പൗരത്വത്തിനും ബ്രഹ്മത്തിനും ഇടയിൽ – സിയർ മനുരാജ്

പൗരത്വത്തിനും ബ്രഹ്മത്തിനും ഇടയിൽ – സിയർ മനുരാജ്

      ആധുനിക ഇന്ത്യാചരിത്രത്തിലെ ഏറ്റവും  പ്രധാനപ്പെട്ട രണ്ടു വ്യക്തികൾ മഹാത്മാഗാന്ധിയും ഡോക്ടർ ബാബാ സാഹെബ് അംബേദ്കറുമാണ്. വര്‍ത്തമാന ഇന്ത്യ ഇന്ന്‍ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നാണ് 2019-ലെ പൗരത്വഭേദഗതി ഉയര്‍ത്തുന്ന ചോദ്യങ്ങൾ. പൗരത്വം എന്ന ആശയം അതിന്റെ എല്ലാ മൂര്‍ത്തഭാവങ്ങളോടെയും ഗാന്ധിയുടെയും അംബേദ്കറുടെയും ജീവിതത്തിൽ പ്രത്യക്ഷപ്പെട്ട പ്രധാന ചരിത്രമുഹൂര്‍ത്തങ്ങളെ അനാവരണംചെയ്തുകൊണ്ട് സാംസ്‌കാരികദേശീയതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയിലെ പട്ടികജാതികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന വിഷയത്തിലേക്ക് പ്രവേശിക്കാം.


                      ഗാന്ധിയും അംബേദ്കറും അനുഭവിച്ച സാമൂഹിക തിരസ്കരണം  പൗരത്വം എന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് പോകാനുള്ള ചവിട്ടുപടിയാണ്. പൗരത്വം എന്നത് ഈ ലോകത്തിലെ ഒരു രാജ്യത്തിന്റെ അധികാരപരിധിക്കുള്ളിൽ നമുക്കൊരു ഇടം നല്കുന്ന കേവലമായ ഒരു  ലീഗൽരേഖ മാത്രമല്ല. മറിച്ച് ഭരണകൂടവും നമ്മളും തമ്മിലും, നമുക്കുചുറ്റുമുള്ള ആളുകളുമായും നമുക്കുള്ള ബന്ധത്തെ നിര്‍ണയിക്കുന്ന ഒന്നാണത്. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഒക്കെ നമുക്കനുഭവിക്കാൻ കഴിയുന്ന അവകാശങ്ങളുടെ അതിര്‍വരമ്പുകൾ നിശ്ചയിക്കുന്ന ഒരു രേഖയാണ് പൗരത്വം എന്നത്. പൗരത്വം എന്നത് ഭരണകൂടവും വ്യക്തികളും തമ്മിലും, വ്യക്തികൾ തമ്മിലുമുള്ള അധികാരവിഭജനത്തെ നിര്‍ണയിക്കുന്ന രേഖയാണ്. സവിശേഷമായ അവകാശങ്ങളും അധികാരങ്ങളും വ്യക്തികള്‍ക്ക് തുല്യമായി വിഭജിച്ചുകൊടുക്കുന്ന, തത്ത്വത്തിലും പ്രയോഗത്തിലും, ഒന്നായി മാറുമ്പോൾ ആണ് പൗരത്വരേഖ ജനാധിപത്യമെന്ന ആശയവുമായി കണ്ടുമുട്ടുന്നത്. എന്നാൽ, ഒരു നടപടിക്രമം [Procedural] എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ മാത്രമായി ജനാധിപത്യം ഒതുങ്ങിപ്പോകുന്ന വര്‍ത്തമാനകാലത്ത് പൗരത്വം എന്നത് കൂടുതൽ പരമപ്രധാനമായ ഒന്നായി മാറുന്നു. തീവണ്ടിയിൽ വെള്ളക്കാര്‍ക്ക് ഒപ്പം സഞ്ചരിക്കാൻ കറുത്ത ഗാന്ധിക്ക് കഴിയുമോ, കറുത്ത ഗാന്ധിക്കൊപ്പം ബറോഡയിലെ പാര്‍സി ലോഡ്ജിൽ അംബേദ്കര്‍ക്ക് താമസിക്കാൻ കഴിയുമോ എന്നത് കേവലം വംശീയ- ജാതീയ യുക്തികൾകൊണ്ട് നിശ്ചയിക്കപ്പെടേണ്ട ഒന്നല്ല. മറിച്ച്, അത് ജനാധിപത്യം വ്യക്തികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന “തുല്യത” എന്ന ആശയത്തെ എത്രത്തോളം   അര്‍ഥപൂര്‍ണമായ ഒരു ജീവിതാനുഭവമായി ജനങ്ങള്‍ക്ക് നല്കാൻ അവരുടെ  ഭരണകൂടത്തിനു  കഴിയും എന്നതിന്റെ അടിസ്ഥാനത്തിൽ  നിശ്ചയിക്കപ്പെടേണ്ട ഒന്നാണ്. ഈ ഉയര്‍ന്ന തിരിച്ചറിവിൽ വേണം പൗരത്വത്തെപ്പറ്റി വര്‍ത്തമാന ഇന്ത്യയിൽ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളെ നമ്മൾ വീക്ഷിക്കാൻ. പൗരത്വം എന്നത് ഒരു വ്യക്തിയുടെ മേല്‍വിലാസമാണ്, അയാൾ ഉള്‍പ്പെടുന്ന ഒരു ദേശരാഷ്ട്രവുമായുള്ള അയാളുടെ പൊക്കിള്‍കൊടി ബന്ധത്തിന്റെ അടയാളമാണ്. ഒരു രാഷ്ട്രം തത്ത്വത്തിൽ അയാള്‍ക്ക് അനുവദിച്ചു നല്കിയിട്ടുള്ള സവിശേഷമായ അവകാശങ്ങളുടെ ഗ്യാരണ്ടിയാണ് അയാളുടെ പൗരത്വരേഖ. ഒരു വ്യക്തിയുടെ അസ്തിത്വംതന്നെ നിശ്ചയിക്കുന്ന തരത്തിലുള്ള സുപ്രധാനമായ രേഖയാണ് പൗരത്വം എന്നത്. പൗരത്വം ഇല്ലാത്തവർ രാഷ്ട്രരഹിതരായ മനുഷ്യരായിരിക്കും. മറ്റൊരുതരത്തിൽ നോക്കിയാൽ അവർ പഴയ നായാട്ട് – പെറുക്കി തീനികൾ [Hunter-Gatherer] മാത്രമായി ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരായി മാറും. പൗരത്വമെന്നത് മരങ്ങള്‍ക്ക് വേരുകൾപോലെ മനുഷ്യരെ ഭൂമിയിൽ ഉറപ്പിച്ചു നിറുത്തുന്ന ഒന്നാണ്.  വര്‍ണവെറി അനുഭവിച്ച ഗാന്ധിയും ജാതി അസ്പൃശ്യത അനുഭവിച്ച അംബേദ്കറും ഇംപീരിയൽ പൗരന്മാർ [Imperial Citizens of Britain] ആയിരുന്നു. പൗരത്വം എന്നത് സാമൂഹികശ്രേണികളെ മറികടക്കാൻ സഹായിക്കുന്ന ഒന്നായിരുന്നില്ല അക്കാലത്ത് എന്നോര്‍ക്കുക.


           ഗാന്ധി ആഫ്രിക്കയിൽ നേരിട്ടത് വര്‍ണവെറിയായിരുന്നുവെങ്കിൽ അംബേദ്‌കർ ഇന്ത്യയിൽ അനുഭവിച്ചത് ജാതീയമായ അയിത്തവും അസ്പൃശ്യതയും ആയിരുന്നു. ഗാന്ധിയൻരാഷ്ട്രീയം വര്‍ണവെറിയെയും ജാതി അയിത്തത്തെയും ഒരുപോലെ എതിര്‍ത്തു. ഗാന്ധിയൻസാഹിത്യത്തിലൂടെ കടന്നുപോകുന്ന ആര്‍ക്കും അറിയാം ഗാന്ധി ഒരുപക്ഷേ, ഏറ്റവും കൂടുതൽ എഴുതിയത് അയിത്തത്തെ പറ്റിയാണ് എന്ന്. ഡോ.അംബേദ്‌കറും ഏറ്റവുംകൂടുതൽ എഴുതിയതും സംസാരിച്ചതും ജാതിയെപ്പറ്റിയും അയിത്തത്തെപ്പറ്റിയും ആണ്. എന്നാൽ പൂനാ പാക്റ്റ്‌ കാലത്ത് തുടങ്ങിയ അവര്‍ക്കിടയിലെ ആശയസമരം ഒടുവിൽ ഗാന്ധിയും കോണ്‍ഗ്രസ്സും അസ്പൃശ്യരോട് എന്താണ് ചെയ്തതെന്ന് അംബേദ്‌കർ ചോദിക്കുന്ന ഘട്ടം എത്തിയപ്പോൾ  ഗാന്ധിയുടെ അയിത്തസമരത്തെതന്നെ റദ്ദുചെയ്യുന്ന തരത്തിൽ അംബേദ്കറുടെ ഗാന്ധിവിമര്‍ശനം വളര്‍ന്നിരുന്നു. ഗാന്ധി അസ്പൃശ്യതയെ എതിര്‍ത്തപ്പോൾത്തന്നെ ജാതിവ്യവസ്ഥയെയും വര്‍ണവ്യവസ്ഥയെയും അനുകൂലിച്ചയാളാണ്. തൊഴിലുകൾ ജാതി അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന ഒരു സമൂഹത്തിൽ തൊഴിലിനുവേണ്ടിയുള്ള കഴുത്തറപ്പൻ മത്സരം ഉണ്ടാവില്ലെന്നും അതുകൊണ്ട് കിടമത്സരം നിലനില്ക്കുന്ന അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളിലേക്ക് നമ്മൾ ജാതിവ്യവസ്ഥ കയറ്റി അയക്കണം എന്നു പറഞ്ഞിട്ടുള്ള ആളാണ് ഗാന്ധി. ബ്രഹ്മസിദ്ധാന്തത്തിൽ ഉറപ്പിച്ചിട്ടുള്ള കര്‍മ – പുനര്‍ജന്മ വ്യവസ്ഥയുടെ പിന്‍ബലത്തിലാണ് ഗാന്ധി ജാതിവ്യവസ്ഥയെയും വര്‍ണവ്യവസ്ഥയെയും അംഗീകരിക്കുന്നത്. എല്ലാവരും ബ്രഹ്മത്തിന്റെ അംശം ആണെന്നും അതുകൊണ്ട് ഭൗതികമായി തോട്ടിയായി കരുതപ്പെടുന്ന ആളും ബ്രാഹ്മണനായി കരുതപ്പെടുന്ന ആളും ബ്രഹ്മത്തിന്റെ അംശങ്ങൾ മാത്രമാണ്. അവര്‍ക്കിടയിൽ വലുപ്പചെറുപ്പം ഇല്ല. രണ്ടുപേരും സമൂഹത്തിന്റെ ക്ഷേമത്തിനായി സ്വജീവിതം സമര്‍പ്പിച്ചിട്ടുള്ള മനുഷ്യരാണ്. ഒരാൾ ബ്രാഹ്മണനായതുകൊണ്ട് മെച്ചപ്പെട്ടവനോ അപരൻ തോട്ടിയായതുകൊണ്ട് മോശക്കാരനോ ആകുന്നില്ല. രണ്ടുപേരും തുല്യരാണ്. സമൂഹത്തിൽനിന്നു തുല്യമായ ആദരവിന് രണ്ടുപേരും അര്‍ഹരാണ്. തൊഴിലിനോടുള്ള ഗാന്ധിയൻ സമീപനത്തെ അദ്ദേഹത്തിന്റെ തന്നെ ഒരു ലേഖനത്തെ അടിസ്ഥാനമാക്കി നമുക്കൊന്നു വിശകലനംചെയ്യാം. ഇന്ത്യൻ ഭരണഘടന നല്കുന്ന പൗരത്വത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ ഗാന്ധിയുടെ ലേഖനത്തിന്റെ പുനര്‍വായന സഹായിക്കും.


          1936 നവംബർ 28 ന് ഗാന്ധിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘ഹരിജൻ’ മാസികയിൽ വന്ന ഒരു ലേഖനമാണ് പരിശോധിക്കുന്നത്. ആദര്‍ശഭാംഗി അഥവാ ആദര്‍ശതോട്ടി എന്നാണ് ലേഖനത്തിന്റെ പേര്. ലേഖനത്തിന്റെ ഒന്നാമത്തെ വരി ഇങ്ങനെയാണ്, “ആദര്‍ശവാനായ ഒരു തോട്ടി എന്റെ സങ്കല്പത്തിൽ ബ്രാഹ്മണന് തുല്യമാണ് ഒരുപക്ഷേ, ബ്രാഹ്മണനും മേലെയാണ് തോട്ടി’’. ഇനി നമുക്ക് എങ്ങനെയാണ് തോട്ടിപണി പോലുള്ള ഒരു വൃത്തികെട്ട, അതും അന്നത്തെ കാലത്തെ ജാതിനിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അടിമയായി ജോലിചെയ്ത ഒരാളെ ഗാന്ധി ആദര്‍ശവാനായി ചിത്രീകരിക്കുന്നതെന്നു നോക്കാം. മനുഷ്യമാലിന്യം കൃത്യമായി നീക്കുന്നതുവഴി സ്നേഹമയിയായ ഒരമ്മ തന്റെ മക്കളെ വൃത്തിയാക്കി സൂക്ഷിച്ചുകൊണ്ട് അവരെ അസുഖങ്ങളിൽനിന്നു രക്ഷിക്കുന്നതുപോലെ തോട്ടി സമൂഹത്തെ രക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഗാന്ധി കരുതിയത്. ഗാന്ധി തുടരുന്നു: “ബ്രാഹ്മണർ മനുഷ്യരുടെ ആത്മാവിനെ പവിത്രീകരിക്കുന്നു, തോട്ടിയോ സമൂഹത്തിന്റെ ശരീരത്തെയും. എല്ലാ ജാതികര്‍മങ്ങളും സാമൂഹികസേവനങ്ങളാണ്. സാമൂഹിക സേവനങ്ങളുടെ അടിത്തറയാണ് തോട്ടികളും തോട്ടിപ്പണിയും. തോട്ടിപ്പണി ഒരു ജോലി എന്നതിനെക്കാൾ അതൊരു സാമൂഹികസേവനമാണ്. അതുകൊണ്ടുതന്നെ സേവനമനഃസ്ഥിതിയോട് കൂടിയാവണം ഒരാൾ മാലിന്യനീക്കം ചെയ്യേണ്ടത്.


           പൂനാപാക്റ്റിന്റെ സമയത്ത് ഗാന്ധി അംബേദ്‌കറെ വിമര്‍ശിച്ചത് ഹിന്ദുമതത്തിൽനിന്നു അസ്പൃശ്യരെ വിഘടിപ്പിക്കുന്നു എന്നു പറഞ്ഞായിരുന്നു. ജാതിഹിന്ദുക്കളുടെ മനംമാറ്റത്തിലൂടെ അസ്പൃശ്യര്‍ക്ക് ഹിന്ദുമതത്തിൽ മാന്യമായ സ്ഥാനം ഉണ്ടാകും എന്നാണ് ഗാന്ധി അംബേദ്കറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഹിന്ദു വര്‍ണവ്യവസ്ഥയ്ക്ക് വെളിയിൽ ജീവിച്ച അസ്പൃശ്യജനതകളെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കളെ സേവിക്കുക എന്നത് മതപരമായ ഒരു കടമയായിരുന്നില്ല. എന്നാൽ, ശൂദ്രരെ സംബന്ധിച്ച് മറ്റു വര്‍ണത്തിൽപ്പെട്ട ആളുകളെ സേവിക്കുക എന്നത് അവരുടെ മതപരമായ കടമ ആയിരുന്നു. ആ കടമ മടികൂടാതെ ചെയ്‌താൽ അവരുടെമേൽ ദൈവങ്ങൾ പൂക്കൾ ചൊരിയും എന്നാണ് ഗാന്ധിപറഞ്ഞത്. ഒരു തൊഴിൽ എന്നതിനെക്കാൾ ദൈവികമായ ഒരു കര്‍മമായി കരുതി “സര്‍വരുടെയും തന്റെ തന്നെയും സന്തോഷത്തിനായി” നിഷ്കാമകര്‍മംചെയ്യുന്ന ഒരു തോട്ടിയാകാൻ അസ്പൃശ്യരോട് ആഹ്വാനംചെയ്ത ഗാന്ധി അതുതന്നെയാണ് ശൂദ്രരോടും പറയുന്നത്. സ്വന്തം ജാതികര്‍മം മടികൂടാതെ മമതാപൂര്‍വം ചെയ്‌താൽ അടുത്തജന്മം വൈശ്യജന്മം കിട്ടുമെന്നാണ് സനാതനധര്‍മം പറയുന്നത്. അങ്ങനെ പൂര്‍വജന്മപുണ്യങ്ങളിലൂടെ ഒടുവിൽ ബ്രാഹ്മണജന്മവും ശേഷം ബ്രഹ്മത്തിൽ വിലയം പ്രാപിക്കാനും കഴിയുന്നതിലൂടെ പുനര്‍ജന്മങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്കുള്ള ആത്മാവിന്റെ ആത്യന്തികവളര്‍ച്ചയെയാണ് സനാതനധര്‍മം വിഭാവനം ചെയ്യുന്നത്. ഗാന്ധി ജാതി വ്യവസ്ഥയെയും വര്‍ണവ്യവസ്ഥയെയും അനുകൂലിക്കുകയും അതുവഴി സനാതനധര്‍മ വ്യവസ്ഥയുടെ അഭംഗുരമായ പ്രവര്‍ത്തനത്തിനായി നിലകൊള്ളുകയും ചെയ്തു. തോട്ടിക്ക് നല്ലൊരു ചൂലും ശൂദ്രര്‍ക്ക് ദൈവങ്ങളുടെ പുഷ്പവൃഷ്ടിയുമാണ് ഗാന്ധി വാഗ്ദാനംചെയ്തത്.


             അംബേദ്‌കർ ഗാന്ധിയെ കണ്ടതിൽനിന്നു വ്യത്യസ്തമായി അദേഹത്തെ വായിച്ച ആളുകളും ഉണ്ടായിട്ടുണ്ട്. ഗാന്ധിയെ നിരന്തരം മാറിക്കൊണ്ടിരുന്ന പരിണാമ വിധേയനായ ഒരു ജൈവചിന്തകനായി കണ്ടവരാണ് അവർ.  ജാതിയോടുള്ള ഗാന്ധിയുടെ മനോഭാവം തുടക്കത്തിൽ ജാതിവാദികള്‍ക്ക് അനുകൂലമായിരുന്നു. എന്നാൽ, പിന്നീട് ഗാന്ധി ജാതിയോട് ലിബറൽ സമീപനം പുലര്‍ത്തിയെന്നും അദ്ദേഹത്തിന്റെ അന്ത്യകാലത്ത് അദ്ദേഹം ജാതിക്കെതിരായി വിപ്ലവകരമായ നിലപാടുകൾ – ഗാന്ധിയുടെ ആശ്രമത്തിൽ വച്ച് വിവാഹം നടത്തണമെങ്കിൽ പങ്കാളികളിൽ ഒരാൾ ഹരിജനാകണം എന്നതുപോലുള്ള നിലപാടുകൾ പുലര്‍ത്തി എന്നാണ് ലൂയിസ് ഫിഷറിനെ [Louis Fischer]പോലുള്ളവർ പറഞ്ഞത്. ഗാന്ധിയുടെ ജാതിയോടുള്ള നിലപാടുകൾ നോക്കിയാൽ മിക്കപ്പോഴും അദ്ദേഹത്തിന് ജാതിവാദികളെയും പടിഞ്ഞാറൻ ലിബറലിസ്റ്റുകളെയും ഒരുപോലെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ഉണ്ടായിരുന്നു എന്നു കാണാം. ജാതിക്കൊട്ടാരം നിലനിറുത്തുക ആണോ അതോ അതു തകര്‍ക്കുക ആയിരുന്നോ അതോ സ്വാതന്ത്ര്യസമരത്തിന്‌ ആളെ കൂട്ടുന്നതിനുള്ള ഒരു കൗശലം മാത്രമായിരുന്നോ അദ്ദേഹത്തിന്റെ ജാതിവിരുദ്ധ സമരങ്ങൾ എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ഗാന്ധി അദ്ദേഹത്തിന് വെറും പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമുള്ളപ്പോൾത്തന്നെ ജാതിവിവേചനം പാടില്ലെന്നു പറഞ്ഞ് സ്വന്തം അമ്മയോട് വഴക്കിട്ടിരുന്നു. മേല്‍ജാതി ഹിന്ദു തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹം കടൽ കടന്ന്‍ വിദേശത്തേക്ക് പോയി. സ്വന്തം ആശ്രമത്തിൽ അസ്പൃശ്യരെ കയറ്റുകവഴി മേല്‍ജാതിക്കാരുടെ കോപം അദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നിരുന്നു. തുടക്കത്തിൽ മിശ്രവിവാഹത്തെയും മിശ്രഭോജനത്തെയും എതിര്‍ത്ത ഗാന്ധി പിന്നീട് രണ്ടിനെയും പിന്താങ്ങി, അവസാനകാലത്തെ എഴുത്തുകളിൽ അദ്ദേഹം “ജാതി അസ്പൃശ്യത സനാതനധര്‍മത്തിന്റെ ഭാഗമാണെങ്കിൽ ആ മതംകൊണ്ട് എനിക്ക് യാതൊരു ഗുണവും ഇല്ലെന്നും, എല്ലാ ഹിന്ദുക്കളും അതിശൂദ്രർ മാത്രമായി സ്വയം തങ്ങളെ കരുതണം എന്നൊക്കെ പറഞ്ഞിരുന്നു. കേവലം വാക്കുകളുടെ കസര്‍ത്ത് എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല എന്നതാണ് സത്യം. ഗാന്ധി സ്വയംതന്നെ ഒരു ഭാംഗിയായി കരുതിയിരുന്നു. എന്നാൽ, ഗാന്ധി സ്വയം അദ്ദേഹത്തെ എങ്ങനെ നിര്‍വചിച്ചു എന്നതിന് പ്രാധാന്യം ഇല്ല. സമൂഹം അദ്ദേഹത്തെ ഏത് ജാതിക്കള്ളിയിൽ ഇടുന്നു എന്നതിനാണ് പ്രാധാന്യം. അതായത് ഒരു വ്യക്തിക്ക് സ്വയം ഇല്ലാതാക്കാൻ കഴിയുന്നതല്ല അയാളുടെ ജാതിയും സമൂഹത്തിലെ ജാതിവ്യവസ്ഥയും. നമുക്ക് ജാതിയില്ല എന്ന് നാരായണ ഗുരു പറഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ ജാതി അദ്ദേഹത്തെ വിട്ടുപോയിട്ടില്ല എന്നോര്‍ക്കുമല്ലോ. ഒരാള്‍ക്ക് ഒറ്റയ്ക്ക് ജാതിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന പൂര്‍ണബോധ്യം അംബേദ്‌കര്‍ക്ക് ഉണ്ടായിരുന്നു. അതെന്തായിരുന്നാലും ഗാന്ധിയുടെ സങ്കല്പത്തിലെ ജാതി വിമോചനം എന്നത് ജാതിവ്യവസ്ഥയെയോ വര്‍ണവ്യവസ്ഥയെയോ സമ്പൂര്‍ണമായി തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നില്ല എന്നതാണ് നമ്മൾ പരിഗണിക്കേണ്ട കാതലായ വിഷയം. അസ്പൃശ്യത പോയാൽപ്പിന്നെ ബാക്കിയെല്ലാം നന്മകൾ മാത്രമാണ് എന്ന മട്ടിലാണ് ഗാന്ധി ജാതി വ്യവസ്ഥയെയും വര്‍ണ വ്യവസ്ഥയെയും കണ്ടത്. മനുഷ്യവിമോചനം എന്നത് ജാതി വ്യവസ്ഥയെ തകര്‍ത്തുകൊണ്ട് നേടേണ്ട ഒന്നായല്ല ഗാന്ധി കരുതിയത്.


പൗരത്വഭേദഗതിയും പട്ടികജാതി വിഭാഗവും


             ജാതി വിമോചനമെന്നത്  അംബേദ്കറുടെ സങ്കല്പത്തിൽ ജാതിവ്യവസ്ഥയെത്തന്നെ തകര്‍ത്തുകൊണ്ട് ഉണ്ടാക്കേണ്ട ഒന്നായിരുന്നു. ജാതി നശീകരണം എന്ന അംബേദ്‌കർ ആശയത്തിലേക്ക് അവസാനകാലത്ത് ഗാന്ധി എത്തിയതായി ചില എഴുത്തുകാർ കരുതുന്നുണ്ടെങ്കിലും അതിനായുള്ള പ്രായോഗിക മാര്‍ഗങ്ങൾ രൂപപ്പെടുത്തുന്നതിനു മുന്‍പേ അദ്ദേഹം കൊല്ലപ്പെടുകയായാണുണ്ടായത്. പൂനാപാക്റ്റിന്റെ കാലത്ത് സവര്‍ണഹിന്ദുക്കളുടെ മനംമാറ്റത്തിലൂടെ പരിഹരിക്കേണ്ട സാമൂഹികമായ ഒരു തിന്മമാത്രമായാണ് ഗാന്ധി അസ്പൃശ്യതയെ കണ്ടത് . എന്നാൽ അംബേദ്‌കർ അസ്പൃശ്യതയെ കണ്ടത് വസ്തുനിഷ്ഠമായ രാഷ്ട്രീയതീരുമാനങ്ങള്‍കൊണ്ട് ഉണ്ടാക്കുന്ന നിയമവ്യവസ്ഥയ്ക്കുള്ളിൽ പരിഹരിക്കപ്പെടേണ്ട ഒരു രാഷ്ട്രീയപ്രശ്നമായാണ്. അയിത്തം എന്നത് അംബേദ്കറുടെ വീക്ഷണത്തിൽ രാഷ്ട്രീയമായി പരിഹരിക്കേണ്ട ഒരു പ്രശ്നമായിരുന്നു. അല്ലാതെ ഗാന്ധി കരുതിയതുപോലെ സവര്‍ണഹിന്ദുക്കളുടെ മനംമാറ്റത്തിലൂടെ പരിഹരിക്കേണ്ട ഒരു ഹിന്ദു അടുക്കളക്കാര്യമായിരുന്നില്ല. ഗാന്ധിക്ക് അയിത്തം ഹിന്ദുമതത്തിനകത്തെ അഭ്യന്തരപ്രശ്നമായിരുന്നു. എന്നാൽ, അംബേദ്കറെ സംബന്ധിച്ചിടത്തോളം അത് മാനവികതയ്ക്കും മനുഷ്യാന്തസ്സിനും നേരെയുള്ള ഒരു സാമൂഹ്യവൈകൃതമായിരുന്നു. നിയമപരമായിത്തന്നെ പരിഹരിക്കേണ്ട ഒന്നായിരുന്നു അംബേദ്കര്‍ക്ക് അയിത്തം. ഇന്ത്യൻ ഭരണഘടന അയിത്തത്തെ ഒരു ക്രിമിനൽക്കുറ്റമായിത്തന്നെ രേഖപ്പെടുത്തുമ്പോൾ അതു കത്തിവയ്ക്കുന്നത് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന സ്മൃതിസംസ്കാരത്തിന്റെ കടയ്ക്കൽത്തന്നെയാണ്. അയിത്തവും അസ്പൃശ്യതയും “അനുഭവിക്കുക’’, അത് “പാലിക്കുക’’ എന്നത് കടമയും അവകാശവുമായൊക്കെ മനുഷ്യർ കരുതിയിരുന്ന ഒരു സംസ്കാരത്തെ ഒറ്റയടിക്കാണ് ഇന്ത്യൻ ഭരണഘടന സാമൂഹികവ്യവഹാരങ്ങളിൽനിന്നു പൂര്‍ണമായി അകറ്റികളയുന്നത്. സാമൂഹികവ്യവഹാരങ്ങളുടെ പൊതു/സ്വകാര്യ ഇടങ്ങളിൽ ജാതിയുടെ പ്രയോഗക്ഷമതയെ ഉറപ്പിക്കുന്ന അസ്പൃശ്യതയെ സമ്പൂര്‍ണമായി നിഷേധിക്കുന്ന തരത്തിലുള്ള ജീവിതം വ്യക്തികള്‍ക്ക് സാധ്യമാക്കാനുള്ള അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുവാൻ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തെ പ്രാപ്തമാക്കുകയാണ് ഇന്ത്യൻ ഭരണഘടന ചെയ്തത്. അസ്പൃശ്യതയെ നിയമംമൂലം നിരോധിക്കുമ്പോൾ ഗാന്ധി സ്വപ്നംകണ്ട കാര്യമാണ് അംബേദ്കറും കൂട്ടരും സാധ്യമാക്കിയത്. പീറ്റര്‍മാരിസ്ബര്‍ഗിൽ ഗന്ധിക്കുണ്ടായ അനുഭവവും ബറോഡയിൽ അംബേദ്കര്‍ക്കുണ്ടായ അനുഭവവും സ്വതന്ത്ര ഇന്ത്യയിൽ ആവര്‍ത്തിക്കരുതെന്ന് നമ്മുടെ ഭരണഘടനാ ശില്പികള്‍ക്ക് ഉണ്ടായിരുന്നു.


            ഇന്ത്യൻ ഭരണഘടനയിൽ വിഭാവനംചെയ്ത “സ്വതന്ത്ര ഇന്ത്യയിൽ അധിവസിക്കുന്ന എല്ലാവരും ഇന്ത്യൻ പൗരന്മാർ” ആണെന്ന പൗരത്വസങ്കല്പനം ജാതി, മതം, വര്‍ഗം, വര്‍ണം, ലിംഗം, ലൈംഗികത ഒന്നും പരിഗണിക്കാതെ സ്വതന്ത്രഇന്ത്യയുടെ ഭൂമിശാസ്ത്ര പരിധിക്കുള്ളിലുള്ള എല്ലാവരും, അവർ മറ്റൊരു ദേശത്തിന്റെ പൗരത്വം സ്വീകരിക്കാത്തിടത്തോളം ഇന്ത്യൻ പൗരന്മാർരാണെന്ന വിശാലമായ കാഴ്ചപ്പാടാണ് നമ്മുടെ ഭരണഘടന പുലര്‍ത്തിയത്. ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം ഏതെങ്കിലും തരത്തിലുള്ള ദേശീയതയോ, വംശീയതയോ അടിസ്ഥാനമാക്കി ഉള്ളതായിരുന്നില്ല. ലോകത്തെ മുഴുവൻ ഉള്‍ക്കൊള്ളുന്ന വിശാലതയിൽ ഊന്നിയുള്ളതായിരുന്നു നമ്മുടെ പൗരത്വ സങ്കല്പനം. യൂണിയൻജാക്ക് താഴ്ത്തിക്കൊണ്ട്, നമ്മുടെ മൂവര്‍ണപതാക ഉയര്‍ത്തിക്കൊണ്ട് സ്വതന്ത്രഇന്ത്യ “സ്വാതന്ത്ര്യത്തിന്റെ ഒരു പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്” എന്നു നെഹ്‌റു പറഞ്ഞുവെങ്കിലും  നമ്മുടെ രാജ്യത്തെ എല്ലാവരും ഇന്ത്യൻ പൗരന്മാർ ആയി മാറിയില്ല. വിഭജനത്തെ തുടര്‍ന്ന്‍ അതിര്‍ത്തികളിൽ കുടുങ്ങിപ്പോയ ആളുകൾ, നാട്ടുരാജ്യങ്ങളിലെ പ്രജകൾ, ബ്രിട്ടൻ അല്ലാത്ത വിദേശരാജ്യങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിലെ ആളുകൾ, ഇന്ത്യക്ക് പുറത്ത് ബ്രിട്ടീഷ് കോളനികളിൽ ജീവിച്ചുവന്ന ഇന്ത്യൻ വംശജർ ഒക്കെയും ഇന്ത്യൻ പൗരത്വത്തിന് വെളിയിലായിരുന്നു. എന്നാൽ, കാലാകാലങ്ങളിൽ നമ്മുടെ രാജ്യം പൗരത്വ നിയമഭേദഗതികൾ കൊണ്ടുവന്നിരുന്നു. ഒരു ജനാധിപത്യ രാജ്യം പുലര്‍ത്തേണ്ട മാനുഷികതയും ഭരണഘടനാമൂല്യമായ ബഹുസ്വരതയും നിലനിറുത്തിക്കൊണ്ടാണ് നമ്മൾ പൗരത്വനിയമങ്ങൾ പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നത്. ചരിത്രത്തിന്റെ വലിയൊരു ഭാരംപേറുന്ന ഒരു രാജ്യത്തിന്‌ മറ്റുതരത്തിൽ പെരുമാറാൻ കഴിയുമായിരുന്നില്ല .


           ജാതിയാൽ നിര്‍ണയിക്കപ്പെട്ട സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും അവശതകളും അനുഭവിച്ചിരുന്ന കോടികണക്കിന് മനുഷ്യർ നൂറ്റാണ്ടുകൾ ജീവിച്ച ഒരു രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ ഉണ്ടാക്കിയ   പൗരത്വസങ്കല്പനത്തിൽ  ജാതിയോ മതമോ വര്‍ണമോ പരിഗണിക്കപ്പെട്ടില്ല എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു. ഏറ്റവും ഒടുവിലത്തെ പൗരത്വനിയമ ഭേദഗതിയിൽ പൗരത്വത്തിനുള്ള ഉപാധിയായി മതം കടന്നുവരുന്നു എന്നത് അതുകൊണ്ടുതന്നെ നിസ്സാരമായി കണ്ടില്ലെന്നു നടിക്കാൻ കഴിയുന്ന ഒരു കാര്യമല്ല. കാരണം, ചരിത്രത്തിൽ എക്കാലവും പൗരത്വവും ജനാധിപത്യവും ഒന്നിച്ചു കഴിഞ്ഞവരായിരുന്നില്ല. ഉദാഹരണത്തിന് സ്റ്റാലിന്റെ സോവ്യറ്റ് റഷ്യയിൽ ചില വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയപങ്കാളിത്തം അനുവദിക്കാതെയുള്ള രണ്ടാംതരം പൗരത്വം മാത്രമാണ് ഉണ്ടായിരുന്നത്. കസാക്കിസ്ഥാൻപോലുള്ള പല രാജ്യങ്ങളിലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പൗരത്വം തന്നെ ഇല്ലാതെ രാഷ്ട്രരഹിത മനുഷ്യരായി ജീവിക്കേണ്ട അവസ്ഥ ഇന്നും നിലനില്ക്കുന്നുണ്ട്. പിന്‍വാതിലിലൂടെ കടന്നുവരുന്ന മതത്തിനോടൊപ്പം ജാതികൂടി ചേര്‍ക്കപ്പെടില്ല എന്നു കരുതാൻ ന്യായമില്ല. സനാതനധര്‍മത്തിൽ ഊന്നിയ സാംസ്‌കാരികദേശീയതയിൽ കെട്ടിപ്പടുക്കുന്ന ഒരു പുതുരാഷ്ട്രത്തിൽ ജാതി ഒന്നാംതരം പൗരന്മാരെയും സിവിൽ രാഷ്ട്രീയ അവകാശങ്ങളില്ലാത്ത രണ്ടാംതരമോ മൂന്നാംതരമോ ആയ പ്രജകളെയും  സൃഷ്ടിക്കപ്പെടില്ല എന്നു കരുതാൻ ന്യായമൊന്നുമില്ല. ഇന്ത്യൻ ഭരണഘടനയുടെ നിര്‍മാണവേളയിൽ നടന്ന ചര്‍ച്ചകളുടെ സുദീര്‍ഘമായ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത് ഇന്നു നമ്മൾ കാണുന്ന ഭരണഘടനയുടെ മൂല്യബോധത്തിൽനിന്നു തികച്ചും വ്യത്യസ്തമായ മൂല്യബോധത്തോടു കൂടിയുള്ള ഒരു സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള മുറവിളികൾ അവിടെ മുഴങ്ങിയിരുന്നു എന്നാണ്. അവസരംകിട്ടിയാൽ വീണ്ടും അത്തരം ശബ്ദങ്ങൾ തിരിച്ചുവരും അല്ലെങ്കിൽ അവസരങ്ങള്‍ക്കായി അത്തരം ശബ്ദങ്ങൾ അണിയറയിൽ നിശ്ശബ്ദരായി കിടക്കുന്നുണ്ട് എന്നാണ് നമ്മൾ ഓര്‍ക്കേണ്ടത്.


മഹാഭാരതത്തിൽ ബന്ധുക്കളെ കൊല്ലാൻ അർജുനൻ വിസമ്മതം കാണിക്കുന്നത് അദ്ദേഹം തന്റെ ക്ഷത്രിയധര്‍മത്തിന് മുകളിൽ ബന്ധുസ്നേഹമെന്ന വൈകാരികത കെട്ടിവച്ചുകൊണ്ടായിരുന്നില്ല. മറിച്ച്, പുരുഷന്മാരില്ലാത്ത നാട്ടിൽ സ്ത്രീകള്‍ക്ക് സംഭവിക്കാനിടയുള്ള വര്‍ണസങ്കര സാധ്യതയാണ് അദ്ദേഹത്തെ പുറകോട്ട് വലിച്ചത്. എന്തുകൊണ്ട് ഗാന്ധി കൊല്ലപ്പെട്ടു എന്നു വിശദീകരിക്കുന്ന സമയത്ത് ആശിഷ് നന്ദി പറയുന്ന ഒരു കാര്യം: ‘പങ്കാളികളിലൊരാൾ ഹരിജനാകണമെന്ന്‍ ഗാന്ധി വാശിപിടിച്ചപ്പോൾ ഉണ്ടാകുന്ന വര്‍ണസങ്കരഭീതി ആയിരിക്കാം എന്നാണ്’’. ഇന്ത്യൻ സാഹചര്യത്തിൽ ലിബറൽ ഭരണഘടനയ്ക്ക് കീഴിൽ കഴിയുമ്പോഴും ജാതി ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്‌. അതിൽ ഉണ്ടാകുന്ന വര്‍ണസങ്കരം നമുക്ക് ജാതിക്കൊലകളിലൂടെ പരിഹരിക്കാൻ മടിയുള്ള ഒരു കാര്യവുമല്ല. ഈ വര്‍ത്തമാന സാഹചര്യത്തിൽ ബ്രാഹ്മണമൂല്യബോധത്തിലുറപ്പിച്ചിട്ടുള്ള ഒരു സാംസ്കാരിക ദേശീയതയെന്ന അടിത്തറയിൽ കെട്ടിപ്പൊക്കുന്ന  ഒരു ദേശരാഷ്ട്ര ഭാവനയിൽ പട്ടികജാതികള്‍ക്ക് എത്രത്തോളം ‘തുല്യത’ അനുഭവിക്കാൻ കഴിയും എന്നത് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. അയിത്തവും അസ്പൃശ്യതയും സ്വതന്ത്ര ഇന്ത്യ അവസാനിപ്പിച്ചത് നിയമംകൊണ്ടാണ് അല്ലാതെ ഗാന്ധി വിഭാവനം ചെയ്തതുപോലെ ജാതിവാദികളുടെ മനംമാറ്റത്തിലൂടെയോ, സാംസ്‌കാരിക പരിണാമത്തിലൂടെയോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ നിയമവഴ്ചയാൽ സൃഷ്ടിക്കപ്പെട്ട സംരക്ഷിതകവചങ്ങളെ തകര്‍ക്കാനുള്ള വിദൂരസാധ്യതകളെപ്പോലും നമ്മൾ ചെറുക്കേണ്ടതുണ്ട്. വേദങ്ങളിലേക്ക് തിരിച്ചുപോകുക എന്നൊക്കെ പറയുമ്പോൾ അതിനെ റൊമാന്റിക് ഭാവനയായി കരുതാതെ അവകാശങ്ങളോ വിഭവങ്ങളോ ഇല്ലാതെ ജീവിച്ച ഭൂതകാലത്തിലേക്കുള്ള തിരിച്ചുനടത്തമായിക്കൂടി നമ്മൾ കാണണം. ഭരണഘടനയുടെ, നിയമസംവിധാനങ്ങളുടെ, നിയമവാഴ്ചയുടെ ചട്ടകൂട്ടിൽ നില്ക്കുമ്പോഴും പട്ടികജാതി വിഭാഗങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണവും വൈജാത്യവും കൂടിക്കൂടി വരുന്നു എന്നത് സര്‍ക്കാർ നിയന്ത്രിത ക്രൈം റെക്കോര്‍ഡുകൾ തന്നെ വെളിപ്പെടുത്തുന്നു.


             ബ്രാഹ്മണ മൂല്യബോധവും നവലിബറൽ മുതലാളിത്തവും കൈകോര്‍ക്കുന്ന വര്‍ത്തമാനത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവകാശങ്ങളുള്ള തൊഴിലാളി എന്നത് ഏതാണ്ട് അപ്രത്യക്ഷമായ ഒരു കാലത്താണ് ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. ആര്‍ക്കും എപ്പോൾ വേണമെങ്കിലും വിട്ടുപോകാനും പിന്നീടു ചേര്‍ന്ന്‍ പഠനം തുടരാനും കഴിയുന്ന വഴക്കത്തിന്റെ [Flexibility] ആഘോഷമായി ഉന്നതവിദ്യാഭ്യാസത്തെ വിഭാവനം ചെയ്യുന്നത് ഫലത്തിൽ മുതലാളിത്ത തൊഴിൽമാര്‍ക്കറ്റിൽ കുറഞ്ഞകൂലിക്ക് ജോലിചെയ്യാൻ തയാറുള്ള, അല്ലെങ്കിൽ അങ്ങനെ ജോലി ചെയ്യാൻ നിര്‍ബന്ധിതരാകുന്ന യുവാക്കളുടെ ഒരു തൊഴിൽസേനയെ [Industrial Reserve Army of Marx] കരുതൽശേഖരമായി നിലനിറുത്താനുള്ള മുതലാളിത്തകൗശലം മാത്രമാണ്. സംവരണം ഇല്ലാതാക്കുകയോ അല്ലെങ്കിൽ, അതിനെ അപ്രസക്തമാക്കുന്നതരത്തിൽ സര്‍ക്കാർ തൊഴിൽകമ്പോളങ്ങളെ മാറ്റിത്തീര്‍ക്കുകയോ അല്ലെങ്കിൽ സംവരണം സാമ്പത്തികമാക്കുകയോ ചെയ്യുമ്പോൾ സ്വകാര്യകമ്പോളത്തിൽ അതു തൊഴിലായാലും വസ്തുക്കളായാലും വായ്പയുടെ മാര്‍ക്കറ്റായാലും അതിലൊന്നും പങ്കാളിത്തം നേടാൻ മാത്രമുള്ള ക്രയശേഷി ഇല്ലാത്ത പട്ടികജാതി പട്ടികവര്‍ഗ ജനതകൾ നാവടക്കി ആധുനികലോകത്തിലെ ആദര്‍ശഭാംഗികൾ ആകേണ്ടിവരും എന്ന യാഥാർഥ്യത്തെക്കൂടി മുന്നിൽ കണ്ടുവേണം പുതിയ പൗരത്വഭേദഗതിയെ നമ്മൾ കാണാൻ. ജാതിയെ മഹത്ത്വവത്കരിക്കുന്ന ഒരു സാംസ്‌കാരിക ദേശീയതയിൽ ഒന്നാംതരം പൗരന്മാരും രണ്ടാംതരം മൂന്നാംതരം നാലാംതരം പ്രജകളും ഉണ്ടായിരിക്കും. ഇല്ലെന്നു കരുതാൻ സ്മൃതിയുടെ ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നുമില്ല. അത്തരമൊരു സാധ്യത നിലനില്ക്കുന്ന സാഹചര്യത്തിൽ അത്തരം ആശയങ്ങളോട്  അണിചേര്‍ന്നുകൊണ്ട് ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്ന തുല്യത അനുഭവിക്കാൻ കഴിയും എന്നു കരുതുന്നത് മണ്ടത്തരമാണ്. ജാതിയുടെ യുക്തിതന്നെ തനിക്കു താഴെ സാമൂഹികമായി അകറ്റിനിറുത്തപ്പെടേണ്ട ആളുകളെ ബലപ്രയോഗത്തിലൂടെ ഉണ്ടാക്കുക എന്നതാണ്. ജാതി, വിവേചനം ആണെന്ന് മാത്രമല്ല അത് നിലനിറുത്തുന്നത് ഹിംസയിലൂടെയുമാണ് എന്നുകൂടി നമ്മൾ ഓര്‍ക്കണം. ജാതിയുടെ ഹിംസാത്മകമായ പ്രയോഗരീതികളുടെ ചരിത്രമാണ്‌ സര്‍ക്കാർ ക്രൈം റെക്കോര്‍ഡുകളിൽ നിറഞ്ഞുകിടക്കുന്നത്. ജാതിയുടെ ഹിംസാത്മകമായ നിത്യാനുഭവങ്ങളെ ഇല്ലാതാക്കാൻ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്കുപോലും കഴിഞ്ഞിട്ടില്ലെങ്കിൽ മനുസ്മൃതിക്ക് അതു കഴിയും എന്നു കരുതുന്നത് അംബേദ്‌കർ പറഞ്ഞതുപോലെ സ്വാതന്ത്ര്യത്തിന്റെ രഥത്തെ പുറകോട്ട് വലിക്കലാണ്. പട്ടികജാതികളെ സംബന്ധിച്ചിടത്തോളം സംവരണമെന്നത് തൊഴിലോ വരുമാനമോ മാത്രമല്ല അത് അധികാരത്തിലുള്ള പങ്കാളിത്തം കൂടിയാണ്. അധികാരത്തിൽനിന്നും വിഭവങ്ങളിൽനിന്നും ഇന്ത്യയിലെ നാലിലൊന്നുവരുന്ന ഒരു സമൂഹത്തെ അകറ്റിനിറുത്തിയത് നമ്മുടെ സംസ്കാരത്തിനകത്തെ ഘടനാപരമായ അസമത്വങ്ങൾകൊണ്ടാണ്. തുല്യത എന്ന സങ്കല്പനംകൊണ്ട് ഇന്ത്യൻ ഭരണഘടന പ്രതിരോധിച്ചത് ഈ ഘടനാപരമായ സാംസ്‌കാരികഅശ്ലീലത്തെയാണ്. അതുകൊണ്ടുതന്നെ സാംസ്‌കാരികദേശീയത എന്നത് ഒരു ന്യൂനപക്ഷം വരുന്ന ആളുകളുടെ സാമ്പത്തിക വികസനത്തിന്റെ തിളങ്ങുന്ന ചിത്രം കണ്ട് നിരുപദ്രവമാണെന്ന് നമ്മൾ കരുതാൻ പാടില്ല. ഈ ഭരണഘടന മികച്ചതാണ് എന്നാൽ ഇത് കൈകാര്യം ചെയ്യുന്നവർ ശരിയല്ലെങ്കിൽ അതുണ്ടാക്കുന്ന കുഴപ്പങ്ങൾ വലുതായിരിക്കും എന്ന് അംബേദ്‌കർ പറഞ്ഞ മുന്നറിയിപ്പ് എക്കാലവും പ്രസക്തമാണ്‌.


           വികസിച്ചുകൊണ്ടിരിക്കുന്ന, ലോകത്തെ ഒന്നാമത്തെ രാജ്യമാകാൻ പോകുന്ന രാജ്യമെന്ന സ്വപ്നത്തെക്കാൾ നമ്മൾ വിലമതിക്കേണ്ടത് തിളങ്ങുന്ന ഈ രാജ്യത്ത് നിങ്ങള്‍ക്കൊരു ഇടം ഉള്ളതായി [Sense of Belonging] തോന്നുന്നുണ്ടോ എന്നതിനാണ്. ഒന്നാമതാകാൻ കുതിക്കുന്ന രാജ്യത്തിൽ നിങ്ങളുടെ സാമൂഹികപദവി എന്തായിരിക്കും എന്നൊരു അസ്തിത്വ വ്യഥ [Existential Anxiety]നിങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നതിനാണ് .നിങ്ങൾ ജീവിക്കുന്ന ഇടത്തിൽ നിങ്ങൾ സ്വാസ്ഥ്യം [Sense of Homelessness] അനുഭവിക്കുന്നുണ്ടോ എന്നതിനാണ്. സ്വന്തം ശരീരത്തിനും മനസ്സിനും അകത്ത്, പുറത്ത് ആര്‍ത്തുവിളിക്കുന്ന മുഖമില്ലാത്ത ആള്‍കൂട്ടങ്ങൾ നിങ്ങളെ അന്യവത്കരിക്കുന്നുവോ [Alienation]എന്നതിനാണ്. വികസനംകൊണ്ട് തിളങ്ങുന്ന ഈ രാജ്യത്ത് നിങ്ങള്‍ക്ക് സുരക്ഷിതത്വം     [Sense of safety and security] തോന്നുന്നുണ്ടോ എന്നതാണ് മുഖ്യം. ഓര്‍ക്കുക നമ്മൾ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്. പൗരത്വം എന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുക എന്നുകൂടിയാണ്. ഈ തിരിച്ചറിവാണ് ഭരണഘടനയ്ക്ക് ഉണ്ടായിരുന്നത്. ഈ തിരിച്ചറിവാണ് പില്‍ക്കാല ഭേദഗതികൾക്കില്ലാതെ പോകുന്നത് . ജനങ്ങള്‍ക്ക്  സ്വാതന്ത്ര്യവും സമാധാനവും കൊടുക്കാത്ത ഭരണകൂടവും, അന്തസ്സായി  ജീവിക്കാനാവശ്യമായ കൂലി കൊടുക്കാത്ത മുതലാളിത്തവും തിന്മയാണ്.


Reference:

  1. R. Ambedkar [1945] ‘’What Congress and Gandhi done to Untouchables?’’ Vol 9. Complete works of Ambedkar. Government of Maharashtra.
  2. Ashok Gopal [2023] ‘’A Part Apart- The Life and Thought of B.R. Ambedkar’’
Navayana Publishing Ltd. New Delhi.

  1. Sujay Biswas [2018] ‘’Gandhi’s Approach to Caste and Untouchability’’ Social Scientist Vol.46
  2. Mrunal Chavda [2024] ‘’[Im]Possible worlds to Conquer’’ ISBN 978-981-99-9679-7 ISBN 978-981-99-9680-3 (eBook) https://doi.org/10.1007/978-981-99-9680-3
  3. K.Gandhi [1936] Ideal Bhangi. Article published in Harijan 28th November 1936.
  4. Niraja Gopal Jayal [2013] ‘’Citizenship and Its Discontents’: An Indian History’’ Harward University Press.