സൂചനകണ്ട് ഭരിച്ചില്ലെങ്കിൽ – എം.വി.ബെന്നി
“Indians are perhaps the World’s most undemocratic people, living in the World’s largest and most plural Democracy”: Sudhir Kakar, Katharina Kakar
പ്രപഞ്ചം നിർമിച്ചിരിക്കുന്നത് ആറ്റംകൊണ്ടാണെന്ന് ശാസ്ത്രപ്രതിഭകളും കഥകള്‍കൊണ്ടാണെന്ന് സർഗധനരായ എഴുത്തുകാരും വാദിക്കും. ഏത് ആശയവും കഥകളായിട്ടാണ് നമ്മുടെ മനസ്സിൽ ഇതള്‍വിരിയുന്നത്. നമ്മൾ കാര്യങ്ങൾ ആവിഷ്കരിക്കുന്നതും കഥകളായിട്ടാണ്. ആരെക്കുറിച്ച് സംസാരിക്കുമ്പോഴും അവരെക്കുറിച്ചുള്ള നല്ലകഥകളോ മോശംകഥകളോ ആണ് നമ്മൾ പറയുന്നത്. അതുകൊണ്ടാണ് പ്രപഞ്ചം കഥകള്‍കൊണ്ട് നിർമിച്ചിരിക്കുന്നുവെന്ന് മൂറിയൽ റുക്കേയ്സർ എഴുതിയത്. സാഹിത്യവിമര്‍ശകൻ കെ.പി.അപ്പന്റെ ധൈഷണിക ആത്മകഥയെന്ന് പ്രസാധകർ വിശേഷിപ്പിച്ച, ‘തനിച്ചിരിക്കുമ്പോൾ ഓർമിക്കുന്നത്” എന്ന പുസ്തകത്തിൽ സംസ്കാരത്തിന്റെ പ്രാചീനത കഥാരൂപത്തിലാണെന്ന് പഴയ തലമുറ നിരൂപകൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയും പറയുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയചരിത്രം വിശകലനംചെയ്യുന്ന ജൂതസോഷ്യലിസ്റ്റ് യുവാൽ നോഹ ഹരാരിയുടെ 21 Lessons for the 21 Century എന്ന പ്രസിദ്ധമായ പുസ്തകത്തിലും രാഷ്ട്രീയചരിത്രം മൂന്നു കഥകളായിട്ടാണ് വിശദീകരിക്കുന്നത്. ഫാസിസം, മാര്‍ക്സിസം, ഉദാരവത്കരണം എന്നീകഥകള്‍കൊണ്ട് മെനഞ്ഞെടുത്ത ലോകമായിരുന്നു കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കത്തിൽ. അതിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ ഫാസിസ്റ്റ് ചേരി നിലംപൊത്തുകയും മാര്‍ക്‌സിസവും ഉദാരവത്കരണവും തമ്മിലുള്ള നയതന്ത്രയുദ്ധം തുടരുകയും ചെയ്തു. പിന്നീട് കമ്യൂണിസ്റ്റ് റഷ്യയുടെ പതനത്തോടെ മാര്‍ക്സിസം അപ്രസക്തമാകുകയും ഇടതുപക്ഷം, വലതുപക്ഷമെന്ന് വിളിച്ചിരുന്ന ഉദാരവത്കരണ ശക്തികൾ ലോകം കീഴടക്കുകയുമാണ് ഉണ്ടായത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലിരുന്ന് ആഗോളരാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന മലയാളിക്ക് ഹരാരിയുടെ വാദമുഖങ്ങൾ അംഗീകരിക്കാൻ വിഷമമുണ്ടാകുമെങ്കിലും മാര്‍ക്സിസത്തിന്റെ ആഗോള പ്രഹരശേഷി നഷ്ടപ്പെട്ടുകഴിഞ്ഞെന്ന് അവരും മനസ്സിലാക്കണം. നവീകരിക്കപ്പെടാത്ത പ്രത്യയശാസ്ത്രങ്ങൾ തിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്. ലോകം സ്വാധിനിക്കാനുള്ള അതിവിപുലമായ വിഭവശേഷി ഇപ്പോൾ ഉദാരവത്കരണ ശക്തികള്‍ക്ക് മാത്രമായതുകൊണ്ട് അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രമാണ് വിജയ സാധ്യത.
രണ്ടാംലോകയുദ്ധം സമാപിച്ചശേഷവും കോളനിരാജ്യങ്ങളിൽ സ്വാതന്ത്ര്യപ്രക്ഷോഭം തുടര്‍ന്നതും കോളനികൾ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ ബ്രിട്ടനു കഴിയാതിരുന്നതുമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് കാരണം. ലോകമഹായുദ്ധം നടക്കുമ്പോൾ ഇന്ത്യ ബ്രിട്ടന്റെ അടിമരാജ്യം ആയിരുന്നതുകൊണ്ട് യുദ്ധംവിജയിച്ച റഷ്യൻ പക്ഷവും ബ്രിട്ടീഷ് പക്ഷവും തൊട്ടുപിന്നാലെ വിഭജിതമായ ഭാരതത്തെ കൂടെനിറുത്താൻ ആഗ്രഹിച്ചു. അങ്ങനെ ഇന്ത്യ റഷ്യൻ പക്ഷത്തും പാക്കിസ്ഥാൻ, ബ്രിട്ടനുപകരം ആ ചേരിയുടെ നേതൃത്വം ഏറ്റെടുത്ത അമേരിക്കൻ പക്ഷത്തും നിലകൊണ്ടു.പാര്‍ട്ടികൾ തമ്മിലല്ല, രാഷ്ട്രങ്ങൾ തമ്മിലാണ് ധാരണകൾ എന്നുതുകൊണ്ട്, ഇന്ത്യയിൽ കോണ്‍ഗ്രസ് അധികാരഭ്രഷ്ടരായിട്ടും, റഷ്യ മാര്‍ക്‌സിസ്‌റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചിട്ടും, ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇപ്പോഴും തുടരുന്നു. ഈ തിരഞ്ഞെടുപ്പിലും റഷ്യയുടെ ‘സ്പുട്നിക്ക്’ ഇന്ത്യൻ അനുകൂല വാര്‍ത്തകളാണ് നല്കിയത്.
‘പൂച്ച കറുത്താലും വെളുത്താലും എലിയെപ്പിടിച്ചാൽ മതി’യെന്നുപറഞ്ഞ് ചൈനീസ് നേതാവ് ഡെങ് സിയാഒ പിങ് ആഗോള കോര്‍പ്പറേറ്റുകളുമായി ചങ്ങാത്തത്തിലായി. എം.പി.നാരായണപിള്ള ‘പരിണാമം’ നോവലിൽ പറയുംപോലെ കള്ളനും പോലീസും പരസ്പരം മാറിപ്പോയ അവസ്ഥ. നരസിംഹ റാവുവിന്റെ ഭരണത്തോടെ ഇന്ത്യയിലും ഉദാരവത്കരണനയങ്ങൾ ആരംഭിച്ചു. പഴയ പ്രത്യയശാസ്ത്രങ്ങൾ ദരിദ്രജനകോടികള്‍ക്ക് ആഹാരമെത്തിക്കാൻ പ്രയോജനപ്പെടില്ലെന്ന തിരിച്ചറിവിലായിരുന്നു ഭരണാധികാരികൾ. ഭരണാധികാരികളെ വല്ലാതെ അലട്ടിയ പ്രശ്നമായിരുന്നല്ലോ ഇന്ത്യയിലെയും ചൈനയിലെയും ജനപ്പെരുപ്പം. നരസിംഹറാവു ആരംഭിച്ച ഉദാരവത്കരണ നയങ്ങൾ കൂടുതൽ ശക്തിയോടെ കൊണ്ടുപോകാൻ കെല്പുള്ള നേതാവിനെയാണ് ഉദാരവത്കരണശക്തികൾ നരേന്ദ്രമോദിയിൽ പ്രതീക്ഷിച്ചത്. സംഘടനാപരമായ കെട്ടുറപ്പും ഭൂരിപക്ഷമതത്തെ പ്രചോദിപ്പിക്കാൻ കഴിയുന്ന പ്രത്യയശാസ്ത്രവും ബി.ജെ.പിക്ക് ഉണ്ടായിരുന്നു.
തുടക്കത്തിൽ നരേന്ദ്രമോദിക്ക് ലോകംമുഴുവൻ ലഭിച്ച സ്വീകാര്യതയുടെ യഥാർഥകാരണവും അതുതന്നെയായിരുന്നു. സാവകാശത്തിൽ ആ ബന്ധത്തിൽ വിള്ളലുകളുണ്ടാകാൻ തുടങ്ങി. മോദിയെ സംബന്ധിച്ചിടത്തോളം കോര്‍പ്പറേറ്റ് എന്നുപറഞ്ഞാൽ ഇന്ത്യൻ കോര്‍പ്പറേറ്റുകൾ മാത്രമാണ്, കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ഹിന്ദു കോര്‍പ്പറേറ്റുകൾ. പക്ഷേ, 150 കോടി ജനങ്ങളുള്ള അതിവിപുലമായ ഇന്ത്യൻ മാര്‍ക്കറ്റ് ഉദാരവത്കരണ ശക്തികള്‍ക്ക് ഉപേക്ഷിക്കാനും കഴിയില്ല. അപേക്ഷിച്ച മുഴുവൻ ഇന്ത്യാക്കാര്‍ക്കും ഉദാരവത്കരണ ശക്തികൾ വിസ നല്കിയെങ്കിലും അതേ വേഗതയിൽ ഇന്ത്യൻ വാതിലുകൾ അവര്‍ക്കുമുന്നിൽ തുറന്നില്ല. സ്വാഭാവികമായും ഉദാരവത്കരണ ശക്തികള്‍ക്ക് കണക്കുതീര്‍ക്കാനുള്ള അവസരമായി ഇന്ത്യൻ തിരഞ്ഞെടുപ്പ്. ആഗോളമാധ്യമങ്ങളും ആഗോളമൂലധനവും മേല്‍ത്തരം സാങ്കേതികവിദ്യകളും കൈവശമുള്ള അമേരിക്കയും യൂറോപ്പും കളത്തിലിറങ്ങിയാൽ എന്തുസംഭവിക്കുമെന്ന് നരേന്ദ്രമോദി മനസ്സിലാക്കിയതുമില്ല.
എഴുത്തുകാരൻ അല്ലെങ്കിലും എഴുത്തുകാര്‍ക്ക് സഹജമായ ഈഗോ നരേന്ദ്രമോദിക്കും ഉണ്ടായിരുന്നെന്നാണ് തോന്നുന്നത്. പ്രധാനമന്ത്രിസ്ഥാനം നരേന്ദ്രമോദിയെ ഏല്പിച്ച ആർ.എസ്.എസ്സിന്റെ വാക്കുകൾ പലവിഷയങ്ങളിലും നരേന്ദ്രമോദി സ്വീകരിച്ചില്ല. അല്ലെങ്കില്‍ത്തന്നെ ആശങ്കയുടെ മുള്‍മുനയിൽ കഴിഞ്ഞിരുന്ന മതന്യുനപക്ഷങ്ങള്‍ക്ക് അപ്പോൾ ആശങ്കകൂടി. ആര്‍.എസ്.എസ്സിനെ വകവയ്ക്കാത്ത പ്രധാനമന്ത്രിയുണ്ടോ മതന്യൂനപക്ഷങ്ങളെ വകവയ്ക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ വർധിച്ചത് ഹിന്ദുക്കളേയും ആശങ്കാകുലരാക്കി. ഒരുപാട് വൈവിധ്യങ്ങളുള്ള ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താനെന്നകാര്യം ഇലക്ഷൻ പ്രചാരണത്തിന്റെ മൂർധന്യത്തിൽ അദ്ദേഹം മറന്നുപോയി. അദ്ദേഹം പ്രസ്താവിച്ച ഗാന്ധിനിന്ദയും മുസ്ലീം അധിക്ഷേപവും ഒഴിവാക്കേണ്ടതായിരുന്നു. ഏതായാലും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ വീണ്ടും പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കഴിയട്ടെ.
കേരളത്തിലാദ്യമായി ബി.ജെ.പിക്ക് ഒരുസീറ്റ് ലഭിച്ചത് ചരിത്രമാണ്. കഴിഞ്ഞവര്‍ഷം എം.പി.ജോസഫ് IAS എഴുതി ഒലിവ് ബുക്സ് പ്രസിദ്ധപ്പെടുത്തിയ, ‘തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുമ്പോൾ’ എന്ന പുസ്തകത്തിലെ പ്രസക്തമായൊരു കാര്യംകൂടി സൂചിപ്പിക്കട്ടെ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തകർന്നാൽ അവരുടെ അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്ന് ആശങ്കപ്പെടുന്ന മുസ്ലീങ്ങളെ ആ പുസ്തകത്തിൽ നമ്മൾ കണ്ടുമുട്ടും. സി.പി.എമ്മിലെ മഹാഭൂരിപക്ഷവും ഹിന്ദുക്കളായതുകൊണ്ടും, അവരുടെ എതിര്‍പ്പ് ന്യൂനപക്ഷങ്ങളിൽ സ്വാധീനമുള്ള കോണ്‍ഗ്രസ്സിനോടായതുകൊണ്ടും, അവർ ഒഴുകുന്നത് ബി.ജെ.പിയിലേക്കായിരിക്കുമെന്ന് പുസ്തകം പറയുന്നു. അതിന്റെ സൂചന കേരളത്തിൽ കണ്ടു.
”The Indians’ എന്ന പുസ്തകത്തിലെ ഉദ്ധരണത്തോടെയാണ് ഈ കുറിപ്പ് തുടങ്ങിയത്. നാടുഭരിക്കുന്ന നരേന്ദ്രമോദിക്കും പിണറായി വിജയനും പ്രതിപക്ഷ ബഹുമാനത്തോടെ എതിരാളികളോട് സംസാരിക്കാൻ പ്രാപ്തിയുണ്ടാകട്ടെ എന്ന ആശംസയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാവുന്നതാണ്. അവിടെയായാലും ഇവിടെയായാലും അധികാരികളുടെ യഥാർഥശത്രു സ്തുതിപാഠകരാണ്.
ജന്മദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വായിക്കാത്ത മലയാളികളുണ്ടാവില്ല. ബഷീറിയൻ കഥകളുടെ സവിശേഷതയായി വായനക്കാർ പറയുന്ന നര്‍മമമല്ല ജന്മദിനത്തിന്റെ സവിശേഷത, ചുട്ടുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങളാണ്. ലളിതമെന്നു തോന്നുന്ന ബഷീര്‍കഥകളിലും ഗഹനമായ ആശയങ്ങളുടെ അടരുകൾ ഉണ്ടാകും. വായനക്കാരെ വഞ്ചിക്കുന്ന ലാളിത്യമാണ് ബഷീറിയൻ കഥകളുടെ മുഖമുദ്ര. പറയുന്നതിനും അപ്പുറത്തേക്ക് ധ്വനിയുണ്ടാകും.ബഷീറിന്റെ ഇഷ്ടരചനകളിലൊന്നായിരുന്നു സ്വീഡിഷ് ഡോക്ടർ ആക്സല്‍ മുന്തേ രചിച്ച ‘The Story of San Michele’ എന്ന ആത്മകഥനം. മനുഷ്യജീവിതത്തെക്കുറിച്ച് ഒരുപാട് മൗലിക നിരീക്ഷണങ്ങൾ ഉള്‍ക്കൊള്ളുന്ന ലോകപ്രശസ്ത പുസ്തകമാണ് സാൻ മിഷേലിന്റെ കഥ. കുട്ടിക്കാലം ചെലവഴിച്ച നാട്ടിലേക്ക് തിരിച്ചുപോകാൻ വാര്‍ധക്യത്തിൽ മനുഷ്യർ ആഗ്രഹിക്കുമെന്ന മൗലികമായ നിരീക്ഷണവും പുസ്തകത്തിലുണ്ട്. അതിനു കഴിയാത്തവര്‍ക്കും അതിനുള്ളമോഹം ഉള്ളിലുണ്ടാകും.
കുട്ടിക്കാലം ചെലവഴിച്ച നാട്ടിലേക്ക് വളരെവേഗം മടങ്ങിവന്ന എഴുത്തുകാരനായിരുന്നു റസ്കിൻ ബോണ്ട്, ബ്രട്ടീഷ് വംശരായ മാതാപിതാക്കള്‍ക്ക് ഹിമാചൽ പ്രദേശിലെ കസോളിയിൽ ജനിച്ച കുട്ടിയാണ് റസ്കിൻ ബോണ്ട്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ അദ്ദേഹം ലണ്ടനിലേക്ക് പോകുകയും വൈകാതെ മടങ്ങിവന്ന് ഇന്ത്യയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇന്ത്യയെ പ്രണയിക്കുന്ന അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാൾ കഴിഞ്ഞമാസം ആഘോഷിച്ചു. അഞ്ഞൂറിലേറെ ചെറുകഥകളും നിരവധി നോവലുകളും കവിതകളും ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളും നോവെല്ലകളും റസ്കിൻ ബോണ്ട് എഴുതിയിട്ടുണ്ട്. 1963 മുതൽ മുസൂറിയിലെ മലനിരകള്‍ക്കിടയിലെ മനോഹരമായ വീട്ടിൽക്കഴിയുന്ന അദ്ദേഹം ഏതൊരു പഴയ ഇന്ത്യക്കാരനെയുംപോലെ ടൈപ്പ് ചെയ്യാതെ സ്വന്തം കൈപ്പടയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. അവിവാഹിതനാണ്. നിരവധി കൃതികൾ സിനിമയിലേക്കും ടെലിവിഷൻ സീരിയലിലേക്കും അഡാപ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം സൃഷ്ടിച്ച Rusty എന്ന ആത്മകഥാപരമായ സാങ്കല്പിക കഥാപാത്രത്തെ പലയിടങ്ങളിലും നമ്മൾ കണ്ടുമുട്ടും. രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്കി ആരദരിച്ചിട്ടുണ്ട്. സാന്ത്വനം പകരേണ്ട മതങ്ങളെ, പരസ്പര സംഘര്‍ഷത്തിനുപയോഗിക്കുന്ന മനുഷ്യവംശം സൃഷ്ടിച്ച മറ്റൊരു വേലിക്കെട്ടാണ് രാജ്യാതിര്‍ത്തികളുമെന്ന് റസ്കിൻ ബോണ്ടിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
ഞാറ്റുവേല
കുരുമുളകുചെടിയുടെ വള്ളികൾ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച വിദേശികളുടെകാര്യം രാജസേവകർ രാജാവിനെ ഉണര്‍ത്തിച്ചപ്പോൾ രാജാവ് അല്പം ഉദാസീനമട്ടിലാണ് പ്രതികരിച്ചത്, അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേലയൊന്നും കൊണ്ടുപോകാൻ പറ്റില്ലല്ലോ. കുരുമുളക് വളരണമെങ്കിൽ കുരുമുളകിനുപറ്റിയ കാലാവസ്ഥകൂടി ഉണ്ടാകണം എന്നാണ് രാജാവ് ഉദ്ദേശിച്ചത്.
ഇന്നത്തെ ആഗോളരാഷ്ട്രീയത്തിൽ പെട്രോളിനുള്ള സ്ഥാനമാണ് അന്നത്തെ ആഗോളരാഷ്ട്രീയത്തിൽ കുരുമുളകിനുണ്ടായിരുന്നത്. തണുത്തുറഞ്ഞ യൂറോപ്പിൽ മൃഗമാംസങ്ങൾ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കണമെങ്കിൽ കുരുമുളകു വേണം. ഫ്രിഡ്ജ് കണ്ടുപിടിച്ചിട്ടില്ലാത്ത കാലമാണ്. കുരുമുളകില്ലാതെ യൂറോപ്യര്‍ക്ക് ജീവിതമില്ല. കുരുമുളകായിരുന്നു അന്നത്തെ യൂറോപ്യൻ പ്രശ്നം. ഏഷ്യയിലേക്കുള്ള യൂറോപ്യൻ താത്പര്യം കുരുമുളകില്‍നിന്ന് തുടങ്ങുന്നു. ഏഷ്യ മിക്കവാറും സ്ഥിരപ്രകൃതിയായിരുന്നെങ്കിലും അതായിരുന്നില്ല യൂറോപ്പിന്റെ സ്ഥിതി. ബ്രിട്ടന്റെ ഭാഗമായ സ്കോട്ട്ലാന്‍ഡിൽ സൂര്യൻ ദിവസത്തിൽ മൂന്നരമണിക്കൂര്‍മാത്രം പ്രത്യക്ഷപ്പെടുന്ന കാലവുമുണ്ട്. യൂറോപ്പുമായി താരതമ്യം ചെയ്താൽ വിഭവങ്ങളുടെ അക്ഷയഖനിയായിരുന്നു ഏഷ്യ. ഉയര്‍ന്ന മനുഷ്യവിഭവശേഷിയും വെയിലും വെള്ളവും എന്തും വിളയുന്ന ഭൂമിയും ഏഷ്യയ്ക്ക് സ്വന്തം. അതൊന്നും നന്നായി പരിപാലിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ലെങ്കിൽ ഒന്നാംപ്രതിയെത്തേടി വേറെങ്ങും പോകേണ്ടതുമില്ല. ഇന്ത്യയിലെ ആറുഋതുക്കളും കാളിദാസൻ ഋതുസംഹാരത്തിൽ വര്‍ണിച്ചിട്ടുണ്ട്. കേരളത്തിനു നാല് ഋതുക്കൾ. സ്ഥിരപ്രകൃതി പിന്നീട് ചപലപ്രകൃതിയായപ്പോൾ ഇന്ത്യയിലും കാലാവസ്ഥ വ്യതിയാനം ഉണ്ടായി. കൊടുംചൂടിൽ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാലവര്‍ഷത്തിനുമുമ്പ് കേരളത്തിൽ മേഘസ്ഫോടനം ഉണ്ടായി. ഒന്നും ആദ്യമായിട്ടല്ല. സ്ഥിരപ്രകൃതി നഷ്ടമായ ലോകത്താണ് ഇപ്പോൾ നമ്മൾ. പ്രകൃതിയുടെ കൃത്യമായ ചാക്രികചലനം നഷ്ടപ്പെട്ടതോടൊപ്പം അധികാരസ്ഥാപനങ്ങളുടെ കുപ്രസിദ്ധമായ കെടുകാര്യസ്ഥതയും ഒത്തുചേര്‍ന്നപ്പോൾ കേരളത്തിന്റെ പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. അതുകൊണ്ട്, വരുംതലമുറ മലയാളിക്ക് വായിക്കാനായി പഴയൊരു മണ്‍സൂൺ പുസ്തകം ശുപാര്‍ശചെയ്യുന്നു. ബ്രിട്ടീഷ് എഴുത്തുകാരൻ അലക്സാണ്ടർ ഫ്രേറ്റർ എഴുതിയ ‘Chasing The Monsoon’ എന്ന പുസ്തകം. കോവളം മുതൽ ചിറാപ്പുഞ്ചിവരെ നീളുന്ന മോഹനമായ ഒരുമണ്‍സൂൺ യാത്ര. കാലാവസ്ഥയുടെ നഷ്ടവസന്തം മലയാളിയെ ഓർമിപ്പിക്കാൻ പര്യാപ്തമാണ് ഈ പുസ്തകവായന.
പുഴു
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത്രയും അംഗങ്ങൾ ഇല്ലാതിരിക്കുകയും, ഉള്ളവരിൽ മഹാഭൂരിപക്ഷവും ഒളിവിലോ ജയിലിലോ കഴിയുകയുംചെയ്യുന്ന കാലത്താണ്, ഐക്യകേരളത്തിലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. ഒളിവിലും ജയിലിലും കഴിയുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുമുണ്ട്. എങ്കിലും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കി. കെ.പി.എ.സിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകമായിരുന്നു പരിമിതികൾ മറികടക്കാൻ കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്ന ഇന്ധനം.
രാഷ്ട്രീയ ആശയങ്ങൾ കലയിലൂടെയും സാഹിത്യത്തിലൂടെയും ഒളിച്ചുകടത്തുന്നത് പുതിയൊരു കാര്യമല്ല. വിഭവശേഷിയുടെ കാര്യത്തിൽ പരിമിതികളുണ്ടായിരുന്ന നമുക്ക് നാടകമായിരുന്നു മുഖ്യം. നമ്മളെക്കാൾ വിഭവശേഷിയുണ്ടായിരുന്ന തമിഴകം സിനിമയെ നെഞ്ചിലേറ്റി. ദ്രാവിഡ രാഷ്ട്രീയം ഉത്തേജിപ്പിച്ച തമിഴ് സിനിമകളുടെ ഭാഗമായിരുന്ന എം.ജി.ആറും ജയലളിതയും കരുണാനിധിയും മുഖ്യമന്ത്രിമാരായത് യാദൃച്ഛികമായിരുന്നില്ല. സിനിമയാണ് തമിഴന്റെ രാഷ്ട്രീയമെന്നു പരിഹസിച്ച മലയാളി, തമിഴർ സിനിമയിലൂടെ വിനിമയംചെയ്യാൻ ശ്രമിച്ച ദ്രാവിഡരാഷ്ട്രീയം മനസ്സിലാക്കിയതുമില്ല. അപ്പുറം, കർണാടക മുഖ്യമന്ത്രി എൻ.ടി.രാമറാവുവിനും സിനിമയായിരുന്നു സർവതും.
രാഷ്ട്രീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ കലയും സാഹിത്യവും പ്രയോജനപ്പെടുമെങ്കിലും ജനപ്രിയതകൊണ്ട് സിനിമയാണ് മുന്നിൽ. ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം സാർവത്രികമാക്കാൻ പരിശ്രമിച്ച എൽ.കെ.അദ്വാനി ദീര്‍ഘകാലം ചലച്ചിത്ര നിരൂപകനായി പ്രവര്‍ത്തിച്ചയാളായിരുന്നു. അദ്വാനിക്ക് ബി.ജെ.പിയിൽ മേല്‍കൈ ലഭിച്ചപ്പോഴാണ് രാജ്യത്ത് രാമജന്മഭൂമി പ്രക്ഷോഭവും ദൂരദര്‍ശനിൽ രാമായണവും അരങ്ങേറുന്നത്. അതൊക്കെ വിശകലനം ചെയ്തുകൊണ്ട് അരവിന്ദ് രാജഗോപാൽ എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ്, ‘Politics After Television’. ഹിന്ദുദേശീയതയ്ക്ക് അനുഗുണമായ സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ടെലിവിഷൻ വഹിച്ചപങ്ക് ഒട്ടുംനിസ്സാരമല്ലെന്ന് അരവിന്ദ് രാജഗോപാൽ പറയുന്നു.
ഹിറ്റ്ലര്‍, ഗീബല്‍സിനെ ഉപയോഗിച്ച് ജര്‍മൻസിനിമയെ വരുതിയിലാക്കാൻ ശ്രമിച്ചതും ചരിത്രം. മമ്മൂട്ടിയുടെ ‘പുഴു’ സിനിമക്കെതിരെ വർഗീയമായ അധിക്ഷേപങ്ങൾ ഉയര്‍ന്നപ്പോഴും കേരളം ശ്രദ്ധിച്ചത് അതുകൊണ്ടാണ്. ജാതിമത വിദ്വേഷങ്ങളുടെ ഒളിയമ്പുകൾ മലയാള സിനിമയ്ക്ക് അപരിചിതമല്ല. എങ്കിലും അന്യഥാ മതംകനക്കുന്ന സമകാലിക കേരളത്തിൽ പ്രതിഭകളും വിമര്‍ശകരും ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്.
പേര്‍ഷ്യൻ ട്രാജഡി
തൊഴിലന്വേഷിച്ച് ലോകംമുഴുവൻ വ്യാപിക്കുന്നതിനുമുമ്പ് പേര്‍ഷ്യ,സിലോണ്‍,ബര്‍മ എന്നിവിടങ്ങളിലേക്കായിരുന്നു മലയാളിയുടെ യാത്ര. പേര്‍ഷ്യ പിന്നീട് ഇറാൻ ആകുകയും, സിലോണ്‍ ശ്രീലങ്കയാകുകയും ബര്‍മ മ്യാന്‍മർ ആകുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കിടയിൽ സുന്നി, ഷിയ വകഭേദങ്ങളുള്ളതിൽ ഇറാൻ ഷിയ പക്ഷത്തയായിരുന്നു. എല്ലായിടത്തും എല്ലാവിഭാഗങ്ങളും ഉണ്ടാകുമെങ്കിലും ഇന്ത്യയിൽ കൂടുതലും സുന്നികളാണ്. കലയിലും സാഹിത്യത്തിലും സാംസ്കാരിക ഔന്നത്യം ഉണ്ടായിരുന്ന പേര്‍ഷ്യക്കാര്‍ക്ക് പാശ്ചാത്യലോകവും പരിചിതമായതോടെ അവരുടെ പ്രശസ്തി ഉയര്‍ന്നു. എങ്കിലും പാശ്ചാത്യശക്തികളും, ഇറാനും ഇടക്കാലത്ത് വിഭിന്നദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ, ഇറാനിൽ ഇസ്ലാമികവിപ്ലവം ആസന്നമായി. ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഇസ്ലാമികവിപ്ലവം ഇറാന്റെ കലയും സാഹിത്യവും പുനര്‍നിര്‍ണയിച്ചു. അതിന്റെ പിരിമുറുക്കത്തിലാണ് ഇപ്പോഴും ഇറാൻ.
മലയാളികള്‍ക്ക് ഇറാൻ ഒരപരിചിതദേശമല്ല. പുരാതനകാലംമുതൽ പേര്‍ഷ്യയ്ക്ക് മലയാളിബന്ധമുണ്ട്. പിന്നീട്, ആയത്തുള്ള ഖൊമേനിയുടേ നേതൃത്വത്തിൽ ഇറാനിൽ ഇസ്ലാമികവിപ്ലവം അരങ്ങേറുമ്പോൾ മലയാളിയായ കെ. പി.ഫാബിയൻ അവിടെ ഇന്ത്യൻ അംബാസഡറായിരുന്നു. മലയാളി എഴുത്തുകാരി പുഷ്പ ഇറാന്‍കാരനായ സബോളിയെ വിവാഹംകഴിച്ച പുഷ്പ സബോളിയായി ഇറാനിൽ കഴിയുന്നു. ഒരിക്കൽ ഇറാൻ സര്‍ക്കാർ ആദരിച്ച പത്തുസ്ത്രീകളിൽ പുഷ്പയുമുണ്ടായിരുന്നു. ലോകംമുഴുവൻ അംഗീകരിക്കപ്പെടുന്ന ഇറാനിയൻ സിനിമ, തിരുവനന്തപുരത്തെ സംസ്ഥാന ഫിലിംഫെസ്റ്റിവലിലും പുരസ്കാരം നേടിയിട്ടുണ്ട്. എങ്കിലും, പാശ്ചാത്യശക്തികളും ഇറാനും വിപരീതദിശയിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ സാങ്കേതികവിദ്യയിലും നയതന്ത്രമേഖലയിലും ഇറാന് ബുദ്ധിമുട്ടായി. ഇസ്രയേലുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ലബന്ധം ഉണ്ടെങ്കിലും ഇറാനും ഇസ്രയേലും പരസ്പരം നല്ലബന്ധത്തിലല്ല. അടുത്തയിടെ, ചാബഹാർ തുറമുഖം ഇറാൻ ഇന്ത്യയ്ക്ക് വിട്ടുകൊടുത്തതും ഓര്‍ക്കുക. ഇതിനെല്ലാമിടയിലാണ് ഒരുപഴഞ്ചൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ച ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസിയുടെ ദാരുണമരണം. സ്വാഭാവികമായും അമേരിക്കയും ഇസ്രയേലും സംശയത്തിന്റെ നിഴലിലാണ്. കുതിരപ്പുറത്തുകയറി, കാറ്റാടിമരങ്ങളെ ശത്രുവായി സങ്കല്പിച്ച്, പടനയിക്കാൻ ഇറങ്ങിപുറപ്പെട്ട ഡോൺ ക്വിഹോട്ടിനെപ്പോലെ ഇറാനിയൻ പ്രസിഡണ്ട് ലോകത്തിനുമുന്നിൽ ഇപ്പോൾ ഫലിതമല്ല, ദുരന്തമായി മാറിയിരിക്കുന്നു.