നാരായണ ഗുരുവിന്റെ മനുഷ്യമതം. – ഡോ.ഖദീജാമുംതാസ്.

നാരായണ ഗുരുവിന്റെ മനുഷ്യമതം. – ഡോ.ഖദീജാമുംതാസ്.

യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പാശ്ചാത്യ ലോകരാഷ്ട്രങ്ങളിൽ പലതിലും സാവധാനമായെങ്കിലും ഒരുതരം വലതുപക്ഷവത്കരണം സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം ഇത്തിരി അത്ഭുതത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. മതസ്വാധീനം ഭരണകൂടങ്ങളെ വീണ്ടും നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. മതസ്വാധീനത്തിന്റെ ദീർഘകാല ചങ്ങലങ്ങൾ പൊട്ടിച്ചെറിഞ്ഞ് മനുഷ്യനെന്ന ബോധത്തിലേക്കും വ്യക്തിപര അവകാശങ്ങളിലേയ്ക്കും അതുവഴി വലിയ മാനവികവികസനത്തിലേക്കും സെക്യുലറിസത്തിലേക്കും എത്തിച്ചേർന്നുവെന്നഭിമാനിക്കുന്ന രാജ്യങ്ങളാണവ. മതമില്ലാത്തതിനാൽ സമാധാനവും പുരോഗതിയും നേടാനായ, കുറ്റകൃത്യങ്ങൾ കുറഞ്ഞിരിക്കുന്ന, ഹാപ്പിനസ് ഇൻഡക്സിൽ ഉയർന്നുനില്ക്കുന്ന രാഷ്ട്രങ്ങൾ  എന്ന നിലയിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾ നിരന്തരം ഉദാഹരിക്കപ്പെടാറുമുണ്ട്. മതത്തെ തുരത്തിയത് സെക്യുലറിസം കൊണ്ടുവന്ന മാനവികതാ ബോധമല്ല, കമ്പോളമാണെന്ന് പറയുന്നവരും ഇല്ലാതില്ല. പാശ്ചാത്യസമ്പന്നതയുടെ പിന്നാമ്പുറങ്ങളിൽ സ്വാർഥതയുടെയും അനീതികളുടെയും കറകളുള്ളതും കാണാതിരുന്നുകൂടാ.വ്യക്തിയുടെ അവകാശ സംരക്ഷണങ്ങൾ, വാർധക്യകാല സുരക്ഷ, ഭിന്നശേഷിക്കാരുടെ പൂർണ ഉത്തരവാദിത്വം, നിയമ പരിപാലനം ഇവയിലൊക്കെയുള്ള അവിടങ്ങളിലെ മികവ് ആ സമ്പന്നരാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാരനെ വ്യാമോഹിപ്പിക്കും വിധമാണുതാനും. മതേതരമെന്നത് പേരിലൊതുക്കി, കാക്കത്തൊള്ളായിരം മത-ജാതികളും അവയുടെ വൃക്തി,സാമൂഹിക,രാഷ്ട്രീയതലങ്ങളിലെ ഇടപെടലുകളുമൊക്കെയായി കഴിയുന്ന ഇന്ത്യക്കാരന്റെ അധോഗതിയെ ചൂണ്ടി അവിടമൊക്കെ സന്ദർശിച്ച യുക്തിവാദികൾ പരിതപിച്ചു കൊണ്ടേയിരിക്കുന്നുമുണ്ട്. മതമുപേക്ഷിക്കൂ,മനുഷ്യരാകൂ എന്നവർ. അവരുടെ കണ്ണിൽ മതം മാത്രമാണ് എല്ലാത്തരം വികസനങ്ങൾക്കും സന്തോഷങ്ങൾക്കും വിലങ്ങുതടി. ജാതി ഉപേക്ഷിക്കൂ എന്നവർ  പറയുന്നില്ല എന്നതും ശ്രദ്ധിക്കാം.


അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫരീദ് സക്കറിയ (Age of Revolution-ന്റെ ഗ്രന്ഥകർത്താവ്) ഇന്നത്തെ അമേരിക്കൻ രാഷ്ട്രീയത്തെ വിലയിരുത്തുന്നതു കാണുക: ഡോണൾഡ് ട്രംപിന് അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾക്ക്  ഇന്ന് താങ്ങാവുന്നത് വിശ്വാസികളാണ്. പൂർവപ്രസിഡന്റിന്റെ പ്രചാരണയോഗങ്ങളെല്ലാം ഇന്ന് മത പുനരുത്ഥാന സമ്മേളനങ്ങളുടെ രൂപഭാവങ്ങളുള്ളവയാണ്. വെള്ളക്കാരായ ഇവാഞ്ജലിക്കൽ ക്രിസ്ത്യാനികളുടെ (വലതുപക്ഷം, മതാധികാരപക്ഷം എന്നൊക്കെ വിളിക്കാവുന്നവർ) പെരുപ്പം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രകടമാണ്. ഡെമോക്രാറ്റുകൾ അവിശ്വാസികളാണ് എന്നൊരു പൊതുബോധവും ഒപ്പം ഉയർന്നുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ സെക്യുലർ രാഷ്ട്രത്തിന്റെ കഥയാണിത്. മതത്തെ തള്ളിക്കളഞ്ഞ സെക്യുലറിസവും ഒപ്പം കമ്പോളത്തിന്റെ പളപളപ്പുമുള്ളയിടത്ത് എങ്ങനെയാണ് മതത്തിന് ഇത്തരമൊരു പുനരുത്ഥാന സാധ്യതയുണ്ടാവുന്നത്? വാൾടർ ലിപ്മാൻ എന്ന ചിന്തകൻ 1929-ൽ എഴുതിയത്  ഫരീദ് സക്കറിയ ഉദ്ധരിക്കുന്നുണ്ട്. എല്ലാ സ്വാതന്ത്ര്യാനുഭവങ്ങൾക്കും സുഖങ്ങൾക്കുമപ്പുറം മനുഷ്യന്റെ അസ്വസ്ഥചിന്തകൾ, അപൂർണതകൾ ബാക്കിയാവുന്നു. ഞാൻ ആരാണ്, എവിടെ നിന്നു വന്നു എവിടേക്ക് പോവുന്നു? എന്തിന് നിരന്തരം പണിയെടുത്ത് ജീവിച്ചു മരിച്ചുപോവുന്നു എന്നൊക്കെയുള്ള ആത്മാന്വേഷങ്ങൾ. ഒപ്പം, എനിക്ക് നഷ്ടങ്ങളും തോൽവികളും സംഭവിക്കുമ്പോൾ  ആരെയാണ് ഞാൻ ആശ്രയിക്കുക എന്ന വലിയ ആശങ്ക.വലിയൊരു വിഭാഗം മനുഷ്യരെ ഇത്തരം ചിന്തകൾ എല്ലാ സൗഭാഗ്യങ്ങൾക്കിടയിലും അലട്ടാതിരിക്കില്ല.


മതങ്ങൾക്കു മാത്രമേ ഇത്തരം അന്വേഷണങ്ങൾക്ക് ഉത്തരം നല്കാനാവൂ എന്നൊന്നുമില്ല. അവ പലപ്പോഴും അതിനുള്ള ദിശ കാണിച്ചുതരാമെന്നു മാത്രം. അപ്പോഴും സാധാരണവിശ്വാസികളെ സംബന്ധിച്ച് മതം തന്നെയാവാം അന്വേഷണങ്ങളുടെ പൂർണത. അതവർക്ക് ആശ്വാസവും സങ്കടങ്ങളിൽ പിടിവള്ളിയുമാകാം. മതങ്ങളുടെ ചരിത്രപരതയോ കാലത്തിനനുസരിച്ചുള്ള പരിഷ്കരണമോ അവരുടെ പ്രശ്നമാകണമെന്നുമില്ല. അവരതിനെ വിശ്വാസത്തിന്റെ പേരിൽ പ്രതിരോധിച്ചെന്നും വരാം. ഈയൊരു വലിയ ‘വൾനറബിൾ’ വിഭാഗത്തിന്റെ മതചിന്തകളെ ഉണർത്തി രാഷ്ട്രീയമായി ചൂഷണംചെയ്യുന്ന അവസ്ഥയാണ് നാമിന്ന് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പാരമ്യത്തിൽ നില്ക്കുന്ന രാജ്യങ്ങളിലുൾപ്പെടെ കാണുന്നത്. ജനാധിപത്യത്തിൽനിന്നും, കാലങ്ങളിലൂടെ ആർജിച്ച മനുഷ്യാവകാശ മൂല്യങ്ങളിൽനിന്നും, യഥാർഥ യുക്തിചിന്തയിൽനിന്നും പിൻനടത്തത്തിനു കാരണമാകുന്നു ഇവിടങ്ങളിൽ ഇത്. ന്യൂനപക്ഷ, വംശീയ, ജാതീയ പീഡനങ്ങൾക്ക് ന്യായീകരണങ്ങൾ ചമയ്ക്കാൻ ഉള്ളിൽ പ്രവർത്തിച്ചുതുടങ്ങുന്ന  മത-പ്രത്യയശാസ്ത്രങ്ങൾ ഇവരെ പ്രേരിപ്പിക്കുന്നു. പലസ്തീനിൽ നാമതു കാണുന്നു. ഇന്ത്യയ്ക്കുമുമ്പ് ജനാധിപത്യരാജ്യമായിത്തീർന്ന  പാശ്ചാത്യസെക്യുലറിസ്റ്റ് തുർക്കി എങ്ങനെ ഉർദുഗാൻ ഭരിക്കുന്ന ഇസ്ലാമികരാജ്യമായി എന്നു നാം കാണുന്നു.  ഇന്ത്യയിലെ ഹിന്ദുത്വ പ്രത്യയശാസ്ത്രവക്താക്കൾ എങ്ങനെ ഈ രാജ്യത്തെ  വംശീയ വെറുപ്പിന്റെ ദേശമാക്കിക്കൊണ്ടിരിക്കുന്നു എന്നും.


ഇന്ത്യ ഒരിക്കലും ഒരു പാശ്ചാത്യ മോഡൽ സെക്യുലറിസ്റ്റ് രാജ്യമായി ഇരുന്നിട്ടില്ല. മത-സാംസ്കാരിക വൈവിധ്യങ്ങളുടെ ഈ അത്ഭുത ഭൂപ്രദേശത്തിന് അത് ഒട്ടും എളുപ്പവുമായിരുന്നില്ല. പ്രത്യേകിച്ച് മതത്തിന്റെ പേരിലുണ്ടായ ഒരു വിഭജനത്തിന്റെ ആഴത്തിലുള്ള മുറിവുകൾ ഏറ്റുവാങ്ങിയ  രാജ്യത്തിന്. മതനവീകരണത്തിന്റെയും ജാതിവിരുദ്ധ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്   സമാന്തരമായി ജനമനസ്സുകളെ ഉഴുതുമറിക്കുന്നുണ്ടായിരുന്നു എന്നതു യാഥാർഥ്യമാണുതാനും. കേരളത്തിൽ 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങി, മത പരിവർത്തനത്തിലൂടെയും അല്ലാതെയും നടന്ന ജാതിവിരുദ്ധ നവോത്ഥാനമുന്നേറ്റങ്ങളുടെ തുടർച്ചയിലാണ് ശ്രീ നാരായണഗുരുവിന്റെ ആത്മീയധാരയുടെയും സ്ഥാനം. 1888-ലാണ് ജാതിവിവേചനത്തിന്റെ അടിസ്ഥാനപ്രമാണമായ സനാതനധർമത്തിന്റെ അടിവേരിളക്കി, ഈഴവനായി ജനിച്ച ഗുരു അരുവിക്കരയിലൊരു ശിവപ്രതിഷ്ഠ നടത്തിയത്. അതേ ഗുരു 1921-ൽ ആലുവാ അദ്വൈതാശ്രമത്തിൽ  യുക്തിവാദിസമ്മേളനവും (സഹോദരസമ്മേളനം) 1924-ൽ  സർവമത സമ്മേളനവും നടത്തുകയാണ്. സർവമതസമ്മേളനം ഒരു ജാതിരഹിതസമ്മേളനം കൂടിയായിരുന്നു. 1893-ലാണ് ലോകത്തിലാദ്യമായി ഒരു സർവമതസമ്മേളനം ഷിക്കാഗോയിൽ നടക്കുന്നത്. മൂന്ന്‍ ദശകങ്ങൾക്കുശേഷം അതിനൊരു ആവർത്തനമുണ്ടാവുന്നത് ഈ കൊച്ചുകേരളത്തിൽ ഗുരുവിന്റെ നേതൃത്വത്തിലും.


എന്നിട്ടും കേരളത്തിന്റെ സമൂഹമനസ്സിൽ ഇന്നും ജാതിക്കും മതഭേദങ്ങൾക്കും ഇടമുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു എന്നോർക്കുമ്പോഴാണ്  നവോത്ഥാനകേരളത്തിനു സംഭവിച്ച വലിയൊരു വീഴ്ചയിലേക്ക് വിരൽ ചൂണ്ടേണ്ടിവരുന്നത്.  നവോത്ഥാനം നല്കിയ മനുഷ്യൻ (Individual- Adam Smith) എന്ന അഭിമാനബോധത്തോടൊപ്പം ‘പല മതസാരവുമേകം’ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’  എന്നു തുടങ്ങിയ ഗുരുവിന്റെ ദർശനങ്ങൾ ആന്തരവത്കരിച്ച  ഒരു പുതുതലമുറയെ വാർത്തെടുക്കാൻ നാം ശ്രദ്ധിച്ചില്ല. ഗുരുവിന്റെ കാവ്യലോകമോ ദാർശനികലോകമോ നാം കൂടെ കൊണ്ടുപോയില്ല.പുറമേ പരിഷ്കൃതനെന്നഭിമാനിക്കുന്ന മലയാളിയുടെ  ഉള്ളിലേക്ക് വലിഞ്ഞിരിക്കയാണ് ഇന്ന് ജാതിബോധം. പരിഷ്കൃതനും, കമ്പോള ഭോഗാസക്തനുമായ അവന്റെ മനസ്സിന്റെ ഒഴിഞ്ഞ ആത്മീയസ്ഥലികളിലേക്ക് വികലമായ മതബോധങ്ങളും അവയെ ചൂഷണംചെയ്യുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും സാവകാശം  കയറിക്കൂടുകയുമാണ്. ഇലവുകായ പഴുക്കാൻ കാത്തിരുന്ന കിളിയെപ്പോലെയായി  എന്ന് അവസാനകാലത്ത് ഗുരുവിനുതന്നെ വിലപിക്കേണ്ടി വന്നതും അതുകൊണ്ടാണ്. ഇലവുകായയെന്നാൽ പഞ്ഞിക്കായ.  പഴുക്കാനായി കാത്തിരുന്ന കായ പാകമായപ്പോൾ പൊട്ടി പഞ്ഞിയായി പറന്നുപോകും പോലാണ് മലയാളി മനസ്സിന്റെയും ഇന്നത്തെ അവസ്ഥ. അതിനകം ഇപ്പോൾ പൊള്ളയാണ്.


വിവേകാനന്ദന്റെ ലോക സർവമതസമ്മേളനത്തിലെ സാന്നിധ്യവും ആ ഉജ്ജ്വല പ്രഭാഷണം ഉയർത്തിയ ഇന്ത്യൻ പാരമ്പര്യത്തിന്റെ യശസ്സും നാം എപ്പോഴും എടുത്തു പറയാറുണ്ട്. രണ്ടു കാര്യങ്ങൾ ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടിവരും. ഷിക്കാഗോസമ്മേളനത്തിന്റെ സംഘാടകരുടെയും അതിൽ പങ്കെടുത്തു സംസാരിച്ചവരുടെയും പ്രധാനലക്ഷ്യം തങ്ങൾ പിന്തുടരുന്ന മതത്തിന്റെ മഹത്ത്വം ലോകത്തെ അറിയിക്കുക എന്നതായിരുന്നു. അത്തരത്തിൽ സനാതന ഹിന്ദുമതത്തിന്റെ  മഹത്ത്വം കൃത്യമായി ഉയർത്തിപ്പിടിക്കുകയും ചെയ്തു, സ്വാമി. വേദോപനിഷത്തുക്കളിലെ  വസുധൈവ കുടുംബകം, ലോകാ സമസ്ഥഃ സുഖിനോ ഭവന്തു തുടങ്ങിയ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി സാർവലൗകിക മനുഷ്യസ്നേഹപരതയെയും അദ്വൈതസിദ്ധാന്തമെന്ന ശ്രേഷ്ഠ ആത്മീയതയെയും ഉദ്ഘോഷിച്ച വിവേകാനന്ദൻ പക്ഷേ, ഇവിടെ നിലവിലിരുന്ന ജാതീയതയെ സ്പർശിച്ചതേയില്ല.  പരക്കെ സഞ്ചരിച്ച് ഒട്ടേറെ പ്രഭാഷണങ്ങൾ പാശ്ചാത്യലോകത്ത് നടത്തിയ വിവേകാനന്ദന്റെ ഇവ്വിധ പരിശ്രമങ്ങൾ വേദോപനിഷത് വ്യാഖ്യാനങ്ങൾ മാത്രമല്ല, മനുസ്മൃതിയും ഭഗവത്ഗീതയും വരെ പാശ്ചാത്യരുടെ ഇഷ്ടഗ്രന്ഥങ്ങളാക്കാൻ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെയും, ഗാന്ധി, നെഹ്രുമാരുടെയും  സുഹൃത്തുക്കളായിരുന്ന, എല്ലാ മനുഷ്യാവകാശ സമരങ്ങളുമെന്നപോലെ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ആവേശപൂർവം നോക്കിക്കണ്ടിരുന്ന തോറോ, ആൻഡേഴ്സൺ, മാക്സ് മുളളർ തുടങ്ങിയ പാശ്ചാത്യഎഴുത്തുകാരും ഈ ഗ്രന്ഥങ്ങളുടെയൊക്കെ ആരാധകരായി. മനുസ്മൃതി വിവർത്തനകൃതിക്ക് അവതാരികയെഴുതിയത് ആൻഡേഴ്സൺ. ഹീബ്രൂ ആത്മീയതയെക്കാൾ എത്രയേറെ മുകളിലാണ് ഇന്ത്യൻ ആത്മീയത എന്ന് തോറോ. പശ്ചാത്താപബോധവും കീഴൊതുങ്ങലും കല്പിക്കുന്ന സെമറ്റിക് ദൈവസങ്കല്പത്തെക്കാൾ ദൈവത്തിനും മനുഷ്യനും തമ്മിൽ അഭേദം കല്പിക്കുന്ന അദ്വൈതം എത്ര മുകളിലെന്ന് അദ്ദേഹം. താത്ത്വികമായി അതേറെ ശരിയുമാകാം. പക്ഷേ, അദ്വൈതം തത്ത്വത്തിൽ മാത്രമൊതുങ്ങുന്നു എന്നതും ജാതിയുടെ പേരിലുള്ള മനുഷ്യവിവേചനം ശക്തമായി ഇവിടെ നിലനില്ക്കുന്നു എന്നതും പരാമർശവിധേയമാവാതെ പോവുകയും ചെയ്തു.


ശങ്കരന്റെ (ശങ്കരാചാര്യർ) അദ്വൈതമല്ല നാരായണഗുരുവിന്റേത് എന്നു മനസ്സിലാക്കേണ്ടത് ഇവിടെയാണ്. ശങ്കരൻ തർക്കത്തിനോ താത്ത്വികസംവാദങ്ങൾക്കോ മാത്രം ഉപയുക്തമാക്കിയ ആ സിദ്ധാന്തത്തെ പ്രയോഗവത്കരിച്ച ആളാണ് നാരായണഗുരു എന്നു പറയേണ്ടിവരും. അതല്ലെങ്കിൽ, ആത്മവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവത്തെ, അനുകമ്പ എന്ന ശ്രേഷ്ഠ ഭാവമുണർത്തി, ആത്മവും അപരവും തമ്മിലുള്ള ഏകീഭാവത്തിലേക്കുള്ള വഴിതിരിയലിനു പ്രേരിപ്പിച്ചു ഗുരു (സുനിൽ പി.ഇളയിടം). ലംബമായി നിലകൊണ്ട ആത്മീയതയെ തിരശ്ചീനമാക്കി പടർത്തി ആ മഹാനുഭാവൻ. വാസ്തവത്തിൽ അതു ശങ്കരനെക്കാൾ നൂറ്റാണ്ടുകൾക്കുമുമ്പേ പ്രാവർത്തികമാക്കിയിട്ടുണ്ട്, ബുദ്ധൻ. ‘നാമും ബുദ്ധമതക്കാരൻ തന്നെ’ എന്ന് നാരായണഗുരു ഒരിക്കൽ പറയുന്നുമുണ്ട്. അദ്വൈതിയെന്നു അവകാശപ്പെടുകയും ചാതുർവർണ്യത്തെ വേദാധിഷ്ഠിതസത്യമെന്നു കരുതുകയുംചെയ്യുന്ന ശങ്കരനെ അക്കാര്യത്തിൽ തള്ളിപ്പറയാൻ ഗുരു മടിക്കുന്നുമില്ല. ജാതിഭേദത്തിനെതിരെ നിലകൊള്ളുമെന്നു കരുതി തുടങ്ങിവച്ച ശ്രീ നാരായണ ധർമ പരിപാലന സംഘ (SNDP) ത്തിന്റെ നേതൃസ്ഥാനത്തുനിന്ന് 1916 ആകുമ്പോഴേയ്ക്കും ഗുരു പിരിഞ്ഞുപോരുന്നുണ്ട്. ‘നാം ഒരു പ്രത്യേക സമുദായത്തിന്റെയും ആളല്ല. ചിലരൊക്കെ അങ്ങനെ കരുതുന്നുണ്ട് എങ്കിലും. നാം ജാതിമതങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏറെ വർഷങ്ങളായി’ എന്ന് അദ്ദേഹമപ്പോൾ പ്രഖ്യാപിക്കുന്നുമുണ്ട്. ജാതിയെ അദ്വൈതസിദ്ധാന്തംകൊണ്ടു മാത്രമല്ല, ശാസ്ത്രയുക്തികൊണ്ടുകൂടി തള്ളിക്കളയുന്നു ഗുരു.’പുണർന്നു പെറുന്നതെല്ലാം ഒരു ജാതി ‘ എന്നദ്ദേഹം. അപ്പോൾ മനഷ്യരെല്ലാം ഒരൊറ്റ ജാതി, മനുഷ്യ ജാതി.


ജാതിഭേദത്തെ അതിനിശിതമായി തള്ളിക്കളയുന്ന ഗുരു പക്ഷേ, മതങ്ങളെ ആ രീതിയിൽ ഇകഴ്ത്തി കാണുന്നില്ല. മതങ്ങൾക്ക് മാനവികചരിത്രത്തിൽ, വ്യത്യസ്തകാലങ്ങളിൽ, വ്യത്യസ്ത പരിതസ്ഥിതികളിൽ വലിയ സ്വാധീനമാവാൻ കഴിഞ്ഞിട്ടുണ്ട് എന്നദ്ദേഹം തിരിച്ചറിയുന്നു. അത്തരത്തിൽ അവ മനുഷ്യസംസ്കൃതിയെ മുന്നോട്ടു നയിച്ചവ കൂടിയാണ്. ഓരോ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അനീതികളെ, പൂർവമതജീർണതകളെ തിരുത്തിക്കൊണ്ടാണ് പുതിയ മതങ്ങൾ ഉയിരെടുത്തത്. സനാതനധർമത്തിന്റെ പേരിൽ മനുഷ്യരോടും ബലിമൃഗങ്ങളോടും ക്രൂരതയും ഹിംസയും നിലനിന്നിരുന്ന കാലത്താണ് അഹിംസയുടെ പ്രവാചകനായി ബുദ്ധൻ ഉയർന്നുവന്നത്. യഹൂദമതത്തിലെ പൗരോഹിത്യസ്നേഹരാഹിത്യത്തെ തിരുത്തി ക്രിസ്തു കരുണയുടെ കൊടികളുയർത്തി. സാമ്പത്തിക സമൂഹികാസമത്വങ്ങളുടെ അറേബ്യൻമണ്ണിൽ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശവുമായി മുഹമ്മദുമെത്തി. സ്നേഹമില്ലാതെ സമത്വമോ, സാഹോദര്യമോ, അഹിംസയോ അസാധ്യമായതിനാൽ ഇവയെല്ലാം പരസ്പരബന്ധിതങ്ങളോ സമാനങ്ങളോ തന്നെ. എന്നാൽ, താങ്കളൊരു ഹിന്ദുസന്ന്യാസിയല്ലേ എന്നു ചോദിച്ചവരോട് ഗുരു പ്രതികരിച്ചത്:’ഹിന്ദുമതമോ, അങ്ങനെയൊരു മതമില്ലല്ലോ’ എന്നായിരുന്നു. എന്തുകൊണ്ടായിരിക്കണം താൻ ജനിച്ചുവളർന്ന മതത്തെമാത്രം ഗുരു അങ്ങനെ തള്ളിപ്പറഞ്ഞത്? അഥവാ അദ്ദേഹം അങ്ങനെ തള്ളിപ്പറഞ്ഞുവോ?


യഥാർഥത്തിൽ സവർണ – അവർണ ജനതയെ മുഴുവൻ ഉൾക്കൊള്ളുന്ന ഹിന്ദുമതമെന്നു പേരിട്ടു വിളിക്കപ്പെട്ട ഒരു മതം വേദങ്ങളിലോ, ഉപനിഷത്തുകളിലോ, സ്മൃതി – പുരാണങ്ങളിലോ ഇല്ല തന്നെ. മാത്രമല്ല, ഹിന്ദുമതമെന്ന പേരിൽ അക്കാലത്തു തന്നെ മുളപൊട്ടി വളർന്നുതുടങ്ങിയ അനാശാസ്യമായ ഒരു പ്രവണതയെ കൃത്യമായി തിരിച്ചറിഞ്ഞ ഒരു സൂക്ഷ്മദൃഷ്ടിയെ നമുക്ക് ഗുരുവിന്റെ മറുപടിയിൽ കാണാം. രാജാറാം മോഹൻറായിയുടേതുപോലെ, ജ്യോതി ബാ ഫൂലേയുടേതു പോലെ,  ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി നടന്ന മതപരിഷ്കരണ, ജാതിനിഷ്കാസന പ്രവർത്തനങ്ങളിൽനിന്നു വിഭിന്നമായി ഒരു നവഹിന്ദുമത സ്ഥാപനോത്സുക പ്രത്യയശാസ്ത്രത്തിന്റെ ഉദയമായിരുന്നു ഗാന്ധിജിയെ എന്നപോലെ, ഗുരുവിനെയും അസ്വസ്ഥനാക്കിയിട്ടുണ്ടാവുക. തീർച്ചയായും കേരളത്തിനകത്തു വളർന്നുവന്നുകൊണ്ടിരുന്ന മതവിഭാഗീയതകളും ഗുരുവിനെ വേദനിപ്പിച്ചിട്ടുണ്ട്. അതുവരെ സനാതന ചാതുർവർണ്യമതത്തിനു പുറത്തായിരുന്നവരെ കൂടിച്ചേർത്ത് എണ്ണംകൊണ്ട് ശക്തീകരിക്കപ്പെട്ട, സൈന്യവത്കരിക്കപ്പെട്ട, പുതിയ ഹിന്ദുമത സങ്കല്പം ഒട്ടും നിഷ്കളങ്കമല്ല എന്ന് ഗുരുവും അറിഞ്ഞു കാണണം. അത്തരം ഒരു ഹിന്ദുമതസ്ഥാപനത്തിലൂടെ, ബ്രാഹ്മണാധികാര വ്യവസ്ഥയുടെ പുനഃസ്ഥാപനമെന്ന ലക്ഷ്യമായിരുന്നുവല്ലോ അവരുദ്ദേശിച്ചിരുന്നത്. സവർക്കറുടെയും ഗോൾവാർക്കറുടെയും ഹെഗ്ഡെവാറിന്റെയും വിഘടന ആശയങ്ങളുടെ സമന്വയം. ഹിന്ദുസ്ഥാനിൽ ജനിക്കുക മാത്രമല്ല, ഈ ദേശത്തെ പുണ്യഭൂമിയായി കരുതുന്നവർ ഒന്നാണ് എന്ന തത്ത്വമുപയോഗിച്ച് വൈദേശികവേരുകളുള്ള  സെമറ്റിക്മതങ്ങളിൽപ്പെട്ടവർ  ഒഴികെയുള്ളവരെയെല്ലാം കാനേഷുമാരിക്കണക്കിൽ ഹിന്ദുക്കളാക്കുന്ന വിചിത്രതന്ത്രവും അവർ ബ്രിട്ടീഷ് ഭരണാധികാരികളിൽ സ്വാധീനംചെലുത്തി സാധിച്ചെടുത്തു. നാരായണഗുരുവിന്റെ നിരീക്ഷണമനുസരിച്ചു പറയുകയാണെങ്കിൽ, ആശയപരമായി തികച്ചും വിഭിന്നങ്ങളായ ഇന്നാട്ടിലെ നിരവധി മതങ്ങൾ, വൈദികമതം (ചാതുർവർണ്യം), സാംഖ്യമതം, വൈശേഷികമതം, ദ്വൈതമതം, അദ്വൈതമതം, വിശിഷ്ടാദ്വൈതമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിവ കൂടാതെ, വേദമതത്തിനു തിരുത്തലായി വന്ന ബുദ്ധമതം, സിക്കുമതം തുടങ്ങി പ്രാചീനമതങ്ങളായ ജൈന, ബഹായി മതങ്ങൾവരെ കാനേഷുമാരിക്കണക്കിൽ ഒരൊറ്റ മതമാകുന്ന വൈചിത്ര്യം. ഇന്ത്യാഭൂഖണ്ഡത്തിലെ മനുഷ്യർ ആചരിക്കുന്ന മതങ്ങൾ എന്ന രീതിയിൽ ഇവയെയെല്ലാം ഒന്നിച്ച് ഹിന്ദുമതം എന്നു വിളിക്കാമെങ്കിൽ ഈ ഭൂവിഭാഗത്തിലെ വലിയൊരു ശതമാനത്തിന്റെ മതമായ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ എങ്ങനെ ഈ മതത്തിന്റെ ഭാഗമല്ലാതാക്കാൻ കഴിയും? ഗുരുവിന്റെ ചോദ്യം ആരോടെന്നു വൃക്തം. ഇത്രയും വിരുദ്ധങ്ങളായ ആശയസംഹിതകളുള്ളവയെ, ദേശത്തിന്റെ പൊതുത്വം കല്പിച്ച് ഒറ്റ മതമായി കരുതാമെങ്കിൽ, പല ദേശങ്ങളിൽ പല കാലങ്ങളിൽ പല പ്രവാചകർ മനുഷ്യനന്മയുദ്ദേശിച്ച് സ്നേഹം, അനുകമ്പ, നീതി, സാഹോദര്യം തുടങ്ങിയ സമാന അടിസ്ഥാന ആശയങ്ങളിലൂന്നി ഉപദേശിച്ച എല്ലാ മതങ്ങളെയും ആ ഒരൊറ്റ കാരണത്തിന്റെ പേരിൽത്തന്നെ ഒന്നായി കാണുന്നതിൽ എന്താണ് തെറ്റ് എന്നതായിരുന്നു നാരായണ ഗുരു ഉയർത്തിയ ചോദ്യം. എവിടെയാണപ്പോൾ വൈരുധ്യം? ഗുരുവിന്റേത് എല്ലാവരെയും ചേർത്തുപിടിക്കുന്ന (Inclusion) മത സങ്കല്പമെങ്കിൽ നവഹിന്ദുത്വമതം മാറ്റിനിറുത്തലുകളുടെ (Exclusion) ഗൂഢ രാഷ്ട്രീയോദ്ദേശ്യമുള്ള സങ്കല്പമാണ്. അവിടെ പ്രവർത്തിക്കുന്ന ധർമം വർണാശ്രമധർമമെന്ന ജാതിവ്യവസ്ഥയും.  ജാതിവിവേചനങ്ങളെ അപ്രസക്തമാക്കാൻ എങ്ങനെ ശിവഗിരിയിലെ ശിലാപ്രതിഷ്ഠയെ ഗുരു ഉപയോഗിച്ചുവോ, അതേ യുക്തിബോധത്തോടെ മതങ്ങൾ തമ്മിലുള്ള ഭേദങ്ങളെ ഖണ്ഡിക്കാൻ അദ്വൈതത്തിന്റെ ഏകതാ സങ്കല്പത്തെ ഗുരു പ്രയോഗിക്കുന്നു.1888-ലെ ശിവപ്രതിഷ്ഠയും 1924-ൽ അദ്വൈതാശ്രമത്തിൽ നടന്ന  സർവമതസമ്മേളനവും ഒരേ ആശയത്തിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങളോ തുടർച്ചകളോ തന്നെ. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന സമ്മേളന നഗരികവാടത്തിൽ എഴുതി വച്ച വാചകങ്ങളിലൂടെ, തർക്കത്തിൽ അന്യമതസ്ഥരെ തോൽപ്പിച്ച് ഉന്മൂലനംചെയ്തിരുന്ന സ്നേഹരാഹിത്യത്തിന്റെ പാരമ്പര്യത്തെയും തുടരുന്ന വർത്തമാന പ്രവണതകളെയും ഗുരു റദ്ദു ചെയ്യുന്നു.1893-ലെ ലോക സർവമതസമ്മേളനത്തിൽനിന്നു ആലുവയിലെ സർവമതസമ്മേളനം വ്യത്യസ്തമാകുന്നതും സൗഹാർദപൂർണമായ സമന്വയാന്വേഷണമായിരുന്നു അത് എന്നതിനാൽത്തന്നെ. എല്ലാ മതഗ്രന്ഥങ്ങളെയും പഠിക്കാനും അറിയാനും സഹായിക്കുന്ന പഠനപദ്ധതി വർക്കല ശിവഗിരിയിൽ തുടങ്ങാനുള്ള വലിയ തീരുമാന പ്രഖ്യാപനത്തോടെയാണ് രണ്ടുദിവസത്തെ ആ സമ്മേളനത്തിന് സമാപനമാകുന്നതും.


ജ്ഞാനേയ ബഹുസ്വരത (Gnostic Pluralism) എന്ന വാക്കുകൊണ്ട് മാർക്സിസ്റ്റ് ദാർശനികനായ മലയാളത്തിന്റെ സ്വന്തം പി.കെ.പോക്കർ ഗുരുവിന്റെ സമന്വയപാതയെ വിശേഷിപ്പിക്കുന്നുണ്ട്. മാർക്സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകൾ ദൂരീകരിക്കാൻ സംസ്കാര (മത) വൈജാത്യങ്ങളെക്കൂടി ഉൾക്കൊള്ളുന്ന സംഘർഷാത്മക ബഹുസ്വരത എന്ന ആശയം ദാർശനികനായ മൗഷെ നിർദ്ദേശിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതൊരനിവാര്യത എന്ന നിലയിലാണു താനും. അതിനെക്കാൾ എത്രയോ ശ്രേഷ്ഠമാണ്  ബഹുസ്വരതയെ സൗഹാർദപൂർവം, ജ്ഞാനപൂർവം, ഉൾക്കൊളളുന്ന ഏകമതം എന്നത് നാരായണഗുരുവിന് ജന്മംനല്കിയ ദേശത്തിലെ മനുഷ്യർ എന്ന പേരിൽ നമുക്ക് അഭിമാനിക്കാൻ വക നല്കുന്നു. ലോകത്തിനു മുഴുവൻ മാതൃകയായ ഈ ദർശനത്തെ നമ്മുടെ സംസ്കാരികോൽക്കർഷത്തിന്റെ ഉപാധിയാക്കുന്നതിൽ നാം പക്ഷേ, ഉപേക്ഷ കാണിച്ചില്ലേ?


‘ഇനമേതെന്നു കേൾക്കില്ല, നിനവും കണ്ണുമുള്ളവർ’ എന്ന നാരായണ സൂക്തത്തിലെ  ഓർമ, വിചാരം എന്നൊക്കെ അർഥവിവക്ഷയുള്ള നിനവ് എന്ന വാക്ക് ഉപയോഗിച്ചതിലെ ദാർശനിക ഔചിത്യം വലുതാണ് എന്നും പറയുന്നുണ്ട് പി.കെ.പോക്കർ.ഇമ്മാനുവൽ കാന്റിന്റെ ചരിത്രവത്കരണം എന്ന പദത്തിനു സമാനമാണത്. മതങ്ങളെ ചരിത്രവത്കരിച്ചുകൂടി മനസ്സിലാക്കുമ്പോൾ അവയിലെ വൈരുധ്യങ്ങൾ, കാലത്തിനു ചേരായ്കകൾ, അപ്രസക്തങ്ങളാവുന്നു. ഓരോ മതവും, പ്രത്യേക കാലങ്ങളിൽ ജനതതികളുടെ ഉന്നമനോദ്ദേശ്യം ലക്ഷ്യംവച്ച്, ഊന്നൽകൊടുത്തിട്ടുള്ള മൗലികഗുണങ്ങളുടെ പ്രസക്തിയും അപ്പോൾ വെളിവാകുന്നു.


മതം എന്നതിന്റെ വൈയക്തികമായ മാനം നാരായണഗുരു വളരെ പ്രധാനമായിത്തന്നെ കരുതുന്നു. മതത്തിന് അഭിപ്രായം എന്നും അർഥമുണ്ടല്ലോ. ആത്മീയകാര്യങ്ങളിൽ വൃക്തിപരമായ അഭിപ്രായം സ്ഥായിയല്ലെന്നും മാറിക്കൊണ്ടേയിരിക്കാമെന്നും ചിലപ്പോൾ ഒന്നിലധികം മതങ്ങൾ മനസ്സിൽ സ്വാധീനംചെലുത്തുന്നുണ്ടാകാമെന്നും, അല്ലെങ്കിൽ ചിലപ്പോൾ ഒന്നുമില്ലാതിരിക്കുന്ന അവസ്ഥയുമാകാമെന്നും ഗുരു. വിവിധമതങ്ങൾ വ്യക്തിയുടെ ആത്മീയാന്വേഷങ്ങൾക്ക് ടൂളുകൾ മാത്രമാകാം. ആ അർഥത്തിൽ ഗുരു (ഗുരുവിനെ അറിഞ്ഞവനും) അദ്വൈതിയായ ബുദ്ധനാണ്, ക്രിസ്തുമതത്തിൽ എന്നോ ഉളളവനാണ്, ‘മുത്തു നബി രത്ന’ത്തിന്റെ ചരിത്രനിയോഗമറിഞ്ഞ് അംഗീകരിക്കുന്ന ആളാണ്‌.


സാമൂഹികതലത്തിലെ മതസ്വാധീനത്തെ ഒട്ടും വിലകുറച്ചു കണ്ടിട്ടുമില്ല നാരായണഗുരു. ഒരുപക്ഷേ, അതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്താവിഷയം. മതത്തിന്റെ പേരിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും മനുഷ്യവിരുദ്ധതകളും അദ്ദേഹത്തിന്റെ വേദനയായിരുന്നു. മതങ്ങളുടെ ദൈവശാസ്ത്രങ്ങളെയും നീതിശാസ്ത്രങ്ങളെയും മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് എങ്ങനെ ഉപയുക്തമാക്കാം എന്നതായിരുന്നു ഗുരുവിന്റെ വിഷയം. ഗുരുവിന്റെ ഒരു ജാതി,  ഒരു മതം, ഒരു ദൈവം എന്നതിലെ ഏകമതമെന്ന ആശയത്തെ ഉൾക്കൊള്ളാൻ ഗാന്ധിജിപോലും പ്രയാസപ്പെടുന്നതായി 1925-ൽ നടന്ന അവർ തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ നാമറിയുന്നു. തന്റെ ശിഷ്യനായ സി.വി.കുഞ്ഞിരാമനുമായി ഗുരു പിന്നീട് നടത്തുന്ന സുദീർഘസംഭാഷണം ഈ  വിഷയത്തെ വിശദവും ഫലപ്രദവുമായി കൈകാര്യം ചെയ്യുന്നുണ്ട്. ആ ചർച്ചയിൽ വന്ന, ഏറ്റവും പ്രധാനമായിത്തോന്നിയ രണ്ടുകാര്യങ്ങൾ മാത്രം പറയാം. ആചാരപരമായ വ്യത്യസ്തതകൾ അപ്രധാനമായി കരുതാമെന്നിരിക്കിലും ഉൾക്കാമ്പിലെ വ്യത്യാസങ്ങൾ, പ്രപഞ്ചത്തെപ്പറ്റി, ദൈവത്തെപ്പറ്റി, കർമസിദ്ധാന്തത്തെപ്പറ്റി, സ്വർഗ-നരകങ്ങളെപ്പറ്റി, മോക്ഷത്തെപ്പറ്റി ഒക്കെയുള്ള മത സങ്കല്പങ്ങളിലെ വൈവിധ്യങ്ങൾ എങ്ങനെ ഒന്നായി കാണാനാവും എന്ന ചോദ്യത്തിന് ഗുരുവിന്റെ ഉത്തരമിതാ: സ്വർഗപ്രാപ്തി പറയുന്ന മതവും മോക്ഷസങ്കല്പമോ പുനർജന്മസിദ്ധാന്തമോ പറയുന്ന മതവും ഉളവാക്കുന്നത് ഒരേ ഊർദ്ധ്വാഭിമുഖ്യമാണ്. അത് ഉണ്ടാക്കിയെടുക്കുക എന്നതു മാത്രമാണ് മതങ്ങൾക്കുള്ള അധികാരം. ഒരുപടി കയറാനായ ആൾക്ക് അടുത്ത പടിയിലേക്ക് കയറാൻ ആഗ്രഹമുണ്ടാവും. അവന്റെ/അവളുടെ മനസ്സിൽ അന്വേഷണങ്ങൾ, ത്യാജ്യഗ്രാഹ്യവിവേചനങ്ങൾ നടക്കും. ഒരൊറ്റമതവും അധോഗതിക്ക് പ്രേരിപ്പിക്കുന്നില്ലല്ലോ. ഊർദ്ധ്വഗതിയുണ്ടാക്കി സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ.


അന്വേഷണതൃഷ്ണയും ജ്ഞാനതൃഷ്ണയുമുള്ളവർക്കേ ഈ ഉപദേശം സാധുവാകുകയുള്ളു എന്നും കൂടി പറയുന്നുണ്ട് ഗുരു. സാമാന്യജനങ്ങൾക്ക് അവർ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥം പ്രമാണമായിരിക്കട്ടെ എന്നു ഗുരു പറയുമ്പോൾ ശിഷ്യനിൽനിന്ന് രണ്ടാമത്തെ പ്രസക്തമായ ചോദ്യമുയരുന്നു. അങ്ങനെ പ്രമാണമാക്കുന്ന ഗ്രന്ഥങ്ങളിൽ ധർമവിരുദ്ധമായ ഉപദേശങ്ങൾ ഉണ്ടായാലോ? പല മതഗ്രന്ഥങ്ങളിലും കാലത്തിന്റെയും പൗരാണികസംസ്കാരത്തിന്റെയും മുദ്രകളും വ്യാഖ്യാനപ്പിഴവുകളും ഉണ്ടെന്നുള്ളത് അനുഭവം. ഗുരു അതിനുനല്കുന്ന ഉത്തരം അങ്ങനെ വരാതിരിക്കാൻ മതഗുരുക്കന്മാർ ശ്രദ്ധിക്കണമെന്നാണ്. എല്ലാ മതഗ്രന്ഥങ്ങളെയും ത്യാജ്യഗ്രാഹ്യ വിവേചനത്തോടുകൂടി പഠിക്കാൻ  ഇടയുണ്ടാകുമ്പോൾ തെളിഞ്ഞുവരുന്ന ഒന്നാണ് ഗുരുവിന്റെ ഏകമതം അഥവാ, മനുഷ്യമതം എന്ന സങ്കല്പം.


കാപ്പനച്ചനെപ്പോലെയും ഗീവർഗീസ് മാർ കൂറിലോസിനെപ്പോലെയും ഉള്ളവരുടെ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രസക്തി ഇവിടെയാണ് എന്നു പറയാം. മതവിശ്വാസമെന്നാൽ സ്വാതന്ത്ര്യമായിരിക്കണം. വിമോചനമായിരിക്കണം. അതിനുതകുംവിധം മതത്തിൽ കാലാനുസൃത പരിഷ്കരണങ്ങളും പുനർവ്യാഖ്യാനങ്ങളും വേണം. കാലത്തിനനുസരിച്ച് പരിഷ്കരണം, പുനർ വ്യാഖ്യാനം എന്നതൊക്കെ പൗരോഹിത്യം അതിശക്തമായി എതിർക്കുന്നതാണ്  പൊതുവേ കാണാറ്. അതിനപവാദമായി നിന്നവരാണ് ലോകത്തെ മുന്നോട്ടുനയിച്ചിട്ടുള്ളവരും. ഇസ്ലാമിൽ മതപണ്ഡിത പക്ഷത്തുനിന്നുള്ള അത്തരം സ്വരങ്ങൾ ഇന്ന് തുലോം കുറവാണ് എന്നത് പരിതാപകരം തന്നെ. ഉയർന്നുവരുന്നവയെത്തന്നെ അമർത്താനും വക്രീകരിക്കാനുമുള്ള ശ്രമങ്ങൾ പ്രബലവും. മതത്തെ സ്ഥാപനവത്കരിച്ചും ആചാരബദ്ധമാക്കിയും നിലനിറുത്തിയാലേ പൗരോഹിത്യാധികാരത്തിനു പ്രസക്തിയുള്ളു എന്നറിയുന്നവർ സനാതനമതത്തിൽ മാത്രമല്ല  എന്നതാണ് യാഥാർഥ്യം. പൗരോഹിത്യത്തെ വിമർശിച്ചുകൊണ്ടുയിർകൊണ്ട ക്രിസ്തുമതത്തിലും ഇസ്ലാംമതത്തിലും ഇത്തരക്കാരുടെ സ്വാധീനം ഇന്ന് വലുതാണ്. 


മതപരിവർത്തനത്തെപ്പറ്റിയുള്ള വിചിന്തനവും ഗുരുവിനും ശിഷ്യനുമിടയിൽ നടക്കുന്നുണ്ട്. ജാതി വ്യവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ കൂട്ടമായി ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും മാറിയ ചാതുർവർണ്യത്തിനു പുറത്തുള്ള മനുഷ്യരുടെ ഭൗതിക സ്വാതന്ത്ര്യവാഞ്ഛയെ ഗുരു അംഗീകരിക്കുന്നു. അപ്പോഴും അതു മതപരിവർത്തനമല്ല, സാമുദായിക പരിവർത്തനമാണെന്ന് ഗുരു വിലയിരുത്തുന്നു. യഥാർഥമതപരിവർത്തനം ഒരാളുടെ ഉള്ളിൽ സംഭവിക്കേണ്ടതാണ്, അതു മതങ്ങളുടെ ആന്തരികസത്ത മനസ്സിലാക്കിയുള്ളതായിരിക്കണം എന്നുമദ്ദേഹം. ലോകത്തിനുമുഴുവൻ വഴികാട്ടിയാവേണ്ട ഗുരു ചിന്തകളുടെ നാടായിട്ടും ആ മഹാന്റെ മരണത്തിനു ദശകങ്ങൾക്ക് ശേഷവും, കീഴാളമനുഷ്യരുടെ ഉന്നതിക്കും ഇന്ത്യൻ ജനാധിപത്യസംരക്ഷണത്തിനുംവേണ്ടി ജീവിതമുഴിഞ്ഞുവച്ച മഹാനായ ഡോ.അംബേദ്ക്കർ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം അവരുടെ സാമൂഹികസുരക്ഷയ്ക്ക് മറ്റുവഴിയില്ലെന്നു നിരാശിതനായി  ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത് നാം കണ്ടു. അതിന്റെ രാഷ്ട്രീയപരമായ ആഘാതസാധ്യത നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.  ഇന്നും തുടർന്നുവരുന്ന സമരങ്ങളിൽ നാം നാരായണഗുരുവിനെയും ആ ദർശനങ്ങളെയും എത്രമാത്രം ചേർത്തുവയ്ക്കുന്നുണ്ട് എന്നാലോചിക്കേണ്ടതുമുണ്ട്. ഗുരുവിനെ ഈഴവസമുദായത്തിന്റെ നേതാവായോ, ഹിന്ദുഏകീകരണത്തിന്റെ വക്താവായോ പരമ്പരാഗതഹിന്ദു സന്ന്യാസിയായോ ചുരുക്കിയും ഇകഴ്ത്തിയും കാണുന്നവർ വാസ്തവത്തിൽ ലോകത്തിനു മുഴുവൻ മാതൃകയാവേണ്ട ആ ശ്രേഷ്ഠദർശനങ്ങളെ നഷ്ടപ്പെടുത്തുകയല്ലേ? 


ഇതെഴുതുമ്പോള്‍, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകളും പ്രചാരണങ്ങളും ഇനിയും ബാക്കിയാണ്. അംബേദ്ക്കർ ആശയങ്ങളുടെ പിൻമുറക്കാരായി കണക്കാക്കാവുന്ന  ബി.എസ്.പിയും നേതാവായ മായാവതിയും അർഥഗർഭമെന്നോ, ദുരൂഹമെന്നോ പറയാവുന്നവിധം ഒരുപക്ഷവും പിടിക്കാതെ നിലനില്ക്കുന്നു. നിശ്ശബ്ദമായ അവരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെപ്പറ്റി കേട്ടു. തോറ്റാലും ദീദിക്കുതന്നെ ഞങ്ങളുടെ വോട്ട് എന്നുപറയുന്ന ദരിദ്രരായ ദലിത് മനുഷ്യരെയും വേദനയോടെ കണ്ടു. ഒരു കാലത്തു കത്തിനിന്ന, വലിയ ദലിത് മുന്നേറ്റത്തിനു ചുക്കാൻപിടിച്ച, ആ പാർട്ടിയെ ഈ നിലയിലെത്തിച്ചത് അതിനകത്തെ ആന്തരികസംഘർഷങ്ങൾ മാത്രമല്ല എന്നും ദലിത് മുന്നേറ്റങ്ങളുടെ കൂമ്പൊടിക്കാൻ ശ്രദ്ധവച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ സവർണസ്വാധീനംകൂടിയാണ് എന്നും കേരളത്തിലെ ഒരു അംബേദ്ക്കറിസ്റ്റ് പറഞ്ഞതോർക്കുന്നു. ബി.എസ്.പിയുടെ പ്രചാരണ പോസ്റ്ററുകളിൽ, അംബേദ്ക്കറോടൊപ്പം, മറ്റു ദലിത് നേതാക്കളോടൊപ്പം  നാരായണഗുരുവിന്റെ പൂർണകായചിത്രവും കണ്ട സന്തോഷത്തിലാണ് ഞാൻ. ഇല്ല, നാരായണഗുരുവിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.  പഴയകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്നാ ദർശനങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നു. ജാതിഭേദം നിലനില്ക്കുവോളം പൊരുതലിന് ശക്തിയാണ് ഗുരുദേവദർശനങ്ങൾ .


ഒപ്പം, ആധുനികകാലത്ത് ആഗോളതലത്തിൽത്തന്നെ മനുഷ്യസമുദായത്തെ അലട്ടുന്ന ആത്മീയദാരിദ്ര്യത്തെയും അതിലൂടെ ഉരുത്തിരിയുന്ന വലതുപക്ഷ രാഷ്ട്രീയത്തെയും ചെറുക്കാനുള്ള ആത്മശക്തിയും ഗുരുദർശനങ്ങൾക്കുണ്ട് എന്ന സത്യവും  നമുക്ക് മറക്കാതിരിക്കാം. 


Ref:

  1. ഗുരുവിന്റെ ചരിത്രം – ഡോ.കെ.സുഗതൻ
  2. ശ്രീ നാരായണ ഗുരുദേവൻ – കുമാരനാശാൻ.
  3. ശ്രീ നാരായണ വിജയം – പ്രൊ.കെ.ബാലരാമപ്പണിക്കർ
  4. Sree Narayana Guru, The Mystical life and Teaching-Mangad Balachandran
  5. നാരായണ ഗുരു പുനർവായനകൾ – എഡിറ്റർ പ്രദീപൻ പാമ്പിരിക്കുന്ന്
  6. പല മത സാരവുമേകം – എഡിറ്റർ സുനിൽ .പി.ഇളയിടം.
  7. മതം, സംസ്കാരം, ആത്മീയത – ആൻറണി പാലക്കൽ/ റോയ് എം.തോട്ടത്തിൽ.
  8. ബഹു സംസ്കാരവും, ജ്ഞാനോദയവും -ഡോ.പി.കെ.പോക്കർ.
  9. Book of Books by James Mathew/Kent Bicknell