ദിനവൃത്താന്തം – ശാകുന്തളം പറയുന്നത്‌

ദിനവൃത്താന്തം  – ശാകുന്തളം പറയുന്നത്‌

വിദേശരാജ്യങ്ങളിൽ വിമാനമിറങ്ങി ഫോൺ ഓൺ ചെയ്തുകഴിഞ്ഞാൽ രണ്ടു സമയങ്ങൾ നിങ്ങളുടെ ഫോണിൽ തെളിയും. ഒന്ന്‌, നിങ്ങളുടെ സ്വന്തം നാട്ടിലെ സമയം, മറ്റേതു വിമാനമിറങ്ങിയ നാട്ടിലെ സമയം. ലണ്ടനിൽ വിമാനമിറങ്ങുമ്പോൾ ബ്രിട്ടനിലെ സമയം മാത്രമല്ല ഇന്ത്യയിലെ സമയവും തെളിയും. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്‌, ഡെല്‍ഹിയിലെ സമയമല്ല കല്‍ക്കട്ടയിലെ സമയമായിരിക്കും ഫോണിൽ. ഡെല്‍ഹിയിലും കല്‍ക്കട്ടയിലും സമയം ഒന്നാണെങ്കിലും ഫോണിൽ തെളിയുന്നത്‌ ഡെല്‍ഹിയല്ല, കല്‍ക്കട്ടയാണ്‌.


അവിഭക്തഭാരതത്തിന്റെ സുപ്രീംകോടതി കല്‍ക്കട്ടയിലായിരുന്നു. ആ ഓർമയിലാണ് ഇപ്പോഴും ബ്രിട്ടൻ. അതുകൊണ്ടാണ്‌ അവരുടെ ഓര്‍മയിൽ ഡെല്‍ഹിക്ക്‌ പകരം കല്‍ക്കട്ട തെളിയുന്നത്‌. ബ്രിട്ടന്‌ മറ്റൊരു പഴയ ഓര്‍മകൂടിയുണ്ട്‌. അവരുടെ റോഡുകളിൽ ദൂരം കുറിക്കുന്നത്‌ ഇപ്പോഴും മൈലിലാണ്‌, കിലോമീറ്ററിലല്ല. പണ്ട്‌ നമുക്കും മൈൽ ആയിരുന്നെങ്കിലും സ്വാതന്ത്ര്യംകിട്ടിയശേഷം നമ്മൾ സാവകാശം കിലോമീറ്ററിലേക്ക്‌ മാറി. അവരിപ്പോഴും മൈലിൽത്തന്നെ. ലണ്ടനെക്കാൾ നല്ല നഗരമായി ബ്രിട്ടീഷുകാർ വളര്‍ത്തിയെടുത്തതാണ്‌ കല്‍ക്കട്ട എന്നൊരഭിമാനബോധധവും പഴയതലമുറ ബ്രിട്ടീഷുകാര്‍ക്കുണ്ട്‌. അതൊക്കെ അവരുടെ നൊസ്റ്റാള്‍ജിയ.


ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കല്‍ക്കട്ടയിലെ സുപ്രീംകോടതിയിൽ ന്യായാധിപനായി വന്നതാണ്‌ സർ വില്യം ജോണ്‍സ്‌. വന്നുചേര്‍ന്ന രാജ്യത്തെ ജനങ്ങളെ മനസ്സിലാക്കണമെങ്കിൽ ഇവിടത്തെ നിയമഗ്രന്ഥങ്ങൾ മാത്രം വായിച്ചാൽ പോരെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. ജനങ്ങളെ മനസ്സിലാക്കണമെങ്കിൽ അവരുടെ മനോവ്യാപാരംകൂടി മനസ്സിലാക്കണം. ശരിയായി വിധിപറയാൻ നിയമഗ്രന്ഥങ്ങൾ നോക്കിയാൽ മതിയെങ്കിലും വിധി ന്യായയുക്തമാകണമെങ്കിൽ ജനങ്ങളുടെ സാംസ്കാരിക നിലവാരംകൂടി അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമാണ്‌ ശരിതെറ്റുകളിൽ ഉചിതമായ തീര്‍പ്പ്‌ കല്പിക്കാനാകൂ. ഇന്ത്യൻ മനസ്സ് ശരിയായി മനസ്സിലാക്കണമെങ്കിൽ അവരുടെ ചരിത്രവും സംസ്കാരവും അന്വേഷിക്കണം. അതുകൊണ്ട്‌, വില്യം ജോണ്‍സിന്റെ അന്വേഷണം ആ വഴിക്കായി.


പഴയ കാലമാണ്‌. ആരോ പറഞ്ഞു, ഇന്ത്യൻ മനസ്സ് അറിയണമെങ്കിൽ സംസ്കൃതം പഠിക്കണമെന്ന്‌. സംസ്കൃതം പഠിപ്പിക്കാൻ കഴിവുള്ള ഒരാളെ തേടിയായി പിന്നീട്‌ ന്യായാധിപന്റെ അന്വേഷണം. പൊതുവിൽ അക്കാലത്തെ സംസ്കൃത പണ്ഡിതന്മാർ ഇംഗ്ലീഷുകാരെ സംസ്കൃതം പഠിപ്പിക്കുന്നത്‌ ഇഷ്ടപ്പെട്ടിരുന്നില്ല. ഭാഷ അവര്‍ക്കൊരു പ്രശ്നമാണ്‌, പോരാത്തതിന്‌ ജാതിയും. എന്തിനെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാൽ ലക്ഷ്യംകാണാതെ പിന്മാറുന്ന ആളല്ല വില്യം ജോണ്‍സ്‌. വളരെ പണിപ്പെട്ട്‌ അദ്ദേഹം ഒരു സംസ്കൃതപണ്ഡിതനെ കണ്ടുപിടിച്ചു, രാമലോചനൻ. പലതരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും  സമ്മർദങ്ങള്‍ക്കുമൊടുവിൽ അദ്ദേഹം ജഡ്ജിയെ സംസ്കൃതം പഠിപ്പിക്കാൻ സമ്മതിച്ചു.


“ഭാരതത്തെപ്പറ്റി അറിയാൻ, ഇന്ത്യൻമനസ്സ് മനസ്സിലാക്കാൻ, സംസ്കൃതം പഠിക്കാൻ ഞാനെന്താണ്‌ ചെയ്യണ്ടത്‌?” എന്ന ജഡ്ജിയുടെ ചോദ്യത്തിന്‌ ഉത്തരമായി രാമലോചനൻ പ്രസിദ്ധമായൊരു സംസ്കൃത ശ്ലോകം ഉദ്ധരിച്ചു. അതിന്റെ ഏകദേശ ആശയമിതാണ്‌: “കാവ്യങ്ങളിൽ രമ്യം നാടകം, നാടകങ്ങളിൽ പ്രധാനം ശാകുന്തളം, ശാകുന്തളത്തിൽ പ്രധാനം നാലാമങ്കം, നാലാമങ്കത്തിൽ പ്രധാനം നാല്‌ ശ്ലോകങ്ങൾ.” ഭാരതത്തെപ്പറ്റി അറിയാൻ ഒരു ഗ്രന്ഥം മാത്രം പഠിക്കാനേ നിങ്ങള്‍ക്ക്‌ സമയമുള്ളൂ എങ്കിൽ നിങ്ങൾ ശാകുന്തളം പഠിക്കുക, അതിലെ പ്രധാനമായ നാല്‌ ശ്ലോകങ്ങളും. അങ്ങനെയാണ്‌ വില്യം ജോണ്‍സ്‌ സംസ്കൃതം പഠിക്കാൻ ആരംഭിക്കുന്നത്‌.


കാളിദാസവിരചിതമായ അഭിജ്ഞാനശാകുന്തളത്തിലെ നിർണായകമായ നാല്‌ ശ്ലോകങ്ങൾ മനസ്സിലാക്കിയാൽ ഇന്ത്യൻ മനസ്സ് മനസ്സിലാകും. ശകുന്തളയെ ദുഷ്യന്തന്റെ രാജസദസ്സിലേക്ക്‌ കണ്വമഹര്‍ഷി യാത്രയാക്കുന്ന സന്ദര്‍ഭമാണ്‌ നാല്‌ ശ്ലോകങ്ങളിൽ. അതാണ്‌ ഇന്ത്യൻ മനസ്സിന്റെ മർമം. ശകുന്തള കണ്വമഹര്‍ഷിയുടെ സ്വന്തം മകളല്ല, വളര്‍ത്തുമകളാണ്‌. മാത്രമല്ല, കണ്വൻ കേവലമൊരു കുടുംബസ്ഥനുമല്ല, മഹര്‍ഷിയാണ്‌. എങ്കിലും വളര്‍ത്തുമകളെ ദുഷ്യന്തന്റെ രാജസദസ്സിലേക്ക്‌ യാത്രയാക്കുമ്പോൾ കണ്വൻ, മകളെ ഭര്‍തൃഗൃഹത്തിലേക്ക്‌ യാത്രയാക്കുന്ന ഏതൊരു ഇന്ത്യൻ പിതാവിനേയുംപോലെ വികാരഭരിതനാകുന്നു. വൈകാരികതയുള്ള മനസ്സാണ്‌ ഇന്ത്യാക്കാരന്‌.


പാശ്ചാത്യരെപ്പോലെ വലിയ ട്രാജഡികൾ ഭാവനചെയ്യുന്നത്‌ ഇന്ത്യാക്കാർ ഇഷ്ടപ്പെടുന്നില്ല. എല്ലാ ദുരന്തങ്ങള്‍ക്കൊടുവിലും ശുഭാന്ത്യം അവർ സ്വപ്നം കാണുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ശാകുന്തളം എഴുതിയത്‌ പാശ്ചാത്യർ ആയിരുന്നെങ്കിൽ അഞ്ചാമങ്കത്തോടെ നാടകം അവസാനിക്കും. അഞ്ചാമങ്കത്തിലാണ്‌ ശാകുന്തളത്തിലെ ട്രാജഡി. നാടകം പിന്നെയും തുടര്‍ന്ന്‌ ശുഭാന്ത്യമാകുന്നത്‌ അതൊരു ഇന്ത്യൻ മനസ്സ് എഴുതിയതുകൊണ്ടാണ്‌.


സംസ്കൃതം പഠിച്ച്‌, ശാകുന്തളം വായിച്ച്‌, വില്യം ജോണ്‍സ്‌ ഉന്മാദാവസ്ഥയിലെത്തി. അതിന്റെ ആവേശത്തിൽ അദ്ദേഹം ശാകുന്തളം ലാറ്റിനിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. ആ പരിഭാഷ വായിച്ചാണ്‌ ഗോയ്ഥേ ആനന്ദസാഗരത്തിൽ ആറാടിയതും പ്രശസ്തമായ പ്രശംസാവാക്യങ്ങൾ ശാകുന്തളത്തിന്‌ നല്കിയതും. പാശ്ചാത്യ നാടുകളിൽ ശാകുന്തളം പ്രശസ്തമാക്കിയതിന്റെ ഖ്യാതി സർ. വില്യം ജോണ്‍സിന്‌ അവകാശപ്പെട്ടതാണ്‌.


എങ്കിലും, ഇപ്പോൾ തിരഞ്ഞെടുപ്പുകാലത്ത്‌ ശാകുന്തളം വീണ്ടും വായിക്കുമ്പോൾ ചെറുതല്ലാത്തൊരു ആശയക്കുഴപ്പം. ട്രാജഡികളില്‍നിന്ന്‌ ശുഭാന്ത്യമാകാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍മനസ്സ് ഇപ്പോഴത്തെ രാഷ്ട്രീയസംഘര്‍ഷങ്ങളിൽ അഭിരമിക്കുന്നുണ്ടാകുമോ, സംശയമാണ്‌.


അടിയന്തരാവസ്ഥയിൽ, പത്രമാരണനിയമം നടപ്പിലാക്കിയും നേതാക്കളെ ജയിലിലടച്ചുമാണ്‌ ഇന്ദിരാഗാന്ധി പ്രതിപക്ഷത്തെ നേരിട്ടത്‌. അതുവരെ, പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലാത്ത കോണ്‍ഗ്രസ്‌, ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞതും ആ തിരഞ്ഞെടുപ്പിലായിരുന്നു. അതാണ്‌ കാളിദാസൻ ഭാവനചെയ്യുന്ന ഇന്ത്യന്‍മനസ്സ്, പ്രതിപക്ഷത്തിനായാലും ട്രാജഡികൾ അവര്‍ക്ക്‌ ഇഷ്ടമല്ല. നാടകം ശുഭാന്ത്യമാകണം. അഴിമതിക്കേസിൽ കുടുങ്ങിയ നേതാക്കളെ ജയിലിൽ അടക്കരുതെന്നോ, അവർ മുഴുവൻ വിശുദ്ധരാണെന്നോ, ജനങ്ങൾ പറയില്ല. പക്ഷേ, ഭരണപക്ഷത്തുള്ളവർ മുഴുവൻ വിശുദ്ധരാണെന്ന്‌ അന്വേഷണ ഏജന്‍സികൾ പറഞ്ഞാൽ അതും ജനങ്ങൾ വിശ്വസിക്കില്ല. ഇന്ത്യയിലെ ഭാരിച്ച തിരഞ്ഞെടുപ്പ്‌ ചെലവ്‌ നേരിടാൻ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ പണം വേണം. അതുണ്ടാക്കാൻ അവരുടേതായ വളഞ്ഞവഴികളും ഉണ്ടാകും, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും.


തിരഞ്ഞെടുപ്പിന്‌ മുമ്പോ പിമ്പോ കുറ്റവാളികളെ ജയിലിലടക്കാതെ തിരഞ്ഞെടുപ്പു വരുംവരെ കാത്തിരുന്നതിൽ നിയമപരമായ തെറ്റൊന്നുമില്ലെങ്കിലും ധാർമികമായ ശരിയുണ്ടെന്ന്‌ ഇന്ത്യന്‍മനസ്സ് കരുതില്ല. ജനതയുടെ ധാര്‍മികബോധം അധികാരികള്‍ക്ക്‌ പ്രശ്നമാകും. എങ്കിലും അടിയന്തരാവസ്ഥപോലെ മുഴുവൻ പ്രതിപക്ഷനേതാക്കളെയും ജയിലിലടക്കാത്തതുകൊണ്ടും പത്രമാരണനിയമം നിലവിലില്ലാത്തതുകൊണ്ടും ഭരണപക്ഷം ദേശവ്യാപകമായി വലിയതിരിച്ചടി നേരിടുമെന്ന്‌ തോന്നുന്നില്ല.


പക്ഷേ, ശാകുന്തളം നന്നായി വായിച്ചുറപ്പിച്ചില്ലെങ്കിൽ, ഇന്ത്യന്‍മനസ്സ് മനസ്സിലാക്കുന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാർ പരാജയപ്പെടും. സ്തുതിപാഠകർ അവിടെയായാലും ഇവിടെയായാലും അധികാരികള്‍ക്കൊരു തലവേദനയാണ്‌.


വ്യാഖ്യാനങ്ങൾ


ഒരുവാക്യം എങ്ങനെ വ്യാഖ്യാനിക്കണമെന്നത്‌ പഴയൊരു തര്‍ക്കപ്രശ്നമാണ്‌. വാചകമെഴുതിയ ആൾ ഉദ്ദേശിച്ച അര്‍ഥത്തിൽ വ്യാഖ്യാനിക്കണമെന്ന്‌ നിര്‍ബന്ധമുള്ളവരും അല്ലാത്തവരും ഇന്ത്യയിലുണ്ട്‌. എങ്കിലും ഫ്രഞ്ച്‌ ചിന്തകൻ റൊളാങ്‌ ബാര്‍ത്തിന്റെ (Roland Barthes), ‘The Death of the Author’ പ്രസിദ്ധപ്പെടുത്തിയതോടെ മറ്റനേകം ജ്ഞാനശാസ്ത്രങ്ങളുടെ വെളിച്ചത്തിലും സാഹിത്യകൃതികൾ വ്യാഖ്യാനിക്കാമെന്ന വാദത്തിന്‌ ലോകചിന്തയിൽ സ്ഥാനംകിട്ടി.


പരേതരുടെ രചനകള്‍ക്കുള്ള വ്യാഖ്യാന സാധ്യതകൾ ജീവിച്ചിരിക്കുന്നവരുടെ രചനകള്‍ക്കുമുണ്ട്‌, അതാണ്‌ ‘ഡെത്ത്‌ ഓഫ്‌ ദ ഓഥർ’. കൃതി വ്യാഖ്യാനിക്കുമ്പോൾ, എഴുത്തുകാരെ പരേതരായി സങ്കല്പിക്കണം. വ്യാഖ്യാനത്തിന്റെ കുത്തകാവകാശം പരേതരായ എഴുത്തുകാര്‍ക്കുമില്ല ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ക്കുമില്ല. ‘ഞാൻ കള്ളം പറയുകയാണ്‌ എന്നവാക്യം റൊളാങ്‌ ബാര്‍ത്ത്‌ ഉദാഹരിക്കുന്നുണ്ട്‌. ആ വാക്യം എങ്ങനെയാണ്‌ നമ്മൾ വ്യാഖ്യാനിക്കുക? ഇതിലെ ‘ഞാൻ’ ആരാണ്‌? അതു കള്ളം പറയുന്ന ഞാനാണോ? അതോ സത്യം പറയുന്ന ഞാനാണോ? അനന്തമാണ്‌ വ്യാഖ്യാന സാധ്യതകൾ.


ഫലംവരുംവരെ എല്ലാവരും തിരഞ്ഞെടുപ്പുചൂടിൽ തുടരുമെന്നതുകൊണ്ട്‌ നമുക്ക്‌ സാഹിത്യേതരമായ മറ്റൊരുവിനോദത്തിൽ ഏര്‍പ്പെടാം. പണമില്ലാത്തതുകൊണ്ടാണ്‌ താൻ മത്സരിക്കാത്തതെന്ന്‌ കേന്ദ്രധനമന്ത്രി പറഞ്ഞത്‌ നിങ്ങളും കേട്ടുകാണും. നിര്‍മല സീതാരാമന്റെ വാക്യം നമുക്കൊന്ന്‌ ഡീകോഡ്‌ ചെയ്യണം.


കൈയിൽ പണമില്ലാത്തതുകൊണ്ട്‌ മത്സരിക്കുന്നില്ലെന്ന്‌ പറഞ്ഞാൽ, കൈയിൽ പണമുള്ളവരാണ്‌ മത്സരിക്കുന്നതെന്നാണ്‌ ധ്വനി. പണമുള്ളവരും മത്സരിക്കുന്നവരിൽ ഉണ്ടാകാമെങ്കിലും അവരായിരിക്കില്ല കൂടുതലും. പഴയൊരു പ്രയോഗം കടമെടുത്താൽ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്നവരും തിരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ അതുപോലെയല്ലെന്ന വ്യാഖ്യാനവും ധനമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാകാം. വ്യക്തിപരമായി അഴിമതിക്കാരനല്ലാത്ത ധനകാര്യവിദഗ്ധൻ ആയിരുന്നിട്ടും മന്‍മോഹന്‍സിംഗിന്റെ അവസാന മന്ത്രിസഭ അണ്‍പോപ്പുലറായത്‌ മറ്റുള്ളവരുടെ കൈയിട്ടുവാരൽ അദ്ദേഹത്തിന്‌ തടയാൻ കഴിയാതിരുന്നതുകൊണ്ടാണ്‌. അതുപോലെവല്ലതും, ധനമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാകുമോ. മോഡിയുടെ വിമര്‍ശകനും ധനമന്ത്രിയുടെ ഭര്‍ത്താവുമായ പറക്കാല പ്രഭാകർ എഴുതിയ പുസ്തകം, ‘The Crooked Timber of New India’ വായിച്ചവര്‍ക്ക്‌ പിന്നെയും വ്യാഖ്യാനങ്ങളുണ്ടാകും, ധനമന്ത്രിയുടെ കുടുംബസമാധാനവും പ്രധാനമാണല്ലോ. അതല്ല, അപ്പോൾ രാജ്യസഭയിലേക്കാണോ എന്നു ചോദിച്ചാൽ വേറെയും വ്യാഖ്യാനങ്ങളായി.


ഓര്‍മയും കവിതയും


ഇ.എം.എസിന്റെ ആത്മകഥയെ മകൻ ഇ.എം.ശ്രീധരൻ വിശേഷിപ്പിച്ച ഒരു കമന്റ്‌ കേട്ടിട്ടുണ്ട്‌, “ആത്മകഥയിൽ ആത്മം ഇല്ല.’ ഇ.എം.എസിന്റെ ആത്മകഥ ആത്മീയാന്വേഷണങ്ങളല്ല, രാഷ്ട്രീയ പരീക്ഷണങ്ങളാണ്‌. എങ്കിലും നമ്മൾ ആത്മകഥയെന്നേ പറയൂ. കവി കെ.ജി.എസ്‌ എഴുതിയ, “മരിച്ചവരുടെ മേട്‌ ഓര്‍മയും കവിതയും” ആത്മകഥയല്ല, ഓര്‍മകളാണ്‌. അര്‍ഥങ്ങളുടെ ഒരുപാട്‌ അടരുകളുള്ള വാക്കാണ്‌ ഓര്‍മ. ആത്മകഥയിൽ, ജീവിച്ച വര്‍ഷങ്ങളാണോ വര്‍ഷിച്ചു ജീവിതമാണോ പ്രധാനം എന്നൊരു ചോദ്യമുണ്ട്‌. ‘ഊഞ്ഞാലിൽ’ എന്ന കവിതയിൽ വൈലോപ്പിള്ളി എഴുതി, ‘മര്‍ത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദര്‍ഭങ്ങൾ- അല്ല മാത്രകൾ-മാത്രം’ ഉള്ളണര്‍ത്തുന്ന അത്തരം മാത്രകളാണ്‌ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്‌. തീവ്രവാദരാഷ്ട്രീയത്തിന്റെ പരിസരത്തുവെച്ചാണ്‌ കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകൾ തിരിച്ചറിയപ്പെട്ടു തുടങ്ങിയത്‌. കവിതയിൽ പഞ്ചമഹാനാദങ്ങളുടെ കാലമായിരുന്നു. ജി.ശങ്കരക്കുറുപ്പും ബാലാമണിയമ്മയും വൈലോപ്പിള്ളിയും ഇടശ്ശേരിയും പി.കുഞ്ഞിരാമന്‍നായരും കവിതയുടെ സാധ്യതകളെ പരമാവധിയോടുടുപ്പിച്ച കാലം. എന്നിട്ടും പൊടുന്നനെ കലാപംനടന്ന തെരുവുപോലെ കവിതയുടെലോകം മാറ്റിമറിക്കപ്പെടുകയും കവിത കൂടുതൽ ജനകീയമാകുകയും ചെയ്തു. ആ കാവ്യകലാപത്തിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനാണ്‌ കെ.ജി.എസ്‌.


നടന്ന വഴികളും വായിച്ച പുസ്തകങ്ങളും കണ്ട മനുഷ്യരും അഭിമുഖീകരിച്ച ജീവിതസന്ദര്‍ഭങ്ങളും ഈ പുസ്തകത്തിൽ കാവ്യാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു. വൈവിധ്യമുള്ള ജീവിതസന്ദര്‍ഭങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്‌ വ്യത്യസ്തമായി ചിന്തിക്കുന്ന പല മനുഷ്യരെയും നമ്മൾ കണ്ടുമുട്ടും, തീവ്രവാദിമുതൽ നടരാജഗുരുവരെ. അതിൽ കവിയെ സ്വാധീനിച്ച ചില മാത്രകൾ ഒട്ടും പരത്തിപ്പറയാത്ത പുസ്തകമാണ്‌.


1965-മുതൽ ആഗോളീകരണത്തിന്റെ ആരംഭംവരെ, കേരളത്തിന്‌ വ്യത്യസ്തമായൊരു ചരിത്രഘട്ടമായിരുന്നു. കവിയരങ്ങും സിനിമയും നാടകവും തീവ്രവാദരാഷ്ട്രീയവുംകൊണ്ട്‌ കേരളം ചലനാത്മകമായ കാലം, എതിര്‍ത്തും  അനുകൂലിച്ചുമുള്ള വാദമുഖങ്ങള്‍കൊണ്ടും കേരളം സജീവമായിരുന്നു. കാലം ഒരുപാടായെങ്കിലും മഹാരാജാസ്‌ കോളെജിൽ അധ്യാപകനും പ്രിന്‍സിപ്പളും ആയിരുന്ന കെ.ജി.എസ്‌ ഞങ്ങള്‍ക്കും പരിചിതനായിരുന്നു. സൂക്ഷ്മതയുള്ള വാക്കും എഴുത്തുമാണ്‌ അദ്ദേഹത്തിന്‌. (പ്രസാധനം: പുസ്തക പ്രസാധക സംഘം.)


നുറുങ്ങിയ ഹൃദയങ്ങൾ


2022-ൽ, കോവിഡ്‌ കാലത്ത്‌, മുഖ്യമായും കേരളത്തിലെ സര്‍ക്കാർകോളെജുകളിലെ ഇംഗ്ലീഷ്‌ അധ്യാപികമാരും വിദ്യാർഥിനികളും ചേർന്നെഴുതി പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ്‌ ‘TRAUMA LITERATURE Reflections and Ruminations’ സാഹിത്യം മുന്‍നിറുത്തിയുള്ള ട്രോമപഠനങ്ങളാണ്‌ പുസ്തകത്തിൽ. ട്രോമ എന്ന ഗ്രീക്കുപദത്തിന്‌ മുറിവ്‌ എന്നാണര്‍ഥം. ശരിരത്തിലുണ്ടാകുന്ന ആഴത്തിലുള്ള മുറിവുകൾ മനസ്സിലേക്കും ചുറ്റുവട്ടങ്ങളിലേക്കും വ്യാപിക്കും, അതിജീവനം എളുപ്പമല്ല.


ട്രോമപഠനം എന്ന ആശയം മനഃശാസ്ത്ര ശാഖയുടെ ഭാഗമാകുന്നത്‌ 1980-കളുടെ തുടക്കത്തിലാണ്‌, അതിനുമുമ്പും മനഃശാസ്ത്ര വിദഗ്ധർ അതേക്കുറിച്ച്‌ എഴുതിയിട്ടുണ്ടെങ്കിലും. ഴാന്‍ മാര്‍ട്ടിൻ ചാര്‍ക്കോട്ട്‌, സിഗ്മണ്ട്‌ ഫ്രോയിഡ്‌, ജോസഫ്‌ ബ്രുവർ എന്നിവരുടെ പഠനങ്ങളിലൂടെ ട്രോമപഠനം എന്നആശയം വളര്‍ന്നുവികസിച്ചു. വിയറ്റ്‌നാം യുദ്ധത്തിനുശേഷം മാനസികാരോഗ്യവും ട്രോമയും തമ്മിലുള്ള ബന്ധം ആഴത്തിൽ വിശകലനം ചെയ്യാൻ മനഃശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു. ആഘാതകരമായ അനുഭവം വ്യക്തിയുടെ സ്വത്വത്തെയും ഓര്‍മയേയും എങ്ങനെ സ്വാധീനിക്കുമെന്നതാണ്‌ ട്രോമപഠനശാഖ പ്രധാനമായും വിശകലനം ചെയ്യുന്നത്‌. എങ്കിലും ജൂതവേട്ടയുടെ ഹോളോകോസ്റ്റ്‌ കാലത്തും, വിയറ്റ്‌നാം യുദ്ധകാലത്തും, ട്രോമ വ്യക്ത്യനുഭവം മാത്രമല്ല സാമൂഹികാനുഭവം കൂടിയാണെന്ന്‌ മനഃശാസ്ത്ര വിദഗ്ധർ മനസിലാക്കി.


ട്രോമയും ട്രോമയിൽനിന്നുള്ള ഉയിര്‍ത്തെഴുന്നേല്പും വിഷയമായ രണ്ടു മലയാളസിനിമകൾ അടുത്തകാലത്ത്‌ തീയറ്ററുകളിൽ എത്തിയിരുന്നു. അതിൽ, ട്രോമപഠനം നടത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളാണ്‌, മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവും.


ഒരുവ്യക്തി അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതങ്ങളും അതു തരണംചെയ്യാൻ അയാൾ നടത്തുന്ന കഠിനപരിശ്രമങ്ങളും രണ്ടുസിനിമയിലും, ഇതിവൃത്തം വ്യത്യസ്തമാണെങ്കിലും, നിങ്ങള്‍ക്കനുഭവപ്പെടും. ട്രോമയിൽ ഉടഞ്ഞുപോകാത്ത ജീവിതങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പാണ്‌ രണ്ടു സിനിമകളിലും. സാധാരണഗതിയിൽ തീയറ്ററുകളിൽ പോയി പ്രേക്ഷകൻ കാണാൻ ഇഷ്ടപ്പെടാത്ത ദുരന്തരംഗങ്ങളാണെങ്കിലും ദുരന്തങ്ങളെ അതിജീവിച്ച യഥാര്‍ഥ ജീവിതകഥയായതുകൊണ്ട്‌ പ്രേക്ഷകർ സിനിമകാണാൻ തീയറ്ററുകളിൽ ഓടിയെത്തി. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതവും ഒന്നാന്തരം സർവൈവൽ ത്രില്ലറുകളാണ്‌.


അതീതം


കേള്‍ക്കാൻ കഴിയുന്ന ശബ്ദങ്ങൾ മാത്രമാണ്‌ നമ്മൾ കേള്‍ക്കുന്നതെങ്കിലും അതിനു മുകളിലും താഴെയും വേറെയും ഫ്രീക്വന്‍സികളിൽ ശബ്ദങ്ങളുണ്ട്‌. ആ ശബ്ദങ്ങൾ പിടിച്ചെടുക്കാൻ കഴിവുള്ള ജീവികളും ഉപകരണങ്ങളും ഭൂമിയിലുണ്ടെന്നും ശാസ്ത്രം പറയുന്നു. മതങ്ങളും പാര്‍ട്ടികളും സൃഷ്ടിച്ച പ്രതലത്തിലാണ്‌ സാധാരണമനുഷ്യർ ജീവിക്കുന്നതെങ്കിലും അതിനപ്പുറവും ചിലതുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നുണ്ട്‌.


മതങ്ങളും പാര്‍ട്ടികളും അംഗീകരിച്ച ആശയധാരകളില്‍നിന്ന്‌ വിഭിന്നമായ ആശയധാരകളുള്ള സ്പ്ളിന്റർ ഗ്രൂപ്പുകൾ എല്ലായിടത്തുമുണ്ട്‌. അവർ അംഗീകൃതമതങ്ങളുടെയോ പാര്‍ട്ടികളുടെയോ ഭാഗമായിരിക്കണമെന്നില്ല, എങ്കിലും അവര്‍ക്കും അവരുടേതായ സങ്കല്പനങ്ങളുണ്ട്‌. മേശപ്പുറത്തിരിക്കുന്ന പുസ്തകൾ നോക്കിയപ്പോൾ പെട്ടെന്ന്‌ കണ്ണിൽപ്പെട്ടത്‌ മൂന്നു പുസ്തകങ്ങളാണ്‌. പരമഹംസ യോഗാനന്ദ എഴുതിയ ‘ഒരു യോഗിയുടെ ആത്മകഥ’, ടി.ഡി. രാമകൃഷ്ണൻ എഴുതിയ ‘ഫ്രാന്‍സിസ്‌ ഇട്ടിക്കോര’, ഇ.ഹരികുമാർ എഴുതിയ ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ എന്നിവ. വിവിധ ഇന്ത്യൻഭാഷകളിലും നിരവധി വിദേശഭാഷകളിലും പ്രസിദ്ധപ്പെടുത്തിയ ‘യോഗിയുടെ ആത്മകഥ’ ഇപ്പോൾ എത്രകോടി വിറ്റഴിഞ്ഞിട്ടുണ്ടാകും എന്നുപറയാൻ കഴിയില്ല. അതുള്‍പ്പെടെ മൂന്നു പുസ്തകങ്ങളിലും അതീതത്തെ കുറിച്ചുള്ള അന്വേഷണങ്ങളുണ്ട്‌. ഈയിടെ പ്രദര്‍ശിപ്പിച്ച ‘രോമാഞ്ചം’ സിനിമയിൽ ഓജോബോര്‍ഡിന്റെ സഹായത്തോടെ പരേതാത്മാക്കളെ വിളിച്ചുവരുത്തുന്നതുകാണാം. പരേതനായ ജസ്റ്റിസ്‌ വി. ആർ. കൃഷ്ണയ്യർ ജീവിച്ചിരുന്ന കാലത്ത്‌ പരേതയായ അദ്ദേഹത്തിന്റെ ഭാര്യയെ ഓജോബോര്‍ഡ്‌ വഴി വിളിച്ചുവരുത്തി സംസാരിക്കുമായിരുന്നെന്ന്‌ പലതവണ പറഞ്ഞിട്ടുണ്ട്‌.


അതീതത്തെ കുറിച്ച്‌ ചിന്തിക്കുന്നത്‌ ഒരു തെറ്റായ കാര്യമല്ല. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യവാസമുണ്ടെന്നോ, അന്യഗ്രഹങ്ങളിൽ മനുഷ്യര്‍ക്ക്‌ സ്ഥിരതാമസം സാധിക്കുമെന്നോ, ഭാവനചെയ്യുന്നതും തെറ്റല്ല. പക്ഷേ, ശാസ്ത്രം നിങ്ങളുടെ സഞ്ചാര സാധ്യത ശരിവയ്ക്കുന്നില്ലെങ്കിൽ നിങ്ങൾ ഭാവനാലോകത്താണെന്ന്‌ മനസ്സിലാക്കണം.


ഭാവനാലോകം സ്വപ്നംകണ്ട്‌ അരുണാചൽപ്രദേശിൽനിന്ന്‌ പരലോക സഞ്ചാരത്തിന്‌ തുനിഞ്ഞ മൂന്നു മലയാളികളുടെ മരണമായിരുന്നു കഴിഞ്ഞമാസത്തെ പ്രധാനവാര്‍ത്ത. അവർ സാത്താൻ സേവകർ ആയിരുന്നെന്നും പറയപ്പെടുന്നു, അറിയില്ല. എങ്കിലും ഭാവന സഞ്ചരിക്കുന്ന വേഗതയിൽ മറ്റൊന്നും സഞ്ചരിക്കില്ല എന്നിടത്താണ്‌ പ്രശ്നം.