ഒളിംപിക് ആശയം മറക്കുന്നു; രാഷ്ട്രീയം പിടിമുറുക്കുന്നു – സനിൽ പി. തോമസ്

ഒളിംപിക് ആശയം മറക്കുന്നു; രാഷ്ട്രീയം പിടിമുറുക്കുന്നു – സനിൽ പി. തോമസ്

”പാരിസ് ഒളിംപിക്‌സ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കും.” പറഞ്ഞത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്നെ. യുക്രെയ്‌നിൽ ആക്രമണം നടത്തിയിന്റെ പേരിൽ റഷ്യയെയും ബെലറൂസിനെയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പുറത്താക്കിയിരിക്കുകയാണ്. എന്നാൽ ഇരു രാജ്യങ്ങളിലെയും അത്‌ലിറ്റുകൾക്ക് സ്വതന്ത്രരായി മത്സരിക്കാം. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ അവർ ഒളിംപിക് പതാകയ്ക്കു കീഴിൽ ആയിരിക്കും. ചിലപ്പോൾ മാറ്റിനിറുത്തിയാലും അദ്ഭുതപ്പെടേണ്ട. ഈ താരങ്ങൾ മെഡൽ നേടിയാലും അത് രാജ്യത്തിന്റെ പേരിൽ കുറിക്കപ്പെടില്ല. വിവിധ രാജ്യങ്ങളിലെ അഭയാർഥി കായികതാരങ്ങൽ ‘റിഫ്യൂജി ടീം’ ആയി മത്സരിക്കുന്നതിനു തുല്യമായിരിക്കും റഷ്യൻ, ബലറൂസ് താരങ്ങളുടെയും സാന്നിധ്യം.


”രാഷ്ട്രീയവും മതപരവും സങ്കുചിതവുമായ വികാരവിചാരങ്ങൾക്ക് അതീതമായി വിശാലവീക്ഷണമുള്ള വിശ്വപൗരന്മാരെ വാർത്തെടുക്കുക” എന്നത് ലക്ഷ്യമായി, ഒളിംപിക് സ്ഥാപകൻ ബാരേ പിയേർ ഡി കൊബർട്ടേൻ പ്രഖ്യാപിച്ചതിൽനിന്ന് ഏറെ വ്യതിചലിക്കപ്പെട്ടുകഴിഞ്ഞു ആധുനിക ഒളിംപിക്‌സ്. ”വേൾഡ് ഫ്രണ്ട്ഷിപ് ഗെയിംസ്” എന്ന പേരിൽ റഷ്യ ആസൂത്രണം ചെയ്യുന്ന കായികമേള ഒഴിവാക്കണമെന്ന് സർക്കാരുകളോടും കായിക സംഘടനകളോടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച്ച് 19-ന് ചേർന്ന ഐ.ഒ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റഷ്യൻ നീക്കത്തിൽ ആശങ്ക അറിയിച്ചത്. റഷ്യൻ തീരുമാനത്തെ കമ്മിറ്റി സംശയത്തോടെയാണു കാണുന്നത്. കഴിഞ്ഞവർഷമാണ് റഷ്യൻ പ്രസിഡന്റ് പുടിൻ, ”ഫ്രണ്ട്ഷിപ് ഗെയിംസ്” നടത്താൻ ഒരുങ്ങാൻ രാജ്യത്തോട് ആവശ്യപ്പെട്ടത്. ഗ്രീഷ്മകാല, ശീതകാല വിനോദങ്ങൾ ഒരേസമയം നടത്താനാണ് നിർദേശം. ഈ വർഷം സെപ്റ്റംബർ 15 മുതൽ 29 വരെ മോസ്‌കോയിലും യെ കാർതെറിങ്ബർഗിലുമായി മത്സരങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. യെ കാർതെറിങ്ബർഗ് റഷ്യയിലെ നാലാമത്തെ വലിയ നഗരമാണ്. 4.6 ബില്യൻ റൂബിൾ (50 മില്യൻ ഡോളർ) ആണ് പ്രൈസ് മണി നിശ്ചയിച്ചിരിക്കുന്നത്. 40 ഇനങ്ങളിൽ മത്സരം നടത്താനാണു നീക്കം.


റഷ്യയ്ക്കും ബലറൂസിനും എതിരായ ഐ.ഒ.സി. വിലക്ക് മുന്നിൽക്കണ്ട് പുടിൻ ഒരു മുഴം മുമ്പേ എറിഞ്ഞതാണ്. പാരിസ് ഒളിംപിക്‌സ് ഈ വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണു നടക്കുക. ഗെയിംസ് തീർന്ന് ഒരുമാസം കഴിയുമ്പോൾ മറ്റൊരു മഹാകായികമേളയാണ് പുടിന്റെ ലക്ഷ്യം. ഒളിംപിക്‌സിൽ പ്രൈസ് മണിയില്ല. റഷ്യ വലിയ സമ്മാനത്തുകയാണ് വാഗ്ദാനംചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പേരിലല്ലാതെ ഇവിടെ താരങ്ങൾക്കു പങ്കെടുക്കാം.


നേരത്തെ, 1984-ൽ ലൊസാഞ്ചലസ് ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിനു പിന്നാലെയും, അന്നത്തെ സോവിയറ്റ് യൂണിയൻ ഫ്രണ്ട്ഷിപ് ഗെയിംസ് സംഘടിപ്പിച്ചിരുന്നു. 49 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അന്നു മത്സരിച്ചു. അന്നു പക്ഷേ, സോവിയറ്റ് യൂണിയനിൽ മാത്രമല്ലായിരുന്നു വേദി. കിഴക്കൻ ജർമനി, ഉത്തര കൊറിയ, ക്യൂബ, പോളണ്ട് തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഫ്രണ്ട്ഷിപ് ഗെയിംസ് വേദികൾ ഒരുങ്ങി.


അഫ്ഗാനിസ്ഥാനിൽനിന്ന് സോവിയറ്റ് സേന പിൻവാങ്ങാഞ്ഞതിൽ പ്രതിഷേധിച്ച് യു.എസും സഖ്യരാജ്യങ്ങളും 1980-ലെ മോസ്‌കോ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിനുള്ള പ്രതികാരമായിരുന്നു 84-ലെ സോവിയറ്റ് ബഹിഷ്‌കരണം. ഐ.ഒ.സിയിൽ 142 രാജ്യങ്ങൾ അംഗമായിരിക്കെ മോസ്‌ക്കോയിൽ മത്സരിച്ചത് 81 രാജ്യങ്ങൽ മാത്രം. പക്ഷേ, സോവിയറ്റ് യൂണിയൻ ബഹിഷ്‌കരണ ആഹ്വാനം മുഴക്കിയിട്ടും 1984-ൽ 140 രാജ്യങ്ങൾ പങ്കെടുത്തു.


റഷ്യൻ താരങ്ങൾ രാജ്യാന്തര ഉത്തേജക വിരുദ്ധ സംഘടന (വാഡ)യുടെ കർശന നിരീക്ഷണത്തിലുമാണ്. രാജ്യം തന്നെ നേരിട്ട് ഉത്തേജക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് 2019-ൽ ‘വാഡ’ റഷ്യൻ അത്‌ലിറ്റുകൾക്ക് നാലുവർഷത്തെ സസ്‌പെൻഷൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2020-ൽ റഷ്യയുടെ അപ്പീൽ പരിഗണിച്ച് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സ് ഇതു രണ്ടു വർഷമായി കുറച്ചു. മാത്രമല്ല, വേൾഡ് അത്‌ലറ്റിക്‌സ് റഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ സസ്‌പെൻഷൻ കഴിഞ്ഞ വർഷം മാർച്ച് 23-ന് പിൻവലിക്കുകയും ഉണ്ടായി.


പക്ഷേ, റഷ്യൻ ആന്റി ഡോപ്പിങ് ഏജൻസി ഇപ്പോഴും സസ്‌പെൻഷനിലാണ്. റഷ്യൻ താരങ്ങളുടെ ഉത്തേജക പരിശോധന രാജ്യത്തിനു വെളിയിലാണു നടക്കുന്നത്. ഉത്തേജകം ഉപയോഗിച്ചതിന്റെ പേരിൽ ഒളിംപിക് മെഡൽ മടക്കിവാങ്ങപ്പെട്ടവരിൽ കൂടുതലും റഷ്യക്കാരാണ്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടവരിലും കൂടുതൽ റഷ്യൻ താരങ്ങൾ തന്നെ. ഒളിംപിക്‌സ് യോഗ്യത നേടിയ റഷ്യൻ താരങ്ങൾ ബയോളജിക്കൽ പാസ്‌പോർട്ട് ഹാജരാക്കേണ്ടിവന്നേക്കും.


നാലു വശത്തുനിന്നും സമ്മർദം നേരിടുന്നതിനാൽ പുടിൻ ഒളിംപിക്‌സിന് ബദൽ നീക്കവുമായി ഇറങ്ങിയാൽ അദ്ഭുതപ്പെടേണ്ടതില്ല. ഗ്രീഷ്മകാല, ശീതകാല വിനോദങ്ങൾ ഒരേസമയം നടത്താനുള്ള റഷ്യൻ നീക്കവും കരുതിക്കൂട്ടിയുള്ളതാണെന്നു സംശയിക്കണം. ഐ.ഒ.സി.യുടെ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്.


ഒളിംപിക് വേദിയെ  അധികാര രാഷ്ട്രീയം കൈപ്പന്താടിയ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സംഭവം പ്രാചീന ഒളിംപിക്‌സ് കാലത്തേതാണ്. ക്രിസ്താബ്ദം 67-ാ മാണ്ടിൽ നീറോ ചക്രവർത്തി റോമാ ഭരിച്ചിരിന്നപ്പോൾ. നീറോയ്ക്കു പങ്കെടുക്കാനായി പാട്ടും അഭിനയവും അന്ന് മത്സര ഇനങ്ങളാക്കി. രണ്ടിലും ജയിച്ചത് നീറോ. പിന്നെ, രഥയോട്ടത്തിൽ എതിരാളികളെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിച്ച് നീറോ കിരീടം ചൂടി. എതിരാളികളുടെ പ്രതിഷേധം റോമൻ സൈനികരുടെ പെരുമ്പറ ശബ്ദത്തിൽ മുങ്ങി.


”ഒളിംപിക്‌സിൽ ഏറ്റവും പ്രധാനം വിജയമല്ല; പങ്കാളിത്തമാണ്” എന്ന ആശയമാണ് ആധുനിക ഒളിംപിക്‌സിൽ രൂപപ്പെട്ടത്. പക്ഷേ, 1936-ൽ ബെർലിൻ ഒളിംപിക്‌സിൽ അഡോൾഫ് ഹിറ്റ്‌ലർ ആര്യമേധാവിത്വത്തിനായി ഒളിംപിക് വേദി ഉപയോഗിച്ചു. ‘കറുത്തവരെയും യഹൂദരെയും തരംതാഴ്ത്തില്ല” എന്ന ഉറപ്പുവാങ്ങിയാണ് അമേരിക്ക 290 അംഗ സംഘത്തെ ബെർലിൻ ഒളിംപിക്‌സിനയച്ചത്. എന്നിട്ടും ഒരു ജർമൻപത്രം അമേരിക്കൻസംഘത്തിലെ 10 കറുത്ത താരങ്ങളെ ‘കറുത്ത സഹായസേന’ എന്നു വിശേഷിപ്പിച്ചു. നാലു സ്വർണംനേടിയ ജെസി ഓവൻസിനെ അനുമോദിക്കാൻ വിസമ്മതിച്ച ഹിറ്റ്‌ലർ വേദിവിട്ടുപോകുകയും ചെയ്തു.


1956-ൽ മെൽബനിലും പലകാരണങ്ങളാൽ പല രാജ്യങ്ങളും പിൻവാങ്ങി. 1968-ലെ മെക്‌സിക്കോ ഒളിംപിക്‌സിൽ ദക്ഷിണാഫ്രിക്കയെ പങ്കെടിപ്പിക്കാൻ ഒരുങ്ങിയെങ്കിലും മൂന്നാംലോകരാഷ്ട്രങ്ങളുടെ ഭീഷണിമൂലം ശ്രമം ഉപേക്ഷിച്ചു. ഒളിംപിക്‌സ് വിരുദ്ധ പ്രകടനം നടത്തിയവർക്കെതിരെ പട്ടാളം നിറയൊഴിച്ചു. 260 പേർ കൊല്ലപ്പെട്ടു. ആയിരിത്തിലധികം പേർക്കു പരുക്കേറ്റു. നാലു വർഷത്തിനുശേഷം മ്യൂണിക്കിൽ ബ്ലാക്ക് സെപ്റ്റംബർ ഗറിലാ ഗ്രൂപ്പ് ഒൻപത് ഇസ്രയേലി അത്‌ലിറ്റുകളെയും രണ്ടു പരിശീലകരെയും തടവുകാരാക്കി. മ്യൂണിക്ക് വിമാനത്താവളത്തിലേക്കു മാറ്റപ്പെട്ട തടവുകാരും ഗറില്ലകളും കൊല്ലപ്പെട്ടു. 34 മണിക്കൂർ നീണ്ട സമാധാന ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.


മോൺട്രിയോളിൽ, 1976-ൽ റിപ്പബ്‌ളിക് ഓഫ് ചൈന എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കാഞ്ഞപ്പോൾ തായ്‌വാൻ താരങ്ങൾ മടങ്ങി. 27 ആഫ്രിക്കൻ രാജ്യങ്ങൾ ഉദ്ഘാടനത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെ പിൻവാങ്ങി. ദക്ഷിണാഫ്രിക്കയിലേക്ക് റഗ്ബി ടീമിനെ അയച്ച ന്യൂസിലൻഡിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. ഒടുവിൽ 1992-ൽ ബാർസിലോനയിലാണ് ബഹിഷ്‌കരണങ്ങളൊന്നുമില്ലാതെ ഗെയിംസ് നടന്നത്. ദക്ഷിണാഫ്രിക്ക മടങ്ങിയെത്തുകയും ചെയ്തു. സംയുക്ത ജർമൻ ടീമും, സോവിയറ്റ് ചേരിയിലെ രാഷ്ട്രങ്ങൾ സി.ഐ.എസ്. എന്ന പേരിലും മത്സരിച്ചു.


ശീതയുദ്ധങ്ങൾ അവസാനിച്ചതോടെ ഒളിംപിക് വേദിയിൽ സമാധാനവും സൗഹൃദവും കളിയാടി. രണ്ടായിരത്തിലെ സിഡ്‌നി ഒളിംപിക്‌സിൽ ഉത്തര-ദക്ഷിണ കൊറിയൻ ടീമുകൾ ഒരുമിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. അവർക്ക് അഭിവാദ്യം അർപ്പിക്കാൻ ഐ.ഒ.സി. പ്രസിഡന്റ് യുവാൻ അന്റോണിയോ സമറാഞ്ച് എഴുന്നേറ്റുനിന്നു. 2018-ലെ ശീതകാല ഒളിംപിക്‌സിൽ വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത കൊറിയൻ ടീം മത്സരിച്ചു.


ഒളിംപിക്‌സ് വേദി അനുവദിച്ചതിൽ വിവാദങ്ങളും കോഴ ആരോപണങ്ങളും ഉയർന്നുപൊന്തിയെങ്കിലും പൊതുവേ മത്സരവേദിയിൽ സ്‌പോർട്‌സ്മാൻസ്പിരിറ്റ് നിറഞ്ഞുനിന്നു. ഒടുവിൽ കോവിഡ് മഹാമാരിയെ അതിജീവിച്ച് ടോക്കിയോയിൽ ഗെയിംസ് അരങ്ങേറിയപ്പോൾ, മഹാമാരി ഭയന്ന് ഉത്തര കൊറിയ വിട്ടുനിന്നത് സസ്‌പെൻഷനിൽ കലാശിച്ചു. പിന്നീട് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് റഷ്യയുടെ യുക്രെയ്ൻ ആക്രമണം തന്നെ. ”ഒളിംപിക് ട്രൂസ്” ചട്ടലംഘനമായി അത് വ്യാഖ്യാനിക്കപ്പെട്ടു. റഷ്യയുടെ അസാന്നിധ്യം പാരിസിൽ മത്സരവീര്യം കുറയ്ക്കും അതിലുപരി ലോകം ഒളിംപിക് വേദിയിലേക്ക് ചുരുങ്ങുന്ന ദിവസങ്ങളിൽ റഷ്യയുടെ അസാന്നിധ്യം പ്രകടമാകും.