ദിനവൃത്താന്തം – എം.വി.ബെന്നി

ദിനവൃത്താന്തം  – എം.വി.ബെന്നി

 മഹാരാജാസ്‌ കോളെജിൽ ബംഗാളി അധ്യാപികയായിരുന്ന നിലീന അബ്രഹാം അവിഭക്തഭാരതത്തിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ബംഗാളിയായ നിലീനയും മലയാളിയായ അബ്രഹാമും കല്ക്കട്ടയിൽ ഒരേ കോളെജിൽ ഒരുമിച്ചുപഠിച്ചതാണ്‌. സ്വാതന്ത്ര്യസമരം ഇരമ്പുന്നകാലം. രണ്ടുപേരും സ്വാതന്ത്ര്യസമര തീച്ചൂടിലേക്ക്‌ എടുത്തുചാടി. സമരത്തോടൊപ്പം അവരുടെ പ്രണയവും വളർന്നു. രാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം രണ്ടായി, ഇന്ത്യയും പാക്കിസ്ഥാനും. കാമുകനായ അബ്രഹാമിനൊപ്പം ജീവിക്കാനുള്ള ആഗ്രഹംകൊണ്ട്‌ നിലീന ഇന്ത്യ തെരഞ്ഞെടുത്തു. പിന്നീട്‌ പാക്കിസ്ഥാനിൽനിന്നു വഴിപിരിഞ്ഞ ബംഗ്ലാദേശിലായിരുന്നു നിലീനയുടെ വീട്‌. മഹാരാജാസ്‌ കോളെജിൽ ബംഗാളി അധ്യാപികയായി എത്തിയതോടെ നിലീന വിദ്യാർഥികൾക്കൊരു വിസ്മയമായി. ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകളും ടീച്ചർക്ക് നിശ്ചയമുണ്ടായിരുന്നു. മരണംവരെ നിലീന വിദ്യാർഥികള്‍ക്ക്‌ പ്രിയങ്കരിയായിരുന്നു.


ഇന്നത്തെ ബംഗാളിയുടെ പ്രതിച്ഛായയല്ല അന്നത്തെ ബംഗാളിക്ക്‌. നവോത്ഥാനത്തിന്റെ വെളിച്ചം ഇന്ത്യയിലാദ്യം പ്രസരിപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു ബംഗാളികൾ. ബംഗാളിയിൽനിന്ന്‌ പലപുസ്തകങ്ങളും നിലീന മലയാളത്തിലേക്ക്‌ വിവർത്തനംചെയ്തു. അതിൽ, താരാശങ്കർ ബാനർജി രചിച്ച “ആരോഗ്യനികേതനം’ നോവലിന്റെ പരിഭാഷയാണ്‌ മുഖ്യം. ആ നോവലിനു വേറെയും പരിഭാഷയുണ്ടെങ്കിലും ടീച്ചറുടെ പരിഭാഷയാണ്‌ ഉജ്ജ്വലം. അന്ധയും ബധിരയും പിംഗളകേശിനിയുമായ മൃത്യുദേവതയെ രോഗങ്ങൾ കൈപിടച്ച്‌ കൊണ്ടുപോകുന്നതും, രോഗിക്ക്‌ മരിക്കാൻ സമയമായില്ലെന്ന്‌ വൈദ്യൻ മൃത്യുദേവതയെ വിനീതമായി ഓർമിപ്പിക്കുന്നതും അതുകേട്ട്‌ മൃത്യുദേവത മടങ്ങിപ്പോകുന്നതും നോവലിലുണ്ട്‌. അതല്ല, രോഗിക്ക്‌ മരിക്കാൻ സമയമായിട്ടുണ്ടെങ്കിൽ വൈദ്യനാണ്‌ മടങ്ങിപ്പോകേണ്ടത്‌. ഇന്ത്യൻ നോവലെന്ന നിലയിൽ പ്രശസ്തമായ ആരോഗ്യനികേതനത്തിന്‌ മൂലത്തെ വെല്ലുന്ന പരിഭാഷയാണ്‌ നിലീന നിർവഹിച്ചത്‌.


മരണം ഉറപ്പായ രോഗി ഏതുദിവസം, ഏതുനിമിഷം, മരിക്കുമെന്ന്‌ ഒരു ഡോക്ടര്‍ക്കും പറയാൻ കഴിയില്ല. മരണം ഉറപ്പായ രോഗി ചിലപ്പോൾ അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നെന്നുവരാം. തിരിച്ചുവരുമെന്ന്‌ ഉറപ്പുള്ള രോഗി മരണത്തിലേക്ക്‌ വഴുതിവീണെന്നുംവരാം. അങ്ങനെയൊരു അനിശ്ചിതത്വം മരണത്തിനുള്ളതുകൊണ്ടാണ്‌ ഈശ്വരന്റെ കാരുണ്യത്തിനുവേണ്ടി ആശുപത്രിയിൽ ഉറ്റവർ ഉള്ളരുകി പ്രാർഥിക്കുന്നത്‌. മരണത്തിലേക്ക്‌ യാത്രയായവരെയും മരണത്തിൽനിന്ന്‌ മടങ്ങിയെത്തിയവരെയും ഓർമിപ്പിക്കാൻ പര്യാപ്തമാണ്‌ ആരോഗ്യനികേതനത്തിന്റെ വായന.


കോട്ടക്കൽ ആര്യവൈദ്യശാലയിലെ പ്രഗത്ഭ ഭിഷഗ്വരനായിരുന്ന ഡോ. പി. കെ. വാര്യരുടെ ആത്മകഥയും വായിക്കണം. നൂറാം വയസ്സിലാണ്‌ അദ്ദേഹം അന്തരിച്ചത്‌. രാജ്യം ഒരുപാട്‌ ബഹുമതികൾ നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്‌. ആത്മകഥയിൽ, ആയുർവേദം പഠിക്കാൻ തുടങ്ങുന്ന വിദ്യാർഥികൾ ആദ്യം ചൊല്ലുന്ന നമസ്കാരശ്ലോകത്തിൽ ശ്രീബുദ്ധനെയാണ്‌ നമസ്കരിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു. വൈദ്യൻ, ശ്രീബുദ്ധനെപ്പോലെ ഹൃദയാലുവായിരിക്കണമെന്നാണ്‌ ആയുർവേദം അനുശാസിക്കുന്നത്‌. വിദ്യാർഥികൾ മറ്റൊരാളെക്കൂടി നമസ്മരിക്കണമെന്നും ഡോ.പി.കെ.വാര്യർ എഴുതിയിരിക്കുന്നു. മരിച്ചവനെ ഉയിർപ്പിക്കുകയും സ്വയം ഉയർക്കുകയുംചെയ്ത യേശുദേവനെയും വൈദ്യവിദ്യാർഥികൾ നമസ്മരിക്കണം. മരിച്ചവനെ ഉയർപ്പിക്കാൻ കഴിയുമ്പോഴാണ്‌ വൈദ്യവൃത്തി അതിന്റെ പരമാവധിയിൽ എത്തുന്നത്‌. അതുകൊണ്ട്‌, യേശുദേവനും നമസ്കാരം.


വൈദ്യൻ ആയുസ്സിന്‌ അധികാരിയല്ലെന്നും അഷ്ടാംഗഹൃദയം ഓർമിപ്പിക്കുന്നുണ്ട്‌: “ന വൈദ്യോരായുഷ പ്രഭു..” പുറംകടലിൽ പോകുന്ന മുക്കുവരെപ്പോലെയാണ്‌ പ്രഗത്ഭരായ ഡോക്ടര്‍മാരും. ഈശ്വരാനുഗ്രഹം കൂട്ടിനുണ്ടെങ്കിൽ ഡോക്ടര്‍മാരെപ്പോലെ ധർമബോധമുള്ള അധികാരിക്കും വധശിക്ഷ ഇളവുചെയ്യാൻ കഴിയുമെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന പല രേഖകളുമുണ്ട്‌.


കഴിഞ്ഞതലമുറയിലെ അഭിഭാഷകനും ന്യായാധിപനും എഴുത്തുകാരനും സാഹിത്യഅക്കാദമി പ്രസിഡണ്ടും പ്രഭാഷകനും ആയിരുന്നു പുത്തേഴത്ത്‌ രാമമേനോൻ. ടി.വിയും കമ്പ്യൂട്ടറും സ്ഥാനംപിടിക്കുന്നതിനു മുമ്പുള്ള കേരളത്തിലെ സാംസ്കാരികനായകൻ. കൊച്ചിരാജ്യത്ത്‌, “ധാർമിക ചക്രവർത്തി” എന്നറിയപ്പെട്ടിരുന്ന രാമവർമ മഹാരാജാവിന്റെ “സർവാധിക്കാര്യക്കാർ’ സ്ഥാനവും പുത്തേഴനുണ്ടായിരുന്നു. രാമവർമ മഹാരാജാവാണ്‌ പിന്നീട്‌ ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ. അക്കാലത്ത്‌ വടക്കൻ ചിറ്റൂരിൽ നടന്ന ഒരു കൊലക്കേസ്‌ പല കോടതികൾ കയറിയിറങ്ങി ഒടുവിൽ പ്രതിയുടെ വധശിക്ഷയിൽ കലാശിച്ചു. പ്രതിയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അപേക്ഷ സർക്കാരും നിരാകരിച്ചു. അന്തിമവിധിക്കായി രാജാവിനു മുന്നിൽ ഫയലുമായി എത്തുന്നത്‌ പുത്തേഴനാണ്‌. കേസുകേട്ട രാജാവ്‌ വധശിക്ഷക്ക്‌ ഉത്തരവിട്ടു. ശിക്ഷ ഇളവുചെയ്യാൻ രാജാവിന്‌ അധികാരമുണ്ടെന്ന്‌ പുത്തേഴൻ ഓർമിപ്പിച്ചപ്പോൾ, ‘പുത്തേഴനെന്താ പേടിയാണോ? എന്നായിരുന്നു രാജാവിന്റെ മറുചോദ്യം.


രാജാവ്‌ വധശിക്ഷ സ്ഥിരീകരിച്ചു കഴിഞ്ഞപ്പോൾ ദയാഹർജിയുടെ ഊഴമായി. കേസുകേട്ട മുഴുവൻ കോടതികളിലേക്കും സർക്കാരിലേക്കും ദയാഹർജി പരിശോധനയ്ക്കയച്ചു. അവസാനംവന്ന റിപ്പോർട്ട് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കുന്നതിന്‌ അനുകൂലമായിരുന്നു. അതും രാജാവ്‌ അംഗീകരിച്ചു. എന്നിട്ട്‌ രാജാവ്‌ പറഞ്ഞു: “അവന്റെ വധശിക്ഷ കോടതി വിധിച്ചു, സർക്കാർ നിശ്ചയിച്ചു, നാം അനുവദിച്ചു. എന്നിട്ടും അവൻ ചത്തില്ല. ഇപ്പോൾ അവനെ ജീവപര്യന്തം ആക്കണമെന്ന്‌. ആയിക്കോട്ടെ, നമുക്ക്‌ സന്തോഷമാണ്‌. കൊല്ലാനും കൊല്ലിക്കാതിരിക്കാനും നാമാരാ? അതിന്‌ വേറെയാണ്‌ ആള്‌.” പുത്തേഴനും പുത്തേഴനെക്കുറിച്ച്‌ എഴുതിയവരും പലപാട്‌ ആവർത്തിച്ചിട്ടുള്ള ഈ സംഭവകഥയിൽ രാജാവിനും മുകളിലാണ്‌ ദൈവം.


ജസ്റ്റിസ്‌ കെ.ടി.തോമസ്‌ എഴുതിയ ‘ന്യായപീഠത്തിലെത്തുംമുമ്പ്‌’ എന്ന പുസ്തകത്തിൽ മറ്റൊരു കൗതുകമുണ്ട്‌. പ്രതിയുടെ വധശിക്ഷ ഇളവുചെയ്ത്‌ ജീവപര്യന്തമാക്കണമെന്ന്‌ ആഗ്രഹമുള്ളവർ ഒരു മെത്രാപ്പൊലീത്തയെ സമീപിച്ചു. മെത്രാപ്പൊലീത്തയുടെ സഹപാഠിയാണ്‌ അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട്‌. അദ്ദേഹത്തിന്റെ പ്രേരണയിൽ ആയിരിക്കണം, രാഷ്ട്രപതി പ്രതിയുടെ വധശിക്ഷ ഇളവുചെയ്ത്‌ ജീവപര്യന്തമാക്കി. പക്ഷേ, ഉത്തരവ്‌ കിട്ടുന്നില്ല. അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, കേസുനമ്പർ മാറിപ്പോയിരിക്കുന്നു. ഇളവുകിട്ടിയത്‌ മറ്റൊരു കേസിലെ പ്രതിക്കാണ്‌. വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം തിരുത്തുകയും ചെയ്തു. പക്ഷേ, മറ്റൊരു പ്രതിക്ക്‌ തെറ്റായി ലഭിച്ച ആനുകൂല്യം പ്രസിഡണ്ട്‌ റദ്ദുചെയ്തില്ല. അതിനെ ദൈവത്തിന്റെ ഇടപെടലായാണ്‌ രാഷ്ട്രപതി ഡോ. എസ്‌. രാധാകൃഷ്ണൻ കണ്ടത്‌.


പണംകൊണ്ടും വധശിക്ഷയിൽനിന്ന്‌ ഇളവുനേടാൻ കഴിയുമെന്ന്‌ ചില വിദേശവാർത്തകൾ ഇപ്പോൾ നമ്മളോട്‌ പറയുന്നു. ബ്ലഡ് മണി നല്കി സൗദി അറേബ്യൻ ജയിലിൽനിന്ന്‌ മോചിതനായ അബ്ദുൾ റഹീമിനെയും ബ്ലഡ് മണി നല്കിയാൽ യെമനിലെ ജയിലിൽനിന്ന്‌ മോചിതയാകാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്ന നിമിഷപ്രിയയെയും ഇപ്പോൾ നമ്മളറിയുന്നു. എങ്കിലും, വധശിക്ഷ ഇളവുചെയ്യാൻ അധികാരമുള്ള ദൈവമായി പണം മാറുന്നത്‌ ആരെയും അത്ഭുതപ്പെടുത്തും. പറഞ്ഞിട്ടുകാര്യമില്ല, ഓരോരാജ്യത്തും നിയമങ്ങൾ വ്യത്യസ്തമാണ്‌. ഒരുകാരണവശാലും വധശിക്ഷ അനുവദിക്കാത്ത രാജ്യങ്ങളും ലോകത്തുണ്ടെന്നോർക്കണം. മരണത്തിനു മുന്നിലെങ്കിലും മനുഷ്യരെ സമന്മാരാക്കാൻ കഴിയുന്ന, കരുണയുള്ള ഒരു ആഗോളനിയമത്തിന്റെ ആവശ്യകതയിലേക്കാണ്‌ ഇതെല്ലാം വിരൽചൂ‍ണ്ടുന്നത്‌.


പിന്തിരിയാതെ


സെൽഫ്ഹെല്‍പ് പുസ്തകങ്ങൾ ധാരാളമുണ്ട്‌, ധാരാളം വായനക്കാരും. എങ്ങനെ ധൈര്യം സംഭരിക്കാം, എങ്ങനെ പ്രസംഗിക്കാം, എങ്ങനെ പണമുണ്ടാക്കാം, എങ്ങനെ ധ്യാനിക്കാം, എന്നൊക്കെ വിവരിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല, ഗറില്ലാസമരം പരിശീലിപ്പിക്കുന്ന പുസ്തകംപോലുമുണ്ട്‌. ബ്രസീലിലെ ഗറില്ലാനേതാവായിരുന്ന കാർലോസ്‌ മാരിഗെല്ലയുടെ ‘മിനി-മാനുവൽ ഓഫ്‌ ആൻ അർബൻ ഗറില്ല’ അത്തരമൊരു പുസ്തകമാണ്‌.


കക്ഷിരാഷ്ട്രീയത്തിൽ ആളുകൾക്ക്‌ താത്പര്യം കുറയുകയും എന്നാൽ സാമൂഹികപ്രശ്നങ്ങളിൽ ഇടപെട്ട്‌ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന കാലമാണ്‌. ഇന്റർനെറ്റ് യുഗം അത്തരം ആക്ടിവിസത്തിന്റെ കാലംകൂടിയാണ്‌. പ്രതിപക്ഷകക്ഷികളെക്കാൾ ഭരണാധികാരികൾ ആക്ടിവിസ്റ്റുകളെ ഭയക്കുന്നുമുണ്ട്‌. എങ്കിലും എങ്ങനെ ആക്ടിവിസ്റ്റാകാം എന്നു മാർഗനിർദേശം നല്കുന്ന പുസ്തകങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല. അടുത്തകാലത്ത്‌, ബ്രിട്ടനിൽ ജനിച്ചുവളർന്ന, കേരളത്തിൽ വേരുകളുള്ള, ആക്ടിവിസ്റ്റ്‌ അമിക ജോർജ്‌ എഴുതിയ, Make it Happen: How to be an Activist എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ലോകത്തെ മാറ്റാം നമുക്കും’ ആ കുറവ്‌ നികത്തുന്നു. മാതൃഭൂമി മുൻ സ്പെഷ്യൽ കറസ്പോണ്ടന്റ്‌ വി. എൻ. പ്രസന്നൻ പരിഭാഷയും സൈൻബുക്സ്‌ പ്രസാധനവും നിർവഹിച്ചിരിക്കുന്ന പുസ്തകമാണ്‌.


ബ്രിട്ടനിലെ സ്കൂളുകളിൽ സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ പരിശ്രമിച്ച്‌ ലോകശ്രദ്ധനേടിയ വിദ്യാർഥിനിയാണ്‌ അമിക. ‘മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എം.ബി.ഇ)’ എന്ന ബഹുമതിയും അമികയ്ക്ക്‌ ലഭിച്ചു. ആ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളും അമികയാണ്‌. 2017-ലാണ്‌ ബ്രിട്ടനിലെ ആർത്തവദാരിദ്ര്യത്തെകുറിച്ചുള്ള ബി.ബി.സി റിപ്പോർട്ട് പുറത്തുവരുന്നത്‌. സാനിറ്ററിപാഡുകളോ ടാമ്പണുകളോ വാങ്ങാൻ പണമില്ലാത്തതിനാൽ, ഇംഗ്ലണ്ടിലെ അതിദരിദ്രകളായ പെൺകുട്ടികൾക്ക്‌ ആര്‍ത്തവകാലത്ത്‌ സ്കൂളിൽ പോകാൻ കഴിയുന്നില്ല എന്ന റിപ്പോർട്ട്‌ സൃഷ്ടിച്ച ധാർമികരോഷമാണ്‌ അമികയെ ആക്ടിവിസ്റ്റാക്കിയത്‌. അമിക പറയുന്നു: ‘ഇംഗ്ലീഷ്‌ സ്കൂളുകളിൽ സാനിറ്ററി ഉത്പന്നങ്ങൾ കുട്ടികള്‍ക്ക് ‌ സൗജന്യമായി ലഭ്യമാക്കാൻ ഞാൻ പോരാടി. ഇംഗ്ലണ്ടിലെ ഒരുകുട്ടിക്കും ആർത്തവം നേരിടാനാവാത്ത അതിദാരിദ്ര്യംകൊണ്ട്‌ ഇനി അധ്യയനം നഷ്ടപ്പെടുകയില്ല”. അതിനുവേണ്ടിയുള്ള കഠിനപ്രയത്നത്തിന്റെ കഥയാണ്‌ പുസ്തകം.


വ്യതിയാനങ്ങൾ


അധർമിയായ രാജാവ്‌ നാടുഭരിക്കുമ്പോൾ കാലാവസ്ഥ മോശമാകുമെന്നാണ്‌ കിഴക്കും പടിഞ്ഞാറുമുള്ള പഴയ സങ്കല്പം. ശാകുന്തളം നാടകത്തിലും ഈഡിപ്പസ്‌ നാടകത്തിലും അത്തരം സൂചനകൾ പ്രകടമാണ്‌. ശാസ്ത്രചിന്ത സമൂഹത്തിൽ സ്വാധീനംചെലുത്തിയ ആധുനികകാലത്ത്‌, കാലാവസ്ഥാവ്യതിയാനത്തിനും ശാസ്ത്രീയ വിശകലനങ്ങളുണ്ടായി. മഴകിട്ടാത്ത ഗള്‍ഫ് നാടുകളിൽ പ്രളയമുണ്ടാകുന്നതും പ്രളയത്തിൽ തമിഴ്നാട്‌ മുങ്ങിപ്പോയതും തണുത്തുറഞ്ഞ യൂറോപ്പ്‌ ചൂട്ടുപഴുത്തതും സുഖശീതളമായിരുന്ന കേരളം പ്രളയത്തിൽ ഒഴുകിയതും ലോകത്തിന്റെ പാരിസ്ഥിതിക മാറ്റം ഓർമിപ്പിക്കുന്നു. ഇപ്പോൾ, എവിടെ, എപ്പോൾ വേണമെങ്കിലും പ്രളയമുണ്ടാകാം, ഭൂമി ചുട്ടുപഴുക്കാം. കാലാവസ്ഥാവ്യതിയാനത്തിന്റെ തീക്ഷ്ണയിലാണിന്ന്‌ ലോകം. അങ്ങേയറ്റം ഭീഷണമായ കാലം.


യൂറോപ്പിൽപ്പോലും പാരിസ്ഥികപ്രശ്നങ്ങൾ ഇതുപോലെ തീവ്രചര്‍ച്ചയാകാതിരുന്ന പഴയകാലത്താണ്‌ നമ്മുടെ ഒരു പ്രഗത്ഭനിരൂപൻ, ഡോ.കെ.ഭാസ്കരൻ നായർ, ആ വിഷയത്തിൽ ഒന്നാന്തരം ലേഖനങ്ങൾ എഴുതി പുസ്തകമാക്കിയത്‌. അതും അതിമനോഹരമായ ഗദ്യത്തിൽ. ഭാവിയിലേക്ക്‌ തുറന്നുവച്ച കണ്ണായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്‌. പിന്നീട്‌, ശാസ്ത്രസാഹിത്യപരിഷത്ത്‌ പാരിസ്ഥിതികപ്രശ്നങ്ങൾ സമൂഹമധ്യത്തിൽ അവതരിപ്പിച്ച്‌ ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ പരിശ്രമിച്ചു. സമാന്തരമായി, പാരിസ്ഥിക അവബോധമുള്ള എഴുത്തുകാരുടെ ശക്തമായ ഒരുനിരയും കേരളത്തിൽ രൂപപ്പെട്ടു. അതിൽ പ്രമുഖനാണ്‌ സാഹിത്യവിമർശകനായ ജി. മധുസൂദനൻ. പരിസ്ഥിതിവിമർശനത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച്‌ അദ്ദേഹം എഴുതിയ സാഹിത്യപഠനഗ്രന്ഥങ്ങൾ നന്നായി വായിക്കപ്പെടുന്നുണ്ട്‌. തൊട്ടുമുമ്പുള്ള തലമുറയിലെ എൻ.വി. കൃഷ്ണവാര്യരെയും ഒ.വി.വിജയനെയും വിസ്മരിക്കരുത്‌. വിവിധമേഖലകളിൽ ജ്ഞാനിയായിരുന്ന എൻ.വിക്ക്‌ പരിസ്ഥിതിവിഷയത്തിലും ആഗോളധാരണയുണ്ടായിരുന്നു. ആത്മീയസ്പര്‍ശമുള്ള പാരിസ്ഥിതിക ധാരണയായിരുന്നു ഒ.വി.വിജയന്‌. സൈലന്റ്‌ വാലി പ്രക്ഷോഭത്തിൽ സജീവമായിരുന്ന സുഗതകുമാരിയും ഓർമയിലുണ്ടാകണം.


ആനന്ദ്‌ എഴുതിയ ഏറ്റവുംപുതിയ പുസ്തകം, ‘സ്ഥാനം തെറ്റിയ വസ്തു’വും വായിക്കണം. ഇത്രയൊക്കെ കഴിഞ്ഞിട്ടും, കൊടുംചൂടിൽ പാർലമെന്റ്‌ തിരഞ്ഞെടുപ്പ്‌ നടന്നിട്ടും, ഹരിതരാഷ്ട്രീയം ഉയർത്താൻ നമുക്കൊരു രാഷ്ട്രീയപാർട്ടിയും ഉണ്ടായിരുന്നില്ല എന്നതാണ്‌ നമ്മൾ നേരിടുന്ന യഥാർഥ പ്രതിസന്ധി.


പാരിസ്‌ ഒളിമ്പിക്സ്‌


ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയപ്പോൾ നീൽ ആംസ്ട്രോങ്‌ പറഞ്ഞു, മനുഷ്യന്‌ ഇതൊരു ചെറിയ കാല്‍വയ്പ്, മനുഷ്യവംശത്തിന്‌ ഇതൊരു വലിയ കുതിച്ചുചാട്ടവും, “That’s one small step for a man; one giant leap for mankind ”. കായികകലയിൽ മനുഷ്യവംശത്തിന്റെ കുതിപ്പ്‌ രേഖപ്പെടുത്തുന്ന അടുത്ത ഒളിമ്പിക്സ്‌ 2024 ജൂലായ്‌ 26-ന്‌ വെള്ളിയാഴ്ച പാരീസിൽ ആരംഭിച്ച്‌ ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്ച സമാപിക്കും. കായികതാരങ്ങൾ രേഖപ്പെടുത്താനിടയുള്ള പുതിയ റെക്കോഡുകളുമായി മടക്കം. മനുഷ്യവംശത്തിന്റെ ഒടുവിലെ കുതിപ്പാണ്‌ ഒളിമ്പിക്സ്‌ റെക്കോഡുകൾ. മതജാതിരാഷ്ട്രീയവംശീയ നിയമങ്ങളൊന്നും സ്പോർട്സിൽ പ്രസക്തമല്ല. വിജയപരാജയങ്ങൾ തീരുമാനിക്കാൻ സ്പോർട്സിന്‌ സ്പോർട്സിന്റെ നിയമങ്ങൾ. ആധുനിക ഒളിമ്പിക്സ്‌ 1896-ൽ ഏഥൻസിലാണ്‌ ആരംഭിച്ചത്‌. അതുമുതൽക്കിങ്ങോട്ട്‌ മനുഷ്യരാശി അഭിമുഖീകരിച്ച എല്ലാ പ്രതിസന്ധികളും ഒളിമ്പിക്സും അഭിമുഖീകരിച്ചു. എങ്കിലും ഒളിമ്പിക്സ്‌ ദീപം അണഞ്ഞില്ല. രണ്ടാംലോകമുഹായുദ്ധത്തിനു മുന്‍പ് ബർലിനിൽ നടന്ന ഒളിമ്പിക്സായിരുന്നു നിർണായകം. ആതിഥേയൻ അഡോൾഫ് ഹിറ്റ്ലർ. ഹിറ്റ്ലർ ഭരണത്തിന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്താൻ അവർ ഒളിമ്പിക്സ്‌ ഉപയോഗിച്ചു. സ്റ്റേഡിയം മുഴുവൻ സ്വസ്തികചിഹ്നങ്ങൾ, ആര്യവംശ മേധാവിത്വ പ്രഘോഷണങ്ങൾ, എങ്കിലും ഉദ്ഘാടനസമ്മേളനത്തിൽ ഹിറ്റ്ലറുടെ പ്രസംഗം നീണ്ടുപോയപ്പോൾ അദ്ദേഹത്തോട്‌ വായടക്കാൻ ഒളിമ്പിക്സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ആവശ്യപ്പെട്ടു. ഹിറ്റ്ലറുടെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ഒരാൾ ഹിറ്റ്ലറോട്‌ വായടക്കാൻ ആവശ്യപ്പെടുന്നത്‌. അതും ജർമനിയിൽ. അമേരിക്കൻ കറുത്തവര്‍ഗക്കാരനായ ജെസി ഓവൻസും ജർമൻകാരനായ ലൂസി ലോങ്ങും ആയിരുന്നു ആ ഒളിമ്പിക്ലിലെ അത്ഭുതകഥാപാത്രങ്ങൾ. ഒരാൾ കറുത്തവര്‍ഗക്കാരനും മറ്റയാൾ ആര്യനും. ആര്യവംശ മേധാവിത്വം ഹിറ്റ്ലർ പ്രഘോഷണംചെയ്യുന്ന നാളുകളാണ്‌. എന്നിട്ടും കറുത്തവര്‍ഗക്കാരനായ ഓവൻസിന്‌ ചാട്ടം പിഴച്ചപ്പോൾ ചാട്ടം ശരിയാക്കാനുള്ള എളുപ്പവിദ്യ ഉപദേശിച്ചത്‌ എതിരാളിയും ആര്യനുമായ ലൂസി ലോങ്‌ ആയിരുന്നു. ഓവൻസ്‌ വിജയിക്കുകയും തോറ്റ ലൂസിലോങ് ചരിത്രമാകുകയും ചെയ്തു. സ്പോർട്സ്മാൻസ്പിരിറ്റ്‌ എന്ന വാക്കിന്റെ ശരിയായ അര്‍ഥം ലോകം മനസ്സിലാക്കിയത്‌ ബെർലിൻ ഒളിമ്പിക്സിലാണ്‌.


ഇനി നമ്മൾ പാരീസിലേക്ക്‌. മാഞ്ചസ്റ്റർ ഗാർഡിയൻ പ്രസിദ്ധീകരണം നൂറുവർഷം പൂർത്തിയാക്കിയ 1921 മെയ്‌ 5-ന്‌, ‘എ ഹൺഡ്രഡ് ഇയേഴ്സ്‌ എഗോ’ എന്ന ശീർഷകത്തിൽ എഡിറ്റർ സി.പി.സ്പോട്ട്‌ എഴുതിയ മുഖലേഖനത്തിൽ “കമന്റ്‌ ഇസ്‌ ഫ്രീ, ബട്ട്‌ ഫാക്റ്റ്സ് ആർ സേക്രഡ്‌” എന്നൊരു വാക്യമുണ്ടായിരുന്നു. ലോകമെമ്പാടും മാധ്യമങ്ങളുടെ അടിസ്ഥാനധർമം അങ്ങനെയാകണമെന്ന്‌ ആഗ്രഹിച്ചവർ ഒരു വേദവാക്യംപോലെ അതുദ്ധരിച്ചു, അഭിപ്രായങ്ങൾ സ്വതന്ത്രവും വസ്തുതകൾ പരിപാവനവുമാണ്‌.


അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ച ബിഷപ്പ്‌ കെ.പി.യോഹന്നാനെക്കുറിച്ച്‌ എഴുതുമ്പോഴും അങ്ങനെയൊരു മാനദണ്ഡം മനസ്സിൽ സൂക്ഷിക്കണമെന്നാണ്‌ ആഗ്രഹം, ആത്മീയതയും വിവാദവും ഇഴചേർന്ന ജീവിതമാണ്‌ അദ്ദേഹം നയിച്ചതെങ്കിലും. എങ്കിലും മറുപടിപറയാൻ പരേതൻ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട്‌ നമ്മുടെ വിധിതീർപ്പുകളിൽ തെറ്റുപറ്റാം. തിരുവല്ലയിൽ ജനിച്ച കെ. പി. യോഹന്നാൻ ആത്മീയപ്രഭാഷകനെന്ന നിലയിൽ പ്രശസ്തനായിരുന്നു. ആനുപാതികമല്ലാത്ത വിധത്തിൽ പണം കുമിഞ്ഞുകൂടിയപ്പോൾ ആളുകൾക്ക് അദ്ദേഹത്തെ സംശയമായി, ആത്മീയതകൊണ്ട്‌ ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയും സമ്പത്തുണ്ടാക്കാൻ കഴിയുമോ. മാത്രമല്ല, വിശ്വാസികൾക്ക് മറ്റൊരു സംശയവും ഉണ്ടായിരുന്നു. സഭ ഏതായാലും ഒരു ബിഷപ്പിനെ വാഴിക്കാൻ മറ്റൊരു ബിഷപ്പ്‌ വേണമെന്നാണ്‌ ക്രൈസ്തവവിശ്വാസം. സാധാരണഗതിയിൽ ഒരു ക്രൈസ്തവസഭയും സ്വന്തം സഭയ്ക്ക്‌ പുറത്ത്‌ മറ്റൊരാളെ ബിഷപ്പായി വാഴിക്കുകയുമില്ല. എങ്കിലും സ്വന്തമായി ബിഷപ്പില്ലാതിരുന്ന കെ. പി. യോഹന്നാന്റെ സഭയിൽ അദ്ദേഹത്തെ ബിഷപ്പായി മറ്റൊരു സഭ വാഴിച്ചു, മോറാൻ മോർ അത്തനേഷ്യസ്‌ യോഹാൻ അങ്ങനെ മതപരമായ തലക്കെട്ടും നാമവുമുള്ള മെട്രോപൊളിറ്റൻ ബിഷപ്പായി. ഇരുന്നൂറിലേറെ പുസ്തകങ്ങളും എഴുതി. ധനകാര്യ ഏജൻസികളുടെ നിരന്തരമായ റെയ്ഡുകളും വിദേശബന്ധങ്ങളിലെ ദുരൂഹതകളും ജനങ്ങളിൽ സംശയം ജനിപ്പിച്ചു. എങ്കിലും വിശ്വാസികൾ പറയുമ്പോലെ, ഇനി അന്തിമവിധിക്കായി സർവശക്തന്റെ അരികിലേക്ക്‌.