ദെല്യൂസിയൻ തത്ത്വചിന്തകളെ എങ്ങനെ വായിക്കണം? – ഡോ. ജൈനിമോൾ കെ.വി

തത്ത്വചിന്തയെ ആശയങ്ങളുടെ ഉൽപ്പാദനമായി വിഭാവനം ചെയ്ത ഴീൽ ദെല്യൂസ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഫ്രഞ്ച് തത്ത്വചിന്തകരിൽ ഒരാളായിരുന്നു. അതേസമയം തത്ത്വചിന്തയ്ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒന്നാണ് ദെല്യൂസിയൻ ദർശനങ്ങൾ.വാസ്തുവിദ്യ, നഗരപഠനം, ഭൂമിശാസ്ത്രം, ചലച്ചിത്രപഠനം, സംഗീതശാസ്‌ത്രം, നരവംശശാസ്ത്രം, ലിംഗബോധപഠനം, സാഹിത്യപഠനം എന്നീ മേഖലകളിൽ  ഗവേഷണം നടത്തുന്നവർ അദ്ദേഹത്തിന്റെ കൃതികൾ പരാമർശിക്കുകയും വാക്യങ്ങൾ ഉദ്ധരിക്കുകയും ആശയങ്ങൾ ധാരാളമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.സങ്കീർണമായ ദെല്യൂസിയൻ ചിന്തകളെ അഴിച്ചെടുത്തു പരിശോധിച്ച മലയാളത്തിലെ ആദ്യത്തെ ഉദ്യമമാണ് ഡോ.തോമസ് സ്കറിയ എഴുതിയ ‘ദെല്യൂസ്:സാഹിത്യം ദർശനം സിനിമ ‘എന്ന പുസ്തകം. ഒരു കടുംകെട്ട് അഴിച്ചെടുക്കുന്ന അത്ര സൂക്ഷ്മതയോടെ എഴുതപ്പെട്ട  പുസ്തകം. പാശ്ചാത്യസിദ്ധാന്തങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിക്കൊണ്ട് അഭിനന്ദനാർഹമായ വൈജ്ഞാനിക ഇടപെടലുകൾ തുടർച്ചയായി നടത്തിവരുന്ന നിരൂപകനാണ് ഡോ.തോമസ് സ്കറിയ. പാണ്ഡിത്യപ്രകടനംകൊണ്ട് വായനക്കാരെ സംഭ്രമിപ്പിക്കുന്ന നിരൂപണ രീതിയല്ല അദ്ദേഹത്തിന്റേത്. പാശ്ചാത്യദർശനങ്ങളെയും ചിന്തകരെയും കുറിച്ച് ലളിതമായി പ്രതിപാദിച്ച പല പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ‘ഭാരതീയേതര സാഹിത്യസിദ്ധാന്തങ്ങൾ’, ‘പാശ്ചാത്യസാഹിത്യസങ്കേതങ്ങൾ’, ‘ടെറി ഈഗിൾട്ടൺ’ എന്നിവ അവയിൽ ചിലത് മാത്രം. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ പുസ്തകം സിദ്ധാന്തത്തെ സംബന്ധിച്ച ഒരു പുതിയ സംവാദത്തിനു തുടക്കം കുറിച്ചേക്കാം.


‘ദെല്യൂസിന്റെ ജീവിതചിന്തയും കലയും’ എന്ന സാമാന്യം ദീർഘമായ ആമുഖത്തിൽ ആരാണ് ദെല്യൂസ് എന്ന് വായനക്കാരന് കൃത്യവും വ്യക്തവുമായ ധാരണ നല്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. ദെല്യൂസിയൻ ചിന്താപദ്ധതിയിലെ പ്രധാനപ്പെട്ട   അന്തരവും ആവർത്തനവും (Difference and repetition)   എന്ന കൃതിയെ ഗ്രന്ഥകർത്താവ് വിശദമായി അവതരിപ്പിക്കുന്നുണ്ട്. വ്യത്യാസവും ആവർത്തനവും  എന്ന ആശയത്തിലൂടെ സമകാലിക ഗണിതത്തിനും ശാസ്ത്രത്തിനും പര്യാപ്തമായ ഒരു മെറ്റാഫിസിക്സ് വികസിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. വെർച്വാലിറ്റി സാധ്യതയെ അദ്ദേഹം മാറ്റിസ്ഥാപിക്കുന്നു.  ദെല്യൂസിന്റെ ഈ ആശയങ്ങളെ വിശദമാക്കുകയാണ് ‘ദെല്യൂസ്:സാഹിത്യം ദർശനം സിനിമ ‘എന്ന പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ. ഹെഗലിനെപ്പോലുള്ള തത്ത്വചിന്തകരെ   ദെല്യൂസ് പുനർവായിക്കുകയാണ് ചെയ്തത് എന്നും അദ്ദേഹത്തിന്റേത് തത്ത്വചിന്തയെ സർഗാത്മകമായി വായിക്കാനുള്ള ശ്രമമാണെന്നും തോമസ് സ്കറിയ പറയുന്നു:” സർഗാത്മകത എന്നത് ജീവിതവുമായി ബന്ധപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ജീവിതം സര്‍ഗാത്മകമായ ഒന്നാണെന്ന വാദമാണ് ദെല്യൂസിനുണ്ടായിരുന്നത്. ജീവിതത്തിന്റെ സർഗാത്മക പ്രവണതയുമായി ബന്ധപ്പെട്ട പല സങ്കല്പനങ്ങളും അദ്ദേഹം വച്ചുപുലർത്തി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയിത്തീരൽ (becoming). ആയിത്തീരൽ എന്നത് കേവലമൊരു വാക്കല്ല. അതൊരു ആശയവും ചിന്തയുമാണ്. അതിനപ്പുറം ജീവിതത്തോടൊപ്പം ചേരുന്ന അനുഭവമായിക്കൂടി ദെല്യൂസ് അതിനെ അപഗ്രഥിക്കാൻ ശ്രമിച്ചു. പദാവലിയെ അതിന്റെ കേവലാർഥത്തിൽനിന്ന് വിശേഷാർഥത്തിലേക്ക് പുതുക്കിപ്പണിയാനുള്ള പരിശ്രമമാണത്. ഇത് ഒരുതരത്തിൽ പാശ്ചാത്യ തത്ത്വചിന്താപാരമ്പര്യത്തിൽനിന്നുള്ള വഴിമാറി നടത്തമായിരുന്നു. അതുകൊണ്ടാവാം ക്ലയർ കോൾ ബ്രൂക്ക് അടക്കമുള്ളവർ ദെല്യൂസിനെ വായിക്കുക അത്ര അനായാസമല്ല എന്നഭിപ്രായപ്പെട്ടത്. ദെല്യൂസിന്റെ കൃതികളിലെ ഏതൊരു സംജ്ഞയും സ്വയം നിർവചിക്കാൻ പ്രാപ്തിയുള്ളതല്ല” (പുറം 20). അങ്ങേയറ്റം സങ്കീർണമായ ഈ ആശയത്തെ മലയാളികൾക്ക്  എളുപ്പം മനസ്സിലാക്കിത്തരാനായി ഇടശ്ശേരിയുടെ കവിതകളെയും മറ്റും ഗ്രന്ഥകാരൻ കൂട്ടുപിടിക്കുന്നത് തീർത്തും ഉചിതമാണ്.


ചിത്രകാരന്മാരുടെയും ചലച്ചിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കലാപരമായ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്ന ആശയങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു. കൃതികളെ ശുദ്ധമായ തത്ത്വചിന്തയായിട്ടാണ് ദെലൂസ് കണക്കാക്കിയത്, വിമർശനമായല്ല.


ദെല്യൂസ്-ഗത്താരിമാരുടെ വിഖ്യാതമായ കൂട്ടുകെട്ടിനെക്കുറിച്ചാണ് പുസ്തകത്തിന്റെ രണ്ടാമത്തെ അധ്യായത്തിൽ പ്രതിപാദിക്കുന്നത്.1968-ലാണ് ദെല്യൂസ് ഫെലിക്സ് ഗത്താരി എന്ന  മനോവിശകലന വിദഗ്ധനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തോടൊപ്പം ദെല്യൂസ് തത്ത്വചിന്താപ്രധാനമായ നിരവധി കൃതികൾ രചിച്ചു. ‘മുതലാളിത്തവും സ്കീസോഫ്രീനിയ’യും, ‘ആന്റി-ഈഡിപ്പസ്’ (1972), ‘ആയിരം പീഠഭൂമികൾ’ (1980) എന്നിവ അവയിൽ ചിലതാണ്. എന്താണ് ഫിലോസഫി എന്ന പുസ്തകവും (1991) ശ്രദ്ധ നേടുകയുണ്ടായി. ദെല്യൂസിന്റെയും ഗത്താരിയുടെയും ചിന്താരീതികളെ പരിശോധിച്ചുകൊണ്ട് ഗ്രന്ഥകാരന്‍  അവരുടെ ചിന്താരീതികളിൽ  ദ്രവ്യവുമായുള്ള മനുഷ്യബന്ധമാണ് കടന്നുവരുന്നത് എന്നു വ്യക്തമാകുന്നു. മനുഷ്യസമൂഹം സംസ്കാരം എന്നിവ മനസ്സിലാക്കുന്നതിനായി മനുഷ്യബോധം സൃഷ്ടിക്കുന്ന സമാനതകൾക്ക് വിരുദ്ധമായി നില്ക്കുന്ന പോസിറ്റീവും സ്ഥിരീകരണാത്മകവുമായ ജീവിതത്തിന്റെ ചില ചിത്രങ്ങളാണ് അവർ അവതരിപ്പിക്കുന്നത്.


ദെല്യൂസിന്റെയും ഗത്താരിയുടെയും വിമർശനം ജീവന്റെ വിമോചനത്തെ ലക്ഷ്യംവച്ചുള്ള ഒരു ക്ലിനിക്കൽ പരിശീലനമാണ്. അവർ വിമർശനാത്മക സിദ്ധാന്തത്തിൽനിന്ന് വളരെ അകന്നാണ് നില്ക്കുന്നത്. ആഗ്രഹത്തെക്കുറിച്ച് ആവർത്തിച്ചു സംസാരിക്കുമ്പോഴും ലൈംഗികതയെ കുറിച്ച് അവർ  മൗനം പാലിക്കുന്നു. ആഗ്രഹോല്പാദനത്തിന്റെ പര്യായം എന്ന നിലയ്ക്കാണ് അവരുടെ വീക്ഷണത്തിൽ ലൈംഗികത കടന്നുവരുന്നത്. ഈഡിപ്പസ്സിനെതിരായ ദെല്യൂസിന്റെയും ഗത്താരിയുടെയും ആക്രമണം മനോവിശ്ലേഷണത്തിന്റെ പുനരവലോകനത്തെക്കാൾ അപകടസാധ്യതയുള്ളതാണ് എന്ന് തോമസ് സ്കറിയ വിശദീകരിക്കുന്നു. ഫാസിസം  എവിടെയും ഒരേ മാതൃക പിന്തുടരുന്നു എന്ന അഭിപ്രായമാണ് ദെല്യൂസിനും ഗത്താരിക്കുമുള്ളത്.


ഈ രീതിയിൽ ദെല്യൂസിന്റെയും ഗത്താരിയുടെയും തത്ത്വചിന്തയുടെ മർമം കണ്ടെത്തുകയാണ് ഗ്രന്ഥകാരന്‍. അവരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലുകൾ  മലയാളത്തിൽ അധികമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പാശ്ചാത്യനാടുകളിൽ ധാരാളം വിമർശനങ്ങൾ അവർ നേരിട്ടിട്ടുണ്ട്.എന്നാൽ ദെല്യൂസിന്റെയും ഗത്താരിയുടെയും ചിന്തയുടെ സ്വഭാവവും എഴുത്തിന്റെ രീതിയും പരിഗണിക്കാത്തത് കൊണ്ടാണ് അങ്ങനെ വന്നിട്ടുണ്ടാവുക എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ പ്രാതിനിധ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രാധാന്യം നിലനിറുത്താൻ ആഗ്രഹിക്കുന്നവരും  അവകാശങ്ങൾക്കായി പോരാടുന്ന ഫെമിനിസ്റ്റുകളും  ചില ന്യൂനപക്ഷ ഗ്രൂപ്പുകളും അവരെ നിരാകരിച്ചതിൽ അതിശയോക്തിയില്ല എന്നും തോമസ് സ്കറിയ വിശദമാക്കുന്നു. ‘ചിന്തയുടെ ശക്തികൾ തത്ത്വചിന്ത, കല, ശാസ്ത്രം’ എന്ന മൂന്നാമത്തെ അധ്യായത്തിൽ കലാനിർവചനങ്ങളുടെയും അവയുടെ പ്രത്യേകതകളുടെയും വിശദമായ പരിശോധന തന്നെ നടത്തുന്നു. A stick is in turn a de-territorialised branch (വീട് വിട്ട കൊമ്പാണ് വടി). കമ്പ് മരത്തിൽനിന്ന് വേർപെടുന്ന പ്രക്രിയയാണ് ദെല്യൂസിയൻ സങ്കല്പത്തിൽ ഡി-ടെറിട്ടോറിയലൈസേഷൻ. ഇത്തരത്തിൽ ശാസ്ത്രം, കല, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ തികച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ദെല്യൂസ് എല്ലായ്പ്പോഴും മുന്നോട്ടുവച്ചത്. നിയന്ത്രിത ചിത്രങ്ങളിൽനിന്നും ആശയങ്ങളിൽനിന്നും അദ്ദേഹം തന്റെ ചിന്തയെ സ്വതന്ത്രമാക്കിയത് എങ്ങനെയെന്ന് സോദാഹരണം വ്യക്തമാക്കിത്തരുന്നുണ്ട് ഈ പുസ്തകം. ദെല്യൂസിന്റെയും ഗത്താരിയുടെയും ചിന്തകൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്  ചലച്ചിത്രസിദ്ധാന്തം, രാഷ്ട്രീയസിദ്ധാന്തം, ഫെമിനിസ്റ്റ്സിദ്ധാന്തം എന്നീ മൂന്നു പ്രധാന മേഖലകളെ ആണെന്ന് തോമസ് സ്കറിയ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല,   ഈ സ്വാധീനപ്രക്രിയ ഏത് രീതിയിലുള്ളതാണെന്ന് സോദാഹരണം ലളിതമായി വിശദീകരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ആകമാനമുള്ള മേന്മ.


ദെല്യൂസിനെക്കുറിച്ച് ധാരാളം പഠനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അത് എന്തുകൊണ്ടാണ് ഒരു  പ്രസ്ഥാനം എന്ന നിലയിലേക്ക് വളരാത്തത് എന്ന നിരീക്ഷണം പ്രസക്തമാണ്. ഡോ.തോമസ് സ്കറിയ പറയുന്നു:”ദെല്യൂസിനെക്കുറിച്ചുണ്ടായ പഠനങ്ങളിൽ പ്രധാനപ്പെട്ടവയാണ് യൂജിൻ ഹോളണ്ടിന്റെ ‘ബോദ്‌ലെയർ ആൻഡ് സ്കീസോ അനാലിസിസ്’ (1993), ജോൺ ഹ്യൂഗിന്റെ ‘ലൈൻസ് ഓഫ് ഫ്ലൈറ്റ്:റീഡിംഗ് ദെല്യൂസ് വിത്ത് ഹാർഡി,ഗിസിംഗ്,കോൺറാഡ്,വൂൾഫ്’ (1997) തുടങ്ങിയവ. എന്നിരുന്നാലും, സാഹിത്യനിരൂപണത്തിൽ ഇതുവരെ ഒരു ദെല്യൂസിയൻ പ്രസ്ഥാനമുണ്ടായിട്ടില്ല. ഴാക്ക് ദെറിദയുടെ അപനിർമാണത്തിന്റെ സൃഷ്ടി, ന്യൂ ഹിസ്റ്റോറിസിസത്തിൽ മൈക്കൽ ഫൂക്കോയുടെ സ്വാധീനം അല്ലെങ്കിൽ ഫ്രോയിഡിന്റെ മനോവിശ്ലേഷണം എന്നിവയ്ക്ക് തുല്യമായ ഒന്നുമില്ല. ദെല്യൂസിയൻ സാഹിത്യ വിമർശനം എന്തായിരിക്കും എന്നത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. ‘ജെർമിനൽ ലൈഫി’ൽ (1999) തോമസ് ഹാർഡിയെയും ഡി.എച്ച്. ലോറൻസിനെയും വീണ്ടും വായിക്കാൻ കെയ്ത്ത് ആൻസൽ പിയേഴ്സൺ ദെല്യൂസിന്റെ കൃതികൾ ഉപയോഗിക്കുന്നു. ‘ദെല്യൂസിസ’ത്തിൽ (2000) ഇയാൻ ബുക്കാനൻ സാഹിത്യത്തെ ദെല്യൂസിന്റെ സ്വന്തം വിശ്വാസങ്ങളെ പ്രകടിപ്പിക്കുന്നതിനുപകരം ദെല്യൂസിയൻ വായനാരീതി വാഗ്ദാനം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. ബുക്കാനനെ സംബന്ധിച്ചിടത്തോളം, സാഹിത്യസിദ്ധാന്തത്തിനായി ദെല്യൂസിനെ എടുക്കുക എന്നതിനര്‍ഥം  വെർച്വൽ എന്ന ദെല്യൂസിന്റെ ആശയം ഗൗരവമായി എടുക്കുകയെന്നതാണ്. ഇത്തരത്തിൽ ദെല്യൂസിയൻ ആശയങ്ങളെക്കുറിച്ചും അവയുടെ പരിമിതിയെക്കുറിച്ചും ഈ പഠനത്തിൽ വിശദമായി പറയുന്നുണ്ട്. ദെല്യൂസിസത്തിന്റെ വെല്ലുവിളിയായി എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നത് ദെല്യൂസ് പറഞ്ഞത് ആവർത്തിക്കുകയല്ല, മറിച്ച് സാഹിത്യത്തെ പുതിയരീതിയിൽ പറയുകയും കാണുകയും ചെയ്യുക എന്നതാണ്.


താരതമ്യേന ചെറിയൊരു പുസ്തകമാണെങ്കിലും ദെല്യൂസിയൻ തത്ത്വചിന്തകൾ അറിയാൻ ശ്രമിക്കുന്നവർക്ക് ഇതൊരു അക്ഷയഖനിയാണുതാനും. മലയാളത്തിൽ, ദെല്യൂസിനെ പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഈ പുസ്തകത്തെ പരാമർശിക്കാതെ ഇനി മുന്നോട്ട് പോകാനാവില്ല. ദെല്യൂസിന്റെയും ഗത്താരിയുടെയും മറ്റും തത്ത്വചിന്തകൾ കേരളീയ അക്കാദമികമേഖലയിൽ നാമമാത്രമായി മാത്രമേ പരാമർശവിധേയമായിട്ടുള്ളൂ. അതായിരിക്കണം ഇങ്ങനെ ഒരു പുസ്തകമൊരുക്കാൻ പ്രേരണയായിട്ടുണ്ടാവുക.


ദെല്യൂസ് : സാഹിത്യം, ദർശനം, സിനിമ

ഡോ.തോമസ് സ്കറിയ

മാക്സ് ബുക്സ്, കോട്ടയം

വില : 220 രൂപ