വിളവിറക്കാതെ നൂറുമേനി കൊയ്യുന്ന രാഷ്ട്രീയം കളമൊരുക്കാൻ വിവര സാങ്കേതികവിദ്യയും – ഡോ.മേരി ജോർജ്

ഇന്ത്യയുടെ മതേതര, ബഹുസ്വര, ജനാധിപത്യം അതിവേഗം പാളംതെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ ശക്തമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അടിത്തറ ചിട്ടപ്പെടുത്താൻ, അതുവരെ നയിച്ച നേതാക്കന്മാർതന്നെ ഭഗീരഥപ്രയത്‌നത്തിലായിരുന്നു. ആരായിരുന്നു ആ നേതാക്കന്മാർ? നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ, വിദേശവസ്തു തിരസ്‌കരണത്തിലൂടെ, ദണ്ഡി ഉപ്പുസത്യഗ്രഹത്തിലൂടെ, ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ, ക്ലിഷ്ടവും ദീർഘവുമായ ജയിൽവാസങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് സഹനപാതയിലൂടെ സഞ്ചരിച്ചവരായിരുന്നു അവർ. മഹാത്മജി നയിച്ച ആ സത്യാന്വേഷണപാത മുള്ളുകൾ നിറഞ്ഞതായിരുന്നു. എന്നാൽ, രക്തരഹിതം. അങ്ങനെ നേടിയ സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാൻ ഒരു ഭരണഘടന. അത് പാലാഴിമഥനം നടത്തി കടഞ്ഞെടുക്കാൻ അവർ അക്ഷീണ പഠന, ഗവേഷണ തപസ്യയിലായിരുന്നു. അങ്ങനെ ഉരുത്തിരിഞ്ഞുവന്ന, ഒരുപക്ഷേ, ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനകളിലൊന്നാണ് ഇന്ത്യൻ ഭരണഘടന. മതേതരത്വം, ബഹുസ്വരത എന്നിവയിൽ അധിഷ്ഠിതമായ ഭരണഘടന അടിവരയിടുന്നത് സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയാണ്.


സ്വാതന്ത്ര്യസമരം കത്തിനിന്നകാലത്ത് മഹാത്മജിയെയും കൂട്ടരെയും ശത്രുനേത്രങ്ങളോടെ നോക്കിക്കണ്ട, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കുടപിടിച്ചുകൊടുത്ത വിഘടനവാദികളുടെ ശേഷിപ്പുകാരാണ് ഇപ്പോൾ ഇന്ത്യയുടെയും ഭരണഘടനയുടെയും രക്ഷകരായി അവതരിച്ചിരിക്കുന്നത്. അവർ യഥാർഥചരിത്രം തിരുത്തി, ഭാരതത്തിന്റെ ആത്മാവിന് ചിതയൊരുക്കുന്നു. പകരം വരുംതലമുറ കേൾക്കരുതാത്ത കഥകൾ കുറിച്ചുവയ്ക്കുന്നു. ഭരണഘടനയുടെ അലകുംപിടിയും മാറിയാൽ മാത്രമേ അത് ഇന്ത്യൻസംസ്‌കൃതിയുടെ അഭിമാനം ഉയർത്തിപ്പിടിക്കൂ എന്നവർ ആക്രോശിക്കുന്നു.


മോദിഭരണം അഞ്ചുവർഷം പൂർത്തിയാക്കിയപ്പോഴേക്കും, ഇന്ത്യ ഇതുവരെ നേടിയ നേട്ടങ്ങൾക്കൊക്കെ അവകാശികൾ തങ്ങളാണ് എന്ന് കൊട്ടിഘോഷിച്ചു. നിരന്തരമായ പ്രക്ഷേപണ, പരസ്യചിത്രങ്ങളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും അത് ജനമനസ്സുകളിൽ ഉറപ്പിച്ചു. അത്തരം പരസ്യസാഹസങ്ങളുടെ തേരോട്ടമാണ് ഇപ്പോൾ മൂന്നാമൂഴത്തിനുവേണ്ടി നടന്നുകൊണ്ടിരിക്കുന്നത്. എതിർപക്ഷത്തെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെക്കൊണ്ട് കേസെടുപ്പിച്ച് ജയിലിലടയ്ക്കുന്നു, പ്രതിരോധത്തിലാക്കുന്നു; അവരുടെ ഏതു വിധേനയുമുള്ള മുന്നേറ്റവും തടയുന്നു. അഴിമതിയുടെ പേരിൽ ഇവരെ ആരെയെങ്കിലും അഴിക്കുള്ളിലാക്കുന്നതിനുമുമ്പ് പൂട്ടേണ്ടത് ‘ഇലക്ടറൽബോണ്ട്’ പദ്ധതി പാർലമെന്റിൽ നിയമമാക്കിയ മോദിയെയാണ്. സുപ്രീംകോടതി ആരംഭത്തിലേ എതിർത്തിരുന്നു. റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയതെന്തൊക്കെ? 1) ഇത് ഷെൽ കമ്പനികൾവഴി കള്ളപ്പണം വെള്ളപ്പണമാക്കുന്നതിന് സാഹചര്യം സൃഷ്ടിക്കും 2) നികുതി വെട്ടിപ്പ്, ആ പണം ഭരിക്കുന്ന പാർട്ടിയുടെയും മറ്റും പേരിൽ ഇലക്ടറൽബോണ്ടിൽ നിക്ഷേപിച്ചേക്കാം. അതായത് കള്ളപ്പണം വെളുപ്പിക്കാനും, നികുതിവെട്ടിക്കാനും സഹായകമായ ഒരു നിയമനിർമാണം. ഇന്ത്യയിലല്ലാതെ ഏതെങ്കിലുമൊരു ജനാധിപത്യവ്യവസ്ഥിതിയിൽ ചൂണ്ടിക്കാണിക്കാനുണ്ടോ? ഇലക്ടറൽബോണ്ടു സ്‌കീം നിയമം നിലവിൽവന്ന 2018-നും അതു സുപ്രീംകോടതി ‘ഭരണഘടനാവിരുദ്ധം’ എന്നു പറഞ്ഞ് റദ്ദാക്കിയ 2024 ജനുവരിക്കും ഇടയ്ക്ക് ഈ ബോണ്ടുകളിലേക്കു നിക്ഷേപിക്കപ്പെട്ട പണത്തിന്റെ 75 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത്. അപ്പോൾ ആരാണ് അഴിമതിക്കുവേണ്ടി നിയമനിർമാണം നടത്തിയത്? ഇവിടെ ഓർത്തുപോവുന്നത് ജയിംസ് ഓട്ടിസൺ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏഴ് മാരക സാമ്പത്തികപാപങ്ങളാണ്. അവ ‘അഹങ്കാരം, ആർത്തി, കാമം, അസൂയ, അത്യാർത്തി, കോപം, അലസത’ എന്നിവയാണ്. തുടർച്ചയായി പ്രീണന വാഗ്ദാനങ്ങൾ, പരസ്യങ്ങൾ എന്നിവ വഴി ജനമനസ്സിനെ സ്വാധീനിക്കുന്നു. ഭരണത്തിലെത്തിക്കഴിഞ്ഞാലോ ഈ മാരകപാപങ്ങളുടെ പിടിയിലൊതുങ്ങുന്ന നേതാക്കന്മാർ വാഗ്ദാനങ്ങൾ പാടെ മറക്കുന്നു. ഇത് ആഗോളരോഗമായി മാറി ജനാധിപത്യങ്ങളെ കശാപ്പുചെയ്യുന്നു എന്നാണ് കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രഫസ്സറായ ജയിംസ് ഓട്ടിസൺ ചൂണ്ടിക്കാട്ടുന്നത്.


വോട്ടിലെ ചതി


വികസിത രാജ്യങ്ങളിൽ ഒരിടത്തും ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നില്ല. ബാലറ്റ് പേപ്പർ തന്നെയാണ് ഉപയോഗിക്കുന്നത്. എന്തുകൊണ്ട്? ആ രാജ്യങ്ങളിൽനിന്നുവരുന്ന വിശദീകരണം ഈ ഡിജിറ്റൽ ടെക്‌നോളജി യുഗത്തിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ കടന്നുകയറി ക്രമക്കേടു വരുത്താൻ എളുപ്പമാണ്. ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ രൂപീകരണം കേന്ദ്ര ഗവൺമെന്റിന്റെ താത്പര്യപ്രകാരമാണ് നടത്തുന്നത്, ഇപ്പോൾ. തന്മൂലം ഇത്തരം ന്യൂനതകൾ ചൂണ്ടിക്കാണിക്കുമ്പോഴൊക്കെ കമ്മീഷൻ ഗവൺമെന്റ്പക്ഷം പിടിക്കുന്നു. കമ്മീഷൻ പറയുന്നതിനപ്പുറം പോവാൻ സുപ്രീംകോടതിയും തയാറാവുന്നില്ല.


ഇലക്ഷൻ വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഘട്ടങ്ങളിലായിട്ടാണല്ലോ നിശ്ചയിച്ചിരിക്കുന്നത്. ഇലക്ഷൻ ജയം (മൂന്നാമൂഴം) ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ വളരെ നേരത്തെ തുടങ്ങിയിരുന്നു. ഇതിനുള്ള ഏറ്റവും പ്രധാനമാർഗം നരേന്ദ്രമോദിയെ ബിംബവത്കരിക്കുക എന്നുള്ളതാണ്. ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ മോദിയുടെ സെൽഫി പോയിന്റ്. കോടികൾ മുടക്കി ഗ്രോട്ടോപോലൊന്ന്, അതിനുമുകളിൽ മോദിബിംബം. റേഷൻകടകളിൽ മോദി സെൽഫി പോയിന്റ്. സാധനങ്ങൾ കൊടുക്കുന്ന സഞ്ചികളിൽ മോദി ചിത്രം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയോജിച്ച് നടപ്പാക്കുന്ന പദ്ധതികളിലും മോദി/കേന്ദ്രപ്രാതിനിധ്യം ഉറപ്പു വരുത്തുന്നു.


വർത്തമാനപത്രങ്ങളോ ദൃശ്യ, ശ്രാവ്യമാധ്യമങ്ങളോ തുറക്കുക. അവിടെയൊക്കെ മോദിഗ്യാരണ്ടി. ഇപ്പോൾ മറ്റു രാഷ്ട്രീയപാർട്ടികളും ആ വഴി സ്വീകരിക്കുന്നു. എത്ര സങ്കുചിതവീക്ഷണമാണ് ഇതിനു പിറകിൽ. ഏതു ഗവൺമെന്റും പദ്ധതികൾ നടപ്പാക്കാനാണ് തിരഞ്ഞെടുപ്പെടുന്നത്. അതിനാവശ്യമായ വിഭവങ്ങൾ നേതാക്കന്മാരുടെ പിതൃസ്വത്തല്ല. നികുതി/നികുതിയേതര മാർഗങ്ങളിലൂടെ സമാഹരിക്കുന്നത് മതിയാകാതെ വരുമ്പോൾ കടം എടുക്കുന്നതുമാണ്. ഏതുതരം ചെലവിന്റെയും ഭാരം പരസ്യത്തിൽച്ചെന്നു പതിക്കുന്നു. ഈ പരസ്യഭാരവും അങ്ങനെതന്നെ. ഇലക്ടറൽബോണ്ടുവഴി സമാഹരിക്കുന്നതും പൗരജനങ്ങളെ കൊള്ളയടിക്കലാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും നിയമസഹായം നല്കലാണ്.


ദുർഗന്ധം പരത്തുന്ന പരസ്യങ്ങൾ


2024, ഏപ്രിൽ 20-ലെ കേരളം മുഴുവൻ വായിക്കുന്ന മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങൾ തുറക്കുക. ഏപ്രിൽ 26 കേരളത്തിന്റെ വോട്ടുദിനം. വോട്ടിൽ കണ്ണുനട്ട് എല്ലാ ദിനപത്രങ്ങളുടെയും ആദ്യ പേജ് ബി.ജെ.പി. പരസ്യമാണ്. ചില നുറുങ്ങുകൾ ”നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് നമ്മുടെ മക്കൾ പഠനത്തിനും ജോലിക്കുമായി ഇന്ത്യ വിടുന്നു? കേരളത്തിൽ വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാത്തതുകൊണ്ടല്ലേ? ” ”70 വർഷം കേരളം ഭരിച്ചുമുടിച്ചവരാണ് ഇതിനു കാരണം. കേരളത്തെ സാമ്പത്തികമായി തകർത്തു.” ഇനിയും ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്. പിന്നോട്ടുപോയി ആ ദിവസത്തെ പത്രങ്ങൾ പരിശോധിക്കൂ.


പരസ്യത്തിൽ പറഞ്ഞിരിക്കുന്ന രണ്ടുകാര്യങ്ങൾ ശരിയാണ്. ഇന്നു കേരളം ഒരിക്കലും നേരിട്ടിട്ടില്ലാത്ത രൂക്ഷ ധനപ്രതിസന്ധിയിലാണ്. പക്ഷേ, അതിന്റെ കാരണം 70 വർഷം മാറിമാറി ഭരിച്ച ഗവൺമെന്റുകളിലല്ല. പിണറായി വിജയൻ ഗവൺമെന്റിന്റെ ചുമലിൽ മാത്രമാണ്. രണ്ടാമത്തെ കാര്യം വ്യവസായ വളർച്ച ഇല്ല എന്നുള്ളതാണ്. അതിന്റെ കാരണം തൊഴിലാളി ഊക്കും (നോക്കുകൂലി) ഉയർന്നകൂലിയുമാണ്.  ഉയർന്നകൂലി തൊഴിലാളികളുടെ അവകാശമാണ്. ഇന്ത്യ മുഴുവൻ ഐ.എൽ.ഒ. അനുശാസിക്കുന്ന തരത്തിലുള്ള മാന്യമായ വേതനം നടപ്പാക്കേണ്ടതുമാണ്.


പരസ്യത്തിൽ ചൂണ്ടിക്കാട്ടി കേരളത്തെ അപമാനിക്കുന്ന മറ്റെല്ലാകാര്യങ്ങളും അസത്യവും അസംബന്ധവുമാണെന്ന് തെളിയിക്കാൻ ”ഒരു വികസന നേട്ടവും കേരളത്തിനില്ല” എന്ന ആശയം മാത്രം എടുത്താൽ മതി. ആഗോള മനുഷ്യവികസന സൂചിക (Human Development Index) തയാറാക്കാൻ തുടങ്ങിയ 1990-91 തൊട്ട് ഇന്ത്യയുടെ റാങ്ക് 140-ന് മുകളിലാണ്, 196 രാജ്യപട്ടികയിൽ. 2023-ൽ 142 ആണ്. എന്നാൽ, ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം റാങ്കുള്ളത് എന്നും കേരളത്തിനാണ്.


എന്തൊക്കെ മാനദണ്ഡങ്ങളാണ് എ.ഡി.ഐ. നിശ്ചയിക്കുന്നത്? 1) ആരോഗ്യം 2) വിദ്യാഭ്യാസം 3) ആയുർദൈർഘ്യം 4) ജീവിതനിലവാരം. ഇവ നാലുമാണ് പരമപ്രധാന മാനദണ്ഡങ്ങൾ. ഇവ നാലും ഒന്നാം സ്ഥാനത്തുനില്ക്കുന്ന സംസ്ഥാനമായ കേരളം വികസനത്തിൽ പരാജയമെന്നു പറയുന്നത് കേരളസംസ്ഥാനത്തെ മാനഭംഗപ്പെടുത്തുന്നതിനു തുല്യമാണ്. ഒരുകാര്യം സൂചിപ്പിക്കട്ടെ. ജീവിതനിലവാരം സൂചിപ്പിക്കുന്ന പരമപ്രധാന സൂചകം ആളോഹരിവരുമാനമാണ്. അക്കാര്യത്തിൽ കേരളം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ഒന്നാമതല്ല. മറിച്ച്, ഏഴാം സ്ഥാനത്താണ്. അതുമോശം അവസ്ഥ അല്ലതന്നെ.


ഇത്തരം പരസ്യങ്ങൾ എന്തുകൊണ്ട് ഇലക്ഷൻകമ്മീഷൻ കാണുന്നില്ല, കോടതികൾ കാണുന്നില്ല? ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങൾ ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന തത്ത്വം പാലിക്കുന്നതുകൊണ്ടല്ലേ ഇത്തരം പരസ്യങ്ങൾ ഏറ്റെടുക്കുന്നത്?


പരസ്യം മണ്ടത്തരമാവുമ്പോൾ


ഏറെ നാളായി ഏതൊരു സദസ്സിനെ അഭിമുഖീകരിക്കുമ്പോഴും മോദി ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്. ബി.ജെ.പി. ഭരണം തുടങ്ങിയതിനുശേഷം ഇന്ത്യ 5-ാമത്തെ വലിയ സാമ്പത്തികശക്തിയായി മാറി. മൂന്നാമൂഴം ലഭ്യമായാൽ 2030 ആവുമ്പോഴേക്ക്  മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റും. മോദി ഗവൺമെന്റുതന്നെ പുതുക്കി നിശ്ചയിച്ച മെതഡോളജി അനുസരിച്ച് യു.പി.എ കാലത്തെ പത്തുവർഷ ശരാശരി ആഭ്യന്തര മൊത്ത വരുമാനവളർച്ച 6.9% ആണ്. അതേസമയം ബി.ജെ.പിയുടെ പത്തുവർഷ ശരാശരി (2014-2024) 5.7% മാത്രമാണ്. 2014-ൽ ജി.ഡി.പി. മൂന്നു ട്രില്യൻ ഡോളറായിരുന്നു. 2024 അവസാനം അത് 3.71 ട്രില്യൻ ഡോളറായി മാത്രമാണ് വളർന്നത്. അദ്ദേഹത്തിന്റെ വിളംബരത്തിലെ ഫലിതം മനസ്സിലാവണമെങ്കിൽ നാം ചിലതുകൂടി അറിയണം. ഏതുരാജ്യമാണ് ഒന്നാമത്തെ സാമ്പത്തികശക്തി? യു.എസ്. എത്രയാണ് ജി.ഡി.പി? 28 ട്രില്യൻ ഡോളർ. ജി.ഡി.പി. കൂടിയതുകൊണ്ടായില്ല ആളോഹരിവരുമാനം കൂടണം. അപ്പോൾ യു.എസ്. ജനസംഖ്യ എത്രയാണ്? 3.3 കോടി. അങ്ങനെവരുമ്പോൾ ആളോഹരി വരുമാനം? 76329.6 ഡോളർ. രണ്ടാമത്തെ ഉയർന്ന ജി.ഡി.പി. രാജ്യം ചൈന. ജി.ഡി.പി. 18 ട്രില്യൻ ഡോളർ. ജനസംഖ്യ 142.5 കോടി. ആളോഹരി വരുമാനം 12720.2 ഡോളർ. ഇനി നമുക്ക് ഇന്ത്യയിലേക്കുവരാം. ജി.ഡി.പി. 3.71 ട്രില്യൻ. ജനസംഖ്യ 144.17 കോടി. ആളോഹരി വരുമാനം 2410.9 ഡോളർ (ഈ മൂന്നു രാജ്യങ്ങളുടെയും ജനസംഖ്യ 19.4.24-ൽ യു.എൻ. പോപ്പുലേഷൻഫണ്ട് പുറത്തുവിട്ട രേഖയാണ്. അതുകൊണ്ടുതന്നെ ആളോഹരിവരുമാനത്തിൽ ചെറിയ  മാറ്റമുണ്ടാവാം). ഇവിടെ കരണീയമായിട്ടുള്ള ചോദ്യം എന്താണ്? സാമ്പത്തികവികസനം എന്നതാണ്. ജി.ഡി.പിയുടെ വർധനവ് സാമ്പത്തികവളർച്ച മാത്രമാണ്. അത് വിവിധമാർഗങ്ങളിലൂടെ ജനങ്ങളുടെ കരങ്ങളിലെത്തി, ആളോഹരിവരുമാനം വർധിപ്പിച്ച് സർവവിധ മേഖലകളിലും (ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ) ചെലവഴിക്കപ്പെടുമ്പോഴാണ് വളർച്ച വികസനമാവുന്നത്. ഇന്ത്യയുടെ കാര്യത്തിൽ അവസാനം പറഞ്ഞത് നടക്കുന്നില്ല. ആഗോള പ്രശസ്ത ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞൻ തോമസ് പികറ്റി 1920-കൾ തൊട്ട് 2019-20 വരെയുള്ള ഇന്ത്യയുടെ വളർച്ചസൂചകങ്ങൾ പഠിച്ച് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ബ്രിട്ടീഷ്ഇന്ത്യയിലെക്കാൾ അസമത്വം 2019-ൽ വർധിച്ചിരിക്കുന്നു എന്നാണ്. ബി.ജെ.പി. ഗവൺമെന്റിന്റെ കോർപ്പറേറ്റ് പ്രീണനനയങ്ങൾ ഭരണനേട്ടങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നു. പ്രതിവർഷം 2 കോടി തൊഴിൽ സൃഷ്ടിക്കും (2014-ലെയും 2019-ലെയും പ്രകടനപത്രിക). മണ്ടൻ തീരുമാനങ്ങൾ – നോട്ടുനിരോധനം പോലുള്ളവ – കോവിഡ് മഹാമാരി ഇവയൊക്കെ കടന്നുവന്ന് 2024-ൽ ഐ.എൽ.ഒയുടെ കണക്കുകൾവച്ച് 83 ശതമാനത്തിൽ അധികമാണ് ഇന്ത്യയിൽ തൊഴിലില്ലായ്മ. അതോടൊപ്പം വിലക്കയറ്റവും. അങ്ങനെ ദുസ്സഹമായ സാധാരണ ജനജീവിതം കണ്ടില്ലെന്നു നടിച്ച് മോദി ഗ്യാരണ്ടിയുടെ പെരുമഴക്കാലമാണ് നാം കണ്ടത്.


മതേതര ജനാധിപത്യത്തിന്റെ തൂണുകൾ ദ്രവിച്ചിരിക്കുന്നു. ഭരണഘടനയെ നോക്കുകുത്തിയാക്കി, രാഷ്ട്രപിതാവിനെ അരികുവത്കരിച്ച്, ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുന്നത് ആശയംകൊണ്ടും നിയമംകൊണ്ടും തടയണം. അതിനുള്ള ഇന്ധനം മഹാത്മജിതന്നെ നമുക്കു നല്കിയിട്ടുണ്ട്: ‘Let no one commit the mistake of thinking, that Rama – Rajya means a rule of the Hindus’ – Mahatma Gandhi, Village Swaraj, P. 250. (Navajivan publishing House, Ahamedabad-4) .