വ്യാജപ്രചരണത്തിൽ അടിതെറ്റി അംബേദ്കർ   – ഷാജു വി. ജോസഫ്

വ്യാജപ്രചരണത്തിൽ അടിതെറ്റി അംബേദ്കർ   –  ഷാജു വി. ജോസഫ്

 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പെന്ന നിലയിൽ പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ 1951 ഒക്ടോബർ 25-നും 1952  ഫെബ്രുവരി 21-നുമിടയ്ക്കായി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് ഇന്ത്യയുടെ പാർലമെന്ററി രാഷ്ട്രീയ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.  ലോക്സഭയിലേക്കും ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള സാമാജികരെ തിരഞ്ഞെടുത്ത സന്ദർഭം കൂടിയായിരുന്നത്.  


രാജ്യത്തെ  25 സംസ്ഥാനങ്ങളിൽനിന്നായി ആകെ 489 ലോക്സഭാ സീറ്റുകൾ അന്നുണ്ടായിരുന്നു: 314 ഏകാംഗ നിയോജകമണ്ഡലങ്ങളും 86 ദ്വയാംഗ നിയോജകമണ്ഡലങ്ങളും ഒരു ത്രയാംഗ നിയോജകമണ്ഡലവും. ആംഗ്ലോ- ഇന്ത്യൻ സമുദായത്തെ പ്രതിനിധീകരിച്ചു രണ്ടു അംഗങ്ങളെ ലോക്സഭയിലേക്കു രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരുന്നു. അങ്ങനെ ആകെ 489  അംഗങ്ങൾ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ (1952-1957) പ്രഥമ ലോക്സഭയിലെത്തി.  


ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റി അധ്യക്ഷനായിരുന്ന ഡോ.അംബേദ്‌കർകൂടി തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നടത്തപ്പെട്ട ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബോംബെ നോർത്ത് നിയോജക മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. അന്നത്തെ പത്രങ്ങൾ അതു വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.  1937-ൽ  നടന്ന  ബോംബെ  പ്രവിശ്യാ  നിയമസഭാ തിരഞ്ഞെടുപ്പിൽ  അംബേദ്കറെ വിജയിപ്പിച്ച  ബോംബെ സിറ്റി  നിയമസഭാമണ്ഡലം   ബോംബെ  നോർത്ത്  ലോക്സഭാ  മണ്ഡലത്തിൽ  ഉൾപ്പെട്ടിരുന്നു. ബോംബെ നോർത്ത് ഒരു ദ്വയാംഗ മണ്ഡലമായിരുന്നു; അംബേദ്‌കർ മത്സരിച്ചത് സംവരണ (പട്ടിക ജാതി) സ്ഥാനാർഥിയായും. എന്നിരിക്കിലും അദ്ദേഹം സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടു.  


1947 ഓഗസ്റ്റ് 15  മുതൽ ഡോ.അംബേദ്‌കർ ജവാഹർലാൽ നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. സ്ത്രീകൾക്ക് പല മേഖലകളിലും പുരുഷന്മാർക്ക്  തുല്യമായ അവകാശങ്ങൾ നിര്‍ദേശിച്ച്   അംബേദ്‌കർ  തയാറാക്കിയ ഹിന്ദു കോഡ് ബിൽ നെഹ്‌റു തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 1951 സെപ്റ്റംബർ 27-നു   അംബേദ്‌കർ നെഹ്‌റു മന്ത്രിസഭയിൽനിന്നു രാജിവച്ചു. (മന്ത്രിസഭയിലേക്കു നെഹ്‌റു ക്ഷണിച്ചപ്പോൾത്തന്നെ ഏതു വകുപ്പ് നല്കുമെന്ന് അംബേദ്‌കർ അദ്ദേഹത്തോട്  ചോദിച്ചിരുന്നു. നിയമകാര്യമെന്നു നെഹ്‌റു അതിനു മറുപടിപറയുകയും ചെയ്തു. പുതിയ പരമാധികാര റിപ്പബ്ളിക്കിന്റെ നിയമവ്യവസ്ഥ ചിട്ടപ്പെടുത്തുന്ന ജോലിയെന്ന് നെഹ്‌റു കൂട്ടിച്ചേർത്തപ്പോൾ, ശരിയാണ് ഹിന്ദു കോഡ് ബില്ലു പോലെയുള്ള  നിയമനിർമാണം നടത്തേണ്ടതുണ്ടെന്ന്‍ അംബേദ്‌കർ ആത്മഗതം ചെയ്തിരുന്നു). നെഹ്‌റു  മന്ത്രി സഭയിൽ  ചേർന്നതിന്റെ  ഉദ്ദേശ്യം   സഫലമാകാതെ വന്നപ്പോളായിരുന്നു  അംബേദ്‌കർ  ആ മന്ത്രി സഭയിൽനിന്ന് രാജിവച്ചത്. ഇതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി എക്കാലവും അംബേദ്‌കർക്കുണ്ടായിരുന്ന  അഭിപ്രായവ്യത്യാസം കൂടുതൽ രൂക്ഷമായി.


അധികംതാമസിയാതെ, ഒരു മാസത്തിനുള്ളിൽ, ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബോംബെ നോർത്ത് സംവരണ (ദ്വയാംഗ) നിയോജക മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുവാൻ അംബേദ്‌കർ തീരുമാനിച്ചു. അംബേദ്കറുടെ  രാജി  ഒരു  മാസം  വൈകിയിരുന്നെങ്കിൽ   മുൻ  മന്ത്രിയെന്ന  നിലയിൽ  അദ്ദേഹത്തിനു  മത്സരിക്കാമായിരുന്നു. വ്യക്തിപരമായ  നേട്ടങ്ങളെക്കാൾ  ശരിയായ  നിലപാടുകൾക്ക്  അദ്ദേഹം എക്കാലവും പ്രാധാന്യം  നല്കിയിരുന്നു. അതിലുപരിയായി,  ബോംബെ  നോർത്ത് മണ്ഡലത്തിന്റെ  ഭാഗമായ ബോംബെ സിറ്റിയിൽ  നിന്ന്‍  അദ്ദേഹം  മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്  അദ്ദേഹത്തിനു  ആത്മ വിശ്വാസം  നല്കിയിരുന്നിരിക്കാം. 


തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റു പാർട്ടിയുമായി അംബേദ്കറുടെ ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ (എ.ഐ.എസ്.സി.എഫ്.)  സഖ്യത്തിൽ ഏർപ്പെട്ടു. ദ്വയാംഗ നിയോജകമണ്ഡലമായിരുന്നതിനാൽ സംവരണ വിഭാഗത്തിൽനിന്ന് അംബേദ്കറും   പൊതുവിഭാഗത്തിൽനിന്ന് സോഷ്യലിസ്റ്റു പാർട്ടി നേതാവായ അശോക് രഞ്ജിത്റാം മേത്തയും എ. ഐ.എസ്.സി.എഫ് – സോഷ്യലിസ്റ്റ്  സഖ്യത്തിനു  വേണ്ടി നാമനിര്‍ദേശപത്രികകൾ സമർപ്പിച്ചു. മുൻപ് അംബേദ്കറുടെ അനുയായിയും വിശ്വസ്തനുമായിരുന്ന നാരായണ സാദൊബാ കാജ്രോൽക്കർ   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സംവരണ വിഭാഗ സ്ഥാനാർഥിയായി രംഗത്തുവന്നു. കോൺഗ്രസ്സിന്റെ പൊതു വിഭാഗ സ്ഥാനാർഥി വിത്തൽ ബാലകൃഷ്ണ ഗാന്ധിയായിരുന്നു.  കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) ആകട്ടെ, സംവരണ വിഭാഗ സ്ഥാനാർഥിയെ  നിറുത്തിയില്ല, സി.പി.ഐയുടെ ജനറൽ സെക്രട്ടറി ശ്രീപദ് അമൃത് ഡാംഗേ മാത്രം  പൊതുവിഭാഗ സ്ഥാനാർഥിയായി മത്സരത്തിനുണ്ടായിരുന്നു. ഇവർക്ക് പുറമെ ഗോപാൽ വിനായക് ദേശ്മുഖ്,  കേശവ് ബാലകൃഷ്ണ ജോഷി, നീലകണ്ഠ ബാബുറാവു പരുലേക്കർ എന്നിവരും അന്നു മത്സരിച്ചിരുന്നു.


മത്സരം മുഖ്യമായും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സോഷ്യലിസ്റ്റ് – എ.ഐ.എസ്.സി.എഫ്. സഖ്യവും തമ്മിലായിരുന്നെങ്കിലും സി.പി.ഐയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. കൽക്കട്ട  തീസീസ്  മുന്നോട്ടുവച്ച  സായുധ സമരപാത  ഉപേക്ഷിച്ചതിനുശേഷം പാർലമെന്ററിപാത സ്വീകരിച്ച  സി.പി.ഐ ആദ്യമായി  തിരഞ്ഞെടുപ്പിൽ  മത്സരിക്കുകയായിരുന്നു അന്ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾത്തന്നെ സി.പി.ഐ അംബേദ്കറുടെ എ.ഐ.എസ്. സി.എഫുമായി സഖ്യത്തിന് ശ്രമിച്ചിരുന്നതായി  സത്യേന്ദ്ര രാമചന്ദ്രമോറെ “ഒരു ദളിത് കമ്മ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുകൾ” എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, അംബേദ്‌കർ അതിനോട് പ്രതികരിക്കാതെ അദ്ദേഹത്തിന്റെ  പ്രകടനപത്രിക  പ്രസിദ്ധപ്പെടുത്തുന്നതുവരെ കാത്തിരിക്കുവാൻ സി.പി.ഐയ്ക്കുവേണ്ടി അദ്ദേഹത്തെ സമീപിച്ച രാമചന്ദ്ര ബാബാജി മോറെയോടു ആവശ്യപ്പെട്ടു. എ.ഐ.എസ്.സി.എഫും      സോഷ്യലിസ്റ്റു പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതോടെ സി.പി.ഐയും അംബേദ്കറുമായുള്ള സഖ്യം അസാധ്യമായി മാറി.  ബോംബെ നോർത്ത് ലോക്സഭാ നിയോജകമണ്ഡലത്തിലെ സി.പി.ഐ അംഗങ്ങളായ അനവധി പട്ടികജാതിക്കാർ ആ തിരഞ്ഞടുപ്പിൽ അംബേദ്‌കർ വിജയിച്ചു കാണുവാൻ ആഗ്രഹിച്ചിരുന്നതായി സത്യേന്ദ്രമോറെ അതേ പുസ്തകത്തിൽ പറയുന്നുണ്ട്.


സി.പി.ഐ.യുടെ (ഡാംഗേയുടെ) ചില നിലപാടുകളാണ് അന്നത്തെ തിരഞ്ഞെടുപ്പിൽ നിര്‍ണായകമായതെന്നു സത്യേന്ദ്ര മോറെയെ കൂടാതെ  രാജ് നാരായൺ ചന്ദ്‌വർക്കറും (അദ്ദേഹത്തിന്റെ “ഹിസ്റ്ററി, കൾച്ചർ, ആൻഡ് ദി ഇന്ത്യൻ സിറ്റി” എന്ന പുസ്തകത്തിൽ) സവിതാ അംബേദ്കറും (ബാബാ സാഹേബ്: മൈ ലൈഫ് വിത്ത് ഡോ.അംബേദ്‌കർ എന്ന പുസ്തകത്തിൽ) സൂചിപ്പിക്കുന്നുണ്ട്. സി.പി.ഐ.യ്ക്കു സംവരണസീറ്റിൽ സ്ഥാനാർഥിയില്ലാതിരുന്നതുകൊണ്ട് അംബേദ്‌കർക്ക് വോട്ടുചെയ്യാതെ അവർക്കുള്ള  രണ്ടു  വോട്ടുകളിലൊന്നു  മാത്രം  ചെയ്തു രണ്ടാമത്തെ  വോട്ടു പാഴാക്കിക്കളയുവാൻ ഡാംഗേ സി.പി.ഐ. അംഗങ്ങളോട്‌ നിര്‍ദേശിച്ചു. ഏകദേശം 39,000  വോട്ടുകൾ ഇങ്ങനെ പാഴായിപ്പോയതായി സത്യേന്ദ്ര മോറെ കണക്കു കൂട്ടുന്നു. സ്വതന്ത്രവും  നീതിപൂര്‍ണവുമായും നടത്തപ്പെടുന്ന തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ വിജയം നിർണയിക്കുന്നതിന്റെ അനിവാര്യഘടകങ്ങളെന്നു അംബേദ്‌കർ മറ്റൊരവസരത്തിൽ നിരീക്ഷിക്കുന്നുണ്ട്. വോട്ടു പാഴാക്കിക്കളയുന്നതു ഈ പ്രമാണത്തിനു  വിരുദ്ധമല്ലെങ്കിലും അതൊരു നൈതികപ്രശ്നം ഉയർത്തുന്നില്ലേയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അംബേദ്‌കർഅശോക് മേത്ത സഖ്യത്തിന്റെ നിലപാടെന്ത്‌?” എന്ന തലക്കെട്ടിൽ ഡാംഗേ പ്രസിദ്ധീകരിച്ച ലഘുലേഖ അന്നു വലിയ വിവാദം കെട്ടഴിച്ചുവിട്ടിരുന്നു.  ഭീമാ കോരേഗാവ് യുദ്ധത്തെ അംബേദ്‌കർ പ്രകീർത്തിച്ചതും ആ യുദ്ധപ്പോരാളികൾക്കു അദ്ദേഹം അഭിവാദ്യമർപ്പിച്ചതും ചൂണ്ടിക്കാട്ടി അംബേദ്‌കർ എല്ലാക്കാലവും ബ്രിട്ടീഷ് പക്ഷത്തായിരുന്നെന്നും ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ   സ്വപ്നത്തിൽപോലും അംബേദ്‌കർക്കുണ്ടായിരുന്നില്ലെന്നും ആ ലഘുലേഖയിലൂടെ ഡാംഗേ  സി.പി.ഐയ്ക്കുവേണ്ടി പ്രചരിപ്പിച്ചു. ഇതു വസ്തുതാവിരുദ്ധമാണെന്നു ഡാംഗേയ്ക്കും സി.പി.ഐയ്ക്കും വ്യക്തമായി അറിയാമായിരുന്നു. ബ്രിട്ടീഷ് പട്ടാളവും  ബ്രാഹ്മണരായ  പേഷ്വാമാരുടെ നേതൃത്വത്തിൽ  മറാഠാ     കോൺഫെഡറസി സൈന്യവും തമ്മിൽ നടന്ന   യുദ്ധമായിരുന്നു  1818-ലെ    ഭീമാ  കോരേഗാവ്  പോരാട്ടം.  ഈ യുദ്ധത്തിലെ വിജയത്തിലൂടെ അതിന്റെ മുൻനിരയിലുണ്ടതായിരുന്ന ബ്രിട്ടീഷ് സൈന്യത്തിലെ  മഹാർ  പടയാളികൾ  പേഷ്വാഭരണം എന്നെന്നേക്കുമായി  അവസാനിപ്പിച്ചതോടെ  കൊങ്കൺ  മേഖലയിലെ  അയിത്താചരണത്തിനു  ശക്തികുറഞ്ഞു. അംബേദ്‌കർ  പ്രകീർത്തിച്ചത്  ഈ  ജാതിവിരുദ്ധ  പോരാട്ടത്തെയായിരുന്നു. എന്നാൽ  മറാഠാ  കോൺഫെഡറസിയുടെ  മാഹാത്മ്യത്തിൽ  അഭിരമിച്ചിരുന്ന  ജാതിഹിന്ദുക്കളിൽ മഹാരാഷ്ട്രാ സ്വത്വബോധം വളർത്തിയെടുത്ത് അവരെ  അംബേദ്കറിൽനിന്നു  അകറ്റുവാൻ  ഈ  ലഘുലേഖയിലൂടെ ഡാംഗേ നടത്തിയ വ്യാജപ്രചരണം  ഇടയാക്കി. ഈ പ്രചാരണം ഫലം കണ്ടെന്നു സത്യേന്ദ്രമോറെ അനുസ്മരിക്കുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ്സ് അതിന്റെ സർവശക്തിയും ഉപയോഗിച്ച് കാജ്രോൽക്കർക്കുവേണ്ടി  അതായത്  അംബേദ്ക്കർക്കെതിരായി രംഗത്തിറങ്ങിയതായി സവിതാ അംബേദ്‌കർ അനുസ്മരിക്കുന്നു. പ്രചാരണ ഘട്ടത്തിൽ നെഹ്‌റു ബോംബയിൽ പര്യടനം നടത്തിയ വിവരവും സവിതാ അംബേദ്‌കർ സൂചിപ്പിക്കുന്നുണ്ട്.


തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അംബേദ്‌കർ നാലാം സ്ഥാനത്തും ഡാംഗേ അഞ്ചാം സ്ഥാനത്തും എത്തി. പരാജയം ഉറപ്പായിരുന്ന ഡാംഗേ, ഏതു വിധേനെയും അംബേദ്കറെ പരാജയപ്പെടുത്തണമെന്നു ഉറപ്പിച്ചിരുന്നതായി സത്യേന്ദ്ര മോറെ വിലയിരുത്തുന്നു.  അന്നത്തെ  ബോംബെ നഗരത്തിൽ  തൊഴിലാളികളായായി  കുടിയേറിയെത്തിയ  ധാരാളം  അയിത്തജാതിക്കാരുണ്ടായിരുന്നു. അവർക്ക് എല്ലാവർക്കുംതന്നെ  അപ്പോളും  അംബേദ്കറോട്‌     അനുഭാവമുണ്ടായിരുന്നു. ഒരു  കമ്മ്യൂണിസ്റ്റല്ലാത്ത  അംബേദ്കർക്കു    തൊഴിലാളികളുടെ  ഇടയിൽ  വളർന്നു  വന്നിരുന്ന  ഈ  സ്വാധീനമാണ്  ഡാംഗേയെ അംബേദ്കർക്ക്  എതിരാക്കിയത്.


തിരഞ്ഞെടുപ്പിൽ പൊതുവിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയ വിത്തൽ ബാലകൃഷ്ണ ഗാന്ധിയ്ക്ക്  149,138 (20.8 ശതമാനം) വോട്ടു ലഭിച്ചപ്പോൾ, പൊതുവിഭാഗത്തിലെ തൊട്ടടുത്ത എതിർസ്ഥാനാർഥിയായിരുന്ന അശോക് രഞ്ജിത്റാം മേത്ത 139,741 (19.5%) വോട്ടു നേടി. 1.3 ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ വിത്തൽ ബാലകൃഷ്ണ ഗാന്ധി വിജയിച്ചു. സംവരണസ്ഥാനാർഥിയായ നാരായണ സാദൊബാ കാജ്രോൽക്കർ 138,137 (19.3%) വോട്ടു നേടി. തൊട്ടടുത്ത സംവരണസ്ഥാനാർഥിയായിരുന്ന അംബേദ്‌കര്‍ക്ക് 123,576 (17.3%) വോട്ടു ലഭിച്ചു. അംബേദ്കറുടെ മേൽ  കാജ്രോൽക്കർ നേടിയതു 14,561 (2%) വോട്ടിന്റെ ഭൂരിപക്ഷം. സഖ്യത്തിലായിരുന്നിട്ടും അശോക് മേത്തയ്ക്ക് ലഭിച്ചത്ര വോട്ടു അംബേദ്‌കർക്കു ലഭിച്ചില്ല. അത്രയും വോട്ടു കിട്ടിയിരുന്നെങ്കിലും അംബേദ്കറുടെ വിജയം സുനിശ്ചിതമായിരുന്നു. ഇവിടെയാണ് ഡാംഗേയുടെ ലഘുലേഖയിലൂടെ മറാഠവികാരം  വളർത്തിയെടുത്തു  അംബേദ്കറുടെ  ദേശസ്നേഹത്തിനുമേൽ കരിനിഴൽവീഴ്ത്തിയ തന്ത്രം വിജയംകണ്ടത്.


സത്യേന്ദ്രമോറെ പറയുന്നതുപോലെ 39,000 സി.പി.ഐ വോട്ടു പാഴായിപ്പോയിട്ടുണ്ടായിരുന്നെങ്കിൽ   അംബേദ്കറുടെ പരാജയമാണ് ഡാംഗേ ലക്ഷ്യംവച്ചതെന്നത് വ്യക്തമാണ്.   മേൽ സൂചിപ്പിച്ചതുപോലെ  ബോംബെ  നോർത്തിൽ  അന്നത്തെ  കമ്മ്യൂണിസ്റുകാർക്കിടയിൽ  അംബേദ്‌കർ  അഭിമതനായിരുന്നു.   അവരിൽ  പലരും  ജന്മംകൊണ്ട്  കൊങ്കൺകാരും  അംബേദ്കറുടെ  ജാതിവിരുദ്ധ  പ്രസ്ഥാനത്തിന്റെ  ഭാഗവുമായിരുന്നു. സി.പി.ഐക്കാരെ  അവരുടെ  രണ്ടാമത്തെ  സമ്മതിദാനം  അവരുടെ   മനഃസാക്ഷിക്കനുസരിച്ചു (സ്വതന്ത്രമായി)  വിനിയോഗിക്കുവാൻ  അനുവദിച്ചിരുന്നെങ്കിൽ,  ഒരുപക്ഷേ,  ചരിത്രത്തിന്റെ  ഗതിതന്നെ  മാറുമായിരുന്നു.


തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ  വോട്ടിന്റെ മൂല്യം  തിരിച്ചറിയാതെയാണ്  ഡാംഗേ പ്രവർത്തിച്ചതെന്ന്  തോന്നുന്നില്ല. തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ  സി.പി.ഐയുടെ കന്നിയങ്കത്തിൽ  ഇത്തരമൊരു  അനഭികാമ്യ  നിലപാടെടുക്കുവാൻ  ഡാംഗേയെ  പ്രേരിപ്പിച്ചത്  അദ്ദേഹത്തിലെ  നശിക്കാതെയിരുന്ന  ബ്രാഹ്മണിക്കൽ  ബോധമാണെന്നു  നിസ്സംശയം  പറയാം. ബോംബെ  നഗരത്തിൽ   ഒരു  വലിയ  തൊഴിലാളി  സംഘാടകനും    പ്രക്ഷോഭകാരിയുമായിരുന്ന  ഡാംഗേയുടെ  പോരാട്ടവീര്യം  മറന്നുകൊണ്ടല്ല  ഇതു  പറയുന്നത്. ബോംബെ  വിൽ‌സൺ  കോളെജിൽ  പഠിച്ചിരുന്ന  വർഷമാണ്  ഡാംഗേ നടത്തിയ ആദ്യ  സമരം.  ക്രിസ്ത്യൻ  മിഷണറി സ്ഥാപനമായിരുന്ന വിൽസൺ  കോളെജിലെ  മതബോധനത്തിനെതിരായാണ്  അന്നദ്ദേഹം സമരം ചെയ്തത്. ആ സമരത്തിനു പ്രേരണയായത് അദ്ദേഹത്തിന്റെ മതനിരപേക്ഷതാബോധത്തിൽനിന്നുണ്ടായ  ധാർമികരോഷമായിരുന്നുവോ  അതോ  അദ്ദേഹത്തിൽ  കെടാതെ  അവശേഷിച്ചിരുന്ന  ബ്രാഹ്മണിക്കൽ  ബോധമായിരുന്നോ എന്ന്  ഇപ്പോൾ  സംശയിച്ചുപോകുന്നു. ഇതു  ഡാംഗേയ്ക്ക്  മാത്രം  ബാധകമായ ഒരു   നിരീക്ഷണമല്ല. ഇന്ത്യയിലെ  എല്ലാ  കമ്മ്യൂണിസ്റുകാർക്കും  ഇതു  ബാധകമാണ്. ഒരേസമയം  കമ്മ്യൂണിസ്റ്റും    ജാതിഹിന്ദുവുമായി  അവർക്കു  തുടരാൻ  അവരെ സഹായിക്കുന്ന  ഒരു  സാങ്കല്പിക (അമൂർത്ത)  മേലാവരണമാണ്  വര്‍ഗ രാഷ്ട്രീയസംജ്ഞ.  അതിന്റെയടിയിൽ സമൂർത്ത യാഥാർഥ്യമായി ജാതി സസുഖം തഴച്ചുവളരുന്നു. 


കോൺഗ്രസ്സിന്റെ  അവസരവാദ  രാഷ്ട്രീയമാണ്  ഈ  തിരഞ്ഞെടുപ്പിലൂടെ  വെളിവായത്. ഭരണഘടനാനിർമാണസഭയിലേക്കു  ബോംബെ  പ്രവിശ്യയിൽനിന്നുള്ള  മത്സരത്തിൽ   അംബേദ്കറെ  അവർ  പരാജയപ്പെടുത്തി.  ഭരണഘടനാനിർമാണസഭയിൽ  അംബേദ്‌കർ കടക്കാതിരിക്കാൻ  വാതിലുകളും  ജനാലകളും  മാത്രമല്ല, വെന്റിലേറ്റർപോലും  ഭദ്രമായി  അടച്ചിട്ടുണ്ടെന്നായിരുന്നു  അന്നത്തെ  ബോംബെ  പ്രവിശ്യാ  കോൺഗ്രസ്  കമ്മറ്റി  അധ്യക്ഷൻ    കോൺഗസ്സിന്റെ  കേന്ദ്രനേതൃത്വത്തെ  അറിയിച്ചത്. ബംഗാൾപ്രവിശ്യയിലെ എ.ഐ.എസ്.സി. എഫ്-ന്റെ  സഹായത്തോടെ അംബേദ്‌കർ ഭരണഘടനാനിർമാണ സഭയിലെത്തി, ഭരണഘടന ഡ്രാഫ്റ്റിംഗ് സമതി അധ്യക്ഷനുമായി. ഭരണഘടനനിർമാണസഭ പ്രവർത്തനമാരംഭിച്ചപ്പോൾ   അംബേദ്‌കർ  പ്രതിനിധാനംചെയ്തിരുന്ന  പ്രദേശം  കിഴക്കൻ  പാകിസ്താനിലെ  ഭാഗമായിത്തീർന്നതിനാൽ  അദ്ദേഹത്തിന്റെ  ഭരണഘടനാനിർമാണസഭാംഗത്വം റദ്ദായിപ്പോയി. അപ്പോൾ  പൂനയിൽനിന്നുള്ള  ഭരണഘടനാനിർമാണസഭാംഗം മുകുന്ദ് രാമറാവു ജയക്കർ     രാജിവച്ച  ഒഴിവിൽ  അംബേദ്കറെ    ഭരണഘടനാനിർമ്മാണസഭയിലെത്തിക്കുവാൻ  കോൺഗ്രസ്സ്  ആഗ്രഹിച്ചു.


ഇതിന്റെ  ഏക  കാരണം  ഭരണഘടനാനിർമാണസഭയ്ക്ക്  അംബേദ്‌കർ  നല്കിയ  മികച്ച  സംഭാവനയും  നേതൃത്വവുമായിരുന്നു. അദ്ദേഹത്തെ  സഭയിൽ  തിരിച്ചെത്തിക്കുവാൻ  ഉന്നത  കോൺഗ്രസ്  നേതൃത്വം  നടത്തിയ  ഇടപെടലുകൾ  വ്യക്തമാക്കുന്ന  കത്തിടപാടുകൾ  സവിതാ  അംബേദ്‌കർ  മേൽ  സൂചിപ്പിച്ച  പുസ്‌തകത്തിൽ  നല്കുന്നുണ്ട്.


ഭരണഘടനാനിർമാണസഭാധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് 1947 ജൂൺ 30-നു അന്നത്തെ ബോംബെ പ്രവിശ്യാ പ്രധാനമന്ത്രി ബാലാസാഹേബ് ഖേറിന് ഇങ്ങിനെ എഴുതി:”മറ്റു പരിഗണകൾക്കതീതമായി ഭരണഘടനാനിർമാണസഭയിലെയും അദ്ദേഹത്തെ നിയമിച്ച കമ്മറ്റികളിലെയും ഡോ.അംബേദ്കറുടെ     പ്രവത്തനങ്ങൾ പ്രതീക്ഷിച്ചതുപോലെ ഭംഗിയായിരുന്നതിനാൽ  നമുക്ക് അദ്ദേഹത്തിന്റെ സേവനങ്ങൾ നഷ്ടപ്പെട്ടു കൂടാ. അദ്ദേഹം ഭരണഘടനാനിർമാണസഭയുടെ ജൂലൈ  14 മുതലുള്ള അടുത്ത യോഗത്തിൽ പങ്കെടുക്കണമെന്നു ഞാൻ ശക്തമായി കാംഷിക്കുന്നതിനാൽ അദ്ദേഹം ഉടനടി തിരഞ്ഞെടുക്കപ്പെടേണ്ടത് അത്യാവശ്യമാണ് (സവിത അംബേദ്‌കർ, മേൽ സൂചിപ്പിച്ച പുസ്തകം പുറം:174).


അംബേദ്കറുടെ  മികവിൽ  അശേഷം  സംശയമില്ലാതിരുന്ന കോൺഗ്രസ്സ്  നേതൃത്വം  അദ്ദേഹത്തിനെതിരായി  ഒരു  കോൺഗ്രസ്  സ്ഥാനാർഥിയെ 1952-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ        മത്സരിപ്പിക്കാതിരുന്നെങ്കിൽ ചരിത്രത്തിന്റെ  ഗതി  മറ്റൊന്നാകുകമായിരുന്നു. ഒരു  കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്,തൊഴിലാളി, അംബേദ്കറൈറ്റ്    മുന്നണി  സ്ഥാപിക്കാനുള്ള  സുവര്‍ണാവസരം  നഷ്ടപ്പെടുത്തിയെന്നതാണ് സി.പി.ഐയ്ക്ക്  സംഭവിച്ച  ഗുരുതരമായ  പിഴവ്.  അതി പ്രഗത്ഭനായ  പാർലമെന്റേറിയനെയും പരിണിതപ്രജ്ഞനായ      ഭരണാധികാരിയെയും  ഭരണഘടന, നിയമ വിദഗ്ദനെയും ഒന്നാം  നെഹ്‌റു  മന്ത്രിസഭയ്ക്ക്  (1952 -1957) നഷ്ടപ്പെടുത്തിയെന്നതാണ് കോൺഗ്രസ്സിനുണ്ടായ നേട്ടം.   ബ്രാഹ്മണിക്കൽ  ബോധത്താൽ  നയിക്കപ്പെടുന്ന  ജാതീയതാണ്  ഇതിന്റെ  പിന്നിൽ പ്രവർത്തിച്ചത്.              


ഒരു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ   വന്നുനില്ക്കുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും മഹാനായ രാജ്യസ്നേഹിയോട് അന്നത്തെ  രണ്ടു  പ്രധാന  ദേശീയ  രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരിൽ കൈക്കൊണ്ട അത്യന്തം  ഹീനവും അധാർമികവുമായ     പ്രവർത്തികൾ   ഈ ചരിത്ര ശകലം ഓര്‍മയിൽ കൊണ്ടു വരുന്നത് സ്വാഭാവികം മാത്രം. ഇന്നു   രാഷ്ട്രീയഅടിമകളായി  പ്രവർത്തിക്കുവാൻ  തയാറെടുത്തിരിക്കുന്ന  പട്ടികവിഭാഗ  മത്സരാർഥികളും രാഷ്ട്രീയ  അധികാരമെന്ന  മിഥ്യയുടെ  പിന്നാലെ  പായുന്ന  മറ്റു  പട്ടികവിഭാഗ  രാഷ്ട്രീയ  നേതാക്കളും  ഈ  ചരിത്രം  മറക്കാതിരിക്കട്ടെ.