പൗരസമൂഹത്തിന്റെ മതം:സർവമതസമ്മേളനത്തിലെ ഗുരുവും – ഡോ. എം.എ. സിദ്ദീഖ്

പൗരസമൂഹത്തിന്റെ മതം:സർവമതസമ്മേളനത്തിലെ ഗുരുവും  – ഡോ. എം.എ. സിദ്ദീഖ്

സർവമതസമ്മേളനത്തിന്റെ ക്രാഫ്റ്റ് ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂട്ടിൽനിന്നു സംവിധാനം ചെയ്‌തെടുത്തതല്ല. ‘പലമതസാരവുമേകം’ എന്ന വിചാരതന്മാത്രയിൽനിന്നു സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്. സാർവദേശിയതയെ അഭിസംബോധനചെയ്ത അത് പൗരബോധത്തെ സംബന്ധിച്ച അബോധമായ ചില നിലപാടുകൾകൂടി ഉൾക്കൊണ്ടിരുന്നു. ദൈവത്തെ ഉറപ്പിച്ചെടുക്കുന്ന രണ്ടുതരം സാമൂഹികപ്രക്രിയകളാണ് ഇവിടെ ഉണ്ടായിരുന്നത്; ജാതീയവും മതപരവുമായ സാമൂഹികപ്രക്രിയകൾ. ഇതിൽ, ജാതിയുടെ അടഞ്ഞ നരവംശസ്വഭാവത്തെ ഭേദബുദ്ധിവളർത്തുന്ന സാമൂഹികരോഗാണുവായും മതത്തിന്റെ വ്യാഖ്യാനസ്വഭാവത്തെ ദ്വേഷജനകമായ രാഷ്ട്രീയകാരണമായുമാണ് ഗുരു കണ്ടത്. ഗുരുവിന്റെ പ്രഖ്യാതമായ ആ നാലുവരിക്കവിതയുടെ നിർദേശകതത്ത്വം, ഈ അവസ്ഥയെ അതിജീവിക്കുന്നതിനുള്ള സന്നദ്ധത ലോകം കൈവരിക്കണമെന്നതായിരുന്നു. അരുവിപ്പുറം ഒരു സാർവദേശീയ ആരാധനലയമായിത്തീരുന്നത് അങ്ങനെയാണ്. പ്രതീതിയിൽനിന്നു രൂപംകൊണ്ട് (ശില, ജലം മുതലായ പ്രതീതികൾ), കാവ്യാനുഭവംപോലെ ആവിഷ്‌കരിക്കപ്പെട്ട അരുവിപ്പുറം പ്രതിഷ്ഠ വസ്തുനിഷ്ഠമായ ഒരു വിമോചന പ്രതീകംകൂടിയായിരുന്നു. പ്രതീകം പ്രതിരോധമായിത്തീരുന്ന ഒരു രാഷ്ട്രീയപ്രവർത്തനം. ദൈവം ജാതീയമായ സ്വകാര്യസ്വത്തായിരിക്കുന്ന ചൂഷണവ്യവസ്ഥയിൽനിന്ന് ദൈവത്തെക്കൂടി മോചിപ്പിക്കുന്ന വെളിപാടിന്റെ ആത്മീയതയാണത്. ഈ ആശയത്തിന്റെ സംവിധാനഭദ്രതയെ സംവാദാത്മകമാക്കിയ പാർലമെന്റായിരുന്നു സർവമതസമ്മേളനം.


അതിന്റെ സ്വാഗതപ്രസംഗത്തിലെ ദേശീയവാക്യം അന്നും ഇന്നും സ്വയം വിമർശനാത്മകമായ ഒരു സ്മാരകവാക്യമാണ്. ”കേരള രാജ്യത്തെ സംബന്ധിച്ചിടത്തോളം കേവലം അഭൂതപൂർവവും ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം അതിദുർല്ലഭവുമായ ഒരു മഹാസമ്മേളനമാണ് ഇന്നും നാളെയുമായി ഇവിടെ നടക്കാൻ പോകുന്നതെന്നു ഞാൻ വിശേഷിച്ചു പറയണമെന്നില്ലല്ലോ.” ഈ വാക്യത്തിലെ സമകാലികത അതിനെ, ഇന്നും പ്രസക്തമായ ഒരു ഔഷധമാക്കിത്തീർക്കുന്നു.


കൊളോണിയൽ ദേശീയതയുടെ സ്വത്വം എന്ന നിലയിലല്ല ഇന്ത്യാ മഹാരാജ്യം എന്നു പറഞ്ഞിരിക്കുന്നത്. പരമ്പരാഗതവും സാംസ്‌കാരികവുമായ അർഥത്തിലുള്ള ഇന്ത്യാ രാജ്യമെന്നത്. മതവിചാരങ്ങളുടെ താത്പര്യങ്ങളിൽത്തന്നെ സങ്കീർണമായ വൈവിധ്യങ്ങളുള്ള ഒരു ദേശം. ഇവിടെ, മതം നിഷേധാത്മകമായ ഒരു സ്വാധീനശക്തിയായി പലപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ട് മതവിദ്വേഷത്തെ അവരുടെ ഭക്ഷണമായി ചിലർ കൊണ്ടുനടക്കുന്നു. സർവമതം എന്ന ആശയം പോയിട്ട് അവരവരുടെ മതങ്ങളെക്കുറിച്ചുപോലും മനസ്സിലാക്കിയിട്ടില്ലാത്തവരാണവർ. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ സർവമതസമ്മേളനം നടക്കുന്നതിനും കാൽനൂറ്റാണ്ടുമുമ്പ് ശ്രീനാരായണഗുരു എഴുതിക്കഴിഞ്ഞിരുന്നു.


പൊരുതു ജയിപ്പതുസാദ്ധ്യമൊന്നിനോടൊ-

ന്നൊരു മതവും പൊരുതാലൊടുങ്ങുവീല

പരമതാവാദിയിതോർത്തിടാതെ പാഴേ-

പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.

                                    (ആത്മോപദേശശതകം – 46:1897)


ഇതൊരു സിദ്ധാന്തവും, ഇതിനെ പ്രായോഗികമായി ബോധ്യപ്പെടുത്തിയ സംവാദസദസ്സുമായിരുന്നു സർവമതസമ്മേളനം. അവസാനിക്കാത്ത കലഹങ്ങളുടെ കാരണമായ പരമതനിന്ദ ഇല്ലാതാവണമെങ്കിൽ, എല്ലാ മതങ്ങളും എല്ലാവരും പഠിക്കുന്ന സാഹചര്യം ഉണ്ടാവണം. ചരിത്രപരമായ കണ്ണികളായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുന്ന സാഹചര്യം ഉണ്ടാവണം. ഇത് താരതമ്യ മതവിചാര(comparative religiosity)ത്തിന്റെ ഉത്തവാദിത്വമാണെങ്കിലും, ഗുരുവിന്റെ നിലപാട് അതിനുമപ്പുറം ചെല്ലുന്ന സൃഷ്ട്യുന്മുഖമായ ഒരു ലക്ഷ്യമായിരുന്നു. ഏകമതമെന്ന പ്രായോഗിക ലക്ഷ്യസ്ഥാനമാണത്. അതൊരു അമൂർത്താശയമായിട്ടല്ല അവതരിപ്പിക്കപ്പെട്ടത്; സുവ്യക്തമായ ലോകസങ്കല്പമായിട്ടാണ്. പിൽക്കാലത്ത് ഗാരിഡേവിഡ് സാക്ഷാത്കരിക്കാനാഗ്രഹിച്ചതും ഈയൊരു ധാർമികതയെയയാണ്. സി.വി. കുഞ്ഞുരാമനുമൊത്തുള്ള സംഭാഷണത്തിൽ ഇതിന്റെ അനുഭവാത്മകമായ അടിത്തറയെ ഗുരു വിശദീകരിച്ചിട്ടുണ്ട്.


”ഒരു മതാചാര്യന്റെ പേരിൽ പല ആചാര്യന്മാരുടെ ഉപദേശങ്ങൾ അടക്കി അതിനെ മതമെന്നു പേർ വിളിക്കാമെങ്കിൽ, പല പല ആചാര്യന്മാരാൽ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേർത്ത് അതിന് ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധർമമെന്നോ എന്തുകൊണ്ട് ഒരു പേരിട്ടുകൂടാ? അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കിൽ ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങൾക്കും ഏറക്കുറെ സംഭവിച്ചുകഴിഞ്ഞിരിക്കുകയാണ്.”വൈവിധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെയുള്ള ഐക്യത്തിന് സൃഷ്ടിപരത (Productivity) കൂടുതലായിരിക്കും എന്ന രാഷ്ട്രതന്ത്രംകൂടി ഇതിലുണ്ട്. ഒരു മതമൗലിക രാഷ്ട്രവും സൃഷ്ടിപരമായി വളരുകയില്ല എന്നതിന്, മതമൗലികവാദികളുടെ കൈയിലകപ്പെട്ടതിനുശേഷമുള്ള ഭാരതത്തിന്റെ അവസ്ഥതന്നെയാണ് തെളിവ്. ഓരോ ഇൻഡെക്‌സിലും രാഷ്ട്രം എത്രത്തോളം നിലംപതിച്ചിരിക്കുന്നു എന്നത് വികസനം എന്ന പുറംപൗഡർകൊണ്ടു പൊതിഞ്ഞുതീർക്കാൻ പറ്റുന്ന മുറിവുകളല്ല. അഖണ്ഡതയെ ശിഥിലീകരിച്ചുകൊണ്ട് വ്യവസ്ഥയെ ധീരമാക്കാനാവുകയില്ലെന്ന പാഠം അറിയാത്തവരാണ് മതമൗലികവാദികൾ. ഇവർ ആത്മവഞ്ചനയുടെ മനഃശാസ്ത്രത്താൽ നയിക്കപ്പെടുന്നവരാണെന്ന് ഡാനിയേൽ ഗൊലെമാനെ ഉദ്ധരിച്ചു പറയാം. ഇവരുടെ ആത്മവിദ്യാലയങ്ങൾ ഭൂതകാലത്തെ സംബന്ധിച്ച വ്യാജയാഥാർത്ഥ്യങ്ങളും അവയെക്കുറിച്ചുള്ള ആത്മവിശ്വാസവുമാണ്. ഭീതിയിൽനിന്നും സ്വപ്‌നങ്ങളിൽനിന്നും സംഭരിച്ച വേവലാതികളെ സർഗാത്മകതയെന്നു തെറ്റിദ്ധരിച്ചു ജീവിക്കുന്നവരാണവർ.


രാഷ്ട്രസ്വഭാവമുള്ള മതാത്മകവികാരത്തെ ഛിദ്രവാസനകളുടെ ചാട്ടയുമായി ഇന്ത്യയിൽ എഴുന്നള്ളിച്ചു തുടങ്ങിയത് അടിയന്തരാവസ്ഥയ്ക്കുശേഷമാണ്. രാഷ്ട്രമനസ്സിനെ ബാധിച്ച അനാഥത്വത്തെ വ്യത്യസ്ത നരേറ്റീവുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇവിടെയുണ്ടായി. ആദർശാത്മകഭൂതകാല ജീവിതമാണ്, വ്യക്തിയുടെ ഉയർന്ന സാമൂഹികജീവിതത്തെക്കാൾ വലുതെന്ന തത്ത്വമായിരുന്നു ഇത്തരം നരേറ്റീവുകളുടെ സൈന്യാധിപൻ. ആധാരരഹിതമായ ഭൂതകാലത്തിന്റെ കെണിവാതിൽ (trapdoors into a bottomless past) എന്നാണ് നെയ്‌പോൾ അതിനെ വിളിച്ചത്. യുക്തിയും ശാസ്ത്രവും സാമൂഹികബോധവും ഒന്നും ഗൗരവതരമായ സംയോജനബോധമായി മാറാത്ത ഒരു പുതിയ രാഷ്ട്രീയവിപണി അങ്ങനെ സൃഷ്ടിക്കപ്പെടുകയും, ചരിത്രം അതിനുമുന്നിൽ കുഴിച്ചുമൂടപ്പെടുകയും ചെയ്തു. സർവമതസമ്മേളനത്തിന്റെ ഓർമ, ബഹുമുഖമായ ഒരു പ്രതിരോധ രാഷ്ട്രീയസംവാദമായിത്തീരുന്നത് അതുകൊണ്ടാണ്.


വർഗീയതയുടെ നരേറ്റീവുകൾക്ക് സാഹിതീയത (literariness) എന്ന വലിയ ഗുണം ഉണ്ടാവുകയില്ല. മനുഷ്യസമൂഹത്തെ ഒന്നിപ്പിക്കുകയും, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സൂക്ഷ്മബന്ധങ്ങളുടെ അർഥതലങ്ങളെ കണ്ടെത്താൻ സഹായിക്കുകയുംചെയ്യുന്ന സാഹിത്യഗുണമാണ് സാഹിതീയത. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് 1984-ലെ ജ്ഞാനപീഠ സമ്മാനം നല്കിക്കൊണ്ടു നടത്തിയ പ്രഭാഷണത്തിൽ (1985 നവംബർ 14), ഒക്‌ടോവിയപാസ് ഇതിനെക്കുറിച്ചു, പറയാതെ പറഞ്ഞിട്ടുണ്ട്. എത്ര വിദൂരങ്ങളിലെയും മനുഷ്യരെ ഒന്നിപ്പിക്കുന്ന സൗന്ദര്യമാണ് സാഹിത്യം-വർഗീയതയോ? അടുത്തടുത്തു ജീവിക്കുന്നവരെപ്പോലും ഭിന്നിപ്പിക്കുന്നതും. സാഹിത്യത്തിന്റെ പദഘടനയിൽനിന്ന് വൈകാരികനന്മയുടെ കണികകളെ സമാഹരിച്ചെടുക്കുന്ന സാഹിതീയതയ്ക്കുപകരം, വിദ്വേഷത്തിന്റെ കണികകൾകൊണ്ട് വർഗീയത ആഖ്യാനങ്ങൾക്കു മുനകൂർപ്പിക്കുന്നു.


‘മാനിഷാദ’ എന്നാരംഭിക്കുന്ന ശ്ലോകത്തിലെ ശോകമാണ് അതിന്റെ സാഹിതീയതയുടെ അടിത്തറ. എന്നാൽ മതമൗലികവാദികൾ വിശ്വസിക്കുന്നത് ഈ ശോകത്തിലല്ല, അനേകർക്ക് നിരന്തരമായ ശോകങ്ങളെ നല്കുന്ന അസ്ത്രത്തിലാണ് അതിന്റെ ധർമമിരിക്കുന്നതെന്നാണ്. ഈ വിശ്വാസത്തിനു മതാത്മകമായ ഒരു പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതോടെ അത് അക്രാമകമായിത്തീരുന്നതും ഏതു ഹിംസയും ദൈവികമാണെന്ന വ്യാഖ്യാനാത്മകത കൈവരിക്കുകയും ചെയ്യുന്നു. തൊണ്ണൂറുകളോടെ ഇന്ത്യയിൽ രൂപപ്പെട്ട മതവിരോധ രാഷ്ട്രീയസാഹചര്യത്തിന്റെ  വിവരവിനിമയങ്ങളുടെ കോഡ് ഈ നിലയിലുള്ളതായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ഇതെങ്ങനെ വളരെ ആഴത്തിൽ ശിഥിലീകരിച്ചു എന്നറിയാൻ, ജെ.പി വളരെ നേരത്തെ പറഞ്ഞ ഒരു വാക്യം നമ്മെ സഹായിക്കും. ”തർക്കങ്ങളുടെയും കലഹങ്ങളുടെയും അസ്തിത്വമല്ല രാജ്യത്തിന്റെ അഖണ്ഡതയെ അപകടപ്പെടുത്തുന്നത്; നമ്മൾ അവ നടത്തുന്ന രീതിയാണ്.” ഈ രീതിയെ നേരിടാൻ സംവാദങ്ങളുടെ വ്യവഹാരമാണ് വേണ്ടത്; വാദങ്ങളുടെയോ തർക്കങ്ങളുടെയോ അല്ല.


മനുഷ്യർ ക്ഷോഭിച്ചുകൊണ്ട് ചെയ്യുന്നതെന്ത്? എന്നത് നേർരേഖയിലുള്ള ഒരു ചോദ്യമാണ്. എന്നാൽ, മനുഷ്യർ മതത്താൽ ക്ഷോഭിച്ചുകൊണ്ട് ചെയ്യുന്നതെന്ത്? എന്നതിനുത്തരം സങ്കീർണവും കഷ്ടംപിടിച്ചതുമായിരിക്കും. ആ അപകടത്തെ ഗുരു വിഭാവനം ചെയ്തിരുന്നു. ‘വിമത്സരത്വം’ എന്നത് ശിലപോലെ ഉറച്ച വിശേഷതയായിരുന്ന ശ്രീനാരായണഗുരുവിന് മതമാത്സര്യത്തിന്റെ സ്തംഭനാവസ്ഥയും അതുണ്ടാക്കുന്ന സാമൂഹിക ഹൃദയാഘാതവും വരച്ചുകാട്ടാൻ കഴിയുമായിരുന്നു. സ്വാമി ജോൺധർമതീർഥ അതിനെ ജീവചരിത്രപരമായി വിശദീകരിച്ചിട്ടുണ്ട്.


മതങ്ങളെ ദേശീയമായോ വംശീയമായോ കാണുന്ന പരിമിതിവും സ്വാർഥവുമായ ചിന്ത മതങ്ങൾക്കുതന്നെ ഉപദ്രവവും കോലംകെടുത്തലുമാണ്. ഏതുകോലത്തിനുമുണ്ട് സാർവലൗകികമായ (Universal) ഒരു ഗണിതജ്ഞാനം; സഹജീവനം (symbiosis) എന്ന സംസ്‌കാരമാണത്. അനുഷ്ഠാനങ്ങളെയോ അനുഷ്ഠാന കലകളെയോ സൗന്ദര്യശാസ്ത്രപരമായി,  തുറന്നമനസ്സോടെ സമീപിക്കുന്ന ഒരാൾക്ക് പെട്ടെന്നു മനസ്സിലാവുന്നതാണിത്. ഇതിനൊരു ആമുഖവാക്യം പറയാമെങ്കിൽ അതിങ്ങനെയായിരിക്കും: To an evolutionist, rituals stand out like peacocks in a sunlit glade എന്ന്. അനുഷ്ഠാനങ്ങളിലെ ബഹുവർണസംസ്‌കാരത്തെ കൊലക്കൂട്ടവും കലാപമുഖവുമാക്കിത്തീർക്കുന്നതിനാണ് – അല്ലാതെ സൗരരേഖയിലെ വഴിത്താരയിൽ പീലിനിവർത്തി മഴവിൽക്കാവടിയാവാനല്ല അസഹിഷ്ണുവായ മതവിദ്വേഷി ആഗ്രഹിക്കുന്നത്. ഇത്തരക്കാർ, ചിലപ്പോൾ സൗമനസ്യത്തോടെയും വിനയാന്വിതരായും മിതഭാഷികളായും വന്നുനിന്ന് കലാപനിർദേശങ്ങൾ നല്കുന്ന ഒന്നാംതരം അഭിനേതാക്കളുമായിരിക്കും. മതഭ്രാന്തുള്ള വ്യക്തിയുടെ പ്രതീകമായി ജ്വലിക്കുന്ന മഞ്ഞുകട്ടയെ അവതരിപ്പിച്ച എറിക്‌ഫ്രോം, ഇതൊക്കെ മനസ്സിൽ കണ്ടിട്ടുണ്ടാവണം.


ചലനരഹിതമായ ലോകത്തെ നിർമിച്ചെടുക്കുന്ന മതവിദ്വേഷസമൂഹത്തെ പരാജയപ്പെടുത്താൻ പൗരസമൂഹത്തിനാണു കഴിയുക. പൗരസമൂഹത്തിന്റെ ഉത്പാദനപരമായ രാഷ്ട്രീയഘടന മതമൗലിക സംഘടിതബോധത്തെ വൈവധ്യവത്കരിക്കാൻ കഴിവുള്ളതും സംവാദാത്മകവും ഒരുപരിധിവരെ ചൂഷണരഹിതവുമായിരിക്കും. ശ്രീനാരായണദർശനത്തിന്റെ സാർവദേശീയ സ്വഭാവം ഈ നിലയിൽ രണ്ടു കാര്യങ്ങളോട് നേരിട്ടുബന്ധപ്പെട്ടിരിക്കുന്നു. ലോകഗവൺമെന്റ് എന്ന ആശയത്തോടും പൗരത്വം എന്ന സങ്കല്പത്തോടും. മതം ഒരു സമുദായകാര്യമെന്ന നിലവിട്ട് അതു കേവലം ഒരു ആധ്യാത്മികകാര്യമായിത്തീരണം എന്നുള്ള സർവമതസമ്മേളനത്തിലെ ആഹ്വാനം പൗരസമൂഹത്തെക്കുറിച്ചുള്ള ആഹ്വാനമാണ്. രാജ്യസാമ്രാജ്യവാദത്തോടും പൗരോഹിത്യത്തോടുമുള്ള ആ സമ്മേളനത്തിന്റെ നിലപാടും ഇപ്രകാരം തന്നെയായിരുന്നു. സാമ്രാജ്യത്വം മതത്തെ ആയുധമണിയിച്ച് നിരന്തരയുദ്ധം നടത്തുന്നതിനെക്കുറിച്ചുള്ള ബോദ്രിയാറിന്റെ നിരീക്ഷണങ്ങളും ഗാസയിലെ നിലയ്ക്കാത്ത വെടിയൊച്ചകളും ഇതിനോടു ചേർത്തുവായിക്കാവുന്നവയാണ്.


മതം സാമുദായിക കാര്യമാവുകയെന്നാൽ മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുകയെന്നാണര്‍ഥം. അതിലൂടെ സാമൂഹിക അന്യവത്കരണവും ദാർശനികമായ അന്യവത്കരണവുമാണ് സംഭവിക്കുക. ഇതു മനുഷ്യരുടെ പ്രയത്‌നങ്ങളെ വിഫലമാക്കിത്തീർക്കുകയും സാമൂഹിക ഫലമത്രയും ചുരുക്കം ചിലരിലേക്ക് കുന്നുകൂടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. അത്തരമൊരു സമൂഹത്തിൽ വ്യക്തികൾക്ക് ‘ആത്മസുഖം’ അനുഭവിക്കാനാവുകയില്ല. അതുണ്ടാവണമെങ്കിൽ ‘ജഗതിയിലിമ്മതമേകമെന്നു ചിന്തിച്ചഘമണയായകതാരമർത്തിടേണം’എന്നു ഗുരു. മതബോധത്തിലെ അഘ(പാപം)മെന്നതുപോലെ, പൗരജീവിതത്തിലുമുണ്ട് അഘം. നിയമലംഘനവും ദയാരാഹിത്യവുമാണ് അവിടെ പാപങ്ങൾ. 1921-ൽ മുരുക്കുംപുഴയിലെ പ്രതിഷ്ഠാസന്ദർഭത്തിൽ ഗുരു കൊത്തിവച്ച നാലുവാക്കുകളും ദാർശനികമായ നാലു പൗരതത്ത്വങ്ങളാണ്. സത്യം, ധർമം, ദയ, നീതി എന്നിവ. അവയുടെ ആധുനികവും ഭരണഘടനാപരവുമായ മൂല്യങ്ങൾ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.


ഒരാളടെയും വിശ്വാസത്തെ നിരാകരിക്കാതെതന്നെ വിശ്വാസത്തെ ഒരു പൊതു പരിപാടി (Public Agenda) യാക്കാൻ ഗുരുവിനു കഴിഞ്ഞു. കേരളസമൂഹത്തിന്റെ ആധുനികീകരണത്തിനു വേണ്ട പൗരസമൂഹരൂപീകരണത്തിലും ബുദ്ധിജീവികളുടെ രൂപീകരണങ്ങളിലും ശ്രീനാരായണഗുരുവും ശ്രീനാരായണ പ്രസ്ഥാനങ്ങളും വഹിച്ച പങ്കുപോലെത്തന്നെ സർവമതസമ്മേളനത്തിന്റെയും പങ്ക് വളരെ വലുതാണ്. ഇവയ്‌ക്കൊക്കെ വേണ്ട മനുഷ്യവിഭവശേഷിയും സാമൂഹികവിഭവശേഷിയും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ, അവയെ വിനിമയംചെയ്യുന്നതിനു തടസ്സംനിന്ന ജാതിവ്യവസ്ഥയെയും മതവിദ്വേഷമനോഭാവങ്ങളെയും തകർക്കേണ്ടതുണ്ടായിരുന്നു. ഗുരു അങ്ങനെയാണിടപെട്ടത്.


‘പലമതസാരവുമേകം’ എന്നത് സ്റ്റേറ്റിന്റെ നിലപാടായി പ്രഖ്യാപിക്കപ്പെടുന്നതിന് എത്രയോ മുൻപാണ് ഗുരു തന്റെ നിലപാടായി അതു പ്രഖ്യാപിച്ചത്. യൂറോപ്യൻ സെക്യുലറിസത്തിന്റെ നിലപാടുതറയിൽനിന്നുമല്ല ഗുരു അതു പറഞ്ഞത്. മതം, ഒരു മർദനോപാധിയായിത്തീരുന്നതിലും നല്ലത് സംവാദത്തിനുള്ള പഠനവസ്തുവായിത്തീരുന്നതാണെന്ന് ഗുരു പഠിപ്പിച്ചു. ഹേബർമാസിന്റെ ഒരു വിചാരം സവീകരിച്ചു പറഞ്ഞാൽ, ആധുനികമുതലാളിത്തം ജനക്ഷേമത്തെ മതം ഉപയോഗിച്ച് അപഹരിക്കാനിടയുള്ളതിനെക്കുറിച്ചുള്ള ബോധ്യപ്പെടുത്തൽകൂടിയായിരുന്നു അത്. അതിന്റെ മന്ദിരോദ്ഘാടനമായിരുന്നു ആലുവ സർമതസമ്മേളനം. മറ്റൊന്നിനെ തകർത്തുകൊണ്ടല്ല ഗുരു അതവിടെ സ്ഥാപിച്ചത്.


കുറിപ്പുകൾ :


  1. ‘The question ‘What is literariness?’ can be refined as ‘How does a literary text work?’ The answer is: by the emergence of emotion – meaning from its verbal structures’Krishnan Rajan, Sahitya a Theory sterling publisher’s private limited, 1991:13
  2. ‘വിമത്സരത്വം’ എന്ന വാക്കിന് അദ്വയതാരകോപനിഷത്തിനോടു കടപ്പാട്. യഥാർഥത്തിൽ ഗുരു എന്നു പറയുന്നത് വേദസമ്പന്നത, വിഷ്ണുഭക്തി, പരിശുദ്ധി, ഗുരുഭക്തി, പരമാത്മാവിൽ ശ്രദ്ധ ഇവ ചേർന്നയാളാണെന്ന് അദ്വയതാരകോപനിഷത്ത് പറയുന്നു.

      3.A Prophet of Peace or Sree Narayana Guru of Malabar’ എന്ന കൃതി

      4.Breaking the spell: Religion as a natural phenomenon, Daniel C Dennett, Penguin Book, 2007:141

      5.Religion and Rationality: Essays on Reason, God and Modernity, Jürgen Habermas (Ed.) Eduardo Medieta, Polity, 2002.