ജനാധിപത്യം വീണ്ടെടുത്ത ആത്മനിർഭരത  – ദാമോദര്‍ പ്രസാദ്

ജനാധിപത്യം വീണ്ടെടുത്ത ആത്മനിർഭരത  – ദാമോദര്‍ പ്രസാദ്

“Where one leader dwarfs the landscape, there will be no Lok, only Tantra, no people, only hollowed out system, and the only thing left standing will be a temple of falsehood. We owe it to ourselves to rebuild our democratic consciousness and reclaim of our right to be the people.” Being the People, Ravish Kumar (The Free Voice: on Democracy, Culture and the Nation.)


നരേന്ദ്ര മോദി സർക്കാരിനോടു വിധേയമാകാതെ ഏതൊരുവിധ രാഷ്ട്രീയാധികാരത്തോടും അനുരഞ്ജനപ്പെടാതെ  മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ സത്യസന്ധതയ്ക്കും വസ്തുതാപരതയ്ക്കുംവേണ്ടി നിലകൊള്ളുന്ന സ്വതന്ത്ര  മാധ്യമപ്രവർത്തകനും ബി.ജെ.പി സർക്കാരിന്റെ വിമർശകനും ഇതിന്റെ പേരിൽ ജീവനുതന്നെ ഭീഷണി നേരിടേണ്ടിവരികയുംചെയ്ത  രവീഷ് കുമാറിന്റെ ലേഖനത്തിൽനിന്നു മുകളിലുദ്ധരിച്ച ഭാഗത്തിൽ പറഞ്ഞപോലെ അക്ഷരാർഥത്തിൽ ജനം ജനത്തിന്റെ സ്വച്ഛന്ദമായ അസ്തിത്വം വീണ്ടെടുക്കുകയായിരുന്നു 2024-ലോകസഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമ്മതിദാനത്തിലൂടെ. സമ്മതിദാനത്തിന്റെ അര്‍ഥം നിർധാരണംചെയ്യുന്നതിനുമുമ്പായി തിരഞ്ഞെടുപ്പ് വിധി വരുംവരെ അധികാരലഹരിയാൽ മദോന്മത്തത ബാധിച്ച ഇന്ത്യയിലെ  സമഗ്രാധികാരം എപ്രകാരമാണ് ഭരണനിർവഹണം നടത്തിയതെന്നു മനസ്സിലാക്കുന്നതിനായി കന്നട എഴുത്തുകാരൻ ദേവനുരു  മഹാദേവ  വിവരിക്കുന്ന അധികാരലഹരി തലയ്ക്കുപിടിച്ച ഒരു സുരരാജയെക്കുറിച്ചുള്ള കഥയൊന്നു ശ്രദ്ധിക്കാം. “ആർ.എസ്.എസ്: മൊത്തത്തിലും ചുരുക്കത്തിലും” എന്ന ഹിന്ദുത്വത്തെക്കുറിച്ചുള്ള  ആഴമുള്ള  വിമർശനാത്മകമായ  പുസ്തകത്തിലാണ് ഈ കഥ വിവരിക്കുന്നത്.  (ദേവനുരിന്റെ ചെറിയ പുസ്തകമാണ്. പക്ഷെ, ആശയംക്കൊണ്ടു കനപ്പെട്ടതും ദർശനംകൊണ്ടു മൗലികമായതും)


സുരരാജാ തന്റെ അനുയായികളെക്കൊണ്ടു നന്നായി ലഹരി പാനം ചെയ്യിപ്പിക്കുന്നു. സുബോധം നഷ്ടമാകുന്നതുവരെ അവർ ഇതു പാനം ചെയ്യുന്നു. അനുയായികൾ എല്ലാ വിഷമതകളും മറക്കുകയും സന്തോഷിക്കുകയും ചെയ്യുക മാത്രമല്ല ആനന്ദതുന്തലിതരായ അവർ  സുരരാജയെക്കുറിച്ചു പ്രകീർത്തിക്കുകയും സുരരാജയുടെ ശത്രുക്കളെ നിഗ്രഹിക്കുകയും ചെയ്യുന്നു. സുരരാജയുടെ ഭരണാധികാരത്തെ  ചോദ്യംചെയ്യാതിരിക്കാൻ വേണ്ടിയാണ് ലഹരി പാനംചെയ്യിപ്പിച്ചത്. മദോന്മത്തരായ ഇവർ അഴിഞ്ഞാടുന്നു. വിവേചനവും മർദനവും രൂക്ഷമാകുമ്പോൾ നിയമവും സമാധാനവും അപ്രത്യക്ഷമാകുന്നു, അവർക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നു. സുരരാജയ്ക്കും ഇവരെ നിയന്ത്രിക്കാനാകുന്നില്ല. നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ  ലഹരിക്കടിമയായ ഇവർ സുരരാജയുടെ സിംഹാസനവും തട്ടിത്താഴെയിടുന്നു.  ഈ ദുരന്തം ഇന്നോ നാളെയോ സംഭവിക്കാം. വിദ്വേഷത്തിന്റെ ലഹരിയായാലും വംശീയതയുടെ ഭ്രാന്തായാലും ശരി – അമിതമായതെന്തും ഈ നിലയിലാണ് അവസാനിക്കുക. 


സുരരാജാവിന്റെ കഥയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വഭരണക്രമം പ്രവർത്തിച്ചിരുന്നത്. അനുയായികൾ മാത്രമല്ല രാജാവുതന്നെയും സമഗ്രാധികാരത്തിന്റെ ലഹരിയിലായിരുന്നു. ഇതിന്റെ പാരമ്യത്തിലായിരുന്നു 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണം. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പിന്നിട്ടതോടെ പ്രചാരണം വിദ്വേഷത്താൽ കൊഴിപ്പിക്കപ്പെട്ടു. വിദ്വേഷം മാത്രമല്ല  സ്വന്തം ജനനംപോലും ദൈവികമാണെന്നാണ് നരേന്ദ്ര മോദി തള്ളിയത്. വിദ്വേഷ പ്രത്യയശാസ്ത്രങ്ങൾക്ക് ആകസ്മികമായി സംഭവിക്കുന്നതല്ല ആത്മനിയന്ത്രണം നഷ്ടപ്പെടുകയെന്നത്. ഏതൊരു സമഗ്രാധികാരത്തിന്റെ  സഹജവാസനയാണ് അഹങ്കാരം. ഇതിന്റെ പാരമ്യതയിൽ സുബോധം നഷ്ടപ്പെടുകയാണ്.  ആത്മനിയന്ത്രണം തട്ടിതാറുമാറാക്കുമായിരുന്ന ഭരണഘടനാധിഷ്ഠിതമായ സംവിധാനത്തെ ജനാധിപത്യത്തിന്റെ ആത്മനിർഭരത തകിടംമറയാതെ പിടിച്ചുനിറുത്തിയതാണ് 2024 തിരഞ്ഞെടുപ്പിന്റെ സംഗ്രഹിത കഥ. 


അത്രകൊണ്ടു പറഞ്ഞാലും തീരുന്നതല്ല  2024 തിരഞ്ഞെടുപ്പിലെ ജനവിധിയുടെ സ്വഭാവം. 2024-ലെ  തിരഞ്ഞെടുപ്പ് ശക്തമായൊരു പ്രതിപക്ഷത്തെ പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്നു ഉദാരവാദികൾ പറയും. അതല്ല, പ്രതാപം നഷ്ടപ്പെട്ട വലതുപക്ഷത്തെ അധികാരത്തിൽത്തുടരാൻ അനുവദിക്കാതെ  അധികാരദുർവിനിയോഗത്തിനെതിരെ ഒരു പാഠം പഠിപ്പിക്കുക മാത്രമായിരുന്നുവെന്നു മധ്യവർത്തികളായ രാഷ്ട്രീയനിരീക്ഷകരുടെ കാഴ്ചപ്പാട്. കുറച്ചുകൂടി ആധികാരികമായ വീക്ഷണം നരേന്ദ്ര മോദി ഭരണത്തിന്റെ കേന്ദ്രീകരണത്തിനെതിരെയുള്ള ഫെഡറൽ ചെറുത്തുനില്പായിരുന്നുവെന്നാണ്. 2024-തിരഞ്ഞെടുപ്പ് വിധിയിൽനിന്നു പൊതുവേ അനുമാനിക്കാവുന്ന കാര്യം ബി.ജെ.പിയുടെ ഭൂരിപക്ഷാത്മക ഹിന്ദു സാംസ്‌കാരികദേശീയതയും കോർപറേറ്റ് പ്രഭുവർഗത്തിന്റെ ഇച്ഛകൾക്കനുരോധമായ ഉദാരീകരണ നയവും തിരിച്ചടി നേരിട്ടിരിക്കുന്നുവെന്നാണ്.


ബി.ജെ.പിയുടെ അഭിലാഷങ്ങളും ജനവിധിയും 


ബി.ജെ.പിക്ക് വലിയ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. നാനൂറിനടുത്തു സീറ്റുകളോടെ അധികാരത്തിൽ വരികയും ഒറ്റക്കക്ഷി  അപ്രമാദിത്വത്തോടെ ഒറ്റരാഷ്ട്രം, ഒറ്റപ്പാർട്ടി, ഒറ്റനേതാവ്, ഒറ്റഭാഷ എന്നിങ്ങനെ ഭരണഘടന തിരുത്തിയെഴുതിയും  ഹിന്ദു സമഗ്രാധികാരം വ്യവസ്ഥാപിതമാക്കുന്നതിലേക്കുള്ള അടുത്ത പ്രധാന ചുവടുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സമീപനം ഫെഡറൽഘടനയെ എന്നെന്നേക്കുമായി വിഘാതപ്പെടുത്താനാകുമെന്നതിനാൽ സമ്പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതോടെ ഇതു നടപ്പാക്കാമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പി വച്ചുപുലർത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വംശീയമായ വെറുപ്പ് പടർത്തുന്ന പ്രസംഗങ്ങൾ നടത്തവേതന്നെ ഏതാണ്ട് ഫ്യൂററെപ്പോലെ ഇന്ത്യയ്ക്കായി  (ഭാരതത്തിന്) അടുത്ത ആയിരംവർഷത്തേക്കുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. 1925-ൽ ശതാബ്‌ദി വർഷമാകാൻ പോകുന്ന ആർ.എസ്.എസിന്റെ രാഷ്ട്രസങ്കല്പത്തിന്റെ സാക്ഷാത്‍കാരം തന്നെയാകണം ഒരിക്കൽ ആർ.എസ്.എസ് പ്രചാരകനായിരുന്ന മോദി ഉദ്ദേശിച്ചിട്ടുണ്ടാവുക.


രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ ഇതര ജനാധിപത്യപാർട്ടികളിൽനിന്നു വ്യത്യസ്തമായ ഘടനയും രാഷ്ട്രസങ്കല്പവുമാണ് ബി.ജെ.പിക്കുള്ളത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കിയുള്ള ഹിന്ദു രാഷ്ട്രത്തിന്റെ നിർമിതിയാണ് പ്രധാന ലക്ഷ്യം. ഹിന്ദുരാഷ്ട്രത്തിന്റെ  ആഭ്യന്തരശത്രുക്കൾ എന്ന നിലയിൽ മുസ്ലിം ജനവിഭാഗത്തെയും ഇതര ന്യുനപക്ഷങ്ങളെയും അപരവത്കരിക്കുന്ന ദേശീയതാസങ്കല്പനവും അതിനെ ആധാരമാക്കിയുള്ള നിയമങ്ങൾ നിർമിക്കുകയും ചെയ്യുക.  കോർപറേറ്റ് മുതലാളിത്തത്തിനു പൊതുവിഭവസ്രോതസ്സുകൾ ചൂഷണത്തിനായി  തുറന്നു നല്കുകയെന്നതാണ് മറ്റൊന്ന്. ഈ രണ്ടും പ്രവർത്തനത്തെയും ഏകോപിക്കാനായി ഒരു അതികായനായ നേതാവിലേക്ക് അധികാരം കേന്ദ്രീകരിക്കുക. ഇതാണ് നരേന്ദ്ര മോദി എന്ന അതികായനായ നേതാവിന്റെ സൃഷ്ടിക്കുപിന്നിലെ രാഷ്ട്രീയചോദന.  പ്രതിഷേധങ്ങൾക്ക് തടയിടാനായി ‘ലാഭാർഥി’ എന്ന സങ്കല്പനത്തിൽ ജനങ്ങളുടെ പ്രാഥമികാവശ്യങ്ങൾ മാത്രം നിറവേറ്റുക ഈ ഭരണമാതൃകയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള  ഗുണഭോക്‌തൃരാഷ്ട്രീയം മുന്നോട്ടു വയ്ക്കുമ്പോഴും അപരവത്കരിക്കപ്പെട്ട മുസ്ലിംങ്ങളെ തീവ്ര സാമ്പത്തിക (extreme economy) വ്യവസ്ഥയിലേക്ക് പുറന്തള്ളുകയും ചെയ്യുന്നു.  


2024-ലെ തിരഞ്ഞെടുപ്പിൽ ഗുണഭോക്തൃരാഷ്ട്രീയവും സർവരുടെ വികസനവും മാത്രം പറഞ്ഞുതുടങ്ങിയ നരേന്ദ്ര മോദി രണ്ടാംഘട്ട പ്രചാരണം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിലെ കേന്ദ്ര സർക്കാർ വിരുദ്ധ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ് പച്ചയായ വർഗീയതയിലേക്ക് പ്രചരണത്തെ മാറ്റിയത്. വർഗീയവിദ്വേഷം ബി.ജെ.പിക്ക് അനുകൂലമായ ഹിന്ദു ഏകീകരണത്തിനിടയാക്കും എന്ന പ്രതീക്ഷയോടെയാണ് വിദ്വേഷത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണം കൊഴുപ്പിച്ചത്. ഇതു  തീർത്തും നിഷ്ഫലമാവുകയാണുണ്ടായത്. ഓരോ ഘട്ടം കഴിയുമ്പോഴും സർക്കാരിനെതിരെയുള്ള ജനവികാരം  കനക്കുകയായിരുന്നു ഇതിന്റെ പരിണിതഫലമാണ് അവസാനഘട്ടത്തിൽ തിരഞ്ഞെടുപ്പു നടന്ന സ്വന്തം മണ്ഡലമായ  വാരണാസിയില്‍ നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇടിഞ്ഞു താഴ്ന്നത്. 


ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബാബ്‌റി പള്ളി തകർത്ത സ്ഥലത്തു ഉന്നത നീതിപീഠത്തിന്റെ അനുവാദത്തോടെ കെട്ടിയുയർത്തിയ ശ്രീരാംലല്ല ക്ഷേത്രം. തിരഞ്ഞെടുപ്പു വർഷം പ്രമാണിച്ചു തന്നെയാണ് 2024 ജനുവരിയിൽ പ്രധാനമന്ത്രി മുഖ്യകാർമികനായി ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ട നടത്തിയത്. ഇന്ത്യയുടെ മതേതരപാരമ്പര്യത്തെ തകർത്തുകളയുന്നവിധം രാജ്യത്തിന്റെ ഭരണാധികാരി തന്നെ ക്ഷേത്രപ്രതിഷ്ട നടത്തുന്ന ചടങ്ങ് വിപുലമായിത്തന്നെ ടെലികാസ്റ്റ് ചെയ്യപ്പെട്ടു. ‘ഹിന്ദു ഹൃദയ സാമ്രാട്ട്’  എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ബിംബവത്കരണം ഇന്ത്യയിലെ എല്ലാ മതവിഭാഗത്തിലുംപെടുന്ന ജനത്തിന് അനുഭവേദ്യമാവുകയായിരുന്നു. ഡാമുകളാണ് ഇന്ത്യയുടെ ആധുനികക്ഷേത്രങ്ങൾ എന്ന പ്രഖ്യാപിച്ചുകൊണ്ടു ആധുനികഇന്ത്യയെ പ്രതീകവത്കരിച്ച ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിൽനിന്നു രാഷ്ട്രനേതാവ് മതനേതാവാകുന്ന നിലയിലേക്കുള്ള നരേന്ദ്ര മോദി നടത്തിയ പരിവർത്തനം ഭരണഘടന അടിസ്ഥാനമാക്കിയുള്ള റിപ്പബ്ളിക്ക് സങ്കല്പനത്തിനു കടുത്ത ആഘാതം ഏല്പിക്കുന്നതായിരുന്നു.


പക്ഷെ, ജനം മറിച്ചാണ് ചിന്തിക്കുന്നുണ്ടായിരുന്നത്.  അടിയന്തിരാവസ്ഥയ്ക്കുശേഷമുള്ള തിരഞ്ഞെടുപ്പിലെന്ന പോലെ താഴെത്തട്ടിലുള്ള ജനം മതരാഷ്ട്രവാദത്തെ അതിന്റെ ജന്മസ്ഥലത്തുവച്ചുതന്നെ ശക്തമായി നിരാകരിക്കുകയായിരുന്നു. അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫൈസാബാദ് ലോക് സഭാ (സംവരണേതര) മണ്ഡലത്തിൽ സമാജ് വാദി  പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച  ദളിതനായ അവദേശ് പ്രസാദ് 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവിടത്തെ സിറ്റിംഗ് എം.പിയായ ബി.ജെ.പിയുടെ സവർണനായ സ്ഥാനാർഥി ലല്ലു സിംഗിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽനിന്നു ബി.ജെ.പിയും സംഘ്പരിവാറും നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി.നദ്ദയും യോഗി ആദിത്യനാഥും സമീപകാലത്തൊന്നും മുക്തരാകാൻ പോകുന്നില്ല. റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ ജയവും അമേത്തി മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.എൽ.ശർമ ജയിച്ചതും ആഘാതത്തെ കൂടുതൽ കനമുള്ളതാക്കി. ഉത്തർപ്രദേശിൽ ജനറൽ സീറ്റിൽ അഞ്ചിടത്താണ് എസ്.പിയുടെ ദളിത് സ്ഥാനാർഥികൾ വിജയിച്ചുകയറിയത്. ജനാധിപത്യത്തെ ജനംതന്നെ സംരക്ഷിക്കുമെന്നതിന്റെ ആവേശമുണർത്തുന്ന സന്ദേശമായിരുന്നു ഇത്. 


2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച 303 സീറ്റിൽ നിന്നു 240 ലേക്കുള്ള പതനം ജനം രണ്ടാം തവണ നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ നിരാകരിച്ചു എന്നാണ് കാണിക്കുന്നത്. രണ്ടാം തവണ വന്നപ്പോഴാണ് പൗരത്വഭേദഗതി നടപ്പാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. മോദി സർക്കാരിന്റെ കർഷകനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ ജനസഞ്ചയത്തിന്റെ അലകൾ പ്രതിപക്ഷരാഷ്ട്രീയത്തിനു ഊർജം പകരുന്നതായിരുന്നു. ഫെഡറൽ ഘടനയെ തകർക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളെ ഞെരുക്കിയതിന്റെ പ്രതിഷേധം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ശക്തമായുണ്ടായിരുന്നു. മുസ്ലിംവിരുദ്ധ നയങ്ങൾക്കതിരെയുള്ള എതിർപ്പ് വ്യാപകമായും പ്രകടമായിരുന്നു. രാഷ്ട്രീയമായ അദൃശ്യവത്കരിക്കപ്പെട്ട മുസ്ലിംജനതയുടെ ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്കുള്ള തിരിച്ചുവരവു കൂടിയാകുന്നു 2024- തിരഞ്ഞെടുപ്പിലെ വോട്ടിങ്  പാറ്റേൺ. ഹിന്ദുജനസംഖ്യയിലെ പിന്നാക്കക്കാരും ഇടനിലവിഭാഗങ്ങളും മുസ്ലിം ന്യുനപക്ഷവും വോട്ടിങ്ങിൽ സവിശേഷമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമാണ് ജനവിധി ബി.ജെ.പിക്ക് പ്രതികൂലമായത്. ഇത് പ്രതിപക്ഷരാഷ്ട്രീയത്തിനുള്ള വലിയ ഗുണപാഠവുമാണ്. 


ഇതോടെ, ഇന്ത്യൻ രാഷ്ട്രീയം മതേതരത്വത്തെയും സാമൂഹികനീതിരാഷ്ട്രീയത്തെയും  വീണ്ടും പുല്കിയിരിക്കുന്നുവെന്നും ഇതു വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്നുമുള്ള അനുമാനത്തിലേക്കെത്താനുള്ള അഭിലാഷം ജനവിധി പ്രകടമാക്കുന്നുവെങ്കിലും ബഹുകക്ഷി ജനാധിപത്യത്തിൽ ഏറ്റവും ആവശ്യം വേണ്ട സംഗതിയായ സ്വയം ജാഗ്രത (self cautioning) ജനാധിപത്യവാദികൾ അവലംബിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുന്നണിയുടെ രൂപീകരണവും ഒരുമിച്ചുനിന്നു പോരാടാനുള്ള തീരുമാനവും ദിശാമാറ്റത്തിനു മുഖ്യകാരണമായെങ്കിലും ബി.ജെ.പിയെപ്പോലുള്ള രാഷ്ട്രീയപ്പാർട്ടിയെ തിരഞ്ഞെടുപ്പിൽ നേരിടുക ഏറെ ബദ്ധശ്രദ്ധ ആവശ്യപ്പെടുന്ന പ്രവർത്തനമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യന്ത്രം സദാപ്രവർത്തനക്ഷമമാണ്. രാഷ്ട്രീയപ്പാർട്ടിക്ക് പുറമെ അനേക സംഘടനകളിലൂടെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. സാമ്പത്തികശേഷിയുടെ കാര്യത്തിൽ മറ്റൊരു പാർട്ടിയും അടുത്തുവരില്ല. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുള്ള ബി.ജെ.പിയുടെ പ്രവർത്തനം അഭംഗുരം തുടരുന്നു എന്നുമാത്രമല്ല ബി.ജെ.പിക്കുള്ളത്  ദീർഘകാലപദ്ധതിയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണിത്. 


അധികാരത്തിൽനിന്നു പോയാലും അത് താത്കാലികമായിരിക്കണമെന്നും മതറിപ്പബ്ളിക്ക് സ്ഥാപനമാണ് ആത്യന്തികലക്‌ഷ്യമെന്ന നിലയിലുള്ള സൂക്ഷ്മപ്രവർത്തനമാണ് ഹിന്ദുത്വവാദ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കാൻ അത്രതന്നെ ശേഷിയുള്ള പ്രവർത്തനം അനിവാര്യമാകുന്നു. കെട്ടുകഥകൾ നിർമിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലതുപക്ഷത്തിന്റെ മേൽകൈ അത്ര ശക്തമാണ്. ഇതിനെതിരെയുള്ള താത്കാലിക പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നിരർഥകമായേക്കും.  നെഗറ്റിവ് പബ്ലിസിറ്റിപോലും വളർച്ചയ്ക്കുള്ള സാധ്യതയായാണ് ബി.ജെ. പി കാണുന്നത്. ഗണപതിവട്ടം എന്ന നാമം സുൽത്താൻ ബത്തേരിക്ക് പകരമായി ഉപയോഗിച്ചത് വെറും വിഡ്ഢിത്തമായി കണ്ടു ട്രോളുകളിലൂടെ പരിഹസിച്ചുവിടാമെന്ന ധാരണ തിരുത്തേണ്ടതാണ്. വളരെ കൃത്യമായ ഉദ്ദേശ്യത്തോടെയാണ് സ്ഥലനാമകരണത്തെപ്പറ്റി പറയുന്നത്. ഹിന്ദുവിശ്വാസികളുടെ മനസ്സുകളിലേക്ക് പ്രവേശിക്കാനും നിരന്തരമായ ഭാഷണക്രിയകളിലൂടെ ഹിന്ദുത്വകെട്ടുകഥകളിലേക്കും അവർ പ്രതിനിധാനംചെയ്യുന്ന പ്രമാണങ്ങളിലേക്കാകർഷിക്കാനുമുള്ള പരിശ്രമമാണ് നിറുത്താതെ തുടരുന്നത്. സ്വകാര്യ സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണങ്ങൾ ഫലത്തായി നടത്തുന്നത് വലതുപക്ഷമാണ്. ഇത് കേന്ദ്രിതവും അതേസമയം  വികേന്ദ്രിതവുമാണ്. 


ഗുജറാത്തിൽ ബി.ജെ.പി അധികാരം സ്ഥാപിക്കുന്നത് നീണ്ട പരിശ്രമങ്ങളിലൂടെയാണ്. സമൂഹമാധ്യമങ്ങളില്ലാതിരുന്ന കാലത്തു വ്യക്തിഗത പ്രചാരണോപാധികൾ നിരന്തരം ഉപയോഗപ്പെടുത്തിയാണ് മുസ്ലിംവിരുദ്ധത സംസ്കാരിക അനുഭവമാക്കി പരിവർത്തനം ചെയ്തത്. ഈ അനുഭവപാഠം മനസ്സിലാക്കേണ്ടതുണ്ട്. ആചാര്യന്മാരെയും ഗുരുക്കന്മാരെയും സ്വംശീകരിച്ചുകൊണ്ടും ഹിന്ദു ഇരവാദം ഉയർത്തിയുമാണ് ഹിന്ദുത്വ ആഖ്യാനത്തിനു ബോധമണ്ഡലം കീഴടക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത്. ഇതിനു സഹായകമാകുന്ന വിരുദ്ധാശയങ്ങളെയും ഹിന്ദുത്വ ഉപയോഗപ്പെടുത്തുന്നു. ചലച്ചിത്രം എന്ന നിലയ്ക്കുള്ള “കേരള സ്റ്റോറി” നിങ്ങൾക്ക് കാണാതിരിക്കാനും കാണാതിരിക്കാൻ പ്രേരിപ്പിക്കാനും അവകാശമുണ്ട്.  എന്നാൽ, നിരവധി ഹൃസ്വദൃശ്യാഖ്യാനങ്ങളിലൂടെ “കേരള സ്റ്റോറികൾ” സ്വകാര്യ സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത് തടയുക എളുപ്പവും പ്രയോഗികവുമല്ല. നവമാധ്യമ സാക്ഷരതയും  രാഷ്ട്രീയം നിർധാരണംചെയ്യാനുള്ള പൗരന്മാരുടെ കഴിവും വർധിപ്പിക്കാനുള്ള സിവിൽസമൂഹതലത്തിലെ രാഷ്ട്രീയവിദ്യാഭ്യാസ പ്രവർത്തനം അവധാനതയോടെ നടത്താൻ സാധിക്കേണ്ടതുണ്ട്. മുഖ്യധാര ഇടതുപക്ഷത്തിലെ ചിലർ ചെയ്യുന്നതുപോലെ വെറിപിടിച്ചെന്നവണ്ണം ആക്രമോത്സുകമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുകയല്ല വേണ്ടത് . 


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി 


അരക്ഷിതനായ സമഗ്രാധികാരി ജനത്തെ കൂടുതൽ ഭീതിപ്പെടുത്താനാണ്  ശ്രമിക്കുക. അയാളുടെ കൈയിലെ ഏകായുധം അതുമാത്രമാണ്. ജനം ഭയനിവാരണം നേടുന്നതോടെ ജനാധിപത്യം ആത്മനിർഭരമാകും. സമഗ്രാധികാരികൾക്കും ഏകാധിപത്യ പ്രവണതകളുള്ള ചെറുതുംവലുതുമായ ഭരണാധികാരികൾക്ക് അതിരുകടന്ന ആത്മരതിയാണ്. ഏതാണ്ട് രോഗാതുരമായ അവസ്ഥയിൽ അവനവനെക്കുറിച്ചുള്ള അമിതവിശ്വാസവും (malignant narcissism) ചുറ്റും ശത്രുക്കളാണുള്ളതെന്ന തോന്നലും (paranoia) ഇതിനുസഹജമായി വരുന്നതാണ്. അരക്ഷിതാവസ്ഥയും (insecurity) വർധിക്കും. യുക്തിവിചാരത്തെയും സാമാന്യബോധത്തെയും വൃദ്ധിക്ഷയമാക്കും. സമഗ്രാധികാരികളുടെ വ്യക്തിത്വസവിശേഷത അവർക്കുതന്നെ പാരയാകും. (മലയാള ബുദ്ധിജീവികളിലും എഴുത്തുകാരിലും ഏറിയുംകുറഞ്ഞുമായി  ഈ രോഗാതുരത പ്രകടമാണ്). ഈ രോഗാതുര വ്യക്തിത്വസവിശേഷതയുടെ ഫലമായി തോൽവി എന്നത് അവർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുകയില്ല. യാഥാർഥ്യത്തോടു നിസ്സംഗമാണ് അവരുടെ മനസ്സ്. എന്നാൽ, അരക്ഷിതത്വബോധം അവരെ കൂടുതൽ പരാക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. 2024 തിരഞ്ഞെടുപ്പ് വിധി കൃത്യമായിരുന്നു. ജനവിധി നിരാകരണത്തിന്റേതായിരുന്നു. ശതമാനക്കണക്കുകൾ ഒരുവേള പരാജയത്തിന്റെ ആഴം കാണിച്ചുതരുന്നില്ല എന്നതു ശരിയാണെങ്കിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതും പ്രധാനമന്ത്രിയുടെ വ്യക്തിഗത ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും ജനവിധി പ്രതികൂലമായിരുന്നുവെന്നു തന്നെയാണ്.


എങ്കിലും പിന്നോട്ടടി അംഗീകരിക്കാൻ തയാറാകാത്തതുകൊണ്ടാണ് മാൻഡേറ്റിനുവിരുദ്ധമായി മന്ത്രിസഭയിൽ പ്രത്യേകിച്ചൊരു മാറ്റവും കൊണ്ടുവരാതിരുന്നത്. വൻഭൂരിപക്ഷത്തോടെയാണ് മോദി സർക്കാർ തിരിച്ചുവന്നിരുന്നതെങ്കിൽ മന്ത്രിസഭാഘടന ഇപ്രകാരമാകുമായിരുന്നില്ല. കൂടുതൽ കേന്ദ്രീകരണമുള്ള മന്ത്രിസഭയാകുമായിരുന്നു അധികാരത്തിലേറിയിട്ടുണ്ടാവുക. മാൻഡേറ്റിനെ മാനിക്കാതെ മന്ത്രിസഭയുടെ തുടർച്ച ജനവിധിയോടുള്ള നിഷേധാത്മക സമീപനത്തിന്റെ പ്രകടനമാണ്. മാത്രമല്ല, ഭീതിപ്പെടുത്തുക എന്ന തന്ത്രം തുടരുന്നുവെന്നു കാണിക്കാൻ വേണ്ടിയാണ് അരുന്ധതി റോയ്‌ക്കെതിരെ 2010-ലെ കേസിൽ യു.എ.പി.എ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ സെക്കുലർചിന്തകവർഗം ബി.ജെ.പിക്കെതിരെ സ്വന്തംനിലയിൽ അവരുടേതായ മാധ്യമങ്ങളിലൂടെ പ്രചരണകർമം നിർവഹിച്ചിരുന്നു. ഏറക്കുറെ ഫലപ്രദമാവുകയും ചെയ്തു ഈ പ്രചാരണം. ഇന്ത്യയിൽ ഭരണഘടനാധിഷ്ഠിത സെക്കുലർ ദേശീയതയോട് അനുഭാവം പുലർത്തുന്ന ചിന്തകവർഗത്തെ ഭീതിപ്പെടുത്തുക എന്ന ഉദ്ദേശ്യവും അരുന്ധതി റോയിക്കെതിരെയുള്ള നീക്കത്തിൽ കാണാം.


ജനാധിപത്യത്തിന്റെ പുനരുത്ഥാനത്തോടെ മാധ്യമങ്ങൾ അവരെ ഗ്രസിച്ചിരുന്ന ഭയത്തെ നീക്കിക്കളഞ്ഞു മാധ്യമപ്രവർത്തനത്തിന്റെ യഥാർഥ ധർമത്തിലേക്ക്  മടങ്ങുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാൽ, മടിത്തട്ടുമാധ്യമങ്ങൾ പഴയതുതന്നെ വീണ്ടും പാടിക്കൊണ്ടിരിക്കും. വിമർശനബോധം മാധ്യമങ്ങൾ തിരിച്ചുപിടിച്ചാൽ സമഗ്രാധികാരസർക്കാരുകൾക്കും അവരുടെ കോർപറേറ്റ് ഗുണഭോക്താക്കൾക്കും  വലിയ തലവേദന സൃഷ്ടിക്കും. ഒരുവിധത്തിലുമുള്ള അക്കൗണ്ടബിലിറ്റിക്ക് വിധേയമല്ല എന്നതാണ് ഏകാധിപതികളുടെയും ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികളുടെയും പൊതു പ്രത്യേകത. കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിലെ പിണറായി സർക്കാരിനെതിരെയുള്ള ജനനീതീയുടെ പൊരുൾ കേരളത്തിലെ എൽ.ഡി.എഫ് മുഖ്യമന്ത്രിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യമാർഗങ്ങളെ അവലംബിച്ചുക്കൊണ്ടുള്ള ജനത്തിന്റെ പ്രതികരണങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമായ മനസ്സില്ലാത്തത് രാഷ്ട്രീയവ്യക്തിത്വ സവിശേഷതയുടെ ശീലമാണ്. ആ ശീലം മാറ്റുക എളുപ്പവുമല്ല.


പഴയ സർക്കാരിന്റെ ആവർത്തനം മുസ്ലിം പ്രതിനിധാനരാഹിത്യത്തിലൂടെയും കേന്ദ്രസർക്കാർ പ്രകടമാക്കുന്നു.  തിരഞ്ഞെടുപ്പുവിധി മാനിക്കാതെ ഹിന്ദുത്വനയങ്ങൾതന്നെ നടപ്പാക്കപ്പെടും എന്നുതന്നെയാണ്. എന്നാൽ, പ്രായോഗികമായി ഇതസാധ്യവുമാണ്. സർക്കാരിനെ താങ്ങിനിറുത്തുന്ന രണ്ടുകക്ഷികളും അവസരവാദരാഷ്ട്രീയത്തിന്റെ മകുടോദാഹരണങ്ങളാണെങ്കിലും അവരുടെ അവസരവാദം എപ്പോൾ വേണമെങ്കിലും കേന്ദ്രസർക്കാരിനെ താഴേക്ക് വലിച്ചിടാൻപറ്റുന്നതാണ്. രണ്ടരവർഷം മാത്രമാണ്  മൂന്നാമത് അധികാരത്തിൽവന്ന സർക്കാരിന്റെ ആയുസ്സായി പലരും പ്രവചിക്കുന്നത്. സഖ്യകക്ഷി ഭരണമാണ് നടത്തുന്നെതെങ്കിലും കേന്ദ്രീകരണം പൂർണമായും ഒഴിവാക്കുന്നത് നരേന്ദ്ര മോദി-അമിത് ഷാ അച്ചുതണ്ടിന് അസാധ്യമായിരിക്കും. ഫെഡറൽരാഷ്ട്രീയത്തിന്റെ സന്തതികളാണ് ജെ.ഡി.യുവും തെലുഗുദേശം പാർട്ടിയും. മാത്രമല്ല, ആശയപരമായി ഇന്ത്യ മുന്നണിയുമായാണ് കൂടുതലും യോജിക്കാൻ അവർക്ക് സാധിക്കുക. ആത്യന്തികമായി ബീഹാറിലും ആന്ധ്രയിലും മുഖ്യകക്ഷിയായി അധികാരത്തിൽ വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടാവുക. അവസരവാദപരമായ നിലനില്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സഖ്യം മുന്നോട്ടു പോകുന്നത്. മുഖ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നതോടെ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാനും വിള്ളലുകൾ വീഴാനും സാധ്യതയുണ്ട്. 


ശക്തമായ പ്രതിപക്ഷസാന്നിധ്യം സർക്കാരിന്റെ കേന്ദ്രീകരണ പ്രവണതക്കെതിരെയുള്ള പ്രതിരോധമാകുന്നു. തട്ടിക്കൂട്ടപ്പെട്ട സഖ്യമല്ല എന്ന പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പേ രൂപീകൃതമായതാണ്. ജനാധിപത്യത്തെ വീണ്ടെടുക്കുക, അസ്തിത്വം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത്. ഇന്ത്യ മുന്നണിയിൽ ചേരാൻ വിസമ്മതിച്ച ബി.ജെ.ഡി പോലുള്ള രാഷ്ട്രീയപ്പാർട്ടി അവരുടെ കോട്ടയായ ഒഡീഷയിൽ പരാജയപ്പെടുന്നതു കണ്ടതുമാണ്. കോൺഗ്രസ്സിന്റെ അംഗസംഖ്യയെ ചൂണ്ടിക്കാണിച്ചുകൊണ്ടു ബി.ജെ.പി ഉയർത്തുന്ന ഒരു വാദം 100/543 എന്നാണ് ബി ജെ പി 240/543 -ൽ എന്നും. യഥാർഥത്തിൽ, 2019 -ലെ 52 -ൽനിന്നാണ് 100 ലേക്ക് കോൺഗ്രസ്സ് മുന്നേറുന്നത് ബി.ജെ.പിയാകട്ടെ  303-ൽനിന്നു 240-ലേക്കും. ഈ ഉയർച്ചയും വീഴ്ച്ചയും 2024-ലെ മാൻഡേറ്റിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നു. 2024-തിരഞ്ഞെടുപ്പുവിധിയെ വിലയിരുത്തിക്കൊണ്ടു പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ  നീരിക്ഷിക്കുന്നത് ബി.ജെ.പി ഒറ്റയ്ക്കല്ല മത്സരിച്ചത് എന്നാണ്. മണി (പണം), മീഡിയ, ഇ.ഡി, ഐ.റ്റിയുമാണ് ബി.ജെ.പിയ്‌ക്കൊപ്പം ഉണ്ടായിരുന്നത് . ഇതിനുപുറമെ കോർപറേറ്റ് പിന്തുണയും ആർ.എസ്.എസിന്റെ താഴെത്തട്ടിലെ പ്രവർത്തനവും. സുസംഘടിതമായി പ്രവർത്തിച്ചിട്ടും പിന്നോട്ടടി നേരിടേണ്ടിവന്നു. മുന്നണി സമവാക്യത്തിൽ ജെ.ഡി.യുവും ടി.ഡി.പിയും മോദിയുടെ പതിവുശൈലിയിലെ ഭരണനിർവഹണം എളുപ്പമാക്കില്ല എന്നു നീരീക്ഷിക്കപ്പെടുന്നു. എന്നാൽ, ബി.ജെ.പി, ജെ.ഡി.യുവിന്റേയും തെലുഗുദേശത്തിന്റെയും പ്രാദേശിക അഭിലാഷങ്ങളെ അംഗീകരിക്കാതെയാകും ഭരണം നിർവഹിക്കാൻ പോകുന്നത്. മന്ത്രിസഭയുടെ ഘടന സൂചിപ്പിക്കുന്നത് ഇതാണ്. സ്പീക്കറുടെ തിരഞ്ഞെടുപ്പോടെ ഈക്കാര്യത്തിൽ വ്യക്തതയുണ്ടാകും.


ജനവിധി ആശ്വാസകരമായിരിക്കെത്തന്നെ ജനാധിപത്യം പൂത്തുലഞ്ഞിരിക്കുന്നുവെന്നാരും പറയുകയില്ല. പുതുക്കിയ ക്രിമിനൽനിയമം ജൂലൈ മുതൽ നടപ്പാക്കാൻ പോവുകയാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ സുപ്രധാന അജണ്ടകൾ പലതും നടപ്പാക്കാനുണ്ട്. ഏകീകൃത സിവിൽനിയമം ഇതിലൊന്നാണ്. ശക്തമായ പ്രതിപക്ഷം ഇതിലെന്തു സമീപനം സ്വീകരിക്കുമെന്നറിയാനുണ്ട്. എതിർക്കുമോ അതോ വോട്ടെടുപ്പിൽനിന്നു മാറിനിന്നു യു.സി.സിക്ക് അംഗീകാരം നല്കുമോ? പ്രതിപക്ഷം അതിന്റെ ബി.ജെ.പി വിരുദ്ധ ഐഡൻറ്റിറ്റി നിലനിർത്തുമോ? ബി.ജെ.പി സംസ്ഥാനതലത്തിൽ കണ്ടതുപോലെ പാർട്ടികളെ പിളർത്തിയും എം.പിമാരെ പണംകൊടുത്തു വാങ്ങിയും മാൻഡേറ്റിനെ അട്ടിമറിക്കുമോ? കൂടുതൽ ഘടകകക്ഷികളെ എൻ.ഡി.എ പക്ഷത്തേക്ക് കൊണ്ടുവരുമോ? അതോ, അരവിന്ദ് കെജ്‌രിവാൾ സൂചിപ്പിച്ചവിധം എഴുപത്തിയഞ്ചു വയസ്സ് തികയുന്നതോടെ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമൊഴിയുമോ? ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ടുതന്നെ അധികാരമേറ്റ സർക്കാരിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള സംശയങ്ങൾ പലതലത്തിൽനിന്നും ഉയരുന്നുണ്ട്. 2024 ജനവിധി-ജനാധിപത്യത്തിന്റെ ആത്മനിർഭരത സംരക്ഷിച്ചുവെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിനുമുമ്പാകെ ഒട്ടേറെ പ്രശ്നങ്ങളും മുന്നോട്ടുവച്ചിരിക്കുന്നു. ഒരുപക്ഷേ, ഭരണഘടനാധിഷ്ടിത ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ഭാവിയിലേക്കുള്ള ചുവടുവയ്പായും ഇതു പരിവർത്തനപ്പെടാം.