വേണം, മതങ്ങളുടെ മനുഷ്യത്വവത്കരണം – ഹമീദ് ചേന്നമംഗലൂർ

വേണം, മതങ്ങളുടെ മനുഷ്യത്വവത്കരണം  – ഹമീദ് ചേന്നമംഗലൂർ

മതപരമായ വൈവിധ്യം നിറഞ്ഞ ലോകത്ത്, നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള ധാരണകൾ പുനർവിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്.  കൃഷ്ണൻ, ക്രിസ്തു, മുഹമ്മദ് എന്നിവരെ മനുഷ്യരാശിയുടെ പൊതുവായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നവരായി കാണുന്നത് ലോകത്തെ കൂടുതൽ സഹിഷ്ണുതയുള്ളതും സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.


ഫാദർ സെബാസ്റ്റ്യൻ കാപ്പന്റെ ഒരു കൃതിയുടെ ശീർഷകം ‘അക്രൈസ്തവനായ യേശുവിനെ തേടി’ എന്നാണ്. ഏതെങ്കിലും പ്രത്യേക മതത്തിന്റെ മേൽവിലാസമില്ലാത്ത യേശുക്രിസ്തു എന്ന ആശയം ആ തലക്കെട്ടിൽ ഉൾച്ചേർന്നിട്ടുണ്ട്. മതത്തിന്റെ മേൽവിലാസം അനാവശ്യമോ അപ്രധാനമോ ആണെന്ന ആശയവും അതിലടങ്ങിയിരിക്കുന്നു. വ്യക്തിഗത മതമേൽവിലാസമില്ലായ്മയാണ് ഉത്തമമെന്ന ചിന്തതന്നെയാണ് ശ്രീനാരായണഗുരുവിന്റെ ‘പലമതസാരവുമേകം’ എന്ന നിരീക്ഷണത്തിലും പ്രതിഫലിക്കുന്നത്.


പക്ഷേ ഗുരുവോ ഫാദറോ അഭിലഷിച്ചതുപോലെയല്ല മനുഷ്യർ പൊതുവേ മതപ്രയാണം നടത്തിയത്. മതങ്ങളുടെ വികാസപരിണാമങ്ങൾ പരിശോധിച്ചാൽ വിശ്വാസികൾ മതങ്ങളോട് സ്വീകരിച്ചുപോന്ന സമീപനവൈവിധ്യം വ്യക്തമാകും. ‘തന്റെ മതം/അപരന്റെ മതം’ എന്ന കാഴ്ചപ്പാട് ആ വൈവിധ്യത്തിന്റെ തുടക്കമായിരുന്നു എന്നു പറയാം. സ്വമതം ഉത്തമം, അപരമതം അധമം എന്ന വീക്ഷണത്തിലേക്ക് അതു വളർന്നു. ഉത്തമമതവും അധമമതവുമുണ്ടാകുമ്പോൾ അവ തമ്മിലുള്ള സംഘർഷവും പോരും സ്വാഭാവികമായി ഉടലെടുക്കുന്നു. ആദ്യകാല മതപ്പോര് ഈ ഉത്തമ/അധമ കാഴ്ചപ്പാടിൽനിന്നാണ് പിറവിയെടുത്തത്.


ലോകം 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ എത്തിനില്ക്കുന്നു ഇപ്പോൾ. ഈ ഘട്ടത്തിൽ മതങ്ങളെ നമുക്ക്, താഴെ കാണിച്ചവിധം, പല മട്ടിൽ വർഗീകരിക്കാനാകും.


  1. സത്യാന്വേഷണത്തിന്റെ മതം/ സ്വത്വാന്വേഷണത്തിന്റെ മതം
  2. സമാധാനത്തിന്റെ മതം / യുദ്ധത്തിന്റെ മതം
  3. മൂല്യങ്ങളുടെ മതം / അനുഷ്ഠാനങ്ങളുടെ മതം
  4. ഉൾക്കൊള്ളലിന്റെ മതം / പുറന്തള്ളലിന്റെ മതം
  5. രാഷ്ട്രീയരഹിതമതം / രാഷ്ട്രീയസഹിതമതം
  6. മിതവാദമതം / തീവ്രവാദമതം

സത്യാന്വേഷണമതത്തിൽനിന്നും അതിന്റെ നേർവിപരീതമായ സ്വത്വാന്വേഷണമതത്തിൽനിന്നും നമുക്ക് ആരംഭിക്കാം. ദാർശനികമായി നോക്കിയാൽ എല്ലാ പ്രമുഖ മതങ്ങളും പരമമായ സത്യത്തിന്റെ അന്വേഷണത്തിൽ മുഴുകുന്നവയാണ്. പ്രസ്തുത അന്വേഷണം അനന്തമായി തുടരുകയും ചെയ്യും. പരമസത്യത്തിലേക്കുള്ള പ്രയാണത്തിൽ എല്ലാ മതങ്ങൾക്കും പരസ്പരം സഹകരിക്കാനാവും. ലക്ഷ്യം അന്തിമസത്യത്തിന്റെ ഗ്രഹമണമാകയാൽ അവിടെ മതങ്ങൾ തമ്മിൽ കലഹത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. കണ്ടെത്തലുകളുടെ പങ്കുവയ്പാണ് അവിടെ പ്രധാനം.


അതേസമയം സ്വത്വാന്വേഷണത്തിൽ മുഴുകുന്ന മതങ്ങൾ സ്വവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ ഒരു പ്രത്യേകസ്വത്വം നിർമിക്കുകയാണ് ചെയ്യുന്നത്. സ്വത്വത്തിന്റെ ഉണ്മ കിടക്കുന്നത് വേറിട്ടുനില്പിലാണ്. ഹിന്ദുമതത്തിന്റെ പേരിൽ നിർമിക്കപ്പെടുന്ന സ്വത്വത്തിന് അഹിന്ദുമതത്തിന്റെ പേരിൽ നിർമിക്കപ്പെടുന്ന സ്വത്വവുമായി ഇഴുകിച്ചേരാൻ സാധിക്കില്ല. ഇസ്ലാമിന്റെയോ ക്രിസ്തുമതത്തിന്റെയോ പേരിൽ നിർമിക്കപ്പെടുന്ന സ്വത്വത്തിന് യഥാക്രമം അമുസ്ലീം മതസ്വത്വവുമായോ അക്രൈസ്തവ മതസ്വത്വവുമായോ ഒത്തുപോകാനും കഴിയില്ല. സത്യാന്വേഷണമതങ്ങൾക്ക് പരസ്പരം സഹകരിക്കാൻ സാധിക്കുമെങ്കിലും സ്വത്വാന്വേഷണ മതങ്ങൾക്ക് പരസ്പര സഹകരണം ദുസ്സാധ്യമാണെന്നർഥം.


സത്യത്തെ തേടുന്ന മതങ്ങൾ സമാധാനത്തിന്റെ മതങ്ങളായിരിക്കും. അവ തമ്മിൽ സ്പർധയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. എന്നാൽ സ്വത്വത്തെ തേടുന്ന മതങ്ങൾ അങ്ങനെയായിരിക്കില്ല. അപരമതങ്ങളിൽനിന്നു വേറിട്ട് നില്ക്കാനും അകലംപാലിക്കാനും ശഠിക്കുന്ന സ്വത്വാന്വേഷണമതം കലഹത്തിന്റെയും യുദ്ധത്തിന്റെയും മതമായിരിക്കും. ഇന്ത്യയടക്കം വിവിധരാജ്യങ്ങളിൽ വ്യത്യസ്ത ചരിത്രഘട്ടങ്ങളിൽ ദേവാലയങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിൽ മതങ്ങൾക്കിടയിൽ മുളച്ചുപൊങ്ങിയ വൈരവും പോരും ഉദാഹരണങ്ങളാണ്. രാമക്ഷേത്രത്തെ ഒരുവിഭാഗം തങ്ങളുടെ മതസ്വത്വത്തിന്റെയും ബാബറിമസ്ജിദിനെ മറ്റൊരുവിഭാഗം അവരുടെ മതസ്വത്വത്തിന്റെയും ഭാഗമായി കണക്കാക്കിയതിന്റെ ദുരന്തഫലം നാം കണ്ടതാണ്. ഇസ്രയേൽ-പലസ്തീൻ പ്രശ്‌നത്തിൽ അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ ആ വിഷയത്തിലും രണ്ട് മതസ്വത്വങ്ങൾ (ജൂത-മുസ്ലീം സ്വത്വങ്ങൾ) എന്ന ഘടകം ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കാതിരുന്നുകൂടാ. സത്യാന്വേഷണത്തിന്റെ മതം സമാധാനത്തിന്റെ മതം മാത്രമല്ല, മൂല്യങ്ങളുടെ മതം കൂടിയായിരിക്കും. എല്ലാ മതങ്ങൾക്കും അവയുടേതായ മൂല്യവ്യവസ്ഥയും അനുഷ്ഠാന വ്യവസ്ഥയുമുണ്ട്. സാമാന്യമായി പറഞ്ഞാൽ മൂല്യവ്യവസ്ഥാതലത്തിൽ മതങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. മാനവനന്മയും സമാധാനജീവിതവും ലക്ഷ്യമിടുന്ന മൂല്യങ്ങളാണ് എല്ലാ മതങ്ങളുടെയും കാതൽ. ഹിന്ദുമതമായാലും ജൂതമതമായാലും ബുദ്ധമതമായാലും ക്രിസ്തുമതമായാലും ഇസ്ലാം മതമായാലും അവയെല്ലാം പ്രക്ഷേപിക്കുന്ന അടിസ്ഥാനമൂല്യങ്ങൾ സ്‌നേഹം, കരുണ, സാഹോദര്യം, സഹിഷ്ണുത, സത്യം, തുടങ്ങിയവയാണ്. ഇപ്പറഞ്ഞ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നവരാണ് ‘മതവിശ്വാസികൾ’ എന്ന വിശേഷണത്തിന് യഥാർഥത്തിൽ അർഹർ.


ഇതിൽനിന്ന് ഭിന്നമാണ് സ്വത്വാന്വേഷണമതത്തിന്റെ അവസ്ഥ. അവിടെ അനുഷ്ഠാനങ്ങൾക്കാണ് പ്രാമുഖ്യം. മതത്തോടൊപ്പം വളർന്നുവന്ന അനുഷ്ഠാനാചാരങ്ങൾ പിന്തുടരുന്നവർ ആരോ അവരത്രേ സ്വത്വാന്വേഷണമതത്തിന്റെ കണ്ണിൽ യഥാർഥ വിശ്വാസികൾ. ഒരു വ്യക്തി മതത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി കൊലയും കൊള്ളയും കരിഞ്ചന്തയും കള്ളക്കടത്തും പൂഴ്ത്തിവയ്പും ഇതര തിന്മകളും നടത്തിയാലും കുഴപ്പമില്ല; അയാൾ മതാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നുണ്ടോ എന്നതുമാത്രമേ പരിഗണിക്കപ്പെടൂ. അവിടെ മതം മൂല്യവ്യവസ്ഥ എന്ന നിലവിട്ട് കേവലം അനുഷ്ഠാനവ്യവസ്ഥയായി അധഃപതിക്കുന്നു.


സത്യാന്വേഷണത്തിന്റെ മതം സമാധാനത്തിന്റെയും മൂല്യങ്ങളുടെയും മതമാണെന്നതുപോലെ അത് ഉൾക്കൊള്ളലിന്റെ മതവും കൂടിയാണ്. മതത്തിന്റെ പേരിൽ ആർക്കും അത് അപരത്വം കല്പിക്കുന്നില്ല. വിശ്വാസവൈവിധ്യം തെറ്റാണ് എന്നതല്ല, അതു മനുഷ്യസഹജമാണ് എന്നതത്രേ അതിന്റെ നിലപാട്. എന്നാൽ സ്വത്വാന്വേഷണത്തിന്റെ മതം യുദ്ധത്തിന്റെ മതമാണെന്നതുപോലെ പുറന്തള്ളലിന്റെ മതം കൂടിയാണ്. സ്വവിശ്വാസങ്ങളോടും ആചാരങ്ങളോടും യോജിക്കാത്ത വിഭാഗങ്ങളെ അത് അകറ്റിനിറുത്തുന്നു. മതനിഷേധികൾ, നിരീശ്വരർ, സത്യമതത്തിൽനിന്ന് വ്യതിചലിച്ചവർ തുടങ്ങിയ വിശേഷണങ്ങൾ ചാർത്തി അപരമതക്കാരെയും അപരചിന്താഗതിക്കാരെയും അത് ശത്രുക്കളായി മുദ്രകുത്തുന്നു.


സത്യാന്വേഷണമതത്തിന്റെ മറ്റൊരു മുഖ്യസവിശേഷത അതു രാഷ്ട്രീരഹിതമതം (Non political religion) ആണെന്നതാണ്. അതിന് മതാധിഷ്ഠിത രാഷ്ട്രം (Theocratic state) എന്ന സങ്കല്പമില്ല. സ്വത്വാന്വേഷണമതത്തിന്റെ സ്ഥിതി മറിച്ചാണ്. അതു രാഷ്ട്രീയസഹിതമത(political religion)മാണ്. അതിനു മതരാഷ്ട്രസങ്കല്പമുണ്ട്; കടുത്ത മതേതരത്വ വിരുദ്ധ നിലപാടുമുണ്ട്. ഹിന്ദുമതം രാഷ്ട്രീയഹിന്ദുമതം (ഹിന്ദുത്വവാദം) ആകുമ്പോഴാണ് ഹിന്ദുരാഷ്ട്രം എന്ന ആശയം ജനിക്കുന്നത്. ഇസ്ലാം രാഷ്ട്രീയഇസ്ലാം ആകുമ്പോഴാണ് ഇസ്ലാമികരാഷ്ട്രം എന്ന ആശയം നാമ്പെടുക്കുന്നത്. ക്രിസ്തുമതം രാഷ്ട്രീയ ക്രിസ്തുമതമാകുമ്പോഴാണ് ക്രിസ്തുരാജ്യം എന്ന ആശയം കിളിർക്കുന്നത്.


രാഷ്ട്രീയസഹിതമതത്തെ സംബന്ധിച്ചിടത്തോളം മതസ്വത്വം പരമപ്രധാനമാണ്. മതാത്മകസ്വത്വവും സങ്കുചിതമതാത്മക സംസ്‌കാരവുമാണ് രാഷ്ട്രീയസഹിതമതത്തിന്റെ പ്രാണവായു. ഹിന്ദുത്വവാദികളായാലും ഇസ്ലാമിസ്റ്റുകളായാലും ജൂത, ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളായാലും അവരെല്ലാം സ്വമതസംസ്‌കാര വിശുദ്ധിയിൽ അടിവര ചാർത്തുന്നു. സംസ്‌കാരവിശുദ്ധി എന്നതു വംശീയവിശുദ്ധിപോലെ മിഥ്യയാണെങ്കിലും, സ്വമതസംസ്‌കാര ഗർവും പോഷണവുമാണ് എല്ലാ രാഷ്ട്രീയസഹിതമതക്കാരുടെയും (മതമൗലികവാദികളുടെയും) പ്രധാനപ്പെട്ട മൂലധനം. കലർപ്പില്ലാത്ത ഒരു സംസ്‌കാരവും ഒരിടത്തും നിലനില്ക്കുന്നില്ലെങ്കിലും, തങ്ങളുടെ ‘കലർപ്പറ്റ സംസ്‌കാര’ത്തിനുവേണ്ടി രാഷ്ട്രീയസഹിതമതക്കാർ അങ്കംവെട്ടുന്നു. അഹിന്ദുസംസ്‌കാരത്തിന്റെ (മുസ്ലീം,ക്രൈസ്തവ സംസ്‌കാരങ്ങളുടെ) സർവചിഹ്നങ്ങളും രാജ്യത്തുനിന്ന് തുടച്ചുമാറ്റാനുള്ള ശ്രമം വർത്തമാന ഇന്ത്യയിൽ നടക്കുമ്പോൾ, അമുസ്ലീം സംസ്‌കാരത്തിന്റെ സകലശേഷിപ്പുകളും നിർമാർജനം ചെയ്യാനുള്ള യത്‌നം സമകാലിക അഫ്ഗാനിസ്ഥാനിൽ അരങ്ങേറുന്നു.


രാഷ്ട്രീയസഹിതമതത്തെ രാഷ്ട്രീയരഹിതമതത്തിൽനിന്ന് വേർതിരിച്ചുനിറുത്തുന്ന ഒരു സവിശേഷതകൂടിയുണ്ട്. രാഷ്ട്രീയസഹിതമതത്തിന്റെ തീവ്രവാദ (ഭീകരവാദ) സ്വഭാവമാണത്. രാഷ്ട്രീയരഹിതമതം (സത്യാന്വേഷണമതം) മതിവാദപരമാണ്. വിവിധ സമുദായങ്ങളിൽ പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ റിലീജ്യനാകട്ടെ എല്ലായിടത്തും ഒരുപോലെ തീവ്രവാദപരമത്രേ. ചില സ്ഥലങ്ങളിലും ചില സന്ദർഭങ്ങളിലും അവ കണ്ണില്ലാത്ത ഹിംസാത്മകതയിലേക്കും കൊടുംഭീകരതയിലേക്കും വഴിമാറാറുമുണ്ട്. സ്വമതത്തിന്റെ രാഷ്ട്രീയാധിപത്യം നിലവിൽ വരുന്നതുവരെ അപര മതക്കാരോട് അങ്കം വെട്ടാനാണ് എല്ലാ രാഷ്ട്രീയസഹിതമതസംഘങ്ങളും തെളിഞ്ഞോ ഒളിഞ്ഞോ ആവശ്യപ്പെടുന്നത്. ആ ലക്ഷ്യം കൈവരിക്കുന്നതിന് സ്വമതഗ്രന്ഥങ്ങളെ യുദ്ധരേഖകളായി ദുർവ്യാഖ്യാനം ചെയ്ത് അവർ അണികളെ സൃഷ്ടിക്കുകയും ചെയ്യുന്നു.


ഇവിടെയാണ് വേദപുസ്തകങ്ങളുടെ ആധുനികകാല വായനയുടെ പ്രസക്തി. പല വേദഗ്രന്ഥങ്ങളുടെയും ഉപരിപ്ലവ വായന അപരമതദ്വേഷം സൃഷ്ടിക്കാൻ പര്യാപ്തമാണ്. വേദങ്ങളുടെയും മറ്റു മതപ്രമാണങ്ങളുടേയും ആവിർഭാവകാലത്തു മാത്രം പ്രസക്തിയുണ്ടായിരുന്ന വാക്യങ്ങളും ആശയങ്ങളും അവയിലുണ്ടാകും. ഇപ്പോഴും പ്രസക്തിയുള്ളവയുമുണ്ടാകും. അവ വ്യവച്ഛേദിച്ച്, ഇന്നു പ്രസക്തിയുള്ളവ/ഇന്നു പ്രസക്തിയില്ലാത്തവ എന്ന തരത്തിൽ വർഗീകരിക്കപ്പെടണം. പ്രസക്തിയില്ലാത്തവ ഒഴിവാക്കി (പ്രസക്തിയില്ലാത്തവ എന്നു രേഖപ്പെടുത്തി) വേണം ആധുനികസമൂഹത്തിനുമുന്നിൽ വേദങ്ങളെ അവതരിപ്പിക്കാൻ. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന മാനവികമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേദവാക്യങ്ങളുടെ വ്യാഖ്യാനവും ഗ്രഹണവും സാധ്യമാക്കുക എന്നത് മതയുദ്ധങ്ങൾക്കെതിരെയുള്ള പ്രബലമായ ഒരായുധമാണ്.


ഫാദർ സെബാസ്റ്റ്യൻ കാപ്പന്റെ ‘അക്രൈസ്തവനായ യേശു’ എന്ന പ്രയോഗത്തിലേക്ക് നമുക്ക് തിരിച്ചുപോകാം. അക്രൈസ്തവനായ ക്രിസ്തുവിനെപ്പോലെ എന്തുകൊണ്ട് അഹിന്ദുവായ കൃഷ്ണനെയും അമുസ്ലീമായ മുഹമ്മദിനെയും നമുക്ക് സങ്കല്പിച്ചുകൂടാ? വ്യക്തിഗത മതങ്ങളുടെ മതിൽക്കെട്ടുകൾ ഭേദിച്ചവരായി വേണം പുതുതലമുറ കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദിനെയും മനസ്സിലാക്കാൻ. മതങ്ങളുടെ മനുഷ്യത്വവത്കരണത്തിന് അതാവശ്യമാണ്. മതപ്പോരിന് വിരാമമിടാൻ, മതങ്ങൾ ഹിന്ദുവത്കരിക്കപ്പെടുകയോ ഇസ്ലാമികവത്കരിക്കപ്പെടുകയോ ക്രൈസ്തവവത്കരിക്കപ്പെടുകയോ ചെയ്യുന്നതിനുപകരം മനുഷ്യത്വവത്കരിക്കപ്പെടുകയാണ് വേണ്ടത്.