റോബന്‍ദ്വീപിലെ ‘ജയിൽ യൂണിവേഴ്‌സിറ്റി’ – ജി. ഷഹീദ്

റോബന്‍ദ്വീപിലെ ‘ജയിൽ യൂണിവേഴ്‌സിറ്റി’  – ജി. ഷഹീദ്

നെൽസൺ മണ്ടേലയും അനുയായികളും തടവുകാരായി കിടന്ന റോബൻദ്വീപ് ജയിൽ കാലംകഴിഞ്ഞപ്പോൾ ഒരു യൂണിവേഴ്‌സിറ്റിയുടെ തലത്തിലേക്ക് ഉയർന്നു. അവിശ്വസനീയമായിത്തോന്നാം. ഭരണകൂടഭീകരതയുടെ പ്രതീകമായ, ഭയാനകമായ ജയിലിൽക്കിടന്നവർ മനസ്സിലെ മുറിപ്പാടുകൾ തുടച്ചുനീക്കി പുസ്തകങ്ങൾ വായിച്ച് പരീക്ഷ എഴുതി ജയിച്ച കാലം. യൂണിവേഴ്‌സിറ്റി അവർക്കെല്ലാം ഡിഗ്രി സർട്ടിഫിക്കറ്റും ഡിപ്ലോമ രേഖകളും മറ്റും നല്കി ചരിത്രം സൃഷ്ടിച്ചു. നിരക്ഷരരായ നിരവധി തടവുകാരും ജീവിതത്തിൽ ആദ്യമായി ഹരിശ്രീ കുറിച്ചു. തടവറയിലെ അന്ധകാരം നീങ്ങി. വിദ്യയുടെ വെളിച്ചംപരന്നപ്പോൾ അക്ഷരമാലകൾ ജ്വാലകളായി പുതിയൊരു ജീവിതവേദാന്തത്തിന്റെ പിറവി കുറിച്ചു. തടവറയുടെ മുഖച്ഛായ മാറി. കുപ്രസിദ്ധമായ ആ തടവറ അങ്ങനെ ആഗോളപ്രതിഭാസമായി. തടവുകാരെ നയിക്കാനും അവർക്ക്  പ്രേരണയും കരുത്തും പകരാനും ലോകരാഷ്ട്രീയത്തിൽ യുഗപ്രഭാവനായ ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹമായിരുന്നു നെൽസൺ മണ്ടേല. 1994 മെയ് 10-ന് അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗക്കാരനായ ആദ്യത്തെ പ്രസിഡണ്ടായി ചരിത്രം സൃഷ്ടിച്ചു. വർണവിവേചനത്തിനെതിരെ ധീരമായി പോരാടി മനുഷ്യാവകാശങ്ങൾ നേടിയെടുത്ത അനശ്വരനായ നേതാവായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. ‘ആഫ്രിക്കൻ ഗാന്ധി’ എന്നറിയപ്പെടുന്ന അദ്ദേഹമാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയെ നയിച്ച് ബ്രിട്ടീഷ് കോളനി വാഴ്ചയിൽനിന്നു ദക്ഷിണാഫ്രിക്കയെ മോചിപ്പിച്ചത്. 1994 മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കയിൽ 200 വര്‍ഷം നീളുന്ന ബ്രിട്ടീഷ് ഭരണം അവസാനിച്ചു. രാഷ്ട്രം സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായി. നീണ്ട 27 വര്‍ഷങ്ങൾ ജയിലിൽക്കിടന്ന മണ്ടേല 1990-ലാണ് മോചിതനായത്.


തടവറ സര്‍വകലാശാലയായി


”കുപ്രസിദ്ധമായ ജയിലിലാണ് ഞങ്ങൾ തടവുകാരായി കിടന്നത്. പക്ഷേ,  കാലം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അഭിമാനിക്കാൻ കഴിഞ്ഞു. ജയിൽ ഒരു യൂണിവേഴ്‌സിറ്റിയുടെ തലത്തിലേക്ക് ഉയർന്നു .” നെൽസൺ മണ്ടേല തന്റെ ആത്മകഥയായ ‘Long walk to Freedom’ൽ എഴുതി.


അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപിലായിരുന്നു ജയിൽ. കേപ്പ്ടൗൺ നഗരത്തിൽനിന്ന് ഏഴ് മൈൽ അകലെ റോബൻ ദ്വീപിൽ ഭയാനകമായ അന്തരീക്ഷത്തിലാണ് ജയിൽ സ്ഥിതിചെയ്യുന്നത്. ഹിച്ച്‌കോക്ക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന കരിങ്കൽ കെട്ടിടം. ചുറ്റും നിബിഡവനങ്ങളും പാറക്കൂട്ടങ്ങളും. ആദ്യകാലങ്ങളിൽ ജയിൽമുറികളിൽ വെളിച്ചമില്ലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യദ്രോഹികളായി മുദ്രകുത്തി വിചാരണചെയ്ത് കഠിന ശിക്ഷനല്കി ജയിലിലടച്ചു. ജയിലുകളിൽ കുപ്രസിദ്ധമായത് റോബന്‍ദ്വീപ്‌ ജയിലായിരുന്നു. അവിടെ തടവുകാർ കറുത്തവർ മാത്രം. ജയിൽ വാര്‍ഡനും മേധാവിയും വെള്ളക്കാർ മാത്രം. കറുത്തവരെ മൃഗീയമായി മര്‍ദിച്ച് ആത്മനിർവൃതി നേടുക വാര്‍ഡന്മാർ ശീലമാക്കി. അവര്‍ക്ക്  പിന്തുണയും പ്രോത്സാഹനവും ഭരണാധികാരികളായ വെള്ളക്കാർ നല്കി. പ്രതിഷേധിച്ച നിരവധി തടവുകാരെ മര്‍ദിച്ചു. വീണുമരിച്ചവരുടെ മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി കടലിൽ താഴ്ത്തി.


1964-ലാണ് 20 വര്‍ഷത്തെ ശിക്ഷയെത്തുടർന്ന്‍ നെൽസൺ മണ്ടേല റോബൻദ്വീപ് ജയിലിലെത്തിയത്. അതിനുമുമ്പ് മറ്റു ജയിലുകളിലും കിടന്ന് ശിക്ഷ അനുഭവിച്ചിരുന്നു. ആദ്യത്തെ പതിനഞ്ചുവര്‍ഷങ്ങൾ ജയിലിൽ വാർഡന്മാരുടെ മർദനവും മാനസികപീഢനവും പരുഷമായ പെരുമാറ്റവും സഹിക്കേണ്ടിവന്നു. പിന്നീട് കാലംമാറി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ വാർഡന്മാരായി എത്തിയതോടെ ക്രമേണ സൗഹൃദത്തിന്റെ അന്തരീക്ഷം ജയിലിൽ രൂപപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി യൂറോപ്പിലും അമേരിക്കയിലും മനുഷ്യസ്‌നേഹികൾ പ്രക്ഷോഭം നടത്തി. അതോടെ ലോകമനസ്സാക്ഷി ഉണര്‍ന്നു. ജയിലിലും തുടർന്നു മാറ്റങ്ങൾ ഉണ്ടായെന്നും മണ്ടേല പറഞ്ഞു.


”ജയിൽ തികച്ചും വ്യത്യസ്ഥമായ അന്തരീക്ഷത്തിലായി. പഠിക്കാൻ താത്പര്യമുള്ളവക്ക് അതിനായി സൗകര്യങ്ങൾ ഗവണ്മെന്റ് ഏർപ്പെടുത്തി.” ജയിലിലും പഠനസംരംഭങ്ങൾക്ക് നേതൃത്വംനല്കിയ മണ്ടേല ആത്മകഥയിൽ രേഖപ്പെടുത്തിയത് അങ്ങനെയാണ്.


സൗത്ത് ആഫ്രിക്കൻ യൂണിവേഴ്‌സിറ്റിയിൽനിന്നു നിയമബിരുദം നേടിയിരുന്ന മണ്ടേല റോബൻദ്വീപ് ജയിലിൽക്കിടന്ന് പഠിച്ച് 1980-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയുടെ നിയമബിരുദംകൂടി നേടിയത് ലോകശ്രദ്ധയാകർഷിച്ചു. ലണ്ടൻ പത്രങ്ങൾ അതിനു പ്രാമുഖ്യം നല്കി പ്രസിദ്ധീകരിച്ചു. അതോടെ കുപ്രസിദ്ധമായിരുന്ന റോബൻദ്വീപ് ജയിൽ വിദ്യയുടെ പ്രകാശഗോപുരമായി ഉയർന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരുമായി ആയിരത്തോളം പേർ ജയിലിൽ ഉണ്ടായിരുന്നു. ഏതാണ്ട് 100 പേർ മാത്രം വിദ്യാഭ്യാസ യോഗ്യത നേടിയവരായിരുന്നു. ബാക്കി 900 പേരും സാധാരണ പാര്‍ട്ടി പ്രവർത്തകർ മാത്രമായിരുന്നു. അതിൽ ഒരു ന്യൂനപക്ഷം മാത്രം സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ളവർ നിരക്ഷരരായിരുന്നു. അങ്ങനെയുള്ള നിരക്ഷരർപോലും ആദ്യമായി ജയിലിൽക്കിടന്ന് അക്ഷരമാലകൾ എഴുതി പഠിക്കാൻ താത്പര്യം കാണിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്ന് നെല്സലൺ മണ്ടേല പറഞ്ഞു.


സാഹിത്യം എന്താണെന്ന് അറിയാത്തവർ ആദ്യമായി ഷേക്‌സ്പിയർ നാടകങ്ങളിലെ കഥകൾ ആസ്വദിച്ചു. ജയിൽ അങ്കണത്തിൽ ചമയങ്ങളില്ലാതെ ഷേക്‌സ്പിയർ നാടകങ്ങളായ ജൂലിയസ് സീസറും ടെമ്പസ്റ്റും അവതരിപ്പിച്ചു. അതു മാത്രമല്ല ലോകപ്രശസ്ത നാടകകൃത്തും നൊബേൽ പുരസ്‌കാര ജേതാവുമായ സാമുവൽ ബക്കറ്റിന്റെ ‘ഗോദോകൾ കാത്ത്’ (Waiting for Godet) എന്ന നാടകവും ജയിലിൽ അവതരിപ്പിച്ചു എന്നു മണ്ടേലയുടെ ജീവചരിത്രകാരനായ ആന്റണി തോംസൺ പറയുന്നു. ഇതെങ്ങനെ സംഭവിച്ചു? ജയിലിൽ ദുരന്തവും മാനസികസംഘർഷങ്ങളും അനുഭവിച്ചു കഴിഞ്ഞവര്‍ക്ക്, നിരക്ഷരർക്കുപോലും എങ്ങനെ ഇത്തരം മഹത്തായ നാടകങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു? ഇതേക്കുറിച്ച് പഠനംനടത്തിയ പ്രശസ്ത അമേരിക്കൻ നാടകകൃത്തായ ഡേവിഡ് ഹാൻ പറയും: കറുത്തവർഗക്കാരായ തടവുകാരുടെ മനസ്സിന്റെ കരുത്താണ് അതു തെളിയിക്കുന്നത്. മാത്രമല്ല, അവരെ സാഹിത്യാസ്വാദനത്തിലേക്ക് നയിക്കാൻ സമുന്നതനായ മണ്ടേല തന്നെ ഉണ്ടായിരുന്നു. ഈ വിജയത്തിന്റെ ശില്പിയായിരുന്നു മണ്ടേല. റോബൻദ്വീപ് ജയിലിൽ ഷേക്‌സ്പിയർ നാടകങ്ങൾ വായിച്ചാസ്വദിച്ചവരെക്കുറിച്ചും മറ്റും ‘റോബൻദ്വീപ് ഷേക്‌സ്പിയർ’ എന്നൊരു ഗ്രന്ഥം ഡേവിഡ് ഹാൻ എഴുതിയിട്ടുണ്ട്.


തടവുകാർ പഠിപ്പിൽ ലയിച്ചു


പഠിക്കാനും പരീക്ഷ എഴുതാനും താത്പര്യമുള്ള നിരവധി തടവുകാർ മുന്നോട്ടുവന്നു. കൂടുതൽപ്പേരും സൗത്ത് ആഫ്രിക്കൻ യൂണിവേഴ്‌സിറ്റിയിൽ പേരുകൾ രജിസ്റ്റർ ചെയ്തു. ജയിലിൽ അവര്‍ക്ക്  മേശയും കസേരയും മറ്റുസൗകര്യങ്ങളും ഗവണ്മെന്റ്  ചെയ്തുകൊടുത്തു. ചട്ടങ്ങളനുസരിച്ച് നിശ്ശബ്ദത പാലിക്കേണ്ടിയിരുന്ന തടവുകാർ അങ്ങനെ പരസ്പരം സംസാരിച്ച് സമയം ചെലവഴിച്ചു. ജീവിതത്തിലത് വ്യത്യസ്തമായ ആസ്വാദനമായിരുന്നു.


ഇംഗ്ലീഷും കണക്കും ഭൂമിശാസ്ത്രവും ചരിത്രവും സാമ്പത്തികശാസ്ത്രവും തടവുകാർ തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി ബിരുദങ്ങൾ നേടിയവരിൽ മലയാളിയായ ബില്ലിനായർ, ഇന്ത്യൻ വംശജനായ അഹമ്മദ് കത്രാട, നാട്ടുകാരായ മൈക്ക് സിങ്കാക്ക്, ഡാനിയൽ എന്നിവരെക്കുറിച്ച് പ്രത്യേകമായി മണ്ടേല തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. ബില്ലിനായർ പാലക്കാട് സ്വദേശിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ കൃഷ്ണൻനായർ 1920-ൽ ജോലിതേടി ദക്ഷിണാഫ്രിക്കയിലെത്തിയതാണ്. ബില്ലിനായർക്കും  20 വര്‍ഷം ശിക്ഷ കിട്ടിയാണ് ജയിലിലെത്തിയത്. അദ്ദേഹം ട്രേഡ് യൂണിയൻ നേതാവായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. വർണവിവേചനത്തിന് എതിരായ പോരാട്ടത്തിൽ മുൻനിരയിലായിരുന്നു. 1984-ൽ മോചനത്തിനുശേഷം പാര്‍ട്ടി പ്രവർത്തനത്തിൽ മുഴുകി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നിരോധനം നീക്കിയിരുന്നില്ലാത്തതിനാൽ പലപ്പോഴും ഒളിവിൽക്കഴിയേണ്ടിവന്നു. പല സന്ദർഭങ്ങളിലും പോലീസ് കള്ളക്കേസുകൾ എടുത്തിരുന്നു. 1994-ൽ ആദ്യമായി ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അദ്ദേഹം പാർലമെന്റംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ ഇന്ത്യാ ഗവണ്മെന്റ്  അദ്ദേഹത്തിന് പ്രവാസി ഭാരതീയ സമ്മാൻ നല്കി ആദരിച്ചു. 2008-ൽ ബില്ലിനായർ അന്തരിച്ചു.


ബി.എഡും ബികോമുമാണ് ബില്ലിനായർ നേടിയ ബിരുദങ്ങൾ. നിയമബിരുദത്തിനുകൂടി ശ്രമിച്ചു. പക്ഷേ,  അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പത്ത് ഡിപ്ലോമ പരീക്ഷകൾ കൂടി അദ്ദേഹം ജയിച്ചിരുന്നു. സാമൂഹികക്ഷേമം, ട്രേഡ്‌യൂണിയൻ, ആരോഗ്യപരിപാലനം തുടങ്ങിയ ഡിപ്ലോമയിൽ അദ്ദേഹത്തിന് ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. നിയമവിഷയങ്ങൾ പലപ്പോഴും മണ്ടേലയുമായി ചര്‍ച്ചചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിൽ മണ്ടേല സര്‍ക്കാർ അധികാരമേറ്റ് തൊഴിലാളി ക്ഷേമത്തിനുവേണ്ടി അഞ്ചു നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നപ്പോൾ അതിന്റെ സൂത്രധാരൻ ബില്ലിനായരായിരുന്നു. തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ചികിത്സ ആനുകൂല്യങ്ങൾ എന്നിവയ്ക്കായി നിയമങ്ങൾ ഗവണ്മെന്റ്  പാസാക്കി.


മണ്ടേലയുടെ ഗുരുതുല്യനായ വ്യക്തി വാള്‍ട്ടർ സുസുലുവും തടവുകാരനായിരുന്നു. ചരിത്രവിഷയങ്ങൾ പഠിപ്പിക്കുവാൻ അദ്ദേഹം നേതൃത്വംനല്കി. നിരവധി ചെറുപ്പക്കാരായ തടവുകാർ ഉണ്ടായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പിറവിയെക്കുറിച്ചും സ്വാതന്ത്ര്യത്തിനുവേണ്ടി പാര്‍ട്ടി 1950 മുതൽ നടത്തിയ പോരാട്ടങ്ങളും മറ്റും അവര്‍ക്ക്  അജ്ഞാതമായിരുന്നു. പ്രസ്തുത വിഷയങ്ങളും ലോകചരിത്രവും ചെറുപ്പക്കാരെ അദ്ദേഹം പഠിപ്പിച്ചു. ഗാന്ധിയൻതത്ത്വങ്ങളിൽ അധിഷ്ഠിതമായിട്ടാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തിച്ചത്. ഗാന്ധിജി തുടങ്ങിവച്ച വർണവിവേചനസമരങ്ങളിൽ പാര്‍ട്ടിയും പങ്കെടുത്തു. അതാണ് പിന്നീട് സ്വാതന്ത്ര്യസമരമായി മുന്നേറിയത്. എന്നാൽ, 1915-ൽ ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചതോടെ പാര്‍ട്ടി  പ്രവർത്തനങ്ങൾ മന്ദഗതിയിലായി. 1950-നുശേഷമാണ് പാര്‍ട്ടി  പുതിയൊരു വഴിയിലേക്ക് തിരിഞ്ഞത്. അപ്പോൾ യുവ അഭിഭാഷകനായ മണ്ടേല പാര്‍ട്ടിയുടെ പ്രമുഖ നേതാവായി ഉയർന്നു കഴിഞ്ഞിരുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും നിരന്തരമായി തെരുവുകളിൽ സ്ഥാനംപിടിക്കുകയും ചെയ്തു. തടവുകാർ പലരും ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയുന്നത് ജയിലിൽ വച്ചാണ്. ഗാന്ധിജിയുടെ സമരമുറകൾ സുസുലു വിശദീകരിച്ചു.


സാമ്പത്തികവ്യവസ്ഥ എന്താണ്, ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികസ്ഥിതി എങ്ങനെ രൂപപ്പെടുന്നു? അതേക്കുറിച്ച് ഡിഗ്രിക്ക് പഠിച്ചവർക്കും  പുതിയ തലമുറകൾക്കും  സ്ഥിരമായി ക്ലാസുകൾ എടുത്തത് മണ്ടേലയായിരുന്നു. മുതലാളിത്തം, സോഷ്യലിസം, ഫ്യൂഡലിസം എന്നിവയെക്കുറിച്ചും മണ്ടേല ക്ലാസുകളെടുത്തു.


മണ്ടേലയോടൊപ്പം തടവുകാരനായിരുന്ന അഹമ്മദ് കത്രാട ഇന്ത്യൻ വംശജനായിരുന്നു. അദ്ദേഹം മികച്ച സാഹിത്യാസ്വാദകനും ബിരുദധാരിയുമായിരുന്നു. ചരിത്രവും സാഹിത്യവും മറ്റും കത്രാട പഠിപ്പിച്ചു. ജയിൽമോചിതനായ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പി.യായി. റോബൻദ്വീപ് ജയിൽ ചരിത്രമ്യൂസിയമാക്കിയപ്പോൾ അതിന്റെ ചുമതലകൾ കത്രാടയെയാണ് മണ്ടേല ഏല്പിച്ചത്. മ്യൂസിയം ഇന്ന് ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.


ക്ലാസിന്റെ ഗതി എങ്ങനെ വേണമെന്ന് വിദ്യാർഥികളുമായി ചര്‍ച്ചചെയ്താണ് തീരുമാനിച്ചതെന്ന് മണ്ടേല ആത്മകഥയിൽ പറഞ്ഞു. പന്ത്രണ്ടോളം വിദ്യാർഥികളാണ് ഡിഗ്രിപരീക്ഷയ്ക്ക് ചേർന്നത്. ചരിത്രവും സാഹിത്യവും രാഷ്ട്രമീമാംസയും സാമ്പത്തികശാസ്ത്രവും അവർ പഠിച്ചു. എല്ലാവരും ഡിഗ്രി പരീക്ഷകളിൽ ജയിക്കുകയും ചെയ്തു.


ഇന്ത്യൻ വംശജനായ മാക്മഹാരാജ് ഇവിടത്തെ തടവുകാരനായിരുന്നു. അദ്ദേഹവും പിതാവും ജൊഹന്നാസ് ബര്‍ഗിൽ ജനിച്ചു വളർന്നവരാണ്. മുത്തച്ഛനാണ് തൊഴിൽതേടി എത്തിയത്. വേണ്ടത്ര വിദ്യാഭ്യാസയോഗ്യതകൾ നേടിയ വ്യക്തിയായിരുന്നു മഹാരാജ്. ജർമനിയിലാണ് അദ്ദേഹം സാമ്പത്തികശാസ്ത്രം പഠിച്ചത്. ജയിൽമോചിതനായ ശേഷവും അദ്ദേഹം സാമ്പത്തികശാസ്ത്രം പഠിച്ചു. മണ്ടേലയുടെ ക്യാബിനറ്റിൽ അദ്ദേഹം ട്രാൻസ്പോര്‍ട്ട്   മന്ത്രിയായിരുന്നു. ഇപ്പോൾ 86 വയസ്സുള്ള അദ്ദേഹം നിരവധി ആഫ്രിക്കൻ ബാങ്കുകളുടെ ഉപദേഷ്ടാവാണ്. പാര്‍ട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നില്ലെങ്കിലും എഴുത്തും വായനയും പ്രസംഗങ്ങളുമായി തിരക്കിട്ട ദിവസങ്ങൾ പിന്നിടുന്നു. തടവുകാര്‍ക്ക്  ഗണിതം, മാവോ, ലെനിൻ, സ്റ്റാലിൻ എന്നീ നേതാക്കളെക്കുറിച്ചും അവരുടെ നയങ്ങളെക്കുറിച്ചും മഹാരാജ് ക്ലാസുകൾ എടുത്തു.


മാക്മഹാരാജ് വ്യത്യസ്ഥമായ ഒരനുഭവം വിവരിക്കുന്നുണ്ട്. ഒരു വാർഡന്റെ മകൾ കോളേജിൽ ഉപന്യാസമത്സരത്തിൽ പങ്കെടുത്തിരുന്നു. അതിൽ ഒന്നാംസമ്മാനം ലഭിച്ചു. ആഹ്ലാദം പങ്കിടാൻ വാർഡൻ എത്തിയപ്പോൾ മൂന്നു സിഗരറ്റ് പാക്കറ്റുകൾ മഹാരാജിനു നല്കി. ”വളരെ കാലമായി സിഗരറ്റ് വലിച്ചിട്ട്. അതിനാൽ ആഴത്തിൽ വലിച്ചു, പലതവണ” അദ്ദേഹം ഓർമക്കുറുപ്പിൽ എഴുതി. ബാക്കി സിഗരറ്റുകൾ പൊന്നുപോലെ സൂക്ഷിച്ചു. മൂന്നാഴ്ചകൊണ്ട് വലിച്ചു തീർത്തു.


ജയിൽ അന്തരീക്ഷം മാറിയപ്പോൾ ഞായറാഴ്ചകളിൽ പ്രാർഥനയ്ക്ക് നേതൃത്വംനല്കാൻ ഒരു വൈദികനെത്തി. അദ്ദേഹം സുവിശേഷപ്രസംഗങ്ങൾ നടത്തി. ആവേശഭരിതനായ ആ വൈദികൻ സുവിശേഷത്തിന്റെ ഗതിമാറ്റി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സാഹിത്യത്തിനുള്ള നൊബേൽ ജേതാവുമായ വിൻസ്റ്റൻ ചർച്ചിലിന്റെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങൾ നാടകീയമായി അവതരിപ്പിച്ചു. രണ്ടാംലോക മഹായുദ്ധക്കാലത്തെ പ്രഭാഷണങ്ങളും അതിൽ സ്ഥാനം പിടിച്ചു. ചര്‍ച്ചിലിന്റെ വാക്കുകൾ തടവുകാരെ ഭ്രമിപ്പിച്ചു. അറിവിന്റെ പുതിയ കവാടങ്ങൾ തടവുകാർക്കു കിട്ടി. ജയിൽ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖനായ അധ്യാപകൻ വാള്‍ട്ടർ സുസുലുവായിരുന്നുവെന്ന്  മണ്ടേല തികഞ്ഞ ചാരിതാർഥ്യത്തോടെ പറഞ്ഞിട്ടുണ്ട്.


ജയിലിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ


ജയിലധികൃതരുടെ സമീപനം ഉദാരമായതോടെ ജയിലിലേക്ക് വൈവിധ്യമാർന്ന  പുസ്തകങ്ങൾ എത്തിത്തുടങ്ങി. മുമ്പ്, ബൈബിൾ പോലുള്ള ഗ്രന്ഥങ്ങളും പ്രാർഥനാപുസ്തകങ്ങളും മാത്രമാണ് ജയിലിൽ അനുവദിച്ചിരുന്നത്.


നൊബേൽ ജേതാവ് ജോൺ സ്റ്റീൻബക്കിന്റെ ‘രോഷത്തിന്റെ മുന്തിരികളും’ (Grapes of Wrath) ഡസ്റ്റോയ്‌വിസ്‌കിയുടെ ‘കാരമസോവ് സഹോദരന്മാർ’ ‘കുറ്റവും ശിക്ഷയും’ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ ആദ്യമായി ജയിലിലെത്തിയ അനശ്വരകൃതികളായിരുന്നു. മണ്ടേലയുടെ സുഹൃത്തുക്കൾ തന്നെയാണ് അവ ലഭ്യമാക്കിയത്. അഹമ്മദ് കത്രാട മികച്ച സാഹിത്യാസ്വാദകനായിരുന്നു. ജൊഹന്നസ് ബർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിലെ ബുക്ക്‌ഷെൽഫിൽനിന്നാണ് പല മികച്ച  നോവലുകളും മണ്ടേല ആദ്യമായി വായിച്ചത്. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും മണ്ടേലയെ ആഴത്തിൽ സ്വാധീനിച്ചു. തന്റെ മകൾ ഡെന്നിയുടെ 21-ാം ജന്മദിനനാൾ പ്രസ്തുത പുസ്തകത്തിന്റെ ഒരു കോപ്പി മണ്ടേല അയച്ചുകൊടുത്തു.


ഡിക്കൻസിന്റെ നോവലുകളും വേർഡ്‌സ്‌വർത്ത്, ടെന്നിസൺ, ഷെല്ലി, കീറ്റ്‌സ് എന്നിവരുടെ കവിതകളും മണ്ടേലയും സുഹൃത്തുക്കളും വായിച്ച് ആസ്വദിച്ചു. കാൾ മാര്‍ക്സിന്റെ ‘മൂലധനം’ കിട്ടിയപ്പോൾ അതു വായിച്ചപഗ്രഥിച്ച് വിവരങ്ങൾ നല്കിയത് മാക്മാഹാരാജ് ആയിരുന്നു.


ഇത്തരം ഗ്രന്ഥങ്ങളൊന്നും ജയിലിൽ ഒരു കാരണവശാലും പ്രത്യക്ഷപ്പെടാൻ പാടില്ലെന്ന് ആദ്യകാലത്ത് ജയിൽ മേധാവികൾ കർശന ഉത്തരവ് നല്കിയിരുന്നു. അതുപോലെ ലെനിനിന്റെയും മാവോയുടെയും ഹിറ്റ്‌ലറെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾക്കും  നിരോധനമുണ്ടായിരുന്നു. എന്നാൽ, കാലംകഴിഞ്ഞപ്പോൾ ഇവയെല്ലാം ജയിലിലെത്തി. മവോയുടെ സൂക്തങ്ങളും അദ്ദേഹത്തെക്കുറിച്ച് എഡ്ഗർ സ്‌നോ എഴുതിയ ‘Red Star Over China’ യും ജയിലിൽ സുഗമമായി പ്രവേശിച്ചു. ഇതോടൊപ്പം അപസർപ്പക നോവലുകളും വായനക്കാര്‍ക്ക് ലഭ്യമായി.


ഒരു ദീപാവലി ദിനത്തിൽ ഷേക്‌സ്പിയർ ബൈബിളും ജയിലിലെത്തി. സോണി വെങ്കിടരത്‌നം എന്ന ഇംഗ്ലീഷ് അധ്യാപകൻ തടവുകാരനായിരുന്നു. ദീപാവലിനാൾ തടവുകാര്‍ക്ക്  മധുരപലഹാരങ്ങൾ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊടുത്തയച്ചു. കൂട്ടത്തിൽ ഷേക്‌സ്പിയർ ബൈബിളും. ഷേക്‌സ്പിയറുടെ സമ്പൂർണകൃതികൾ ഒരു വലിയ പൊതിയിലാക്കിയിരുന്നു. ജയിലിലെ പാറാവുകാരൻ ചോദിച്ചപ്പോൾ സോണി പറഞ്ഞു: ”ഇത് ഷേക്‌സ്പിയർ ബൈബിളാണ്” ബൈബിൾ എന്നു കേട്ടപ്പോൾ പാറാവുകാരൻ ഭക്തിസാന്ദ്രമായ മനസ്സോടെ അനുമതി നല്കി. ഒന്നര വര്‍ഷത്തിനുള്ളിൽ തടവുകാരിൽ 35-ഓളം പേർ ഷേക്‌സ്പിയറുടെ സമ്പൂർണകൃതികൾ വായിച്ചാസ്വദിച്ചു. വായിച്ചവരെല്ലാം അതിന്റെ ഉൾപ്പേജിൽ ഒപ്പിട്ടിട്ടുണ്ട്. മണ്ടേലയും കത്രാടയും മഹാരാജും ബില്ലിനായരും മറ്റും വായനക്കാരിൽ ഉള്‍പ്പെടുന്നു. ജൂലിയസ് സീസറായിരുന്നു മണ്ടേലയെ ആകർഷിച്ച നാടകം.1985-ൽ ലണ്ടനിൽ നടന്ന ഒരു ഷേക്‌സ്പിയർ പ്രദർശനത്തിൽ ഈ ഗ്രന്ഥം പ്രദർശിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പത്രങ്ങൾ പ്രാമുഖ്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


മണ്ടേലയുടെ ആത്മകഥ ലോകത്തിലെ എൺപതോളം ഭാഷയിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകം ഇന്നും വിറ്റഴിക്കപ്പെടുന്നു. 1976-ൽ മോചിതനായ മാക്മഹാരാജാണ് മണ്ടേലയുടെ ആത്മകഥയുടെ പ്രധാനഭാഗങ്ങൾ ലണ്ടനിൽ എത്തിച്ചത്.