മതങ്ങൾ മനുഷ്യജീവിതത്തിന്റെ ഉല്ക്കർഷത്തിന് – കെ. ജയകുമാർ
മനുഷ്യകുലത്തിന്റെ ഭൗതികവും ആത്മീയവുമായ ഉന്നമനം ലക്ഷ്യമിടുന്ന മതങ്ങളെ പരസ്പരം പോരാടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ എന്നപോലെ നോക്കിക്കാണുന്ന ശീലത്തിന് അറുതിവരുത്തേണ്ടതുണ്ട്. ഈ പരിവർത്തനം സാധ്യമാകണമെങ്കിൽ ആത്മീയത എന്നത് അന്ധവിശ്വാസത്തിന്റെ പര്യായമല്ലെന്നും, മനുഷ്യന് അർഹതപ്പെട്ട വിമലീകരണത്തിലേക്കുള്ള ഉയർച്ച സാധ്യമാക്കുന്ന പാതയാണെന്നും അംഗീകരിക്കാനുള്ള വിനയവും വിവേകവുംകൂടി ആവശ്യമാണ്.
പല തലമുറകളിലെ അനേകമനേകം ജീവിതങ്ങളിൽ ദുഃഖദുരിതങ്ങൾ നിറയ്ക്കാൻ മതം ഒരു മുഖ്യ ഹേതുവായി എന്നത് മനുഷ്യചരിത്രത്തിലെ അന്ധാളിപ്പിക്കുന്ന വൈരുധ്യങ്ങളിലൊന്നാണ്. ഏതൊരു മഹനീയ ലക്ഷ്യത്തോടെയാണീ മതങ്ങൾ നിലവിൽവന്നത് അവ ഭാഗികമായി നേടുകയും, വിപരീത ഫലങ്ങൾ ധാരാളമായി അനുഭവവേദ്യമാവുകയും ചെയ്യുക എന്ന അവസ്ഥ എങ്ങനെയാണ് സംജാതമായത് ? മതങ്ങൾ നിലവിൽവന്നത് ഇക്കാലത്തു കമ്പനികൾ രജിസ്റ്റർചെയ്യുന്നതുപോലുള്ള ഔപചാരികതകളോടെയല്ലല്ലോ. കുറെ ആളുകൾ പിന്തുടരുന്ന ഒരുപിടി ആശയഗതികളും വിശ്വാസങ്ങളും കാലാന്തരത്തിൽ ഒരു മതമായി രൂപാന്തരപ്പെടുകയാണ്. ഔപചാരികതകളും ഘടനാപരമായ സംവിധാനങ്ങളും പിന്നീടുണ്ടാകുന്നതാണ്. അടിസ്ഥാനപരമായി വാഴ്‌വിന്റെ ഉണ്മ എന്തെന്ന് അനുഭവ സാക്ഷ്യത്തിലൂടെ ബോധ്യപ്പെട്ട ഒരാചാര്യനോ പ്രവാചകനോ പ്രബുദ്ധത നേടിയ വ്യക്തികളോ ആ ഏക സത്യത്തിന്റെ വെളിച്ചം മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികം. കാരണം, പരമമായസത്യമറിയാതെ അജ്ഞതയാൽ നയിക്കപ്പെട്ടു ജീവിതം വ്യർഥമാക്കുന്ന ദുരന്തത്തെ പ്രതിരോധിക്കാനുള്ള ആശയസമുച്ചയമാണ് പിൽക്കാലത്ത് മതങ്ങളായി രൂപാന്തരപ്രാപ്തി നേടിയത്. സത്യം എന്ത്, മിഥ്യ എന്ത് എന്നു സാധാരണമനുഷ്യരോടു പറയാനുള്ള ആഗ്രഹമാണ് എല്ലാ മതങ്ങളുടെയും ആധാരശില. ആ അടിത്തറയിൽ ഉയർത്തപ്പെട്ട സൗധങ്ങൾക്കു ചിലപ്പോൾ വലിയ വിസ്തൃതിയും, ഗോപുരങ്ങളും കമാനങ്ങളുമെല്ലാം ഉണ്ടായെന്നു വരാം. ആ ബാഹ്യമായ പ്രൗഢിയോ പകിട്ടോ അല്ല മതങ്ങളുടെ സൂക്ഷ്മസത്ത. അതു മനുഷ്യസ്നേഹവും മനുഷ്യജീവിതത്തിന്റെ ഉല്ക്കർഷത്തിനുള്ള ആഗ്രഹവും അതിലുള്ള വിശ്വാസവുമാകുന്നു.
നാമിന്നു മതങ്ങളെ മനസ്സിലാക്കുന്നത് അവയുടെ ആവിർഭാവത്തിനു എത്രയോ നൂറ്റാണ്ടുകൾക്കു ശേഷമുള്ള അവസ്ഥയിലാണ്. സ്വാഭാവികമായും, ചരിത്രത്തിന്റെ പെരുവഴിയിലൂടെയുള്ള ദീർഘയാത്രയ്ക്കിടയിൽ അപഭ്രംശങ്ങളും ആശയവൈകല്യങ്ങളും ആചാരപരമായ പരാധീനതകളും വിചാരമാലിന്യങ്ങളുമെല്ലാം മതങ്ങളെ അവയുടെ അന്തഃസത്തയിൽനിന്ന് അകറ്റിയിട്ടുണ്ടാവാം. പിറന്ന കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ജീവിതരീതിയുടെയും വ്യത്യാസങ്ങൾകൊണ്ട് ഒരു മതം മറ്റൊന്നിൽനിന്ന് ഭിന്നമായി നിലകൊള്ളുന്നതായി തോന്നിയേക്കാം. എന്നാൽ, ബാഹ്യമായ ആവരണങ്ങൾക്കുള്ളിൽ എല്ലാം ഒന്നുതന്നെ എന്നറിയാനുള്ള ചിന്താപരമായ അവധാനത നഷ്ടമായതാണ് ഈ കാഴ്ചദോഷത്തിനു കാരണം. പലപ്പോഴും, മതം മനുഷ്യരെ വിഘടിക്കുന്നതിനുള്ള ഉപകരണമായെങ്കിൽ അതു മതത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളുടെ കുഴപ്പമല്ല, അജ്ഞതകൊണ്ടും സ്വാർഥതകൊണ്ടും അവയെ മനസ്സിലാക്കാൻ സാധിക്കാതെപോയ മനുഷ്യരുടെ അവിവേകംകൊണ്ടു മാത്രമാണ്.
ഹിന്ദുമതവും ക്രിസ്തുമതവും ഇസ്ലാംമതവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു തോന്നുന്നത് സ്വാഭാവികം. അവയുടെ പ്രമാണഗ്രന്ഥങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ഭാഷ വ്യത്യസ്തം, ദൈവത്തിനു നല്കിയിരിക്കുന്ന പേരുതന്നെ വ്യത്യസ്തം, ആവിർഭവിച്ച കാലഘട്ടവും ദേശവും വ്യത്യസ്തം. അവയുടെ ആചാരങ്ങൾ തമ്മിൽ വലിയ സമാനതകളില്ല. ചില മതങ്ങളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവയുടെ അർഥത്തെയും ലക്ഷ്യത്തെയും വിസ്മരിച്ച് അനാചാരങ്ങളും ദുരാചാരങ്ങളുമായി മാറിപ്പോയി. ഏറ്റവും വ്യക്തമായ ദൃഷ്ടാന്തം ഹിന്ദുമതത്തെ ഗ്രസിച്ച ജാതിവിവേചനം തന്നെ. ജാതികൾക്കും ഉപജാതികൾക്കും ശ്രേണിയുണ്ടാക്കി മനുഷ്യർക്കിടയിൽ അക്കങ്ങളും അയിത്തവും വരുത്തിത്തീർത്ത് മതത്തെ തന്നെ വിലക്ഷണമാക്കിക്കളഞ്ഞു. ആഘോഷങ്ങളിൽ, ഭക്ഷണരീതികളിൽ ഒക്കെ മതങ്ങൾ വിഭിന്നമാണ് എന്ന വസ്തുത അംഗീകരിക്കണം. എന്നാൽ, അടിസ്ഥാനതത്ത്വങ്ങളിൽ എവിടെയാണ് വ്യത്യാസം? ഇപ്പറഞ്ഞ മൂന്നു മതങ്ങളെക്കൂടാതെ ഇനിയുമുണ്ടു മതങ്ങൾ. മതമേതായാലും അവയുടെ ഹൃദയത്തിൽ പ്രകാശിച്ചു നില്ക്കുന്ന ഏതാനും പൊതുവായ ആശയങ്ങളുണ്ട്. മനുഷ്യജീവിതം കേവലം ഭൗതികതലത്തിൽ മാത്രം കാണേണ്ടതല്ല എന്നംഗീകരിക്കാത്ത മതങ്ങളില്ല. നമ്മുടെ ജീവിതത്തിനും ഈ കാണായ ലോകങ്ങൾക്കും സ്രഷ്ടാവും ഉടയവനുമായ ഒരു പരമശക്തിയിൽ എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ആ ശക്തിക്കു ഹിതകരമായ തരത്തിലായിരിക്കണം ജീവിതം നയിക്കേണ്ടത്. സ്നേഹം, ദയ, കരുണ എന്നിങ്ങനെയുള്ള മൂല്യങ്ങൾ പിന്തുടർന്ന് ജീവിക്കുമ്പോൾ സ്രഷ്ടാവായ ദൈവത്തെ നാം സന്തോഷിപ്പിക്കുന്നു. ഉന്നതമായ തലങ്ങളിലേക്ക് ഉയരാനുള്ള അവസരമാണ് ഈ ജീവിതം. സകലതിന്റെയും സ്രഷ്ടാവായ പരമശക്തനും പരമകാരുണികനുമായ ദൈവത്തിന്റെ സന്തതികളായ സകലമനുഷ്യരോടും ജീവജാലങ്ങളോടും സഹോദരഭാവനയുണ്ടാവണം. വിശദാംശങ്ങളിൽ വ്യത്യാസങ്ങൾ കണ്ടേയ്ക്കാം. എന്നാൽ മനുഷ്യനിൽ കുടികൊള്ളുന്ന നന്മയെയും ഉദാരതയെയും വളർത്തി, സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതങ്ങളെയും മെച്ചപ്പെടുത്താനും വിമലമാക്കാനുമുള്ള ആഗ്രഹവും സാധ്യതയുമാണ് എല്ലാ മതങ്ങളുടെയും പ്രചോദന സ്രോതസ്സ്.
ഇങ്ങനെ മനുഷ്യവംശത്തെ ഉൽക്കർഷത്തിലേക്കു നയിക്കാനും ജീവിതമെന്ന അനുഭവം മനോഹരമാക്കാനുമുള്ള ഉപകരണമാകേണ്ട മതം എന്തുകൊണ്ടാണ് മനുഷ്യർ തമ്മിൽ അകലവും വിദ്വേഷവും തീർക്കുന്ന ശക്തിയായി മാറിപ്പോയത്? ആരാണിതിനുത്തരവാദികൾ? എപ്പോഴെല്ലാം രാഷ്ട്രീയാധികാരം മതത്തെ വിഭാഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ അപ്പോഴെല്ലാം മതത്തിനു സമഭാവനയും ഉദാത്തതയും കൈമോശം വന്നു പോയിട്ടുമുണ്ട്. കാരണം, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അടിസ്ഥാനമൂലകങ്ങൾ പരസ്പരവിരുദ്ധമാണ്. രാഷ്ട്രീയം മനുഷ്യരുടെ ഭൗതികജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുന്നുവെങ്കിൽ, മതം വ്യക്തികളുടെ ആത്മീയമായ ഔന്നത്യം ലക്ഷ്യം വയ്ക്കുന്നു. വ്യക്തിയെയല്ല ആൾക്കൂട്ടത്തെയാണ് രാഷ്ട്രീയത്തിനു പ്രിയം. മൗനമല്ല, ശബ്ദഘോഷമാണ് ഇഷ്ട പശ്ചാത്തലം. എന്നാൽ, മതങ്ങൾ ലക്ഷ്യം നേടുന്നത് വ്യക്തികളുടെ ആന്തരികമായ വിമലീകരണത്തിലൂടെയാണ്. ആത്മീയമായ ഉണർവ് അനുഭവിക്കേണ്ടത് മനസ്സിന്റെ നിശ്ശബ്ദതയിലൂടെയാണ്. മതവും രാഷ്ട്രീയവുമായുള്ള ബാന്ധവം അഭിലഷണീയമല്ലെന്നു ചരിത്രം പണ്ടേ തെളിയിച്ചതാണ്. വ്യത്യസ്ത മതങ്ങൾ പുലരുന്ന സമൂഹങ്ങളിൽ രാഷ്ട്രീയം മതത്തെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കുമ്പോൾ, ആ സമീപനം മതത്തെ ഉപരിപ്ലവവും വിലക്ഷണവുമാക്കിക്കളയുന്നു. അങ്ങനെ ആത്മീയമായ ലക്ഷ്യങ്ങളിൽനിന്ന് മതം അപഥസഞ്ചാരം ചെയ്യാൻ തുടങ്ങുന്നു.
മതങ്ങൾക്കുളിൽ സംഭവിക്കുന്ന ഭൗതികതയ്ക്കുള്ള അമിത സ്ഥാനമാണ് മതങ്ങൾക്ക് ഗ്ലാനി വരുത്തിത്തീർക്കുന്ന മറ്റൊരു കാരണം. മതങ്ങൾ സ്ഥാപനവത്കരിക്കപ്പെടുമ്പോൾ അതിനുള്ളിൽ അധികാരകേന്ദ്രങ്ങളും ശ്രേണികളുമുണ്ടാവുക സ്വാഭാവികം. പ്രായോഗിക ന്യായീകരണങ്ങളുണ്ടെങ്കിലും, ഭൗതികതയിലും അധികാരത്തിലുമുള്ള അമിതശ്രദ്ധ ആത്മീയലക്ഷ്യത്തെ പിന്തള്ളുകയും സമ്പത്തിനെയും സ്ഥാന മഹത്ത്വത്തെയും ബാഹ്യമോടികളെയും വാഴ്ത്തുകയും ചെയ്യാൻ തുടങ്ങും. അത്തരത്തിലുള്ള മതങ്ങൾക്ക് മനുഷ്യരെ ഏകോപിപ്പിക്കാനോ, നന്മയുടെയും ശാന്തിയുടെയും മൂല്യങ്ങളെ ഉണർത്തി നിർത്താനോയുള്ള പ്രാപ്തി നഷ്ടപ്പെടും.
തന്റെ മതം മറ്റുള്ള മതങ്ങളെക്കാൾ കേമമമെന്നും, തന്റെ മതം നിർവചിക്കുന്ന ദൈവം മാത്രമാണ് പരമശക്തൻ എന്നുമുള്ള വിശ്വാസങ്ങൾ പ്രബലമാകുമ്പോൾ മതസ്പർധ വളരുക തന്നെ ചെയ്യും. അടിസ്ഥാനപ്രമാണങ്ങളിലേക്കു മടങ്ങുക മാത്രമാണ് ഏക പോംവഴി. നാമരൂപങ്ങൾക്കപ്പുറമുള്ള, മതനിരപേക്ഷവും സകലർക്കും അഭിഗമ്യവുമായ സത്യത്തെ ഉപാസിക്കുക, മറ്റുള്ള മതങ്ങളെ നിഷ്പക്ഷമായി അറിയാനുള്ള മനസ്സ് നിലനിറുത്തുക, മതത്തിന്റെ പേരിൽ ഉയർത്തപ്പെട്ട മതിലുകളെയും അകലങ്ങളെയും തക്കംകിട്ടുമ്പോഴെല്ലാം ലംഘിക്കാൻ നമ്മുടെ യുവതലമുറയെ സജ്ജമാക്കുക, ഇതൊക്കെയാണ് കാലഘട്ടത്തിന്റെ ആവശ്യം. മനുഷ്യകുലത്തിന്റെ ഭൗതികവും ആത്മീയവുമായ ഉന്നമനം ലക്ഷ്യമിടുന്ന മതങ്ങളെ പരസ്പരം പോരാടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ എന്നപോലെ നോക്കിക്കാണുന്ന ശീലത്തിന് അറുതിവരുത്തേണ്ടതുണ്ട്. ഈ പരിവർത്തനം സാധ്യമാകണമെങ്കിൽ ആത്മീയത എന്നത് അന്ധവിശ്വാസത്തിന്റെ പര്യായമല്ലെന്നും, മനുഷ്യന് അർഹതപ്പെട്ട വിമലീകരണത്തിലേക്കുള്ള ഉയർച്ച സാധ്യമാക്കുന്ന പാതയാണെന്നും അംഗീകരിക്കാനുള്ള വിനയവും വിവേകവുംകൂടി ആവശ്യമാണ്. ആ ദൗത്യവുംകൂടി ഏറ്റെടുത്താൽ മാത്രമേ, നാളത്തെ സമൂഹത്തിൽ മതത്തിന്റെ പേരിൽ പരസ്പരം പൊരുതാത്ത, ശത്രുതപുലർത്താത്ത വിവേകശാലികളുടെ തലമുറയെ സൃഷ്ടിക്കാനാവൂ. സാങ്കേതികവിദ്യ ലോകത്തെ ഏകീഭവിപ്പിക്കുമ്പോൾ, അറിവില്ലായ്‌മയും കാലഹരണപ്പെട്ട മുൻവിധികളും അന്ധതയുംകൊണ്ട് മതത്തിന്റെ പേരിൽ ഭിന്നിച്ചു നില്ക്കുന്നവരെ ചരിത്രം കോമാളികളാക്കും.