നൃത്തോല്പത്തി: മിത്തും ചരിത്രവും – ഡോ.എൻ.ആർ.ഗ്രാമപ്രകാശ്
I
മോഹിനിയാട്ടത്തെക്കുറിച്ചു സമീപകാലത്തു നടന്ന വിവാദവേളയിൽ, നൃത്തത്തിന്റെ ഉത്ഭവത്തെക്കുറിച്ചു സമർഥിക്കാൻ ഏവരും കൂട്ടുപിടിച്ചത് നാട്യശാസ്ത്രത്തെയാണ്. വിവിധ രാഷ്ട്രീയാഭിപ്രായമുള്ളവർ അതിലുണ്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ശിവനും ബ്രഹ്മാവും ഭരതനുമെല്ലാം ചരിത്രപുരുഷന്മാർതന്നെയെന്ന നിലയിലാണ് അഭിപ്രായങ്ങൾ പുറപ്പെട്ടുവന്നത്. ചരിത്രവിവരണത്തിൽനിന്നെടുത്ത തെളിവുപോലെ ശിവന്റെയും കൃഷ്ണന്റെയുമൊക്കെ കറുപ്പ് സ്ഥാപിച്ചെടുക്കുന്നതിനിടെ, ഇവരെല്ലാം സങ്കല്പപുരുഷന്മാരാണെന്ന കാര്യം പുരോഗമന പക്ഷക്കാർപോലും മറന്നുപോയി. സന്ദിഗ്ദ്ധഘട്ടങ്ങളിൽ ചരിത്രത്തിനു പുറംതിരിഞ്ഞു നില്ക്കുകയും പുരാവൃത്തങ്ങളിൽ അഭയംതേടുകയും ചെയ്യുന്നത് അപായകരമാണ്.
നൃത്തനാട്യങ്ങളുടെ പുരാവൃത്തം
ഭരതന്റെ നാട്യശാസ്ത്രം, നന്ദികേശ്വരന്റെ അഭിനയദർപ്പണം, ധനഞ്ജയന്റെ ദശരൂപകം, അഭിനവഗുപ്തന്റെ അഭിനവഭാരതി, അജ്ഞാത കർത്തൃകമായ ഹസ്തലക്ഷണ ദീപിക, കാർത്തികത്തിരുന്നാളിന്റെ ബാലരാമഭരതം ഇവയൊക്കെ ഈ വിഷയത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങളാണ്. ഇവയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നത് നാട്യശാസ്ത്രം തന്നെ. മുപ്പത്തിയാറു അധ്യായങ്ങളിലായി ആറായിരം ശ്ലോകങ്ങൾ അടങ്ങിയതാണു നാട്യശാസ്ത്രം.
ഋഷിപ്രമുഖരായ ആത്രേയാദി മഹര്‍ഷിന്മാരുടെ ചോദ്യങ്ങള്‍ക്ക് നാട്യകോവിദനായ ഭരതമുനി നല്കുന്ന മറുപടിയുടെ രൂപത്തിലാണ് നാട്യശാസ്ത്രത്തിന്റെ രചന. പ്രഥമാധ്യായത്തിലെ ചോദ്യങ്ങൾ ഇവയാണ്. വേദസാരം ഉള്‍ക്കൊണ്ട് അങ്ങു ചിട്ടപ്പെടുത്തിയ നാട്യവേദം ആരെ ഉദ്ദേശിച്ചുണ്ടായതാണ്? എങ്ങനെയുണ്ടായി?
ഭരതൻ നല്കിയ മറുപടിയിൽനിന്നു വെളിപ്പെടുന്ന തത്ത്വങ്ങൾ തുടര്‍ന്നു പ്രതിപാദിക്കുന്നു.
കൃതയുഗം കഴിഞ്ഞ് ത്രേതായുഗം ആരംഭിച്ചതോടെ സര്‍വരും ധര്‍മപ്രവൃത്തികളിൽ വിമുഖരായിത്തീര്‍ന്നു. കാമക്രോധ ലോഭമോഹങ്ങള്‍ക്ക് അടിമപ്പെട്ടവർ ഗ്രാമ്യധർമാചാരികളായി. ഇന്ദ്രാദിദേവന്മാരുടെ സംരക്ഷണയിലുള്ള ഈ ദ്വീപിനെ സ്വധർമം വെടിഞ്ഞ ദേവന്മാരും ദാനവരും ഗന്ധര്‍വന്മാരും രാക്ഷസന്മാരും യക്ഷന്മാരും മഹാനാഗങ്ങളും മറ്റും തുടരെത്തുടരെ അക്രമിക്കാൻ തുടങ്ങി. വേദവിജ്ഞാനം സമ്പാദിക്കാത്തവരാണ് ഗ്രാമ്യധർമം ആചരിക്കുന്നത്. അവരുടെ ധർമം അവര്‍ക്കു തോന്നിയപോലെ എന്നായി ഈ ആക്രമണകാരികളെ ധര്‍മബുദ്ധിയുള്ളവരാക്കണം. ഇതിനുള്ള മാര്‍ഗം തേടിയാണ് ഇന്ദ്രാദിദേവന്മാർ ബ്രഹ്മാവിനെ സമീപിക്കുന്നത്.
നാലു വേദങ്ങളും പഠിക്കാനും, ആചരിക്കാനും അര്‍ഹതയില്ലാത്ത ശൂദ്രജാതിക്കാരെ അടക്കം ധര്‍മമാര്‍ഗത്തിലേക്ക് കൊണ്ടുവരാൻ പ്രാപ്തമായ അഞ്ചാമത്തൊരു വേദമാണ് ഇന്ദ്രാദിദേവന്മാർ ബ്രഹ്മാവിനോട് അഭ്യർഥിക്കുന്നത്. അവരെ സാന്ത്വനിപ്പിച്ചയച്ച ബ്രഹ്മാവ് ഉപാധി ചിന്തിക്കുകയും കാര്യസാധ്യത്തിനായി വേദങ്ങളെ ധ്യാനിക്കുകയും ചെയ്യുന്നു. ധ്യാനശേഷം പഞ്ചമവേദം എന്നറിയപ്പെടുന്ന നാട്യശാസ്ത്രം സൃഷ്ടിക്കുന്നു.
പിന്നെ വരുന്നത് എങ്ങനെ നാട്യം പ്രയോഗിക്കുമെന്ന ചോദ്യമാണ്. ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം ഭരതനും നൂറ്റഞ്ചു പുത്രന്മാരും ചേര്‍ന്നു പ്രയോഗ പരിശീലനം നിര്‍വഹിക്കുന്നു. നാട്യത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിന് കൈശികിവൃത്തി അനിവാര്യമായതുകൊണ്ട് ധര്‍മത്തിനിണങ്ങുന്നതും നാട്യോചിതവുമായ വൃത്തി കൂട്ടിച്ചേര്‍ക്കുന്നു. ഈ കൈശികി വൃത്തിയാണ് നൃത്തത്തിന്റെ അടിസ്ഥാനം.
ll
നാട്യോല്പത്തിയെക്കുറിച്ചു രണ്ടു വ്യത്യസ്ത ആഖ്യാനങ്ങൾ ഉള്ളതായി ജി.എച്ച്.തർലേക്കർ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചമവേദം
സ്വര്‍ഗലോകത്തുനിന്നു ഭൂമിയിലേക്കു പതിച്ച ഗംഗ, സമതലങ്ങളെ കുളിരണിയിച്ചപ്പോൾ, ശാപംമൂലം ഭൂമിയിലെത്തിയ കലാഗംഗ ആസ്വാദകന്മാരുടെ മനോതലങ്ങളെ ആനന്ദിപ്പിച്ചു. പുരാണകഥകൾ എന്ന നിലയിലല്ലാതെ ആധുനിക മനുഷ്യർ ഇവ അതേപടി വിശ്വസിക്കേണ്ടതില്ല. ഗ്രീക്കു തിയേറ്ററിന്റെ ഉല്പത്തിയെക്കുറിച്ചു പറയുമ്പോഴും ഇത്തരം ഐതിഹ്യങ്ങൾ പറയുന്നുണ്ടല്ലോ. നരവംശശാസ്ത്രമടക്കമുള്ള ആധുനിക ശാസ്ത്രങ്ങളുടെ വളര്‍ച്ച മനുഷ്യവംശം, ഭാഷ, കല, സംസ്‌കാരം ഇവയുടെ വികാസം എന്നിവയെക്കുറിച്ച് അന്വേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അവയെക്കുറിച്ച് തെല്ലുപോലും ധാരണയില്ലാതെയാണ് പലപ്പോഴും ഈ രംഗത്തു പ്രയോഗത്തിലും, സിദ്ധാന്തത്തിലും, സഞ്ചരിക്കുന്നവർ ബ്രഹ്മാവാണ് നാട്യം സൃഷ്ടിച്ചതെന്നത് ഒരു ശാശ്വതസത്യംപോലെ പറഞ്ഞുപോകുന്നത്. വിനയവാന്മാരായ പ്രാചീനകാല വിദ്വാന്മാർ അവരുടെ പ്രതിഭയുടെ ഒരു മറയായി തന്റെ സൃഷ്ടിയിൽനിന്ന് ഒരന്യത്വം പാലിക്കുക പതിവുണ്ടല്ലോ. അങ്ങനെ നാട്യോല്പത്തി കഥയെ കാണാൻ കഴിയും. നാട്യോല്പത്തിയെക്കുറിച്ച് രണ്ടു വ്യത്യസ്ഥ ആഖ്യാനങ്ങൾ ഉള്ളതായി തര്‍ലേക്കർ. ആദ്യത്തേതിൽ, നന്ദികേശൻ ബ്രഹ്മാവിനെ നാട്യവേദം പഠിപ്പിക്കുന്നതായാണ്, പിന്നീട് ബ്രഹ്മാവിന്റെ നിർദേശപ്രകാരം ഭരതൻ ത്രിപുരദഹനം രൂപകം അവതരിപ്പിക്കുന്നതായി വിവരിക്കുന്നു. രണ്ടാമത്തേതിൽ താൻ പഠിപ്പിച്ച നാട്യവേദം ബ്രഹ്മാവിനു നല്കാൻ നന്ദികേശനോട് ശിവൻ ആവശ്യപ്പെടുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു പാരമ്പര്യം നാട്യവേദത്തിനു കാരണം ബ്രഹ്മാവിലും മറ്റൊരു പാരമ്പര്യം ശിവനിലും ചാര്‍ത്തുന്നുവെന്നല്ലാതെ ചരിത്രപരമായി സ്ഥാപിക്കത്തക്ക തെളിവുബലം ഇവയ്ക്കില്ലെന്ന് തര്‍ലേക്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശൂന്യതയിൽനിന്ന് നാട്യപ്രയോഗം ഉണ്ടാക്കുക സാധ്യമല്ല എന്നോര്‍ക്കുക. സൂക്ഷ്മമായ ചരിത്രാന്വേഷണം നാട്യവേദത്തിന്റെ വേരുകൾ വൈദികസംസ്‌കാരത്തിലേക്കും അതിനു പുറകിലേക്കും നീളുന്നതായി കാണിച്ചുതരുന്നു.
വ്യക്തമാക്കപ്പെട്ട ഭാരതീയസംസ്‌കൃതിയുടെ അടിത്തറ വൈദികകാലമാണ്. വേദങ്ങളിൽനിന്നു നിഷ്പന്നമാകുന്ന ആശയലോകമാണ്. ഇതിൽ പ്രധാനം നാലു വേദങ്ങൾ ചേര്‍ന്ന സംഹിതകൾ, ആരണ്യകങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ എന്നിവയാണ്. ആര്‍ഷസംസ്‌കാരത്തിന്റെ പൊരുൾ പ്രാചീനവേദങ്ങളാണ്. ദേവതാര്‍ച്ചനകളാണ് ഇവയെല്ലാം. ‘ഋക്’ എന്നതിന് അര്‍ച്ചന എന്ന് അർഥം. അഭീഷ്ടസിദ്ധിയാണ് വേദമന്ത്രങ്ങളുടെ ഫലം. ഒപ്പം ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളുടെ വഴികാട്ടിയായ അനേകം പ്രഖ്യാപനങ്ങളും വേദങ്ങൾ ഉള്‍ക്കൊളളുന്നു. കൂട്ടായനന്മയ്ക്കും അഭീഷ്ടസിദ്ധിക്കും യജ്ഞങ്ങൾ നടത്തുമ്പോഴാണ് ഇവയുടെ പ്രയോഗം. ഈ നാലു വേദങ്ങൾ ഉണ്ടായിട്ടും പോരായ്ക തോന്നിയിട്ടാണ് പഞ്ചവേദമെന്നു ഖ്യാതിയുള്ള നാട്യവേദം പാരമ്പര്യങ്ങളില്‍നിന്ന് രൂപപ്പെടുന്നത്.
വേദങ്ങൾ പ്രയോഗിക്കാൻ അര്‍ഹതയില്ലാത്തവര്‍ക്കു വേണ്ടിയാണ് നാട്യവേദം. അതു സൃഷ്ടിച്ചതാകട്ടെ, ഋഗ്വേദത്തിൽനിന്നു സംഭാഷണവും സാമവേദത്തിൽനിന്നു സംഗീതവും യജൂര്‍വേദത്തിൽനിന്ന് അഭിനയവും അഥര്‍വവേദത്തിൽനിന്നു രസവും സ്വീകരിച്ചുകൊണ്ടാണ്.* യജ്ഞത്തിന്റെ ഘട്ടത്തിൽ പുരോഹിതന്മാർ ആംഗ്യങ്ങളും ഭാവപ്രകടനങ്ങളും കാഴ്ച്ചവയ്ക്കാറുണ്ടെന്ന് യജൂര്‍വേദം വ്യക്തമാക്കുന്നു. അവർ പ്രത്യേകതരം ചുവന്ന തലേക്കെട്ടും വേഷങ്ങളും ധരിക്കുന്നതായി അഥര്‍വവേദം പറയുന്നു.
ഉപവേദങ്ങളായ ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, സ്ഥപത്യവേദം എന്നിവ പല സന്ദര്‍ഭങ്ങളിലായി നാട്യത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് യുദ്ധരംഗങ്ങളിൽ ധനുര്‍വേദം ഉപകരിക്കുന്നു എന്നതുപോലെ നാട്യഗൃഹ നിർമാണത്തിന് സ്ഥപത്യവേദവും വിവിധ ചലനങ്ങളിലും പൂര്‍വ രംഗ വിധിയിലും ഗാന്ധര്‍വവേദവും പ്രയോജനപ്പെടുത്തുന്നു.
സംഭാഷണം, അഭിനയം, സംഗീതം, രസം ഇവയുടെ പൂര്‍ത്തികരണം യജ്ഞതുല്യമാണ്. സാര്‍വവര്‍ണികമാണ് ആ യജ്ഞമെന്നത് അതിനെ മഹത്തരമാക്കുന്നു. വേദങ്ങൾ യജ്ഞത്തിനു ആസ്പദമാണല്ലോ. അതുപോലെ പഞ്ചമവേദമായ നാട്യശാസ്ത്രം നാട്യയജ്ഞത്തിനും ആസ്പദമാകുന്നു. പഞ്ചമവേദമായ നാട്യശാസ്ത്രത്തെ ഉപജീവിക്കുന്ന നാട്യപ്രയോഗത്തെ യജ്ഞതുല്യമായി കണക്കാക്കുന്നതും മറ്റൊന്നുകൊണ്ടുമാവില്ല. ഒരു സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചയാണത്. നാലുവേദങ്ങളും പ്രയോഗത്തിലുണ്ടായിട്ടും ധര്‍മക്ഷയം സംഭവിച്ച സാമൂഹികാവസ്ഥയാണ് നാട്യവേദസൃഷ്ടിയുടെ പ്രഥമകാരണം.
വേദാധികാരമുള്ളവരിലും ഇല്ലാത്തവരിലും ധര്‍മത്തിനു ഗ്ലാനി സംഭവിക്കുന്നുണ്ട്. വേദശാസ്ത്രാദികൾ അറിഞ്ഞുകൂടാത്ത ജനവര്‍ഗത്തിന്റെ ധര്‍മങ്ങളുടെ ആകര്‍ഷണത്തിൽ വൈദികജനത അകപ്പെട്ട കാലമാകണം ഗ്രാമ്യധര്‍മങ്ങളിൽ പ്രവൃത്തിക്കാൻ മറ്റുള്ളവർ തയാറായി എന്നതു നല്കുന്ന സൂചന. വേദമൂല്യങ്ങൾ ആര്യേതര ജനതയെ ധരിപ്പിക്കാൻ കണ്ടെത്തിയ മാധ്യമമാകണം നാട്യം. അതുകൊണ്ട് നാട്യം ബ്രാഹ്മണൻ മുതൽ എല്ലാ കീഴ്ജാതിക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദസാധനമാണത്. നാലുവേദങ്ങളിൽ നിന്നുമായി നാട്യവേദം സൃഷ്ടിക്കുമ്പോൾ അതിന്റെ സൃഷ്ടാക്കൾ മനസ്സിൽ കണ്ടതും ഇതുതന്നെ.
കഥാപാത്രാനുകരണവും ആംഗ്യവുമുള്ള വിശുദ്ധനൃത്ത രൂപങ്ങൾ സംഗീതവും സംഭാഷണവും ചേര്‍ന്നു നാടകമായി വികസിച്ചുവെന്ന വരാം. നൃത്തം എല്ലാ കലകളുടെയും മാതാവാണെന്നത് ഏറക്കുറെ പ്രസിദ്ധവുമാണ്. ഋഗവേദത്തിൽ ഉഷസ്സിനെ നര്‍ത്തകിയോടു സാമ്യപ്പെടുത്തുന്ന സന്ദര്‍ഭമുണ്ട്. അഥര്‍വവേദത്തിലും നൃത്തപരാമര്‍ശമുണ്ട്. ആദ്യകാല ബ്രാഹ്മണങ്ങൾ നൃത്തസംഗീതാദികളെ സൂചിപ്പിക്കുന്നു. ഇത്തരം പരാമര്‍ശങ്ങൾ പാലിജാതക കഥകളിലുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിന്ധുനദീതട സംസ്‌ക്കാരത്തോളം പഴക്കം നൃത്ത സമ്പ്രദായത്തിന് അവകാശപ്പെടാം. ഇന്ത്യയുടെ ആദിമപൂര്‍വ ചരിത്രംഘട്ടംമുതൽ പരിശോധിച്ച കലാചരിത്രകാരന്മാർ ബി.സി. എട്ടായിരത്തിലും മറ്റും ഗുഹാസങ്കേതങ്ങളുടെ ചുവരുകളിൽ കൊത്തിയിട്ട നൃത്തരൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരുടെ ജീവിതത്തെ നയിക്കുന്ന മൃഗങ്ങൾ, വേട്ട തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് നൃത്തരൂപങ്ങളുമെന്നത് നൃത്തത്തിന് അവർ നല്കിയ സ്ഥാനം വ്യക്തമാക്കുന്നു. അദ്ധ്വാനത്തിനൊപ്പം വിനോദവും വിശ്രമവേളകളും അവരെങ്ങനെ പ്രയോജനപ്പെടുത്തിയെന്നതിന്റെ സാക്ഷ്യങ്ങളാണവ.
സിന്ധുനദീതട സംസ്‌കാരത്തിന്റെ അറിവുകൾ നല്കിയ ഖനനങ്ങളിൽ നിരവധി നൃത്തരൂപങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീയുടെ പ്രതിമ ഇതിൽ പ്രധാനമാണ്. ചെണ്ട വായിക്കുന്ന ശില്പവും മൃഗങ്ങളുടെ മുഖാവരണമണിഞ്ഞുള്ള ചിത്രങ്ങളും അവശിഷ്ടങ്ങളിൽ ലഭിച്ചു. നൃത്തോപകരണങ്ങൾ ചെണ്ട, സുഷിരവാദ്യോപരണങ്ങൾ, ഇലത്താളം, തുടങ്ങിയവയും അക്കൂട്ടത്തിൽ പെടും നഗരങ്ങളിൽ നൃത്ത, സംഗീതവതരണങ്ങള്‍ക്ക് സംവിധാനം ഉള്ളതായി മനസ്സിലാക്കാം. നൂറുകണക്കിനു വര്‍ഷങ്ങളുടെ പഴക്കമുള്ള നൃത്തഭേദങ്ങളുടെ ശാസ്ത്രീയമായ ചിട്ടപ്പെടുത്തലാണ് നാട്യശാസ്ത്രത്തിലെ അംഗഹാരങ്ങളുടെയും കരണങ്ങളുടെയും വിവരണത്തിൽ നിന്നറിയുന്നത്. നൃത്തരൂപങ്ങളിൽ നിന്നുള്ള ജൈവിക വളര്‍ച്ചയായി നാട്യത്തെ വിലയിരുത്താം.
വേദങ്ങൾ, ബ്രാഹ്മണങ്ങൾ, സൂത്രങ്ങൾ ഇവയിലെല്ലാം നൃത്തം അല്ലെങ്കിൽ നൃത്യം എന്ന വാക്ക് പ്രയോഗത്തിലുണ്ട്. മഹാഭാരതം അശ്വമേധ പര്‍വത്തിൽ ഗന്ധര്‍വന്മാരും അപ്‌സരസ്സുകളും യജ്ഞത്തിന്റെ ഇടവേളകളിൽ പുരോഹിതന്മാരെ ആനന്ദിപ്പിക്കുന്നതിനായി നൃത്തം ചെയ്യുന്നതായി പറയുന്നു.ഖനനത്തിൽ ലഭിച്ച പുരുഷപ്രതിമ നടരാജന്റേതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദ്രാവിഡദേവതയായാണ് ശിവനെ ആദ്യം അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന് ഓര്‍ക്കുക. ആര്യേതരമായ ഉല്പത്തി ഭരതവംശത്തിനു സംശയിക്കാവുന്നതാണ്. നൃത്യ,നാട്യവുമായി ബന്ധമുള്ള സൂതന്മാരും ശൈലൂഷ്യന്മാരും ആര്യേതര സംസ്‌കാര പൈതൃകമുള്ളവരാണ്. ആര്യവംശജനായി നാട്യശാസ്ത്രത്തിൽ അവതരിപ്പിക്കപ്പെടുന്ന ഭരതനും പുത്രന്മാരും ആപത്തിൽ അഭയംപ്രാപിക്കുന്നത് നഹുഷനെന്ന അസുരരാജാവിനെയാണെന്നും ശ്രദ്ധേയം. ഋഷിമാരുടെ ശാപത്തിൽനിന്ന് ഭരതപുത്രന്മാർ രക്ഷപ്പെടുന്നത് ഈ രാജാവിന്റെ ഇടപെടൽ മൂലമാണ്. ഒന്നാം അധ്യായത്തിലെ 105 പുത്രന്മാരെന്നത് സ്വന്തം മക്കളും ശിഷ്യന്മാരും ചേര്‍ന്ന ഭരതഗോത്രം തന്നെയാകാം. എല്ലാവിധത്തിലും ശാപഗ്രസ്തരായ ഭരതവംശത്തെ സമുദ്ധരിക്കുന്നതിനും സമര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനും വേണ്ടിയാകാം നാട്യത്തിന് ദിവ്യമായ ഒരുല്പത്തി കഥ നിബന്ധിച്ചത്.
ആദിവാസികളും ആര്യ പൂർവികരും നാഗരികരും അവരവരുടേതായ നാട്യസംസ്‌കൃതി ഉള്ളവരായിരിക്കും. ഉത്സവാഘോഷങ്ങളിൽ ഗാന, നൃത്തങ്ങൾ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടാകണം. ഇവയുടെ സ്വാധീനത്തിൽ വിധേയരായ ആര്യജനത, തങ്ങളുടെ സംസ്‌കൃതിയുമായി ഇവയെ വിളക്കിചേര്‍ത്തിരിക്കും. നാട്യ,നൃത്തങ്ങളെക്കുറിച്ചുള്ള പരാമാര്‍ശങ്ങൾ വേദകാലം മുതലെ തുടങ്ങിയതായി സൂചിപ്പിച്ചുവല്ലോ. നാട്യവേദത്തിലാകട്ടെ, പ്രാചീന ദേശീ കലകളെയും വേദപൂര്‍വകാല നാട്യങ്ങളെയും സൂചിപ്പിക്കുന്നുമുണ്ട്. യവന നാടകോല്പത്തിയിലും ഇത്തരം കഥകൾ ഉണ്ട്. ഐതിഹ്യങ്ങളുടെയും അതിശയോക്തി ആഖ്യാനങ്ങളുടെയും അപ്പുറത്ത് മനുഷ്യവംശത്തിന്റെ വികാസപരിണാമങ്ങള്‍ക്കൊപ്പം വളര്‍ന്നു വന്ന കലകളുടെ ഒരു ലോകമുണ്ട്. ധര്‍മശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും ഭൂമികയിൽനിന്നുകൊണ്ട് ചില ആശയങ്ങൾ കലയുടെ ഉല്പത്തിയെക്കുറിച്ച് അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രാചീന ഗ്രീസിലെ ഉര്‍വരതാദേവതയായ ഡയോണീഷ്യസിന്റെ സാഹസികവൃത്തികളെ സ്തുതിക്കുന്ന ഡിഥിറാംബ് എന്ന രൗദ്രസ്‌ത്രോത്രങ്ങളുടെ അവതരണത്തിൽനിന്നാണ് നാടകം രൂപംകൊണ്ടതെന്നാണ് അരിസ്റ്റോട്ടിലിന്റെ പക്ഷം. ബി. സി. ആറാം നൂറ്റാണ്ടോടെ സാഹിത്യരൂപത്തിന്റെ സ്ഥാനത്തേയ്ക്ക് ഡിഥിറാംബ് ഉയര്‍ന്നിരുന്നു. ഗായകന്മാരുടെ സംഘം കോറസ് ഈ സ്‌ത്രോത്രങ്ങൾ ഒത്തുചേര്‍ന്നു പാടുകയും നൃത്തം വയ്ക്കുകയും ചെയ്തിരുന്നു. ഡയോണിഷ്യസ് ദേവന്റെ പേരിൽ ഏഥന്‍സിലുണ്ടായിരുന്ന നാടകശാലയിൽ ഈ രൗദ്രസ്‌ത്രോത്രാലാപനമത്സരം ബി.സി. 508-ൽ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
Ill
വാനരജാതിയിൽനിന്നു മനുഷ്യനിലേക്കും പ്രാചീന ഗോത്രമനുഷ്യനിൽനിന്നു പരിഷ്‌കൃതമനുഷ്യനിലേക്കും കുതിച്ചുയര്‍ന്ന മനുഷ്യവംശം നെഞ്ചോടു ചേര്‍ത്തുപിടിച്ച സംസ്‌കാരിക അവശേഷിപ്പുകളിൽ നൃത്ത-സംഗീതാദികലകള്‍ക്ക് അനന്യമായ സ്ഥാനമുണ്ട്.
മനുഷ്യനെ മൃഗങ്ങളിൽനിന്നു വേര്‍തിരിക്കുന്ന രണ്ടു സവിശേഷതകളുണ്ട്. (1) അധ്വാനോപകരണങ്ങളുടെയും (2) ആശയവിനിമയോപാധിയെന്ന നിലയിൽ ഭാഷയുടെയും ഉപയോഗം. സവിശേഷമായ ഭൗതികപരിതസ്ഥിതിയുടെ പ്രേരണയാൽ നാലുകാലിൽ സഞ്ചരിക്കുന്നവരിലൊരു വിഭാഗം പിൻകാലുകളിൽ നിവര്‍ന്നുനില്ക്കാനും സ്വതന്ത്രമായ മുന്‍കാലുകൾ, കൈകളുടെ ആദിമ ചുമതലകൾ നിറവേറ്റിത്തുടങ്ങാനും ആരംഭിച്ചു. ഇതോടെ മസ്തിഷ്‌കത്തിന്റെ മോട്ടോർ ഓര്‍ഗന്‍സ് പ്രവര്‍ത്തനക്ഷമമായി. കാഴ്ച, സ്പര്‍ശനം, മാംസപേശികളുടെ നിയന്ത്രണം, ഇവയുടെ കൃത്യമായ സംയോജനം എന്നിവ മരങ്ങളിൽ ജീവിച്ചിരുന്ന കാലത്ത് അനിവാര്യമായിരുന്നു. കൈകൾ സ്വതന്ത്രമായതോടെ ഈ സംയോജനവ്യവസ്ഥ മസ്തിഷ്കത്തിനു പുതിയ വെല്ലുവിളി ഉയര്‍ത്തുകയും ഇതു മസ്തിഷ്കത്തിന്റെ വികാസത്തിനു നിമിത്തമാവുകയും ചെയ്തു. കൈകളും മസ്തിഷ്കവും തമ്മിലുള്ള ഒരഭേദ്യബന്ധം ഇതിലൂടെ വളര്‍ന്നുവരുകയുംചെയ്തു.
കായ്കനികളുടെ ദൗര്‍ലഭ്യമോ വനങ്ങളുടെ നാശമോ മരത്തിൽനിന്നു മണ്ണിലിറങ്ങി സഞ്ചരിക്കുന്ന ജീവിവര്‍ഗത്തെ സാധ്യമാക്കി. കൈ-കാലുകൾക്ക് വ്യത്യസ്തമായ ചുമതലകൾ പൂർണത പ്രാപിച്ചു. കൈകൾ സ്വതന്ത്രമായി. മനുഷ്യരോടു അടുത്തു നില്ക്കുന്ന കുരങ്ങന്മാര്‍ക്കും കല്ലുകളും വടികളും എടുത്തു നില്ക്കാനാവും. പക്ഷേ, അവയെ ഒരു ഉപകരണമാക്കി (Tool) മാറ്റാൻ മനുഷ്യന്റെ കൈകള്‍ക്കേ സാധ്യമാവൂ. ഈ പരിണാമപ്രക്രിയ ഒരു വഴിത്തിരിവായി. മനുഷ്യവംശം ഉരിതിരിഞ്ഞുവരുന്നതിന്റെ സുപ്രധാന കാൽവയ്പ് പുതിയ ജീവിതക്രമത്തിലേക്കു മനുഷ്യർ എത്തിച്ചേര്‍ന്നു. പ്രകൃതിയെ ഉപജീവിച്ചു കഴിഞ്ഞുപോന്നവർ, കൈകളുപയോഗിച്ച് അധ്വാനോപകരണങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കാവശ്യമായ ആഹാരം സ്വന്തമായി ഉത്പാദിക്കാൻ തുടങ്ങി. പ്രകൃതിയിൽ പണിയെടുക്കാൻ തുടങ്ങിയതോടെ മനുഷ്യന്റെ നിലനില്പിനും അപ്പുറത്ത് സ്വച്ഛന്ദമായ പ്രകൃതിയുടെ നിയമങ്ങൾ മനസ്സിലാക്കാനുള്ള സാധ്യത അവനിലേറി വന്നു. പ്രകൃതിയെ പഠിക്കുക, കീഴ്‌പ്പെടുത്തുക എന്ന നിലയിലേക്കവർ വളര്‍ന്നു. എല്ലാവിധ ജീവനോപാധികളും അധ്വാനത്തിനായി നീക്കിവയ്ക്കപ്പെട്ടു.
ആദിമസമൂഹങ്ങളുടെ ചരിത്രത്തിലേക്കു ശ്രദ്ധിച്ചാൽ കലാസൃഷ്ടികൾ എന്നു ഇന്നത്തെ സമൂഹം വ്യവഹരിക്കുന്ന രൂപങ്ങളെല്ലാം ആ സമൂഹത്തിന്റെ മറ്റു സൃഷ്ടികള്‍ക്കെന്നപോലെയുള്ള പ്രവര്‍ത്തനം തന്നെയാണു നിറവേറ്റാനുള്ളതെന്നു കാണാം. അധ്വാനോപകരണങ്ങളുടേതിനു സമാനമായ ധർമം എന്നതിനെ നിര്‍വചിക്കാം.
സാമൂഹികശാസ്ത്രജ്ഞാനായ സിഡ്‌നി ഫിങ്കൽസ്റ്റൈന്റെ ദീര്‍ഘമായ ഒരു ഉദ്ധരണി ഈ സന്ദര്‍ഭത്തിൽ പ്രസക്തമാണ്. ”അധ്വാനപ്രക്രിയയിലൂടെ ഉണര്‍ത്തപ്പെട്ട ഉറങ്ങിക്കിടന്ന ശക്തികളിലൊന്നാണ് സൗന്ദര്യാനുഭൂതി എന്നാണ് ഇവിടെ വിവക്ഷ. ഈ വിശ്വാസത്തിനാധാരം ഒരു വസ്തുതയാണ്. സൗന്ദര്യശാസ്ത്രപ്രകാരം സുന്ദരമാണെന്ന് നാമിന്നുകാണുന്ന, കലാസൃഷ്ടികളെന്ന് നാം വിളിക്കുന്ന, പ്രാകൃത സമൂഹത്തിലെ സൃഷ്ടികളെല്ലാം ആ സമൂഹത്തിലെ ആധ്വാനോപകരണങ്ങളുടെ രൂപത്തിലുള്ളവയാണ്.
ഇവിടെ അധ്വാനോപകരണം എന്ന വാക്ക് അതിന്റെ വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. പണിക്കോപ്പുകളും ആയുധങ്ങളും വീട്ടുപാത്രങ്ങളും മാത്രമല്ല ഇതിലുള്‍ക്കൊള്ളുന്നത്. താരാട്ടുകളും പണിപ്പാട്ടുകളും മാന്ത്രികചിത്രങ്ങളും കവിതകളും സംഗീതവും മുഖംമൂടിയും നൃത്തവുമെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള മാന്ത്രികാനുഷ്ടാനങ്ങളും ഉള്‍ക്കൊള്ളുന്നു. കാരണം, ഈ പാട്ടുകളും മാന്ത്രികചിത്രങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അധ്വാനത്തിന്റെ സ്ഥൂലോപകരണങ്ങളെപ്പോലെത്തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ, വേട്ടയിലും യുദ്ധത്തിലും വസന്തകാല കൃഷിയിലും പ്രസവത്തിലും എല്ലാം, വിജയലബ്ധിക്കുവേണ്ടിയുള്ള പ്രക്രിയയിൽ ഇടനില കൈകൊള്ളുന്നു. ഏതെങ്കിലും ഒരു പ്രകൃതിശക്തിയെ അനുകരിക്കുന്നതിലൂടെ ആ ശക്തിയുടെമേൽ അധീശത്വംനേടാൻ കഴിയുമെന്ന് മാന്ത്രികവിശ്വാസം ഒരു മിഥ്യാസങ്കല്പമാണെങ്കിലും, പ്രകൃതിശക്തിയുടെ മേൽ മനുഷ്യനിയന്ത്രണം സാധ്യമാണെന്ന മാന്ത്രികവിശ്വാസത്തിലാണ് ശാസ്ത്രത്തിന്റെ ആരംഭം കുടികൊള്ളുന്നതെന്ന് സർ, ജെയിംസ് ഫ്രേസർ ചൂണ്ടിക്കാട്ടുന്നു.”
നാട്യകലയുടെ മതനിരപേക്ഷമായ ഉല്പത്തിചരിത്രം അന്വേഷിക്കുന്നവർ എത്തിച്ചരുന്ന ചില നിരീക്ഷണങ്ങളാണ് മുകളിൽ അവതരിപ്പിച്ചത്. ആധുനികകാലം പുരാവൃത്തങ്ങളിൽ അഭിരമിക്കുകയല്ല, ചരിത്രയാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയാണു വേണ്ടത്.
റഫറൻസ്
- A Monograph On Bharataa Natyasastra, P S R Apparao, Natyamala publications ,1967
- Studies in Natyasastra, G H Tarlekkar, Mottilal &Banarassidas,1991
- നാട്യശാസ്ത്രം, പരിഭാഷ: കെ.പി.നാരായണപിഷാരോടി, കേരള സാഹിത്യ അക്കാദമി, 1971
- മാർക്സിസവും സൗന്ദര്യ ശാസ്ത്രവും, സിഡ്നി ഫിങ്കൽ സ്റ്റൈൻ മുതൽ പേർ, ചിന്ത പബ്ലിഷേഴ്സ്, 1992