായ ഭീഷണി ഫലിക്കാഞ്ഞപ്പോൾ, അച്ഛൻ എന്നെ കട്ടിലിൽ നിന്നെടുത്തു പുറത്തു ബാൽക്കണിയിൽ നിറുത്തി കതകു വലിച്ചടച്ചു. അടിവസ്ത്രം  മാത്രം ധരിച്ച് ഞാൻ ഒറ്റയ്ക്കവിടെനിന്നു. അച്ഛൻ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. കാരണം, അവശ്യം ആവശ്യമായ ഉറക്കം ലഭിക്കാൻ മറ്റു മാർഗങ്ങളില്ലായിരുന്നിരിക്കാം. അങ്ങയുടെ ശിക്ഷണരീതിയും അതിന്റെ ഫലവും വെളിപ്പെടുത്തണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളു. അതിനുശേഷം ഞാൻ അനുസരണ കാണിച്ചു, പക്ഷേ, എന്റെ ഉള്ളു വല്ലാതെ വേദനിച്ചു. അർഥമില്ലാത്തതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അർഥവത്തായ ഈ വെള്ളം ചോദിക്കലും ഇരുട്ടിലേയ്ക്കുള്ള ഭയാനകമായ ആവഹിക്കലും പൊരുത്തപ്പെടുത്താൻ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷവും എന്നെ വിറപ്പിച്ച ഓർമയായിരുന്നു അത്. രാക്ഷസാകാരനായ ഒരു മനുഷ്യൻ, എന്റെ അച്ഛൻ, എന്റെ പരമാധികാരി, പറയത്തക്ക കാരണമൊന്നുമില്ലാതെ എന്നെ കിടക്കയിൽനിന്നെടുത്ത് ഇരുട്ടത്ത് ബാൽക്കണിയിൽ തള്ളുമെന്നും ഞാൻ അദ്ദേഹത്തിന് തരിമ്പും വിലയില്ലാത്ത എന്തോ ഒന്നാണെന്നും ഉള്ള ചിന്ത.”


ആ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്:  “ഏറ്റവും പ്രിയപ്പെട്ട അച്ഛാ, ഏനിക്ക് അങ്ങയെ ഭയമാണെന്ന് എന്തുകൊണ്ട് ഞാൻ പറയുന്നു എന്ന് ഈയിടെ ഒരു ദിവസം അച്ഛൻ എന്നോടു ചോദിക്കുകയുണ്ടായി. പതിവുപോലെ അപ്പോഴും എനിക്ക് ഉത്തരമൊന്നുമില്ലായിരുന്നു. ഭയം മൂലവും ഈ ഭയത്തിന് അടിസ്ഥാനങ്ങളായ വസ്തുതകൾ വളരെ അധികമായതിനാൽ ഒരു സംഭാഷണത്തിൽ അവയെ ഒരുക്കാൻ വയ്യാത്തതുകൊണ്ടുമാണ് ഞാൻ ഉത്തരം നല്കാഞ്ഞത്. ഈ എഴുത്തുമുഖേന ഞാൻ ഇപ്പോൾ ഉത്തരം നല്കാൻ ശ്രമിച്ചാൽത്തന്നെയും, ആ ഉത്തരവും തീർത്തും അപൂർണമായിരിക്കും. കാരണം, എഴുതുമ്പോഴും ഈ ഭയവും അതിന്റെ അനന്തരഫലങ്ങളും എന്നെ തടസ്സപ്പെടുത്തുന്നു. കൂടതെ എന്റെ ബുദ്ധിക്കും ഓർമയ്ക്കും അപ്പുറം വ്യാപിച്ചുകിടക്കുന്ന വിപുലമായ ഒരു വിഷയമാണ് ഇത്.” (ഡോ.സെലിൻ മാത്യു രചിച്ച  – “ഫ്രാൻസ് കാഫ്ക – ജീവിതവും കൃതികളും ഏതാനും തർജമകളോടെ” – എന്ന പുസ്തകത്തിൽനിന്ന്.  1984-ൽ നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ചത്)


ആധുനികസാഹിത്യത്തിൽ കാഫ്കയുടെ സ്വാധീനശക്തി പല തലത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.  കാഫ്കയെപ്പറ്റിയുള്ള നിരവധി പുസ്തകങ്ങൾ ഇപ്പോൾ  പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.  കരോലിന വാത്രോബ രചിച്ച ‘Metamorphoses- In Search of Franz Kafka’ എന്ന പുതിയ പുസ്തകം വേറിട്ട ഒരു വായനാനുഭവം പകർന്നു തരുന്നു. ഇത് പതിവുരീതിയിലുള്ള ഒരു ജീവചരിത്രമല്ല; അതിലുപരിയായി കാഫ്കയെ ആധുനികവായനാസമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നു വിശദീകരിക്കുന്ന മികച്ചൊരു അന്വേഷണഗ്രന്ഥമാണ്. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യത്തിൽ  കാഫ്കയുടെ സ്വാധീനം എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ട് എന്നാണ്  ഗ്രന്ഥകാരി പ്രധാനമായും അന്വേഷിക്കുന്നത്.  നമ്മുടെ കാലഘട്ടത്തിന്റെ എഴുത്തുകാരൻ എന്ന നിലയിൽ കാഫ്കയെ അടയാളപ്പെടുത്താനാണ് ഈ ബ്രട്ടീഷ് എഴുത്തുകാരി ഈ പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. കാഫ്കയുടെ 40 വർഷത്തെ ജീവിതത്തെയും 100 വർഷത്തെ മരണാനന്തരജീവിതത്തെയും മനസ്സിലാക്കിത്തരുന്ന വ്യത്യസ്തമായ പുസ്തകമാണിത്. (Metamorphoses- In Search of Franz Kafka – Karolina Watroba – Profile Books – London – 2024)


കാഫ്കയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടുള്ള ഒരു നോവൽ ഞാനിപ്പോൾ വായിച്ചുകൊണ്ടിരിക്കുകയാണ്. ഹംഗേറിയൻ നോവലിസ്റ്റ് സിലാർദ് ബൊർബേലി എഴുതിയ ‘Kafka’s Son’. 2014-ൽ അന്തരിച്ച ബൊർബേലിയുടെ ഈ മാസ്റ്റർപീസ് അദ്ദേഹത്തിന്റെ മരണാനന്തരമാണ് പുറത്തുവന്നത്. കാഫ്കയും പിതാവ് ഹെർമാന്നും  ഇതിലെ കഥാപാത്രങ്ങളാണ്. അവരുടെ സംഘർഷഭരിതമായ ബന്ധമാണ് നോവലിന്റെ പ്രമേയം. ‘The son is the life of the father. The father is the death of the son’ എന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യർക്കിടയിലെ ബന്ധം എതു തരത്തിലുള്ളതായാലും അവർക്ക് പരസ്പരം മനസ്സിലാക്കുന്നതിൽ വലിയ പരിമിതികൾ ഉണ്ടെന്നാണ് ഈ നോവൽ ആത്യന്തികമായി പറഞ്ഞു വയ്ക്കുന്നത്. (Kafka’s Son – Szilard Borbely- Seagull Books)  


ഓസ്ട്രിയൻ എഴുത്തുകാരൻ കുർട്ട് ലെവിയന്റും ‘Kafka’s Son’ എന്ന പേരിൽ ഒരു നോവലെഴുതിയിട്ടുണ്ട്. ഇതെനിക്ക് കിട്ടിയിട്ടില്ല. നിക്കോളാസ് മഹ്‌ലർ രചിച്ച ‘Completely Kafka- A Comic Biography ‘ എന്നതും രസകരമായി തോന്നി. ഇതൊരു ഗ്രാഫിക് ജീവചരിത്രമാണ്. കാഫ്കയിലെ ചിത്രകാരനെക്കൂടി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു രചനയാണിത്. അദ്ദേഹത്തിന് പ്രിയപ്പെട്ട മിനിമലിസ്റ്റ് ശൈലിയാണ് മഹ്‌ലർ ഇത് തയാറാക്കിയിരിക്കുന്നത്.  കാഫ്കയുടെ രചനകളെയും ജീവിതത്തെയും വരകളിലൂടെ ഈ കോമിക് ആർട്ടിസ്റ്റ് അവതരിപ്പിക്കുന്നു. (Completely Kafka- A Comic Biography – Nicolas Mahler- Pushkin Press)


അബു എബ്രഹാമിനെ ഓർക്കുമ്പോൾ


“ഒരു നായർവക്കീൽ, ഈഴവവക്കീലിന്റെ കുതിരയെ വാങ്ങി കുഴപ്പത്തിലായ കഥ കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കുതിരയ്ക്ക് ആരോഗ്യത്തിനോ, കാഴ്ചശക്തിക്കോ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, അത് എപ്പോഴും റോഡിന്റെ ഓരം ചേർന്നേ നടക്കുകയുള്ളൂ. എത്ര ശ്രമിച്ചിട്ടും ഈ സ്വഭാവത്തിന് മാറ്റമുണ്ടാകുന്നില്ല. ഇതുകാരണം റോഡിന്റെ വശങ്ങളിൽ വളരുന്ന കാട്ടുചെടികളുടെ മുള്ളും വേലിക്കമ്പും മറ്റും തറച്ചുകയറി കുതിരയുടെ കാലുകൾക്കു പരിക്കുപറ്റുക പതിവായിരുന്നു. കുതിരയ്ക്ക് സാരമായ എന്തോ കുഴപ്പമുണ്ടെന്നു കരുതി നായർ വക്കീൽ അതിനെ മറ്റൊരാൾക്കു വിറ്റു കളഞ്ഞു.


കേരളത്തിൽ തീണ്ടലും തൊടീലും സാർവത്രികമായിരുന്ന കാലത്തുണ്ടായ ഒരു സംഭവമാണിത്. താഴ്ന്നജാതിയിൽപ്പെട്ട ഈഴവനായ വക്കീൽ എന്നും റോഡിന്റെ അരികുചേർന്നാണ് കുതിരസവാരി ചെയ്തിരുന്നത്. അന്നത്തെ നാട്ടുനടപ്പനുസരിച്ച് അതിനുള്ള സ്വാതന്ത്ര്യമേ അയാൾക്കുണ്ടാ


യിരുന്നുള്ളു. സവർണനായ നായർവക്കീലിനു ഉത്തരം നിയന്ത്രണങ്ങൾ ബാധകമായിരുന്നില്ലെങ്കിലും യജമാനന്റെ ജാതി മാറിയതറിയാതെ കുതിര തന്റെ പഴയശീലം തുടരുകയായിരുന്നു.”


കേരളത്തിലെ അധഃസ്ഥിതവിഭാഗത്തിന്റെ ഒരു കാലത്തെ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കഥ ഞാൻ വായിച്ചത് അബു എബ്രഹാം എഴുതിയ “ദക്ഷിണേന്ത്യ ശാന്തമായതെങ്ങനെ?” എന്നൊരു ലേഖനത്തിലാണ്. അബു എബ്രഹാമെന്ന കാർട്ടൂണിസ്റ്റിന്റെ സൂക്ഷ്മവീക്ഷണ പാടവം ഈ ലേഖനത്തിലും കാണാം. ലോകമറിഞ്ഞ കാർട്ടൂണിസ്റ്റായിരുന്നു തിരുവല്ലക്കാരനായ അബു എബ്രഹാം. ലണ്ടനിലെ ഒബ്സർവർ, ഡെയ്‌ലി ഗാർഡിയൻ, ട്രൈബുൺ എന്നീ പത്രങ്ങളിലെല്ലാം അദ്ദേഹം കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് 1969-ൽ ഇന്ത്യയിലേക്കു മടങ്ങിയത്. തുടർന്ന് ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ പ്രവർത്തിച്ചു. 1980-കളിൽ അദ്ദേഹം ജന്മനാടായ കേരളത്തിലേക്കു മടങ്ങി. അക്കാലത്ത് അദ്ദേഹത്തെ പരിചയപ്പെടാൻ ഈ ലേഖകന് ഭാഗ്യമുണ്ടായിട്ടുണ്ട്. 1924 ജൂൺ മാസം 11-ന് ജനിച്ച അബു എബ്രഹാമിന്റെ നൂറാം ജന്മവാർഷികം അധികമാരും അറിയാതെ ഈ മാസം കടന്നുപോയി. (മുകളിൽ സൂചിപ്പിച്ച ലേഖനം  ഡെക്കാൻ കോണിക്കിൾ പത്രത്തിലാണ് അബു എബ്രഹാം  1993-ൽ എഴുതിയത്. ഇതിന്റെ മലയാള പരിഭാഷ പ്രേംജിത്ത് കായംകുളം രചിച്ച “മായാത്ത വരകൾ” എന്ന അബു എബ്രഹാമിനെ കുറിച്ചുള്ള ഓർമപ്പുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ഡോൺ ബുക്സ് പ്രസിദ്ധീകരണം.)