വീണ്ടെടുക്കുന്ന ഇന്ത്യ – രാം പുനിയാനി
ഹിന്ദുദേശീയതയ്ക്ക് പേരുകേട്ട ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ നാം ആശ്വസിച്ചു. ബി.ജെ.പി തനിച്ച് 370 സീറ്റുകൾ മറികടക്കുമെന്നും എൻ.ഡി.എ സഖ്യകക്ഷികളുമായി ചേർന്ന് 400-ലധികം സീറ്റുകൾ നേടുമെന്നുമുള്ള മോദിയുടെ അവകാശവാദത്തെ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്ത്യയിലെ വോട്ടര്‍മാരുടെ വിധിയെഴുത്ത്. ബി.ജെ.പി കേവലം 240 സീറ്റുകളിലും എൻ.ഡി.എ സഖ്യം 293 സീറ്റുകളിലും ഒതുങ്ങി. മോദിയുടെ സ്വേച്ഛാധിപത്യ പ്രവണതകൾക്കും കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കുമെതിരെ രൂപവത്കരിച്ച ഇന്ത്യസഖ്യം, ബി.ജെ.പി ഭരണത്തിൻകീഴിൽ രാജ്യത്തിനുണ്ടാകാനിടയുള്ള അപകടസാധ്യതകൾ ഫലപ്രദമായി ഉയർത്തിക്കാട്ടി, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു.
ഇന്ത്യസഖ്യത്തിലെ പ്രധാനകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക നീതി അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ പ്രധാന ഹിന്ദി മേഖലകളിൽ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ ഇന്ത്യസഖ്യം തന്ത്രപരമായി ഏകീകൃത സ്ഥാനാർഥികളെ നിർത്തിയത് ഫലം കണ്ടു. ആഭ്യന്തര ഭിന്നതകൾക്കിടയിലും, ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മതഭേദമില്ലാതെ എല്ലാവർക്കും നീതി ഉറപ്പാക്കുന്നതിലും സാമൂഹ്യനീതിക്കുവേണ്ടി, പ്രത്യേകിച്ച് ജാതിവിവേചനം അനുഭവിക്കുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടി ഇന്ത്യസഖ്യം ഒറ്റക്കെട്ടായി നിലകൊണ്ടു. സ്വാതന്ത്ര്യസമര കാലത്ത് എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിച്ച ഘടകമായിരുന്ന ‘ഇന്ത്യയെന്ന ആശയ’ത്തെ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും.
മത ദേശീയതയെന്ന (മുസ്ലിം, ഹിന്ദു ദേശീയതകൾ) ദേശീയതയുടെ മറ്റ് ആശയങ്ങൾ യഥാർഥത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ അരികുകള്‍ക്കപ്പുറമായിരുന്നു. മതവേഷം ധരിച്ച ഈ ദേശീയത ജന്മിമാർ, നവാബ്മാർ, രാജാക്കന്മാർ തുടങ്ങിയ സമൂഹത്തിലെ ചെറുവിഭാഗങ്ങളിൽനിന്നാണ് ഉയർന്നുവന്നത്. ദാരുണമായ ഇന്ത്യാവിഭജനത്തോടെ ഇന്ത്യയിലെ മുസ്ലീംദേശീയത താരതമ്യേന ക്ഷയിച്ചു. ഹിന്ദുദേശീയത അതിജീവിക്കുക മാത്രമല്ല, ക്രമേണ ശക്തമാവുകയും 1980-കളുടെ ദശകത്തിൽ പൂര്‍വാധികം ശക്തി പ്രാപിക്കുകയുംചെയ്തു.
ഹൈന്ദവദേശീയതയുടെ നട്ടെല്ല് ആർ.എസ്.എസ് ആണ്. അത് ഉയർന്ന ജാതിക്കാർ, പ്രത്യേകിച്ച് ബ്രാഹ്മണർ, രാജാക്കന്മാരുടെയും ജന്മിമാരുടെയും പിന്തുണയോടെ സ്ഥാപിച്ചതാണ്. വർധിച്ചുവന്ന ദലിത് അവകാശവാദം, സാമൂഹിക ഇടത്തിലേക്കുളള സ്ത്രീകളുടെ കടന്നുവരവ്, വലിയവിഭാഗം ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ എന്നിവയാണ് അതിന്റെ രൂപീകരണത്തിന് ആക്കം കൂട്ടിയത്. ഹിറ്റ്‌ലറുടെ ദേശീയതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഹിന്ദുരാഷ്ട്രമെന്ന സങ്കല്പത്തെ ശക്തിപ്പെടുത്താൻ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുക എന്ന ആശയം ആർ.എസ്.എസ് പ്രചരിപ്പിച്ചു. അതിന്റെ അടിസ്ഥാനസിദ്ധാന്തം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി വിഭാവനം ചെയ്തു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പുറത്തുനിന്നുള്ളവരായി ചിത്രീകരിക്കുകയും ജാതി, ലിംഗ ശ്രേണികളെ മഹത്വവത്കരിക്കുകയും ചെയ്തു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുരാഷ്ട്രത്തിന് ആഭ്യന്തരഭീഷണിയാണെന്ന് അവര്‍ ചിത്രീകരിച്ചു.
1950-കളുടെ ആരംഭംവരെ നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലിൽനിന്ന് ആദ്യം വിട്ടുനിന്ന ആർ.എസ്.എസ്, അതിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ പ്രചാരകരെയും സ്വയംസേവകരെയും പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിരവധി പതിറ്റാണ്ടുകളായി നിശ്ശബ്ദവും എന്നാൽ സംയോജിതവുമായ ശ്രമങ്ങളിലൂടെ, അവര്‍ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും ഉള്ള വിരോധത്തിന്റെ വികാരങ്ങൾ വലിയതോതിൽ ഇന്ത്യയിലെ ജനവിഭാഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. കൂടാതെ, വി.എച്ച്.പി, എ.ബി.വി.പി, വനവാസി കല്യാൺ ആശ്രം, ഹിന്ദുമുന്നണി, സേവഭാരതി എന്നിവയുൾപ്പെടെ വിവിധ അനുബന്ധ സംഘടനകൾ ആർ.എസ്.എസ് സ്ഥാപിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ഈ സംഘടനയുടെ മുൻ പ്രചാരകനായ നാഥുറാം ഗോഡ്സെയാണ്. മഹാത്മാഗാന്ധിയുടെ കൊലപാതകം ഇന്ത്യൻ ദേശീയതയ്ക്ക് നേരെ ഹിന്ദുദേശീയതയുടെ ആദ്യത്തെ വലിയ ആക്രമണമായിരുന്നു. ഇന്ത്യൻ ദേശീയത ഇന്ത്യയെന്ന ആശയത്തിന്റെ ആത്മാവാണ്. 1975-ലെ ജെ.പി പ്രസ്ഥാനത്തിൽ പങ്കെടുത്തതിനുശേഷമാണ് ആർ.എസ്.എസിന് പ്രശസ്തി ലഭിക്കാൻ തുടങ്ങിയത്. പിന്നീട് അഴിമതിക്കെതിരായി സമരം നയിച്ച അണ്ണാപ്രസ്ഥാനത്തിലൂടെ കോൺഗ്രസ്സിനെ അപകീർത്തിപ്പെടുത്തി. ആർ.എസ്.എസ് എന്ന സംഘടന പ്രചരിപ്പിച്ച വിദ്വേഷമാണ് സമൂഹത്തിൽ ഇന്നു കാണുന്ന അക്രമങ്ങള്‍ക്ക് പ്രധാന കാരണം. അക്രമം ധ്രുവീകരണത്തിലേക്ക് നയിക്കുകയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സ്വാധീനം വർധിപ്പിക്കാനും യഥാസമയം അധികാരത്തിൽ വരാനുമുള്ള പാത സുഗമമാക്കുകയും ചെയ്തു.
കഴിഞ്ഞ പത്തുവർഷത്തെ കടിഞ്ഞാണില്ലാത്ത ബി.ജെ.പി ഭരണം തൊഴിലില്ലായ്മ രൂക്ഷമാക്കി. വിവാദമായ കാർഷികനിയമങ്ങൾ കർഷക പ്രതിഷേധങ്ങൾക്ക് കാരണമാവുകയും 750 ഓളം കർഷകരുടെ മരണത്തിനിടയാവുകയും ചെയ്തു. വിവേചനപരമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) അവതരിപ്പിച്ചത് വ്യാപകമായ എതിർപ്പിനു കാരണമായി. അതിനെതിരെ ഷഹീൻ ബാഗിലെ സ്ത്രീകളുടെ പോരാട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു. സമ്പന്നർ കൂടുതൽ സമ്പന്നരാകാൻ തുടങ്ങി. വിലക്കയറ്റവും തൊഴിലില്ലായ്മയും ചേർന്ന് ദാരിദ്ര്യത്തിന്റെ തോത് കൂടുതൽ വഷളായി.
അസഹനീയമായ ഈ സാഹചര്യം രാഷ്ട്രീയ സ്ഥിതിഗതികൾ പുനർവിചിന്തനം നടത്താനും ഇന്ത്യന്‍ ദേശീയത സംരക്ഷിക്കാനും കോൺസ്സിനെ പ്രേരിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഈ ദിശയിൽ ഒരു സുപ്രധാന ചുവടുവയ്പായി അടയാളപ്പെടുത്തി. തങ്ങളുടെ ശബ്ദം കേൾക്കാൻ കോൺഗ്രസ്സിനു കഴിയുമെന്ന് ആളുകൾക്ക് തോന്നാൻ ഇത് ഒരു വലിയ കാരണമായിരുന്നു. സാധാരണ പൗരന്മാരുടെ ആശങ്കകൾ കൂട്ടായി അഭിസംബോധന ചെയ്യേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ്, ഏകീകൃത നടപടികളുടെ ആവശ്യകതയെക്കുറിച്ച് ആലോചിക്കാൻ ഇതു പ്രതിപക്ഷ പാർട്ടികളെ പ്രേരിപ്പിച്ചു. തുടർന്നുള്ള ഭാരത് ജോഡോ – ന്യായ് യാത്രയിൽ നീതി എന്ന ആശയം മുൻനിരയിൽ കൊണ്ടുവരികയും ചെയ്തു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനും ഏറ്റവും വലിയ കുംഭകോണമായ ഇലക്ടറൽ ബോണ്ടുകളുടെ സഹായത്തോടെ പണക്കൊഴുപ്പിൽ ശക്തമായ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പരാജയപ്പെടുത്താനും എല്ലാവരും ഐക്യദാർഢ്യത്തോടെ നില്ക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ ഒടുവില്‍ പ്രതിപക്ഷം ക്രമേണ എത്തിച്ചേർന്നു.
ഈ ഘട്ടത്തിൽ, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് യന്ത്രം അതിശക്തവും ഏതാണ്ട് അജയ്യവുമായി കാണപ്പെട്ടു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും, ഇന്ത്യസഖ്യം ജനങ്ങളുടെ കാതലായ പ്രശ്‌നങ്ങളെ വിജയകരമായി അഭിസംബോധനചെയ്തു. ഫലം ഹൃദ്യമാണ്. കാരണം ഇപ്പോൾ പ്രതിപക്ഷം ഗണ്യമായ എണ്ണത്തിൽ ലോക്‌സഭയിലുണ്ടാകും. അതിന്റെ ശബ്ദം വർധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി ലോക്സഭ മാറുമെന്നു പ്രതീക്ഷിക്കാം. മുഖ്യധാരാ മാധ്യമങ്ങൾ എന്നു വിളിക്കപ്പെടുന്ന, പരമ്പരാഗതമായി ബി.ജെ.പി.യുമായി യോജിച്ച് നില്ക്കുന്നവ, കൂടുതൽ സന്തുലിതമായ ഒരു നിലപാടിലേക്ക് കുറച്ചെങ്കിലും ചായാനുള്ള സാധ്യതയുണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ മനോഭാവം എന്തുതന്നെയായാലും, എത്ര യൂട്യൂബർമാർ, രവീഷ് കുമാർ, ധ്രുവ് രാഥി, സത്യ ഹിന്ദി തുടങ്ങി എത്രപേർ അവരുടെ വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കൊണ്ട് നല്ല സ്വാധീനം ചെലുത്തുന്നു. ഇത് ഹൃദ്യമാണ്. ഇന്ത്യസഖ്യത്തിലെ പല പാര്‍ട്ടികളും അവരുടെ മീഡിയസെല്ലുകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പ്രതിജ്ഞാബദ്ധമായ, ബഹുസ്വരവും വൈവിധ്യപൂർണവുമായ ഇന്ത്യ എന്ന ആശയത്തിന്റെ പുനരുജ്ജീവനം പൊതുവ്യവഹാരങ്ങളിൽ വൻ സ്വാധീനം ചെലുത്തുന്നതായിക്കാണാം. ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള പാർശ്വവത്കരിക്കപ്പെട്ട നാമമാത്ര വിഭാഗങ്ങളെ ആകർഷിച്ചുകൊണ്ട് ഈ ആദർശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യസഖ്യത്തിന്റെ പ്രശംസനീയമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ, അതിന്റെ ചങ്ങാത്തമുതലാളിമാരുടെ രക്ഷാകർതൃത്വം കുറയുകയും ദാരിദ്ര്യത്തിന്റെ വർധനവ് ലഘൂകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
2024-ലെ ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ ദരിദ്രർക്കനുകൂലമായ നയങ്ങൾ സ്വീകരിക്കാൻ ഭരണാധികാരികളെ സമ്മർദത്തിലാക്കുന്നതിനു കൂടുതൽ പ്രചാരണങ്ങൾ നടത്താൻ സാമൂഹിക പ്രസ്ഥാനങ്ങൾക്ക് ഊർജം ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ഊര്‍ജിതമായി മാധ്യമങ്ങളിലൂടെയും സമീപകാലത്ത് സിനിമകളിലൂടെയും ആർ.എസ്.എസും അതിന്റെ പരിവാരങ്ങളും പ്രചരിപ്പിക്കുന്ന വർഗീയ മനോഭാവത്തെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഗാന്ധി, നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ഏകീകൃത ഇന്ത്യയ്ക്കായുള്ള ദർശനങ്ങൾ ഹിന്ദുരാഷ്ട്രമെന്ന ആശയത്തെക്കാൾ പ്രാധാന്യമർഹിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബഹുസ്വരതയുടെ ആഖ്യാനം വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.