മങ്ങുന്ന അപ്രമാദിത്വം –  പ്രഫ.എം.പി.മത്തായി

മങ്ങുന്ന അപ്രമാദിത്വം –  പ്രഫ.എം.പി.മത്തായി

ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരത്തിന്റെ യഥാർഥ സ്രോതസ്സും പരമാധികാരികളും എന്ന സത്യം മറക്കരുത് എന്ന് അധികാരപ്രമത്തരായ രാഷ്ട്രീയക്കാരെ ജനങ്ങൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾ അവഗണിച്ച്, സമ്പന്നരുടെ താത്പര്യസംരക്ഷണത്തിന് മുൻഗണന നല്കുന്ന ഭരണാധികാരികളെ ജനങ്ങൾ നിലയ്ക്കുനിറുത്തുകതന്നെ ചെയ്യും. പതിനെട്ടാം ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന്റെ പ്രത്യവലോകനം, പ്രത്യാശ


ഒരു ഭരണമാറ്റത്തിലേക്ക് നയിച്ചില്ലെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് സുപ്രധാനമായ രാഷ്ട്രീയ-സാമുഹിക സൂചനകൾകൊണ്ട് ശ്രദ്ധേയമാണ് പതിനെട്ടാം പൊതുതിരഞ്ഞെടുപ്പുഫലം. ഈ തിരഞ്ഞെടുപ്പുഫലം അർഥശങ്കയ്ക്കിടയില്ലാത്തവിധം നമ്മോട് പറയുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും അട്ടിമറിക്കാൻ ഇന്ത്യൻജനത ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ഈ മൂല്യങ്ങൾക്ക് കഴിഞ്ഞനാളുകളിലേറ്റ ക്ഷതങ്ങൾ സുഖപ്പെടുത്തി ഇന്ത്യയെ യഥാർഥ ജനാധിപത്യരാഷ്ട്രമായി വീണ്ടെടുക്കണം എന്നുമാണ്.


തിരഞ്ഞെടുപ്പുഫലം വിശകലനംചെയ്യുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് കഴിഞ്ഞ പത്തുവർഷം ഭരിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഗവണ്മെന്റ് പിന്തുടർന്ന നയസമീപനങ്ങളാണ്. കാരണം, മുഖ്യമായും കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങളും, ഭരണശൈലിയും ഉയർത്തിക്കാട്ടി, ഇന്ത്യയിൽ ഇന്നുകാണുന്ന മുഴുവൻ പുരോഗതിയും ഈ കാലയളവിലെ ഭരണനേട്ടമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് എൻ.ഡി.എ സഖ്യം തുടർഭരണത്തിന് ജനസമ്മതി തേടിയത്. വേർതിരിക്കാനാവാത്തവിധം ഇതിനോട് ഇഴചേർന്നുകിടക്കുന്ന മറ്റൊരു ഘടകമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ സ്വഭാവം.  അതും പരിശോധിക്കേണ്ടതുണ്ട്.


ഇതോടൊപ്പം,തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾ അവതരിപ്പിച്ച രാഷ്ട്രീയ ആഖ്യാനങ്ങളും – നരറ്റീവ്സ് – സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമുണ്ട്. കാരണം, മേൽസൂചിപ്പിച്ച ഘടകങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോഴാണ് തിരഞ്ഞെടുപ്പുഫലം നല്കുന്ന സൂചനകളുടെ പ്രസക്തിയും ഭവിഷ്യോന്മുഖതയും വ്യക്തമാകുന്നത്. അതുകൊണ്ട് അത്തരം ഒരു പരിശോധന അനിവാര്യമായിത്തീരുന്നു.


2014 – 2024 : മതനിരപേക്ഷ ജനാധിപത്യത്തിൽനിന്ന് മാതാധിഷ്ഠിത സർവാധിപത്യത്തിലേക്ക്


2014 മുതൽ കഴിഞ്ഞ പത്തുവർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച നരേന്ദ്ര മോദി ഗവണ്മെന്റ് പിന്തുടർന്ന ഭരണരീതി, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ  ഇതഃപര്യന്തമുള്ള ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം, രാഷ്ട്രീയ-സാമ്പത്തിക അധികാരങ്ങളുടെ സ്വേഛാധിപത്യപരമായ കേന്ദ്രീകരണത്തിന്റേതായിരുന്നു. ജനാധിപത്യ കീഴ്‌വഴക്കങ്ങളെയും, മര്യാദകളെയും ക്രമാനുഗതമായി അട്ടിമറിച്ച്, ഇവിടെ ഒരു ഹിന്ദുത്വാധിഷ്ഠിത സർവാധിപത്യ ഭരണക്രമം സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടന്നത്. ഉദാഹരണങ്ങൾ അനവധിയാണ്. സുപ്രധാനമായ ചിലതു മാത്രം എടുത്തുപറയാം.


ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ ശ്രീകോവിലായി വാഴ്ത്തപ്പെടുന്ന പാർലമെന്റിനെ മോദി, അദ്ദേഹത്തിന്റെ അധികാരകാലത്ത്, വെറും നോക്കുകുത്തിയാക്കി മാറ്റി. പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാകുന്നതും, ചർച്ചകളിൽ പങ്കെടുക്കുന്നതും തന്നിഷ്ടപ്രകാരമാക്കി. സുപ്രധാന ദേശീയപ്രശ്നങ്ങൾ ചർച്ചയ്ക്കെടുത്തപ്പോൾപ്പോലും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.  പ്രധാനമന്ത്രിയുടെ സാന്നിധ്യമാവശ്യപ്പെട്ട് മുറവിളികൂട്ടിയ പ്രതിപക്ഷത്തെ സഹമന്ത്രിമാരെ നിയോഗിച്ച് പരിഹസിക്കുന്നതിനാണ് പാർലമെന്റ് സാക്ഷ്യംവഹിച്ചത്. പ്രധാനമന്ത്രി പാർലമെന്റിൽ ചെയ്ത പല  പ്രസംഗങ്ങളിലും പ്രതിപക്ഷത്തെ ഇന്ത്യാവിരുദ്ധരും പാകിസ്ഥാൻ അനുകൂലികളുമെന്ന് മുദ്രകുത്തി  അപഹസിച്ചു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കു നേരെ നിന്ദ്യമായ പരിഹാസം ചൊരിഞ്ഞു. അത്തരം സന്ദർഭങ്ങളിൽ പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താൻ ഭരണകക്ഷി അംഗങ്ങൾ, ഹിറ്റ്ലറുടെ ബുണ്ടസ്റ്റാഗ് പ്രസംഗങ്ങളെ ഓർമപ്പെടുത്തുംവിധം,  ഡെസ്കിലടിക്കുകയും ഹർഷാരവം മുഴക്കുകയും ചെയ്തുപോന്നു. അങ്ങനെ പാർലമെന്റ് സമ്മേളങ്ങളുടെ അന്തസ്സ് തകർത്ത്, അവയെ വെറും തെരുവുരാഷ്ട്രീയ സമ്മേളനങ്ങളുടെ നിലവാരത്തിലേക്ക് അധഃപതിപ്പിച്ചു. കീഴ്‌വഴക്കങ്ങൾ ലംഘിച്ച്, ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നത് പതിവാക്കി. ഭരണകൂടത്തെ, പ്രത്യേകിച്ചും പ്രധാനമന്ത്രിയെ, നിശിതമായി വിമർശിക്കുന്ന അംഗങ്ങളെ  അവഹേളിക്കുക മാത്രമല്ല  അവരെ നിയമവിരുദ്ധമായി അയോഗ്യരാക്കി അവരുടെ അംഗത്വം റദ്ദാക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെയും മഹുവാ മൊയ്‌ത്രയുടെയും അനുഭവങ്ങൾ ഓർക്കുക.


പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയുടെ ചിട്ടവട്ടത്തോടെയാണല്ലോ നിർവഹിക്കപ്പെട്ടത്. മുഖ്യപൂജാരി നരേന്ദ്ര മോദി തന്നെ. ചടങ്ങിലേക്ക് ഇന്ത്യൻ പ്രസിഡന്റിനെ ക്ഷണിച്ചതുപോലുമില്ല. (ഇത് വംശീയ വിവേചനമാണെന്നുപോലും വിമർശനമുണ്ടായി.) പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ‘ശ്രീകോവിലിൽ’ രാജഭരണ ചിഹ്നമായ “ചെങ്കോൽ”സ്ഥാപിച്ചതും മോദിയാണ്. ഇതുവഴി പുതിയ ഇന്ത്യയുടെ ചക്രവർത്തിയാണ് താൻ എന്ന് ഭംഗ്യന്തരേണ പ്രഖ്യാപിക്കുവാനാണ് മോദി ശ്രമിച്ചത് എന്ന വിമർശനമുണ്ടായി. ഈ വിമർശനത്തോട് യോജിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ് : ഒരു മതനിരപേക്ഷ ജനാധിപത്യക്രമത്തിൽ ഒരിക്കലും സംഭവിക്കാനും, അംഗീകരിക്കപ്പെടാനും പാടില്ലാത്ത ജനാധിപത്യവിരുദ്ധവും, ചപലവുമായ നടപടികളാണവ.


പത്തുവർഷത്തെ ഭരണകാലത്ത് രാഷ്ട്രീയധാർമികതയെയും സദാചാരത്തെയും നഗ്നമായി ലംഘിക്കുന്ന മറ്റു നിരവധി നടപടികളും മോദിസർക്കാർ സ്വീകരിക്കുകയുണ്ടായി. നീതിന്യായവ്യവസ്ഥയെയും, ഇലക്ഷൻ കമ്മീഷനെയും, പൗരാവകാശ സംരക്ഷണം ഉറപ്പുവരുത്താൻ ചുമതലപ്പെട്ട സർക്കാർ ഏജൻസികളെയും രാഷ്ട്രീയവത്കരിച്ച് അവയുടെ നിക്ഷ്പക്ഷത ഇല്ലാതാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷി നേതാക്കളെ  വേട്ടയാടി. പലരെയും  ജയിലിലടച്ചു. സാമ്പത്തിക അഴിമതി ആരോപിച്ച് പ്രതിപക്ഷ കക്ഷികളിലെ പല നേതാക്കളെയും കേസിൽ കുടുക്കിയും, അറസ്റ്റ് ചെയ്യിച്ചും സമ്മർദത്തിലാക്കി.  അവരിൽ പലരെയും ഭരണ കക്ഷിയിലേക്ക് കൂറുമാറാൻ നിർബന്ധിച്ചു. ഭീഷണിക്കുവഴങ്ങി കൂറുമാറിക്കഴിയുമ്പോൾ പ്രതിഫലമായി  അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുകയും, അവർക്ക് അധികാരസ്ഥാനങ്ങൾ നല്കുകയും ചെയ്തു. അങ്ങനെ, കാലുമാറ്റത്തിനു വമ്പിച്ച പ്രോത്സാഹനം നല്കി. തത്ഫലമായി ബി.ജെ.പി “രാഷ്ട്രീയ അലക്കുയന്ത്രം” എന്ന കുപ്രസിദ്ധി നേടുകപോലും ചെയ്തല്ലോ.


മന്ത്രിമാർ അധികാരമേൽക്കുമ്പോൾ ചെയ്യുന്ന സത്യപ്രതിജ്ഞ നിയമപരമായും, ധാർമികമായും അലംഘനീയമാണെന്നും, അതു പൂർണമായും പാലിക്കപ്പെടണം എന്നുമാണ് സങ്കല്പം. പ്രതിജ്ഞയുടെ അവസാന ഭാഗം ഇപ്രകാരമാണല്ലോ: “…… ഭരണഘടനയും, നിയമവുമനുസരിച്ച് ഭീതിയോ, പക്ഷപാതമോ, പ്രീതിയോ, വിദ്വേഷമോ കൂടാതെ, എല്ലാത്തരത്തിലുമുള്ള ജനങ്ങൾക്കും നീതി ചെയ്യുമെന്നും… പ്രതിജ്ഞ ചെയ്യുന്നു.”  ഇതനുസരിച്ച് എല്ലാവിഭാഗം ജനങ്ങളെയും സമഭാവത്തോടെ കാണാൻ രാഷ്ട്രീയ അധികാരികൾ ഭരണഘടനാപരമായി ബാധ്യസ്ഥരാണ്. ആരോടും ഒരു തരത്തിലുള്ള വിവേചനമോ, പക്ഷപാതമോ പാടില്ല. എന്നാൽ, മോദിഭരണത്തിൽ ഈ പ്രതിജ്ഞ പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല, നഗ്നമായി ലംഘിക്കപ്പെടുകയാണുണ്ടായത്. ഭരണകൂട പിന്തുണയോടെ ആസൂത്രിതമായി ഹിന്ദുപ്രീണനവും, ന്യൂനപക്ഷ വിദ്വേഷപ്രചരണവും, പീഡനവും നടന്നു. ന്യൂനപക്ഷവിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, രാജ്യദ്രോഹികളും, മതതീവ്രവാദികളും, ഭീകരവാദികളുമായി  സ്റ്റീരിയൊടൈപ് ചെയ്ത് അന്യവത്കരിച്ചു. തെമ്മാടികളായ ഹിന്ദുത്വതീവ്രവാദികളെ കയറൂരിവിട്ട്  മുസ്ലിങ്ങളെയും, ക്രിസ്ത്യാനികളെയും,  ദളിതരെയും ഭീഷണിപ്പെടുത്തിയും, ആക്രമിച്ചും  നിശ്ശബ്ദരും, നിഷ്‌ക്രിയരുമാക്കാൻ ശ്രമിച്ചു. ക്രിസ്ത്യൻ ദേവാലയങ്ങളും, സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. പുരോഹിതരും, കന്യാസ്ത്രീകളും കൈയേറ്റംചെയ്യപ്പെട്ടു. വീടുകളിൽ മാംസം സൂക്ഷിച്ചതിന്റെ പേരിൽ മാംസാഹാരികളായ പാവപ്പെട്ടവർ ഹിന്ദുത്വതീവ്രവാദികളുടെ ആൾക്കൂട്ടവിചാരണയ്ക്കും മർദനത്തിനും ഇരയായി. അങ്ങനെ ഇന്ത്യൻ സാമൂഹികഘടനയുടെ കരുത്തും, സൗന്ദര്യവുമായ ബഹുസ്വരതയെയും, മത – സമുദായ മൈത്രിയെയും ആസൂത്രിതമായി തകർക്കാൻ ശ്രമിച്ചു.


ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുംവിധം പൗരത്വഭേദഗതി നിയമം പാസാക്കി പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ഭരണഘടനയെ വെറും ഏട്ടിലെ പശുവാക്കി മാറ്റി. രാഷ്ട്രത്തിന്റെ പൊതുസമ്പത്ത്, പ്രത്യേകിച്ചും ഇന്ത്യൻ സമ്പദ്ഘടനയുടെ നവരത്നങ്ങളായി വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങൾ, ഭരണകക്ഷിയുടെ സാമ്പത്തികപങ്കാളികളായ ചങ്ങാത്തമുതലാളി ഇരട്ടകൾക്ക് വെള്ളിത്താലത്തിൽ വച്ച് കൈമാറി നല്കി. രാജ്യത്തെ ചെറുപറ്റം സമ്പന്നർ അതിസമ്പന്നരായി കുതിച്ചുകയറിയപ്പോൾ, അടിസ്ഥാനവർഗത്തിൽപ്പെട്ട ലക്ഷക്കണക്കായ സാധാരണക്കാർ കൂടുതൽ ദരിദ്രരും, പരമദരിദ്രരുമായി മാറി. ആയിരക്കണക്കിന് കർഷകരും, ചെറുകിടകച്ചവടക്കാരും ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയിൽ അഭയം തേടി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‍മ മുൻകാല റെക്കോർഡ് ഭേദിച്ചു വളർന്നു.


ഇപ്രകാരമായിരുന്നു ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാർഥ്യമെങ്കിലും  സർക്കാർ ജി.ഡി.പി, ജി.എൻ.പി, എഫ്.ഡി.ഐ തുടങ്ങിയ സാങ്കേതികവിവരങ്ങൾ  നിരത്തി ഈ വസ്തുതകളെ സമർഥമായി മൂടിവയ്ക്കുകയും, ഇന്ത്യ ലോകത്തിലെ പുത്തൻ സാമ്പത്തികശക്തിയായി കുതിച്ചുയരുന്ന  നക്ഷത്രമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. വിലക്കെടുത്ത മാധ്യമങ്ങൾ സർക്കാരിന്റെ പ്രചാരകരും, ന്യായീകരണക്കാരുമായി മാറി. താൻ ലോകനേതാവായിത്തീർന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.


ഭരണസംവിധാനത്തിന്റെ വിവിധ  ശാഖകളെയും വകുപ്പുകളെയും ആസൂത്രിതമായി ഹിന്ദുത്വവത്ക്കരിച്ചു. വിദ്യാഭ്യാസത്തെയാണ് അടിമുടി ഉടച്ചുവാർത്തത്. യു.ജി.സിയും, കേന്ദ്ര സർവകലാശാലകളും, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർവകലാശാലകളും പൂർണമായും ഹിന്ദുത്വവാദികളുടെ നിയന്ത്രണത്തിലാക്കി.  ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസ്, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലസോഫിക്കൽ റിസർച്ച് തുടങ്ങിയ ദേശീയ കൗൺസിലുകൾ ഹിന്ദുത്വവാദികളെക്കൊണ്ട് നിറച്ചു. ഹിന്ദുത്വ  പ്രത്യയശാസ്ത്രം അംഗീകരിക്കാത്തവർക്ക് അവിടെ പ്രവർത്തിക്കാനാകാത്ത അന്തരീക്ഷം സൃഷ്ടിച്ചു. “അക്കാദമിക ഭീകരത” എന്നൊരു പ്രയോഗംപോലും രൂപപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രനിർമിതിക്ക് സഹായകമാകുംവിധം ഇന്ത്യാചരിത്രം മാറ്റിയെഴുതുന്ന ഒരു മെഗാ പ്രൊജക്റ്റ്‌ അവതരിപ്പിച്ചു. ശരിയായ ചരിത്രം തമസ്കരിച്ച്, ഒരു ബദൽ ഹിന്ദുത്വവാദ ചരിത്രം മുഖ്യധാരാ പാഠമാക്കാനും അങ്ങനെ ഇന്ത്യൻ മതനിരപേക്ഷ പൈതൃകത്തെ തമസ്‌ക്കരിച്ച്, വേരോടെ പിഴുതെറിയാനും ശ്രമിച്ചു.


രാഷ്ട്രം പൂർണമായും തങ്ങളുടെ വരുതിയിലാണെന്നും, സ്വന്തം നില തികച്ചും ഭദ്രമാണെന്നും, കൂടിയ ഭൂരിപക്ഷത്തോടെ   അധികാരത്തിൽ തിരിച്ചെത്തുമെന്നും ഉറച്ചുവിശ്വസിച്ചുകൊണ്ടാണ്, “അബ്ക്കി ബാർ ചാർസൗ പാർ” എന്ന മുദ്രാവാക്യവുമായി ഭരണകക്ഷി 2024-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.


പ്രചരണരംഗത്തെ ഉച്ചനീചത്വം


തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഏതു മത്സരവും നീതിയുക്തമാകണമെങ്കിൽ മത്സരാർഥികൾക്ക്  പ്രാരംഭത്തിൽ തുല്യ സൗകര്യങ്ങൾ – ലെവൽ പ്ലെയിങ്ങ് ഫീൽഡ്  (സമതല സമത്വം) –  ലഭ്യമാകണം. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്ത്വവും, കീഴ്‌വഴക്കവുമാണിത്.  നിർഭാഗ്യവശാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതുണ്ടായില്ല. ഇലക്റ്ററൽ ബോണ്ടിൽക്കൂടി സമാഹരിച്ച സഹസ്രകോടികളുടെ കരുത്തും, ചങ്ങാത്തകുത്തകക്കാരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ നല്കിയ വ്യാപകമായ പ്രചാരണത്തിന്റെ പിൻബലവും, സ്വന്തം സംഘടനയുടേതുകൂടാതെ ആസേതുഹിമാചലം, ഗ്രാമഗ്രാമാന്തരങ്ങളിൽ വേരോട്ടമുള്ള പല ഹിന്ദുത്വ സംഘടനകളുടെയും കർമശേഷിയും ഉൾപ്പെടെയുള്ള വിഭവസമൃദ്ധിയുടെ കരുത്തിലാണ് ഭരണകക്ഷി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവകൂടാതെ, ആവശ്യാര്‍ഥം ഭരണകൂട സംവിധാനത്തെയും യഥേഷ്ടം ഉപയോഗിക്കാനായി. മാത്രമല്ല, തികച്ചും നിഷ്പക്ഷമാകേണ്ട ഇലക്ഷൻ കമ്മീഷൻ പലപ്പോഴും ഭരണകക്ഷികൾക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. ഇലക്ഷൻ ഷെഡ്യൂൾ  തയാറാക്കിയതുപോലും പ്രധാനമന്ത്രിയുടെ സൗകര്യാർഥമാണെന്ന് ആക്ഷേപം ഉയർന്നു.


പ്രതിപക്ഷകക്ഷികൾക്കാകട്ടെ ഇത്തരം സൗകര്യങ്ങൾ ഒന്നും ലഭ്യമായില്ലെന്നു മാത്രമല്ല, ഭരണകക്ഷി അവരുടെ അധികാരവും, സ്വാധീനവും പ്രയോഗിച്ച് പ്രതിപക്ഷകക്ഷികളുടെ കൈവശമുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങൾ പോലും ഉപയോഗിക്കുന്നതിൽനിന്ന് അവരെ തടഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും, നേതാക്കളെ തടങ്കലിലാക്കിയും,  മറ്റുവിധത്തിൽ ഉപദ്രവിച്ചും പ്രതിപക്ഷകക്ഷികളുടെ പ്രവർത്തനശേഷി പരമാവധി പരിമിതപ്പെടുത്തി. അങ്ങനെ, അടിസ്ഥാനനീതി നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.


വർഗീയതയും പ്രതിപക്ഷനിന്ദയും – 

ഭരണകക്ഷിയുടെ പ്രചരണതന്ത്രം


ജനങ്ങളെ, പ്രത്യേകിച്ച് സമ്മതിദായകരെ, രാഷ്ട്രീയവിദ്യാഭ്യാസം നല്കി ബോധവത്കരിക്കുന്നതിനുള്ള അവസരമായി തിരഞ്ഞെടുപ്പു പ്രചാരണത്തെ ഉപയോഗിക്കുകയാണ് അടിസ്ഥാന ജനാധിപത്യമര്യാദ. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ രാഷ്ട്രീയമായി ബോധവത്കരിക്കേണ്ടതിനുപകരം അവരെ വൈകാരികമായി ഇളക്കിമറിച്ച് സ്വന്തം പക്ഷത്ത് അണിനിരത്താനാണ് ഭരണകക്ഷി ശ്രമിച്ചത്. ഇത്തവണയും നരേന്ദ്ര മോദി തന്നെയായിരുന്നു ഭരണമുന്നണിയുടെ താരപ്രചാരകൻ. രാജ്യമെമ്പാടും സഞ്ചരിച്ച് അദ്ദേഹം പ്രചരണം നടത്തി.  ഒന്നാം റൗണ്ടിൽ അയോധ്യയിലെ രാമക്ഷേത്രനിർമാണവും, രാംലല്ലയുടെ പ്രതിഷ്ഠയും  ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. പ്രഥമ റൗണ്ട് പൂർത്തിയാക്കിയ ശേഷം ബി.ജെ.പി  നടത്തിയ സർവേ റിപ്പോർട്ട്‌ നിരാശാജനകമായിരുന്നു. രാമക്ഷേത്രത്തെ തുരുപ്പുചീട്ടാക്കിയുള്ള പ്രചാരണം പ്രതീക്ഷിച്ചതുപോലെ ജനങ്ങളെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു സർവേ ഫലം. അതോടെ മോദി വിഷയം മാറ്റി, കൗശലപൂർവം ഫാഷിസ്റ്റ് തന്ത്രം പ്രയോഗിക്കാൻ തുടങ്ങി.


പ്രത്യേക വിഭാഗം ജനങ്ങളെ വശീകരിച്ച് സ്വന്തം പക്ഷത്ത് അണിനിരത്തുന്നതിനും അവരെക്കൊണ്ട് സ്വന്തം അജണ്ട അംഗീകരിപ്പിക്കുന്നതിനുംവേണ്ടി ഫാഷിസ്റ്റുകൾ പ്രയോഗിക്കുന്ന തന്ത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അവരുടെ മതവികാരത്തെ  പ്രത്യേകരീതികളിൽ ചൂഷണം ചെയ്യുകയാണ്. തലമുറകളായി സൗഹാർദപൂർവം അവരോടൊപ്പം കഴിയുന്ന അന്യമതത്തിൽപ്പെട്ടവർ യഥാർഥത്തിൽ അവരുടെ ശത്രുക്കളാണെന്നും, അവരുടെ  നിലനില്പിനും പുരോഗതിക്കും ശക്തമായ ഭീഷണിയാണെന്നും അവരെ വിശ്വസിപ്പിക്കുക. അങ്ങനെ മതത്തിന്റെയും  (ചിലയിടങ്ങളിൽ) വംശത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് അവർക്കിടയിൽ അവിശ്വാസവും, പരസ്പര വിദ്വേഷവും വളർത്തി അതിൽനിന്നു മുതലെടുത്ത് അധികാരസ്ഥാനത്ത് എത്തുകയും, അധികാരം നിലനിറുത്തുകയും ചെയ്യുക. ഇത് ഫാഷിസ്റ്റുകളുടെ പതിവുരീതിയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.


പല രാജ്യങ്ങളിലും ഫാഷിസ്റ്റുകൾ വിജയകരമായി പ്രയോഗിച്ച ഈ തന്ത്രം ഇലക്ഷന്റെ രണ്ടാംറൗണ്ടിലെ പ്രചാരണങ്ങളിലുടനീളം മോദി പ്രയോഗിച്ചു. മുസ്ലിങ്ങളെ ഹിന്ദുക്കളുടെ ശത്രുക്കളായി ചിത്രീകരിച്ചു. അങ്ങനെ, ഹിന്ദുക്കളിൽ മുസ്ലിംവിദ്വേഷം വളർത്താൻ ശ്രമിച്ചു. ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുസ്ത്രീകളുടെ മംഗല്യസൂത്രം – കെട്ടുതാലി- പോലും പറിച്ചെടുത്ത് മുസ്ലിങ്ങൾക്ക് കൊടുക്കും എന്നുവരെ  പ്രഖ്യാപിക്കാൻ മോദി മടിച്ചില്ല. സ്വതന്ത്ര ഇന്ത്യയിൽ മുമ്പുള്ള തിരഞ്ഞെടുപ്പുകളിൽ മറ്റാരും ചെയ്തിട്ടില്ലാത്തവിധം വർഗീയതയുടെയും, അന്യമത നിന്ദയുടെയും വിഷംചീറ്റുന്ന പ്രസംഗങ്ങളാണ് മോദി ഈ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ നടത്തിയത്.


എൻ.ഡി.എ എന്ന രാഷ്ട്രീയസഖ്യത്തിന്റെ ഗവണ്മെന്റിനെയാണ് കഴിഞ്ഞ പത്തുവർഷം മോദി നയിച്ചത് എന്നതാണല്ലോ വസ്തുത. അദ്ദേഹം ബി.ജെ.പിയെന്ന പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവെന്ന നിലയിലാണ് പ്രധാനമന്ത്രി ആയത്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ജനങ്ങൾക്കു മുമ്പിൽവച്ച വാഗ്ദാനങ്ങളിൽ ഓരോന്നിനെയും വ്യക്തിവത്ക്കരിച്ച് “മോദിയുടെ ഗ്യാരന്റി ” എന്നാണ് മോദിതന്നെ ഉദ്ഘോഷിച്ചത്. പ്രചാരണത്തിൽ ഉടനീളം മോദിയെ ഒരു സൂപ്പർമാനായി ചിത്രീകരിക്കാൻ അദ്ദേഹം ഉൾപ്പെടെയുള്ളവർ ശ്രമിച്ചതിന് രാജ്യം സാക്ഷിയായി. പ്രചാരണത്തിന്റെ പാരമ്യത്തിൽ തന്റേത് ശരീരപ്രകാരമുള്ള (biological) ജനനമല്ലെന്നും, ഒരു മഹാദൗത്യത്തിന് ദൈവം അയച്ച ദിവ്യജന്മമാണ് തന്റേതെന്നും അദ്ദേഹം പ്രസ്താവിച്ചു. ലക്ഷണയുക്തമായ ഒരു ഫാഷിസ്റ്റ് പരസ്യ കുമ്പസാരമാണിത് – ഒരുതരം സ്വയം വെളിപ്പെടുത്തൽ. മോദിക്കു മുമ്പും ഫാഷിസ്റ്റുകൾ ഇപ്രകാരം ചെയ്തിട്ടുണ്ട്. പറയുന്നത് എത്ര ഉന്നതസ്ഥാനീയരാണെങ്കിലും ഇത്തരം വങ്കത്തങ്ങൾ അവഗണിക്കുന്നതാണ് ഔചിത്യം.


ജീവൽപ്രശ്നങ്ങളിലും ഭരണഘടനയിലും  ഊന്നി ഇന്ത്യാസഖ്യം


പക്ഷേ, ഇന്ത്യാസഖ്യം ഭരണകക്ഷിയുടെ പ്രചാരണക്കെണിയിൽ കുടുങ്ങിയില്ല. വികാരത്തെക്കാൾ വിചാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടായിരുന്നു അവർ  പ്രചാരണതന്ത്രം മെനഞ്ഞത്. സാധാരണജനങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പട്ടിണി, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷികോല്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി  അവർ ജനങ്ങളെ അഭിസംബോധന ചെയ്തു. സാധാരണക്കാരെ മറന്ന്, അവരുടെ ദുരിതങ്ങൾക്കുനേരെ കണ്ണടയ്ക്കുന്ന മോദിസർക്കാർ അതിസമ്പന്നർക്ക് വഴിവിട്ട സഹായംചെയ്യുന്ന കാര്യവും കണക്കുകൾ നിരത്തി ജനസമക്ഷം അവതരിപ്പിച്ചു. ഈ ഭരണകൂടത്തിനു ഭരണത്തുടർച്ച നല്കിയാൽ ഉണ്ടാകാൻ പോകുന്ന അപകടങ്ങളും ചൂണ്ടിക്കാട്ടി. ഈ വസ്തുതകൾ സാധാരണജനങ്ങളുടെ മനസ്സുകളെ ആഴത്തിൽ സ്പർശിച്ചു. സ്വാഭാവികമായും അവർ ഇന്ത്യാസഖ്യത്തെ വിശ്വസിക്കുകയും, അവർക്ക് സമ്മതി നല്കുകയും ചെയ്തു.

മേൽസൂചിപ്പിച്ച പ്രശ്നങ്ങളോടൊപ്പം, ഒരുപക്ഷേ, അവയേക്കാൾ കൂടുതൽ ശക്തമായി ഇന്ത്യാസഖ്യം  ഉന്നയിച്ച പ്രശ്നം ബി.ജെ.പിക്ക് ഭരണത്തുടർച്ച നല്കിയാൽ അവർ നിലവിലുള്ള ഭരണഘടന റദ്ദ്ചെയ്ത് പകരം ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി പ്രഖ്യാപിക്കുന്ന പുതിയ ഭരണഘടന കൊണ്ടുവന്നേക്കും എന്നതായിരുന്നു.  മതന്യൂനപക്ഷങ്ങൾക്കും പിന്നാക്ക – ദളിത് വിഭാഗങ്ങൾക്കും ഇപ്പോൾ ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങളെല്ലാം അതോടെ ഇല്ലാതാവും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള അവസരമായി ജനങ്ങൾ തിരിച്ചറിയണം എന്ന് ഇന്ത്യാസഖ്യം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. “സംവിധാൻ ബചാവോ” (ഭരണഘടനയെ രക്ഷിക്കുക) എന്ന മുദ്രാവാക്യവും ഉയർത്തി. (ഇന്ത്യാസഖ്യത്തിന്റെ ഈ മുദ്രാവാക്യം ഇന്ത്യൻജനത ഏറ്റെടുത്തു എന്ന് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.)


സമാന്തരമാധ്യമങ്ങളും,

സിവിൽസൊസൈറ്റിയും


ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യൻജനാധിപത്യവും, മതേതരത്വവും നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും, അവയെ ഫലപ്രദമായി എങ്ങിനെ നേരിടണം എന്നതിനെപ്പറ്റിയും ജനങ്ങളെ ബോധവത്കരിക്കുന്നതിൽ ഇന്ത്യാ സഖ്യത്തിനൊപ്പമോ, ഒരുപക്ഷേ, അതിലുമുപരിയോ, വിജയകരമായി ശ്രമിച്ചത് ഇവിടത്തെ സാമൂഹികമാധ്യമങ്ങളും, സ്വതന്ത്ര ബ്ലോഗർമാരുമാണ് എന്ന വസ്തുത എടുത്തുപറയേണ്ടതാണ്. (ഈ വിഭാഗങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണരീതിയിൽ വരുത്തുന്ന മൗലികമായ മാറ്റങ്ങളും, അവയുടെ സാധ്യതകളും, സ്വാധീനവും നിർണായകമാണ്.) അവരോടൊപ്പം, ഇന്ത്യയിലെ സിവിൽ സൊസൈറ്റി ചെയ്ത സേവനങ്ങളും ശ്രദ്ധേയമായിരുന്നു.


രാഷ്ട്രീയസൂചന


തിരഞ്ഞെടുപ്പ് ഫലം എല്ലാ കണക്കുകൂട്ടലുകളെയും, എക്സിറ്റ് പോൾ പ്രവചനങ്ങളെയും തെറ്റിക്കുന്നതായിരുന്നു. നാനൂറിലധികം സീറ്റ് നേടുമെന്ന് അവകാശപ്പെട്ട എൻ.ഡി.എ സംഖ്യത്തിന് ലഭിച്ചതാകട്ടെ 293 സീറ്റാണ്. 2019-ൽ 303 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 240 സീറ്റിൽ ഒതുങ്ങി. കേവലഭൂരിപക്ഷം നേടാനാകാത്തതുകൊണ്ട് ബി.ജെ.പി സംഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയിലുമായി. നൂറുസീറ്റുകൾ നേടിയ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യാസഖ്യം 232 സീറ്റ്‌ നേടി. ദേശീയതലത്തിൽ കോൺഗ്രസ്സിന്റെ വോട്ടുവിഹിതം 1.7% വർധിച്ചപ്പോൾ ബി.ജെ.പിയുടേത് 0.8% കുറഞ്ഞു എന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള സൂചനയാണ്. അതുപോലെ, വരണാസിയിൽ മോദിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും, രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് നിയോജകമണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടതും മറ്റൊരു സുപ്രധാന രാഷ്ട്രീയസൂചനയാണ് നല്കുന്നത്. മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ മന്ത്രിസഭ അധികാരമേറ്റപ്പോൾ, യോജിച്ചുനിന്ന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്നാണ് ഇന്ത്യാസഖ്യം പ്രഖ്യാപിച്ചിട്ടുള്ളത്.


ജനങ്ങൾ നല്കുന്ന സന്ദേശം


ഈ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം നല്കാതിരുന്നതിൽക്കൂടി ജനങ്ങൾ നല്കുന്ന സന്ദേശം ശക്തവും വ്യക്തമാണ് : കൗശലപൂർവം ജനാധിപത്യം അട്ടിമറിച്ച് അധികാരം കേന്ദ്രീകരിച്ച് ഈ രാജ്യം അടക്കിഭരിക്കാൻ ആരെയും അനുവദിക്കില്ല. സമ്മതിദായകർക്ക് ഇളക്കാൻകഴിയാത്ത പാറപോലെ ഉറച്ച ഭരണകൂടത്തെയോ, ഭൗമികരായ -ബയളോജിക്കലായ- ജനങ്ങളെ ഭരിക്കാൻ അഭൗമികരായ – ബയളോജിക്കലല്ലാത്ത- ദിവ്യാവതാരങ്ങളെയോ ജനങ്ങൾ കണ്ണുമടച്ച് അംഗീകരിക്കില്ല. അധികാരലഹരിയിൽ, ജനങ്ങളെ മറന്ന്, സാമൂഹ്യയാഥാർഥ്യങ്ങൾ വിട്ട് പറന്നുയർന്ന്  പദവികളുടെ മായാപുരികളിൽ വിരാജിക്കുന്ന രാഷ്ട്രീയ അധികാരികളെ പിടിച്ചുതാഴ്ത്തി, മണ്ണിൽ ചവിട്ടിനില്ക്കാൻ സാമാന്യജനങ്ങൾ അവരെ നിർബന്ധിതരാക്കും.


ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരത്തിന്റെ യഥാർത്ഥ സ്രോതസ്സും പരമാധികാരികളും എന്ന സത്യം മറക്കരുത് എന്ന് അധികാരപ്രമത്തരായ രാഷ്ട്രീയക്കാരെ ജനങ്ങൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങൾ അവഗണിച്ച്, സമ്പന്നരുടെ താത്പര്യസംരക്ഷണത്തിന് മുൻഗണന നല്കുന്ന ഭരണാധികാരികളെ ജനങ്ങൾ നിലയ്ക്കുനിറുത്തുകതന്നെ ചെയ്യും.


ഭരണഘടനയും ഭരണഘടനാസംവിധാനങ്ങളും ഉപയോഗിച്ച് ജനാധിപത്യസംവിധാനത്തെ ക്രമാനുഗതമായി ദുർബലപ്പെടുത്തി, അട്ടിമറിച്ച് ഏകാധിപത്യം സ്ഥാപിക്കാനുള്ള അധികാരിവർഗത്തിന്റെ കുത്സിതശ്രമം ജനങ്ങൾ തിരിച്ചറിയുകയും, പ്രതിരോധിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ വോട്ടർമാർ വ്യക്തമാക്കി. അതിനുള്ള രാഷ്ട്രീയബോധവും, ധീരതയും തങ്ങൾക്കുണ്ടെന്ന് അവർ ലോകസമക്ഷം തെളിയിച്ചുകാട്ടി. ബഹുസ്വരതയുടെയും, മത – സമുദായ മൈത്രിയുടെയും മഹത്തായ ഇന്ത്യൻ പൈതൃകം തകർക്കാൻ അധികാരമോഹികളെ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കപ്പെട്ടു.


ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഫെഡറൽ സ്വഭാവം “ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ” – “വി, ദ  പീപ്പിൾ ഓഫ് ഇന്ത്യ” – സംരക്ഷിക്കും എന്നാണ് ജനങ്ങൾ പ്രഖ്യാപിച്ചത്.  പണംനല്കി പ്രലോഭിപ്പിച്ചും അധികാരദണ്ഡ്  കാട്ടി ഭീഷണിപ്പെടുത്തിയും  മറ്റുകക്ഷികളിൽപ്പെട്ട ജനപ്രതിനിധികളെ കാലുമാറ്റി വശത്താക്കിയും പ്രാദേശിക പാർട്ടികളെ ചാണക്യതന്ത്രം പ്രയോഗിച്ച് പിളർത്തിയും ശിഥിലീകരിച്ചും പ്രതിപക്ഷകക്ഷികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ചും സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട സാമ്പത്തികവിഹിതം നല്കാതെ വീർപ്പുമുട്ടിച്ചും, രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങളിൽ ആവശ്യമായ കൂടിയാലോചന നടത്താതെയും തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്പിച്ചും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞ പത്തുവർഷമായി നടത്തിവരുന്ന ശ്രമങ്ങൾ അവസാനിപ്പിക്കാനും, ഫെഡറൽ സംവിധാനം പുനഃസ്ഥാപിക്കാനുമുള്ള ശക്തമായ സന്ദേശമാണ് ജനങ്ങൾ നല്കിയിട്ടുള്ളത്.


പ്രധാന ഭരണകക്ഷിയായ ബി.ജെ.പിയും,  പ്രധാനമന്ത്രിയും, ഹിന്ദുത്വ സംഘടനകളുംകൂടി ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്ന മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണരാഷ്ട്രീയത്തെ പൂർണമായല്ലെങ്കിലും, വ്യാപകമായും, വ്യക്തമായും തള്ളിക്കളഞ്ഞിരിക്കുന്നു. രാമക്ഷേത്രത്തെ രാഷ്ട്രീയനേട്ടത്തിനുള്ള മാർഗമായി ഉപയോഗിക്കാമെന്ന മോദി തന്ത്രം പരാജയപ്പെടുത്തുകവഴി ജനങ്ങൾ മതനിരപേക്ഷതയ്ക്കും, ബഹുസ്വരതയ്ക്കും ഒരിക്കൽക്കൂടി കൈയൊപ്പ് ചാർത്തി സംരക്ഷണം ഉറപ്പാക്കി.


വരേണ്യവർഗോന്മുഖ രാഷ്ട്രീയം തള്ളിക്കളഞ്ഞ് പകരം, സാമൂഹികസമത്വവും, സാമുഹികനീതിയും വ്യവസ്ഥാപിതമായി ഉറപ്പുവരുത്തുന്ന ഒരു പുതിയ രാഷ്ട്രീയത്തിലേക്ക് മാറാനുള്ള പ്രതിപക്ഷകക്ഷികളുടെ നിർദേശത്തിനും ഈ തിരഞ്ഞെടുപ്പു വഴി ജനങ്ങൾ  അംഗീകാരം നല്കിയിരിക്കുന്നു. (ജാതി സെൻസെസ് ആ പുതിയ രാഷ്ട്രീയത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പായി തിരിച്ചറിയേണ്ടതുണ്ട്)


ഇവയെല്ലാം ചേർത്തുവച്ച് വായിക്കുമ്പോൾ  ലഭിക്കുന്നത് ഉണർവിന്റെയും പ്രത്യാശയുടെയും സന്ദേശമാണ്. ഇന്ത്യൻ ജനത രാഷ്ട്രീയാലസ്യം വിട്ടുണർന്ന്, ജാഗരൂകരായിരിക്കുന്നു എന്നതാണ് ഏറ്റവും പ്രത്യാശാജനകമായ അടയാളം. കാരണം, നിതാന്തജാഗ്രതയാണല്ലോ സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനു ജനങ്ങൾ നല്കേണ്ട വില. ആ വില നല്കാൻ ഇന്ത്യൻ  ജനത ഒരുക്കമാണ് എന്നു തെളിയിക്കുകവഴി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി രൂപംകൊണ്ടിരുന്ന ഭയാശങ്കകൾക്ക്, താത്ക്കാലികമായെങ്കിലും, വിരാമമായിരിക്കുന്നു.


ആശങ്കാജനകമായ സൂചനകൾ


തിരഞ്ഞെടുപ്പ് ഫലത്തിലും, ഇപ്പോൾ അധികാരമേറ്റ മോദി 3.0 മന്ത്രിസഭയുടെ രൂപീകരണത്തിലും, ഘടനയിലും ആശങ്കാജകമായ പല സൂചനകളും സൂക്ഷ്മപരിശോധനയിൽ കണ്ടെത്താനാവും. ബി.ജെ.പിക്ക് ഇന്നേവരെ അക്കൗണ്ട് തുറക്കാൻ സാധിക്കാതിരുന്ന പലയിടങ്ങളിലും അവർക്ക് ജയിക്കാനും, ഉയർന്ന വോട്ടുവിഹിതം നേടാനും കഴിഞ്ഞത്, ജനങ്ങൾ കൂടുതലായി മതാധിഷ്ഠിത രാഷ്ട്രീയത്തെ സ്വീകരിക്കുന്നതിന്റെ സൂചനയായി കണക്കിലെടുക്കേണ്ടതാണ്. നിശ്ചയമായും ഇത് ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക വർധിപ്പിക്കുന്ന സൂചനയാണ്. അതോടൊപ്പം സമൂഹം കൂടുതൽ വർഗീയവത്കരിക്കപ്പെടുന്നു എന്നും ഇത് സൂചിപ്പിക്കുന്നുണ്ട്.


കേവലഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ബി.ജെ.പിക്കും മോദിക്കും ഘടകകക്ഷികളെ പൂർണമായും ആശ്രയിക്കേണ്ടിവരുമെന്നും അതുകൊണ്ട് ജനാധിപത്യപരമായി തീരുമാനങ്ങളെടുക്കാൻ മോദി നിർബന്ധിതനാകുമെന്നും പ്രാരംഭത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പലരും കരുതുന്നതുപോലെ എളുപ്പത്തിൽ വിട്ടുകൊടുക്കുന്ന ആളല്ല മോദി. ഘടകകക്ഷികളുമായി നടത്തിയ വകുപ്പ് വിഭജനചർച്ചകളുടെ രീതിയും ഫലവും വിലയിരുത്തുമ്പോൾ മേൽസൂചിപ്പിച്ച പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു എന്നാണ് തെളിയുന്നത്. ബി.ജെ.പിയുടെയും മോദിയുടെയും സമ്മർദത്തിന്   ഘടകകക്ഷികൾ എന്തുകൊണ്ടോ ഏറക്കുറെ പൂർണമായും വഴങ്ങിക്കൊടുത്തു എന്നാണ് വകുപ്പുവിഭജനം വെളിപ്പെടുത്തുന്നത്. 


രണ്ടാം മോദിമന്ത്രിസഭയുടെ നേർതുടർച്ച തന്നെയാണ് പുതിയ മന്ത്രിസഭ എന്ന് മന്ത്രിമാരും, അവരുടെ വകുപ്പുകളും വിളിച്ചുപറയുന്നു. അതുകൊണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന്റെ ഫലമായി മോദി അദ്ദേഹത്തിന്റെ ഏകാധിപത്യശൈലി മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മറിച്ച്,മുറിവേറ്റ യോദ്ധാവിനെപ്പോലെ പ്രതികാരബുദ്ധിയോടെ തിരിച്ചടിക്കാനാണ് കൂടുതൽ സാധ്യത. ബി.ജെ.പി  സമ്പൂർണമായും നരേന്ദ്ര മോദിയുടെ പിടിയിൽ അമർന്നുകഴിഞ്ഞു എന്നത് അനിഷേധ്യമാണ്. ആർ.എസ്.എസ് മേധാവിയുടെ ഉപദേശരൂപേണയുള്ള പ്രബോധനം സൂചിപ്പിക്കുന്നതും മറ്റൊന്നുമല്ല. മോദിയുടെ വ്യക്തിത്വം സ്വഭാവാനുസാരമായിത്തന്നെ  ഏകാധിപത്യപരമാണെന്ന് അദ്ദേഹം ഇതിനോടകം അനേകവട്ടം തെളിയിച്ചുതന്നിട്ടുമുണ്ട്. അതുകൊണ്ട് മൂന്നാം മോദി ഗവണ്മെന്റിന്റെ പ്രവർത്തന രീതിയിൽ ഒന്നും രണ്ടും മോദി ഗവണ്മെന്റുകളുടെ കാലത്തേതിൽനിന്ന് അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാകാനിടയില്ല. അരുന്ധതി റോയി 2010-ൽ ചെയ്ത ഒരു പ്രസംഗത്തിന്റെ പേരിൽ അവർക്കെതിരെ ഇപ്പോൾ യു.എ.പി.എ ചുമത്തുന്നതുതന്നെ ഇതിന്റെ സ്പഷ്ടമായ സൂചനയാണ്. ഇതും ഒട്ടും ശുഭസൂചകമല്ല എന്ന് പറയേണ്ടതില്ലല്ലോ. 


വേണ്ടിവന്നാൽ ഭരണഘടനയും, ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാൻ മറ്റൊരു പോരാട്ടത്തിന് ഇന്ത്യൻ ജനത ഒരുങ്ങിയിരിക്കണം എന്നാണ് തിരഞ്ഞെടുപ്പിനെത്തുടർന്ന് ഉരുത്തിരിയുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.